വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ലേവ്യ 19:16-ൽ മറ്റൊരാളുടെ “ജീവൻ അപായപ്പെടുത്താൻ നോക്കരുത്” എന്നു പറഞ്ഞിരിക്കുന്നു. എന്താണ് അതിന്റെ അർഥം? നമുക്ക് അതിൽനിന്ന് എന്തു പഠിക്കാം?
▪ ഒരു വിശുദ്ധജനമായിരിക്കാൻ യഹോവ ഇസ്രായേല്യരോട് ആവശ്യപ്പെട്ടു. അതിനുവേണ്ടി യഹോവ അവരോടു പറഞ്ഞു: “ജനത്തിന്റെ ഇടയിൽ പരദൂഷണം പറഞ്ഞുനടക്കരുത്. സഹമനുഷ്യന്റെ ജീവൻ അപായപ്പെടുത്താൻ നോക്കരുത്. ഞാൻ യഹോവയാണ്.”—ലേവ്യ 19:2, 16.
‘അപായപ്പെടുത്താൻ നോക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദപ്രയോഗം, “വിരോധമായി നിൽക്കുക” എന്നും പരിഭാഷ ചെയ്യാം. എന്താണ് അതിന്റെ അർഥം? ലേവ്യ പുസ്തകത്തെക്കുറിച്ചുള്ള ഒരു ജൂതഗ്രന്ഥം പറയുന്നു: “കൃത്യമായി എന്താണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാൻ പ്രയാസമാണ്. കാരണം (ഇവിടെ ഉപയോഗിച്ചിരിക്കുന്ന) എബ്രായ ഭാഷാശൈലിയുടെ കൃത്യമായ അർഥം കണ്ടുപിടിക്കാൻ മാർഗമില്ല.”
ചില പണ്ഡിതന്മാർ ആ പദപ്രയോഗത്തെ തൊട്ടു മുമ്പുള്ള വാക്യവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അവിടെ പറയുന്നു: “നിങ്ങൾ നീതിരഹിതമായി ന്യായം വിധിക്കരുത്. ദരിദ്രനോടു പക്ഷപാതമോ സമ്പന്നനോടു പ്രത്യേകപരിഗണനയോ കാണിക്കരുത്. സഹമനുഷ്യനെ നീതിയോടെ വിധിക്കണം.” (ലേവ്യ 19:15) അങ്ങനെയാകുമ്പോൾ 16-ാം വാക്യത്തിൽ ‘അപായപ്പെടുത്താൻ നോക്കുക’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം, ദൈവജനം കോടതി കേസുകളിലോ ബിസിനെസ്സ് ഇടപാടുകളിലോ കുടുംബകാര്യങ്ങളിലോ ഒരു സഹപ്രവർത്തകനോട് അന്യായമായി ഒന്നും ചെയ്യരുത്, സ്വന്തം കാര്യലാഭത്തിനുവേണ്ടി സത്യസന്ധമല്ലാത്ത രീതിയിൽ പ്രവർത്തിക്കരുത് എന്നൊക്കെയായിരിക്കാം. നമ്മൾ അത്തരം കാര്യങ്ങൾ ചെയ്യരുത് എന്നുള്ളത് ശരിയാണ്. എന്നാൽ 16-ാം വാക്യത്തിൽനിന്നുതന്നെ അതിന്റെ കുറെക്കൂടെ കൃത്യമായ അർഥം നമുക്കു മനസ്സിലാക്കാം.
ആ വാക്യത്തിന്റെ ആദ്യഭാഗം പറയുന്നതു കണ്ടോ? ദൈവം തന്റെ ജനത്തോട് “പരദൂഷണം പറഞ്ഞുനടക്കരുത്” എന്നു പറഞ്ഞു. പരദൂഷണം എന്നു പറയുന്നതു വെറുതേ പരകാര്യങ്ങൾ പറഞ്ഞുപരത്തുന്നതല്ല. പരകാര്യങ്ങൾ പറഞ്ഞുനടക്കുന്നതുകൊണ്ടും പ്രശ്നങ്ങൾ ഉണ്ടാകാമെന്നുള്ളതു ശരിയാണ്. (സുഭാ. 10:19; സഭാ. 10:12-14; 1 തിമൊ. 5:11-15; യാക്കോ. 3:6) എന്നാൽ പരദൂഷണം, മനഃപൂർവം ഒരാളുടെ പേരു ചീത്തയാക്കാൻവേണ്ടി നുണ പറയുന്നതാണ്. പരദൂഷണം പറയുന്നയാൾ ഒരാൾക്കെതിരെ അയാളുടെ ജീവന് ആപത്തുവരുന്ന വിധത്തിൽപ്പോലും കള്ളസാക്ഷി പറഞ്ഞേക്കാം. നാബോത്തിന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്. നാബോത്തിന് എതിരെ പറഞ്ഞ കള്ളസാക്ഷി കേട്ടിട്ടാണ് അയാളെ കല്ലെറിഞ്ഞ് കൊന്നത്. (1 രാജാ. 21:8-13) അതെ, ലേവ്യ 19:16-ന്റെ രണ്ടാം ഭാഗം പറയുന്നതുപോലെ പരദൂഷണം പറയുന്ന ഒരാൾക്കു സഹമനുഷ്യന്റെ ജീവൻ അപായപ്പെടുത്താനാകും.
ഒരു വ്യക്തിയോടു തോന്നുന്ന വെറുപ്പായിരിക്കാം പലപ്പോഴും പരദൂഷണം പറയുന്നതിലേക്കു നയിക്കുന്നത്. ഒരാളെ വെറുക്കുന്നതിനെക്കുറിച്ച് 1 യോഹന്നാൻ 3:15 പറയുന്നു: “സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്. ഒരു കൊലപാതകിയുടെയും ഉള്ളിൽ നിത്യജീവനില്ലെന്നു നിങ്ങൾക്ക് അറിയാമല്ലോ.” അതുകൊണ്ടുതന്നെ “സഹമനുഷ്യന്റെ ജീവൻ അപായപ്പെടുത്താൻ നോക്കരുത്” എന്നു പറഞ്ഞിട്ട്, ലേവ്യ 19:17-ൽ “നിന്റെ സഹോദരനെ ഹൃദയംകൊണ്ട് വെറുക്കരുത്” എന്നുകൂടി ദൈവം കൂട്ടിച്ചേർത്തതു ശ്രദ്ധേയമാണ്.
അതുകൊണ്ട് ലേവ്യ 19:16-ലെ കല്പന ക്രിസ്ത്യാനികൾ ഗൗരവമായി എടുക്കേണ്ട ഒന്നാണ്. നമ്മൾ ആരെക്കുറിച്ചും മോശമായി ചിന്തിക്കുകയോ പരദൂഷണം പറയുകയോ ചെയ്യരുത്. നമുക്ക് ആരോടെങ്കിലും വെറുപ്പോ അസൂയയോ തോന്നിയിട്ട് അവരെക്കുറിച്ച് പരദൂഷണം പറയുന്നെങ്കിൽ നമ്മൾ അവരുടെ ‘ജീവൻ അപായപ്പെടുത്താൻ’ നോക്കുകയാണ്. നമ്മൾ അവരെ വെറുക്കുന്നു എന്നതിന്റെ തെളിവാണ് അത്. ക്രിസ്ത്യാനികൾ ആരെയും വെറുക്കരുത്.—മത്താ. 12:36, 37.