വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​ത​കഥ

മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തി​നു ബധിരത എനിക്കു തടസ്സമാ​യില്ല

മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തി​നു ബധിരത എനിക്കു തടസ്സമാ​യില്ല

ഞാൻ സ്‌നാ​ന​പ്പെ​ട്ടത്‌ 1941-ലാണ്‌, എന്റെ 12-ാം വയസ്സിൽ. എന്നാൽ 1946-ലാണു ബൈബിൾസ​ത്യം എനിക്കു ശരിക്കും മനസ്സി​ലാ​യത്‌. എന്താണു സംഭവി​ച്ചത്‌? എന്റെ കഥ ഞാൻ പറയാം.

എന്റെ മാതാപിതാക്കൾ ജോർജിയയിലെ ടബിലീ​സി​യിൽനിന്ന്‌ കാനഡ​യി​ലേക്കു കുടി​യേറി. 1910-നും 1920-നും ഇടയ്‌ക്കാ​യി​രു​ന്നു അത്‌. അവർ പടിഞ്ഞാ​റൻ കാനഡ​യി​ലുള്ള സസ്‌കാ​ച്ചി​വ​നി​ലെ പെലി​യിൽ പുൽപ്പു​റങ്ങൾ നിറഞ്ഞ ഒരു ചെറിയ കൃഷി​യി​ട​ത്തിൽ താമസ​മാ​ക്കി. അവരുടെ ആറു മക്കളിൽ ഏറ്റവും ഇളയതാ​യി 1928-ൽ ഞാൻ ജനിച്ചു. ഞാൻ ജനിക്കു​ന്ന​തിന്‌ ആറു മാസം മുമ്പ്‌ പപ്പ മരിച്ചു. ഞാൻ കൈക്കു​ഞ്ഞാ​യി​രു​ന്ന​പ്പോൾ അമ്മയും. അധികം വൈകാ​തെ, 17-ാമത്തെ വയസ്സിൽ എന്റെ മൂത്ത ചേച്ചി ലൂസി​യും മരിച്ചു​പോ​യി. അതിനു ശേഷം ഞങ്ങളുടെ അമ്മയുടെ ആങ്ങളയായ നിക്ക്‌ അങ്കിളാണ്‌ എന്നെയും കൂടപ്പി​റ​പ്പു​ക​ളെ​യും നോക്കി​വ​ളർത്തി​യത്‌.

പിച്ച​വെച്ച്‌ നടക്കുന്ന കാലത്ത്‌ ഞാൻ ഒരിക്കൽ ഒരു കുതി​ര​യു​ടെ വാലിൽ പിടിച്ച്‌ വലിച്ചു. കുതിര എന്നെ തൊഴി​ക്കു​മെന്നു പേടിച്ച്‌ എന്റെ വീട്ടു​കാർ എന്നോടു വാലിൽനിന്ന്‌ പിടി വിടാൻ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. അവർ എന്റെ പുറകിൽനിന്ന്‌ എത്ര വിളി​ച്ചു​കൂ​വി​യി​ട്ടും എനിക്ക്‌ അതു കേൾക്കാൻ പറ്റുന്നു​ണ്ടാ​യി​രു​ന്നില്ല. അന്ന്‌ എനിക്ക്‌ അപകട​മൊ​ന്നും പറ്റിയില്ല. പക്ഷേ എനിക്കു കേൾവി​ശ​ക്തി​യി​ല്ലെന്ന സത്യം എന്റെ വീട്ടു​കാർക്കു മനസ്സി​ലാ​യി.

ബധിര​രാ​യ കുട്ടികൾ പഠിക്കുന്ന സ്‌കൂ​ളിൽ എന്നെ ചേർക്കാൻ ഞങ്ങളുടെ ഒരു കുടും​ബ​സു​ഹൃത്ത്‌ അഭി​പ്രാ​യ​പ്പെട്ടു. അതു​കൊണ്ട്‌ എന്റെ അങ്കിൾ എന്നെ സാസ്‌ക​റ്റൂ​ണി​ലെ ഒരു ബധിര​വി​ദ്യാ​ല​യ​ത്തിൽ ചേർത്തു. വീട്ടിൽനി​ന്നും ഒരുപാട്‌ അകലെ​യാ​യി​രു​ന്നു സ്‌കൂൾ. എനിക്ക്‌ അന്ന്‌ അഞ്ചു വയസ്സേ ഉള്ളൂ, ശരിക്കും പേടി തോന്നി. അവധി​ദി​വ​സ​ങ്ങ​ളി​ലും വേനല​വ​ധി​ക്കാ​ല​ത്തും മാത്രമേ വീട്ടിൽ പോകാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. പതു​ക്കെ​പ്പ​തു​ക്കെ ഞാൻ ആംഗ്യ​ഭാഷ പഠി​ച്ചെ​ടു​ത്തു; മറ്റു കുട്ടി​ക​ളു​മാ​യി ഇടപഴ​കാ​നും അവരു​ടെ​കൂ​ടെ കളിക്കാ​നും തുടങ്ങി.

ബൈബിൾസ​ത്യം പഠിക്കു​ന്നു

എന്റെ രണ്ടാമത്തെ ചേച്ചി മെറിയൻ 1939-ൽ ബിൽ ഡാനി​യേൽചു​ക്കി​നെ വിവാഹം കഴിച്ചു. അതിനു ശേഷം, അവർ രണ്ടു പേരു​മാ​ണു എന്നെയും എന്റെ ചേച്ചി ഫ്രാൻസ​സി​നെ​യും നോക്കി​യത്‌. എന്റെ കുടും​ബ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ആദ്യം സംസാ​രി​ച്ചത്‌ അവരാ​യി​രു​ന്നു. വേനല​വ​ധി​ക്കു ഞാൻ വീട്ടിൽ ചെല്ലു​മ്പോൾ, ബൈബിളിൽനിന്ന്‌ പഠിക്കുന്ന കാര്യങ്ങൾ അവർ അവരെ​ക്കൊ​ണ്ടാ​കുന്ന വിധത്തിൽ എന്നോടു പറയു​മാ​യി​രു​ന്നു. അവർക്ക്‌ ആംഗ്യ​ഭാഷ അറിയി​ല്ലാ​യി​രു​ന്ന​തു​കൊണ്ട്‌ അവർ പറയു​ന്നത്‌ എനിക്കു മുഴു​വ​നാ​യി മനസ്സി​ലാ​യി​രു​ന്നില്ല എന്നതാണു സത്യം. പക്ഷേ ആത്മീയ​കാ​ര്യ​ങ്ങ​ളോട്‌ എനിക്കു നല്ല താത്‌പ​ര്യ​മു​ണ്ടെന്ന്‌ അവർക്കു മനസ്സി​ലാ​യി. ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളാണ്‌ അവർ ചെയ്യു​ന്ന​തെന്നു ബോധ്യ​മാ​യ​പ്പോൾ ഞാൻ അവരു​ടെ​കൂ​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോയി. അധികം വൈകാ​തെ, 1941 സെപ്‌റ്റം​ബർ 5-നു ഞാൻ സ്‌നാ​ന​പ്പെട്ടു. കിണറ്റിൽനിന്ന്‌ വെള്ളം പമ്പു ചെയ്‌ത്‌ കയറ്റിയ, സ്റ്റീലു​കൊ​ണ്ടുള്ള ഒരു വലിയ പാത്ര​ത്തി​ലാ​ണു ബിൽ എന്നെ സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌. വെള്ളത്തി​നു ഭയങ്കര തണുപ്പാ​യി​രു​ന്നു!

1946-ൽ ഒഹാ​യോ​യി​ലെ ക്ലിവ്‌ലാൻഡിൽവെച്ച്‌ നടന്ന കൺ​വെൻ​ഷ​നിൽ ബധിര​രു​ടെ ഒരു കൂട്ട​ത്തോ​ടൊ​പ്പം

1946-ലെ വേനല​വ​ധി​ക്കു ഞാൻ വീട്ടിൽ വന്നപ്പോൾ, ഞങ്ങൾ ഒരുമിച്ച്‌ യു.എസ്‌.എ-യിലെ ഒഹാ​യോ​യി​ലുള്ള ക്ലിവ്‌ലാൻഡിൽവെച്ച്‌ നടന്ന കൺ​വെൻ​ഷനു പോയി. കൺ​വെൻ​ഷന്റെ ആദ്യദി​വസം, പരിപാ​ടി​ക​ളിൽ പറയുന്ന കാര്യങ്ങൾ ചേച്ചി​മാർ മാറി​മാ​റി എന്നെ എഴുതി​ക്കാ​ണി​ച്ചു. എന്നാൽ, ബധിര​രാ​യ​വ​രു​ടെ ഒരു കൂട്ടം അവി​ടെ​യു​ണ്ടെ​ന്നും അവർക്കു​വേണ്ടി ആംഗ്യ​ഭാ​ഷ​യിൽ പരിഭാ​ഷ​പ്പെ​ടു​ത്തുന്ന ഒരാളു​ണ്ടെ​ന്നും രണ്ടാമത്തെ ദിവസം എനിക്കു മനസ്സി​ലാ​യി. എനിക്കു വളരെ സന്തോഷം തോന്നി. അവരോ​ടൊ​പ്പം ഇരുന്ന്‌ ഞാൻ പരിപാ​ടി നന്നായി ആസ്വദി​ച്ചു; ബൈബിൾസ​ത്യം വ്യക്തമാ​യി മനസ്സി​ലാ​ക്കാ​നും അങ്ങനെ എനിക്കു കഴിഞ്ഞു.

ബൈബിൾസ​ത്യം പഠിപ്പി​ക്കു​ന്നു

രണ്ടാം ലോക​മ​ഹാ​യു​ദ്ധം കഴിഞ്ഞതേ ഉണ്ടായി​രു​ന്നു​ള്ളൂ. ദേശീ​യ​വി​കാ​രം ആളിപ്പ​ടർന്നു​കൊ​ണ്ടി​രുന്ന സമയം. വിശ്വാ​സ​ത്തി​നു​വേണ്ടി സ്‌കൂ​ളിൽ ഒരു ഉറച്ച നിലപാ​ടെ​ടു​ക്കു​മെന്ന ദൃഢനി​ശ്ച​യ​ത്തോ​ടെ​യാ​ണു ഞാൻ കൺ​വെൻ​ഷൻ സ്ഥലത്തു​നിന്ന്‌ മടങ്ങി​യത്‌. പതാക​വ​ന്ദ​ന​ത്തി​ലും ദേശീ​യ​ഗാ​ന​ത്തി​ലും പങ്കെടു​ക്കു​ന്നതു ഞാൻ നിറുത്തി. അതു​പോ​ലെ, വിശേ​ഷ​ദി​വ​സ​ങ്ങ​ളി​ലെ ആഘോ​ഷ​ങ്ങ​ളിൽനി​ന്നും നിർബ​ന്ധ​മാ​യി പങ്കെടു​ക്കേ​ണ്ടി​യി​രുന്ന പള്ളിപ്പ​രി​പാ​ടി​ക​ളിൽനി​ന്നും ഞാൻ മാറി​നി​ന്നു. ഇതു സ്‌കൂൾ അധികാ​രി​കൾക്ക്‌ ഒട്ടും ഇഷ്ടപ്പെ​ട്ടില്ല. ഭീഷണി​പ്പെ​ടു​ത്തി​യും നുണകൾ പറഞ്ഞും ഒക്കെ എന്റെ മനസ്സു മാറ്റാൻ അവർ ശ്രമിച്ചു. സ്‌കൂ​ളി​ലെ മറ്റു കുട്ടികൾ ഇതെല്ലാം ശ്രദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എന്റെ നിലപാട്‌ അവർക്കി​ട​യിൽ ഒരു ചർച്ചാ​വി​ഷ​യ​മാ​യി. അതു​കൊ​ണ്ടു​തന്നെ സാക്ഷ്യം കൊടു​ക്കാ​നുള്ള ധാരാളം അവസരങ്ങൾ എനിക്കു കിട്ടി. ഒടുവിൽ സഹപാ​ഠി​ക​ളായ ലാറി ആൻ​ഡ്രേ​സോഫ്‌, നോർമൻ ഡിട്രിക്‌, എമിൽ ഷ്‌​നൈഡർ എന്നിവർ സത്യം പഠിച്ചു. ഇന്നും അവർ വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവി​ക്കു​ന്നു.

മറ്റു നഗരങ്ങൾ സന്ദർശി​ക്കു​മ്പോൾ, ബധിര​രാ​യ​വ​രോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ഞാൻ എപ്പോ​ഴും ശ്രമി​ക്കു​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, മോൺട്രി​യ​ലിൽ ബധിരർക്കു​വേ​ണ്ടി​യുള്ള ഒരു ക്ലബിൽവെച്ച്‌ ഞാൻ ഒരു ഗുണ്ടാസംഘത്തിലെ അംഗമായിരുന്ന എഡീ റ്റെയ്‌ഗർ എന്ന യുവാ​വി​നോ​ടു സാക്ഷീ​ക​രി​ച്ചു. കഴിഞ്ഞ വർഷം മരിക്കു​ന്ന​തു​വരെ അദ്ദേഹം ക്യു​ബെ​ക്കി​ലെ ലവാലി​ലുള്ള ഒരു ആംഗ്യ​ഭാ​ഷാ​സ​ഭ​യിൽ സേവി​ക്കു​ക​യാ​യി​രു​ന്നു. ക്വാൻ ആർഡെ​നാസ്‌ എന്ന യുവാ​വി​നോ​ടും ഞാൻ സത്യം പങ്കു​വെച്ചു. ബൈബിൾസ​ന്ദേ​ശ​ത്തി​ന്റെ സത്യത മനസ്സി​ലാ​ക്കാൻ ഗവേഷണം ചെയ്‌ത്‌ പഠിച്ച ബരോവക്കാരെപ്പോലെയായിരുന്നു അദ്ദേഹം. (പ്രവൃ. 17:10, 11) അദ്ദേഹ​വും സത്യത്തിൽ വന്നു; മരിക്കു​ന്ന​തു​വരെ ഒണ്ടേറി​യോ​യി​ലെ ഓട്ടവ​യിൽ ഒരു മൂപ്പനാ​യി സേവി​ക്കു​ക​യും ചെയ്‌തു.

തെരുവ്‌ സാക്ഷീ​ക​രണം, 1950-കളുടെ തുടക്ക​ത്തിൽ

1950-ൽ ഞാൻ വാൻകൂ​വ​റി​ലേക്കു മാറി​ത്താ​മ​സി​ച്ചു. ബധിര​രോ​ടു പ്രസം​ഗി​ക്കു​ന്നത്‌ എനിക്കു വലിയ ഇഷ്ടമാ​യി​രു​ന്നെ​ങ്കി​ലും, കേൾവി​ശ​ക്തി​യുള്ള ഒരു സ്‌ത്രീ​യോ​ടു സംസാ​രിച്ച ഒരു അനുഭവം എനിക്കു മറക്കാ​നാ​കില്ല. ക്രിസ്‌ സ്‌​പൈസർ എന്ന ആ സ്‌ത്രീ​യോ​ടു ഞാൻ വഴിയിൽവെ​ച്ചാ​ണു സംസാ​രി​ച്ചത്‌. ക്രിസ്‌ നമ്മുടെ മാസി​ക​യു​ടെ വരിസം​ഖ്യ സ്വീക​രി​ച്ചു. ഭർത്താ​വായ ഗാരിയെ വന്ന്‌ കാണാ​മോ എന്നു ചോദി​ക്കു​ക​യും ചെയ്‌തു. ഞാൻ അവരുടെ വീട്ടിൽ പോയി. പരസ്‌പരം എഴുതി​ക്കാ​ണിച്ച്‌ ഞങ്ങൾ കുറെ നേരം ബൈബിൾവി​ഷ​യങ്ങൾ ചർച്ച ചെയ്‌തു. പക്ഷേ അവരു​മാ​യി പിന്നീട്‌ എനിക്കു ബന്ധപ്പെ​ടാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കു ശേഷം ഒണ്ടേറി​യോ​യി​ലെ ടൊ​റൊ​ന്റോ​യിൽ നടന്ന ഒരു കൺ​വെൻ​ഷ​നിൽവെച്ച്‌ അവർ എന്റെ അടുത്ത്‌ വന്നപ്പോൾ ഞാൻ ശരിക്കും അത്ഭുത​പ്പെ​ട്ടു​പോ​യി! ഗാരി അന്നു സ്‌നാ​ന​പ്പെ​ടാൻപോ​കു​ക​യാ​യി​രു​ന്നു. ആ അനുഭവം എന്നെ വളരെ പ്രധാ​ന​പ്പെട്ട ഒരു സത്യം ഓർമി​പ്പി​ച്ചു: ബൈബിൾസ​ത്യം എപ്പോൾ, എങ്ങനെ​യാണ്‌ ഒരു വ്യക്തി​യിൽ നാമ്പെ​ടു​ക്കു​ന്ന​തെന്നു നമുക്ക്‌ അറിയില്ല. അതു​കൊണ്ട്‌ നമ്മൾ എപ്പോ​ഴും പ്രസം​ഗി​ക്കണം.

പിന്നീട്‌ ഞാൻ സാസ്‌ക​റ്റൂ​ണി​ലേക്കു താമസം മാറി. അവിടെ ഞാൻ ഒരു സ്‌ത്രീ​യെ കണ്ടുമു​ട്ടി. അവരുടെ ബധിര​രായ രണ്ടു പെൺമ​ക്കളെ, ഇരട്ടക​ളായ ജെൻ റോതൻബെർഗ​റെ​യും ജോൻ റോതൻബെർഗ​റെ​യും, ബൈബിൾ പഠിപ്പി​ക്കാ​മോ എന്ന്‌ ആ സ്‌ത്രീ എന്നോടു ചോദി​ച്ചു. ഞാൻ മുമ്പ്‌ പഠിച്ചി​രുന്ന ബധിര​വി​ദ്യാ​ല​യ​ത്തി​ലെ വിദ്യാർഥി​ക​ളാ​യി​രു​ന്നു അവർ. ബൈബി​ളിൽനിന്ന്‌ പഠിക്കുന്ന കാര്യങ്ങൾ ആ പെൺകു​ട്ടി​കൾ സഹപാ​ഠി​ക​ളു​മാ​യി പങ്കു​വെ​ക്കാൻ തുടങ്ങി. താമസി​യാ​തെ അവരുടെ ക്ലാസിലെ അഞ്ചു പേർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി. അവരിൽ ഒരാളാ​യി​രു​ന്നു യൂനിസ്‌ കോളിൻ. സ്‌കൂ​ളി​ലെ എന്റെ അവസാ​ന​വർഷം ഞാൻ യൂനി​സി​നെ പരിച​യ​പ്പെ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു. അന്ന്‌ അവൾ എനിക്ക്‌ ഒരു മിഠായി തന്നിട്ട്‌ എന്റെ സുഹൃ​ത്താ​കാൻ ആഗ്രഹ​മു​ണ്ടെന്നു പറഞ്ഞു. ഞാൻ അറിഞ്ഞി​രു​ന്നില്ല, വർഷങ്ങൾക്കു ശേഷം യൂനിസ്‌ എന്റെ ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട ഒരാളാ​കു​മെന്ന്‌—എന്റെ ഭാര്യ​യാ​കു​മെന്ന്‌!

യൂനിസിനോടൊപ്പം, 1960-ലും 1989-ലും

യൂനിസ്‌ ബൈബിൾ പഠിക്കുന്ന കാര്യം അവളുടെ അമ്മ അറിഞ്ഞു. അമ്മയുടെ ആവശ്യ​പ്ര​കാ​രം, അവളുടെ സ്‌കൂൾ പ്രിൻസി​പ്പൽ പലതും പറഞ്ഞ്‌ അവളെ പിന്തി​രി​പ്പി​ക്കാൻ ശ്രമിച്ചു. അദ്ദേഹം യൂനി​സി​ന്റെ കൈയി​ലുള്ള ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങൾപോ​ലും എടുത്തു​കൊ​ണ്ടു​പോ​യി. എന്നാൽ യഹോ​വയെ സേവി​ക്കാൻത​ന്നെ​യാ​യി​രു​ന്നു യൂനി​സി​ന്റെ തീരു​മാ​നം. സ്‌നാ​ന​മേൽക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ മാതാ​പി​താ​ക്കൾ യൂനി​സി​നോ​ടു പറഞ്ഞു: “യഹോ​വ​യു​ടെ സാക്ഷി​യാ​യി​ക്കോ, പക്ഷേ പിന്നെ നിന്നെ ഈ വീട്ടിൽ കാണരുത്‌!” അങ്ങനെ, 17-ാമത്തെ വയസ്സിൽ യൂനിസ്‌ വീടു വിട്ടി​റങ്ങി. അടുത്തുള്ള ഒരു സഹോ​ദ​ര​കു​ടും​ബം യൂനി​സി​നെ അവരുടെ വീട്ടി​ലേക്കു കൊണ്ടു​പോ​യി. യൂനിസ്‌ പഠനം തുടരു​ക​യും പിന്നീടു സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്‌തു. 1960-ൽ ഞങ്ങൾ വിവാ​ഹി​ത​രാ​യി. ഞങ്ങളുടെ വിവാ​ഹ​ത്തി​നു യൂനി​സി​ന്റെ മാതാ​പി​താ​ക്കൾ വന്നില്ല. എന്നാൽ വർഷങ്ങൾ കടന്നു​പോ​യ​പ്പോൾ, ഞങ്ങൾ കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വന്ന വിധ​ത്തെ​ക്കു​റി​ച്ചും നമ്മുടെ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചും അവർക്കു മതിപ്പു തോന്നി​ത്തു​ടങ്ങി.

യഹോവ എന്നെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു

മകൻ നിക്കോ​ളാ​സും ഭാര്യ ഡബൊ​റ​യും ലണ്ടൻ ബഥേലിൽ സേവി​ക്കു​ന്നു

ഞങ്ങൾക്കു കേൾവി​ശ​ക്തി​യുള്ള ഏഴ്‌ ആൺമക്കൾ ഉണ്ടായി. ഞങ്ങൾ ബധിര​രാ​യി​രു​ന്ന​തു​കൊണ്ട്‌ അവരെ വളർത്തു​ന്നത്‌ ഒരു വെല്ലു​വി​ളി​യാ​യി​രു​ന്നു. അവരു​മാ​യി ആശയവി​നി​മയം ചെയ്യാ​നും അവരെ സത്യം പഠിപ്പി​ക്കാ​നും വേണ്ടി ആദ്യം ഞങ്ങൾ അവരെ ആംഗ്യ​ഭാഷ പഠിപ്പി​ച്ചു. സഭയിലെ സഹോ​ദ​ര​ങ്ങ​ളും ഞങ്ങളെ സഹായി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ഞങ്ങളുടെ ഒരു മകൻ രാജ്യ​ഹാ​ളിൽവെച്ച്‌ മോശ​മായ വാക്കുകൾ പറഞ്ഞു​കൊ​ണ്ടി​രു​ന്ന​പ്പോൾ സഭയിലെ ഒരാൾ അക്കാര്യം ഞങ്ങളെ എഴുതി​ക്കാ​ണി​ച്ചു. അപ്പോൾത്തന്നെ ഞങ്ങൾ അതു കൈകാ​ര്യം ചെയ്‌തു. ഞങ്ങളുടെ നാലു മക്കളായ ജയിംസ്‌, ജെറി, നിക്കോ​ളാസ്‌, സ്റ്റീവൻ എന്നിവർ അവരുടെ ഭാര്യ​മാ​രോ​ടും കുടും​ബ​ത്തോ​ടും ഒപ്പം യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നു. നാലു പേരും മൂപ്പന്മാ​രാണ്‌. നിക്കോ​ളാ​സും ഭാര്യ ഡബൊ​റ​യും ബ്രിട്ടൻ ബ്രാഞ്ചി​നു കീഴിലെ ആംഗ്യ​ഭാ​ഷാ പരിഭാ​ഷാ​സം​ഘ​ത്തോ​ടൊത്ത്‌ സേവി​ക്കു​ന്നു. സ്റ്റീവനും ഭാര്യ ഷാനനും ഐക്യ​നാ​ടു​ക​ളി​ലെ ബ്രാഞ്ചി​ലുള്ള ആംഗ്യ​ഭാ​ഷാ പരിഭാ​ഷാ​സം​ഘ​ത്തി​ലാ​ണു പ്രവർത്തി​ക്കു​ന്നത്‌.

മക്കളായ ജയിംസ്‌, ജെറി, സ്റ്റീവൻ എന്നിവർ അവരുടെ ഭാര്യ​മാ​രോ​ടൊ​പ്പം ആംഗ്യ​ഭാ​ഷ​യി​ലെ പ്രസം​ഗ​പ്ര​വർത്ത​നത്തെ പല വിധത്തിൽ പിന്തു​ണ​യ്‌ക്കു​ന്നു

ഞങ്ങളുടെ 40-ാമത്തെ വിവാ​ഹ​വാർഷി​ക​ത്തിന്‌ ഒരു മാസം മുമ്പ്‌ യൂനിസ്‌ ക്യാൻസ​റി​നു കീഴടങ്ങി. രോഗി​യാ​യി​രുന്ന കാലത്ത്‌ ഒരിക്ക​ലും യൂനിസ്‌ ധൈര്യം കൈവി​ട്ടില്ല. പുനരു​ത്ഥാ​ന​ത്തി​ലുള്ള വിശ്വാ​സ​മാ​ണു സഹിച്ചു​നിൽക്കാൻ യൂനി​സി​നെ സഹായി​ച്ചത്‌. യൂനി​സി​നെ വീണ്ടും കാണുന്ന ആ ദിവസ​ത്തി​നാ​യി ഞാൻ നോക്കി​യി​രി​ക്കു​ക​യാണ്‌.

ഫേയും ജയിം​സും, ജെറിയും ഈവ്‌ലി​നും, ഷാനനും സ്റ്റീവനും

2012 ഫെബ്രു​വ​രി​യിൽ ഞാനൊ​ന്നു വീണ്‌ എന്റെ ഇടു​പ്പെല്ല്‌ ഒടിഞ്ഞു. പരസഹാ​യം ആവശ്യ​മാ​യി​വ​ന്ന​തു​കൊണ്ട്‌ ഞാൻ എന്റെ​യൊ​രു മകന്റെ വീട്ടി​ലേക്കു താമസം മാറി. മകനോ​ടും കുടും​ബ​ത്തോ​ടും ഒപ്പം ഇപ്പോൾ ഞാൻ കാൽഗ​റി​യി​ലെ ആംഗ്യ​ഭാ​ഷാ​സ​ഭ​യോ​ടൊത്ത്‌ സേവി​ക്കു​ക​യാണ്‌. ഞാൻ ഒരു മൂപ്പനാ​യി ഇപ്പോ​ഴും തുടരു​ന്നു. വാസ്‌ത​വ​ത്തിൽ, ആദ്യമാ​യി​ട്ടാ​ണു ഞാൻ ഒരു ആംഗ്യ​ഭാ​ഷാ​സ​ഭ​യു​ടെ​കൂ​ടെ പ്രവർത്തി​ക്കു​ന്നത്‌. ഒന്ന്‌ ഓർത്തു​നോ​ക്കൂ: 1946 മുതൽ ഞാൻ ഇംഗ്ലീഷ്‌ സഭയോ​ടൊ​ത്താ​ണു സേവി​ച്ചത്‌! ആത്മീയ​മാ​യി ശക്തനായി നിൽക്കാൻ എനിക്ക്‌ എങ്ങനെ കഴി​ഞ്ഞെന്ന്‌ അറിയാ​മോ? അനാഥരെ പരിപാ​ലി​ക്കു​മെന്ന വാഗ്‌ദാ​നം യഹോവ ഇന്നോളം പാലി​ച്ചി​രി​ക്കു​ന്നു. (സങ്കീ. 10:14) കുറി​പ്പു​കൾ എഴുതി​ക്കാ​ണി​ക്കു​ക​യും, ആംഗ്യ​ഭാഷ പഠിക്കു​ക​യും, മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ തങ്ങളെ​ക്കൊ​ണ്ടാ​കുന്ന വിധത്തിൽ എനിക്ക്‌ ആംഗ്യ​ഭാ​ഷ​യിൽ വിശദീ​ക​രി​ച്ചു​ത​രു​ക​യും ചെയ്‌ത എല്ലാവ​രോ​ടും എനിക്ക്‌ അങ്ങേയറ്റം നന്ദിയുണ്ട്‌.

79-ാം വയസ്സിൽ അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യി​ലുള്ള മുൻനി​ര​സേ​വ​ന​സ്‌കൂ​ളിൽ പങ്കെടു​ക്കു​ന്നു

സത്യം പറഞ്ഞാൽ, മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ മനസ്സി​ലാ​കാ​ത്ത​പ്പോ​ഴും ബധിര​രു​ടെ ആവശ്യങ്ങൾ മനസ്സി​ലാ​ക്കു​ന്നി​ല്ലെന്നു തോന്നു​മ്പോ​ഴും ഒക്കെ എനിക്കു ചില​പ്പോൾ അസ്വസ്ഥത തോന്നി​യി​ട്ടുണ്ട്‌. ദൈവ​സേ​വനം നിറു​ത്തി​യാ​ലോ എന്നും ചിന്തി​ച്ചി​ട്ടുണ്ട്‌. ആ സമയത്ത്‌ യേശു​വി​നോ​ടു പത്രോസ്‌ പറഞ്ഞ ഈ വാക്കു​ക​ളെ​ക്കു​റിച്ച്‌ ഞാൻ ചിന്തി​ക്കും: “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടു​ത്തേക്കു പോകാ​നാണ്‌? നിത്യ​ജീ​വന്റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്‌!” (യോഹ. 6:66-68) എന്റെ തലമു​റ​യിൽപ്പെട്ട പല ബധിര​സ​ഹോ​ദ​ര​ങ്ങ​ളെ​യും​പോ​ലെ ഞാനും ക്ഷമ കാണി​ക്കാൻ പഠിച്ചു. യഹോ​വ​യ്‌ക്കും സംഘട​ന​യ്‌ക്കും വേണ്ടി കാത്തി​രി​ക്കാ​നും പഠിച്ചത്‌ എനിക്കു ശരിക്കും പ്രയോ​ജനം ചെയ്‌തു. ഇപ്പോൾ എന്റെ സ്വന്തം ഭാഷയിൽ ആത്മീയാ​ഹാ​ര​ത്തി​ന്റെ വലി​യൊ​രു കലവറ​ത​ന്നെ​യുണ്ട്‌. അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യിൽ നടക്കുന്ന മീറ്റി​ങ്ങു​ക​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്നതു ഞാൻ ആസ്വദി​ക്കു​ന്നു. നമ്മുടെ മഹാ​ദൈ​വ​മായ യഹോ​വയെ സേവി​ച്ചത്‌ എന്റെ ജീവിതം ധന്യമാ​ക്കി.