നിങ്ങൾ ഓർക്കുന്നുണ്ടോ?
വീക്ഷാഗോപുരത്തിന്റെ ഈ വർഷത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധയോടെ വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമോ?
യാക്കോബ് 5:11-ൽ “യഹോവ വാത്സല്യവും കരുണയും നിറഞ്ഞ ദൈവാണെന്നു” പറയുന്നതിലൂടെ നമുക്ക് എന്ത് ഉറപ്പു ലഭിക്കുന്നു?
കരുണയുള്ളതുകൊണ്ടാണു നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ യഹോവ തയ്യാറാകുന്നത്. ഇനി, സഹിച്ചുനിൽക്കാൻ യഹോവ വാത്സല്യത്തോടെ നമ്മളെ സഹായിക്കുമെന്നും യാക്കോബ് 5:11 ഉറപ്പു തരുന്നു. ഇക്കാര്യത്തിൽ നമുക്കും യഹോവയെ അനുകരിക്കാം.—w21.01, പേ. 21.
യഹോവ എന്തുകൊണ്ടാണു ശിരഃസ്ഥാനക്രമീകരണം ഏർപ്പെടുത്തിയത്?
സ്നേഹമുള്ളതുകൊണ്ടാണ് യഹോവ അങ്ങനെ ചെയ്തത്. ഈ ക്രമീകരണമുള്ളതുകൊണ്ട് യഹോവയുടെ കുടുംബം സമാധാനത്തോടെയും ചിട്ടയോടെയും പ്രവർത്തിക്കുന്നു. യഹോവയുടെ ശിരഃസ്ഥാനക്രമീകരണത്തെ അംഗീകരിക്കുന്ന ഓരോരുത്തർക്കും അറിയാം കുടുംബത്തിൽ തീരുമാനമെടുക്കുകയും അതു നടപ്പാക്കുകയും ചെയ്യേണ്ടത് ആരാണെന്ന്.—w21.02, പേ. 3.
മെസ്സേജുകൾ അയയ്ക്കാൻ ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ക്രിസ്ത്യാനികൾ ശ്രദ്ധയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ആരെയാണു സുഹൃത്തുക്കളാക്കുന്നത് എന്ന കാര്യത്തിൽ നമ്മൾ ശ്രദ്ധിക്കണം. മെസ്സേജിങ്ങ് ഗ്രൂപ്പിലെ ആളുകളുടെ എണ്ണം കൂടുതലാണെങ്കിൽ അത് അത്ര എളുപ്പമായിരിക്കില്ല. (1 തിമൊ. 5:13) കൂടാതെ സത്യമാണെന്ന് ഉറപ്പില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കാനും സഹോദരങ്ങളുമായുള്ള ബന്ധം ബിസിനെസ്സ് കാര്യങ്ങൾക്കായി ദുരുപയോഗം ചെയ്യാനും ഉള്ള സാധ്യതയുമുണ്ട്.—w21.03, പേ. 31.
യേശു കഷ്ടതകൾ സഹിച്ച് മരിക്കാൻ ദൈവം അനുവദിച്ചതിന്റെ ചില കാരണങ്ങൾ എന്തെല്ലാം?
ഒരു കാരണം ദണ്ഡനസ്തംഭത്തിൽ മരിക്കുന്നതിലൂടെ ജൂതജനതയെ ഒരു ശാപത്തിൽനിന്ന് വിടുവിക്കാൻ യേശുവിനു കഴിയുമായിരുന്നു. (ഗലാ. 3:10, 13) രണ്ടാമത്തെ കാരണം, മഹാപുരോഹിതനായിരിക്കാൻ യഹോവ യേശുവിനെ പരിശീലിപ്പിക്കുകയായിരുന്നു. മൂന്നാമത്, യേശു മരണംവരെ വിശ്വസ്തനായിരുന്നതുകൊണ്ട്, കഠിനമായ പരിശോധനകൾ ഉണ്ടായാലും മനുഷ്യർക്കു ദൈവത്തോടു വിശ്വസ്തരായിരിക്കാനാകും എന്നു തെളിഞ്ഞു. (ഇയ്യോ. 1:9-11)—w21.04, പേ. 16-17.
ശുശ്രൂഷയിൽ ആളുകളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിൽ എന്തു ചെയ്യാം?
ആളുകൾ പൊതുവേ വീട്ടിലുള്ള സമയത്ത് അവരെ കാണാൻ ശ്രമിക്കുക. കൂടാതെ, മറ്റൊരു സ്ഥലത്ത് പ്രവർത്തിച്ചു നോക്കാം. ഇനി, കത്ത് എഴുതുന്നതുപോലുള്ള മറ്റു രീതികളും ഉപയോഗിക്കാം.—w21.05, പേ. 15-16.
‘ഞാൻ നിയമം മുഖേന നിയമത്തോടുള്ള ബന്ധത്തിൽ മരിച്ചു’ എന്നു പറഞ്ഞപ്പോൾ പൗലോസ് അപ്പോസ്തലൻ എന്താണ് അർഥമാക്കിയത്? (ഗലാ. 2:19)
മോശയിലൂടെ കൊടുത്ത നിയമം മനുഷ്യർ അപൂർണരാണെന്നു വെളിപ്പെടുത്തി. മാത്രമല്ല ഇസ്രായേൽ ജനതയെ ക്രിസ്തുവിലേക്കു നയിക്കുകയും ചെയ്തു. (ഗലാ. 3:19, 24) അത് ക്രിസ്തുവിനെ അംഗീകരിക്കാൻ പൗലോസിനെ സഹായിച്ചു. അങ്ങനെ ചെയ്തതിലൂടെ പൗലോസ് ‘നിയമത്തോടുള്ള ബന്ധത്തിൽ മരിച്ചു.’ അതോടെ പൗലോസ് നിയമത്തിൻകീഴിൽ അല്ലാതായി.—w21.06, പേ. 31.
സഹിച്ചുനിൽക്കുന്നതിൽ യഹോവ നമുക്ക് ഒരു മാതൃക വെച്ചിരിക്കുന്നത് എങ്ങനെ?
തന്റെ പേരിനു വന്നിരിക്കുന്ന നിന്ദ, തന്റെ പരമാധികാരത്തോടുള്ള എതിർപ്പ്, മക്കളിൽ ചിലരുടെ ധിക്കാരം, സാത്താൻ പ്രചരിപ്പിക്കുന്ന നുണകൾ, തന്റെ ദാസന്മാർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ, മരിച്ചുപോയ സ്നേഹിതരെ പിരിഞ്ഞിരിക്കുന്നതിന്റെ വേദന, ദുഷ്ടന്മാർ മനുഷ്യകുടുംബത്തെ അടിച്ചമർത്തുന്നത്, തന്റെ സൃഷ്ടികളെ ആളുകൾ നശിപ്പിക്കുന്നത് തുടങ്ങിയവയെല്ലാം യഹോവ സഹിക്കുന്നു.—w21.07, പേ. 9-12.
ക്ഷമയോടെ കാത്തിരിക്കുന്നതിൽ യോസേഫ് എന്തു മാതൃകവെച്ചു?
ചേട്ടന്മാരുടെ ക്രൂരമായ പെരുമാറ്റം യോസേഫ് സഹിച്ചു. അങ്ങനെ ഈജിപ്തിൽ എത്തിയ യോസേഫ് വ്യാജാരോപണങ്ങൾക്കു വിധേയനായി, വർഷങ്ങളോളം ജയിലിൽ കിടന്നു.—w21.08, പേ. 12.
ഹഗ്ഗായി 2:6-9, 20-22 ഏതെല്ലാം ആലങ്കാരിക കുലുക്കലുകളെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്?
പ്രസംഗപ്രവർത്തനത്തെ രാഷ്ട്രങ്ങൾ അനുകൂലിക്കുന്നില്ല. എന്നാൽ അനേകം ആളുകൾ സത്യം സ്വീകരിക്കാൻ തയ്യാറായിരിക്കുന്നു. താമസിയാതെ ദൈവം രാഷ്ട്രങ്ങളെ അവസാനമായി കുലുക്കും. അത് അവരുടെ നാശമായിരിക്കും.—w21.09, പേ. 15-19.
നമ്മൾ ശുശ്രൂഷയിൽ മടുത്ത് പിന്മാറരുതാത്തത് എന്തുകൊണ്ട്?
നമ്മൾ ചെയ്യുന്ന ശ്രമങ്ങൾ യഹോവ കാണുന്നുണ്ട്, യഹോവ അതിൽ സന്തോഷിക്കുന്നു. മടുത്തുപോകാതെ തുടർന്നാൽ നമുക്കു നിത്യജീവൻ കിട്ടും.—w21.10, പേ. 25-26.
“എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക” എന്ന പത്രോസ് അപ്പോസ്തലന്റെ ഉപദേശം അനുസരിക്കാൻ ലേവ്യ 19-ാം അധ്യായം നമ്മളെ സഹായിക്കുന്നത് എങ്ങനെ? (1 പത്രോ. 1:15)
ആ വാക്യം സാധ്യതയനുസരിച്ച് ലേവ്യ 19:2-ൽനിന്നുള്ള ഉദ്ധരണിയാണ്. 1 പത്രോസ് 1:15-ലെ ഉപദേശം നമുക്ക് എങ്ങനെ ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്നതിന്റെ പല ഉദാഹരണങ്ങൾ ലേവ്യ 19-ാം അധ്യായത്തിൽ കാണാം.—w21.12, പേ. 3-4.