അരിമഥ്യക്കാരനായ യോസേഫ് സത്യത്തിനുവേണ്ടി ധീരമായി നിലപാടെടുക്കുന്നു
അരിമഥ്യക്കാരനായ യോസേഫ് ഇപ്പോൾ റോമൻ ഗവർണറുടെ മുന്നിൽ നിൽക്കുകയാണ്! കടുംപിടുത്തക്കാരനായി അറിയപ്പെട്ടിരുന്ന പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പാകെ! അതിനുള്ള ധൈര്യം തനിക്ക് എങ്ങനെ കിട്ടിയെന്നു യോസേഫിനുതന്നെ അറിയില്ല. എന്നാൽ യേശുവിന്റെ മൃതശരീരം മാന്യമായി സംസ്കരിക്കണമെങ്കിൽ, അതു വിട്ടുകിട്ടാൻ ആരെങ്കിലും പീലാത്തൊസിനോട് അനുമതി വാങ്ങണമായിരുന്നു. പക്ഷേ ആ കൂടിക്കാഴ്ച യോസേഫ് ഉദ്ദേശിച്ചത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല. യേശു മരിച്ചെന്ന് ഒരു സൈനികോദ്യോഗസ്ഥനോടു ചോദിച്ച് ഉറപ്പാക്കിയശേഷം പീലാത്തൊസ് മൃതശരീരം അടക്കാൻ യോസേഫിന് അനുമതി കൊടുത്തു. യേശുവിനെ വധിച്ച സ്ഥലത്തേക്കു യോസേഫ് തിരക്കിട്ട് മടങ്ങിപ്പോയി, യേശു മരിച്ചതിന്റെ ദുഃഖം അപ്പോഴും യോസേഫിനെ വിട്ടുമാറിയിരുന്നില്ല.—മർക്കോ. 15:42-45.
-
അല്ല, ആരാണ് ഈ അരിമഥ്യക്കാരനായ യോസേഫ്?
-
അദ്ദേഹത്തിനു യേശുവുമായി എന്താണു ബന്ധം?
-
യോസേഫിന്റെ കഥയിൽനിന്ന് മൂല്യവത്തായ എന്തു പാഠമാണു പഠിക്കാനുള്ളത്?
സൻഹെദ്രിനിലെ ഒരു അംഗം
‘ന്യായാധിപസഭയിലെ ബഹുമാന്യനായ ഒരു അംഗം’ എന്നാണു മർക്കോസിന്റെ സുവിശേഷത്തിൽ യോസേഫിനെ പരാമർശിക്കുന്നത്. ഇവിടെ ന്യായാധിപസഭ എന്നതു ജൂതന്മാരുടെ ഉന്നതകോടതിയും പരമോന്നത ഭരണസമിതിയും ആയ സൻഹെദ്രിൻതന്നെയായിരിക്കണം. (മർക്കോ. 15:1, 43) യോസേഫ് ജനത്തിന്റെ നേതാക്കന്മാരിൽ ഒരാളായിരുന്നു എന്നു വ്യക്തം. അതുകൊണ്ടാണ് റോമൻ ഗവർണറെ നേരിട്ട് കാണാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത്. യോസേഫ് ധനികനായിരുന്നു എന്നു പറയുന്നതിലും അതിശയിക്കാനില്ല.—മത്താ. 27:57.
യേശുവിനെ നിങ്ങളുടെ രാജാവായി തുറന്നുസമ്മതിക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടോ?
സൻഹെദ്രിനിലെ ഭൂരിപക്ഷം അംഗങ്ങളും യേശുവിനെ ഒരു ശത്രുവായാണു കണ്ടിരുന്നത്. യേശുവിനെ കൊല്ലാൻ അവരാണു തന്ത്രം മനഞ്ഞത്. എന്നാൽ യോസേഫ് അവരെപ്പോലെയായിരുന്നില്ല. സത്യസന്ധമായ, ധർമനിഷ്ഠയോടെയുള്ള ഒരു ജീവിതമായിരുന്നു യോസേഫിന്റേത്. അദ്ദേഹം കഴിവിന്റെ പരമാവധി ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ജീവിച്ചു. അതുകൊണ്ട് യോസേഫിനെ ‘നല്ലവനും നീതിമാനും ആയ ഒരാൾ’ എന്നു വിളിച്ചിരിക്കുന്നു. (ലൂക്കോ. 23:50) യോസേഫ് ‘ദൈവരാജ്യത്തിനുവേണ്ടി കാത്തിരിക്കുന്നയാളായിരുന്നു’ എന്നും പറഞ്ഞിരിക്കുന്നു. അതായിരിക്കാം യേശുവിന്റെ ഒരു ശിഷ്യനായിത്തീരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. (മർക്കോ. 15:43; മത്താ. 27:57) സത്യത്തെയും നീതിയെയും അതിയായി സ്നേഹിച്ചതുകൊണ്ടായിരിക്കാം യോസേഫിനു യേശുവിന്റെ സന്ദേശത്തോടു പ്രിയം തോന്നിയത്.
ഒരു രഹസ്യശിഷ്യൻ
“ജൂതന്മാരെ പേടിച്ച് യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്ന” ഒരാളായിട്ടാണു യോഹന്നാൻ 19:38-ൽ യോസേഫിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. യോസേഫ് പേടിക്കാൻ കാരണം എന്തായിരുന്നു? യേശുവിനോടു ജൂതന്മാർക്കുണ്ടായിരുന്ന അവജ്ഞയെയും യേശുവിൽ വിശ്വസിക്കുന്നവരെ സിനഗോഗിൽനിന്ന് പുറത്താക്കാനുള്ള അവരുടെ ഉറച്ച തീരുമാനത്തെയും കുറിച്ച് യോസേഫ് അറിഞ്ഞിരുന്നു. (യോഹ. 7:45-49; 9:22) സിനഗോഗിൽനിന്ന് പുറത്താക്കപ്പെടുന്ന ഒരാളെ ജൂതന്മാർ നിന്ദിക്കുകയും അവഗണിക്കുകയും ചെയ്യുമായിരുന്നു, സമൂഹം അയാൾക്കു ഭ്രഷ്ട് കല്പിക്കുമായിരുന്നു. അതുകൊണ്ട് തന്റെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്ന ഭയം കാരണം യേശുവിന്റെ ശിഷ്യനാണെന്നു പരസ്യമായി വെളിപ്പെടുത്താൻ യോസേഫ് മടിച്ചു.
യോസേഫ് മാത്രമായിരുന്നില്ല ഈ വിഷമസന്ധിയിൽ. യോഹന്നാൻ 12:42 പറയുന്നു, “പ്രമാണിമാരിൽപ്പോലും ധാരാളം പേർ യേശുവിൽ വിശ്വസിച്ചു. എങ്കിലും അവർക്കു പരീശന്മാരെ പേടിയായിരുന്നു. അതുകൊണ്ട് സിനഗോഗിൽനിന്ന് പുറത്താക്കുമോ എന്നു ഭയന്ന് അവർ യേശുവിനെ അംഗീകരിക്കുന്ന കാര്യം പരസ്യമായി സമ്മതിച്ചില്ല.” അങ്ങനെ ഒരാളായിരുന്നു സൻഹെദ്രിനിലെ മറ്റൊരു അംഗമായിരുന്ന നിക്കോദേമൊസ്.—യോഹ. 3:1-10; 7:50-52.
എന്നാൽ യോസേഫിനെ ഒരു ശിഷ്യനായിട്ടാണു ബൈബിൾ പരാമർശിക്കുന്നത്. പക്ഷേ അദ്ദേഹത്തിന് അതു പുറത്തുപറയാനുള്ള ധൈര്യമില്ലായിരുന്നെന്നു മാത്രം. എങ്കിലും അതു ഗുരുതരമായ ഒരു പ്രശ്നമായിരുന്നു, പ്രത്യേകിച്ച് യേശുവിന്റെ ഈ വാക്കുകളുടെ വെളിച്ചത്തിൽ: “മറ്റുള്ളവരുടെ മുന്നിൽ എന്നെ അംഗീകരിക്കുന്ന ഏതൊരാളെയും സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുന്നിൽ ഞാനും അംഗീകരിക്കും. മറ്റുള്ളവരുടെ മുന്നിൽ എന്നെ തള്ളിപ്പറയുന്നവരെയോ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുന്നിൽ ഞാനും തള്ളിപ്പറയും.” (മത്താ. 10:32, 33) യോസേഫ് യേശുവിനെ ‘തള്ളിപ്പറഞ്ഞില്ല,’ എന്നാൽ പരസ്യമായി ‘അംഗീകരിക്കാനുള്ള’ ധൈര്യമില്ലായിരുന്നുതാനും. നിങ്ങളുടെ കാര്യമോ?
യോസേഫിനെക്കുറിച്ച് ശ്രദ്ധേയമായ ഒരു കാര്യം ബൈബിൾ റിപ്പോർട്ട് ചെയ്യുന്നത്, അദ്ദേഹം യേശുവിന് എതിരെയുള്ള ഗൂഢാലോചനയിൽ ഉൾപ്പെട്ടില്ല എന്നതാണ്. (ലൂക്കോ. 23:51) ചിലർ അഭിപ്രായപ്പെടുന്നതുപോലെ, യേശുവിന്റെ വിചാരണസമയത്ത് യോസേഫ് അവിടെയില്ലായിരുന്നിരിക്കാം. എന്തുതന്നെയാണെങ്കിലും ഈ കടുത്ത അനീതി യോസേഫിനെ അതിദുഃഖത്തിലാഴ്ത്തിയിട്ടുണ്ടാകും, എന്നാൽ അതിന് എതിരെ യോസേഫിന് ഒന്നും ചെയ്യാനാകുന്നില്ല.
ഒടുവിൽ തീരുമാനമെടുക്കുന്നു
തെളിവനുസരിച്ച് യേശുവിന്റെ മരണത്തോടടുത്ത് യോസേഫ് തന്റെ ഭയത്തെ മറികടക്കുകയും യേശുവിന്റെ ശിഷ്യന്മാരെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. മർക്കോസ് 15:43-ലെ വാക്കുകൾ അതാണു സൂചിപ്പിക്കുന്നത്: “അരിമഥ്യക്കാരനായ യോസേഫ് ധൈര്യപൂർവം പീലാത്തൊസിന്റെ അടുത്ത് ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.”
യേശു മരിച്ചപ്പോൾ സാധ്യതയനുസരിച്ച് യോസേഫ് അവിടെയുണ്ടായിരുന്നു. യേശുവിന്റെ മരണത്തെക്കുറിച്ച് പീലാത്തൊസ് അറിയുന്നതിനു മുമ്പേ അദ്ദേഹം അറിഞ്ഞിരുന്നു. അതുകൊണ്ടാണ് യോസേഫ് ശരീരം വിട്ടുകിട്ടാൻ അനുമതി ചോദിച്ചപ്പോൾ “ഇത്ര വേഗം യേശു മരിച്ചോ” എന്നു പീലാത്തൊസ് ചിന്തിച്ചത്. (മർക്കോ. 15:44) ദണ്ഡനസ്തംഭത്തിലെ യേശുവിന്റെ കഠോരവേദനയ്ക്കു യോസേഫ് ദൃക്സാക്ഷിയായിരുന്നെങ്കിൽ ഹൃദയം തകർക്കുന്ന ആ കാഴ്ച യോസേഫിന്റെ മനസ്സാക്ഷിയെ കുറ്റപ്പെടുത്തിക്കാണുമോ? ഒടുവിൽ, സത്യത്തിനുവേണ്ടി ഒരു നിലപാടെടുക്കണമെന്നു തീരുമാനിക്കാൻ അതായിരിക്കുമോ യോസേഫിനെ പ്രേരിപ്പിച്ചത്? അതിനു സാധ്യതയുണ്ട്. എന്താണെങ്കിലും ഇനി യോസേഫ് ഒരു രഹസ്യശിഷ്യനല്ല, അദ്ദേഹം പ്രവർത്തിക്കാൻതന്നെ തീരുമാനിച്ചു.
യോസേഫ് യേശുവിനെ അടക്കം ചെയ്യുന്നു
മരണശിക്ഷ ലഭിച്ച ഒരു വ്യക്തിയുടെ മൃതശരീരം സൂര്യാസ്തമയത്തിനു മുമ്പ് അടക്കം ചെയ്യണമെന്നാണു ജൂതനിയമം അനുശാസിച്ചിരുന്നത്. (ആവ. 21:22, 23) എന്നാൽ റോമാക്കാർ വധശിക്ഷ ലഭിക്കുന്നവരുടെ ശവശരീരങ്ങൾ സ്തംഭത്തിൽത്തന്നെ കിടന്ന് അഴുകട്ടെയെന്നു കരുതി വിട്ടേക്കും, അല്ലെങ്കിൽ ഒരു പൊതുശവക്കുഴിയിലേക്കു വലിച്ചെറിയും. എന്നാൽ യേശുവിന്റെ ശരീരം അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ യോസേഫിനു മനസ്സില്ലായിരുന്നു. യേശുവിനെ വധിച്ച സ്ഥലത്തിന് അടുത്തുതന്നെ യോസേഫിനു പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു പുതിയ കല്ലറയുണ്ടായിരുന്നു. ആ കല്ലറ അന്നുവരെ ഉപയോഗിച്ചിട്ടില്ലായിരുന്നു എന്നതു സൂചിപ്പിക്കുന്നത്, യോസേഫ് അരിമഥ്യയിൽനിന്ന് a യരുശലേമിലേക്കു താമസം മാറിയിട്ട് അധികമായിരുന്നില്ല എന്നാണ്. അതു കുടുംബക്കല്ലറയാക്കാനായിരുന്നു യോസേഫ് ഉദ്ദേശിച്ചത്. (ലൂക്കോ. 23:53; യോഹ. 19:41) തനിക്കുവേണ്ടി പണിത കല്ലറയിൽ യേശുവിനെ അടക്കാൻ തയ്യാറായതു യോസേഫിന്റെ വിശാലമനസ്സാണു കാണിക്കുന്നത്. അങ്ങനെ മിശിഹയെ “സമ്പന്നരോടുകൂടെ” അടക്കും എന്ന പ്രവചനം നിറവേറി.—യശ. 53:5, 8, 9.
യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തെക്കാൾ പ്രധാനമായി മറ്റെന്തെങ്കിലും ഉണ്ടോ?
യേശുവിന്റെ മൃതശരീരം സ്തംഭത്തിൽനിന്ന് ഇറക്കിയശേഷം മേന്മയേറിയ ലിനൻതുണികൊണ്ട് പൊതിഞ്ഞ് യോസേഫ് സ്വന്തം കല്ലറയിൽ അടക്കം ചെയ്തതിനെക്കുറിച്ച് നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. (മത്താ. 27:59-61; മർക്കോ. 15:46, 47; ലൂക്കോ. 23:53, 55; യോഹ. 19:38-40) യോസേഫിനെ സഹായിച്ചതായി പേരെടുത്ത് പറഞ്ഞിരിക്കുന്ന ഏകവ്യക്തി സുഗന്ധക്കൂട്ടുമായി വന്ന നിക്കോദേമൊസ് ആണ്. എന്നാൽ ഈ രണ്ടു പേർക്കും സമൂഹത്തിലുണ്ടായിരുന്ന സ്ഥാനം പരിഗണിക്കുമ്പോൾ മൃതശരീരം അവർതന്നെ അവിടെനിന്ന് കൊണ്ടുപോകാനുള്ള സാധ്യത കുറവാണ്. മൃതശരീരം എടുത്തുകൊണ്ടുപോകാനും അടക്കാനും അവർ ജോലിക്കാരെ ഉപയോഗിച്ചിരിക്കാം. അങ്ങനെയാണെങ്കിൽപ്പോലും അവർ ഏറ്റെടുത്തതു വലിയ ഒരു ദൗത്യംതന്നെയാണ്. ശവശരീരത്തെ തൊടുന്ന ഏതൊരാളും ഏഴു ദിവസം അശുദ്ധനാകുമായിരുന്നു, അവർ സ്പർശിക്കുന്ന എന്തും അശുദ്ധമാകുമായിരുന്നു. (സംഖ്യ 19:11; ഹഗ്ഗാ. 2:13) പെസഹാവാരത്തിൽ അവർ മറ്റുള്ളവരിൽനിന്ന് മാറിനിൽക്കണമായിരുന്നു, ആചരണങ്ങളും ആഘോഷങ്ങളും അവർക്കു നഷ്ടമാകുമായിരുന്നു. (സംഖ്യ 9:6) ഇതിനെല്ലാം പുറമേ, കൂടെയുള്ളവരുടെ പരിഹാസത്തിന് ഇരയാകാനുള്ള സാധ്യതയുമുണ്ടായിരുന്നിട്ടും യോസേഫ് യേശുവിന്റെ ശവസംസ്കാരത്തിന് ഒരുക്കങ്ങൾ ചെയ്തു. ഒരു ക്രിസ്തുശിഷ്യനായി പരസ്യമായി തിരിച്ചറിയിക്കുന്നതുകൊണ്ട് ഉണ്ടായേക്കാവുന്ന എന്തു ഭവിഷ്യത്തുകൾ നേരിടാനും ഈ സമയത്ത് യോസേഫ് തയ്യാറായിരുന്നു.
യോസേഫിന്റെ കഥ ഇവിടെ തീരുന്നു
യേശുവിന്റെ ശവസംസ്കാരത്തെക്കുറിച്ചുള്ള വിവരണങ്ങൾക്കു ശേഷം യോസേഫിനെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. അദ്ദേഹത്തിനു പിന്നീട് എന്തു സംഭവിച്ചു എന്ന ചോദ്യം ബാക്കി നിൽക്കുന്നു. നമുക്ക് അറിയില്ല എന്നതാണ് ഉത്തരം. എങ്കിലും ഇതുവരെ ചർച്ച ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, യോസേഫ് ഒരു ക്രിസ്ത്യാനിയായി പരസ്യമായി തിരിച്ചറിയിച്ചു എന്നുതന്നെ നമുക്കു നിഗമനം ചെയ്യാം. എന്തുതന്നെയായാലും, പരിശോധനയുടെയും പ്രതിസന്ധിയുടെയും സമയത്ത് അദ്ദേഹത്തിന്റെ വിശ്വാസവും ധൈര്യവും കുറയുകയായിരുന്നില്ല, കൂടിക്കൂടിവരുകയായിരുന്നല്ലോ.
യോസേഫിന്റെ കഥ നമ്മളെയെല്ലാം ഇരുത്തിച്ചിന്തിപ്പിക്കുന്ന ഒരു ചോദ്യം അവശേഷിപ്പിക്കുന്നു: ജീവിതത്തിൽ എന്തിനാണ് ഞാൻ മുഖ്യസ്ഥാനം കൊടുക്കുന്നത്? തൊഴിൽ, വസ്തുവകകൾ, കുടുംബബന്ധങ്ങൾ, സമൂഹത്തിലെ സ്ഥാനം, എന്റെ സ്വാതന്ത്ര്യം എന്നിവപോലെ എന്തിനെങ്കിലുമാണോ, അതോ യഹോവയുമായുള്ള എന്റെ ബന്ധത്തിനാണോ?
a ഇന്നു റാന്റിസ് എന്ന് അറിയപ്പെടുന്ന രാമതന്നെയായിരിക്കാം അരിമഥ്യ. യരുശലേമിന് 35 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ പട്ടണമായിരുന്നു ശമുവേൽ പ്രവാചകന്റെ സ്വദേശം.—1 ശമു. 1:19, 20.