വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​ത്തി​ന്റെ പ്രീതി ലഭിക്കാ​മാ​യി​രു​ന്നു, പക്ഷേ. . .

ദൈവ​ത്തി​ന്റെ പ്രീതി ലഭിക്കാ​മാ​യി​രു​ന്നു, പക്ഷേ. . .

നമ്മൾ യഹോ​വയെ സേവി​ക്കു​ന്നു, യഹോ​വ​യു​ടെ പ്രീതി നേടാൻ ആഗ്രഹി​ക്കു​ന്നു, ഇല്ലേ? എന്നാൽ ആർക്കാ​യി​രി​ക്കും ദൈവ​ത്തി​ന്റെ പ്രീതി​യും അനു​ഗ്ര​ഹ​വും ലഭിക്കു​ന്നത്‌? ബൈബിൾക്കാ​ല​ങ്ങ​ളിൽ ചിലർ ഗൗരവ​മുള്ള തെറ്റുകൾ ചെയ്‌തു​പോ​യെ​ങ്കി​ലും പിന്നീട്‌ അവർക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​രം ആസ്വദി​ക്കാൻ കഴിഞ്ഞു. എന്നാൽ നല്ല ഗുണങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ദൈവ​ത്തി​ന്റെ പ്രീതി നേടാൻ കഴിയാ​തെ​പോയ ചില​രെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌. അതു​കൊണ്ട്‌ നമ്മൾ ഇങ്ങനെ ചോദി​ച്ചേ​ക്കാം: ‘യഹോവ പ്രധാ​ന​മാ​യും നമ്മളിൽനിന്ന്‌ എന്താണു പ്രതീ​ക്ഷി​ക്കു​ന്നത്‌?’ യഹൂദാ​രാ​ജാ​വായ രഹബെ​യാ​മി​ന്റെ ജീവിതം അതിനുള്ള ഉത്തരം കണ്ടെത്താൻ നമ്മളെ സഹായി​ക്കും.

മോശ​മായ തുടക്കം

രഹബെ​യാ​മി​ന്റെ പിതാ​വായ ശലോ​മോൻ ഇസ്രാ​യേ​ലിൽ 40 വർഷം ഭരണം നടത്തി. (1 രാജാ. 11:42) ബി.സി. 997-ൽ ശലോ​മോൻ മരിച്ചു. അനന്തരാ​വ​കാ​ശി​യായ രഹബെ​യാം കിരീ​ട​ധാ​ര​ണ​ത്തി​നാ​യി യരുശ​ലേ​മിൽനിന്ന്‌ വടക്ക്‌ ശെഖേ​മി​ലേക്കു പോയി. (2 ദിന. 10:1) അസാധാ​ര​ണ​മായ ജ്ഞാനത്തിന്‌ ഉടമയാ​യി​രുന്ന ശലോ​മോ​നെ​പ്പോ​ലെ ഭരണം നടത്താൻ കഴിയു​മോ എന്നു രഹബെ​യാ​മിന്‌ ആശങ്കയു​ണ്ടാ​യി​രു​ന്നോ? ഏതായാ​ലും സങ്കീർണ​മായ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നുള്ള രഹബെ​യാ​മി​ന്റെ പ്രാപ്‌തി ഉടൻതന്നെ പരി​ശോ​ധി​ക്ക​പ്പെ​ടാൻ പോകു​ക​യാ​യി​രു​ന്നു.

ഇസ്രാ​യേ​ലിൽ സമ്മർദം നിറഞ്ഞ അന്തരീ​ക്ഷ​മാ​ണെന്നു രഹബെ​യാ​മി​നു മനസ്സി​ലാ​യി​ക്കാ​ണും. ഭരണം തുടങ്ങി കുറച്ച്‌ കഴിഞ്ഞ്‌ ജനത്തിന്റെ പ്രതി​നി​ധി​കൾ നേരിട്ട്‌ വന്ന്‌ രഹബെ​യാ​മി​നോ​ടു തങ്ങളുടെ ആകുല​തകൾ പറഞ്ഞു: “അങ്ങയുടെ അപ്പൻ ഞങ്ങളുടെ നുകം കഠിന​മാ​ക്കി. അദ്ദേഹം ഞങ്ങളുടെ മേൽ ചുമത്തിയ കഠിന​വേല അങ്ങ്‌ ഇപ്പോൾ കുറച്ചു​ത​രു​ക​യും അങ്ങയുടെ അപ്പൻ ഞങ്ങളുടെ മേൽ വെച്ച ഭാരമുള്ള നുകം ലഘൂക​രി​ച്ചു​ത​രു​ക​യും ചെയ്‌താൽ ഞങ്ങൾ അങ്ങയെ സേവി​ച്ചു​കൊ​ള്ളാം.”—2 ദിന. 10:3, 4.

ഒരു കെണി​യിൽ അകപ്പെ​ട്ട​തു​പോ​ലെ രഹബെ​യാ​മി​നു തോന്നി​ക്കാ​ണും. ജനങ്ങളു​ടെ ആവശ്യങ്ങൾ അനുവ​ദി​ച്ചാൽ അവരുടെ ഭാരം കുറച്ചു​കൊ​ടു​ക്കണം. അപ്പോൾ രാജാ​വും രാജകു​ടും​ബ​വും കൊട്ടാ​ര​ത്തി​ലു​ള്ള​വ​രും ഇപ്പോൾ അനുഭ​വി​ക്കുന്ന കുറെ ആഡംബ​രങ്ങൾ വേണ്ടെ​ന്നു​വെ​ക്കേ​ണ്ടി​വ​രും. അതേസ​മയം, ആവശ്യങ്ങൾ നിരാ​ക​രി​ച്ചാൽ ജനങ്ങൾ ഭരണത്തിന്‌ എതിരെ തിരി​യാ​നുള്ള സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഇപ്പോൾ രഹബെ​യാം എന്തു ചെയ്യും? അദ്ദേഹം ആദ്യം ശലോ​മോ​ന്റെ ഉപദേ​ഷ്ടാ​ക്ക​ളാ​യി​രുന്ന പ്രായ​മുള്ള ആളുക​ളോട്‌ അഭി​പ്രാ​യം ചോദി​ക്കു​ന്നു. എന്നാൽ പിന്നീട്‌ തന്റെ പ്രായ​ക്കാ​രായ ചെറു​പ്പ​ക്കാ​രു​ടെ ഉപദേ​ശ​വും തേടുന്നു. ചെറു​പ്പ​ക്കാ​രു​ടെ ഉപദേ​ശ​മ​നു​സ​രിച്ച്‌ രഹബെ​യാം ജനത്തോ​ടു കർശന​മാ​യി ഇടപെ​ടാൻ തീരു​മാ​നി​ക്കു​ന്നു. അദ്ദേഹം ജനത്തിന്‌ ഇങ്ങനെ മറുപടി കൊടു​ക്കു​ന്നു: “ഞാൻ നിങ്ങളു​ടെ നുകം കഠിന​മാ​ക്കും. ഞാൻ അതിന്റെ ഭാരം വർധി​പ്പി​ക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാ​റു​കൊണ്ട്‌ ശിക്ഷി​ച്ചെ​ങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാ​ട്ട​കൊണ്ട്‌ ശിക്ഷി​ക്കും.”—2 ദിന. 10:6-14.

ഇതിൽനിന്ന്‌ നിങ്ങൾക്ക്‌ ഒരു പാഠം പഠിക്കാ​നി​ല്ലേ? പ്രായ​മുള്ള, ആത്മീയ​പ​ക്വ​ത​യുള്ള ആളുക​ളു​ടെ ഉപദേശം ശ്രദ്ധി​ക്കു​ന്നതു മിക്ക​പ്പോ​ഴും ജ്ഞാനമാണ്‌. അനുഭ​വ​പ​രി​ച​യ​മു​ള്ള​തു​കൊണ്ട്‌ ഒരു തീരു​മാ​ന​ത്തി​ന്റെ അനന്തര​ഫ​ലങ്ങൾ മുൻകൂ​ട്ടി​ക്കാ​ണാ​നും നല്ല ഉപദേശം തരാനും അവർക്കു കഴി​ഞ്ഞേ​ക്കും.—ഇയ്യോ. 12:12.

‘അവർ യഹോ​വ​യു​ടെ വാക്ക്‌ കേട്ടു’

തന്നെ ധിക്കരിച്ച പത്തു​ഗോ​ത്ര രാജ്യ​ത്തിന്‌ എതിരെ യുദ്ധം ചെയ്യാൻ രഹബെ​യാം സൈന്യ​ത്തെ വിളി​ച്ചു​കൂ​ട്ടി. എന്നാൽ യഹോവ ഇടപെട്ടു. പ്രവാ​ച​ക​നായ ശെമയ്യ​യി​ലൂ​ടെ യഹോവ പറഞ്ഞു: “നിങ്ങളു​ടെ സഹോ​ദ​ര​ന്മാ​രായ ഇസ്രാ​യേ​ല്യ​രോ​ടു നിങ്ങൾ യുദ്ധത്തി​നു പോക​രുത്‌. ഓരോ​രു​ത്ത​രും അവരവ​രു​ടെ വീട്ടി​ലേക്കു തിരി​ച്ചു​പോ​കണം. കാരണം ഇങ്ങനെ​യെ​ല്ലാം സംഭവി​ക്കാൻ ഇടവരു​ത്തി​യതു ഞാനാണ്‌.”—1 രാജാ. 12:21-24. *

ഒന്നു പോരാ​ടു​ക​പോ​ലും ചെയ്യരു​തെ​ന്നോ? ആ കല്‌പന രഹബെ​യാ​മി​നെ എത്രമാ​ത്രം അസ്വസ്ഥ​നാ​ക്കി​ക്കാ​ണും! പ്രജകളെ “മുൾച്ചാ​ട്ട​കൊണ്ട്‌” ശിക്ഷി​ക്കു​മെന്നു പറഞ്ഞ്‌ ഭീഷണി​പ്പെ​ടു​ത്തി​യിട്ട്‌ അവരുടെ ധിക്കാ​ര​ത്തി​നു മുന്നിൽ കീഴട​ങ്ങേ​ണ്ടി​വ​രുന്ന രാജാ​വി​നെ​ക്കു​റിച്ച്‌ ആളുകൾ എന്തു ചിന്തി​ക്കും? (2 ദിനവൃ​ത്താ​ന്തം 13:7 താരത​മ്യം ചെയ്യുക.) എങ്കിലും രാജാ​വും സൈന്യ​വും “യഹോ​വ​യു​ടെ വാക്കു കേട്ട്‌ . . . യഹോവ കല്‌പി​ച്ച​തു​പോ​ലെ അവരവ​രു​ടെ വീടു​ക​ളി​ലേക്കു മടങ്ങി​പ്പോ​യി.”

നമ്മളെ ഇത്‌ എന്താണു പഠിപ്പി​ക്കു​ന്നത്‌? ദൈവത്തെ അനുസ​രി​ക്കു​ന്ന​തി​ന്റെ പേരിൽ പരിഹാ​സ​ത്തിന്‌ ഇരയാ​കേ​ണ്ടി​വ​ന്നാ​ലും അങ്ങനെ ചെയ്യു​ന്ന​താ​ണു ജ്ഞാനം. അതു ദൈവ​ത്തി​ന്റെ പ്രീതി​യും അനു​ഗ്ര​ഹ​വും നേടി​ത്ത​രും.—ആവ. 28:2.

ദൈവത്തെ അനുസ​രി​ച്ച​തു​കൊണ്ട്‌ രഹബെ​യാ​മിന്‌ എന്തു പ്രയോ​ജ​ന​മു​ണ്ടാ​യി? പുതു​താ​യി സ്ഥാപി​ത​മായ വടക്കേ രാജ്യ​ത്തോ​ടു യുദ്ധം ചെയ്യാ​നുള്ള പദ്ധതി ഉപേക്ഷി​ച്ചിട്ട്‌ രഹബെ​യാം തന്റെ അധീന​ത​യി​ലു​ണ്ടാ​യി​രുന്ന യഹൂദ, ബന്യാ​മീൻ ഗോ​ത്ര​ങ്ങ​ളു​ടെ പ്രദേ​ശ​ങ്ങ​ളിൽ നഗരങ്ങൾ പണിയാൻ തുടങ്ങി. അദ്ദേഹം പല നഗരങ്ങ​ളും “പണിത്‌ നന്നായി ബലപ്പെ​ടു​ത്തി.” (2 ദിന. 11:5-12) കുറച്ച്‌ കാല​ത്തേക്ക്‌ അദ്ദേഹം യഹോ​വ​യു​ടെ നിയമങ്ങൾ അനുസ​രി​ക്കു​ക​യും ചെയ്‌തെ​ന്നതു ശ്രദ്ധേ​യ​മാണ്‌. യൊ​രോ​ബെ​യാ​മി​ന്റെ കീഴി​ലുള്ള പത്തു​ഗോ​ത്ര ഇസ്രാ​യേൽ വിഗ്ര​ഹാ​രാ​ധ​ന​യി​ലേക്കു കൂപ്പു​കു​ത്തി​യ​പ്പോൾ ആ രാജ്യ​ത്തു​നി​ന്നുള്ള പലരും “രഹബെ​യാ​മി​നെ പിന്തു​ണച്ച്‌” യരുശ​ലേ​മി​ലേക്കു വരുക​യും സത്യാ​രാ​ധ​ന​യു​ടെ പക്ഷം ചേരു​ക​യും ചെയ്‌തു. (2 ദിന. 11:16, 17) അങ്ങനെ രഹബെ​യാ​മി​ന്റെ അനുസ​രണം അദ്ദേഹ​ത്തി​ന്റെ ഭരണം ശക്തി​പ്പെ​ടു​ത്തി.

രഹബെ​യാ​മി​ന്റെ പാപവും പശ്ചാത്താ​പ​വും

ഭരണം ശക്തി​പ്പെ​ട്ടു​ക​ഴി​ഞ്ഞ​പ്പോൾ രഹബെ​യാം തികച്ചും അവിശ്വ​സ​നീ​യ​മായ ഒരു കാര്യം ചെയ്‌തു. അദ്ദേഹം യഹോ​വ​യു​ടെ നിയമം ഉപേക്ഷി​ച്ചു, എന്നിട്ട്‌ വ്യാജാ​രാ​ധന സ്വീക​രി​ച്ചു! എന്തു​കൊണ്ട്‌? അമ്മോ​ന്യ​സ്‌ത്രീ​യാ​യി​രുന്ന അമ്മയുടെ സ്വാധീ​ന​മാ​യി​രു​ന്നോ അതിനു പിന്നിൽ? (1 രാജാ. 14:21) കാരണം എന്തുത​ന്നെ​യാ​യാ​ലും, യഹൂദാ​ജനം രഹബെ​യാ​മി​ന്റെ പാത പിന്തു​ടർന്നു. അതു​കൊണ്ട്‌ രഹബെ​യാം കോട്ട​കെട്ടി ബലപ്പെ​ടു​ത്തി​യി​രു​ന്ന​താ​ണെ​ങ്കി​ലും യഹൂദ​യി​ലെ അനേകം നഗരങ്ങൾ പിടി​ച്ചെ​ടു​ക്കാൻ ഈജി​പ്‌ത്‌ രാജാ​വായ ശീശക്കി​നെ യഹോവ അനുവ​ദി​ച്ചു.—1 രാജാ. 14:22-24; 2 ദിന. 12:1-4.

ആക്രമിച്ച്‌ മുന്നേ​റിയ ശീശക്കും സൈന്യ​വും രഹബെ​യാം ഭരണം നടത്തുന്ന യരുശ​ലേം വരെ എത്തി. അപ്പോൾ പ്രവാ​ച​ക​നായ ശെമയ്യ രഹബെ​യാ​മി​നെ​യും പ്രഭു​ക്ക​ന്മാ​രെ​യും ദൈവ​ത്തി​ന്റെ ഈ സന്ദേശം അറിയി​ച്ചു: “നിങ്ങൾ എന്നെ ഉപേക്ഷി​ച്ച​തി​നാൽ ഞാൻ നിങ്ങ​ളെ​യും ഉപേക്ഷി​ക്കും; ഞാൻ നിങ്ങളെ ശീശക്കി​ന്റെ കൈയിൽ ഏൽപ്പി​ക്കും.” ശാസന​യു​ടെ രൂപത്തി​ലുള്ള ആ സന്ദേശ​ത്തോ​ടു രഹബെ​യാം എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? ബൈബിൾ പറയുന്നു: “രാജാ​വും ഇസ്രാ​യേൽപ്ര​ഭു​ക്ക​ന്മാ​രും, ‘യഹോവ നീതി​മാ​നാണ്‌’ എന്നു പറഞ്ഞ്‌ സ്വയം താഴ്‌ത്തി.” അതു​കൊണ്ട്‌ യഹോവ രഹബെ​യാ​മി​നെ​യും യരുശ​ലേം നഗര​ത്തെ​യും ശീശക്കിൽനിന്ന്‌ രക്ഷിച്ചു.—2 ദിന. 12:5-7, 12.

അങ്ങനെ രഹബെ​യാം തെക്കേ രാജ്യ​ത്തി​ന്റെ ഭരണം തുടർന്നു. മരിക്കു​ന്ന​തി​നു മുമ്പ്‌ അദ്ദേഹം ആൺമക്കൾക്കു ധാരാളം സമ്മാനങ്ങൾ കൊടു​ത്തു. അവർ തങ്ങളുടെ സഹോ​ദ​ര​നും അടുത്ത അവകാ​ശി​യും ആയ അബീയയെ എതിർക്കാ​തി​രി​ക്കാ​നാ​യി​രി​ക്കാം അദ്ദേഹം ഇങ്ങനെ ചെയ്‌തത്‌. (2 ദിന. 11:21-23) പണ്ടത്തേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി ഇക്കാര്യ​ത്തിൽ രഹബെ​യാം ബുദ്ധി​പൂർവം പ്രവർത്തി​ച്ചെന്നു പറയാം.

നല്ലതോ മോശ​മോ?

നല്ല കാര്യ​ങ്ങ​ളൊ​ക്കെ ചെയ്യാൻ ശ്രമി​ച്ചെ​ങ്കി​ലും രഹബെ​യാ​മി​നു ദൈവ​ത്തി​ന്റെ പ്രീതി ലഭിച്ചില്ല. ബൈബിൾ അദ്ദേഹ​ത്തി​ന്റെ ഭരണ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ ചുരു​ക്കി​പ്പ​റ​യു​ന്നു: “രഹബെ​യാം മോശ​മായ കാര്യങ്ങൾ ചെയ്‌തു.” എന്തു​കൊണ്ട്‌? അദ്ദേഹം ‘യഹോ​വയെ അന്വേ​ഷി​ക്കാൻ ഹൃദയ​ത്തിൽ നിശ്ചയി​ച്ചു​റ​ച്ചി​രു​ന്നില്ല.’—2 ദിന. 12:14.

ദാവീദ്‌ രാജാ​വിന്‌ യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാൻ കഴിഞ്ഞു. അക്കാര്യ​ത്തി​ലാ​ണു രഹബെ​യാം പരാജ​യ​പ്പെ​ട്ടത്‌

ആ വാക്കു​ക​ളു​ടെ അർഥം എന്താ​ണെന്നു ചിന്തി​ക്കുക. രഹബെ​യാം ദൈവത്തെ ചില​പ്പോ​ഴൊ​ക്കെ അനുസ​രി​ച്ചു, യഹോ​വ​യു​ടെ ജനത്തി​നു​വേണ്ടി ചില നല്ല കാര്യങ്ങൾ ചെയ്യു​ക​യും ചെയ്‌തു. പക്ഷേ രഹബെ​യാം യഹോ​വ​യു​മാ​യി ഒരു അടുത്ത​ബന്ധം വളർത്തി​യെ​ടു​ത്തില്ല. യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നുള്ള തീവ്ര​മായ ആഗ്രഹ​വും അദ്ദേഹ​ത്തിന്‌ ഇല്ലായി​രു​ന്നു. അതു​കൊ​ണ്ടാണ്‌ അദ്ദേഹം തെറ്റി​ലേ​ക്കും വ്യാജാ​രാ​ധ​ന​യി​ലേ​ക്കും വീണു​പോ​യത്‌. ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘വാസ്‌ത​വ​ത്തിൽ രഹബെ​യാം ദൈവ​ത്തി​ന്റെ തിരുത്തൽ സ്വീക​രി​ച്ചത്‌, പശ്ചാത്താ​പ​വും ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നുള്ള ആഗ്രഹ​വും സ്വയം തോന്നി​യി​ട്ടാ​ണോ അതോ അദ്ദേഹം മറ്റാരു​ടെ​യെ​ങ്കി​ലും പ്രേര​ണ​യ്‌ക്കു വഴങ്ങു​ക​യാ​യി​രു​ന്നോ?’ (2 ദിന. 11:3, 4; 12:6) പിൽക്കാ​ലത്ത്‌ അദ്ദേഹം വീണ്ടും തെറ്റി​ലേക്കു തിരിഞ്ഞു. മുത്തച്ഛ​നായ ദാവീദ്‌ രാജാ​വിൽനിന്ന്‌ എത്രയോ വ്യത്യ​സ്‌തൻ! ദാവീ​ദി​നു ചില തെറ്റുകൾ പറ്റി​യെ​ന്നതു ശരിയാണ്‌. പക്ഷേ അദ്ദേഹ​ത്തി​ന്റെ ജീവി​ത​ത്തിൽ ഉടനീളം നിറഞ്ഞു​നി​ന്നി​രു​ന്നത്‌ യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും സത്യാ​രാ​ധ​ന​യോ​ടുള്ള കൂറും ആയിരു​ന്നു. ചെയ്‌തു​പോയ തെറ്റു​ക​ളെ​പ്രതി അദ്ദേഹ​ത്തിന്‌ ആത്മാർഥ​മായ പശ്ചാത്താ​പ​വു​മു​ണ്ടാ​യി​രു​ന്നു.—1 രാജാ. 14:8; സങ്കീ. 51:1, 17; 63:1.

രഹബെ​യാ​മിൽനിന്ന്‌ നമുക്കു ഒരു പ്രധാ​ന​പ്പെട്ട പാഠം പഠിക്കാ​നുണ്ട്‌. ആളുകൾ കുടും​ബ​ത്തി​നു​വേണ്ടി കരുതു​ന്ന​തും എന്തെങ്കി​ലും നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തും ഒക്കെ അഭിന​ന്ദ​നാർഹ​മാണ്‌. എന്നാൽ ദൈവ​ത്തി​ന്റെ പ്രീതി ലഭിക്ക​ണ​മെ​ങ്കിൽ നമ്മൾ എല്ലാത്തി​നും ഉപരി സത്യാ​രാ​ധ​നയെ പിന്തു​ണ​യ്‌ക്കു​ക​യും അതി​നോ​ടു പറ്റിനിൽക്കു​ക​യും വേണം.

യഹോ​വ​യോട്‌ ആഴമായ സ്‌നേ​ഹ​മു​ണ്ടെ​ങ്കി​ലേ നമുക്ക്‌ അതിനു കഴിയൂ. ആ സ്‌നേഹം നിലനി​റു​ത്താൻ നമ്മൾ കഠിന​ശ്രമം ചെയ്യണം. വിറക്‌ ഇട്ടു​കൊ​ടു​ത്തു​കൊണ്ട്‌ തീ ജ്വലി​പ്പി​ച്ചു​നി​റു​ത്തു​ന്ന​തു​പോ​ലെ, ക്രമമാ​യി ദൈവ​വ​ചനം പഠിച്ചു​കൊ​ണ്ടും വായിച്ച കാര്യങ്ങൾ ധ്യാനി​ച്ചു​കൊ​ണ്ടും ഇടവി​ടാ​തെ പ്രാർഥി​ച്ചു​കൊ​ണ്ടും ദൈവ​ത്തോ​ടുള്ള സ്‌നേഹം ജ്വലി​പ്പി​ച്ചു​നി​റു​ത്തണം. (സങ്കീ. 1:2; റോമ. 12:12) എല്ലാ കാര്യ​ങ്ങ​ളും യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന വിധത്തിൽ ചെയ്യാൻ യഹോ​വ​യോ​ടുള്ള സ്‌നേഹം നമ്മളെ പ്രചോ​ദി​പ്പി​ക്കും. തെറ്റു പറ്റു​മ്പോൾ ആത്മാർഥ​മായ പശ്ചാത്താ​പം കാണി​ക്കാൻ അതു നമ്മളെ പ്രേരി​പ്പി​ക്കും. ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ, രഹബെ​യാ​മിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി, സത്യാ​രാ​ധ​ന​യിൽ ഉറച്ചു​നിൽക്കാൻ നമുക്കു കഴിയും.—യൂദ 20, 21.

^ ഖ. 9 ശലോമോന്റെ അവിശ്വ​സ്‌തത കാരണം രാജ്യം വിഭജി​ത​മാ​കു​മെന്ന്‌ യഹോവ നേര​ത്തേ​തന്നെ പറഞ്ഞി​രു​ന്നു.—1 രാജാ. 11:31.