വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഭിവാ​ദ​ന​ത്തി​ന്റെ ശക്തി

അഭിവാ​ദ​ന​ത്തി​ന്റെ ശക്തി

“ഹലോ, എന്തൊ​ക്കെ​യുണ്ട്‌ വിശേഷം?”

ഇങ്ങനെ നിങ്ങൾ പലരെ​യും അഭിവാ​ദനം ചെയ്‌തി​ട്ടി​ല്ലേ? ചില​പ്പോൾ അതി​ന്റെ​കൂ​ടെ കൈ കൊടു​ക്കു​ക​യോ ആശ്ലേഷി​ക്കു​ക​യോ ചെയ്‌തി​ട്ടു​ണ്ടാ​കും. ഓരോ പ്രദേ​ശ​ത്തും അഭിവാ​ദനം ചെയ്യുന്ന രീതി​ക്കും ഉപയോ​ഗി​ക്കുന്ന വാക്കു​കൾക്കും വ്യത്യാ​സ​മു​ണ്ടാ​യി​രി​ക്കും, പക്ഷേ അടിസ്ഥാ​ന​ത​ത്ത്വ​ങ്ങൾക്കു മാറ്റമില്ല. വാസ്‌ത​വ​ത്തിൽ അഭിവാ​ദനം ചെയ്യാ​തി​രി​ക്കു​ന്ന​തും ആരെങ്കി​ലും അഭിവാ​ദനം ചെയ്യു​മ്പോൾ തിരിച്ച്‌ അങ്ങനെ ചെയ്യാ​തി​രി​ക്കു​ന്ന​തും മര്യാ​ദയല്ല, ഒരുപക്ഷേ സ്‌നേ​ഹ​മി​ല്ലാ​ത്ത​തി​ന്റെ സൂചന​യാ​യി​പ്പോ​ലും കണക്കാ​ക്കി​യേ​ക്കാം.

എന്നാൽ അഭിവാ​ദനം ചെയ്യുന്ന രീതി എല്ലാവർക്കും കാണണ​മെ​ന്നില്ല. ലജ്ജയോ ആത്മവി​ശ്വാ​സ​ക്കു​റ​വോ കാരണ​മാ​യി​രി​ക്കാം ചിലർ അഭിവാ​ദനം ചെയ്യാൻ മടിക്കു​ന്നത്‌. മറ്റൊരു വംശത്തി​ലോ സംസ്‌കാ​ര​ത്തി​ലോ സാമൂ​ഹി​ക​ത​ട്ടി​ലോ ഉള്ള ഒരാളെ അഭിവാ​ദനം ചെയ്യാൻ ചിലർക്കു ബുദ്ധി​മു​ട്ടാണ്‌. എന്നാൽ ഹ്രസ്വ​മായ ഒരു അഭിവാ​ദ​നം​പോ​ലും നല്ല ഫലം ചെയ്‌തേ​ക്കാം.

നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: ‘അഭിവാ​ദനം ചെയ്യു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌? അഭിവാ​ദനം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ദൈവ​വ​ചനം എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?’

“എല്ലാ മനുഷ്യ​രെ​യും” അഭിവാ​ദനം ചെയ്യുക

അപ്പോ​സ്‌ത​ല​നായ പത്രോസ്‌ കൊർന്നേ​ല്യൊ​സി​നെ, ജനതക​ളിൽനി​ന്നുള്ള ആദ്യത്തെ ക്രിസ്‌ത്യാ​നി​യാ​യി സ്വീക​രി​ച്ച​പ്പോൾ ഇങ്ങനെ പറഞ്ഞു: ‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല.’ (പ്രവൃ. 10:34) ‘എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടു​വാൻ ദൈവം ആഗ്രഹി​ക്കു​ന്നെന്ന്‌’ പിന്നീടു പത്രോസ്‌ എഴുതി. (2 പത്രോ. 3:9) സത്യം പഠിക്കുന്ന ആളുക​ളെ​ക്കു​റി​ച്ചല്ലേ ഈ തിരു​വെ​ഴു​ത്തു​കൾ പറയു​ന്ന​തെന്നു നമ്മൾ ചിന്തി​ച്ചേ​ക്കാം. എന്നാൽ ക്രിസ്‌ത്യാ​നി​കളെ പത്രോസ്‌ ഇങ്ങനെ​യും ഉദ്‌ബോ​ധി​പ്പി​ച്ചു: “എല്ലാ മനുഷ്യ​രെ​യും ബഹുമാ​നി​ക്കുക. സഹോ​ദ​ര​സ​മൂ​ഹത്തെ മുഴുവൻ സ്‌നേ​ഹി​ക്കുക.” (1 പത്രോ. 2:17) സംസ്‌കാ​ര​മോ വംശമോ പശ്ചാത്ത​ല​മോ ഒന്നും നോക്കാ​തെ മറ്റുള്ള​വരെ നമ്മൾ അഭിവാ​ദനം ചെയ്യേ​ണ്ട​തല്ലേ? അവരോ​ടു സ്‌നേ​ഹ​വും ബഹുമാ​ന​വും കാണി​ക്കാ​നുള്ള ഒരു മാർഗ​മാണ്‌ അത്‌.

അപ്പോ​സ്‌ത​ല​നാ​യ പൗലോസ്‌ സഭയി​ലു​ള്ള​വരെ ഇങ്ങനെ പ്രബോ​ധി​പ്പി​ച്ചു: “ക്രിസ്‌തു നിങ്ങളെ സ്വീക​രി​ച്ച​തു​പോ​ലെ, . . . അന്യോ​ന്യം സ്വീക​രി​ക്കുക.” (റോമ. 15:7) തനിക്കു ‘ബലമാ​യി​ത്തീർന്ന’ സഹോ​ദ​ര​ങ്ങ​ളു​ടെ കാര്യം പൗലോസ്‌ പ്രത്യേ​കം എടുത്തു​പ​റഞ്ഞു. ദൈവ​ജ​ന​ത്തിന്‌ എതിരെ സാത്താൻ ശക്തമായ ആക്രമണം അഴിച്ചു​വി​ട്ടി​രി​ക്കുന്ന ഈ സമയത്ത്‌ സഹോ​ദ​രങ്ങൾ ബലമു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌!—കൊലോ. 4:11, അടിക്കു​റിപ്പ്‌; വെളി. 12:12, 17.

ആളുകൾക്കു സന്തോഷം തോന്നാ​നാണ്‌ അഭിവാ​ദനം ചെയ്യു​ന്ന​തെ​ങ്കി​ലും അഭിവാ​ദ​ന​ത്തി​ന്റെ ശക്തി അതിൽ മാത്രം ഒതുങ്ങി​നിൽക്കു​ന്നി​ല്ലെന്നു തിരു​വെ​ഴു​ത്തു​ദൃ​ഷ്ടാ​ന്തങ്ങൾ കാണി​ച്ചു​ത​രു​ന്നു.

അഭിവാ​ദ​ന​ത്തി​ന്റെ പ്രയോ​ജ​ന​ങ്ങൾ

ദൈവ​പു​ത്രന്റെ ജീവൻ മറിയ​യു​ടെ ഗർഭപാ​ത്ര​ത്തി​ലേക്കു മാറ്റാ​നുള്ള സമയം വന്നപ്പോൾ മറിയ​യോ​ടു സംസാ​രി​ക്കാൻ യഹോവ ഒരു ദൂതനെ അയച്ചു. “ദൈവ​ത്തി​ന്റെ പ്രീതി ലഭിച്ച​വളേ, നമസ്‌കാ​രം! യഹോവ നിന്റെ​കൂ​ടെ​യുണ്ട്‌.” ഇങ്ങനെ പറഞ്ഞു​കൊ​ണ്ടാ​ണു ദൂതൻ മറിയ​യോ​ടു സംസാ​രി​ച്ചു​തു​ട​ങ്ങി​യത്‌. ഒരു ദൂതൻ തന്നോട്‌ എന്തിനാ​ണു സംസാ​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​കാ​തെ മറിയ “ആകെ അന്ധാളി​ച്ചു​പോ​യി.” ഇതു കണ്ട ദൂതൻ മറിയ​യോ​ടു പറഞ്ഞു: “മറിയേ, പേടി​ക്കേണ്ടാ. ദൈവ​ത്തി​നു നിന്നോ​ടു പ്രീതി തോന്നി​യി​രി​ക്കു​ന്നു.” മറിയ മിശി​ഹ​യ്‌ക്കു ജന്മം കൊടു​ക്ക​ണ​മെ​ന്നു​ള്ളതു ദൈ​വോ​ദ്ദേ​ശ്യ​മാ​ണെന്നു ദൂതൻ പറഞ്ഞു. ആദ്യത്തെ ആശങ്ക മാറിയ മറിയ അനുസ​ര​ണ​ത്തോ​ടെ ഇങ്ങനെ പറഞ്ഞു: “ഇതാ, യഹോ​വ​യു​ടെ ദാസി! അങ്ങ്‌ പറഞ്ഞതു​പോ​ലെ എനിക്കു സംഭവി​ക്കട്ടെ.”—ലൂക്കോ. 1:26-38.

യഹോ​വ​യു​ടെ ഒരു സന്ദേശ​വാ​ഹ​ക​നാ​യി പ്രവർത്തി​ക്കു​ന്നതു ദൂതനു ശരിക്കും ഒരു പദവി​യാ​യി​രു​ന്നു. എന്നാൽ ഒരു അപൂർണ​വ്യ​ക്തി​യോ​ടു സംസാ​രി​ക്കു​ന്നതു തരംതാണ കാര്യ​മാ​യി ദൂതൻ കരുതി​യില്ല. അഭിവാ​ദനം ചെയ്‌തു​കൊ​ണ്ടാ​ണു ദൂതൻ തുടങ്ങി​യത്‌. അതു നമുക്ക്‌ ഒരു മാതൃ​ക​യല്ലേ? മറ്റുള്ള​വരെ അഭിവാ​ദനം ചെയ്യാ​നും അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നമ്മൾ എപ്പോ​ഴും തയ്യാറാ​യി​രി​ക്കണം. ചുരു​ങ്ങിയ വാക്കു​കൾകൊ​ണ്ടു​പോ​ലും നമുക്ക്‌ ആളുകളെ സഹായി​ക്കാം, അവർ ദൈവ​ജ​ന​ത്തി​ന്റെ ഭാഗമാ​ണെന്ന ഉറപ്പു കൊടു​ക്കാം.

ഏഷ്യാ​മൈ​ന​റി​ലെ​യും യൂറോ​പ്പി​ലെ​യും സഭകളി​ലു​ണ്ടാ​യി​രുന്ന പലരെ​യും പൗലോസ്‌ പരിച​യ​പ്പെട്ടു. പിന്നീട്‌ അദ്ദേഹം എഴുതിയ കത്തുക​ളിൽ പലരെ​യും പേര്‌ പറഞ്ഞ്‌ അഭിവാ​ദനം ചെയ്‌തി​രി​ക്കു​ന്ന​താ​യി നമ്മൾ വായി​ക്കു​ന്നുണ്ട്‌. റോമർ 16-ാം അധ്യാ​യ​ത്തിൽ ഇതു കാണാം. പൗലോസ്‌, ഫേബയെ “നമ്മുടെ സഹോ​ദരി” എന്നു വിളി​ക്കു​ക​യും ‘വിശു​ദ്ധർക്കു ചേർന്ന രീതി​യിൽ കർത്താ​വിൽ ഫേബയെ സ്വീക​രിച്ച്‌ ആവശ്യ​മുള്ള ഏതു സഹായ​വും ചെയ്‌തു​കൊ​ടു​ക്കാൻ’ സഹോദരങ്ങളോടു പറയു​ക​യും ചെയ്‌തു. പൗലോസ്‌ പ്രിസ്‌ക​യെ​യും അക്വി​ല​യെ​യും അഭിവാ​ദനം ചെയ്‌ത​തി​നു ശേഷം അവരെ​ക്കു​റിച്ച്‌, “ഞാൻ മാത്രമല്ല, ജനതക​ളു​ടെ എല്ലാ സഭകളും അവർക്കു നന്ദി പറയുന്നു” എന്നു പറഞ്ഞു. നമുക്ക്‌ അധികം അറിയി​ല്ലാത്ത ചില​രെ​യും പൗലോസ്‌ അഭിവാ​ദനം ചെയ്‌ത​താ​യി കാണാം. അവരിൽ ചിലരാ​യി​രു​ന്നു “എന്റെ പ്രിയ​പ്പെട്ട എപ്പൈ​ന​ത്തൊസ്‌” എന്നു പൗലോസ്‌ വിളിച്ച സഹോ​ദ​ര​നും ‘കർത്താ​വി​ന്റെ വേലയിൽ കഠിനാ​ധ്വാ​നം ചെയ്യുന്ന സ്‌ത്രീ​ക​ളായ ത്രു​ഫൈ​ന​യും ത്രു​ഫോ​സ​യും.’ അതെ, പൗലോസ്‌ ഒരു മടിയും​കൂ​ടാ​തെ സഹോ​ദ​ര​ങ്ങളെ അഭിവാ​ദനം ചെയ്‌തു.—റോമ. 16:1-16.

പൗലോസ്‌ തങ്ങളെ ഓർക്കു​ന്നു​ണ്ടെന്ന്‌ അറിഞ്ഞത്‌ ആ സഹോ​ദ​ര​ങ്ങളെ എത്രമാ​ത്രം സന്തോ​ഷി​പ്പി​ച്ചു​കാ​ണും! അവർക്കു പൗലോ​സി​നോ​ടുള്ള സ്‌നേ​ഹ​വും പരസ്‌പ​ര​മുള്ള സ്‌നേ​ഹ​വും ഉറപ്പാ​യും വർധി​ച്ചു​കാ​ണും. അവരെ മാത്രമല്ല, ഈ സ്‌നേ​ഹാ​ശം​സകൾ മറ്റു ക്രിസ്‌ത്യാ​നി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ണ്ടാ​കും, വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കാൻ സഹായി​ച്ചി​ട്ടു​ണ്ടാ​കും. വ്യക്തി​ക​ളോ​ടുള്ള ആത്മാർഥ​മായ താത്‌പ​ര്യ​വും അഭിന​ന്ദ​ന​വും അടങ്ങുന്ന അഭിവാ​ദനം സുഹൃ​ദ്‌ബ​ന്ധങ്ങൾ ശക്തമാ​ക്കും, ദൈവ​ത്തി​ന്റെ വിശ്വ​സ്‌ത​ദാ​സരെ ഒറ്റക്കെ​ട്ടാ​യി നിറു​ത്തു​ക​യും ചെയ്യും.

പൗലോസ്‌ പുത്യൊ​ലി​യി​ലെ തുറമു​ഖത്ത്‌ ഇറങ്ങി റോമി​ലേക്കു പോയ​പ്പോൾ റോമി​ലുള്ള സഹോ​ദ​രങ്ങൾ പൗലോ​സി​നെ സ്വീക​രി​ക്കാൻ വന്നു. അവരെ അകലെ​നിന്ന്‌ കണ്ടപ്പോൾത്തന്നെ “പൗലോ​സി​നു ധൈര്യ​മാ​യി, പൗലോസ്‌ ദൈവ​ത്തി​നു നന്ദി പറഞ്ഞു.” (പ്രവൃ. 28:13-15) ചില​പ്പോൾ നമുക്കു ചിരി​ക്കാ​നോ കൈ വീശി​കാ​ണി​ക്കാ​നോ മാത്രമേ കഴി​ഞ്ഞെന്നു വരൂ. അത്തര​മൊ​രു അഭിവാ​ദ​ന​ത്തി​നു​പോ​ലും മറ്റുള്ള​വ​രു​ടെ മനക്കരുത്ത്‌ വർധി​പ്പി​ക്കാൻ കഴിയും, പ്രത്യേ​കിച്ച്‌ വിഷാ​ദി​ച്ചോ ദുഃഖി​ച്ചോ ഇരിക്കു​ന്ന​വ​രു​ടെ.

ആശയവി​നി​മ​യ​ത്തി​നുള്ള വാതിൽ

ശിഷ്യ​നായ യാക്കോ​ബി​നു സഹക്രി​സ്‌ത്യാ​നി​കൾക്കു ശക്തമായ ബുദ്ധി​യു​പ​ദേശം കൊടു​ക്കേ​ണ്ടി​വന്നു. ചിലർ ലോക​ത്തി​ന്റെ സുഹൃ​ത്തു​ക്ക​ളാ​യി​ക്കൊണ്ട്‌ ആത്മീയ​വ്യ​ഭി​ചാ​രി​ണി​ക​ളാ​യി മാറു​ക​യാ​യി​രു​ന്നു. (യാക്കോ. 4:4) പക്ഷേ ആ കത്തു യാക്കോബ്‌ തുടങ്ങി​യത്‌ എങ്ങനെ​യെന്നു നോക്കുക.

“ദൈവ​ത്തി​ന്റെ​യും കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ​യും അടിമ​യായ യാക്കോബ്‌, പലയി​ട​ങ്ങ​ളി​ലാ​യി ചിതറി​പ്പാർക്കുന്ന 12 ഗോ​ത്ര​ങ്ങൾക്ക്‌ എഴുതു​ന്നത്‌: നമസ്‌കാ​രം!” (യാക്കോ. 1:1) അവർക്കും യാക്കോ​ബി​നും ദൈവ​ത്തി​നു മുമ്പാകെ ഒരേ നിലയാ​ണു​ള്ള​തെന്നു യാക്കോ​ബി​ന്റെ അഭിവാ​ദ​ന​ത്തിൽനിന്ന്‌ ആ ക്രിസ്‌ത്യാ​നി​കൾക്കു ബോധ്യ​മാ​യി. അതു​കൊണ്ട്‌ യാക്കോബ്‌ കൊടുത്ത ഉപദേശം സ്വീക​രി​ക്കു​ന്നത്‌ അവർക്കു കൂടുതൽ എളുപ്പ​മാ​യെ​ന്ന​തിൽ സംശയ​മില്ല. അതെ, താഴ്‌മ​യോ​ടെ അഭിവാ​ദനം ചെയ്യു​ന്നതു ഗൗരവ​മുള്ള വിഷയ​ങ്ങൾപോ​ലും സംസാ​രി​ച്ചു​തു​ട​ങ്ങാ​നുള്ള വാതിൽ തുറക്കും.

ഒരു അഭിവാ​ദനം ശരിക്കും ഫലം ചെയ്യണ​മെ​ങ്കിൽ, അതു ചെറു​താ​ണെ​ങ്കിൽപ്പോ​ലും, ആത്മാർഥ​മായ സ്‌നേ​ഹ​ത്തിൽനിന്ന്‌ വരുന്ന​താ​യി​രി​ക്കണം. ചില​പ്പോൾ അവർ ശ്രദ്ധി​ച്ചി​ല്ലെന്നു തോന്നി​യാൽപ്പോ​ലും അതു ഫലം ചെയ്യും. (മത്താ. 22:39) അയർലൻഡി​ലെ ഒരു സഹോ​ദരി ഒരിക്കൽ മീറ്റിങ്ങ്‌ തുടങ്ങു​ന്ന​തി​നു തൊട്ടു​മു​മ്പാ​ണു രാജ്യ​ഹാ​ളിൽ വന്നത്‌. സഹോ​ദരി തിരക്കിട്ട്‌ വരുന്ന​തിന്‌ ഇടയിൽ ഒരു സഹോ​ദരൻ ആ സഹോ​ദ​രി​യെ നോക്കി ചിരി​ച്ചു​കൊണ്ട്‌ പറഞ്ഞു: “നമസ്‌കാ​രം. കണ്ടതിൽ സന്തോഷം.” സഹോ​ദരി തിരി​ച്ചൊ​ന്നും പറയാതെ ഇരിപ്പി​ട​ത്തിൽ പോയി ഇരുന്നു.

ഏതാനും ആഴ്‌ചകൾ കഴിഞ്ഞ​പ്പോൾ ആ സഹോ​ദരി സഹോ​ദ​രന്റെ അടുത്ത്‌ വന്നിട്ട്‌ അന്നത്തെ സംഭവം ഓർമി​പ്പി​ച്ചു. ആ സമയത്ത്‌, വീട്ടിലെ ഒരു പ്രശ്‌നം കാരണം താൻ ആകെ വിഷമി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെന്നു പറഞ്ഞു. സഹോ​ദരി ഇങ്ങനെ വിശദീ​ക​രി​ച്ചു: “അന്നു മീറ്റി​ങ്ങി​നു വരേണ്ട എന്നു​പോ​ലും ഞാൻ വിചാ​രി​ച്ച​താണ്‌. മീറ്റി​ങ്ങിൽ പറഞ്ഞ മിക്ക കാര്യ​ങ്ങ​ളും ഞാൻ ഓർക്കു​ന്നില്ല. പക്ഷേ സഹോ​ദ​രന്റെ അഭിവാ​ദനം ഇപ്പോ​ഴും ഞാൻ ഓർക്കു​ന്നുണ്ട്‌. അത്‌ എന്നെ എത്ര സന്തോ​ഷി​പ്പി​ച്ചെ​ന്നോ! നന്ദി, സഹോ​ദരാ.”

തന്റെ ഹ്രസ്വ​മായ അഭിവാ​ദനം സഹോ​ദ​രി​യെ അത്ര​യേറെ സ്വാധീ​നി​ക്കു​മെന്ന്‌ ആ സഹോ​ദരൻ ഓർത്തില്ല. സഹോ​ദരൻ പറയുന്നു: “എന്റെ ആ വാക്കുകൾ സഹോ​ദ​രിക്ക്‌ ഇത്ര​യേറെ പ്രയോ​ജനം ചെയ്‌തെന്ന്‌ അറിഞ്ഞത്‌ എന്നെയും വളരെ​യ​ധി​കം സന്തോ​ഷി​പ്പി​ച്ചു. അങ്ങനെ ചെയ്‌തതു നന്നാ​യെന്ന്‌ എനിക്കു തോന്നി.”

ശലോ​മോൻ എഴുതി: “നിന്റെ അപ്പം വെള്ളത്തി​ന്മീ​തെ എറിയുക; കുറെ കാലം കഴിഞ്ഞ്‌ നീ അതു വീണ്ടും കണ്ടെത്തും.” (സഭാ. 11:1) മറ്റുള്ള​വരെ, പ്രത്യേ​കിച്ച്‌ നമ്മുടെ സഹോ​ദ​ര​ങ്ങളെ, അഭിവാ​ദനം ചെയ്യു​ന്ന​തി​ന്റെ മൂല്യം നമ്മൾ മനസ്സി​ലാ​ക്കി പ്രവർത്തി​ക്കു​ന്നെ​ങ്കിൽ നമ്മു​ടെ​യും അവരു​ടെ​യും ജീവിതം കൂടുതൽ ഉന്മേഷ​ഭ​രി​ത​മാ​കും. അതു​കൊണ്ട്‌ അഭിവാ​ദ​ന​ത്തി​ന്റെ ശക്തിയെ നമുക്കു വില കുറച്ച്‌ കാണാ​തി​രി​ക്കാം.