വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എല്ലാത്തി​ന്റെ​യും ഉടയവന്‌ നമ്മൾ കൊടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

എല്ലാത്തി​ന്റെ​യും ഉടയവന്‌ നമ്മൾ കൊടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

“ഞങ്ങളുടെ ദൈവമേ, ഞങ്ങൾ ഇതാ, അങ്ങയോ​ടു നന്ദി പറയു​ക​യും അങ്ങയുടെ മഹനീ​യ​നാ​മത്തെ സ്‌തു​തി​ക്കു​ക​യും ചെയ്യുന്നു.”​—1 ദിന. 29:13.

ഗീതങ്ങൾ: 80, 50

1, 2. യഹോവ എങ്ങനെ​യാണ്‌ ഉദാരത കാണി​ച്ചി​രി​ക്കു​ന്നത്‌?

 യഹോവ ഉദാര​നായ ദൈവ​മാണ്‌. നമുക്കു​ള്ള​തെ​ല്ലാം യഹോ​വ​യിൽനി​ന്നു​ള്ള​താണ്‌. പൊന്നും വെള്ളി​യും ഉൾപ്പെടെ ഭൂമി​യി​ലെ മുഴുവൻ പ്രകൃ​തി​വി​ഭ​വ​ങ്ങ​ളും യഹോ​വ​യു​ടേ​താണ്‌. ഇവിടെ ജീവൻ നിലനി​റു​ത്തു​ന്ന​തിന്‌ യഹോവ ആ പ്രകൃ​തി​വി​ഭ​വങ്ങൾ ഉപയോ​ഗി​ക്കു​ന്നു. (സങ്കീ. 104:13-15; ഹഗ്ഗാ. 2:8) തന്റെ ജനത്തി​നാ​യി കരുതാൻ അത്തരം വിഭവങ്ങൾ അത്ഭുത​ക​ര​മാ​യി ഉപയോ​ഗി​ച്ച​തി​ന്റെ അനേകം വിവര​ണങ്ങൾ ബൈബി​ളി​ലുണ്ട്‌.

2 ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേൽ ജനത വിജന​ഭൂ​മി​യി​ലാ​യി​രുന്ന കാലത്ത്‌ 40 വർഷം യഹോവ അവർക്കു മന്നയും വെള്ളവും കൊടു​ത്തു. (പുറ. 16:35) “അവർക്ക്‌ ഒന്നിനും ഒരു കുറവു​മി​ല്ലാ​യി​രു​ന്നു.” (നെഹ. 9:20, 21) പിന്നീട്‌ ഒരിക്കൽ യഹോവ വിശ്വ​സ്‌ത​യായ ഒരു വിധവ​യ്‌ക്ക്‌ ആകെയു​ണ്ടാ​യി​രുന്ന അൽപ്പം എണ്ണ വർധി​പ്പി​ച്ചു​കൊ​ടു​ത്തു​കൊണ്ട്‌ എലീശ പ്രവാ​ച​ക​നി​ലൂ​ടെ ഒരു അത്ഭുതം പ്രവർത്തി​ച്ചു. എണ്ണ വിറ്റു​കി​ട്ടിയ പണം​കൊണ്ട്‌ ആ വിധവ​യ്‌ക്കും മക്കൾക്കും കടം വീട്ടാ​നും തുടർന്നുള്ള കാലം ജീവി​ക്കാ​നും കഴിഞ്ഞു. (2 രാജാ. 4:1-7) യഹോ​വ​യു​ടെ സഹായ​ത്താൽ യേശു അത്ഭുത​ക​ര​മാ​യി ഭക്ഷണം കൊടു​ത്തു, ആവശ്യം വന്നപ്പോൾ പണം​പോ​ലും.​—മത്താ. 15:35-38; 17:27.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

3 ഭൂമി​യി​ലെ തന്റെ സൃഷ്ടി​കളെ പുലർത്താൻ വേണ്ടതും അതില​ധി​ക​വും വിഭവങ്ങൾ യഹോ​വ​യ്‌ക്കുണ്ട്‌. എങ്കിലും തങ്ങളുടെ വസ്‌തു​വ​കകൾ ഉപയോ​ഗിച്ച്‌ സംഘട​ന​യു​ടെ പ്രവർത്ത​നത്തെ പിന്തു​ണ​യ്‌ക്കാൻ യഹോവ തന്റെ ദാസർക്ക്‌ അവസരം കൊടു​ത്തി​രി​ക്കു​ന്നു. (പുറ. 36:3-7; സുഭാ​ഷി​തങ്ങൾ 3:9 വായി​ക്കുക.) യഹോ​വ​യ്‌ക്കു തിരികെ കൊടു​ക്കു​ന്ന​തി​നു നമ്മുടെ വില​യേ​റിയ വസ്‌തുക്കൾ ഉപയോഗിക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ദൈവ​ത്തി​ന്റെ വേലയെ പിന്തു​ണ​യ്‌ക്കാൻ ബൈബിൾക്കാ​ല​ങ്ങ​ളി​ലെ വിശ്വ​സ്‌ത​ദാ​സർ എന്താണു ചെയ്‌തത്‌? സംഭാ​വ​ന​യാ​യി കിട്ടുന്ന പണം ഇക്കാലത്ത്‌ സംഘടന എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌? ഈ ലേഖന​ത്തിൽ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ചർച്ച ചെയ്യും.

നമ്മൾ യഹോ​വ​യ്‌ക്കു കൊടു​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4. യഹോ​വ​യു​ടെ സംഘട​ന​യു​ടെ പ്രവർത്ത​ന​ങ്ങളെ പിന്തു​ണ​യ്‌ക്കു​മ്പോൾ നമ്മൾ എന്താണു തെളി​യി​ക്കു​ന്നത്‌?

4 നമ്മൾ യഹോ​വ​യ്‌ക്കു കൊടു​ക്കു​ന്നത്‌ യഹോ​വ​യോ​ടു സ്‌നേ​ഹ​വും നന്ദിയും ഉള്ളതു​കൊ​ണ്ടാണ്‌. യഹോവ നമുക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം ചിന്തി​ക്കു​മ്പോൾ നമ്മുടെ ഹൃദയം നന്ദി​കൊണ്ട്‌ നിറയും. ഇക്കാര്യ​ത്തിൽ ദാവീ​ദി​ന്റെ നല്ല മനോ​ഭാ​വം നമുക്ക്‌ അനുക​രി​ക്കാം. ആലയം​പ​ണി​ക്കു​വേണ്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വിശദീ​ക​രി​ച്ച​പ്പോൾ നമുക്കുള്ള സകലവും യഹോ​വ​യിൽനി​ന്നാ​ണെ​ന്നും യഹോവ നമുക്കു തന്നിട്ടു​ള്ളതേ നമുക്കു തിരിച്ചു കൊടു​ക്കാ​നു​ള്ളൂ എന്നും അദ്ദേഹം പറഞ്ഞു.​1 ദിനവൃ​ത്താ​ന്തം 29:11-14 വായി​ക്കുക.

5. സ്വമന​സ്സാ​ലെ കൊടു​ക്കു​ന്നതു സത്യാ​രാ​ധ​ന​യു​ടെ ഒരു പ്രധാ​ന​പ്പെട്ട വശമാ​ണെന്നു തിരു​വെ​ഴു​ത്തു​കൾ എങ്ങനെ​യാ​ണു കാണി​ച്ചു​ത​രു​ന്നത്‌?

5 യഹോ​വ​യ്‌ക്കു കൊടു​ക്കു​ന്നതു സത്യാ​രാ​ധ​ന​യു​ടെ ഒരു ഭാഗവു​മാണ്‌. ഒരു ദർശന​ത്തിൽ സ്വർഗ​ത്തി​ലുള്ള യഹോ​വ​യു​ടെ ദാസന്മാർ ഇങ്ങനെ പറയു​ന്നതു യോഹ​ന്നാൻ അപ്പോ​സ്‌തലൻ കേട്ടു: “ഞങ്ങളുടെ ദൈവ​മായ യഹോവേ, മഹത്ത്വ​വും ബഹുമാ​ന​വും ശക്തിയും ലഭിക്കാൻ അങ്ങ്‌ യോഗ്യ​നാണ്‌. കാരണം അങ്ങാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌; അങ്ങയുടെ ഇഷ്ടപ്ര​കാ​ര​മാണ്‌ എല്ലാം ഉണ്ടായ​തും സൃഷ്ടി​ക്ക​പ്പെ​ട്ട​തും.” (വെളി. 4:11) എല്ലാ മഹത്ത്വ​ത്തി​നും ബഹുമാ​ന​ത്തി​നും അർഹനാണ്‌ യഹോവ. അതു​കൊണ്ട്‌ നമുക്കുള്ള ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു കൊടു​ക്കാം. ഇസ്രാ​യേ​ല്യർ മൂന്ന്‌ വാർഷി​കോ​ത്സ​വ​ങ്ങൾക്കാ​യി തന്റെ മുമ്പാകെ കൂടി​വ​ര​ണ​മെന്നു മോശ​യി​ലൂ​ടെ യഹോവ കല്‌പന കൊടു​ത്തി​രു​ന്നു. എന്നാൽ, ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രുന്ന അത്തരം അവസര​ങ്ങ​ളിൽ അവർ ‘വെറു​ങ്കൈ​യോ​ടെ യഹോ​വ​യു​ടെ മുന്നിൽ വരാൻ’ പാടി​ല്ലാ​യി​രു​ന്നു. (ആവ. 16:16) ഇന്ന്‌, യഹോ​വ​യു​ടെ സംഘടന ചെയ്യുന്ന പ്രവർത്ത​ന​ങ്ങ​ളോ​ടു വിലമ​തി​പ്പു​ള്ള​തു​കൊ​ണ്ടും ആ പ്രവർത്ത​ന​ങ്ങളെ പിന്തു​ണ​യ്‌ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടും നമ്മളും മനസ്സോടെ കൊടു​ക്കു​ന്നു. അതു നമ്മുടെ ആരാധ​ന​യു​ടെ ഒരു പ്രധാ​ന​പ്പെട്ട വശമാണ്‌.

6. കൊടു​ക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

6 ഇനി, കേവലം വാങ്ങു​ന്നവർ മാത്ര​മാ​യി​രി​ക്കാ​തെ കൊടു​ക്കു​ന്ന​വ​രാ​യി​രി​ക്കു​ന്നതു നമുക്കു​തന്നെ പ്രയോ​ജനം ചെയ്യും. (സുഭാ​ഷി​തങ്ങൾ 29:21 വായി​ക്കുക.) അച്ഛനും അമ്മയും കൊടു​ക്കുന്ന ‘പോക്ക​റ്റു​മണി’യിൽനിന്ന്‌ മിച്ചം പിടിച്ച്‌ അവർക്കൊ​രു സമ്മാനം വാങ്ങി​ക്കൊ​ടു​ക്കുന്ന കുട്ടി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അപ്പോൾ ആ അച്ഛനും അമ്മയ്‌ക്കും എത്ര സന്തോഷം തോന്നും! മുൻനി​ര​സേ​വനം ചെയ്‌തു​കൊണ്ട്‌ വീട്ടിൽ താമസി​ക്കുന്ന മകനോ മകളോ വീട്ടു​ചെ​ല​വു​കൾ നടത്തു​ന്ന​തി​നു മാതാ​പി​താ​ക്കളെ സഹായി​ക്കാൻ എന്തെങ്കി​ലും കൊടു​ത്തേ​ക്കാം. മാതാ​പി​താ​ക്കൾ അതു പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടാ​കില്ല. എങ്കിലും അവർ ആ സമ്മാനം സ്വീക​രി​ക്കും. കാരണം മാതാ​പി​താ​ക്കൾ ചെയ്‌തു​ത​രുന്ന കാര്യ​ങ്ങ​ളോ​ടെ​ല്ലാം തനിക്കു വിലമ​തി​പ്പു​ണ്ടെന്നു കാണി​ക്കാൻ കുട്ടിക്ക്‌ ഇത്‌ ഒരു നല്ല മാർഗ​മാണ്‌. സമാന​മാ​യി, നമ്മുടെ വില​യേ​റിയ വസ്‌തു​ക്ക​ളിൽനിന്ന്‌ കൊടു​ത്തു​ശീ​ലി​ക്കു​ന്നതു നമുക്കു നല്ലതാ​ണെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം.

ബൈബിൾക്കാ​ല​ങ്ങ​ളിൽ കൊടുത്ത വിധം

7, 8. ബൈബിൾക്കാ​ല​ങ്ങ​ളി​ലെ ദൈവ​ജനം, (എ) പ്രത്യേക ആവശ്യ​ങ്ങൾക്കു​വേണ്ടി (ബി) യഹോ​വ​യു​ടെ വേലയെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു​വേണ്ടി സംഭാവന കൊടു​ക്കു​ന്ന​തി​നു മാതൃക വെച്ചത്‌ എങ്ങനെ?

7 സ്വന്തം വസ്‌തു​വ​ക​ക​ളിൽനിന്ന്‌ സംഭാവന കൊടു​ക്കു​ന്ന​തി​നു വ്യക്തമായ തിരു​വെ​ഴുത്ത്‌ അടിസ്ഥാ​ന​മുണ്ട്‌. കഴിഞ്ഞ കാലങ്ങ​ളിൽ യഹോ​വ​യു​ടെ ജനം ചില പ്രത്യേക ആവശ്യ​ങ്ങൾക്കു​വേണ്ടി സംഭാവന ചെയ്‌തി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ നിർമാ​ണ​ത്തി​നു​വേണ്ടി സംഭാവന ചെയ്യാൻ മോശ ഇസ്രാ​യേ​ല്യ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. കൂടാതെ, ആലയത്തി​ന്റെ പണിക്കു സംഭാവന നൽകു​ന്ന​തി​നെ​ക്കു​റിച്ച്‌ ദാവീദ്‌ രാജാവ്‌ പറഞ്ഞു. (പുറ. 35:5; 1 ദിന. 29:5-9) യഹോ​വാശ്‌ രാജാ​വി​ന്റെ കാലത്ത്‌ യഹോ​വ​യു​ടെ ആലയത്തി​ന്റെ അറ്റകു​റ്റ​പ്പ​ണി​കൾക്കു​വേണ്ടി പണം ശേഖരി​ക്കു​ക​യും പുരോ​ഹി​ത​ന്മാർ അത്‌ ഉപയോ​ഗിച്ച്‌ പണികൾ നടത്തു​ക​യും ചെയ്‌തു. (2 രാജാ. 12:4, 5) ഒന്നാം നൂറ്റാ​ണ്ടിൽ യഹൂദ്യ​യിൽ ഒരു ക്ഷാമമു​ണ്ടാ​യ​പ്പോൾ അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങൾക്കു സഹായം ആവശ്യ​മു​ണ്ടെന്നു മറ്റു സ്ഥലങ്ങളി​ലെ സഹോ​ദ​രങ്ങൾ മനസ്സി​ലാ​ക്കി. അപ്പോൾ കഴിവ​നു​സ​രിച്ച്‌ ഓരോ​രു​ത്ത​രും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തി​നു സംഭാവന ചെയ്‌തു.​—പ്രവൃ. 11:27-30.

8 മറ്റു ചില​പ്പോൾ, യഹോ​വ​യു​ടെ വേലയിൽ നേതൃ​ത്വ​മെ​ടു​ത്തി​രു​ന്ന​വരെ ദൈവ​ജനം സാമ്പത്തി​ക​മാ​യി പിന്തു​ണച്ചു. മോശ​യു​ടെ നിയമ​ത്തിൻകീ​ഴിൽ ഗോ​ത്ര​ങ്ങൾക്ക്‌ അവകാശം കൊടു​ത്ത​പ്പോൾ ലേവ്യർക്ക്‌ അവകാശം കൊടു​ത്തില്ല. പകരം ഇസ്രാ​യേ​ല്യർ അവർക്കു ദശാംശം അതായത്‌ പത്തി​ലൊ​ന്നു കൊടു​ക്കാ​നാ​ണു വ്യവസ്ഥ ചെയ്‌തി​രു​ന്നത്‌. അങ്ങനെ ലേവ്യർക്കു വിശു​ദ്ധ​കൂ​ടാ​ര​ത്തോ​ടു ബന്ധപ്പെട്ട ജോലി​ക​ളിൽ മുഴു​കാൻ കഴിഞ്ഞു. (സംഖ്യ 18:21) അതു​പോ​ലെ, ഉദാര​മ​ന​സ്‌ക​രായ ചില സ്‌ത്രീ​കൾ തങ്ങളുടെ “സ്വത്തു​ക്കൾകൊണ്ട്‌” യേശു​വി​നെ​യും അപ്പോ​സ്‌ത​ല​ന്മാ​രെ​യും പിന്തു​ണ​ച്ചി​രു​ന്നു.​—ലൂക്കോ. 8:1-3.

9. ആദ്യകാ​ലത്ത്‌ സംഭാ​വ​നകൾ ലഭിച്ചി​രുന്ന ചില വിധങ്ങൾ ഏവ?

9 വ്യത്യ​സ്‌ത​വി​ധ​ങ്ങ​ളി​ലാ​ണു ദൈവ​ജനം സംഭാ​വ​ന​യ്‌ക്കുള്ള പണം കണ്ടെത്തി​യത്‌. വിജന​ഭൂ​മി​യി​ലാ​യി​രു​ന്ന​പ്പോൾ വിശു​ദ്ധ​കൂ​ടാ​രം പണിയു​ന്ന​തിന്‌ ഇസ്രാ​യേ​ല്യർ കൊടുത്ത സംഭാ​വ​ന​ക​ളിൽ സാധ്യ​ത​യ​നു​സ​രിച്ച്‌ അവർ ഈജി​പ്‌തിൽനിന്ന്‌ കൊണ്ടു​വന്ന മൂല്യ​വ​ത്തായ വസ്‌തു​ക്കൾ ഉൾപ്പെ​ട്ടി​രു​ന്നു. (പുറ. 3:21, 22; 35:22-24) ഒന്നാം നൂറ്റാ​ണ്ടിൽ ചില ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ നിലങ്ങ​ളോ വീടു​ക​ളോ ഒക്കെ വിറ്റു​കി​ട്ടിയ പണം അപ്പോ​സ്‌ത​ല​ന്മാ​രു​ടെ അടുക്കൽ കൊണ്ടു​വന്നു. ഇല്ലായ്‌മ അനുഭ​വി​ച്ചി​രു​ന്ന​വർക്ക്‌ ഈ പണം അപ്പോ​സ്‌ത​ല​ന്മാർ വിതരണം ചെയ്‌തു. (പ്രവൃ. 4:34, 35) ചിലരാ​കട്ടെ, ആത്മീയ​പ്ര​വർത്ത​ന​ങ്ങളെ പിന്തു​ണ​യ്‌ക്കു​ന്ന​തിന്‌ ഒരു തുക നീക്കി​വെ​ക്കു​ക​യും ക്രമമാ​യി അതു സംഭാവന ചെയ്യു​ക​യും ചെയ്‌തു. (1 കൊരി. 16:2) തീരെ പാവ​പ്പെ​ട്ട​വർമു​തൽ അതിസ​മ്പ​ന്നർവരെ എല്ലാ തരക്കാർക്കും സംഭാവന ചെയ്യു​ന്ന​തിൽ ഒരു പങ്കുണ്ടാ​യി​രു​ന്നു.—ലൂക്കോ. 21:1-4.

സംഭാ​വ​നകൾ ഇന്ന്‌

10, 11. (എ) ബൈബിൾക്കാ​ല​ങ്ങ​ളി​ലെ യഹോ​വ​യു​ടെ ദാസന്മാർ കാണിച്ച ഔദാ​ര്യം നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? (ബി) ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രവർത്ത​ന​ങ്ങളെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നെ നിങ്ങൾ എങ്ങനെ കാണുന്നു?

10 ഇന്ന്‌, ചില പ്രത്യേക ആവശ്യ​ങ്ങൾക്കു​വേണ്ടി സംഭാ​വ​നകൾ കൊടു​ക്കാൻ നമുക്കും അവസരം ലഭി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ സഭ ഒരു പുതിയ രാജ്യ​ഹാൾ പണിയാൻ പദ്ധതി​യി​ടു​ന്നു​ണ്ടോ? അതോ നിങ്ങളു​ടെ ഇപ്പോ​ഴത്തെ രാജ്യ​ഹാൾ പുതു​ക്കി​പ്പ​ണി​യു​ക​യാ​ണോ? ചില​പ്പോൾ നിങ്ങളു​ടെ ബ്രാ​ഞ്ചോ​ഫീസ്‌ പുതു​ക്കി​പ്പ​ണി​യു​ക​യാ​യി​രി​ക്കും. അല്ലെങ്കിൽ കൺ​വെൻ​ഷന്റെ ചെലവു​കൾക്കോ പ്രകൃ​തി​വി​പത്ത്‌ ആഞ്ഞടിച്ച സ്ഥലത്തെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തി​നോ വേണ്ടി​യാ​കാം പണം ആവശ്യ​മാ​യി​വ​രു​ന്നത്‌. ലോകാ​സ്ഥാ​ന​ത്തും ലോക​മെ​ങ്ങു​മുള്ള ബ്രാ​ഞ്ചോ​ഫീ​സു​ക​ളി​ലും സേവി​ക്കുന്ന സഹോ​ദ​ര​ങ്ങളെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നും നമ്മൾ സംഭാവന കൊടു​ക്കു​ന്നു. മിഷന​റി​മാ​രെ​യും പ്രത്യേക മുൻനി​ര​സേ​വ​ക​രെ​യും സർക്കിട്ട്‌ വേലയി​ലുള്ള സഹോ​ദ​ര​ങ്ങ​ളെ​യും പിന്തു​ണ​യ്‌ക്കു​ന്ന​തി​നു​വേ​ണ്ടി​യും നമ്മുടെ സംഭാ​വ​നകൾ ഉപയോ​ഗി​ക്കു​ന്നു. ഭൂമി​യി​ലെ​മ്പാ​ടും സമ്മേള​ന​ഹാ​ളു​ക​ളും രാജ്യ​ഹാ​ളു​ക​ളും പണിയു​ന്ന​തി​നാ​യി നിങ്ങളു​ടെ സഭ ഒരു നിശ്ചി​ത​തുക സ്ഥിരമാ​യി അയച്ചു​കൊ​ടു​ക്കു​ന്നു​ണ്ടാ​യി​രി​ക്കും. ലോക​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളി​ലുള്ള സഹോ​ദ​ര​ങ്ങളെ നമ്മൾ അങ്ങനെ സഹായി​ക്കു​ന്നു.

11 ഈ അവസാ​ന​കാ​ലത്ത്‌ യഹോവ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന വേലയെ പിന്തു​ണ​യ്‌ക്കാൻ നമുക്ക്‌ എല്ലാവർക്കും അവസര​മുണ്ട്‌. പേര്‌ വെളി​പ്പെ​ടു​ത്താ​തെ​യാ​ണു മിക്കവ​രും സംഭാവന ചെയ്യു​ന്നത്‌. രാജ്യ​ഹാ​ളു​ക​ളി​ലെ സംഭാ​വ​ന​പ്പെ​ട്ടി​ക​ളിൽ പണമി​ടു​മ്പോ​ഴോ jw.org-ലൂടെ ഓൺ​ലൈ​നാ​യി സംഭാവന ചെയ്യു​മ്പോ​ഴോ എത്ര കൊടു​ത്തെന്ന്‌ ആരും അറിയാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. നമ്മുടെ ചെറിയ സംഭാ​വ​ന​കൾകൊണ്ട്‌ എന്താകാ​നാണ്‌ എന്ന്‌ ഒരുപക്ഷേ നമ്മൾ വിചാ​രി​ച്ചേ​ക്കാം. പക്ഷേ ഒരു കാര്യം ഓർക്കുക: ഇന്നു നമുക്കു കിട്ടുന്ന സംഭാ​വ​ന​ക​ളു​ടെ സിംഹ​ഭാ​ഗ​വും വരുന്നതു ചെറി​യ​ചെ​റിയ സംഭാ​വ​ന​ക​ളിൽനി​ന്നാണ്‌, അല്ലാതെ ഏതാനും ചില ഭീമമായ സംഭാ​വ​ന​ക​ളിൽനി​ന്നല്ല. എല്ലാവർക്കും, സാമ്പത്തി​ക​ശേഷി കുറഞ്ഞ സഹോ​ദ​ര​ങ്ങൾക്കു​പോ​ലും, മാസി​ഡോ​ണി​യ​ക്കാ​രു​ടെ മനോ​ഭാ​വ​മാ​ണു​ള്ള​തെന്നു പറയാം. “കൊടിയ ദാരി​ദ്ര്യ​ത്തി​ലാ​യി​രു​ന്നി​ട്ടു​പോ​ലും” മാസി​ഡോ​ണി​യ​യി​ലെ സഹോ​ദ​രങ്ങൾ സംഭാവന ചെയ്യാ​നുള്ള പദവി​ക്കാ​യി യാചി​ക്കു​ക​യും ഉദാര​മാ​യി അങ്ങനെ ചെയ്യു​ക​യും ചെയ്‌തു.​—2 കൊരി. 8:1-4.

12. സംഭാ​വ​ന​യാ​യി ലഭിക്കുന്ന പണം ഏറ്റവും നന്നായി ഉപയോ​ഗി​ക്കാൻ സംഘടന എങ്ങനെ​യാ​ണു ശ്രമി​ക്കു​ന്നത്‌?

12 സംഘട​ന​യു​ടെ പണം ഉപയോ​ഗി​ക്കുന്ന കാര്യ​ത്തി​ലും ഭരണസം​ഘം ‘വിശ്വ​സ്‌ത​നും വിവേ​കി​യും’ ആയിരി​ക്കാൻ കഠിന​ശ്രമം ചെയ്യുന്നു. പ്രാർഥ​നാ​പൂർവം, നന്നായി ആലോ​ചി​ച്ചാണ്‌ അവർ അതു ചെയ്യു​ന്നത്‌. (മത്താ. 24:45) ലഭിക്കുന്ന സംഭാ​വ​നകൾ അവർ ഓരോ ആവശ്യ​ങ്ങൾക്കാ​യി വകയി​രു​ത്തു​ക​യും അതനു​സ​രിച്ച്‌ ചെലവ​ഴി​ക്കു​ക​യും ചെയ്യുന്നു. (ലൂക്കോ. 14:28) ബൈബിൾക്കാ​ല​ങ്ങ​ളിൽ, ഏത്‌ ഉദ്ദേശ്യ​ത്തി​നാ​ണോ സംഭാവന കിട്ടി​യി​രു​ന്നത്‌, അതിനു​വേണ്ടി മാത്രം അത്‌ ഉപയോ​ഗി​ക്കാൻ ചില നടപടി​ക്ര​മങ്ങൾ പിൻപ​റ്റി​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പേർഷ്യ​യി​ലെ രാജാവ്‌ സ്വർണ​വും വെള്ളി​യും വിലപി​ടി​പ്പുള്ള മറ്റു വസ്‌തു​ക്ക​ളും യഹോ​വ​യു​ടെ ഭവനത്തി​നു​വേണ്ടി സംഭാ​വ​ന​യാ​യി കൊടു​ത്തു. ഇന്നത്തെ മൂല്യ​മ​നു​സ​രിച്ച്‌ 630 കോടി രൂപയി​ല​ധി​കം വരും ഈ തുക. വാസ്‌ത​വ​ത്തിൽ, സ്വമന​സ്സാ​ലെ കൊടുത്ത ഈ സംഭാ​വ​നകൾ യഹോ​വ​യ്‌ക്കുള്ള കാഴ്‌ച​ക​ളാ​യി​ട്ടാണ്‌ എസ്ര വീക്ഷി​ച്ചത്‌. അതു​കൊണ്ട്‌ ഈ സമ്പത്തു​മാ​യി എസ്ര യരുശ​ലേ​മി​ലേക്കു പോയി. ശത്രു​ക്ക​ളു​ടെ പ്രദേ​ശ​ത്തു​കൂ​ടി​യുള്ള അപകടം നിറഞ്ഞ യാത്ര​യിൽ വിലപി​ടിച്ച ഈ നിധി സുരക്ഷി​ത​മാ​യി യരുശ​ലേ​മിൽ എത്തിക്കു​ന്ന​തിന്‌ എസ്ര വേണ്ട നടപടി​കൾ സ്വീക​രി​ച്ചു. (എസ്ര 8:24-34) പിൽക്കാ​ലത്ത്‌, സഹായം വേണ്ടിവന്ന യഹൂദ്യ​യി​ലെ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി പൗലോസ്‌ പണം ശേഖരി​ച്ചു. ഈ ദുരി​താ​ശ്വാ​സ ധനസഹാ​യം എത്തിച്ചു​കൊ​ടു​ക്കു​ന്നവർ “യഹോ​വ​യു​ടെ മുന്നിൽ മാത്രമല്ല, മനുഷ്യ​രു​ടെ മുന്നി​ലും എല്ലാം സത്യസ​ന്ധ​മാ​യി ചെയ്യാൻ ശ്രദ്ധി​ക്കു​ന്നു” എന്നു പൗലോസ്‌ ഉറപ്പു​വ​രു​ത്തി. (2 കൊരി​ന്ത്യർ 8:18-21 വായി​ക്കുക.) ഇക്കാലത്ത്‌ എസ്ര​യെ​യും പൗലോ​സി​നെ​യും അനുക​രി​ച്ചു​കൊണ്ട്‌ നമ്മുടെ സംഘട​ന​യും സംഭാ​വ​ന​യാ​യി ലഭിക്കുന്ന പണം കൈകാ​ര്യം ചെയ്യു​ക​യും ചെലവ​ഴി​ക്കു​ക​യും ചെയ്യുന്ന കാര്യ​ത്തിൽ കർശന​മായ നടപടി​ക്ര​മങ്ങൾ പിൻപ​റ്റു​ന്നു.

13. സംഘടന അടുത്ത കാലത്ത്‌ കാര്യങ്ങൾ ലളിത​മാ​ക്കി​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

13 ഒരു കുടും​ബം ചില​പ്പോൾ, വരവി​നു​ള്ളിൽ ചെലവു​കൾ ഒതുക്കി​നി​റു​ത്തു​ന്ന​തി​നോ ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ ചെലവ്‌ ചുരുക്കി ജീവിതം ലളിത​മാ​ക്കു​ന്ന​തി​നോ വേണ്ടി ചില മാറ്റങ്ങ​ളൊ​ക്കെ വരുത്തി​യേ​ക്കാം. യഹോ​വ​യു​ടെ സംഘട​ന​യു​ടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌. അടുത്ത കാലത്ത്‌, ആവേശ​ക​ര​മായ പല പുതിയ പരിപാ​ടി​ക​ളും തുടങ്ങി​യി​ട്ടുണ്ട്‌. അതു കാരണം ഇടയ്‌ക്കൊ​ക്കെ വരവി​നെ​ക്കാൾ അധികം ചെലവു​ണ്ടാ​കു​ന്നു. അതു​കൊണ്ട്‌ പല കാര്യ​ങ്ങ​ളും വെട്ടി​ച്ചു​രു​ക്കി ചെലവ്‌ കുറച്ചു​കൊണ്ട്‌ നിങ്ങൾ ഉദാര​മാ​യി നൽകുന്ന സംഭാ​വ​നകൾ നന്നായി ഉപയോ​ഗി​ക്കാൻ സംഘടന ശ്രമി​ക്കു​ന്നു.

നിങ്ങളു​ടെ സംഭാ​വ​ന​കൾകൊണ്ട്‌ ചെയ്യു​ന്നത്‌

നിങ്ങളുടെ സംഭാ​വ​നകൾ നമ്മുടെ ലോക​വ്യാ​പ​ക​പ്ര​വർത്ത​നത്തെ സഹായി​ക്കും (14-16 ഖണ്ഡികകൾ കാണുക)

14-16. (എ) നിങ്ങളു​ടെ സംഭാ​വ​ന​കൾകൊണ്ട്‌ എന്തൊക്കെ പ്രയോ​ജ​ന​ങ്ങ​ളു​ണ്ടാ​കു​ന്നു? (ബി) ഈ കരുത​ലു​ക​ളിൽനിന്ന്‌ നിങ്ങൾ വ്യക്തി​പ​ര​മാ​യി എങ്ങനെ​യാ​ണു പ്രയോ​ജനം നേടി​യി​രി​ക്കു​ന്നത്‌?

14 ഇതു​പോ​ലെ ആത്മീയ​വി​ഭ​വ​ങ്ങൾകൊണ്ട്‌ സമൃദ്ധ​മായ ഒരു സമയം മുമ്പൊ​രി​ക്ക​ലും കണ്ടിട്ടില്ല എന്നു ദീർഘ​കാ​ല​മാ​യി യഹോ​വയെ സേവി​ക്കുന്ന പല സഹോ​ദ​ര​ങ്ങ​ളും പറയാ​റുണ്ട്‌. അതു ശരിയല്ലേ? അടുത്ത കാലത്താ​യി നമ്മൾ jw.org വെബ്‌​സൈ​റ്റും JW പ്രക്ഷേ​പ​ണ​വും ആരംഭി​ച്ചു. വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാ​ന്തരം കൂടുതൽ ഭാഷക​ളിൽ പ്രസി​ദ്ധീ​ക​രി​ച്ചു. 2014-15-ലെ “ഒന്നാമത്‌ ദൈവ​രാ​ജ്യം അന്വേ​ഷി​ക്കു​വിൻ!” ത്രിദിന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷന്‌, ലോക​ത്തി​നു ചുറ്റു​മുള്ള 14 നഗരങ്ങ​ളി​ലെ ഏറ്റവും വലിയ സ്റ്റേഡി​യ​ങ്ങ​ളാ​ണു വേദി​യാ​യത്‌. കൂടി​വ​ന്ന​വർക്കെ​ല്ലാം ആവേശ​മു​ണർത്തുന്ന അനുഭ​വ​മാ​യി​രു​ന്നു അത്‌.

15 യഹോ​വ​യു​ടെ സംഘട​ന​യിൽനിന്ന്‌ ലഭിക്കുന്ന സമ്മാനങ്ങൾ തങ്ങൾ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നെന്നു പലരും പറഞ്ഞി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, JW പ്രക്ഷേ​പ​ണ​ത്തെ​ക്കു​റിച്ച്‌ ഏഷ്യയി​ലെ ഒരു രാജ്യത്ത്‌ സേവി​ക്കുന്ന ഒരു ദമ്പതികൾ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ഒരു ചെറിയ പട്ടണത്തി​ലാ​ണു ഞങ്ങൾക്കു നിയമനം കിട്ടി​യത്‌. അതു​കൊണ്ട്‌ ഞങ്ങൾക്കു ചില​പ്പോൾ ഒറ്റപ്പെ​ട്ട​തു​പോ​ലെ തോന്നും, യഹോ​വ​യു​ടെ വേല ഭൂവ്യാ​പ​ക​മാ​യി നടക്കുന്ന ഒന്നാണ്‌ എന്ന കാര്യം എളുപ്പം മറന്നു​പോ​കും. പക്ഷേ JW പ്രക്ഷേ​പ​ണ​ത്തി​ലെ വ്യത്യ​സ്‌ത​പ​രി​പാ​ടി​കൾ കാണു​മ്പോൾ, ഞങ്ങൾ ഒരു ആഗോള സഹോ​ദ​ര​കു​ടും​ബ​ത്തി​ന്റെ ഭാഗമാണ്‌ എന്ന കാര്യം ഞങ്ങളുടെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തും. ഇവിടു​ത്തെ നമ്മുടെ പ്രിയ സഹോ​ദ​ര​ങ്ങ​ളും JW പ്രക്ഷേ​പണം ആവേശ​ത്തോ​ടെ​യാ​ണു സ്വീക​രി​ക്കു​ന്നത്‌. പ്രതി​മാ​സ​പ​രി​പാ​ടി​കൾ കാണു​മ്പോൾ ഭരണസം​ഘ​ത്തി​ലെ അംഗങ്ങ​ളോ​ടു കൂടുതൽ അടുപ്പം തോന്നു​ന്നെന്ന്‌ അവർ പറയാ​റുണ്ട്‌. ദൈവ​ത്തി​ന്റെ സംഘട​ന​യു​ടെ ഭാഗമാ​യി​രി​ക്കു​ന്ന​തിൽ മുമ്പൊ​രി​ക്ക​ലും തോന്നി​യി​ട്ടി​ല്ലാത്ത അഭിമാ​ന​മുണ്ട്‌ അവർക്ക്‌.”

16 ലോക​മെ​ങ്ങു​മാ​യി ഏകദേശം 2,500 രാജ്യ​ഹാ​ളു​ക​ളാണ്‌ ഇപ്പോൾ പുതു​താ​യി നിർമി​ക്കു​ക​യോ പുതു​ക്കി​പ്പ​ണി​യു​ക​യോ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌. പുതിയ രാജ്യ​ഹാ​ളിൽ മീറ്റി​ങ്ങു​കൾ കൂടി​യ​ശേഷം ഹോണ്ടു​റാ​സി​ലെ ഒരു സഭയിലെ സഹോ​ദ​രങ്ങൾ ഇങ്ങനെ എഴുതി: “സ്വന്തമാ​യി ഒരു രാജ്യ​ഹാൾ എന്ന സ്വപ്‌നം പൂവണി​യാൻ യഹോ​വ​യു​ടെ അഖിലാ​ണ്ഡ​കു​ടും​ബ​വും നമ്മുടെ ആഗോള സഹോ​ദ​ര​കു​ടും​ബ​വും ഞങ്ങളെ സഹായി​ച്ചു. ഇവയുടെ ഭാഗമാ​യി​രി​ക്കാൻ കഴിയു​ന്ന​തിൽ ഞങ്ങൾക്ക്‌ അങ്ങേയറ്റം സന്തോഷം തോന്നു​ന്നു.” ദുരന്ത​ങ്ങ​ളിൽ എല്ലാം നഷ്ടപ്പെ​ടു​ന്ന​വർക്കു സഹായം ലഭിക്കു​മ്പോ​ഴും സ്വന്തം ഭാഷയിൽ ബൈബി​ളും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും കിട്ടു​മ്പോ​ഴും വൻനഗ​ര​ങ്ങ​ളി​ലെ സാക്ഷീ​ക​ര​ണ​ത്തി​ന്റെ​യും പരസ്യ​സാ​ക്ഷീ​ക​ര​ണ​ത്തി​ന്റെ​യും നല്ല ഫലങ്ങൾ കാണു​മ്പോ​ഴും സമാന​മായ നന്ദിയും വിലമ​തി​പ്പും മറ്റു പലരും അറിയി​ക്കാ​റുണ്ട്‌.

17. ഇന്നു സംഘടന പ്രവർത്തി​ക്കുന്ന വിധം യഹോവ നമ്മളെ പിന്തു​ണ​യ്‌ക്കു​ന്നുണ്ട്‌ എന്നു തെളി​യി​ക്കു​ന്നത്‌ എങ്ങനെ?

17 ആളുകൾ മനസ്സോ​ടെ കൊടു​ക്കുന്ന സംഭാ​വ​ന​കൾകൊണ്ട്‌ ഇത്രയ​ധി​കം പ്രവർത്ത​നങ്ങൾ എങ്ങനെ​യാ​ണു മുന്നോ​ട്ടു​പോ​കു​ന്ന​തെന്നു പുറത്തു​ള്ള​വർക്കു പിടി​കി​ട്ടു​ന്നില്ല. ഒരിക്കൽ വലിയ ഒരു കമ്പനി​യു​ടെ മേധാ​വി​ക​ളിൽ ഒരാൾ നമ്മുടെ ഒരു അച്ചടി​ശാല സന്ദർശി​ച്ചു. സ്വമേ​ധാ​സേ​വ​ക​രാണ്‌ അവിടത്തെ ജോലി​യെ​ല്ലാം ചെയ്യു​ന്ന​തെ​ന്നും വിൽപ്പ​ന​യോ പണമു​ണ്ടാ​ക്കാ​നുള്ള മറ്റു പ്രവർത്ത​ന​ങ്ങ​ളോ ഒന്നുമി​ല്ലാ​തെ ആളുകൾ കൊടു​ക്കുന്ന സംഭാ​വ​ന​കൾകൊണ്ട്‌ മാത്ര​മാണ്‌ അത്‌ നടക്കു​ന്ന​തെ​ന്നും അറിഞ്ഞ​പ്പോൾ അദ്ദേഹ​ത്തി​നു വിശ്വ​സി​ക്കാ​നാ​യില്ല. ഇങ്ങനെ​യൊ​ക്കെ നടക്കു​മോ എന്ന്‌ അദ്ദേഹം അത്ഭുത​പ്പെ​ട്ടു​പോ​യി. ശരിയാണ്‌, നമ്മളും സമ്മതി​ക്കു​ന്നു! യഹോ​വ​യു​ടെ പിന്തു​ണ​യു​ള്ള​തു​കൊണ്ട്‌ മാത്ര​മാണ്‌ ഈ പ്രവർത്തനം നടക്കു​ന്നത്‌.​—ഇയ്യോ. 42:2.

യഹോ​വ​യ്‌ക്കു തിരികെ കൊടു​ക്കു​ന്ന​തി​ന്റെ അനു​ഗ്ര​ഹ​ങ്ങൾ

18. (എ) ദൈവ​രാ​ജ്യ​ത്തെ പിന്തു​ണ​യ്‌ക്കു​മ്പോൾ നമുക്ക്‌ എന്തൊക്കെ അനു​ഗ്ര​ഹങ്ങൾ ലഭിക്കും? (ബി) കൊടു​ക്കുന്ന കാര്യ​ത്തിൽ പുതി​യ​വ​രെ​യും മക്കളെ​യും നമുക്ക്‌ എങ്ങനെ പരിശീ​ലി​പ്പി​ക്കാം?

18 ഇന്നു നടക്കുന്ന അതിമ​ഹ​ത്തായ വേലയിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാൻ യഹോവ നമുക്ക്‌ അവസരം തന്നിരി​ക്കു​ന്നു. ദൈവ​രാ​ജ്യ​ത്തെ പിന്തു​ണ​യ്‌ക്കാ​നാ​യി ചെയ്യുന്ന കാര്യ​ങ്ങൾക്ക്‌ നിശ്ചയ​മാ​യും നമുക്ക്‌ അനു​ഗ്ര​ഹങ്ങൾ തരും എന്ന്‌ യഹോവ വാക്കു തന്നിരി​ക്കു​ന്നു. (മലാ. 3:10) ഉദാര​മാ​യി കൊടു​ക്കു​ന്ന​വനു സമൃദ്ധി​യു​ണ്ടാ​കും എന്ന്‌ യഹോവ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. (സുഭാ​ഷി​തങ്ങൾ 11:24, 25 വായി​ക്കുക.) കൊടു​ക്കു​ന്നതു നമ്മളെ​യും സന്തോ​ഷി​പ്പി​ക്കും, കാരണം, “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.” (പ്രവൃ. 20:35) ഇക്കാര്യ​ത്തിൽ നമ്മുടെ മക്കളെ​യും പുതി​യ​വ​രെ​യും പരിശീ​ലി​പ്പി​ക്കാ​നുള്ള പദവി നമുക്കുണ്ട്‌. കൊടു​ക്കു​ന്ന​തിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാ​നും അതിന്റെ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാ​നും വാക്കി​ലൂ​ടെ​യും മാതൃ​ക​യി​ലൂ​ടെ​യും നമുക്ക്‌ അവരെ പഠിപ്പി​ക്കാം.

19. ഈ ലേഖനം എന്തു ചെയ്യാൻ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു?

19 നമുക്കു​ള്ള​തെ​ല്ലാം യഹോ​വ​യിൽനിന്ന്‌ കിട്ടി​യ​താണ്‌. യഹോ​വ​യ്‌ക്കു തിരികെ കൊടു​ക്കു​ന്ന​തി​ലൂ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും നമുക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങൾക്കെ​ല്ലാം നന്ദിയു​ള്ള​വ​രാ​ണെ​ന്നും നമ്മൾ തെളി​യി​ക്കു​ക​യാണ്‌. (1 ദിന. 29:17) ആലയം​പ​ണി​ക്കു സംഭാവന ചെയ്‌ത​പ്പോൾ, “തങ്ങൾ മനസ്സോ​ടെ നൽകിയ . . . കാഴ്‌ചകൾ നിമിത്തം ജനം വളരെ സന്തോ​ഷി​ച്ചു. കാരണം പൂർണ​ഹൃ​ദ​യ​ത്തോ​ടെ​യാണ്‌ അവർ അത്‌ യഹോ​വ​യ്‌ക്കു നൽകി​യത്‌.” (1 ദിന. 29:9) യഹോ​വ​യു​ടെ കൈയിൽനിന്ന്‌ നമുക്കു ലഭിച്ചതു തിരികെ കൊടു​ക്കു​ന്ന​തി​ന്റെ സന്തോ​ഷ​വും സംതൃ​പ്‌തി​യും നമുക്കു തുടർന്നും ആസ്വദി​ക്കാം.