സ്മാരകാചരണവും നമുക്ക് ഇടയിലെ യോജിപ്പും
“ഒരുമയോടെ കഴിയുന്നത് എത്ര നല്ലത്! എത്ര രസകരം!”—സങ്കീ. 133:1.
1, 2. നമ്മളെ ഐക്യത്തിൽ ഒന്നിപ്പിക്കുന്ന ഏത് ആചരണമാണ് 2018-ൽ നടക്കാൻ പോകുന്നത്, എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
ദിവസം 2018 മാർച്ച് 31 ശനിയാഴ്ച. സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ മറയാൻപോകുകയാണ്. ദൈവജനവും താത്പര്യക്കാരായ അനേകരും കർത്താവിന്റെ അത്താഴത്തിന്റെ വാർഷികാചരണത്തിനായി അന്നേ ദിവസം കൂടിവരും. ഭൂഗോളം അതിന്റെ അച്ചുതണ്ടിൽ തിരിയവെ, ലോകത്തിന്റെ പല ഭാഗങ്ങളിലായി ക്രിസ്തുവിന്റെ മരണത്തെ ഓർമിക്കാൻ ദശലക്ഷങ്ങൾ ഒത്തുചേരും. ആണ്ടിലൊരിക്കൽ നടക്കുന്ന ഈ ആചരണംപോലെ ഐക്യം വിളിച്ചോതുന്ന മറ്റൊരു സംഭവവും ഈ ഭൂമുഖത്തില്ല!
2 ആ ദിവസത്തിന്റെ ഓരോ മണിക്കൂറിലും ലക്ഷക്കണക്കിന് ആളുകൾ ഭൂമിയുടെ പല ഭാഗങ്ങളിൽ ഈ പ്രത്യേക ആചരണത്തിൽ പങ്കെടുക്കും. അതു കാണുന്ന യഹോവയുടെയും യേശുവിന്റെയും സന്തോഷം നമുക്കു ഭാവനയിൽ കാണാനേ സാധിക്കൂ! “എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള, ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു മഹാപുരുഷാരം . . . ‘നമുക്കു ലഭിച്ച രക്ഷയ്ക്കു നമ്മൾ, സിംഹാസനത്തിൽ ഇരിക്കുന്ന നമ്മുടെ ദൈവത്തോടും കുഞ്ഞാടിനോടും കടപ്പെട്ടിരിക്കുന്നു’” എന്ന് ഉറക്കെ പറയുന്നതായി ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (വെളി. 7:9, 10) വർഷംതോറും സ്മാരകം ആചരിച്ചുകൊണ്ട് യഹോവയെയും യേശുവിനെയും ആദരിക്കുന്നത് എത്ര മഹത്തായ ഒരു കാര്യമാണ്!
3. ഈ ലേഖനം ഏതെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം തരും?
3 ഇതിനോടുള്ള ബന്ധത്തിൽ പിൻവരുന്ന ചില ചോദ്യങ്ങൾ നമ്മൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും. (1) നമുക്ക് ഓരോരുത്തർക്കും എങ്ങനെ സ്മാരകാചരണത്തിനായി ഒരുങ്ങാം, അതിൽനിന്ന് പ്രയോജനം നേടാം? (2) ഏതു വിധങ്ങളിലാണു സ്മാരകം ദൈവജനത്തിന് ഇടയിലെ ഐക്യം ഉന്നമിപ്പിക്കുന്നത്? (3) വ്യക്തികളെന്ന നിലയിൽ നമുക്ക് എങ്ങനെ ഐക്യത്തിനു സംഭാവന ചെയ്യാൻ കഴിയും? (4) ഒരു അവസാന സ്മാരകാചരണം എന്നെങ്കിലും ഉണ്ടാകുമോ, ഉണ്ടെങ്കിൽ എപ്പോൾ?
സ്മാരകാചരണത്തിനായി ഒരുങ്ങാം, പ്രയോജനം നേടാം
4. എന്തു ശ്രമം ചെയ്തും സ്മാരകാചരണത്തിനു കൂടിവരേണ്ടത് എന്തുകൊണ്ട്?
4 സ്മാരകത്തിൽ പങ്കെടുക്കേണ്ടത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? സഭായോഗങ്ങൾ നമ്മുടെ ആരാധനയുടെ ഭാഗമാണെന്ന് ഓർക്കുക. വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട സഭായോഗമാണു സ്മാരകാചരണം. അതിൽ പങ്കെടുക്കാനായി ആരൊക്കെയാണു ശ്രമം ചെയ്യുന്നതെന്ന് യഹോവയും യേശുവും ഉറപ്പായും ശ്രദ്ധിക്കും. അതുകൊണ്ട്, തീർത്തും ബുദ്ധിമുട്ടിലാക്കുന്ന ശാരീരികപ്രശ്നങ്ങളോ മറ്റു സാഹചര്യങ്ങളോ ഇല്ലെങ്കിൽ നമ്മൾ സ്മാരകാചരണത്തിനു തീർച്ചയായും കൂടിവരും. ആരാധനയ്ക്കായി കൂടിവരുന്നതു നമ്മൾ വളരെ പ്രധാനമായി കാണുന്നെന്നു പ്രവൃത്തികളാൽ തെളിയിക്കുക. അപ്പോൾ ദൈവത്തിന്റെ “ഓർമപ്പുസ്തകത്തിൽ” അതായത്, നിത്യജീവന്റെ നിരയിലേക്കു വരുന്നവരുടെ പേരുകൾ എഴുതുന്ന “ജീവന്റെ പുസ്തകത്തിൽ,” നമ്മുടെ പേര് എഴുതാനായി നമ്മൾ യഹോവയ്ക്കു മറ്റൊരു കാരണംകൂടി നൽകുകയാണ്.—മലാ. 3:16; വെളി. 20:15.
5. നമ്മൾ “വിശ്വാസത്തിൽത്തന്നെയാണോ എന്നു” സ്മാരകത്തിനു മുമ്പുള്ള ദിവസങ്ങളിൽ നമുക്ക് എങ്ങനെ ‘പരിശോധിക്കാം?’
5 സ്മാരകത്തിനു മുമ്പുള്ള ദിവസങ്ങളിൽ, യഹോവയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രാർഥനാപൂർവം ചിന്തിക്കാൻ നമുക്ക് ഓരോരുത്തർക്കും സമയം മാറ്റിവെക്കാം. (2 കൊരിന്ത്യർ 13:5 വായിക്കുക.) നമുക്ക് അത് എങ്ങനെ ചെയ്യാം? നമ്മൾ ‘വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിക്കുന്നതിലൂടെ.’ അങ്ങനെ ഒരു പരിശോധന നടത്താൻ പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക: ‘തന്റെ ഇഷ്ടം നിവർത്തിക്കാനായി യഹോവ ഉപയോഗിക്കുന്ന ഒരേ ഒരു സംഘടനയുടെ ഭാഗമാണു ഞാൻ എന്ന് എനിക്കു വിശ്വാസമുണ്ടോ? ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്യുന്നുണ്ടോ? ഇത് അവസാനനാളുകളാണെന്നും സാത്താന്റെ ഭരണത്തിന് ഉടൻ തിരശ്ശീല വീഴാൻ പോകുകയാണെന്നും എനിക്ക് ഉറപ്പുണ്ടെന്ന് എന്റെ പ്രവൃത്തികൾ തെളിയിക്കുന്നുണ്ടോ? ജീവിതം യഹോവയ്ക്കു സമർപ്പിച്ച സമയത്ത് എനിക്ക് യഹോവയിലും യേശുക്രിസ്തുവിലും ഉണ്ടായിരുന്ന അതേ വിശ്വാസം ഇപ്പോഴുമുണ്ടോ?’ (മത്താ. 24:14; 2 തിമൊ. 3:1; എബ്രാ. 3:14) ഈ ചോദ്യങ്ങളെക്കുറിച്ച് കാര്യമായൊന്നു ചിന്തിക്കുക. നമ്മൾ എങ്ങനെയുള്ളവരാണെന്നു പരീക്ഷിച്ച് ഉറപ്പുവരുത്താൻ അതു നമ്മളെ സഹായിക്കും.
6. (എ) ജീവനിലേക്കുള്ള ഒരേ ഒരു വഴി ഏതാണ്? (ബി) ഓരോ വർഷവും സ്മാരകത്തിന് ഒരുങ്ങാനായി ഒരു മൂപ്പൻ എന്താണു ചെയ്യുന്നത്, അതുപോലെ നിങ്ങൾക്ക് എങ്ങനെ സ്മാരകത്തിനായി ഒരുങ്ങാം?
6 സ്മാരകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ലേഖനങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. (യോഹന്നാൻ 3:16; 17:3 വായിക്കുക.) നിത്യജീവനിലേക്കുള്ള ഒരേ ഒരു വഴി യഹോവയെ അറിയുന്നതും ദൈവത്തിന്റെ ഏകജാതപുത്രനായ യേശുവിൽ വിശ്വസിക്കുന്നതും ആണ്. സ്മാരകത്തിനു തയ്യാറെടുക്കുമ്പോൾ യഹോവയോടും യേശുവിനോടും കൂടുതൽ അടുക്കാൻ സഹായിക്കുന്ന ചില പഠനപരിപാടികൾ നിങ്ങൾക്ക് ആസൂത്രണം ചെയ്യാനാകുമോ? വളരെക്കാലമായി മൂപ്പനായി സേവിക്കുന്ന ഒരു സഹോദരൻ എന്താണു ചെയ്യുന്നതെന്നു നോക്കാം. സ്മാരകത്തെക്കുറിച്ചും യഹോവയും യേശുവും നമ്മളോടു കാണിച്ച സ്നേഹത്തെക്കുറിച്ചും ചർച്ച ചെയ്യുന്ന പല വർഷങ്ങളിലെ വീക്ഷാഗോപുരലേഖനങ്ങൾ അദ്ദേഹം ശേഖരിച്ചു. സ്മാരകത്തിനു മുമ്പുള്ള ആഴ്ചകളിൽ അദ്ദേഹം ഈ ലേഖനങ്ങൾ വീണ്ടും വായിക്കുകയും ഈ ആചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ തന്റെ ശേഖരത്തിലേക്ക് അദ്ദേഹം ഒന്നോ രണ്ടോ ലേഖനങ്ങൾ കൂട്ടിച്ചേർക്കും. ഈ ലേഖനങ്ങളും സ്മാരക ബൈബിൾവായനാഭാഗവും വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിലൂടെ പുതിയപുതിയ കാര്യങ്ങൾ ഓരോ വർഷവും പഠിക്കാനാകുന്നു എന്ന് അദ്ദേഹം പറയുന്നു. വർഷങ്ങൾ കടന്നുപോകുംതോറും യഹോവയോടും യേശുവിനോടും ഉള്ള സ്നേഹം കൂടിക്കൂടി വരുന്നതായി അദ്ദേഹത്തിനു തോന്നുന്നു. ഇങ്ങനെയൊരു പഠനപരിപാടിയുണ്ടെങ്കിൽ യഹോവയോടും യേശുവിനോടും ഉള്ള നിങ്ങളുടെ സ്നേഹവും ആഴമുള്ളതാകും. അതു സ്മാരകാചരണത്തിൽനിന്ന് കൂടുതൽ പ്രയോജനം നേടാൻ നിങ്ങളെ സഹായിക്കും.
സ്മാരകവും നമുക്ക് ഇടയിലെ യോജിപ്പും തമ്മിലുള്ള ബന്ധം
7. (എ) കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയ രാത്രിയിൽ യേശു എന്താണു പ്രാർഥിച്ചത്? (ബി) യേശുവിന്റെ പ്രാർഥനയ്ക്ക് യഹോവ ഉത്തരം കൊടുത്തെന്ന് എന്തു കാണിക്കുന്നു?
7 കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയ ആ രാത്രിയിൽ, തന്റെ അനുഗാമികൾ എല്ലാവരും യോജിപ്പിലായിരിക്കാനും താനും പിതാവും ആസ്വദിക്കുന്ന അമൂല്യമായ ഐക്യം അവർക്കിടയിലുണ്ടാകാനും യേശു അപേക്ഷിച്ചു. (യോഹന്നാൻ 17:20, 21 വായിക്കുക.) തന്റെ പ്രിയമകന്റെ ആ പ്രാർഥനയ്ക്ക് യഹോവ ഉത്തരം നൽകിയിരിക്കുന്നു, ഇന്നു ദശലക്ഷങ്ങൾ യഹോവയാണു തന്റെ മകനെ അയച്ചതെന്നു വിശ്വസിക്കുന്നു. ദൈവജനത്തിന്റെ മറ്റെല്ലാ യോഗങ്ങളെക്കാളും സ്മാരകാചരണം യഹോവയുടെ സാക്ഷികളുടെ യോജിപ്പിന് അനിഷേധ്യമായ തെളിവ് നൽകുന്നുണ്ട്. പല രാജ്യക്കാരും പല നിറക്കാരും ആയ ആളുകൾ ഭൂമിയിലെങ്ങുമുള്ള യോഗസ്ഥലങ്ങളിൽ അന്നേ ദിവസം ഒരുമിച്ചുകൂടുന്നു. വ്യത്യസ്തവർഗക്കാർ മതപരമായ ഒരു യോഗത്തിന് ഒരുമിച്ച് കൂടിവരുന്നതു ചില പ്രദേശങ്ങളിൽ കേട്ടുകേൾവിപോലുമില്ലാത്തതാണ്. ചിലർ അതിനെ പുച്ഛത്തോടെയാണു കാണുന്നത്. പക്ഷേ, യഹോവയുടെയും യേശുവിന്റെയും കണ്ണുകളിൽ അത്തരം യോജിപ്പ് എത്ര മനോഹരമാണ്!
8. ഐക്യത്തെക്കുറിച്ച് യഹോവ യഹസ്കേലിന് എന്തു സന്ദേശമാണു കൊടുത്തത്?
8 യഹോവയുടെ ജനമായ നമ്മൾ ആസ്വദിക്കുന്ന ഐക്യത്തിൽ നമുക്ക് ഒട്ടും അത്ഭുതമില്ല. കാരണം യഹോവ അതു മുൻകൂട്ടിപ്പറഞ്ഞിട്ടുള്ളതാണ്. ‘യഹൂദയ്ക്കുള്ള വടിയും’ ‘യോസേഫിനുള്ള വടിയും’ ചേർത്ത് ഒറ്റ വടിയാക്കുന്നതിനെക്കുറിച്ചുള്ള ഒരു സന്ദേശം യഹോവ യഹസ്കേൽ പ്രവാചകനു കൊടുത്തു. (യഹസ്കേൽ 37:15-17 വായിക്കുക.) 2016 ജൂലൈ ലക്കം വീക്ഷാഗോപുരത്തിന്റെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” അതെക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചു: “വാഗ്ദത്തദേശത്തേക്കു മടങ്ങിവന്നതിനു ശേഷം ഇസ്രായേൽ ജനം ഒന്നായിത്തീരും എന്ന പ്രത്യാശയുടെ സന്ദേശം യഹോവ യഹസ്കേലിനു നൽകി. അന്ത്യകാലത്ത് ദൈവത്തെ ആരാധിക്കുന്നവരും ഒരൊറ്റ ജനമായിത്തീരും എന്ന് ആ പ്രവചനം മുൻകൂട്ടിപ്പറഞ്ഞു.”
9. ഓരോ വർഷത്തെയും സ്മാരകം യഹസ്കേലിന്റെ പ്രവചനത്തിന്റെ നിവൃത്തിക്കു തെളിവ് നൽകുന്നത് എങ്ങനെ?
9 ‘യഹൂദയ്ക്കുള്ള വടി’ പ്രതീകപ്പെടുത്തുന്നത് അഭിഷിക്തരെയാണ്. അവരെ യഹോവ 1919 മുതൽ പുനഃസംഘടിപ്പിക്കാനും വീണ്ടും കൂട്ടിച്ചേർക്കാനും തുടങ്ങി. പിന്നീട്, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ള ധാരാളം പേർ അഭിഷിക്തരോടു ചേർന്നുതുടങ്ങി. അവരെയാണു ‘യോസേഫിനുള്ള വടി’ പ്രതീകപ്പെടുത്തുന്നത്. ആ രണ്ടു കൂട്ടരും ചേർന്ന് ‘ഒറ്റ ആട്ടിൻകൂട്ടമായി.’ (യോഹ. 10:16; സെഖ. 8:23) ഈ രണ്ടു വടികളെയും ചേർത്ത് തന്റെ കൈയിൽ ഒറ്റ വടിയാക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു. (യഹ. 37:19) ഇന്നു രണ്ടു കൂട്ടരും ഐക്യത്തോടെ ഒരൊറ്റ രാജാവിന്റെ കീഴിൽ സേവിക്കുന്നു. ദൈവത്തിന്റെ “ദാസനായ ദാവീദ്” എന്നു പ്രാവചനികമായി വിളിച്ചിരിക്കുന്ന മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തുവാണ് ആ രാജാവ്. (യഹ. 37:24, 25) ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിന് അഭിഷിക്തശേഷിപ്പും വേറെ ആടുകളും ഒരുമിച്ച് കൂടിവരുമ്പോൾ യഹസ്കേലിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന അമൂല്യമായ ഈ ഐക്യം എല്ലാവർക്കും ദൃശ്യമാകുന്നു. എങ്കിലും ഈ യോജിപ്പു കാത്തുസൂക്ഷിക്കുന്നതിലും പരിരക്ഷിക്കുന്നതിലും നമുക്ക് ഓരോരുത്തർക്കും പങ്കുണ്ട്. നമ്മൾ എന്താണു ചെയ്യേണ്ടത്?
ഐക്യം വർധിപ്പിക്കാൻ നമുക്കു ചെയ്യാനാകുന്നത്
10. ദൈവജനത്തിന് ഇടയിലെ ഐക്യം വർധിപ്പിക്കാൻ നമുക്ക് എന്തു ചെയ്യാം?
10 ദൈവജനത്തിന് ഇടയിലെ ഐക്യം വർധിപ്പിക്കാൻ നമ്മൾ ചെയ്യേണ്ട ഒരു കാര്യം താഴ്മ വളർത്തിയെടുക്കുക എന്നതാണ്. തങ്ങളെത്തന്നെ താഴ്ത്താൻ ഭൂമിയിലായിരുന്നപ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു. (മത്താ. 23:12) ഇന്നു മറ്റുള്ളവരെക്കാൾ ഉയർന്നുനിൽക്കാനാണു ലോകത്തിന്റെ ആത്മാവ് ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നാൽ, നമ്മൾ താഴ്മയുള്ളവരാണെങ്കിൽ ആ ആത്മാവ് നമ്മളെ സ്വാധീനിക്കില്ല. പകരം നേതൃത്വമെടുക്കുന്നവർക്കു കീഴടങ്ങിയിരിക്കാൻ താഴ്മ നമ്മളെ സഹായിക്കും. അനുസരണത്തിന്റെ അത്തരം ഒരു ആത്മാവ് സഹോദരങ്ങൾക്കിടയിലെ ഐക്യത്തിന് അനിവാര്യമാണ്. എല്ലാത്തിനും ഉപരി, താഴ്മയുള്ളവരാണെങ്കിൽ നമുക്ക് യഹോവയുടെ പ്രീതി ലഭിക്കും. “കാരണം ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു; എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാട്ടുന്നു.”—1 പത്രോ. 5:5.
11. ഐക്യം വർധിപ്പിക്കാൻ സ്മാരകചിഹ്നങ്ങളുടെ അർഥത്തെക്കുറിച്ച് ചിന്തിക്കുന്നതു നമ്മളെ സഹായിക്കുന്നത് എങ്ങനെ?
11 സ്മാരകത്തിന് ഉപയോഗിക്കുന്ന ചിഹ്നങ്ങളുടെ അർഥത്തെക്കുറിച്ച് ചിന്തിക്കുന്നതാണ് ഐക്യം വർധിപ്പിക്കാൻ നമുക്കു ചെയ്യാനാകുന്ന രണ്ടാമത്തെ കാര്യം. സ്മാരകദിവസത്തിനു മുമ്പും അതു നടക്കുന്ന രാത്രിയിലും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ചുവന്ന വീഞ്ഞിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുക. (1 കൊരി. 11:23-25) അപ്പം പ്രതിനിധാനം ചെയ്യുന്നതു യേശു ബലിയായി അർപ്പിച്ച പാപരഹിതമായ ശരീരത്തെയാണ്. വീഞ്ഞു യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തെയും. പക്ഷേ, ആ ചിഹ്നങ്ങൾ എന്താണ് അർഥമാക്കുന്നതെന്നു വെറുതേ മനസ്സിലാക്കിയാൽ മാത്രം പോരാ. അതിന്റെ പിന്നിലെ സ്നേഹം നമ്മൾ കാണണം. നമുക്കുവേണ്ടി തന്റെ മകനെ തരാൻ യഹോവ കാണിച്ച സ്നേഹം, മനസ്സോടെ തന്റെ ജീവൻ തരാൻ യേശു കാണിച്ച സ്നേഹം. സ്നേഹത്തിന്റെ ഏറ്റവും വലിയ രണ്ടു പ്രവൃത്തികൾ! അവരുടെ സ്നേഹത്തെക്കുറിച്ച് ചിന്തിക്കുന്നത് അവരെ തിരിച്ച് സ്നേഹിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. യഹോവയോടു നമുക്കും നമ്മുടെ സഹാരാധകർക്കും ഉള്ള സ്നേഹം നമ്മളെ ഒറ്റക്കെട്ടായി നിറുത്തുന്ന ഒരു ചരടുപോലെയാണ്. അതു നമ്മുടെ ഐക്യത്തിന്റെ ചങ്ങല ബലിഷ്ഠമാക്കുന്നു.
12. അടിമകളുമായി കണക്കു തീർക്കുന്ന രാജാവിന്റെ ദൃഷ്ടാന്തം പറഞ്ഞുകൊണ്ട് നമ്മൾ ക്ഷമിക്കാൻ യഹോവ പ്രതീക്ഷിക്കുന്നെന്നു യേശു വ്യക്തമാക്കിയത് എങ്ങനെ?
12 മറ്റുള്ളവരോട് ഉദാരമായി ക്ഷമിക്കുന്നതാണ് ഐക്യം ഉന്നമിപ്പിക്കാൻ നമുക്കു ചെയ്യാനാകുന്ന മൂന്നാമത്തെ കാര്യം. നമ്മളെ നീരസപ്പെടുത്തുന്നവരോടു ക്ഷമിക്കുമ്പോൾ ക്രിസ്തുവിന്റെ ബലിയിലൂടെ നമ്മുടെ പാപങ്ങളുടെ ക്ഷമ സാധ്യമാക്കിയതിനു നന്ദിയുണ്ടെന്നു നമ്മൾ തെളിയിക്കുകയാണ്. മത്തായി 18:23-34 വരെയുള്ള വാക്യങ്ങളിൽ യേശു പറഞ്ഞ ദൃഷ്ടാന്തത്തെക്കുറിച്ച് ചിന്തിക്കുക. സ്വയം ചോദിക്കുക: ‘യേശു പഠിപ്പിച്ചത് അനുസരിക്കാൻ എനിക്കു ശരിക്കും തോന്നുന്നുണ്ടോ? ഞാൻ എന്റെ സഹോദരങ്ങളോടു ക്ഷമയോടെയാണോ ഇടപെടുന്നത്, അവരെ മനസ്സിലാക്കുന്നുണ്ടോ? എന്നോടു തെറ്റു ചെയ്തവരോടു ക്ഷമിക്കാൻ ഞാൻ ഒരുക്കമുള്ളവനാണോ?’ ഗൗരവം കുറഞ്ഞ തെറ്റുകളും ഗൗരവം കൂടിയ തെറ്റുകളും ഉണ്ട്. ചില തെറ്റുകൾ ക്ഷമിക്കാൻ അപൂർണരായ മനുഷ്യർക്ക് അത്ര എളുപ്പമല്ലെന്നതും ശരിയാണ്. പക്ഷേ, യഹോവ നമ്മളിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്ന് ഈ ദൃഷ്ടാന്തം നമ്മളെ പഠിപ്പിക്കുന്നു. (മത്തായി 18:35 വായിക്കുക.) ന്യായമായ അടിസ്ഥാനമുണ്ടായിട്ടും നമ്മൾ സഹോദരങ്ങളോടു ക്ഷമിക്കുന്നില്ലെങ്കിൽ യഹോവ നമ്മളോടും ക്ഷമിക്കില്ലെന്നു യേശു വ്യക്തമാക്കി. എത്ര പ്രധാനപ്പെട്ട ഒരു ആശയമാണിത്. യേശു നമ്മളെ പഠിപ്പിച്ചത് അനുസരിച്ചുകൊണ്ട് മറ്റുള്ളവരോടു ക്ഷമിക്കുമ്പോൾ നമുക്കിടയിലെ അമൂല്യമായ ഒത്തൊരുമ നമ്മൾ കാത്തുപരിപാലിക്കുകയാണ്.
13. ഐക്യം ഉന്നമിപ്പിക്കുന്നതിനായി സമാധാനമുണ്ടാക്കുന്നവരാണു നമ്മളെന്ന് എങ്ങനെ തെളിയിക്കാം?
13 മറ്റുള്ളവരോടു ക്ഷമിക്കുമ്പോൾ സമാധാനമുണ്ടാക്കുന്നവരാണു നമ്മളെന്നു തെളിയിക്കുകയാണ്. അപ്പോസ്തലനായ പൗലോസിന്റെ ഈ ഉപദേശം ഓർക്കുക: ‘നിങ്ങളെ ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ ആത്മാർഥമായി ശ്രമിക്കുക.’ (എഫെ. 4:3) മറ്റുള്ളവരോടു നമ്മൾ എങ്ങനെയാണ് ഇടപെടുന്നതെന്ന് ഈ സ്മാരകകാലത്തും സ്മാരകാചരണം നടക്കുന്ന രാത്രിയിലും ചിന്തിക്കുക. സ്വയം ചോദിക്കുക: ‘നീരസം വെച്ചുകൊണ്ടിരിക്കുന്ന ഒരാളല്ല എന്ന പേര് എനിക്കുണ്ടോ? സമാധാനവും ഐക്യവും ഉന്നമിപ്പിക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടോ?’ സ്മാരകകാലത്ത് ചിന്തിക്കേണ്ട ഗൗരവമുള്ള ചോദ്യങ്ങളാണ് ഇവ.
14. ‘സ്നേഹത്തോടെ എല്ലാവരുമായി ഒത്തുപോകുന്നെന്നു’ നമുക്ക് എങ്ങനെ തെളിയിക്കാം?
14 സ്നേഹത്തിന്റെ ദൈവമായ യഹോവയെ അനുകരിച്ചുകൊണ്ട് മറ്റുള്ളവരെ സ്നേഹിക്കുന്നതാണ് ഐക്യം ഉന്നമിപ്പിക്കാൻ നമുക്കു ചെയ്യാനാകുന്ന നാലാമത്തെ കാര്യം. (1 യോഹ. 4:8) നമ്മുടെ സഹാരാധകരെക്കുറിച്ച് ഇങ്ങനെയൊന്നു നമ്മൾ ഒരിക്കലും പറയില്ല: ‘അവരെ സ്നേഹിക്കാതെ നിവൃത്തിയില്ലല്ലോ, അല്ലാതെ എനിക്ക് അവരോട് ഇഷ്ടമുണ്ടായിട്ടൊന്നുമല്ല!’ അങ്ങനെ ചിന്തിക്കുന്നതു ‘സ്നേഹത്തോടെ എല്ലാവരുമായി ഒത്തുപോകണമെന്നുള്ള’ പൗലോസിന്റെ ഉപദേശത്തിനു നേർവിപരീതമാണ്. (എഫെ. 4:2) വെറുതേ ‘എല്ലാവരുമായി ഒത്തുപോകുക’ എന്നല്ല പൗലോസ് പറഞ്ഞത്. “സ്നേഹത്തോടെ” അതു ചെയ്യണമെന്നാണു പൗലോസ് പറഞ്ഞതെന്നു ശ്രദ്ധിക്കുക. അതു തമ്മിൽ ഒരു വ്യത്യാസമുണ്ട്. എല്ലാ തരത്തിലുമുള്ള ആളുകളെ യഹോവ തന്നിലേക്ക് ആകർഷിച്ചിരിക്കുന്നു. (യോഹ. 6:44) അവരോടു സ്നേഹം തോന്നുന്ന ഗുണങ്ങൾ ഉള്ളതുകൊണ്ടല്ലേ യഹോവ അവരെ ആകർഷിച്ചതും തന്റെ സഭയുടെ ഭാഗമാക്കിയതും? അങ്ങനെയെങ്കിൽ നമ്മുടെ ഒരു സഹോദരനെക്കുറിച്ച് ‘അദ്ദേഹത്തെ സ്നേഹിക്കാൻ എനിക്കു കഴിയില്ല’ എന്നു ചിന്തിക്കുന്നതിൽ ന്യായമുണ്ടോ? മറ്റുള്ളവരെ സ്നേഹിക്കാനാണ് യഹോവ നമ്മളോടു കല്പിച്ചിരിക്കുന്നത്. അതു ചെയ്യുന്നതിൽനിന്ന് നമ്മൾ പിന്മാറിനിൽക്കരുത്.—1 യോഹ. 4:20, 21.
അവസാനസ്മാരകം എന്നായിരിക്കും?
15. സ്മാരകാചരണം ഒരിക്കൽ അവസാനിക്കുമെന്നു നമുക്ക് എങ്ങനെ അറിയാം?
15 നമ്മൾ ആചരിക്കുന്ന ഏതെങ്കിലും ഒരു സ്മാരകം അവസാനത്തേതായിരിക്കും. നമുക്ക് അത് എങ്ങനെ അറിയാം? യേശുവിന്റെ മരണം വർഷംതോറും ഓർത്തുകൊണ്ട് “കർത്താവ് വരുന്നതുവരെ” അഭിഷിക്തക്രിസ്ത്യാനികൾ “കർത്താവിന്റെ മരണത്തെ പ്രഖ്യാപിക്കുകയാണ്” എന്നു ദൈവപ്രചോദിതനായി പൗലോസ് കൊരിന്ത്യർക്കുള്ള ഒന്നാമത്തെ കത്തിൽ എഴുതി. (1 കൊരി. 11:26) ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനത്തിൽ യേശുവും തന്റെ ‘വരവിനെക്കുറിച്ച്’ പറഞ്ഞു. നമ്മുടെ തൊട്ടുമുമ്പിലുള്ള മഹാകഷ്ടതയെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്ത് ദൃശ്യമാകും. ഭൂമിയിലെ എല്ലാ ഗോത്രങ്ങളും നെഞ്ചത്തടിച്ച് വിലപിക്കും. മനുഷ്യപുത്രൻ ശക്തിയോടെയും വലിയ മഹത്ത്വത്തോടെയും ആകാശമേഘങ്ങളിൽ വരുന്നത് അവർ കാണും. തിരഞ്ഞെടുത്തിരിക്കുന്നവരെ ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കാൻ മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ ഉച്ചത്തിലുള്ള കാഹളശബ്ദത്തിന്റെ അകമ്പടിയോടെ അയയ്ക്കും.” (മത്താ. 24:29-31) മഹാകഷ്ടതയുടെ സമയത്ത് ഭൂമിയിൽ അപ്പോഴും ശേഷിക്കുന്ന അഭിഷിക്തക്രിസ്ത്യാനികളെ യേശു സ്വർഗത്തിലേക്ക് എടുക്കുമ്പോഴാണു ‘തിരഞ്ഞെടുത്തിരിക്കുന്നവരെ കൂട്ടിച്ചേർക്കുന്നത്.’ മഹാകഷ്ടതയുടെ ആദ്യഘട്ടത്തിനു ശേഷം, എന്നാൽ അർമഗെദോൻ യുദ്ധത്തിനു മുമ്പായിരിക്കും ഇതു സംഭവിക്കുന്നത്. അങ്ങനെ 1,44,000 പേരും ഭൂമിയിലെ രാജാക്കന്മാർക്ക് എതിരെയുള്ള യുദ്ധത്തിൽ യേശുവിനോടൊപ്പം ചേരും. (വെളി. 17:12-14) അഭിഷിക്തരെ സ്വർഗത്തിലേക്കു കൂട്ടിച്ചേർക്കുന്നതിനു തൊട്ടുമുമ്പ് നടക്കുന്നതായിരിക്കും അവസാനത്തെ സ്മാരകം. അപ്പോഴേക്കും യേശു ‘വന്നിരിക്കും.’
16. ഈ വർഷത്തെ സ്മാരകത്തിനു ഹാജരാകാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്തുകൊണ്ട്?
16 ഈ വർഷം മാർച്ച് 31-നു നടക്കാനിരിക്കുന്ന സ്മാരകത്തിൽ പങ്കുപറ്റി അതിൽനിന്ന് പൂർണപ്രയോജനം നേടാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം. ദൈവജനത്തിന്റെ ഐക്യത്തിനുവേണ്ടി നമ്മൾ ചെയ്യേണ്ടതു ചെയ്യാനുള്ള സഹായത്തിനായി യഹോവയോടു നമുക്കു പ്രാർഥിക്കാം. (സങ്കീർത്തനം 133:1 വായിക്കുക.) ഓർക്കുക: നമ്മൾ ആചരിക്കുന്ന ഏതെങ്കിലും ഒരു സ്മാരകം അവസാനത്തേതായിരിക്കും. അതുവരെ സ്മാരകാചരണത്തിനു ഹാജരാകാൻ എല്ലാ ശ്രമവും ചെയ്യാം. സ്മാരകാചരണത്തിനു കൂടിവരുമ്പോൾ നമ്മൾ ആസ്വദിക്കുന്ന ഹൃദ്യമായ ഐക്യം നമുക്കു നിധിപോലെ കാത്തുസൂക്ഷിക്കാം.