ജീവിതകഥ
എന്റെ ഉത്കണ്ഠകളിലെല്ലാം ആശ്വാസം കിട്ടി!
സിന്ധു നദിയുടെ പടിഞ്ഞാറേ തീരത്തുള്ള ഒരു പൗരാണിക നഗരമാണു സുക്കൂർ. ഈ നഗരം ഇപ്പോൾ പാക്കിസ്ഥാന്റെ ഭാഗമാണ്. ഇവിടെയാണ് 1929 നവംബർ 9-നു ഞാൻ ജനിച്ചത്. ഏതാണ്ട് ഈ സമയത്തുതന്നെയാണ് എന്റെ മാതാപിതാക്കൾക്ക് ഇംഗ്ലീഷുകാരനായ ഒരു മിഷനറിയിൽനിന്ന് വ്യത്യസ്തനിറങ്ങളിലുള്ള പുസ്തകങ്ങൾ അടങ്ങിയ ഒരു കെട്ടു കിട്ടിയത്. ബൈബിളിലെ വിഷയങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ഞാൻ ഒരു യഹോവയുടെ സാക്ഷിയായതിൽ ആ പുസ്തകങ്ങൾക്ക് ഒരു വലിയ പങ്കുണ്ട്.
മഴവില്ല് എന്നാണ് ആ പുസ്തകശേഖരം അറിയപ്പെട്ടത്. എന്റെ ഭാവനയ്ക്കു ചിറകുകൾ നൽകിയ അനേകം ചിത്രങ്ങൾ അതിലുണ്ടായിരുന്നു. അങ്ങനെ എനിക്കു ചെറുപ്പത്തിൽത്തന്നെ ബൈബിൾപരിജ്ഞാനം നേടാൻ അടങ്ങാത്ത ആഗ്രഹം തോന്നി.
രണ്ടാം ലോകമഹായുദ്ധം ഇന്ത്യക്കു ഭീഷണി ഉയർത്തിയ സമയം. ആ സമയത്ത് എന്റെ മാതാപിതാക്കൾ വേർപിരിയുകയും പിന്നീട് വിവാഹമോചിതരാകുകയും ചെയ്തു. എന്റെ ലോകം കീഴ്മേൽ മറിയുന്നതുപോലെ തോന്നി. ഞാൻ സ്നേഹിക്കുന്ന രണ്ട് ആളുകൾ എന്തുകൊണ്ടാണു വേർപിരിയുന്നതെന്ന് എനിക്കു മനസ്സിലായില്ല. എനിക്കാകെ ഒരു മരവിപ്പാണ് അനുഭവപ്പെട്ടത്, ഒറ്റപ്പെട്ടതുപോലെ എനിക്കു തോന്നി. എനിക്കു കൂടപ്പിറപ്പുകളില്ലായിരുന്നു, ഞാൻ പിന്തുണയും ആശ്വാസവും വളരെയധികം ആഗ്രഹിച്ചെങ്കിലും അത് എനിക്ക് എങ്ങുനിന്നും കിട്ടിയില്ല.
അമ്മയും ഞാനും ആ കാലത്ത് തലസ്ഥാനനഗരമായ കറാച്ചിയിലാണു താമസിച്ചിരുന്നത്. ഒരു ദിവസം യഹോവയുടെ സാക്ഷികളിൽ ഒരാളായ ഫ്രെഡ് ഹാർദേക്കർ എന്ന പ്രായമായ ഡോക്ടർ ഞങ്ങളുടെ വീട്ടിൽ വന്നു. പണ്ട് ഞങ്ങൾക്കു പുസ്തകങ്ങൾ തന്ന മിഷനറിയും ഇതേ കൂട്ടത്തിൽപ്പെട്ടയാളായിരുന്നു. ഹാർദേക്കർ സഹോദരൻ അമ്മയെ ബൈബിൾ പഠിപ്പിക്കാമെന്നു പറഞ്ഞു. അമ്മയ്ക്കു താത്പര്യമില്ലായിരുന്നു, എന്നാൽ എനിക്കു താത്പര്യം കാണുമെന്ന് അമ്മ പറഞ്ഞു. അങ്ങനെ പിറ്റെ ആഴ്ചമുതൽ ഞാൻ അദ്ദേഹത്തിന്റെകൂടെ ബൈബിൾ പഠിക്കാൻ ആരംഭിച്ചു.
ഏതാനും ആഴ്ചകൾക്കു ശേഷം, ഞാൻ ഹാർദേക്കർ സഹോദരന്റെ ക്ലിനിക്കിൽവെച്ച് നടക്കുന്ന മീറ്റിങ്ങുകൾക്കു ഹാജരാകാൻ തുടങ്ങി. പ്രായംചെന്ന 12 സാക്ഷികൾ അവിടെ ആരാധനയ്ക്കു കൂടിവരുന്നുണ്ടായിരുന്നു. എനിക്കുവേണ്ട ആശ്വാസം എനിക്ക് അവിടെനിന്ന് കിട്ടി. അവർക്കു ഞാൻ ഒരു മകനെപ്പോലെയായിരുന്നു. അവർ എന്റെകൂടെയിരിക്കുന്നതും കുനിഞ്ഞുനിന്ന് കൂട്ടുകാരെപ്പോലെ എന്നോടു സംസാരിക്കുന്നതും എല്ലാം ഇന്നലെയെന്നപോലെ ഞാൻ ഓർക്കുന്നു, ആ സമയത്ത് അവരുടെ സ്നേഹവും വാത്സല്യവും എന്നെ എത്ര സഹായിച്ചെന്നോ!
വൈകാതെ ഹാർദേക്കർ സഹോദരൻ എന്നെ അദ്ദേഹത്തിന്റെകൂടെ വയൽശുശ്രൂഷയ്ക്കു പോകാൻ ക്ഷണിച്ചു. റെക്കോർഡ് ചെയ്ത ബൈബിൾപ്രഭാഷണങ്ങൾ പ്ലേ ചെയ്യാവുന്ന, കൊണ്ടുനടക്കാവുന്ന ഗ്രാമഫോൺ പ്രവർത്തിപ്പിക്കാൻ സഹോദരൻ എന്നെ പഠിപ്പിച്ചു. ചില പ്രസംഗങ്ങൾ തുറന്നടിക്കുന്ന രീതിയിലുള്ളതായിരുന്നു. ചില വീട്ടുകാർക്ക് അത് ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ അതൊന്നും ഞാൻ കാര്യമാക്കിയില്ല. മറ്റുള്ളവരോടു പ്രസംഗിക്കാൻ എനിക്കു നല്ല ഉത്സാഹമായിരുന്നു. ബൈബിൾസത്യത്തോട് അത്രയധികം താത്പര്യമുണ്ടായിരുന്നതുകൊണ്ട് അതെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ എനിക്ക് ആവേശം തോന്നി.
ജപ്പാന്റെ സൈന്യം ഇന്ത്യയെ ലക്ഷ്യമാക്കി മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. ബ്രിട്ടീഷ് അധികാരികളിൽനിന്ന് യഹോവയുടെ സാക്ഷികളുടെ മേലുള്ള സമ്മർദം അതനുസരിച്ച് കൂടിക്കൂടിവന്നു. എനിക്കും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവന്നു. ഒരു ആംഗ്ലിക്കൻ പുരോഹിതനായിരുന്ന എന്റെ സ്കൂൾ പ്രിൻസിപ്പൽ ‘തൃപ്തികരമല്ലാത്ത സ്വഭാവം’ എന്ന മുദ്രകുത്തി 1943 ജൂലൈയിൽ എന്നെ സ്കൂളിൽനിന്ന് പുറത്താക്കി. യഹോവയുടെ സാക്ഷികളുമായുള്ള എന്റെ സഹവാസം മറ്റു കുട്ടികൾക്കു ദോഷം ചെയ്യുമെന്ന് അദ്ദേഹം എന്റെ അമ്മയോടു പറഞ്ഞു. അമ്മ ശരിക്കും പേടിച്ചുപോയി, യഹോവയുടെ സാക്ഷികളുടെകൂടെ സഹവസിക്കുന്നതിൽനിന്ന് എന്നെ വിലക്കുകയും ചെയ്തു. പിന്നീട്, 1,370 കിലോമീറ്റർ വടക്ക് പെഷവാർ പട്ടണത്തിൽ താമസിക്കുന്ന അച്ഛന്റെ അടുത്തേക്ക് എന്നെ അയച്ചു. ആത്മീയഭക്ഷണവും സഹവാസവും ഇല്ലാതായ ഞാൻ ആത്മീയമായി നിഷ്ക്രിയനായിത്തീർന്നു.
ആത്മീയാരോഗ്യം വീണ്ടെടുക്കുന്നു
1947-ൽ ജോലി തേടി ഞാൻ കറാച്ചിയിലേക്കു തിരിച്ചുവന്നു. ആ സമയത്ത് ഞാൻ ഹാർദേക്കർ ഡോക്ടറെ അദ്ദേഹത്തിന്റെ ക്ലിനിക്കിൽ ചെന്ന് കണ്ടു. അദ്ദേഹം എന്നെ ഊഷ്മളമായ സ്നേഹത്തോടെ സ്വീകരിച്ചു.
“എന്തു പറ്റി, എന്താ അസുഖം?” അദ്ദേഹം ചോദിച്ചു. ഞാൻ ചികിത്സയ്ക്കു വന്നതാണെന്നാണ് അദ്ദേഹം കരുതിയത്.
ഞാൻ പറഞ്ഞു: “എനിക്കു ശരീരത്തിന് അസുഖമൊന്നുമില്ല, എന്റെ ആത്മീയതയ്ക്കാണ് അസുഖം. എനിക്ക് ഒരു ബൈബിൾപഠനം വേണം.”
“എപ്പോഴാ തുടങ്ങേണ്ടത്?” അദ്ദേഹം ചോദിച്ചു.
“പറ്റുമെങ്കിൽ ഇപ്പോൾത്തന്നെ.” ഞാൻ മറുപടി പറഞ്ഞു.
അന്നു വൈകുന്നേരം മുഴുവൻ ഞങ്ങൾ ബൈബിൾ പഠിച്ചു, എന്തു രസമായിരുന്നെന്നോ! വീണ്ടും യഹോവയുടെ ജനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കു വലിയ ആശ്വാസം തോന്നി. സാക്ഷികളുടെകൂടെ സഹവസിക്കുന്നതിൽനിന്ന് എന്നെ തടയാൻ അമ്മ കഴിവിന്റെ പരമാവധി ശ്രമിച്ചു, പക്ഷേ ഇത്തവണ അമ്മ പരാജയപ്പെട്ടു. സത്യം എന്റെ സ്വന്തമാക്കാൻ ഞാൻ തീരുമാനിച്ചുറച്ചിരുന്നു. യഹോവയ്ക്കു ജീവിതം സമർപ്പിച്ച ഞാൻ 1947 ആഗസ്റ്റ് 31-ന് സ്നാനമേറ്റു. അധികം വൈകാതെ 17-ാമത്തെ വയസ്സിൽ ഞാൻ മുൻനിരസേവനം തുടങ്ങി.
മുൻനിരസേവനം—സന്തോഷത്തിന്റെ നാളുകൾ
മുൻനിരസേവകനായി എന്നെ ആദ്യം നിയമിച്ചത് ക്വെറ്റ എന്ന സ്ഥലത്തേക്കായിരുന്നു. മുമ്പ് അവിടം ബ്രിട്ടീഷുകാരുടെ ഒരു സൈനികകേന്ദ്രമായിരുന്നു. 1947-ൽ രാജ്യം ഇന്ത്യ, പാക്കിസ്ഥാൻ എന്നിങ്ങനെ രണ്ടായി വിഭജിച്ചു. * മതത്തിന്റെ പേരിലുള്ള വ്യാപകമായ അക്രമത്തിന് അതു തിരികൊളുത്തി. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റങ്ങളിലൊന്നിന് ആ കാലം സാക്ഷ്യം വഹിച്ചു. ഏകദേശം 1 കോടി 40 ലക്ഷം ആളുകൾക്കാണ് അഭയാർഥികളായി നാടു വിടേണ്ടിവന്നത്. ഇന്ത്യയിലുള്ള മുസ്ലീങ്ങൾ പാക്കിസ്ഥാനിലേക്കു പോയി, പാക്കിസ്ഥാനിലുള്ള ഹിന്ദുക്കളും സിക്കുകാരും ഇന്ത്യയിലേക്കും ചേക്കേറി. ഈ കലാപത്തിനിടയിൽ ഞാൻ കറാച്ചിയിൽനിന്ന് ക്വെറ്റയിലേക്കു ട്രെയിൻ കയറി, തിങ്ങിനിറഞ്ഞ ആ ട്രെയിനിൽ പുറത്തെ കൈപ്പിടിയിൽ പിടിച്ചുകൊണ്ടുള്ള അപകടകരമായ യാത്രയായിരുന്നു അത്.
ക്വെറ്റയിൽവെച്ച് ഞാൻ ജോർജ് സിങ് എന്ന ഒരു പ്രത്യേക മുൻനിരസേവകനെ കണ്ടുമുട്ടി. ഏതാണ്ട് 25 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹം എനിക്ക് ഒരു സൈക്കിൾ സമ്മാനിച്ചു. എനിക്ക് അതൊരു സഹായമായിരുന്നു. മലമ്പ്രദേശമായിരുന്നതുകൊണ്ട് ചിലപ്പോഴൊക്കെ തള്ളേണ്ടിവരുമായിരുന്നു എന്നതു സത്യം. മിക്കപ്പോഴും തനിച്ചായിരുന്നു വയൽസേവനം. ആറു മാസത്തിനുള്ളിൽ എനിക്ക് 17 ബൈബിൾപഠനങ്ങൾ കിട്ടി. അവരിൽ ചിലർ സത്യത്തിലേക്കു വരുകയും ചെയ്തു. അവരിൽ ഒരാളായിരുന്നു ഒരു സൈനികോദ്യോഗസ്ഥനായിരുന്ന സാദിഖ് മാസിഹ്. ബൈബിൾപ്രസിദ്ധീകരണങ്ങൾ പാക്കിസ്ഥാന്റെ ദേശീയ ഭാഷയായ ഉർദുവിലേക്കു പരിഭാഷപ്പെടുത്താൻ അദ്ദേഹം ജോർജിനെയും എന്നെയും സഹായിച്ചു. കാലക്രമേണ, സാദിഖ് സന്തോഷവാർത്തയുടെ തീക്ഷ്ണതയുള്ള ഒരു പ്രചാരകനായിത്തീർന്നു.
പിന്നീട് ഞാൻ കറാച്ചിയിലേക്കു മടങ്ങി. ആയിടെ അവിടെ എത്തിയ ഹെൻറി ഫിഞ്ചിനോടും ഹാരി ഫോറസ്റ്റിനോടും ഒപ്പം സേവിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഗിലെയാദ് ബിരുദധാരികളായിരുന്നു അവർ. എത്ര വിലയേറിയ ആത്മീയപരിശീലനമാണ് ആ മിഷനറിമാരിൽനിന്ന് എനിക്കു ലഭിച്ചതെന്നോ! ഒരിക്കൽ പാക്കിസ്ഥാന്റെ വടക്കുഭാഗത്ത് ഒരു പ്രസംഗപര്യടനം നടത്തിയപ്പോൾ ഞാനും ഫിഞ്ച് സഹോദരന്റെകൂടെ പോയി. കിഴുക്കാംതൂക്കായ മലനിരകളുടെ അടിവാരത്തിൽ ബൈബിൾസത്യത്തിനുവേണ്ടി ദാഹിക്കുന്ന, ഉർദു ഭാഷക്കാരായ താഴ്മയുള്ള ധാരാളം ഗ്രാമീണരെ ഞങ്ങൾ കണ്ടുമുട്ടി. രണ്ടു വർഷം കഴിഞ്ഞ്
എനിക്കും ഗിലെയാദ് സ്കൂളിൽ പങ്കെടുക്കാൻ കഴിഞ്ഞു. അതു കഴിഞ്ഞ ഞാൻ പാക്കിസ്ഥാനിലേക്കു മടങ്ങിവന്നു, താത്കാലികമായി സഞ്ചാരവേലയിലും ഏർപ്പെട്ടു. ലാഹോറിലെ മിഷനറിഭവനത്തിൽ മറ്റു മൂന്നു മിഷനറി സഹോദരന്മാരുടെകൂടെയായിരുന്നു എന്റെ താമസം.ഒരു പ്രതിസന്ധിഘട്ടം മറികടക്കുന്നു
സങ്കടകരമെന്നു പറയട്ടെ, 1954-ൽ ലാഹോറിലെ മിഷനറിമാർക്കിടയിൽ വ്യക്തിത്വഭിന്നതകൾ ഉടലെടുത്തു. ഈ പ്രശ്നത്തിൽ ബ്രാഞ്ചോഫീസ് ഇടപെട്ടു. തർക്കത്തിൽ പക്ഷം പിടിച്ചുകൊണ്ട് ഞാൻ ബുദ്ധിശൂന്യമായി പ്രവർത്തിച്ചു. അതിന് എനിക്കു ശക്തമായ ബുദ്ധിയുപദേശം കിട്ടി. ഞാൻ ആകെ തകർന്നു, എന്റെ നിയമനത്തിൽ ഞാൻ ഒരു പരാജയമാണെന്ന് എനിക്കു തോന്നിപ്പോയി. ആത്മീയമായി ഒരു പുതിയ തുടക്കം പ്രതീക്ഷിച്ച് ഞാൻ ആദ്യം കറാച്ചിയിലേക്കും പിന്നെ ഇംഗ്ലണ്ടിലെ ലണ്ടനിലേക്കും പോയി.
ലണ്ടനിൽ ഞാൻ സഹവസിച്ചിരുന്ന സഭയിൽ ലണ്ടൻ ബഥേലിൽനിന്നുള്ള ധാരാളം സഹോദരങ്ങളുണ്ടായിരുന്നു. ബ്രാഞ്ച് ദാസനായിരുന്ന പ്രൈസ് ഹ്യൂസ് സഹോദരൻ തന്റെ ചിറകിൻകീഴിൽ എന്നപോലെ എന്നെ കൊണ്ടുനടന്നു. അദ്ദേഹത്തിനുണ്ടായ പഴയ ഒരു അനുഭവത്തെക്കുറിച്ച് ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു. അന്നു ലോകവ്യാപകവേലയ്ക്കു മേൽനോട്ടം വഹിച്ചിരുന്ന റഥർഫോർഡ് സഹോദരൻ പ്രൈസ് ഹ്യൂസ് സഹോദരനു ശക്തമായ ബുദ്ധിയുപദേശം കൊടുത്തു. ഹ്യൂസ് സഹോദരൻ തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ റഥർഫോർഡ് സഹോദരൻ കർശനമായി അദ്ദേഹത്തെ ശാസിച്ചു. പുഞ്ചിരിച്ചുകൊണ്ടാണ് അദ്ദേഹം ഈ സംഭവങ്ങളെല്ലാം എന്നോടു പറഞ്ഞത്. അത് എന്നെ അത്ഭുതപ്പെടുത്തി. ആ സംഭവം ആദ്യം തന്നെ വളരെ വിഷമിപ്പിച്ചെന്നു ഹ്യൂസ് സഹോദരൻ പറഞ്ഞു. പക്ഷേ ആ ശക്തമായ ബുദ്ധിയുപദേശം തനിക്ക് ആവശ്യമായിരുന്നെന്നും അത് യഹോവയുടെ സ്നേഹത്തിന്റെ ഒരു പ്രകടനമായിരുന്നെന്നും പിന്നീട് ഹ്യൂസ് സഹോദരൻ തിരിച്ചറിഞ്ഞു. (എബ്രാ. 12:6) അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ ഹൃദയത്തെ തൊട്ടു. സന്തോഷത്തോടെ സേവനത്തിൽ വീണ്ടും തുടങ്ങാൻ അത് എന്നെ സഹായിച്ചു.
ഏതാണ്ട് ആ സമയത്ത് എന്റെ അമ്മ ലണ്ടനിലേക്കു വന്നു. പിന്നീട് ഭരണസംഘത്തിലെ അംഗമായി സേവിച്ച ജോൺ ഇ. ബാർ സഹോദരൻ അമ്മയുമായി ബൈബിൾപഠനം തുടങ്ങി. അമ്മ പുരോഗതി വരുത്തുകയും 1957-ൽ സ്നാനമേൽക്കുകയും ചെയ്തു. മരണത്തിനു മുമ്പ് എന്റെ അച്ഛനും യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചിരുന്നെന്നു പിന്നീട് എനിക്ക് അറിയാൻ കഴിഞ്ഞു.
ലണ്ടനിൽ താമസമാക്കിയ, ഡെന്മാർക്കുകാരിയായ ലെനെ എന്ന സഹോദരിയെ 1958-ൽ ഞാൻ വിവാഹം കഴിച്ചു. അടുത്ത വർഷം ഞങ്ങൾക്ക് ഒരു മകൾ ഉണ്ടായി, ജെയ്ൻ. ഞങ്ങൾക്കു നാലു മക്കൾ കൂടിയുണ്ടായി. എനിക്കു ഫുൾഹാം സഭയിൽ സേവനപദവികളും ആസ്വദിക്കാൻ കഴിഞ്ഞു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ലെനെയുടെ ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് തണുപ്പു കുറഞ്ഞ ഒരു സ്ഥലത്തേക്കു മാറിത്താമസിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ 1967-ൽ ഞങ്ങൾ ഓസ്ട്രേലിയയിലെ അഡലെയ്ഡിലേക്കു കുടിയേറി.
ഹൃദയഭേദകമായ ഒരു ദുരന്തം
അഡലെയ്ഡിലെ ഞങ്ങളുടെ സഭയിൽ 12 അഭിഷിക്തക്രിസ്ത്യാനികളുണ്ടായിരുന്നു. പ്രായമേറിയ ആ സഹോദരങ്ങൾ പ്രസംഗപ്രവർത്തനത്തിൽ തീക്ഷ്ണതയോടെ നേതൃത്വമെടുത്തിരുന്നു. പെട്ടെന്നുതന്നെ ഞങ്ങൾക്കു വീണ്ടും ഒരു നല്ല ആത്മീയദിനചര്യയിലേക്കു വരാൻ കഴിഞ്ഞു.
1979-ൽ ഞങ്ങളുടെ അഞ്ചാമത്തെ കുട്ടിയായ ഡാനിയേൽ പിറന്നു. അവനു ഗുരുതരമായ ഡൗൺ സിൻഡ്രോം * ബാധിച്ചിരുന്നു. അവൻ അധികം കാലം ജീവിക്കുമെന്നു പ്രതീക്ഷയില്ലായിരുന്നു. ഞങ്ങൾ ആ സമയത്ത് അനുഭവിച്ച മാനസികവേദന വാക്കുകൾകൊണ്ട് വിവരിക്കാൻ പറ്റുന്നില്ല. അവനെ പരിചരിക്കുന്നതിനു ഞങ്ങളാലാവുന്നതെല്ലാം ഞങ്ങൾ ചെയ്തു. അതേസമയം മറ്റു നാലു കുട്ടികളെ ഞങ്ങൾ അവഗണിച്ചുമില്ല. ഹൃദയത്തിനു രണ്ടു ദ്വാരങ്ങളുണ്ടായിരുന്നതുകൊണ്ട് പലപ്പോഴും ഓക്സിജന്റെ കുറവുമൂലം അവന്റെ ശരീരം നീല നിറത്തിലാകുമായിരുന്നു. അപ്പോൾ ഞങ്ങൾ ഉടനെ അവനെയുംകൊണ്ട് ആശുപത്രിയിലേക്ക് ഓടും. ആരോഗ്യം മോശമായിരുന്നെങ്കിലും ഡാനിയേൽ ബുദ്ധിയുള്ള കുട്ടിയായിരുന്നു, എല്ലാവർക്കും ഇഷ്ടം തോന്നുന്ന ഒരു സ്വഭാവമായിരുന്നു അവന്റേത്. ആത്മീയകാര്യങ്ങളോടു താത്പര്യമുള്ള കുട്ടിയായിരുന്നു അവൻ. ഭക്ഷണത്തിനു മുമ്പ് കുടുംബം മുഴുവൻ പ്രാർഥിക്കുമ്പോൾ അവൻ കൈ കോർത്ത് പിടിക്കുകയും തല കുനിച്ചിരിക്കുകയും നല്ല ഉത്സാഹത്തോടെ “ആമേൻ” പറയുകയും ചെയ്തിരുന്നു. അതിനു ശേഷം മാത്രമേ ഡാനിയേൽ ഭക്ഷണം കഴിച്ചിരുന്നുള്ളൂ!
ഡാനിയേലിനു നാലു വയസ്സുള്ളപ്പോൾ അവനു ഗുരുതരമായ രക്താർബുദം (ലുക്കീമിയ) പിടിപെട്ടു. ലെനെയും ഞാനും ശാരീരികമായും വൈകാരികമായും ആകെ തളർന്നു. എന്റെ മനോനില തെറ്റുമോ എന്നുപോലും ഞാൻ ചിന്തിച്ചുപോയി. അങ്ങനെ ഞങ്ങൾ അങ്ങേയറ്റം നിരാശിതരായ സമയത്ത് ഇതാ, ഒരാൾ വാതിൽക്കൽ. ഞങ്ങളുടെ സർക്കിട്ട് മേൽവിചാരകനായ നെവിൽ ബ്രോംവിച്ച് സഹോദരനായിരുന്നു അത്. അനുകമ്പയോടെയും സ്നേഹത്തോടെയും അദ്ദേഹം ഞങ്ങളോടു സംസാരിച്ചു. കണ്ണുനീരോടെ ഞങ്ങളെ ചേർത്തുപിടിച്ചു. ഞങ്ങൾ എല്ലാവരും കരഞ്ഞുപോയി. അദ്ദേഹത്തിന്റെ സാന്ത്വനവാക്കുകൾ ഞങ്ങളെ എത്ര ആശ്വസിപ്പിച്ചെന്നോ! വെളുപ്പിന് ഏകദേശം ഒരു മണിയോടെയാണ് അദ്ദേഹം പോയത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഡാനിയേൽ മരിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വേദനാകരമായ സംഭവമായിരുന്നു അത്. എങ്കിലും ഞങ്ങൾ പിടിച്ചുനിന്നു. യാതൊന്നിനും, മരണത്തിനുപോലും, ഡാനിയേലിനെ യഹോവയുടെ സ്നേഹത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ലെന്നു ഞങ്ങൾക്ക് ഉറപ്പായിരുന്നു. (റോമ. 8:38, 39) പുതിയ ലോകത്തിൽ അവൻ പുനരുത്ഥാനത്തിൽ വരുന്നതു കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്!—യോഹ. 5:28, 29.
മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു
അടുത്തിടെ എനിക്കു രണ്ടു പക്ഷാഘാതമുണ്ടായി. എങ്കിലും എനിക്ക് ഒരു മൂപ്പനായി സേവിക്കാൻ കഴിയുന്നുണ്ട്. മറ്റുള്ളവരോട് അനുകമ്പയും സഹാനുഭൂതിയും കാണിക്കാൻ എന്റെ ജീവിതാനുഭവങ്ങൾ എന്നെ സഹായിച്ചിരിക്കുന്നു, പ്രത്യേകിച്ച് പ്രശ്നങ്ങളുമായി മല്ലടിക്കുന്നവരോട്. ഞാൻ അവരെ വിധിക്കാൻ ശ്രമിക്കുന്നതിനു പകരം എന്നോടുതന്നെ ചോദിക്കും: ‘അവരുടെ പശ്ചാത്തലം അവരുടെ ചിന്താരീതിയെയും വികാരങ്ങൾ പ്രകടിപ്പിക്കുന്ന വിധത്തെയും സ്വാധീനിച്ചിരിക്കുന്നത് എങ്ങനെ? എനിക്ക് അവരോടു സ്നേഹമുണ്ടെന്ന് എങ്ങനെ കാണിക്കാം? യഹോവയുടെ ഇഷ്ടം ചെയ്യാൻ എനിക്ക് അവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാം?’ സഭയിൽ ഇടയവേല ചെയ്യുന്നത് എനിക്കു ശരിക്കും ഇഷ്ടമാണ്. മറ്റുള്ളവർക്ക് ആത്മീയനവോന്മേഷം പകരുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ എനിക്കുതന്നെ നവോന്മേഷവും ആശ്വാസവും തോന്നും.
ഇങ്ങനെ പാടിയ സങ്കീർത്തനക്കാരനെപ്പോലെ എനിക്കു തോന്നാറുണ്ട്: “ആകുലചിന്തകൾ എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ (യഹോവ) എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി.” (സങ്കീ. 94:19) കുടുംബത്തിൽ വേദനിപ്പിക്കുന്ന സംഭവങ്ങളുണ്ടായപ്പോഴും മതപരമായ എതിർപ്പുകളും നിരാശയും വിഷാദവും എല്ലാം ഞെരുക്കിയപ്പോഴും യഹോവ എന്നെ താങ്ങി. യഹോവ എനിക്കു ശരിക്കും ഒരു പിതാവായിരുന്നു!