ലളിതമായി ജീവിക്കുന്നതിന്റെ സന്തോഷം
ഡാനിയേലും മിര്യവും 2000 സെപ്റ്റംബറിൽ വിവാഹിതരായി. വിവാഹശേഷം അവർ സ്പെയിനിലെ ബാർസിലോനയിൽ താമസമാക്കി. ഡാനിയേൽ പറയുന്നു: “വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത ഒരു നല്ല ജീവിതമായിരുന്നു ഞങ്ങളുടേത്. രണ്ടു പേർക്കും ഉയർന്ന ശമ്പളമുള്ള ജോലിയുണ്ടായിരുന്നു. നല്ലനല്ല ഹോട്ടലുകളിൽനിന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു, വിദേശരാജ്യങ്ങൾ സന്ദർശിച്ചു. വിലകൂടിയ വസ്ത്രങ്ങളാണു ഞങ്ങൾ ഉപയോഗിച്ചിരുന്നത്. അതേസമയം വയൽസേവനത്തിൽ ക്രമമായി പങ്കെടുക്കുകയും ചെയ്തു.” പക്ഷേ അവരുടെ ജീവിതത്തിൽ ഒരു വലിയ മാറ്റമുണ്ടായി.
2006-ലെ കൺവെൻഷനിൽ കേട്ട ഒരു പ്രസംഗമാണു ഡാനിയേലിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ആ പ്രസംഗത്തിൽ എല്ലാവരോടുമായി ഇങ്ങനെ ഒരു ചോദ്യമുണ്ടായിരുന്നു: “‘വിറയലോടെ കൊലക്കളത്തിലേക്കു പോകുന്നവരെ’ നിത്യജീവന്റെ വഴിയിലേക്കു നയിക്കാൻ നമ്മളെക്കൊണ്ട് കഴിയുന്നതെല്ലാം നമ്മൾ ചെയ്യുന്നുണ്ടോ?” (സുഭാ. 24:11) ബൈബിളിന്റെ ജീവരക്ഷാകരമായ സന്ദേശം എല്ലാവരെയും അറിയിക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് പ്രസംഗകൻ ഊന്നിപ്പറഞ്ഞു. (പ്രവൃ. 20:26, 27) ഡാനിയേൽ ഓർക്കുന്നു: “യഹോവ എന്നോടു സംസാരിക്കുന്നതുപോലെയാണ് എനിക്കു തോന്നിയത്.” ശുശ്രൂഷയിൽ കൂടുതൽ ചെയ്യുന്നതു നമ്മുടെ സന്തോഷം വർധിപ്പിക്കുമെന്നും പ്രസംഗകൻ പറഞ്ഞു. അതു സത്യമാണെന്നു ഡാനിയേലിന് അറിയാമായിരുന്നു. കാരണം ആ സമയത്ത് മുൻനിരസേവനം ചെയ്യുകയായിരുന്ന മിര്യം അതിന്റെ സന്തോഷം ആസ്വദിക്കുന്നതു ഡാനിയേൽ കണ്ടറിഞ്ഞിരുന്നു.
ഡാനിയേൽ പറയുന്നു: “ജീവിതത്തിൽ വലിയൊരു മാറ്റം വരുത്തേണ്ട സമയമായെന്ന് എനിക്കു മനസ്സിലായി.” ഡാനിയേൽ മാറ്റം വരുത്തുകതന്നെ ചെയ്തു. അദ്ദേഹം ജോലിസമയം കുറച്ചിട്ട് മുൻനിരസേവനം ആരംഭിച്ചു. മിര്യമിനെയും കൂട്ടി രാജ്യപ്രചാരകരുടെ ആവശ്യം കൂടുതലുള്ള പ്രദേശത്ത് പോയി സേവിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു.
ചില വെല്ലുവിളികൾ—പിന്നെ കോരിത്തരിപ്പിക്കുന്ന വാർത്ത
2007 മെയ്യിൽ ഡാനിയേലും മിര്യവും അവരുടെ ജോലി ഉപേക്ഷിച്ച് പാനമയിലേക്കു പോയി. അവർ മുമ്പ് സന്ദർശിച്ചിട്ടുള്ള ഒരു രാജ്യമായിരുന്നു അത്. കരീബിയൻ കടലിലെ ബോക്കാസ് ദെൽ തോറോ ദ്വീപസമൂഹത്തിലെ അനേകം ദ്വീപുകൾ ഉൾപ്പെടുന്ന ഒരു പ്രദേശത്താണ് അവർ പ്രവർത്തിച്ചത്. ആദിവാസികളായ എൻഗബെ സമൂഹത്തിൽപ്പെട്ടവരായിരുന്നു അവിടെ കൂടുതലും. കൈയിലുള്ള പണംകൊണ്ട് ഏകദേശം എട്ടു മാസം പാനമയിൽ കഴിയാമെന്നു ഡാനിയേലും മിര്യവും ചിന്തിച്ചു.
അവരുടെ യാത്ര മുഴുവനും ബോട്ടിലും സൈക്കിളിലും ആയിരുന്നു. ആദ്യത്തെ സൈക്കിൾയാത്ര അവർക്കു മറക്കാനാകില്ല. ചുട്ടുപൊള്ളുന്ന വെയിലത്ത് ചെങ്കുത്തായ കുന്നുകളിലൂടെ ഏകദേശം 32 കിലോമീറ്ററാണ് അവർ സൈക്കിൾ ചവിട്ടിയത്! തളർന്ന് ബോധംകെട്ടുവീഴുമെന്നു ഡാനിയേലിനു തോന്നി. എന്നാൽ അവർ കയറിയ വീടുകളിലെ എൻഗബെ കുടുംബങ്ങൾ അവരെ സന്തോഷത്തോടെ സ്വീകരിച്ചു. അവരുടെ ഭാഷയിൽ ചില കാര്യങ്ങൾ പറയാൻ പഠിച്ചുകഴിഞ്ഞപ്പോൾ അവർ കൂടുതൽ നന്നായി പ്രതികരിച്ചു. അധികം വൈകാതെ അവർക്ക് 23 ബൈബിൾപഠനങ്ങൾ തുടങ്ങാനായി.
എന്നാൽ കൈയിലുണ്ടായിരുന്ന പണം തീർന്നപ്പോൾ സന്തോഷം പതിയെ ദുഃഖത്തിനു വഴിമാറി. ആ കാലത്തെക്കുറിച്ച് ഡാനിയേൽ പറയുന്നു: “സ്പെയിനിലേക്കു മടങ്ങേണ്ടിവരുമല്ലോ എന്ന് ഓർത്തപ്പോൾ ഞങ്ങൾക്ക് ഒരുപാടു വിഷമം തോന്നി. ഞങ്ങളുടെ ബൈബിൾവിദ്യാർഥികളെയൊക്കെ ഉപേക്ഷിച്ച് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു.” എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ ആവേശകരമായ ഒരു വാർത്ത അവരെ തേടിയെത്തി. മിര്യം പറയുന്നു: “ഞങ്ങൾക്കു പ്രത്യേക മുൻനിരസേവകരായി നിയമനം കിട്ടി. ആ പ്രദേശത്തുതന്നെ തുടരാൻ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് എത്ര സന്തോഷമായെന്നോ!”
ഏറ്റവും വലിയ സന്തോഷം
2015-ൽ സംഘടനാപരമായ ചില മാറ്റങ്ങളുടെ ഭാഗമായി ഡാനിയേലിനോടും മിര്യമിനോടും സാധാരണ മുൻനിരസേവകരായി സേവിക്കാൻ ആവശ്യപ്പെട്ടു. അവർ എന്തു ചെയ്തു? അവർ സങ്കീർത്തനം 37:5-ലെ ഈ വാഗ്ദാനത്തിൽ ആശ്രയിച്ചു: “നിന്റെ വഴികൾ യഹോവയെ ഏൽപ്പിക്കൂ; ദൈവത്തിൽ ആശ്രയിക്കൂ! ദൈവം നിനക്കുവേണ്ടി പ്രവർത്തിക്കും.” മുൻനിരസേവകരായി തുടരാൻ സഹായിക്കുന്ന ഒരു ജോലി അവർ കണ്ടുപിടിച്ചു. ഇപ്പോൾ അവർ പാനമയിലെ വെറാഗുവാസിലുള്ള ഒരു സഭയിൽ സേവിക്കുന്നു.
ഡാനിയേൽ പറയുന്നു: “സ്പെയിനിൽനിന്ന് പോരുമ്പോൾ, ലളിതമായി ജീവിക്കാൻ കഴിയുമോ എന്നു ഞങ്ങൾക്കു സംശയമായിരുന്നു. എന്നാൽ ഞങ്ങൾ ഇന്ന് അങ്ങനെയാണു ജീവിക്കുന്നത്. ഞങ്ങൾക്ക് യഥാർഥത്തിൽ ആവശ്യമുള്ള കാര്യങ്ങൾക്കൊന്നും ഒരു കുറവും വന്നിട്ടില്ല.” അവർ ഏറ്റവും അധികം സന്തോഷം കണ്ടെത്തിയത് എന്തിലാണ്? “യഹോവയെക്കുറിച്ച് പഠിക്കാൻ താഴ്മയുള്ള ആളുകളെ സഹായിക്കുന്നതിന്റെ സന്തോഷം—അതു വാക്കുകൾകൊണ്ട് വർണിക്കാനാകില്ല!”