“നിന്റെ വിവേകം അനുഗ്രഹിക്കപ്പെടട്ടെ!”
അബീഗയിൽ എന്ന സ്ത്രീയെ പ്രശംസിച്ചുകൊണ്ട് പുരാതന ഇസ്രായേലിലെ ദാവീദ് പറഞ്ഞതാണ് ഈ വാക്കുകൾ. എന്തിനാണു ദാവീദ് അബീഗയിലിനെ പ്രശംസിച്ചത്? അബീഗയിലിൽനിന്ന് നമുക്ക് എന്തു പഠിക്കാനുണ്ട്?
ദാവീദ് ശൗൽ രാജാവിനെ ഭയന്ന് ഒളിച്ചുകഴിഞ്ഞിരുന്ന കാലത്ത് നടന്ന ഒരു സംഭവമാണ് ഇത്. നാബാൽ എന്ന ഒരു ധനികനായിരുന്നു അബീഗയിലിന്റെ ഭർത്താവ്. യഹൂദയുടെ തെക്ക് ഭാഗത്തെ മലനാട്ടിൽ അയാളുടെ ധാരാളം വരുന്ന ആടുമാടുകളെ മേയ്ക്കാൻ കൊണ്ടുപോകാറുണ്ടായിരുന്നു. ഒരു കാലത്ത് “ഒരു സംരക്ഷകമതിൽപോലെ” ദാവീദും ദാവീദിന്റെ ആളുകളും നാബാലിന്റെ ഇടയന്മാരെയും ആടുമാടുകളെയും കാത്തുരക്ഷിച്ചിരുന്നു. പിന്നീട് ഒരിക്കൽ ദാവീദ് നാബാലിന്റെ അടുത്ത് ദൂതന്മാരെ അയച്ച്, ‘കഴിയുന്നതുപോലെ’ ആഹാരസാധനങ്ങൾ തന്ന് സഹായിക്കണമെന്ന് അപേക്ഷിച്ചു. (1 ശമു. 25:8, 15, 16) ദാവീദും ആളുകളും നാബാലിന്റെ ഇടയന്മാർക്കും ആടുമാടുകൾക്കും സംരക്ഷണം കൊടുത്തിരുന്നതുകൊണ്ട് ആ അഭ്യർഥനയിൽ ഒരു തെറ്റുമില്ലായിരുന്നു.
പക്ഷേ “വിഡ്ഢി” എന്നും “വിവേകശൂന്യൻ” എന്നും അർഥം വരുന്ന തന്റെ പേരിനു ചേർച്ചയിലാണു നാബാൽ പ്രതികരിച്ചത്. നാബാൽ ദാവീദിന്റെ അഭ്യർഥന നിരസിച്ചു. പരുഷമായും അപമാനിക്കുന്ന രീതിയിലും ആണ് ദാവീദിന്റെ ആളുകളോടു നാബാൽ മറുപടി പറഞ്ഞത്. നാബാലിന്റെ പ്രകോപനപരമായ വാക്കുകൾക്ക് അയാളെ ശിക്ഷിക്കാൻ ദാവീദ് തീരുമാനിച്ചു. നാബാലിന്റെ വിഡ്ഢിത്തത്തിന് അയാളും വീട്ടുകാരും വലിയ വില കൊടുക്കേണ്ടിവരുമായിരുന്നു.—1 ശമു. 25:2-13, 21, 22.
ദാവീദ് തിടുക്കത്തിലെടുക്കുന്ന തീരുമാനത്തിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്നു വിവേചിച്ചെടുത്ത അബീഗയിൽ ധൈര്യത്തോടെ ദാവീദിനെ ചെന്നുകണ്ടു. യഹോവയുമായി ദാവീദിനുള്ള നല്ല ബന്ധത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അബീഗയിൽ ആദരവോടെ ദാവീദിനോടു സംസാരിച്ചു. അടുത്ത രാജാവാകുമായിരുന്ന ദാവീദിനും അദ്ദേഹത്തിന്റെ ആളുകൾക്കും ആവശ്യമുള്ളത്ര ആഹാരസാധനങ്ങൾ കൊടുക്കുകയും ചെയ്തു. യഹോവയുടെ മുമ്പാകെ തന്നെ കുറ്റക്കാരനാക്കുമായിരുന്ന ഒരു പ്രവൃത്തി ചെയ്യുന്നതിൽനിന്ന് തടയാൻ ദൈവം അബീഗയിലിനെ ഉപയോഗിക്കുകയായിരുന്നു എന്ന കാര്യം ദാവീദ് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ദാവീദ് അബീഗയിലിനോട് ഇങ്ങനെ പറഞ്ഞത്: ‘നിന്റെ വിവേകം അനുഗ്രഹിക്കപ്പെടട്ടെ! എന്നെ ഇന്നു രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്ന് തടഞ്ഞ നീയും അനുഗ്രഹിക്കപ്പെടട്ടെ!’—1 ശമു. 25:18, 19, 23-35.
നാബാലിനെപ്പോലെ നന്ദിയില്ലാത്തവരാകാൻ നമ്മൾ ആരും ആഗ്രഹിക്കില്ല. ആളുകൾ ചെയ്തുതരുന്ന നല്ല കാര്യങ്ങൾക്കു നമുക്കു നന്ദി കാണിക്കാം. എന്നാൽ മറ്റൊരു പാഠവുമുണ്ട്. തെറ്റായ ഒരു കാര്യം സംഭവിക്കാൻപോകുകയാണെന്നു മനസ്സിലായാൽ അതു തടയാൻ നമ്മളെക്കൊണ്ടാകുന്നതെല്ലാം നമ്മൾ ചെയ്യണം. ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ച ദാവീദിന്റെ അതേ മനോഭാവമാണു നമുക്കുമുള്ളതെന്നു തെളിയിക്കാം: “അറിവും ബോധവും (“വിവേകവും,” പി.ഒ.സി.) ഉള്ളവനാകാൻ എന്നെ പഠിപ്പിക്കേണമേ.”—സങ്കീ. 119:66.
നമ്മൾ ജ്ഞാനത്തോടെയും വിവേകത്തോടെയും കാര്യങ്ങൾ ചെയ്യുമ്പോൾ ആളുകൾ അതു ശ്രദ്ധിക്കുകയും നമ്മളെ അഭിനന്ദിക്കുകയും ചെയ്തേക്കാം. ഇനി, വാക്കുകളിലൂടെ അതു പറഞ്ഞില്ലെങ്കിൽപ്പോലും മനസ്സുകൊണ്ട് അവർ ഇങ്ങനെ പറഞ്ഞേക്കാം: “നിന്റെ വിവേകം അനുഗ്രഹിക്കപ്പെടട്ടെ!”