ആത്മാർപ്പണത്തിന്റെ മാതൃകകൾ—മഡഗാസ്കർ
“മുൻനിരസേവകരുടെ ആവശ്യം കൂടുതലുള്ള പ്രദേശങ്ങളിൽ പോയി പ്രവർത്തിച്ച ചില കൂട്ടുകാർ എനിക്കുണ്ടായിരുന്നു. അവരുടെ അനുഭവങ്ങളെക്കുറിച്ച് കേട്ടപ്പോൾ ആ സന്തോഷം എനിക്കും രുചിച്ചറിയണമെന്നു തോന്നി. പക്ഷേ ആവശ്യം അധികമുള്ള ഒരു പ്രദേശത്ത് പോയി പ്രവർത്തിക്കുന്നത് എന്റെ കഴിവുകൾക്ക് അപ്പുറമാണെന്നു ഞാൻ വിചാരിച്ചു.” 25-നോടടുത്ത് പ്രായമുള്ള മുൻനിരസേവികയായ സിൽവിയാന്റെ വാക്കുകളാണ് ഇത്.
സിൽവിയാനെപ്പോലെ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? രാജ്യപ്രചാരകരുടെ ആവശ്യം കൂടുതലുള്ള ഒരു സ്ഥലത്തേക്കു മാറാൻ ആഗ്രഹമുണ്ടെങ്കിലും ആ ലക്ഷ്യത്തിലെത്താൻ കഴിയുമോ എന്ന ഒരു സംശയം. അങ്ങനെയെങ്കിൽ വിഷമിക്കേണ്ടാ. യഹോവയുടെ സഹായത്താൽ ആയിരക്കണക്കിനു സഹോദരങ്ങൾ ശുശ്രൂഷ വികസിപ്പിക്കുന്നതിനു തടസ്സമായി നിന്ന കാര്യങ്ങളെ മറികടന്നിരിക്കുന്നു. നമുക്കു ലോകത്തിലെ നാലാമത്തെ വലിയ ദ്വീപായ മഡഗാസ്കറിലേക്കു പോയി, യഹോവ എങ്ങനെയാണു ചിലർക്കു വഴി തുറന്നുകൊടുത്തിരിക്കുന്നതെന്നു കാണാം.
മഡഗാസ്കറിലുള്ള ആളുകളിൽ മിക്കവരും ബൈബിളിനോട് ആദരവുള്ളവരാണ്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പതിനൊന്നു രാജ്യങ്ങളിൽനിന്നായി a 70-ലധികം തീക്ഷ്ണതയുള്ള പ്രചാരകരും മുൻനിരസേവകരും ആണ് ആഫ്രിക്കയിലെ ഈ ‘ഫലഭൂയിഷ്ഠമായ’ പ്രദേശത്ത് സേവിക്കാൻ വന്നിരിക്കുന്നത്. കൂടാതെ, ആ നാട്ടുകാരായ ധാരാളം പ്രചാരകരും രാജ്യസന്ദേശം പ്രചരിപ്പിക്കുന്നതിന് ഈ വിസ്തൃതമായ ദ്വീപുരാഷ്ട്രത്തിന്റെ വ്യത്യസ്തസ്ഥലങ്ങളിലേക്കു മാറിത്താമസിക്കാനായി മനസ്സോടെ മുന്നോട്ടു വന്നിട്ടുണ്ട്. അവരിൽ ചിലരെ നമുക്കു പരിചയപ്പെടാം.
ഭയവും നിരുത്സാഹവും മറികടക്കുന്നു
30-കളിലുള്ള ലൂയിസും പെരിനും ഫ്രാൻസിൽനിന്നുള്ളവരാണ്. വർഷങ്ങളായി മറ്റൊരു രാജ്യത്ത് പോയി സേവിക്കുന്നതിനെക്കുറിച്ച് അവർ ചിന്തിച്ചുവരുകയായിരുന്നു. പക്ഷേ, പെരിൻ ഒന്നു മടിച്ചുനിന്നു. പെരിൻ പറയുന്നു: “പരിചയമില്ലാത്ത ഒരു സ്ഥലത്തേക്കു പോകാൻ എനിക്കു ബുദ്ധിമുട്ടു തോന്നി. നാടും വീടും സഭയും കുടുംബവും എല്ലാം ഉപേക്ഷിച്ച് പോകുന്നതിനെക്കുറിച്ചായിരുന്നു എന്റെ ഉത്കണ്ഠ. ഞങ്ങളുടെ ജീവിതശൈലിക്കും മാറ്റം വരുത്തണമായിരുന്നു. സത്യം പറയട്ടെ, ഈ ഉത്കണ്ഠകളായിരുന്നു ഏറ്റവും വലിയ തടസ്സം.” പക്ഷേ, പിന്നീടു പെരിൻ ധൈര്യം സംഭരിച്ചു. 2012-ൽ ലൂയിസും പെരിനും മഡഗാസ്കറിലേക്കു പോയി. അവരെടുത്ത തീരുമാനത്തെക്കുറിച്ച് പെരിൻ എന്തു പറയുന്നു? “പിന്തിരിഞ്ഞുനോക്കുമ്പോൾ, ഞങ്ങളുടെ ജീവിതത്തിൽ യഹോവയുടെ കൈ പ്രവർത്തിച്ചതു ഞങ്ങൾക്കു കാണാൻ കഴിയുന്നുണ്ട്. അതു ഞങ്ങളുടെ വിശ്വാസം ശക്തമാക്കി!” ലൂയിസ് കൂട്ടിച്ചേർക്കുന്നു: “മഡഗാസ്കറിലെ ഞങ്ങളുടെ ആദ്യത്തെ സ്മാരകത്തിനു ഞങ്ങളുടെ പത്തു ബൈബിൾവിദ്യാർഥികളാണു വന്നത്!”
ഫിലി. 4:13) ലൂയിസ് പറയുന്നു: “യഹോവ ഞങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നതും ‘ദൈവസമാധാനം’ പകരുന്നതും ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ഞങ്ങളുടെ സേവനത്തിൽനിന്ന് ലഭിക്കുന്ന സന്തോഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. സേവനം നിറുത്താതെ മുന്നോട്ടുപോകാൻ ഞങ്ങളെ ധൈര്യപ്പെടുത്തിക്കൊണ്ട് നാട്ടിൽനിന്ന് ഞങ്ങളുടെ കൂട്ടുകാർ ഇ-മെയിലുകളും കത്തുകളും അയച്ചു.”—ഫിലി. 4:6, 7; 2 കൊരി. 4:7.
പ്രതിസന്ധികൾ നേരിട്ടപ്പോൾ നിയമനത്തിൽ ഉറച്ചുനിൽക്കാൻ ഈ ദമ്പതികളെ സഹായിച്ചത് എന്താണ്? പിടിച്ചുനിൽക്കുന്നതിന് ആവശ്യമായ ശക്തിക്കുവേണ്ടി അവർ യഹോവയോടു മുട്ടിപ്പായി അപേക്ഷിച്ചു. (ലൂയിസും പെരിനും പിടിച്ചുനിന്നതുകൊണ്ട് യഹോവ അവരെ സമൃദ്ധമായി അനുഗ്രഹിച്ചു. ലൂയിസ് പറയുന്നു: “2014 ഒക്ടോബറിൽ ഫ്രാൻസിൽവെച്ച് നടന്ന ക്രിസ്തീയദമ്പതികൾക്കുള്ള ബൈബിൾസ്കൂളിൽ b പങ്കെടുക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. യഹോവ തന്ന ഈ സമ്മാനം മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു.” ബിരുദം ലഭിച്ച അവരെ വീണ്ടും മഡഗാസ്കറിലേക്കു നിയമിച്ചപ്പോൾ അവർക്കു വലിയ സന്തോഷമായി.
“ഞങ്ങൾക്കു നിങ്ങളെക്കുറിച്ച് അഭിമാനമേ തോന്നൂ!”
ഫ്രാൻസിൽനിന്നുള്ള ദമ്പതികളായ ദിദിയറും നദീനും 2010-ൽ മഡഗാസ്കറിലേക്കു പോയി. അവർക്ക് അപ്പോൾ 50-നു മേൽ പ്രായമുണ്ടായിരുന്നു. ദിദിയർ പറയുന്നു: “ഞങ്ങൾ ചെറുപ്പമായിരുന്നപ്പോൾ മുൻനിരസേവനം ചെയ്തിരുന്നു, പിന്നീട് ഞങ്ങൾക്കു മൂന്നു മക്കൾ ജനിച്ചു. അവർ മുതിർന്നപ്പോൾ ഞങ്ങൾ വിദേശത്ത് പോയി സേവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി.” നദീൻ തുറന്നുപറയുന്നു: “മക്കളെ പിരിയണമല്ലോ എന്ന് ഓർത്തപ്പോൾ എനിക്കു ബുദ്ധിമുട്ടു തോന്നി. പക്ഷേ അവർ പറഞ്ഞു: ‘ആവശ്യം അധികമുള്ള രാജ്യത്ത് സേവിക്കാനായി നിങ്ങൾ പോകുകയാണെങ്കിൽ ഞങ്ങൾക്കു നിങ്ങളെക്കുറിച്ച് അഭിമാനമേ തോന്നൂ!’ അവരുടെ ആ വാക്കുകൾ മുന്നോട്ടു പോകാൻ ഞങ്ങൾക്കു ധൈര്യം പകർന്നു. ഇപ്പോൾ മക്കളിൽനിന്ന് വളരെ അകലെയാണു താമസിക്കുന്നതെങ്കിലും അവരുമായി ഇടയ്ക്കിടെ സംസാരിക്കാനും വിവരങ്ങൾ അറിയാനും കഴിയുന്നതിൽ ഞങ്ങൾക്കു വളരെ സന്തോഷമുണ്ട്.”
മലഗാസി ഭാഷ പഠിക്കുന്നതു ദിദിയറിനും നദീനും ഒരു വെല്ലുവിളിയായിരുന്നു. “ഞങ്ങൾക്ക് 20 വയസ്സൊന്നും അല്ലായിരുന്നല്ലോ പ്രായം,” ചെറുപുഞ്ചിരിയോടെ നദീൻ പറയുന്നു. അവർ എങ്ങനെയാണു വിജയിച്ചത്? ആദ്യം, അവർ ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഒരു സഭയിൽ ചേർന്നു. പിന്നീട്, മലഗാസി ഭാഷ ഏതാണ്ട് വശമായപ്പോൾ അവർ ആ ഭാഷയിലുള്ള സഭയിലേക്കു മാറി. നദീൻ പറയുന്നു: “ശുശ്രൂഷയിൽ കണ്ടെത്തിയ മിക്കയാളുകളും ബൈബിൾ പഠിക്കാൻ ഇഷ്ടമുള്ളവരായിരുന്നു. ഞങ്ങൾ അവരെ സന്ദർശിച്ചതിനു മിക്കപ്പോഴും അവർ നന്ദി പറയുകപോലും ചെയ്യുമായിരുന്നു. ആദ്യമൊക്കെ ഞാൻ ഓർത്തത് ഞാൻ സ്വപ്നം കാണുകയാണെന്നാണ്. ഈ ദേശത്ത് മുൻനിരസേവനം ചെയ്യുന്നതു ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. രാവിലെ ഞാൻ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് എഴുന്നേൽക്കുന്നത്: ‘ഹായ്, ഞാൻ ഇന്നു വയൽസേവനത്തിനു പോകുകയാണ്!’”
മലഗാസി ഭാഷ പഠിക്കാൻ തുടങ്ങിയപ്പോഴത്തെ കാര്യങ്ങൾ ഓർത്താൽ ദിദിയറിന് ഇപ്പോഴും ചിരി വരും. “ഞാൻ ഒരു മീറ്റിങ്ങിൽ പരിപാടി നടത്തുകയായിരുന്നു. സഹോദരങ്ങൾ പറഞ്ഞ ഉത്തരങ്ങൾ ഒന്നും എനിക്കു മനസ്സിലായില്ല. ഉത്തരം പറഞ്ഞുകഴിയുമ്പോൾ ‘നന്ദി’ എന്നു മാത്രം പറയും. എനിക്ക് അതിനേ കഴിഞ്ഞുള്ളൂ. ഒരു സഹോദരിയുടെ ഉത്തരത്തിന് ഞാൻ നന്ദി പറഞ്ഞപ്പോൾ സഹോദരിയുടെ പിൻനിരയിൽ ഇരുന്നവർ ആ ഉത്തരം ശരിയല്ലെന്ന് എന്നെ ആംഗ്യം കാണിക്കാൻ തുടങ്ങി. ഞാൻ പെട്ടെന്നു വേറൊരു സഹോദരനോടു ചോദിച്ചു. അദ്ദേഹം പറഞ്ഞ ഉത്തരം ശരിയാണെന്ന് എനിക്കു വിശ്വസിക്കാനല്ലേ പറ്റൂ!”
ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു
ടെയ്റിയും ഭാര്യ നദിയയും 2005-ൽ നടന്ന കൺവെൻഷനിലെ “ദൈവത്തിന് മഹത്ത്വം കരേറ്റുന്ന ലാക്കുകൾ വെക്കുക” എന്ന നാടകം കണ്ടു. തിമൊഥെയൊസിനെക്കുറിച്ചുള്ള ആ
ബൈബിൾനാടകം അവരുടെ ഹൃദയത്തെ സ്പർശിച്ചു, രാജ്യപ്രചാരകരുടെ ആവശ്യം അധികമുള്ള സ്ഥലത്ത് പോയി സേവിക്കാനുള്ള അവരുടെ ആഗ്രഹം ശക്തമായി. ടെയ്റി പറയുന്നു: “നാടകത്തിന്റെ അവസാനം കൈയടിക്കുമ്പോൾ ഞാൻ ഭാര്യയോടു പതുക്കെ ഇങ്ങനെ ചോദിച്ചു: ‘നമ്മൾ എങ്ങോട്ടാ പോകുന്നെ?’ ഇക്കാര്യംതന്നെയാണു താനും ചിന്തിച്ചതെന്നു ഭാര്യ പറഞ്ഞു.” അപ്പോൾമുതൽ അവർ ആ ലക്ഷ്യത്തിലേക്കു ചുവടുവെച്ച് തുടങ്ങി. നദിയ പറയുന്നു: “ക്രമേണ ഞങ്ങളുടെ സാധനസാമഗ്രികൾ ഞങ്ങൾ കുറയ്ക്കാൻ തുടങ്ങി. അവസാനം ശേഷിച്ചതു നാലു സ്യൂട്ട്കേസുകളിൽ കൊള്ളാവുന്ന സാധനങ്ങൾ മാത്രമായിരുന്നു.”2006-ൽ അവർ മഡഗാസ്കറിൽ എത്തി. തുടക്കംമുതൽ അവർ ശുശ്രൂഷ ശരിക്കും ആസ്വദിച്ചു. നദിയ പറയുന്നു: “അവിടെയുള്ള ആളുകളുടെ നല്ല പ്രതികരണം ഞങ്ങളെ വളരെ സന്തോഷിപ്പിച്ചു.”
അങ്ങനെ ആറു വർഷം കഴിഞ്ഞു. ആയിടയ്ക്ക് ഫ്രാൻസിൽ താമസിച്ചിരുന്ന നദിയയുടെ അമ്മ മേരി മാഡ്ലിൻ വീണ് കൈ ഒടിഞ്ഞു, തലയ്ക്കു പരിക്കു പറ്റുകയും ചെയ്തു. അമ്മയെ ചികിത്സിച്ചിരുന്ന ഡോക്ടറുമായി ഈ ദമ്പതികൾ സംസാരിച്ചു. എന്നിട്ട്, മഡഗാസ്കറിൽ വന്ന് തങ്ങളുടെകൂടെ താമസിക്കാൻ അമ്മയെ ക്ഷണിച്ചു. അന്ന് 80 വയസ്സുണ്ടായിരുന്ന അമ്മ ഞങ്ങളുടെ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു. വിദേശത്ത് താമസിക്കുന്നതിനെക്കുറിച്ച് ആ അമ്മ ഇങ്ങനെ പറയുന്നു: “ചിലപ്പോൾ പുതിയ സാഹചര്യങ്ങളുമായി യോജിച്ചുപോകുന്നതു ബുദ്ധിമുട്ടാണ്. എനിക്കു വലിയ കഴിവുകളൊന്നുമില്ലെങ്കിലും ഞാൻ സഭയിൽ വളരെ വേണ്ടപ്പെട്ടവളാണെന്ന് എനിക്കു തോന്നുന്നു. ഞാൻ ഇങ്ങോട്ടു താമസം മാറിയതുകൊണ്ട് എന്റെ മക്കൾക്ക് ഇവിടുത്തെ ഫലപ്രദമായ ശുശ്രൂഷ തുടരാൻ സാധിച്ചു. ഇതാണ് എന്നെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നത്.”
“യഹോവയുടെ സഹായം എനിക്ക് അനുഭവിച്ചറിയാനായി”
റയൻ, 20-കളുടെ തുടക്കത്തിലുള്ള ഒരു സഹോദരനാണ്. കിഴക്കൻ മഡഗാസ്കറിലെ ഫലപുഷ്ടിയുള്ള പ്രദേശമായ അലോട്രാ മാംഗോരോ എന്ന സ്ഥലത്താണ് അദ്ദേഹം വളർന്നത്. സ്കൂളിൽ മിടുക്കനായിരുന്ന റയൻ ഉന്നതവിദ്യാഭ്യാസം നേടാൻ ആഗ്രഹിച്ചു. എന്നാൽ ബൈബിൾ പഠിച്ചതിനു ശേഷം റയൻ തന്റെ തീരുമാനം മാറ്റി. അദ്ദേഹം പറയുന്നു: “ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഞാൻ യഹോവയ്ക്ക് ഇങ്ങനെ വാക്കു കൊടുത്തു: ‘അവസാനപരീക്ഷ ജയിക്കുമ്പോൾ ഞാൻ മുൻനിരസേവനം തുടങ്ങും.’” ആ പരീക്ഷ ജയിച്ച റയൻ തന്റെ വാക്കു പാലിച്ചു. ഒരു പാർട്ട്-ടൈം ജോലി കണ്ടെത്തിയ റയൻ, മുൻനിരസേവകനായ ഒരു സഹോദരന്റെകൂടെ താമസിച്ച് മുൻനിരസേവനം തുടങ്ങി. “ഞാൻ ജീവിതത്തിലെടുത്ത ഏറ്റവും നല്ല തീരുമാനമാണ് ഇത്,” റയൻ പറയുന്നു.
റയൻ എന്തുകൊണ്ടാണു നല്ലൊരു ജോലി നേടാൻ ശ്രമിക്കാത്തതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കു മനസ്സിലായില്ല. അദ്ദേഹം പറയുന്നു: “എന്റെ പപ്പയും പപ്പയുടെ അനിയനും മുത്തശ്ശിയുടെ അനിയത്തിയും ഒക്കെ എന്നെ ഉപരിപഠനത്തിനു പോകാൻ പ്രോത്സാഹിപ്പിച്ചു. പക്ഷേ, ഒരു കാരണവശാലും മുൻനിരസേവനം നിറുത്താൻ ഞാൻ ആഗ്രഹിച്ചില്ല.” മുൻനിരസേവനം തുടർന്ന റയന് അധികം വൈകാതെ ആവശ്യം അധികമുള്ളിടത്ത് സേവിക്കാൻ ആഗ്രഹം തോന്നി. അങ്ങനെ തോന്നാൻ എന്തായിരുന്നു കാരണം? റയൻ പറയുന്നു: “ഒരു ദിവസം കള്ളന്മാർ ഞങ്ങളുടെ താമസസ്ഥലത്ത് കയറി. എന്റെ വസ്തുക്കൾ മിക്കതും മോഷ്ടിച്ചുകൊണ്ടുപോയി. ആ സംഭവം ‘സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കൂ’ എന്ന യേശുവിന്റെ വാക്കുകൾ എന്നെ ഓർമിപ്പിച്ചു. ആത്മീയസമ്പത്തു നേടുന്നതിനു കഠിനാധ്വാനം ചെയ്യാൻ ഞാൻ തീരുമാനിച്ചു.” (മത്താ. 6:19, 20) റയൻ രാജ്യത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള വരൾച്ച ബാധിച്ച ഒരു പ്രദേശത്തേക്കു മാറിത്താമസിച്ചു. അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 1,300 കിലോമീറ്റർ അകലെയായിരുന്നു ഈ പുതിയ പ്രദേശം. അന്റൻഡ്രോയി വിഭാഗത്തിൽപ്പെട്ട ആളുകളാണ് അവിടെ താമസിച്ചിരുന്നത്. റയൻ എന്തുകൊണ്ടാണ് ആ സ്ഥലം തിരഞ്ഞെടുത്തത്?
റയന്റെ താമസസ്ഥലത്ത് മോഷണം നടക്കുന്നതിന് ഒരു മാസം മുമ്പ് അദ്ദേഹം രണ്ട് അന്റൻഡ്രോയി പുരുഷന്മാരുമായി ഒരു ബൈബിൾപഠനം ആരംഭിച്ചിരുന്നു. അവരുടെ ഭാഷയായ ടാൻഡ്രോയിയിലെ ഏതാനും വാക്കുകൾ അദ്ദേഹം പഠിച്ചു. രാജ്യസന്ദേശം ഇതുവരെ കേട്ടിട്ടില്ലാത്ത അന്റൻഡ്രോയി വിഭാഗത്തിൽപ്പെട്ട അനേകം ആളുകളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. റയൻ പറയുന്നു: “ടാൻഡ്രോയി ഭാഷ സംസാരിക്കുന്ന സ്ഥലത്തേക്കു മാറാൻ സഹായിക്കണേ എന്ന് യഹോവയോട് ഞാൻ അപേക്ഷിച്ചു.”
റയൻ അവിടേക്കു മാറി. പക്ഷേ, തുടക്കത്തിൽത്തന്നെ അദ്ദേഹത്തിന് ഒരു പ്രശ്നം നേരിട്ടു, ഒരു ജോലി കണ്ടെത്താൻ കഴിഞ്ഞില്ല. ഒരാൾ റയനോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ് ഇങ്ങോട്ടു വന്നത്? ജോലി തേടി ഇവിടെയുള്ളവർ നിങ്ങളുടെ സ്ഥലത്തേക്കാണു പോകുന്നത്.” രണ്ട് ആഴ്ചയ്ക്കു ശേഷം മേഖലാ കൺവെൻഷനിൽ പങ്കെടുക്കാനായി കൈയിൽ കാര്യമായി പണമൊന്നുമില്ലാതെ റയൻ പുറപ്പെട്ടു. എന്തു ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. കൺവെൻഷന്റെ അവസാനദിവസം ഒരു സഹോദരൻ അദ്ദേഹത്തിന്റെ കോട്ടിന്റെ പോക്കറ്റിലേക്ക് എന്തോ ഇട്ടുകൊടുത്തു. കുറെ പണമായിരുന്നു അത്. അന്റൻഡ്രോയി പ്രദേശത്തേക്കു തിരിച്ചുപോകാനും തൈരു വിൽക്കുന്ന ഒരു ചെറിയ ബിസിനെസ്സ് തുടങ്ങാനും ആവശ്യമായ പണം അതിലുണ്ടായിരുന്നു. റയൻ പറയുന്നു: “യഹോവയുടെ സഹായം എനിക്ക് അനുഭവിച്ചറിയാനായി. യഹോവയെക്കുറിച്ച് അറിയാൻ ഒരു അവസരം കിട്ടാത്ത ആളുകളെ സഹായിക്കുന്നതിൽ എനിക്കു തുടരാൻ കഴിയും!” സഭയിലും ധാരാളം ജോലിയുണ്ടായിരുന്നു. റയൻ തുടരുന്നു: “ഒന്നിടവിട്ട ആഴ്ചകളിൽ എനിക്കു പൊതുപ്രസംഗം നടത്താനുള്ള നിയമനം കിട്ടും. തന്റെ സംഘടനയിലൂടെ യഹോവ എന്നെ
പരിശീലിപ്പിക്കുകയായിരുന്നു.” ഇന്ന് യഹോവയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന അനേകം ടാൻഡ്രോയി ഭാഷക്കാരോടു റയൻ രാജ്യസന്ദേശം പങ്കുവെക്കുന്നതിൽ തുടരുന്നു.“സത്യത്തിന്റെ ദൈവം അനുഗ്രഹിക്കും”
“ഭൂമിയിൽ അനുഗ്രഹം തേടുന്നവരെയെല്ലാം സത്യത്തിന്റെ ദൈവം അനുഗ്രഹിക്കും” എന്ന് യഹോവ നമുക്ക് ഉറപ്പു തന്നിരിക്കുന്നു. (യശ. 65:16) ശുശ്രൂഷ വികസിപ്പിക്കാനായി പ്രതിബന്ധങ്ങളെ മറികടക്കാൻ കഠിനശ്രമം ചെയ്യുമ്പോൾ നമ്മൾ യഹോവയുടെ അനുഗ്രഹം അനുഭവിച്ചറിയുകതന്നെ ചെയ്യും. നമ്മൾ തുടക്കത്തിൽ പരാമർശിച്ച സിൽവിയാന്റെ കാര്യമെടുക്കുക. ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നതു തന്റെ കഴിവുകൾക്ക് അപ്പുറമാണെന്നു സഹോദരിക്കു തോന്നി. എന്തുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത്? സഹോദരി വിശദീകരിക്കുന്നു: “എന്റെ ഇടതുകാലിനു വലതുകാലിനെക്കാൾ 9 സെന്റിമീറ്റർ നീളക്കുറവുണ്ട്. അതുകൊണ്ട് നടക്കുമ്പോൾ എനിക്കു മുടന്തുണ്ട്, പെട്ടെന്നു ക്ഷീണിക്കുകയും ചെയ്യും.”
ഈ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും 2014-ൽ സിൽവിയാൻ, സഭയിലുള്ള മുൻനിരസേവികയായ സിൽവി ആൻ എന്ന ഒരു യുവസഹോദരിയോടൊത്ത് 85 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ ഗ്രാമത്തിലേക്കു മാറി. അങ്ങനെ സിൽവിയാന്റെ സ്വപ്നം പൂവണിഞ്ഞു! എത്ര വലിയ അനുഗ്രഹമാണു സിൽവിയാനു കിട്ടിയതെന്നോ! സഹോദരി പറയുന്നു: “പുതിയ സ്ഥലത്ത് ചെന്ന് കഷ്ടിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾത്തന്നെ, ഞാൻ ബൈബിൾപഠനം നടത്തിയിരുന്ന ഡൊറേറ്റിൻ എന്നൊരു ചെറുപ്പക്കാരി സർക്കിട്ട് സമ്മേളനത്തിൽവെച്ച് സ്നാനമേറ്റു.”
‘ഞാൻ നിന്നെ സഹായിക്കും’
ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്ന വിശ്വസ്തരായ ഈ സഹോദരങ്ങളുടെ അനുഭവങ്ങൾ ശ്രദ്ധിച്ചോ? ശുശ്രൂഷ വികസിപ്പിക്കാനായി നമ്മൾ ഏതെങ്കിലും തടസ്സം മറികടക്കാൻ ശ്രമിക്കുകയാണെന്നിരിക്കട്ടെ. അത്തരം സാഹചര്യങ്ങളിൽ തന്റെ ദാസന്മാരോടുള്ള യഹോവയുടെ പിൻവരുന്ന വാഗ്ദാനം സത്യമാണെന്നു നമ്മുടെ സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിയാനാകും: “ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും.” (യശ. 41:10) അങ്ങനെ യഹോവയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ശക്തമാകും. കൂടാതെ, നമ്മുടെ രാജ്യത്തുതന്നെ ആവശ്യം അധികമുള്ള മറ്റൊരു സ്ഥലത്തേക്കോ വേറൊരു രാജ്യത്തേക്കോ മാറാൻ മനസ്സോടെ മുന്നോട്ടു വരുന്നതു പുതിയ ലോകത്തിൽ നമ്മളെ കാത്തിരിക്കുന്ന ദിവ്യാധിപത്യപ്രവർത്തനങ്ങൾക്കു നമ്മളെ ഒരുക്കും. മുമ്പു കണ്ട ദിദിയറിന്റെ വാക്കുകൾ നമുക്ക് ഓർക്കാം: “ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നതു ഭാവിയിലേക്കുള്ള എത്ര നല്ലൊരു പരിശീലനമാണ്!” ആ പരിശീലനം നേടാൻ ഇനിയും അനേകർ സ്വമനസ്സാലെ മുന്നോട്ടു വരട്ടെ!
a ഐക്യനാടുകൾ, കാനഡ, ഗ്വാദലൂപ്, ചെക് റിപ്പബ്ലിക്, ജർമനി, ന്യൂ കാലിഡോണിയ, ഫ്രാൻസ്, യുണൈറ്റഡ് കിങ്ഡം, ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള സഹോദരങ്ങളാണ് മഡഗാസ്കറിലേക്കു മാറിത്താമസിച്ചിരിക്കുന്നത്.
b ഇപ്പോൾ രാജ്യസുവിശേഷകർക്കുള്ള സ്കൂൾ എന്നാണ് ഇത് അറിയപ്പെടുന്നത്. മറ്റൊരു രാജ്യത്ത് സേവിക്കുന്ന യോഗ്യതയുള്ള മുഴുസമയസേവകർക്ക്, അവരുടെ സ്വന്തം രാജ്യത്ത് നടക്കുന്ന സ്കൂളിൽ പങ്കെടുക്കാൻ അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് അവരുടെ മാതൃഭാഷയിൽ നടക്കുന്ന സ്കൂളിൽ പങ്കെടുക്കാൻ അപേക്ഷിക്കാവുന്നതാണ്.