വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 49

ലേവ്യ​യിൽനി​ന്നുള്ള പാഠങ്ങൾ—മറ്റുള്ള​വ​രോട്‌ എങ്ങനെ പെരു​മാ​റണം?

ലേവ്യ​യിൽനി​ന്നുള്ള പാഠങ്ങൾ—മറ്റുള്ള​വ​രോട്‌ എങ്ങനെ പെരു​മാ​റണം?

“നിന്റെ സഹമനു​ഷ്യ​നെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം.” —ലേവ്യ 19:18.

ഗീതം 109 ഹൃദയ​പൂർവം ഉറ്റ്‌ സ്‌നേഹിക്കാം

പൂർവാവലോകനം *

1-2. കഴിഞ്ഞ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിച്ചത്‌, ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

 ലേവ്യ 19-ാം അധ്യാ​യ​ത്തിൽനിന്ന്‌ പഠിക്കാ​നാ​കുന്ന ചില പ്രാ​യോ​ഗി​ക​പാ​ഠ​ങ്ങ​ളാ​ണു കഴിഞ്ഞ ലേഖന​ത്തിൽ നമ്മൾ കണ്ടത്‌. ഉദാഹ​ര​ണ​ത്തിന്‌ 3-ാം വാക്യ​ത്തിൽ നമ്മൾ കണ്ടതു​പോ​ലെ അമ്മയപ്പ​ന്മാ​രെ ബഹുമാ​നി​ക്കാൻ യഹോവ ഇസ്രാ​യേ​ല്യ​രോട്‌ ആവശ്യ​പ്പെട്ടു. ഇന്നു നമുക്ക്‌ എങ്ങനെ നമ്മുടെ അമ്മയപ്പ​ന്മാ​രു​ടെ ശാരീ​രി​ക​വും വൈകാ​രി​ക​വും ആത്മീയ​വും ആയ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതാ​നാ​കു​മെന്നു ചർച്ച ചെയ്‌തു. ഇനി, അതേ വാക്യം ശബത്ത്‌ ആചരി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചും ദൈവ​ജ​നത്തെ ഓർമി​പ്പി​ച്ചു. നമ്മൾ ഇന്നു ശബത്തു നിയമ​ത്തിൻകീ​ഴിൽ അല്ലെങ്കി​ലും ദിവസ​വും ആത്മീയ കാര്യ​ങ്ങൾക്കു​വേണ്ടി സമയം മാറ്റി​വെ​ച്ചു​കൊണ്ട്‌ നമുക്ക്‌ അതിലെ തത്ത്വം പ്രാവർത്തി​ക​മാ​ക്കാ​മെന്നു കണ്ടു. ഇങ്ങനെ​യൊ​ക്കെ ചെയ്യു​ന്ന​തി​ലൂ​ടെ ലേവ്യ 19:2-ലും 1 പത്രോസ്‌ 1:15-ലും പറയു​ന്ന​തു​പോ​ലെ വിശു​ദ്ധ​രാ​യി​രി​ക്കാൻ നമ്മൾ ശ്രമി​ക്കു​ക​യാണ്‌.

2 ഈ ലേഖന​ത്തിൽ ലേവ്യ 19-ാം അധ്യാ​യ​ത്തിൽനി​ന്നുള്ള മറ്റു ചില വാക്യ​ങ്ങ​ളാ​ണു നമ്മൾ ചർച്ച ചെയ്യു​ന്നത്‌. ശാരീ​രിക പരിമി​തി​കൾ ഉള്ളവ​രോ​ടു പരിഗണന കാണി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ബിസി​നെസ്സ്‌ ഇടപാ​ടു​ക​ളിൽ സത്യസ​ന്ധ​രാ​യി​രി​ക്കു​ന്ന​തി​നെ​ക്കുറി​ച്ചും മറ്റുള്ള​വ​രോ​ടു സ്‌നേഹം കാണി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ലേവ്യ 19-ാം അധ്യാ​യ​ത്തിൽനിന്ന്‌ എന്തു പഠിക്കാ​മെന്നു നമ്മൾ കാണും. അങ്ങനെ​യൊ​ക്കെ ചെയ്യു​ന്നതു വിശു​ദ്ധ​രാ​യി​രി​ക്കാൻ നമ്മളെ​യും സഹായി​ക്കും.

ശാരീ​രിക പരിമി​തി​കൾ ഉള്ളവ​രോ​ടു ദയ കാണിക്കുക

ചെവി കേൾക്കാ​ത്ത​വ​രോ​ടും കണ്ണു കാണാ​ത്ത​വ​രോ​ടും എങ്ങനെ പെരു​മാ​റാ​നാ​ണു ലേവ്യ 19:14 പറയു​ന്നത്‌? (3-5 ഖണ്ഡികകൾ കാണുക) *

3-4. ലേവ്യ 19:14 പറയു​ന്ന​തു​പോ​ലെ ചെവി കേൾക്കാ​ത്ത​വ​രോ​ടും കാഴ്‌ച​യി​ല്ലാ​ത്ത​വ​രോ​ടും ഇസ്രാ​യേ​ല്യർ എങ്ങനെ പെരു​മാ​റ​ണ​മാ​യി​രു​ന്നു?

3 ലേവ്യ 19:14 വായി​ക്കുക. ശാരീ​രിക പരിമി​തി​കൾ ഉള്ളവ​രോ​ടു തന്റെ ജനം ദയ കാണി​ക്കാൻ യഹോവ പ്രതീ​ക്ഷി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ചെവി കേൾക്കാ​ത്ത​വനെ ശപിക്ക​രു​തെന്ന്‌ യഹോവ തന്റെ ജനത്തോ​ടു പറഞ്ഞു. അവരെ ഭീഷണി​പ്പെ​ടു​ത്തു​ന്ന​തോ അവരെ​ക്കു​റിച്ച്‌ മോശ​മാ​യി സംസാ​രി​ക്കു​ന്ന​തോ ഒക്കെ അവരെ ശപിക്കു​ന്ന​തിൽപ്പെ​ടു​മാ​യി​രു​ന്നു. കേൾക്കാൻ പറ്റാത്ത ഒരാ​ളോട്‌ അങ്ങനെ ചെയ്യു​ന്നത്‌ എത്ര മോശ​മാണ്‌! തന്നെക്കു​റിച്ച്‌ പറയു​ന്ന​തൊ​ന്നും കേൾക്കാൻ പറ്റാത്ത​തു​കൊണ്ട്‌ അതി​നൊ​ക്കെ മറുപടി പറയാൻ അയാൾക്കു കഴിയി​ല്ല​ല്ലോ.

4 ഇനി ‘കാഴ്‌ച​യി​ല്ലാ​ത്ത​വന്റെ മുന്നിൽ തടസ്സം വെക്കരുത്‌’ എന്നും 14-ാം വാക്യം പറയുന്നു. ശാരീ​രിക പരിമി​തി​കൾ ഉള്ളവ​രെ​ക്കു​റിച്ച്‌ ഒരു പുസ്‌തകം ഇങ്ങനെ പറയുന്നു: “പുരാതന മധ്യപൂർവ​ദേ​ശത്ത്‌ ആളുകൾ അവരെ ചൂഷണം ചെയ്യു​ക​യും ഉപദ്ര​വി​ക്കു​ക​യും ചെയ്യാ​റു​ണ്ടാ​യി​രു​ന്നു.” ഒരുപക്ഷേ ദുഷ്ടന്മാ​രായ ആളുകൾ കാഴ്‌ച​യി​ല്ലാ​ത്ത​വ​രു​ടെ മുന്നിൽ തടസ്സങ്ങൾ വെച്ചി​രു​ന്നി​രി​ക്കാം. ഒന്നുകിൽ അവരെ ഉപദ്ര​വി​ക്കാൻവേണ്ടി അതല്ലെ​ങ്കിൽ അവർ തട്ടിവീ​ഴാൻതു​ട​ങ്ങു​ന്നതു കണ്ട്‌ ചിരി​ക്കാൻവേണ്ടി. എന്തു ക്രൂര​ത​യാ​ണല്ലേ? യഹോവ തന്റെ ജനത്തിന്‌ ഈ കല്‌പന നൽകി​യ​തി​ലൂ​ടെ ശാരീ​രിക പരിമി​തി​കൾ ഉള്ളവ​രോട്‌ അനുകമ്പ കാണി​ക്കാൻ അവരെ പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു.

5. ശാരീ​രിക പരിമി​തി​കൾ ഉള്ളവ​രോ​ടു നമുക്ക്‌ എങ്ങനെ അനുകമ്പ കാണി​ക്കാം?

5 ശാരീ​രിക പരിമി​തി​കൾ ഉള്ളവ​രോ​ടു യേശു അനുകമ്പ കാണിച്ചു. സ്‌നാപക യോഹ​ന്നാ​നെ അറിയി​ക്കാൻ യേശു പറഞ്ഞ സന്ദേശം ഓർക്കുക: “അന്ധർ കാണുന്നു, മുടന്തർ നടക്കുന്നു, കുഷ്‌ഠ​രോ​ഗി​കൾ ശുദ്ധരാ​കു​ന്നു, ബധിരർ കേൾക്കു​ന്നു, മരിച്ചവർ ഉയിർത്തെ​ഴു​ന്നേൽക്കു​ന്നു.” യേശു ഇങ്ങനെ അത്ഭുത​ക​ര​മാ​യി ആളുകളെ സുഖ​പ്പെ​ടു​ത്തി​യ​പ്പോൾ അതു കണ്ട്‌ “ജനമെ​ല്ലാം ദൈവത്തെ സ്‌തു​തി​ച്ചു.” (ലൂക്കോ. 7:20-22; 18:43) യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ ഇന്നു ക്രിസ്‌ത്യാ​നി​ക​ളും ശാരീ​രിക പരിമി​തി​കൾ ഉള്ളവ​രോട്‌ അനുകമ്പ കാണി​ക്കാൻ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ നമ്മൾ അങ്ങനെ​യു​ള്ള​വ​രോ​ടു ദയയും പരിഗ​ണ​ന​യും ക്ഷമയും ഒക്കെ കാണി​ക്കു​ന്നു. യേശു​വി​നെ​പ്പോ​ലെ അത്ഭുതങ്ങൾ ചെയ്യാ​നുള്ള കഴി​വൊ​ന്നും യഹോവ നമുക്കു തന്നിട്ടില്ല എന്നുള്ളതു ശരിയാണ്‌. എന്നാൽ ശാരീ​രി​ക​മാ​യോ ആത്മീയ​മാ​യോ അന്ധരാ​യി​രി​ക്കു​ന്ന​വ​രോ​ടു പറുദീ​സാ​ഭൂ​മി​യെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പറയാ​നുള്ള വലി​യൊ​രു പദവി​യാ​ണു നമുക്കു​ള്ളത്‌. ആ പറുദീ​സ​യിൽ ആർക്കും ശാരീ​രിക പരിമി​തി​കൾ ഒന്നും ഉണ്ടായി​രി​ക്കില്ല. മാത്രമല്ല ദൈവ​വു​മാ​യി അവർക്ക്‌ നല്ലൊരു ബന്ധമു​ണ്ടാ​യി​രി​ക്കു​ക​യും ചെയ്യും. (ലൂക്കോ. 4:18) ഈ സന്തോ​ഷ​വാർത്ത ഇപ്പോൾത്തന്നെ ദൈവത്തെ സ്‌തു​തി​ക്കാൻ അനേകരെ സഹായി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌.

ബിസി​നെസ്സ്‌ ഇടപാ​ടു​ക​ളിൽ സത്യസന്ധരായിരിക്കുക

6. ലേവ്യ 19-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന ചില കാര്യങ്ങൾ നമ്മളെ എങ്ങനെ സഹായി​ക്കും?

6 ലേവ്യ 19-ാം അധ്യാ​യ​ത്തി​ലെ ചില വാക്യങ്ങൾ പത്തുക​ല്‌പ​ന​ക​ളിൽ പറഞ്ഞി​രി​ക്കുന്ന ചില കാര്യ​ങ്ങ​ളു​ടെ കൂടു​ത​ലായ വിശദീ​ക​ര​ണ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌ എട്ടാമത്തെ കല്‌പന “മോഷ്ടി​ക്ക​രുത്‌” എന്നു മാത്ര​മാണ്‌. (പുറ. 20:15) ഈ കല്‌പന അനുസ​രി​ക്കാൻ താൻ മറ്റൊ​രാ​ളു​ടെ സാധന​മൊ​ന്നും എടുക്കാ​തി​രു​ന്നാൽ മതി​യെന്ന്‌ ഒരാൾ ചിന്തി​ച്ചേ​ക്കാം. പക്ഷേ അയാളും മറ്റു ചില രീതി​ക​ളിൽ മോഷ്ടി​ക്കു​ന്നു​ണ്ടാ​കാം.

7. ഒരു കച്ചവട​ക്കാ​രൻ “മോഷ്ടി​ക്ക​രുത്‌” എന്ന എട്ടാമത്തെ കല്‌പന എങ്ങനെ ലംഘി​ച്ചേ​ക്കാം?

7 താൻ മറ്റാരു​ടെ​യും സാധന​ങ്ങ​ളൊ​ന്നും എടുത്തി​ട്ടി​ല്ലെന്ന്‌ ഒരു കച്ചവട​ക്കാ​രൻ ഒരുപക്ഷേ ചിന്തി​ച്ചേ​ക്കാം. എന്നാൽ അയാളു​ടെ ബിസി​നെസ്സ്‌ ഇടപാ​ടു​ക​ളു​ടെ കാര്യ​മോ? ലേവ്യ 19:35, 36-ൽ യഹോവ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്ന​താ​യി നമ്മൾ കാണുന്നു: “നീളവും തൂക്കവും വ്യാപ്‌ത​വും അളക്കു​മ്പോൾ നിങ്ങൾ കള്ളത്തരം കാണി​ക്ക​രുത്‌. നിങ്ങൾ ഉപയോ​ഗി​ക്കുന്ന ത്രാസ്സും തൂക്കക്ക​ട്ടി​യും ഏഫായും ഹീനും കൃത്യ​ത​യു​ള്ള​താ​യി​രി​ക്കണം.” അളവി​ലും തൂക്കത്തി​ലും ഒക്കെ തട്ടിപ്പ്‌ കാണി​ക്കുന്ന കച്ചവട​ക്കാർ ശരിക്കും പറഞ്ഞാൽ തങ്ങളുടെ ഇടപാ​ടു​കാ​രിൽനിന്ന്‌ മോഷ്ടി​ക്കു​ക​യാണ്‌. ലേവ്യ 19-ാം അധ്യാ​യ​ത്തി​ലെ മറ്റു ചില വാക്യ​ങ്ങൾകൂ​ടി നോക്കു​മ്പോൾ അതു കുറെ​ക്കൂ​ടി വ്യക്തമാ​കും.

ലേവ്യ 19:11-13 വരെ പറയു​ന്ന​ത​നു​സ​രിച്ച്‌ ഒരു ക്രിസ്‌ത്യാ​നി തന്റെ ബിസി​നെസ്സ്‌ ഇടപാ​ടു​കൾ സംബന്ധിച്ച്‌ തന്നോ​ടു​തന്നെ എന്തു ചോദി​ക്കണം? (8-10 ഖണ്ഡികകൾ കാണുക) *

8. (എ) എട്ടാമത്തെ കല്‌പ​ന​യി​ലെ തത്ത്വം മനസ്സി​ലാ​ക്കാൻ ലേവ്യ 19:11-13-ൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ ജൂതന്മാ​രെ സഹായി​ച്ചത്‌ എങ്ങനെ? (ബി) നമുക്ക്‌ അതിൽനിന്ന്‌ എന്തു പഠിക്കാം?

8 ലേവ്യ 19:11-13 വായി​ക്കുക. ലേവ്യ 19:11-ന്റെ ആദ്യഭാ​ഗം പറയു​ന്നതു “നിങ്ങൾ മോഷ്ടി​ക്ക​രുത്‌” എന്നാണ്‌. 13-ാം വാക്യ​ത്തിൽ മോഷ​ണത്തെ ബിസി​നെസ്സ്‌ ഇടപാ​ടു​ക​ളി​ലെ വഞ്ചനയു​മാ​യി ബന്ധിപ്പി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറയുന്നു: “നിന്റെ സഹമനു​ഷ്യ​നെ ചതിക്ക​രുത്‌.” അതു​കൊണ്ട്‌ ബിസി​നെസ്സ്‌ ഇടപാ​ടു​ക​ളിൽ ഒരാളെ ചതിക്കു​ന്നതു മോഷ​ണ​ത്തി​നും കവർച്ച​യ്‌ക്കും തുല്യ​മാണ്‌. എട്ടാമത്തെ കല്‌പന മോഷണം തെറ്റാ​ണെന്നു പറഞ്ഞു. എന്നാൽ ലേവ്യ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ ആ നിയമ​ത്തി​ലെ തത്ത്വം എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെന്നു മനസ്സി​ലാ​ക്കാൻ ജൂതന്മാ​രെ സഹായി​ച്ചു. മോഷ​ണ​വും ചതിയും ഒക്കെ യഹോവ എങ്ങനെ കാണു​ന്നെന്നു ചിന്തി​ക്കു​ന്നതു നമുക്കും പ്രയോ​ജനം ചെയ്യും. നമുക്കു നമ്മളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ലേവ്യ 19:11-13 വരെയുള്ള വാക്യ​ങ്ങൾക്കു ചേർച്ച​യിൽ എന്റെ ജീവി​ത​ത്തിൽ ഞാൻ എന്തെങ്കി​ലും മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടോ?

9. ലേവ്യ 19:13-ലെ നിയമം കൂലി​ക്കാർക്ക്‌ എന്തു സംരക്ഷ​ണ​മാ​ണു നൽകി​യത്‌?

9 ഇനി ക്രിസ്‌ത്യാ​നി​കൾ സത്യസ​ന്ധ​രാ​യി​രി​ക്കേണ്ട മറ്റൊരു വശമുണ്ട്‌. കൂലി കൊടു​ക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തി​ലാണ്‌ അത്‌. ലേവ്യ 19:13-ന്റെ അവസാ​ന​ഭാ​ഗം ഇങ്ങനെ പറയുന്നു: “കൂലി​ക്കാ​രന്റെ കൂലി പിറ്റെ രാവി​ലെ​വരെ പിടി​ച്ചു​വെ​ക്ക​രുത്‌.” ഇസ്രാ​യേ​ല്യ​രു​ടെ പ്രധാ​ന​ജോ​ലി കൃഷി​യും മൃഗങ്ങളെ വളർത്ത​ലും ഒക്കെ ആയിരു​ന്നു. ആരെ​യെ​ങ്കി​ലും പണിക്കു വിളി​ച്ചാൽ അന്നു വൈകു​ന്നേ​രം​തന്നെ കൂലി കൊടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നിയമം. അതിന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ യഹോവ പറഞ്ഞു: “അയാൾ ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കു​ന്ന​വ​നും തനിക്കു കിട്ടുന്ന കൂലി​കൊണ്ട്‌ നിത്യ​വൃ​ത്തി കഴിക്കു​ന്ന​വ​നും ആണല്ലോ.” അന്നന്നു കൂലി കൊടു​ത്തി​ല്ലെ​ങ്കിൽ ഒരുപക്ഷേ അയാളു​ടെ കുടും​ബം പട്ടിണി​യാ​കു​മാ​യി​രു​ന്നു.—ആവ. 24:14, 15; മത്താ. 20:8.

10. ലേവ്യ 19:13-ൽനിന്ന്‌ എന്തു പാഠമാ​ണു നമ്മൾ പഠിക്കു​ന്നത്‌?

10 ഇന്നു പലരും ദിവസ​ക്കൂ​ലി​ക്കാ​യി​രി​ക്കില്ല ജോലി ചെയ്യു​ന്നത്‌. ആഴ്‌ച​തോ​റു​മോ മാസാ​വ​സാ​ന​മോ ഒക്കെയാ​കാം അവർക്കു കൂലി കിട്ടു​ന്നത്‌. എന്നാൽ ലേവ്യ 19:13-ലെ തത്ത്വം ഇന്നും ബാധക​മാണ്‌. ചില മുതലാ​ളി​മാർ അവരുടെ കീഴിൽ ജോലി ചെയ്യു​ന്ന​വർക്കു ന്യായ​മായ കൂലി കൊടു​ക്കാ​റില്ല. ‘എത്ര കുറഞ്ഞ കൂലി കൊടു​ത്താ​ലും കുഴപ്പ​മില്ല, വേറെ നിവൃ​ത്തി​യി​ല്ലാ​ത്ത​തു​കൊണ്ട്‌ അവർ ഇവി​ടെ​ത്തന്നെ പണിക്കു വരും’ എന്നാണ്‌ ആ മുതലാ​ളി​മാർ ചിന്തി​ക്കു​ന്നത്‌. അങ്ങനെ ചെയ്യു​മ്പോൾ ഒരർഥ​ത്തിൽ അവർ ‘കൂലി​ക്കാ​രു​ടെ കൂലി പിടി​ച്ചു​വെ​ക്കു​ക​യാണ്‌.’ ക്രിസ്‌ത്യാ​നി​കൾ ആളുകളെ പണിക്കു വിളി​ക്കു​മ്പോൾ അവർക്കു ന്യായ​മായ കൂലി കൊടു​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തണം. ലേവ്യ 19-ാം അധ്യാ​യ​ത്തിൽനിന്ന്‌ മറ്റെന്തു​കൂ​ടി പഠിക്കാ​മെന്നു നമുക്ക്‌ ഇപ്പോൾ നോക്കാം.

സഹമനു​ഷ്യ​നെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേഹിക്കണം

11-12. ലേവ്യ 19:17, 18-ൽനിന്ന്‌ എന്തു കാര്യ​മാ​ണു യേശു എടുത്തു​പ​റ​ഞ്ഞത്‌?

11 സഹമനു​ഷ്യ​നോട്‌ എങ്ങനെ പെരു​മാ​റ​ണ​മെന്ന കാര്യ​ത്തിൽ യഹോവ നമുക്കു വ്യക്തമായ നിർദേശം തന്നിട്ടുണ്ട്‌. ലേവ്യ 19:17, 18 (വായി​ക്കുക.) വാക്യ​ങ്ങ​ളിൽ നമുക്ക്‌ അതു കാണാം. അവിടെ പറയു​ന്ന​ത​നു​സ​രിച്ച്‌ നമ്മൾ മറ്റുള്ള​വരെ ദ്രോ​ഹി​ക്കാ​തി​രു​ന്നാൽ മാത്രം പോരാ. മറിച്ച്‌ “സഹമനു​ഷ്യ​നെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം” എന്നാണു ദൈവം ആവശ്യ​പ്പെ​ടു​ന്നത്‌. ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഒരു ക്രിസ്‌ത്യാ​നി അങ്ങനെ ചെയ്‌തേ മതിയാ​കൂ.

12 ലേവ്യ 19:18-ലെ കല്‌പന എത്ര പ്രധാ​ന​മാ​ണെന്നു യേശു​വി​ന്റെ വാക്കു​ക​ളിൽനി​ന്നും മനസ്സി​ലാ​ക്കാം. ഒരിക്കൽ ഒരു പരീശൻ യേശു​വി​നോട്‌ “നിയമ​ത്തി​ലെ ഏറ്റവും വലിയ കല്‌പന ഏതാണ്‌” എന്നു ചോദി​ച്ചു. അപ്പോൾ യേശു അയാ​ളോട്‌ യഹോ​വയെ നമ്മുടെ മുഴു​ഹൃ​ദ​യ​ത്തോ​ടും നമ്മുടെ മുഴു​ദേ​ഹി​യോ​ടും നമ്മുടെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം എന്നതാണ്‌ “ഏറ്റവും വലിയ​തും ഒന്നാമ​ത്തേ​തും ആയ കല്‌പന” എന്നു പറഞ്ഞു. എന്നിട്ട്‌ ലേവ്യ 19:18 ഉദ്ധരി​ച്ചു​കൊണ്ട്‌ യേശു പറഞ്ഞു: “ഇതു​പോ​ലു​ള്ള​താ​ണു രണ്ടാമ​ത്തേ​തും: ‘നിന്നെ​പ്പോ​ലെ​തന്നെ നിന്റെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കണം.’” (ലേവ്യ 19:18; മത്താ. 22:35-40) നമുക്ക്‌ എങ്ങനെ​യൊ​ക്കെ മറ്റുള്ള​വ​രോ​ടു സ്‌നേഹം കാണി​ക്കാം? അതിനുള്ള ചില വിധങ്ങ​ളെ​ക്കു​റിച്ച്‌ ലേവ്യ 19-ാം അധ്യാ​യ​ത്തിൽനിന്ന്‌ നോക്കാം.

13. ലേവ്യ 19:18-ലെ ആശയം നന്നായി മനസ്സി​ലാ​ക്കാൻ യോ​സേ​ഫി​ന്റെ വിവരണം നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

13 നമ്മുടെ അയൽക്കാ​രോ​ടു സ്‌നേഹം കാണി​ക്കാ​നുള്ള ഒരു വിധം ലേവ്യ 19:18-ൽ കാണാം. അവിടെ പറയുന്നു: “ആരോ​ടും പ്രതി​കാ​രം ചെയ്യു​ക​യോ പക വെച്ചു​കൊ​ണ്ടി​രി​ക്കു​ക​യോ അരുത്‌.” കൂടെ ജോലി ചെയ്യു​ന്ന​വ​രോ​ടോ കൂടെ പഠിക്കു​ന്ന​വ​രോ​ടോ ബന്ധുക്ക​ളോ​ടോ കുടും​ബാം​ഗ​ങ്ങ​ളോ​ടോ ഒക്കെ വർഷങ്ങ​ളോ​ളം പക വെച്ചു​കൊ​ണ്ടി​രു​ന്നി​ട്ടുള്ള ചിലരെ നമുക്ക്‌ അറിയാ​മാ​യി​രി​ക്കും. യോ​സേ​ഫി​ന്റെ പത്തു ചേട്ടന്മാർ കുറെ​ക്കാ​ലം പക വെച്ചു​കൊ​ണ്ടി​രു​ന്നിട്ട്‌ അവസാനം യോ​സേ​ഫി​നോ​ടു ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ ഓർക്കുക. (ഉൽപ. 37:2-8, 25-28) എന്നാൽ യോ​സേഫ്‌ തിരിച്ച്‌ അങ്ങനെ പെരു​മാ​റി​യില്ല. വലിയ അധികാ​ര​ത്തി​ലൊ​ക്കെ വന്നശേഷം ചേട്ടന്മാ​രോ​ടു പകരം​വീ​ട്ടാ​നുള്ള അവസരം ഉണ്ടായി​രു​ന്നെ​ങ്കി​ലും അങ്ങനെ ചെയ്യാതെ കരുണ കാണി​ക്കു​ക​യാ​ണു ചെയ്‌തത്‌. യോ​സേഫ്‌ അവരോ​ടു പക വെച്ചു​കൊ​ണ്ടി​രു​ന്നില്ല. അങ്ങനെ ചെയ്‌ത​പ്പോൾ ശരിക്കും​പ​റ​ഞ്ഞാൽ അദ്ദേഹം ലേവ്യ 19:18-ൽ യഹോവ പിന്നീടു പറഞ്ഞ കാര്യ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു.—ഉൽപ. 50:19-21.

14. ലേവ്യ 19:18-ലെ തത്ത്വം ഇന്നും ബാധക​മാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

14 നമ്മൾ കണ്ടതു​പോ​ലെ യോ​സേഫ്‌ പക വെച്ചു​കൊ​ണ്ടി​രു​ന്നില്ല. പ്രതി​കാ​രം ചെയ്‌തില്ല. പകരം ക്ഷമിക്കാൻ തയ്യാറാ​യി. അതു ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾ അനുക​രി​ക്കേണ്ട ഒരു കാര്യ​മാണ്‌. മാതൃ​കാ​പ്രാർഥ​ന​യി​ലൂ​ടെ യേശു നമ്മളെ പഠിപ്പി​ച്ച​തും അതുത​ന്നെ​യാണ്‌. നമു​ക്കെ​തി​രെ പാപം ചെയ്‌ത​വ​രോ​ടു ക്ഷമിക്ക​ണ​മെന്നു യേശു പറഞ്ഞു. (മത്താ. 6:9, 12) ഇനി പൗലോസ്‌ അപ്പോ​സ്‌ത​ല​നും സഹക്രി​സ്‌ത്യാ​നി​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: ‘പ്രിയ​പ്പെ​ട്ട​വരേ, നിങ്ങൾതന്നെ പ്രതി​കാ​രം ചെയ്യരുത്‌.’ (റോമ. 12:19) കൂടാതെ അദ്ദേഹം ഇങ്ങനെ​യും എഴുതി: “ഒരാൾക്കു മറ്റൊ​രാൾക്കെ​തി​രെ എന്തെങ്കി​ലും പരാതി​ക്കു കാരണ​മു​ണ്ടാ​യാൽത്തന്നെ അതു സഹിക്കു​ക​യും അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യുക.” (കൊലോ. 3:13) ഇതെല്ലാം കാണി​ക്കു​ന്നത്‌ യഹോ​വ​യു​ടെ തത്ത്വങ്ങൾക്ക്‌ ഒരിക്ക​ലും മാറ്റം വരില്ല എന്നാണ്‌. അതു​കൊ​ണ്ടു ലേവ്യ 19:18-ലെ നിയമ​ത്തിൽ കാണുന്ന ആ തത്ത്വം ഇന്നും ബാധക​മാണ്‌.

ഒരു മുറി​വു​ണ്ടാ​യാൽ അതിൽ എപ്പോ​ഴും തൊടു​ക​യും പിടി​ക്കു​ക​യും ചെയ്യു​ന്നതു നല്ലതല്ലാ​ത്ത​തു​പോ​ലെ മറ്റുള്ളവർ ചെയ്‌ത ദ്രോ​ഹ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും നല്ലതല്ല. അതു മറന്നു​ക​ള​യാൻ നമ്മൾ ശ്രമി​ക്കണം (15-ാം ഖണ്ഡിക കാണുക) *

15. മറ്റുള്ളവർ നമ്മളെ ഒരുപാ​ടു വിഷമി​പ്പി​ച്ചാ​ലും അതു മറക്കു​ക​യും ക്ഷമിക്കു​ക​യും ചെയ്യേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ ഒരു ദൃഷ്ടാന്തം ഉപയോ​ഗിച്ച്‌ വിശദീ​ക​രി​ക്കുക.

15 നമുക്ക്‌ ഒരു ദൃഷ്ടാന്തം നോക്കാം. ആരെങ്കി​ലും നമ്മളെ വിഷമി​പ്പി​ക്കു​ന്ന​തി​നെ നമ്മുടെ ശരീര​ത്തി​ലു​ണ്ടാ​കുന്ന ഒരു മുറി​വി​നോ​ടു താരത​മ്യം ചെയ്യാം. ചിലതു നിസ്സാ​ര​മാ​യി​രി​ക്കാം. മറ്റു ചിലതു കുറെ​ക്കൂ​ടെ ആഴത്തിൽ ഉള്ളതാ​യി​രി​ക്കാം. ഉദാഹ​ര​ണ​ത്തി​നു കറിക്ക്‌ അരിയു​മ്പോൾ നമ്മുടെ കൈ ചെറു​താ​യൊ​ന്നു മുറി​ഞ്ഞേ​ക്കാം. നമുക്ക്‌ അത്‌ വേദന​യു​ണ്ടാ​ക്കു​മെ​ങ്കി​ലും ആ മുറിവ്‌ പെട്ടെ​ന്നു​തന്നെ ഉണങ്ങും. ഒന്നുരണ്ടു ദിവസം കഴിയു​മ്പോൾ എവി​ടെ​യാ​ണു മുറി​ഞ്ഞ​തെ​ന്നു​പോ​ലും നമ്മൾ ഓർക്കു​ന്നു​ണ്ടാ​കില്ല. അതു​പോ​ലെ മറ്റുള്ളവർ നമ്മളോ​ടു പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌ത കാര്യങ്ങൾ നമ്മളെ വേദനി​പ്പി​ച്ചേ​ക്കാ​മെ​ങ്കി​ലും ഈ ചെറിയ മുറി​വു​പോ​ലെ നിസ്സാ​ര​മാ​യി​രി​ക്കാം. നമുക്ക്‌ അത്‌ എളുപ്പ​ത്തിൽ ക്ഷമിക്കാ​നാ​കും. ഇനി ചില മുറി​വു​കൾ തുന്ന​ലൊ​ക്കെ​യിട്ട്‌ കെട്ടി​വെ​ക്കേണ്ട അത്ര വലുതാ​യി​രി​ക്കാം. അത്തരം ഒരു മുറി​വിൽ എപ്പോ​ഴും തൊടു​ക​യും പിടി​ക്കു​ക​യും ഒക്കെ ചെയ്‌തു​കൊ​ണ്ടി​രു​ന്നാൽ അതു പെട്ടെ​ന്നൊ​ന്നും ഉണങ്ങി​ല്ലെന്നു മാത്രമല്ല കൂടുതൽ വഷളാ​കു​ക​യും ചെയ്‌തേ​ക്കാം. അതു​പോ​ലെ മറ്റുള്ള​വ​രു​ടെ പ്രവർത്ത​നങ്ങൾ ചില​പ്പോൾ നമ്മളെ ആഴത്തിൽ മുറി​പ്പെ​ടു​ത്തി​യേ​ക്കാം. എന്നാൽ നമ്മൾ ഏതു നേരവും അതെക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും പക വെച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെയ്‌താൽ നമുക്കു​ത​ന്നെ​യാ​യി​രി​ക്കും കൂടുതൽ ബുദ്ധി​മു​ട്ടു​ണ്ടാ​കു​ന്നത്‌. അതു​കൊണ്ട്‌ ലേവ്യ 19:18-ലെ ഉപദേശം അനുസ​രി​ക്കു​ന്നത്‌ എത്ര നല്ലതാണ്‌!

16. ലേവ്യ 19:33, 34 പറയു​ന്ന​ത​നു​സ​രിച്ച്‌ ഇസ്രാ​യേ​ല്യർ അന്യ​ദേ​ശ​ക്കാ​രോട്‌ എങ്ങനെ പെരു​മാ​റാ​നാണ്‌ യഹോവ ആഗ്രഹി​ച്ചത്‌, അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

16 സഹമനു​ഷ്യ​നെ സ്‌നേ​ഹി​ക്കാൻ കല്‌പി​ച്ച​പ്പോൾ അവർ മറ്റ്‌ ഇസ്രാ​യേ​ല്യ​രെ മാത്രം സ്‌നേ​ഹി​ക്കാ​നല്ല യഹോവ ഉദ്ദേശി​ച്ചത്‌. അവരു​ടെ​കൂ​ടെ താമസി​ക്കുന്ന അന്യ​ദേ​ശ​ക്കാ​രെ​യും അവർ സ്‌നേ​ഹി​ക്ക​ണ​മാ​യി​രു​ന്നു. ലേവ്യ 19:33, 34-ൽ (വായി​ക്കുക.) അതു വ്യക്തമാ​യി പറഞ്ഞി​ട്ടുണ്ട്‌. അവർ ആ അന്യ​ദേ​ശ​ക്കാ​രനെ “സ്വദേ​ശി​യെ​പ്പോ​ലെ” കണക്കാ​ക്കു​ക​യും തന്നെ​പ്പോ​ലെ​തന്നെ ‘സ്‌നേ​ഹി​ക്കു​ക​യും’ ചെയ്യണ​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക​ളെ​യും പാവ​പ്പെ​ട്ട​വ​രെ​യും ഇസ്രാ​യേ​ല്യർ തങ്ങളുടെ വയലു​ക​ളിൽ കാലാ പെറു​ക്കാൻ അനുവ​ദി​ക്ക​ണ​മാ​യി​രു​ന്നു. (ലേവ്യ 19:9, 10) വിദേ​ശി​കളെ സ്‌നേ​ഹി​ക്ക​ണ​മെന്ന തത്ത്വം ഇന്നു ക്രിസ്‌ത്യാ​നി​കൾക്കും ബാധക​മാണ്‌. (ലൂക്കോ. 10:30-37) ഇന്നു ലക്ഷക്കണ​ക്കിന്‌ ആളുകൾ മറ്റു രാജ്യ​ങ്ങ​ളി​ലേക്കു മാറി​ത്താ​മ​സി​ക്കു​ന്നുണ്ട്‌. അവരിൽ ചിലർ നിങ്ങളു​ടെ പ്രദേ​ശ​ത്തു​മു​ണ്ടാ​കാം. അവരോ​ടു ആദരവും സ്‌നേ​ഹ​വും ഒക്കെ കാണി​ക്കു​ന്നതു വളരെ പ്രധാ​ന​മാണ്‌.

വളരെ പ്രധാ​ന​പ്പെട്ട ഒരു പ്രവർത്തനം

17-18. (എ) ലേവ്യ 19:2-ൽനിന്നും 1 പത്രോസ്‌ 1:15-ൽനിന്നും നമ്മൾ എന്താണു പഠിക്കു​ന്നത്‌? (ബി) ഏതു പ്രധാ​ന​പ്പെട്ട പ്രവർത്തനം ചെയ്യാ​നാ​ണു പത്രോസ്‌ അപ്പോ​സ്‌തലൻ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌?

17 ലേവ്യ 19:2-ഉം 1 പത്രോസ്‌ 1:15-ഉം വിശു​ദ്ധ​രാ​യി​രി​ക്കാൻ ദൈവ​ജ​നത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. യഹോ​വ​യു​ടെ അംഗീ​കാ​രം നേടാൻ നമ്മൾ എന്തു ചെയ്യണ​മെന്നു ലേവ്യ 19-ാം അധ്യാ​യ​ത്തി​ന്റെ മറ്റു വാക്യ​ങ്ങ​ളിൽ കാണാം. നമ്മൾ ചെയ്യേ​ണ്ട​തും ചെയ്യരു​താ​ത്ത​തും ആയ കാര്യങ്ങൾ പറയുന്ന ചില വാക്യ​ങ്ങ​ളാ​ണു നമ്മൾ ഇതുവരെ ചർച്ച ചെയ്‌തത്‌. * അതിലെ തത്ത്വങ്ങൾ ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളി​ലും നമുക്കു കാണാം. അതിന്റെ അർഥം ഇന്നു നമ്മളും അത്‌ അനുസ​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നാണ്‌. എന്നാൽ പത്രോസ്‌ അപ്പോ​സ്‌തലൻ മറ്റൊരു കാര്യ​ത്തെ​ക്കു​റി​ച്ചു​കൂ​ടി പറയു​ന്നുണ്ട്‌.

18 നമ്മൾ യഹോ​വയെ ആരാധി​ക്കു​ക​യും മറ്റുള്ള​വർക്കു നന്മ ചെയ്യു​ക​യും ചെയ്യു​ന്നു​ണ്ടാ​കാം. എന്നാൽ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ചെയ്യേണ്ട വളരെ പ്രധാ​ന​പ്പെട്ട ഒരു പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ പത്രോസ്‌ അപ്പോ​സ്‌തലൻ എഴുതി. എല്ലാ കാര്യ​ങ്ങ​ളി​ലും വിശു​ദ്ധ​രാ​യി​രി​ക്കുക എന്നു പറയു​ന്ന​തി​നു മുമ്പ്‌ പത്രോസ്‌ അപ്പോ​സ്‌തലൻ നമ്മളോ​ടു പറയുന്നു: “പ്രവർത്ത​ന​ത്തി​നാ​യി നിങ്ങളു​ടെ മനസ്സു​കളെ ശക്തമാ​ക്കുക.” (1 പത്രോ. 1:13, 15) എന്തായി​രി​ക്കാം ആ പ്രവർത്തനം? ക്രിസ്‌തു​വി​ന്റെ അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാർ അവരെ ‘വിളിച്ച ദൈവ​ത്തി​ന്റെ നന്മയെ എല്ലായി​ട​ത്തും അറിയി​ക്കും’ എന്നു പത്രോസ്‌ പറഞ്ഞു. (1 പത്രോ. 2:9) വാസ്‌ത​വ​ത്തിൽ വളരെ പ്രധാ​ന​പ്പെട്ട ഈ പ്രവർത്തനം ചെയ്യാ​നുള്ള അവസരം ഇന്ന്‌ എല്ലാ ക്രിസ്‌ത്യാ​നി​കൾക്കു​മുണ്ട്‌. മറ്റുള്ള​വർക്ക്‌ ഏറ്റവും പ്രയോ​ജനം ചെയ്യുന്ന ഒരു പ്രവർത്ത​ന​മാണ്‌ ഇത്‌. ആളുക​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും അവരെ പഠിപ്പി​ക്കു​ക​യും ചെയ്യുന്ന ഈ പ്രവർത്ത​ന​ത്തിൽ നമ്മൾ പതിവാ​യി, ഉത്സാഹ​ത്തോ​ടെ പങ്കെടു​ക്കു​ന്നു. ദൈവ​ത്തി​ന്റെ വിശുദ്ധ ജനമാ​യ​തു​കൊണ്ട്‌ നമുക്കു ലഭിച്ചി​രി​ക്കുന്ന എത്ര വലി​യൊ​രു അനു​ഗ്ര​ഹ​മാണ്‌ ഇത്‌! (മർക്കോ. 13:10) ലേവ്യ 19-ാം അധ്യാ​യ​ത്തി​ലെ തത്ത്വങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ നമ്മൾ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​മ്പോൾ നമ്മൾ ദൈവ​ത്തെ​യും അയൽക്കാ​രെ​യും സ്‌നേ​ഹി​ക്കു​ന്നെന്നു തെളി​യി​ക്കു​ക​യാണ്‌. കൂടാതെ എല്ലാ കാര്യ​ങ്ങ​ളി​ലും ‘വിശു​ദ്ധ​രാ​യി​രി​ക്കാൻ’ ആഗ്രഹി​ക്കു​ന്നെ​ന്നും നമ്മൾ കാണി​ക്കു​ന്നു.

ഗീതം 111 സന്തോ​ഷി​ക്കാ​നുള്ള കാരണങ്ങൾ

^ ക്രിസ്‌ത്യാനികൾ മോശ​യു​ടെ നിയമ​ത്തിൻകീ​ഴിൽ അല്ലെങ്കി​ലും നമ്മൾ ചെയ്യേ​ണ്ട​തോ ചെയ്യരു​താ​ത്ത​തോ ആയ പല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അതിൽനിന്ന്‌ പഠിക്കാ​നാ​കും. അതു മനസ്സി​ലാ​ക്കു​ന്നതു മറ്റുള്ള​വരെ സ്‌നേ​ഹി​ക്കാ​നും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നും നമ്മളെ സഹായി​ക്കും. ലേവ്യ 19-ാം അധ്യാ​യ​ത്തിൽ കാണുന്ന ചില പാഠങ്ങൾ നമുക്ക്‌ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെ​ന്നാണ്‌ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യു​ന്നത്‌.

^ പക്ഷപാതം കാണി​ക്കുക, പരദൂ​ഷണം പറയുക, രക്തം കഴിക്കുക, ഭൂതവി​ദ്യ, ഭാവി​ഫലം പറയുക, ലൈം​ഗിക അധാർമി​കത എന്നിവ​യോട്‌ ബന്ധപ്പെട്ട്‌ ലേവ്യ 19-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ നമ്മൾ ഈ ലേഖന​ത്തി​ലും കഴിഞ്ഞ ലേഖന​ത്തി​ലും ചർച്ച ചെയ്‌തി​ട്ടില്ല.—ലേവ്യ 19:15, 16, 26-29, 31.—ഈ ലക്കത്തിലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.

^ ചിത്രക്കുറിപ്പ്‌: ഡോക്ട​റോ​ടു സംസാ​രി​ക്കാൻ ഒരു സഹോ​ദരൻ കേൾവി​ശ​ക്തി​യി​ല്ലാത്ത ഒരു സഹോ​ദ​രനെ സഹായി​ക്കു​ന്നു.

^ ചിത്രക്കുറിപ്പ്‌: പെയി​ന്റിങ്ങ്‌ ജോലി​യുള്ള ഒരു സഹോ​ദരൻ തന്റെ കീഴിൽ പണി​യെ​ടു​ക്കുന്ന ഒരാൾക്കു കൂലി കൊടു​ക്കു​ന്നു.

^ ചിത്രക്കുറിപ്പ്‌: ഒരു സഹോ​ദരി തന്റെ കൈയി​ലെ ചെറിയ മുറി​വി​ന്റെ കാര്യം പെട്ടെന്നു മറന്നു​പോ​യേ​ക്കാം. വലിയ മുറി​വി​ന്റെ കാര്യ​ത്തി​ലും അങ്ങനെ​തന്നെ ചെയ്യാൻ തയ്യാറാ​കു​മോ?