വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യെ​യും യേശു​വി​നെ​യും പോലെ നമ്മളും ഒന്നായി​രി​ക്കുക

യഹോ​വ​യെ​യും യേശു​വി​നെ​യും പോലെ നമ്മളും ഒന്നായി​രി​ക്കുക

‘പിതാവേ, അങ്ങ്‌ എന്നോടു യോജി​പ്പി​ലാ​യി​രി​ക്കു​ന്ന​തു​പോ​ലെ അവർ എല്ലാവ​രും ഒന്നായി​രി​ക്കാൻ ഞാൻ അപേക്ഷി​ക്കു​ന്നു.’—യോഹ. 17:20, 21.

ഗീതങ്ങൾ: 24, 99

1, 2. (എ) അപ്പോ​സ്‌ത​ല​ന്മാ​രു​മൊ​ത്തുള്ള അവസാ​ന​പ്രാർഥ​ന​യിൽ യേശു എന്താണ്‌ അപേക്ഷി​ച്ചത്‌? (ബി) ഐക്യ​ത്തെ​ക്കു​റിച്ച്‌ യേശു എന്തു​കൊ​ണ്ടാ​യി​രി​ക്കാം ഊന്നി​പ്പ​റ​ഞ്ഞത്‌?

അപ്പോ​സ്‌ത​ല​ന്മാ​രു​മൊ​ത്തുള്ള അവസാ​നത്തെ ഭക്ഷണത്തി​ന്റെ സമയത്ത്‌ യേശു ഐക്യ​ത്തെ​പ്പറ്റി സംസാ​രി​ച്ചു. യേശു ഐക്യത്തെ വളരെ പ്രധാ​ന​പ്പെ​ട്ട​താ​യി കണ്ടു. അവരു​ടെ​കൂ​ടെ പ്രാർഥി​ച്ച​പ്പോൾ താനും പിതാ​വും ഒന്നായി​രി​ക്കു​ന്ന​തു​പോ​ലെ തന്റെ ശിഷ്യ​ന്മാ​രും ഒന്നായി​രി​ക്കാ​നുള്ള ആഗ്രഹം യേശു പ്രകടി​പ്പി​ച്ചു. (യോഹ​ന്നാൻ 17:20, 21 വായി​ക്കുക.) അവർക്കി​ട​യി​ലെ ഐക്യം ശക്തമായ ഒരു സാക്ഷ്യ​മാ​കു​മാ​യി​രു​ന്നു. അതെ, തന്റെ ഇഷ്ടം ചെയ്യാ​നാ​യി യഹോവ യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചെ​ന്ന​തി​ന്റെ വ്യക്തമായ തെളി​വാ​കു​മാ​യി​രു​ന്നു അത്‌. യേശു​വി​ന്റെ യഥാർഥ​ശി​ഷ്യ​ന്മാ​രു​ടെ അടയാളം സ്‌നേ​ഹ​മാ​യി​രി​ക്കും, അത്‌ അവരുടെ ഒരുമ വർധി​പ്പി​ക്കു​ക​യും ചെയ്യും.—യോഹ. 13:34, 35.

2 യേശു ഐക്യ​ത്തെ​ക്കു​റിച്ച്‌ ഊന്നി​പ്പ​റ​ഞ്ഞ​തി​ന്റെ കാരണം നമുക്കു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. അപ്പോ​സ്‌ത​ല​ന്മാർക്കി​ട​യിൽ ഐക്യ​വും യോജി​പ്പും കുറവു​ള്ള​താ​യി യേശു ശ്രദ്ധി​ച്ചി​രു​ന്നു. മുമ്പ്‌ സംഭവി​ച്ചി​ട്ടു​ള്ള​തു​പോ​ലെ ആ അവസാ​ന​ഭ​ക്ഷ​ണ​സ​മ​യ​ത്തും ‘തങ്ങളുടെ കൂട്ടത്തിൽ ആരാണു വലിയവൻ എന്നതി​നെ​പ്പറ്റി ഒരു തർക്കം അവരുടെ ഇടയിൽ ഉണ്ടായി.’ (ലൂക്കോ. 22:24-27; മർക്കോ. 9:33, 34) മറ്റൊ​രി​ക്കൽ, യാക്കോ​ബും യോഹ​ന്നാ​നും യേശു​വി​ന്റെ രാജ്യ​ത്തിൽ തങ്ങൾക്കു പ്രധാ​ന​പ്പെട്ട സ്ഥാനങ്ങൾ നൽകണ​മെന്നു യേശു​വി​നോട്‌ അപേക്ഷി​ച്ചു.—മർക്കോ. 10:35-40.

3. ക്രിസ്‌തു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ ഒരുമ​യോ​ടെ നിൽക്കാൻ തടസ്സമാ​യി​രുന്ന ചില ഘടകങ്ങൾ ഏതൊ​ക്കെ​യാ​യി​രി​ക്കാം, നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

3 ക്രിസ്‌തു​വി​ന്റെ ശിഷ്യ​ന്മാർക്കി​ട​യി​ലെ ഐക്യ​ത്തി​നു തടസ്സമാ​യി​രു​ന്നതു സ്ഥാന​മോ​ഹം മാത്ര​മാ​യി​രി​ക്കില്ല. മറ്റു കാര്യ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നി​രി​ക്കാം. വിദ്വേ​ഷ​വും മുൻവി​ധി​യും യേശു​വി​ന്റെ കാലത്തെ ആളുകളെ ഭിന്നി​പ്പി​ച്ചി​രു​ന്നു. യേശു​വി​ന്റെ ശിഷ്യ​ന്മാർ അത്തരം മനോ​ഭാ​വങ്ങൾ ഒഴിവാ​ക്കേ​ണ്ടി​യി​രു​ന്നു. ഈ ലേഖന​ത്തിൽ പിൻവ​രുന്ന ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യും: മുൻവി​ധി​യെ യേശു എങ്ങനെ​യാ​ണു നേരി​ട്ടത്‌? പക്ഷപാ​ത​മി​ല്ലാ​തെ മറ്റുള്ള​വ​രോട്‌ ഇടപെ​ടാ​നും പരസ്‌പരം യോജി​പ്പു​ള്ള​വ​രാ​യി​രി​ക്കാ​നും തന്റെ ശിഷ്യ​ന്മാ​രെ യേശു എങ്ങനെ​യാ​ണു പഠിപ്പി​ച്ചത്‌? ഒരുമ​യോ​ടെ നിൽക്കാൻ ആ പഠിപ്പി​ക്ക​ലു​കൾ നമ്മളെ എങ്ങനെ സഹായി​ക്കും?

യേശു​വും അനുഗാ​മി​ക​ളും നേരിട്ട മുൻവി​ധി

4. യേശു​വി​നോ​ടു മുൻവി​ധി കാണി​ച്ച​തി​ന്റെ ചില ഉദാഹ​ര​ണങ്ങൾ പറയുക.

4 യേശു​വി​നും മുൻവി​ധി അനുഭ​വി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. താൻ മിശി​ഹയെ കണ്ടെത്തി​യെന്നു ഫിലി​പ്പോസ്‌ നഥന​യേ​ലി​നോ​ടു പറഞ്ഞ​പ്പോൾ നഥന​യേ​ലി​ന്റെ മറുപടി നോക്കുക: “അതിന്‌, നസറെ​ത്തിൽനിന്ന്‌ എന്തു നന്മ വരാനാണ്‌?” (യോഹ. 1:46) സാധ്യ​ത​യ​നു​സ​രിച്ച്‌, നഥന​യേ​ലി​നു മീഖ 5:2-ലെ പ്രവചനം അറിയാ​മാ​യി​രു​ന്നു. മിശിഹ നസറെ​ത്തിൽനിന്ന്‌ വരാനുള്ള പ്രാധാ​ന്യ​മൊ​ന്നും ആ നാടി​നി​ല്ലെന്ന്‌ അദ്ദേഹം കരുതി​യി​രി​ക്കാം. അതു​പോ​ലെ, ഒരു ഗലീല​ക്കാ​ര​നാ​യ​തു​കൊണ്ട്‌ ജൂത​പ്ര​മാ​ണി​മാ​രിൽ പലരും യേശു​വി​നെ പുച്ഛ​ത്തോ​ടെ​യാ​ണു വീക്ഷി​ച്ചി​രു​ന്നത്‌. (യോഹ. 7:52) ഗലീല​ക്കാ​രെ താഴ്‌ന്ന​വ​രാ​യി​ട്ടാ​ണു മിക്ക ജൂതന്മാ​രും കണ്ടത്‌. വേറെ ചില ജൂതന്മാർ ശമര്യ​ക്കാ​രൻ എന്നു വിളിച്ച്‌ യേശു​വി​നെ പരിഹ​സി​ക്കാൻ ശ്രമിച്ചു. (യോഹ. 8:48) ശമര്യ​ക്കാർ വംശീ​യ​മാ​യും മതപര​മാ​യും ജൂതന്മാ​രിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി​രു​ന്നു. ജൂതന്മാ​രും ഗലീല​ക്കാ​രും ശമര്യ​ക്കാർക്ക്‌ ഒട്ടും വില കല്‌പി​ച്ചില്ല. എന്നു മാത്രമല്ല, അവരെ തീർത്തും അവഗണി​ക്കു​ക​യും ചെയ്‌തി​രു​ന്നു.—യോഹ. 4:9.

5. യേശു​വി​ന്റെ അനുഗാ​മി​കൾക്ക്‌ എങ്ങനെ​യുള്ള മുൻവി​ധി​യാണ്‌ അനുഭ​വി​ക്കേ​ണ്ടി​വ​ന്നത്‌?

5 ജൂത​നേ​താ​ക്ക​ന്മാർക്കു യേശു​വി​ന്റെ അനുഗാ​മി​ക​ളോ​ടും കടുത്ത അവജ്ഞയാ​യി​രു​ന്നു. പരീശ​ന്മാർ അവരെ ‘ശപിക്ക​പ്പെ​ട്ട​വ​രാ​യി​ട്ടാ​ണു’ വീക്ഷി​ച്ചി​രു​ന്നത്‌. (യോഹ. 7:47-49) റബ്ബിമാ​രു​ടെ സ്‌കൂ​ളു​ക​ളിൽ പഠിക്കാ​ത്ത​വ​രെ​യും തങ്ങളുടെ പാരമ്പ​ര്യം പിൻപ​റ്റാ​ത്ത​വ​രെ​യും വിലയി​ല്ലാ​ത്ത​വ​രും സാധാ​ര​ണ​ക്കാ​രും ആയിട്ടാണ്‌ ആ നേതാ​ക്ക​ന്മാർ കണ്ടിരു​ന്നത്‌. (പ്രവൃ. 4:13, അടിക്കു​റിപ്പ്‌) അക്കാലത്ത്‌ മതപര​വും സാമൂ​ഹി​ക​വും വംശീ​യ​വും ആയ വേർതി​രി​വു​കൾ നിലനി​ന്നി​രു​ന്നു. അതിന്റെ പേരി​ലാ​ണു യേശു​വി​നും അനുഗാ​മി​കൾക്കും മുൻവി​ധി അനുഭ​വി​ക്കേ​ണ്ടി​വ​ന്നത്‌. ആ മുൻവി​ധി യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ​യും സ്വാധീ​നി​ച്ചി​രു​ന്നു. ഒറ്റക്കെ​ട്ടാ​യി നിൽക്കു​ന്ന​തിന്‌, അവർ തങ്ങളുടെ ചിന്താ​രീ​തി​ക്കു പാടേ മാറ്റം​വ​രു​ത്ത​ണ​മാ​യി​രു​ന്നു.

6. മുൻവി​ധി നമ്മളെ എങ്ങനെ​യാ​ണു സ്വാധീ​നി​ക്കു​ന്നത്‌ എന്നു കാണി​ക്കുന്ന ഉദാഹ​ര​ണങ്ങൾ പറയുക.

6 മുൻവി​ധി​യാൽ ചുറ്റപ്പെട്ട ലോക​ത്തി​ലാ​ണു നമ്മൾ ഇന്നു ജീവി​ക്കു​ന്നത്‌. ചില​പ്പോൾ ആളുകൾ നമ്മളോ​ടു മുൻവി​ധി​യോ​ടെ പെരു​മാ​റി​യി​ട്ടു​ണ്ടാ​കാം, അല്ലെങ്കിൽ നമുക്കു മറ്റുള്ള​വ​രോ​ടു മുൻവി​ധി​യു​ണ്ടാ​യി​രി​ക്കാം. ഇപ്പോൾ മുൻനി​ര​സേ​വി​ക​യാ​യി പ്രവർത്തി​ക്കുന്ന ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു സഹോ​ദരി പറയുന്നു: “പണ്ടുകാ​ലം​മു​തൽ ഓസ്‌​ട്രേ​ലി​യ​യി​ലെ ആദിവാ​സി​കൾ അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന അനീതി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കും​തോ​റും വെള്ളക്കാ​രോ​ടുള്ള എന്റെ വെറുപ്പു കൂടി​വന്നു. എനിക്കു നേരി​ടേ​ണ്ടി​വന്ന ചില ദുരനു​ഭ​വങ്ങൾ കൂടി​യാ​യ​പ്പോൾ ഇതു കൂടുതൽ ആളിക്കത്തി.” ഭാഷയു​ടെ പേരിൽ ഒരു കാലത്ത്‌ തനിക്കു മറ്റുള്ള​വ​രോ​ടു മുൻവി​ധി​യു​ണ്ടാ​യി​രു​ന്നെന്നു കാനഡ​ക്കാ​ര​നായ ഒരു സഹോ​ദരൻ സമ്മതി​ക്കു​ന്നു. അദ്ദേഹം പറയുന്നു: “ഫ്രഞ്ച്‌ ഭാഷ സംസാ​രി​ക്കു​ന്നവർ മറ്റുള്ള​വ​രെ​ക്കാൾ ഉയർന്ന​വ​രാ​ണെ​ന്നാ​ണു ഞാൻ കരുതി​യി​രു​ന്നത്‌. ഇംഗ്ലീഷ്‌ സംസാ​രി​ക്കു​ന്ന​വരെ എനിക്കു കണ്ടുകൂ​ടാ​യി​രു​ന്നു.”

7. മുൻവി​ധി​യോ​ടുള്ള ബന്ധത്തിൽ യേശു എന്താണു ചെയ്‌തത്‌?

7 യേശു​വി​ന്റെ കാല​ത്തെ​പ്പോ​ലെ, ഇന്നും മുൻവി​ധി വളരെ ശക്തവും ആഴത്തിൽ വേരു​പി​ടി​ച്ച​തും ആണ്‌. ആകട്ടെ, മുൻവി​ധി​യോ​ടുള്ള ബന്ധത്തിൽ യേശു എന്താണു ചെയ്‌തത്‌? ആദ്യം​തന്നെ, മറ്റുള്ള​വ​രോ​ടു യാതൊ​രു വേർതി​രി​വും കാണി​ക്കാ​തെ യേശു മുൻവി​ധി തള്ളിക്ക​ളഞ്ഞു. ധനിക​രോ​ടും ദരി​ദ്ര​രോ​ടും, പരീശ​ന്മാ​രോ​ടും ശമര്യ​ക്കാ​രോ​ടും, എന്തിന്‌, നികു​തി​പി​രി​വു​കാ​രോ​ടും പാപി​ക​ളോ​ടും പോലും പക്ഷപാ​ത​മി​ല്ലാ​തെ യേശു സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു. രണ്ടാമത്‌, ആളുകളെ സംശയ​ദൃ​ഷ്ടി​യോ​ടെ നോക്കു​ന്ന​തും അവരോട്‌ അസഹി​ഷ്‌ണുത കാണി​ക്കു​ന്ന​തും തന്റെ ശിഷ്യ​ന്മാർ ഒഴിവാ​ക്ക​ണ​മെന്നു യേശു വാക്കി​ലൂ​ടെ​യും മാതൃ​ക​യി​ലൂ​ടെ​യും പഠിപ്പി​ച്ചു.

സ്‌നേ​ഹ​ത്തി​നും താഴ്‌മ​യ്‌ക്കും മുൻവി​ധി​യെ കീഴട​ക്കാൻ കഴിയും

8. ക്രിസ്‌ത്യാ​നി​കൾക്കി​ട​യി​ലെ ഐക്യ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന അടിസ്ഥാ​ന​ത​ത്ത്വം എന്താണ്‌? വിശദീ​ക​രി​ക്കുക.

8 നമ്മുടെ ഐക്യ​ത്തിന്‌ അടിസ്ഥാ​ന​മായ ഒരു പ്രധാ​ന​ത​ത്ത്വം യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചു. യേശു പറഞ്ഞു: “നിങ്ങളോ എല്ലാവ​രും സഹോ​ദ​ര​ന്മാർ.” (മത്തായി 23:8, 9 വായി​ക്കുക.) ആദാമി​ന്റെ സന്തതി​ക​ളാ​യ​തു​കൊണ്ട്‌ ഒരർഥ​ത്തിൽ നമ്മളെ​ല്ലാം ‘സഹോ​ദ​ര​ന്മാ​രാണ്‌.’ (പ്രവൃ. 17:26) അതു മാത്രമല്ല, തന്റെ ശിഷ്യ​ന്മാർ യഹോ​വയെ സ്വർഗീ​യ​പി​താ​വാ​യി അംഗീ​ക​രി​ക്കു​ന്ന​തു​കൊണ്ട്‌ അവർ സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും ആണെന്നു യേശു വിശദീ​ക​രി​ച്ചു. (മത്താ. 12:50) തീർന്നില്ല, സ്‌നേ​ഹ​ത്തി​ലും വിശ്വാ​സ​ത്തി​ലും ഒന്നായി​ത്തീർന്ന അവർ ഒരു വലിയ ആത്മീയ​കു​ടും​ബ​ത്തി​ലെ അംഗങ്ങ​ളാണ്‌. അതു​കൊണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ തങ്ങളുടെ കത്തുക​ളിൽ സഹവി​ശ്വാ​സി​കളെ പലപ്പോ​ഴും ‘സഹോ​ദ​ര​ന്മാ​രെ​ന്നും സഹോ​ദ​രി​മാ​രെ​ന്നും’ പരാമർശി​ച്ചി​ട്ടുണ്ട്‌.—റോമ. 1:13; 1 പത്രോ. 2:17; 1 യോഹ. 3:13. *

9, 10. (എ) ജൂതന്മാർക്കു തങ്ങളുടെ വംശ​ത്തെ​ച്ചൊ​ല്ലി അഹങ്കരി​ക്കാൻ കാരണ​മി​ല്ലാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) വംശ​ത്തെ​ച്ചൊ​ല്ലി​യുള്ള അഹങ്കാരം തെറ്റാ​ണെന്നു യേശു എങ്ങനെ​യാ​ണു പഠിപ്പി​ച്ചത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

9 നമ്മൾ പരസ്‌പരം സഹോ​ദ​ര​ങ്ങ​ളാ​യി കാണണ​മെന്നു വ്യക്തമാ​ക്കി​യ​ശേഷം യേശു താഴ്‌മ​യു​ടെ ആവശ്യം എടുത്തു​പ​റഞ്ഞു. (മത്തായി 23:11, 12 വായി​ക്കുക.) മുമ്പ്‌ കണ്ടതു​പോ​ലെ, അഹങ്കാരം ചില​പ്പോ​ഴൊ​ക്കെ അപ്പോ​സ്‌ത​ല​ന്മാർക്കി​ട​യിൽ ഭിന്നത​യു​ടെ വിത്തുകൾ വിതച്ചു. ആളുകൾ വംശത്തി​ന്റെ പേരി​ലും അഹങ്കരി​ച്ചി​രു​ന്നു. അബ്രാ​ഹാ​മി​ന്റെ വംശത്തിൽപ്പെ​ട്ട​വ​രാ​യ​തു​കൊണ്ട്‌ തങ്ങൾ മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​രാ​ണെന്ന ചിന്ത പല ജൂതന്മാർക്കു​മു​ണ്ടാ​യി​രു​ന്നു. എന്നാൽ അങ്ങനെ അഹങ്കരി​ക്കാൻ അവർക്ക്‌ എന്തെങ്കി​ലും ന്യായ​മു​ണ്ടാ​യി​രു​ന്നോ? സ്‌നാ​പ​ക​യോ​ഹ​ന്നാൻ അവരോ​ടു പറഞ്ഞു: “അബ്രാ​ഹാ​മി​നു​വേണ്ടി ഈ കല്ലുക​ളിൽനിന്ന്‌ മക്കളെ ഉളവാ​ക്കാൻ ദൈവ​ത്തി​നു കഴിയും.”—ലൂക്കോ. 3:8.

10 യേശു വംശ​ത്തെ​ച്ചൊ​ല്ലി​യുള്ള അഹങ്കാ​രത്തെ കുറ്റം​വി​ധി​ച്ചു. “ആരാണ്‌ യഥാർഥ​ത്തിൽ എന്റെ അയൽക്കാ​രൻ” എന്ന്‌ ഒരു ശാസ്‌ത്രി ചോദി​ച്ച​പ്പോൾ യേശു ആ കാര്യം വ്യക്തമാക്കി. കവർച്ച​ക്കാ​രു​ടെ ആക്രമ​ണ​ത്തിന്‌ ഇരയായ ഒരു ജൂതനെ ദയാപൂർവം പരിച​രിച്ച ഒരു ശമര്യ​ക്കാ​രന്റെ ദൃഷ്ടാന്തം പറഞ്ഞു​കൊ​ണ്ടാണ്‌ യേശു ആ ചോദ്യ​ത്തിന്‌ ഉത്തരം കൊടു​ത്തത്‌. അവശനാ​യി കിടന്ന ആ മനുഷ്യ​നെ ആ വഴി കടന്നു​പോയ ജൂതന്മാർ അവഗണി​ച്ചെ​ങ്കി​ലും ശമര്യ​ക്കാ​രന്‌ അയാ​ളോ​ടു മനസ്സലിവ്‌ തോന്നി. ആ ശമര്യ​ക്കാ​ര​നെ​പ്പോ​ലെ​യാ​കാൻ ശാസ്‌ത്രി​യോ​ടു പറഞ്ഞു​കൊണ്ട്‌ യേശു തന്റെ കഥ ഉപസം​ഹ​രി​ച്ചു. (ലൂക്കോ. 10:25-37) യഥാർഥ അയൽസ്‌നേഹം എന്താ​ണെന്നു ജൂതന്മാ​രെ പഠിപ്പി​ക്കാൻ ഒരു ശമര്യ​ക്കാ​രനു കഴിയു​മെന്നു യേശു അങ്ങനെ കാണി​ച്ചു​കൊ​ടു​ത്തു.

11. ക്രിസ്‌തു​വി​ന്റെ ശിഷ്യ​ന്മാർ വിദേ​ശി​ക​ളോ​ടു പക്ഷപാ​ത​മി​ല്ലാ​തെ പെരു​മാ​റേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌, അതു മനസ്സി​ലാ​ക്കാൻ യേശു അവരെ സഹായി​ച്ചത്‌ എങ്ങനെ​യാണ്‌?

11 സ്വർഗാ​രോ​ഹണം ചെയ്യു​ന്ന​തി​നു മുമ്പ്‌, “യഹൂദ്യ​യിൽ എല്ലായി​ട​ത്തും ശമര്യ​യി​ലും ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും” സന്തോ​ഷ​വാർത്ത അറിയി​ക്കാൻ യേശു ശിഷ്യ​ന്മാർക്ക്‌ ഒരു നിയോ​ഗം നൽകി. (പ്രവൃ. 1:8) ആ നിയമനം നിറ​വേ​റ്റു​ന്ന​തിന്‌, ശിഷ്യ​ന്മാർ അവരുടെ അഹങ്കാ​ര​ത്തെ​യും മുൻവി​ധി​യെ​യും കീഴട​ക്ക​ണ​മാ​യി​രു​ന്നു. യേശു മിക്ക​പ്പോ​ഴും വിദേ​ശി​ക​ളായ ആളുക​ളു​ടെ നല്ല ഗുണങ്ങൾ എടുത്തു​പ​റഞ്ഞു. എല്ലാ ജനതക​ളോ​ടും പ്രസം​ഗി​ക്കാൻ ഇത്‌ അവരെ ഒരുക്കി. ശ്രദ്ധേ​യ​മായ വിശ്വാ​സം കാണിച്ച വിദേ​ശി​യായ ഒരു സൈനി​കോ​ദ്യോ​ഗ​സ്ഥനെ യേശു പ്രശം​സി​ച്ചു. (മത്താ. 8:5-10) അതു​പോ​ലെ, സാരെ​ഫാ​ത്തി​ലെ ഫൊയ്‌നി​ക്യ​ക്കാ​രി​യായ വിധവ​യും കുഷ്‌ഠ​രോ​ഗി​യായ സിറി​യ​ക്കാ​രൻ നയമാ​നും ഉൾപ്പെ​ടെ​യുള്ള വിദേ​ശി​കളെ യഹോവ അനു​ഗ്ര​ഹി​ച്ച​തി​നെ​ക്കു​റിച്ച്‌ യേശു സ്വന്തം പട്ടണമായ നസറെ​ത്തി​ലാ​യി​രു​ന്ന​പ്പോൾ സംസാ​രി​ച്ചു. (ലൂക്കോ. 4:25-27) മറ്റൊരിക്കൽ ഒരു ശമര്യ​സ്‌ത്രീ​യെ സന്തോ​ഷ​വാർത്ത അറിയി​ക്കുക മാത്രമല്ല, തന്റെ സന്ദേശ​ത്തോ​ടു താത്‌പ​ര്യം കാണി​ച്ച​തു​കൊണ്ട്‌ ശമര്യ​ക്കാ​രു​ടെ ഒരു പട്ടണത്തിൽ യേശു രണ്ടു ദിവസം തങ്ങുക​യും ചെയ്‌തു.—യോഹ. 4:21-24, 40.

മുൻവി​ധി​യോ​ടുള്ള പോരാ​ട്ടം—ഒന്നാം നൂറ്റാ​ണ്ടിൽ

12, 13. (എ) യേശു ഒരു ശമര്യ​സ്‌ത്രീ​യെ പഠിപ്പി​ക്കു​ന്നതു കണ്ടപ്പോൾ അപ്പോ​സ്‌ത​ല​ന്മാർക്ക്‌ എന്തു തോന്നി? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) അതിൽനിന്ന്‌ യാക്കോ​ബും യോഹ​ന്നാ​നും പാഠം പഠിച്ചി​ല്ലെന്ന്‌ എന്തു കാണി​ക്കു​ന്നു?

12 മുൻവി​ധി മറിക​ട​ക്കു​ന്നത്‌ അപ്പോ​സ്‌ത​ല​ന്മാർക്ക്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. ശമര്യ​ക്കാ​രി​യായ ഒരു സ്‌ത്രീ​യെ പഠിപ്പി​ക്കാൻ യേശു മനസ്സു കാണി​ച്ച​പ്പോൾ അപ്പോ​സ്‌ത​ല​ന്മാർ അതിശ​യി​ച്ചു​പോ​യി. (യോഹ. 4:9, 27) ജൂതമ​ത​നേ​താ​ക്ക​ന്മാർ പൊതു​സ്ഥ​ല​ങ്ങ​ളിൽവെച്ച്‌ സ്‌ത്രീ​ക​ളോ​ടു സംസാ​രി​ക്കാ​റി​ല്ലാ​യി​രു​ന്നു. അത്ര സത്‌പേ​രി​ല്ലാത്ത ഒരു ശമര്യ​സ്‌ത്രീ​യോ​ടു സംസാ​രി​ക്കുന്ന കാര്യം പറയാ​നു​മില്ല. സ്‌ത്രീ പോയി​ക്ക​ഴി​ഞ്ഞ​പ്പോൾ ഭക്ഷണം കഴിക്കാൻ അപ്പോ​സ്‌ത​ല​ന്മാർ യേശു​വി​നെ നിർബ​ന്ധി​ച്ചു. എന്നാൽ ആത്മീയ​വി​ഷ​യ​ങ്ങ​ളു​ടെ ചർച്ചയിൽ യേശു അത്ര​യേറെ മുഴു​കി​പ്പോ​യ​തു​കൊണ്ട്‌ വിശപ്പു​പോ​ലും കാര്യ​മാ​ക്കി​യി​ല്ലെ​ന്നാ​ണു യേശു​വി​ന്റെ മറുപടി കാണി​ക്കു​ന്നത്‌. സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നത്‌ പിതാ​വി​ന്റെ ഇഷ്ടമാ​യി​രു​ന്നു, യേശു​വിന്‌ അത്‌ ആഹാരം​പോ​ലെ​യാ​യി​രു​ന്നു. അത്‌ ഒരു ശമര്യ​സ്‌ത്രീ​യോ​ടാ​ണെ​ങ്കിൽപ്പോ​ലും അക്കാര്യ​ത്തി​നു മാറ്റമി​ല്ലാ​യി​രു​ന്നു.—യോഹ. 4:31-34.

13 എന്നാൽ യാക്കോ​ബും യോഹ​ന്നാ​നും ഈ സംഭവ​ത്തിൽനിന്ന്‌ പാഠം പഠിച്ചില്ല. ഒരിക്കൽ യേശു​വും ശിഷ്യ​ന്മാ​രും ശമര്യ​യി​ലൂ​ടെ യാത്ര ചെയ്യു​ക​യാ​യി​രു​ന്നു. അവി​ടെ​യുള്ള ഒരു ഗ്രാമ​ത്തിൽ രാത്രി തങ്ങാനുള്ള സൗകര്യം ശിഷ്യ​ന്മാർ അന്വേ​ഷി​ച്ചു. എന്നാൽ ശമര്യ​ക്കാർ അവരെ സ്വീക​രി​ക്കാൻ തയ്യാറാ​യില്ല. അതിൽ രോഷം​പൂണ്ട യാക്കോ​ബും യോഹ​ന്നാ​നും ആകാശ​ത്തു​നിന്ന്‌ തീ ഇറക്കി ആ ഗ്രാമത്തെ മുഴുവൻ നശിപ്പി​ക്ക​ണ​മെന്ന്‌ അഭി​പ്രാ​യ​പ്പെട്ടു. യേശു അവരെ ശക്തമായി ശകാരി​ച്ചു. (ലൂക്കോ. 9:51-56) അവരുടെ സ്വദേ​ശ​മായ ഗലീല​യി​ലാ​യി​രു​ന്നു ആതിഥ്യം കാണി​ക്കാ​തി​രുന്ന ഈ ഗ്രാമ​മെ​ങ്കിൽ അവർ ഇങ്ങനെ പ്രതി​ക​രി​ക്കു​മാ​യി​രു​ന്നോ? സാധ്യ​ത​യ​നു​സ​രിച്ച്‌, മുൻവി​ധി​യാണ്‌ അവരുടെ വിദ്വേ​ഷം ആളിക്ക​ത്തി​ച്ചത്‌. പിന്നീട്‌ യോഹ​ന്നാൻ ശമര്യ​ക്കാ​രോ​ടു സന്തോ​ഷ​വാർത്ത അറിയി​ച്ച​പ്പോൾ അവരിൽ പലരും അതിനു ശ്രദ്ധ കൊടു​ത്തു. മുമ്പത്തെ തന്റെ കോപ​പ്ര​ക​ട​ന​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌ യോഹ​ന്നാന്‌ അപ്പോൾ നാണ​ക്കേടു തോന്നി​ക്കാ​ണും.—പ്രവൃ. 8:14, 25.

14. ഭാഷയു​ടെ പേരി​ലു​ണ്ടാ​യ​തെന്നു കരുത​പ്പെ​ടുന്ന ഒരു പ്രശ്‌നം എങ്ങനെ​യാ​ണു പരിഹ​രി​ച്ചത്‌?

14 എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തി​നു ശേഷം അധികം താമസി​യാ​തെ, വിവേ​ച​ന​ത്തി​ന്റെ ഒരു പ്രശ്‌നം ഉയർന്നു​വന്നു. സഹായം ആവശ്യ​മാ​യി​രുന്ന വിധവ​മാർക്കുള്ള ഭക്ഷണവി​ത​ര​ണ​ത്തിൽ ഗ്രീക്കു സംസാ​രി​ക്കുന്ന വിധവ​മാർ അവഗണി​ക്ക​പ്പെട്ടു. (പ്രവൃ. 6:1) ഭാഷയു​ടെ പേരി​ലുള്ള മുൻവി​ധി​യാ​യി​രു​ന്നി​രി​ക്കാം ഒരു കാരണം. യോഗ്യ​ത​യുള്ള പുരു​ഷ​ന്മാ​രെ ഭക്ഷണവി​ത​ര​ണ​ത്തി​നു നിയമി​ച്ചു​കൊണ്ട്‌ പെട്ടെ​ന്നു​തന്നെ അപ്പോ​സ്‌ത​ല​ന്മാർ ഈ പ്രശ്‌നം പരിഹ​രി​ച്ചു. ആത്മീയ​പ​ക്വ​ത​യുള്ള ഈ പുരു​ഷ​ന്മാർക്കെ​ല്ലാം ഗ്രീക്കു പേരു​ക​ളാ​യി​രു​ന്ന​തു​കൊണ്ട്‌ വിവേ​ച​ന​ത്തിന്‌ ഇരയായ വിധവ​മാർക്ക്‌ ഇവർ കൂടുതൽ സ്വീകാ​ര്യ​രാ​യി​രു​ന്നി​രി​ക്കണം.

15. പത്രോസ്‌ പക്ഷപാതം കാണി​ക്കാ​തെ എല്ലാവ​രോ​ടും പെരു​മാ​റു​ന്ന​തിൽ പുരോ​ഗതി വരുത്തി​യത്‌ എങ്ങനെ? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

15 എ.ഡി. 36-ൽ എല്ലാ ജനതക​ളി​ലും​പെ​ട്ട​വ​രോ​ടു ക്രിസ്‌തു​ശി​ഷ്യർ പ്രസം​ഗി​ക്കാൻ തുടങ്ങി. അതുവരെ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ജൂതന്മാ​രു​മാ​യി മാത്രമേ അടുത്ത്‌ സഹവസി​ച്ചി​രു​ന്നു​ള്ളൂ. എന്നാൽ ക്രിസ്‌ത്യാ​നി​കൾ പക്ഷപാ​ത​മു​ള്ള​വ​രാ​യി​രി​ക്ക​രു​തെന്നു ദൈവം പത്രോ​സി​നു വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു. അതിനു ശേഷം അദ്ദേഹം റോമൻ പടയാ​ളി​യായ കൊർന്നേ​ല്യൊ​സി​നോ​ടു സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു. (പ്രവൃ​ത്തി​കൾ 10:28, 34, 35 വായി​ക്കുക.) പിന്നീട്‌ പത്രോസ്‌ ജനതക​ളിൽപ്പെട്ട വിശ്വാ​സി​ക​ളു​ടെ​കൂ​ടെ ഭക്ഷണം കഴിക്കു​ക​യും സഹവസി​ക്കു​ക​യും ചെയ്‌തു​പോ​ന്നു. എന്നാൽ ഏതാനും വർഷങ്ങൾ കഴിഞ്ഞ്‌ അന്ത്യോ​ക്യ​യിൽവെച്ച്‌ പത്രോസ്‌ ജൂതന്മാ​ര​ല്ലാത്ത ക്രിസ്‌ത്യാ​നി​ക​ളോ​ടൊത്ത്‌ ഭക്ഷണം കഴിക്കു​ന്നതു നിറുത്തി. (ഗലാ. 2:11-14) ആ സാഹച​ര്യ​ത്തിൽ പൗലോസ്‌ പത്രോ​സി​നു വേണ്ട തിരുത്തൽ കൊടു​ത്തു. അദ്ദേഹം അതു സ്വീക​രി​ച്ചു​കാ​ണണം. കാരണം, പിൽക്കാ​ലത്ത്‌ ഏഷ്യാ​മൈ​ന​റി​ലെ ജൂത​ക്രി​സ്‌ത്യാ​നി​കൾക്കും ജനതക​ളിൽപ്പെട്ട ക്രിസ്‌ത്യാ​നി​കൾക്കും എഴുതിയ ആദ്യത്തെ കത്തിൽ പത്രോസ്‌ മുഴു സഹോ​ദ​ര​സ​മൂ​ഹ​ത്തെ​യും സ്‌നേ​ഹി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെന്നു പറഞ്ഞു.—1 പത്രോ. 1:1; 2:17.

16. ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ എങ്ങനെ​യുള്ള ഒരു പേരാണു നേടി​യെ​ടു​ത്തത്‌?

16 യേശു​വി​ന്റെ മാതൃ​ക​യിൽനിന്ന്‌ അപ്പോ​സ്‌ത​ല​ന്മാർ “എല്ലാ തരം മനുഷ്യ​രെ​യും” സ്‌നേ​ഹി​ക്കാൻ പഠിക്കു​ക​തന്നെ ചെയ്‌തു. (യോഹ. 12:32; 1 തിമൊ. 4:10) ഇതിനു കുറച്ച്‌ സമയ​മെ​ടു​ത്തെ​ങ്കി​ലും അവർ തങ്ങളുടെ ചിന്താ​രീ​തി​ക്കു മാറ്റം​വ​രു​ത്തി. അങ്ങനെ ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ പരസ്‌പരം സ്‌നേ​ഹി​ക്കു​ന്ന​വ​രെന്ന സത്‌പേര്‌ നേടി​യെ​ടു​ത്തു. ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌ ക്രിസ്‌ത്യാ​നി​ക​ള​ല്ലാ​ത്തവർ ഇങ്ങനെ പറഞ്ഞതാ​യി രണ്ടാം നൂറ്റാ​ണ്ടി​ലെ ഒരു എഴുത്തു​കാ​ര​നായ തെർത്തു​ല്യൻ രേഖ​പ്പെ​ടു​ത്തു​ന്നു: “അവർക്കു പരസ്‌പ​ര​സ്‌നേ​ഹ​മുണ്ട്‌. . . . ഒരാൾ മറ്റൊ​രാൾക്കു​വേണ്ടി മരിക്കാൻപോ​ലും തയ്യാറാണ്‌.” “പുതിയ വ്യക്തി​ത്വം” ധരിച്ച​തു​കൊണ്ട്‌ ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ എല്ലാ ആളുക​ളെ​യും ദൈവം കാണു​ന്ന​തു​പോ​ലെ തുല്യ​രാ​യി കാണാൻ തുടങ്ങി.—കൊലോ. 3:10, 11.

17. നമ്മുടെ ഹൃദയ​ത്തിൽനിന്ന്‌ മുൻവി​ധി എങ്ങനെ പിഴു​തെ​റി​യാം? ചില ഉദാഹ​ര​ണങ്ങൾ പറയുക.

17 ഹൃദയ​ത്തിൽനിന്ന്‌ മുൻവി​ധി പിഴു​തെ​റി​യാൻ നമുക്കും കുറ​ച്ചൊ​ക്കെ സമയം വേണ്ടി​വ​ന്നേ​ക്കാം. ഫ്രാൻസിൽനി​ന്നുള്ള ഒരു സഹോ​ദരി ഇക്കാര്യ​ത്തി​ലുള്ള തന്റെ പോരാ​ട്ട​ത്തെ​ക്കു​റിച്ച്‌ പറയുന്നു: “സ്‌നേഹം എന്താ​ണെന്ന്‌ യഹോവ എന്നെ പഠിപ്പി​ച്ചു. അതു​പോ​ലെ, എനിക്കു​ള്ളതു മറ്റുള്ള​വർക്കു കൊടു​ക്കാ​നും എല്ലാ തരം ആളുക​ളെ​യും സ്‌നേ​ഹി​ക്കാ​നും എന്നെ പഠിപ്പി​ച്ചു. പക്ഷേ മറ്റുള്ള​വ​രോ​ടുള്ള മുൻവി​ധി മറിക​ട​ക്കാൻ ഞാൻ ഇപ്പോ​ഴും പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. എന്നാൽ എപ്പോ​ഴും അത്‌ അത്ര എളുപ്പമല്ല. അതു​കൊണ്ട്‌ ഞാൻ ഇക്കാര്യ​ത്തെ​ക്കു​റിച്ച്‌ മുടങ്ങാ​തെ പ്രാർഥി​ക്കു​ന്നു.” സ്‌പെ​യി​നി​ലുള്ള ഒരു സഹോ​ദ​രി​ക്കും ഇത്തര​മൊ​രു പോരാ​ട്ട​മുണ്ട്‌. സഹോ​ദരി പറയുന്നു: “ഉള്ളിന്റെ ഉള്ളിൽ ഇപ്പോ​ഴും ഒരു പ്രത്യേക വംശക്കാ​രോട്‌ എനിക്കു വിദ്വേ​ഷ​മാണ്‌. ആ ചിന്തക​ളോ​ടു ഞാൻ നിരന്തരം പോരാ​ടു​ക​യാണ്‌. മിക്ക​പ്പോ​ഴും ഞാൻ വിജയി​ക്കു​ന്നുണ്ട്‌. എന്നാൽ ഞാൻ പോരാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കണം എന്ന്‌ എനിക്ക്‌ അറിയാം. ഐക്യ​മുള്ള ഒരു കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്ന​തിൽ എനിക്കു സന്തോ​ഷ​മുണ്ട്‌, യഹോ​വ​യോ​ടു നന്ദിയും.” നമുക്ക്‌ ഓരോ​രു​ത്തർക്കും നമ്മളെ​ത്തന്നെ സത്യസ​ന്ധ​മാ​യി ഒന്ന്‌ വിലയി​രു​ത്തി നോക്കാം. ഈ രണ്ടു സഹോ​ദ​രി​മാ​രെ​പ്പോ​ലെ നമുക്കും ഏതെങ്കി​ലും തരത്തി​ലുള്ള മുൻവി​ധി​ക്കെ​തി​രെ പോരാ​ടേ​ണ്ട​തു​ണ്ടോ?

മുൻവി​ധി​യു​ടെ സ്ഥാനത്ത്‌ സ്‌നേഹം വളരുന്നു

18, 19. (എ) എല്ലാവ​രെ​യും സ്വീക​രി​ക്കാൻ നമുക്ക്‌ എന്തെല്ലാം കാരണ​ങ്ങ​ളാ​ണു​ള്ളത്‌? (ബി) നമുക്ക്‌ ഇത്‌ ഏതൊക്കെ വിധങ്ങ​ളിൽ ചെയ്യാം?

18 നമ്മളെ​ല്ലാം ഒരിക്കൽ ദൈവ​ത്തിൽനിന്ന്‌ അകന്നവ​രാ​യി​രു​ന്നെന്ന്‌ ഓർക്കു​ന്നതു നല്ലതാണ്‌. (എഫെ. 2:12) പക്ഷേ യഹോവ “സ്‌നേ​ഹ​ത്തി​ന്റെ ചരടു​കൾകൊണ്ട്‌” നമ്മളെ തന്നി​ലേക്ക്‌ അടുപ്പി​ച്ചു. (ഹോശേ. 11:4; യോഹ. 6:44) ക്രിസ്‌തു നമ്മളെ സ്വീക​രി​ച്ചു. ഒരർഥ​ത്തിൽ നമുക്കു​വേണ്ടി വാതി​ലു​കൾ തുറന്നു​തന്നു, അങ്ങനെ നമുക്കു ദൈവ​കു​ടും​ബ​ത്തി​ന്റെ ഭാഗമാ​കാൻ കഴിഞ്ഞു. (റോമർ 15:7 വായി​ക്കുക.) അപൂർണ​രായ നമ്മളെ യേശു ദയയോ​ടെ സ്വീക​രി​ച്ചി​രി​ക്കു​ന്ന​തി​നാൽ, മറ്റുള്ള​വരെ അവഗണി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നമ്മൾ ചിന്തി​ക്കാ​നേ പാടില്ല.

യഹോവയുടെ ദാസന്മാർ ഉയരത്തിൽനി​ന്നുള്ള ജ്ഞാനം തേടുന്നു, സ്‌നേഹം അവരെ ഒറ്റക്കെ​ട്ടാ​യി നിറു​ത്തു​ന്നു (19-ാം ഖണ്ഡിക കാണുക)

19 നമ്മൾ ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അവസാ​ന​ത്തോട്‌ അടുത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ചേരി​തി​രി​വു​ക​ളും മുൻവി​ധി​ക​ളും ശത്രു​ത​യും ലോകത്ത്‌ ഇനിയും പെരു​കി​വ​രും, സംശയി​ക്കേണ്ട. (ഗലാ. 5:19-21; 2 തിമൊ. 3:13) യഹോ​വ​യു​ടെ ദാസന്മാ​രായ നമ്മൾ പക്ഷപാ​ത​മി​ല്ലാ​ത്ത​തും സമാധാ​നം ഉന്നമി​പ്പി​ക്കു​ന്ന​തും ആയ ഉയരത്തിൽനി​ന്നുള്ള ജ്ഞാനം തേടുന്നു. (യാക്കോ. 3:17, 18) നമ്മൾ സന്തോ​ഷ​ത്തോ​ടെ മറ്റു നാടു​ക​ളിൽനി​ന്നുള്ള ആളുക​ളു​മാ​യി സൗഹൃദം സ്ഥാപി​ക്കു​ന്നു, സംസ്‌കാ​ര​ത്തി​ലെ വ്യത്യാ​സങ്ങൾ അംഗീ​ക​രി​ക്കു​ന്നു, കഴിയു​മെ​ങ്കിൽ അവരുടെ ഭാഷ പഠിക്കു​ക​പോ​ലും ചെയ്യുന്നു. നമ്മൾ അങ്ങനെ ചെയ്യു​മ്പോൾ സമാധാ​നം നദി​പോ​ലെ ഒഴുകും, നീതി സമു​ദ്ര​ത്തി​ലെ തിരമാ​ല​കൾപോ​ലെ​യാ​കും.—യശ. 48:17, 18.

20. സ്‌നേഹം നമ്മുടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും രൂപ​പ്പെ​ടു​ത്തു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

20 നമ്മൾ നേരത്തേ പരിച​യ​പ്പെട്ട ഓസ്‌​ട്രേ​ലി​യ​യിൽനി​ന്നുള്ള സഹോ​ദരി പറയുന്നു: “സത്യത്തി​ന്റെ പ്രളയ​വാ​തി​ലു​കൾ എനിക്കു തുറന്നു​കി​ട്ടി.” ബൈബിൾ പഠിച്ചതു തന്നെ എങ്ങനെ സഹായി​ച്ചെന്ന്‌ അവർ പറയുന്നു: “ഞാൻ ഒരു പുതിയ മനസ്സും പുതിയ ഹൃദയ​വും ഉള്ള പുതിയ വ്യക്തി​യാ​യി​ത്തീർന്നു. എന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞി​രുന്ന മുൻവി​ധി​യും വിദ്വേ​ഷ​വും എല്ലാം കൺമു​ന്നിൽ ഉരുകി​യു​രു​കി ഇല്ലാതാ​യി.” കാനഡ​യി​ലെ ആ സഹോ​ദ​രന്റെ കാര്യ​മോ? “മിക്ക​പ്പോ​ഴും അറിവി​ല്ലാ​യ്‌മ​യാ​ണു വംശീ​യ​ത​യു​ടെ മാതാ​വെ​ന്നും ആളുക​ളു​ടെ സ്വഭാ​വ​ഗു​ണങ്ങൾ ഒരിക്ക​ലും അവരുടെ ജന്മസ്ഥലത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നി​ല്ലെ​ന്നും” ആ സഹോ​ദരൻ തിരി​ച്ച​റി​ഞ്ഞു. അദ്ദേഹം ഇംഗ്ലീഷ്‌ സംസാ​രി​ക്കുന്ന ഒരു സഹോ​ദ​രി​യെ വിവാഹം കഴിച്ചു. ക്രിസ്‌തീ​യ​സ്‌നേ​ഹ​ത്തി​നു മുൻവി​ധി​യെ കീഴട​ക്കാൻ കഴിയു​മെ​ന്നല്ലേ ഈ അനുഭ​വങ്ങൾ തെളി​യി​ക്കു​ന്നത്‌? ആ സ്‌നേഹം നമ്മളെ ഒറ്റക്കെ​ട്ടാ​യി നിറു​ത്തു​ന്നു, ഒരിക്ക​ലും പൊട്ടാത്ത ഒരു ചരടു​പോ​ലെ.—കൊലോ. 3:14.

^ ഖ. 8 “സഹോ​ദ​രങ്ങൾ” എന്ന പദത്തിൽ സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും ഉൾപ്പെ​ടു​ന്നുണ്ട്‌. റോമി​ലെ ‘സഹോ​ദ​ര​ങ്ങളെ’ അഭിസം​ബോ​ധന ചെയ്‌താ​ണു പൗലോസ്‌ കത്ത്‌ എഴുതി​യത്‌. അതിൽ സഹോ​ദ​രി​മാ​രും ഉൾപ്പെ​ടു​ന്നു​ണ്ടെന്നു വ്യക്തമാണ്‌. പൗലോസ്‌ അവരിൽ ചിലരു​ടെ പേരെ​ടുത്ത്‌ പറയു​ക​യും ചെയ്‌തു. (റോമ. 16:3, 6, 12) ക്രിസ്‌തീ​യ​വി​ശ്വാ​സി​കളെ വീക്ഷാ​ഗോ​പു​രം വളരെ​ക്കാ​ലം മുമ്പു​തൊ​ട്ടേ ‘സഹോ​ദ​ര​ന്മാ​രെ​ന്നും സഹോ​ദ​രി​മാ​രെ​ന്നും’ ആണ്‌ വിളി​ച്ചി​രി​ക്കു​ന്നത്‌.