വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെറു​പ്പ​ക്കാ​രേ, നിങ്ങൾ സന്തോ​ഷി​ക്കാൻ സ്രഷ്ടാവ്‌ ആഗ്രഹി​ക്കു​ന്നു

ചെറു​പ്പ​ക്കാ​രേ, നിങ്ങൾ സന്തോ​ഷി​ക്കാൻ സ്രഷ്ടാവ്‌ ആഗ്രഹി​ക്കു​ന്നു

“ജീവി​ത​കാ​ലം മുഴുവൻ നല്ല കാര്യ​ങ്ങ​ളാൽ (ദൈവം) നിന്നെ തൃപ്‌ത​നാ​ക്കു​ന്നു.”—സങ്കീ. 103:5.

ഗീതങ്ങൾ: 135, 39

1,  2. ഭാവി​യിൽ എന്തു ചെയ്യണ​മെന്നു തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ, നമ്മുടെ സ്രഷ്ടാ​വി​നെ ശ്രദ്ധി​ക്കേ​ണ്ടത്‌ ജ്ഞാനമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രങ്ങൾ കാണുക.)

ചെറു​പ്പ​ക്കാ​രേ, ഭാവി​യിൽ എന്തു ചെയ്യണം എന്നതി​നെ​ക്കു​റിച്ച്‌ നിങ്ങൾക്കു ധാരാളം ഉപദേ​ശങ്ങൾ കിട്ടു​ന്നു​ണ്ടാ​യി​രി​ക്കും. ഉന്നതവി​ദ്യാ​ഭ്യാ​സം നേടാ​നും നല്ല ശമ്പളമുള്ള ജോലി സമ്പാദി​ക്കാ​നും ഒക്കെയാ​യി​രി​ക്കും അധ്യാ​പ​ക​രും, ഉപദേ​ശ​ക​രും, മറ്റു പലരും നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. എന്നാൽ തികച്ചും വ്യത്യ​സ്‌ത​മായ ഒരു പാത തിര​ഞ്ഞെ​ടു​ക്കാ​നാണ്‌ യഹോവ നിങ്ങ​ളോ​ടു പറയു​ന്നത്‌. സ്‌കൂ​ളി​ലാ​യി​രി​ക്കു​മ്പോൾ, നിങ്ങൾ നന്നായി പഠിക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. എങ്കിലേ പഠനം പൂർത്തി​യാ​ക്കു​മ്പോൾ നിങ്ങൾക്ക്‌ ഒരു തൊഴിൽ കണ്ടെത്താൻ കഴിയൂ. (കൊലോ. 3:23) എന്നാൽ ജീവി​ത​ത്തിൽ ഏതു കാര്യ​ങ്ങൾക്കാ​ണു മുൻഗണന കൊടു​ക്കേ​ണ്ട​തെന്നു നിങ്ങൾ തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രും. ഇത്‌ അവസാ​ന​കാ​ല​മാ​യ​തു​കൊണ്ട്‌ ദൈവ​ത്തി​നു നമ്മളെ​ക്കു​റി​ച്ചുള്ള ഇഷ്ടവും ഉദ്ദേശ്യ​വും വെളി​പ്പെ​ടു​ത്തുന്ന ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ അങ്ങനെ ചെയ്യാൻ ദൈവം നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.—മത്താ. 24:14.

2 കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള മുഴു​ചി​ത്ര​വും യഹോ​വ​യ്‌ക്ക്‌ അറിയാ​മെന്ന്‌ ഓർക്കുക. ഈ ലോകത്തെ കാത്തി​രി​ക്കു​ന്നത്‌ എന്താ​ണെ​ന്നും അതിന്റെ അവസാനം എത്ര അടു​ത്തെ​ത്തി​യെ​ന്നും ദൈവ​ത്തിന്‌ അറിയാം. (യശ. 46:10; മത്താ. 24:3, 36) ദൈവ​ത്തി​നു നമ്മളെ​യും അറിയാം. നമുക്കു ശരിക്കും സന്തോ​ഷ​വും സംതൃ​പ്‌തി​യും തരുന്നത്‌ എന്താ​ണെ​ന്നും നമ്മളെ നിരാ​ശ​യി​ലേ​ക്കും അസന്തു​ഷ്ടി​യി​ലേ​ക്കും നയിക്കു​ന്നത്‌ എന്താ​ണെ​ന്നും ദൈവ​ത്തിന്‌ അറിയാം. അതു​കൊണ്ട്‌ മനുഷ്യ​രു​ടെ ഉപദേശം, അത്‌ എത്ര നല്ലതാ​ണെന്നു തോന്നി​യാ​ലും ദൈവ​വ​ചനം കണക്കി​ലെ​ടു​ക്കു​ന്നി​ല്ലെ​ങ്കിൽ, അതിൽ ജ്ഞാനത്തി​ന്റെ തരി​പോ​ലും ഉണ്ടായി​രി​ക്കില്ല.—സുഭാ. 19:21.

‘യഹോ​വ​യ്‌ക്കെ​തി​രാ​യി ജ്ഞാനമില്ല’

3, 4. തെറ്റായ ഉപദേശം ശ്രദ്ധി​ച്ചത്‌ ആദാമി​നെ​യും ഹവ്വയെ​യും അവരുടെ ഭാവി​ത​ല​മു​റ​ക​ളെ​യും എങ്ങനെ​യാ​ണു ബാധി​ച്ചത്‌?

3 തെറ്റായ ഉപദേ​ശ​ത്തി​ന്റെ വേരുകൾ തേടി​പ്പോ​യാൽ നമ്മൾ മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ തുടക്ക​ത്തിൽ ചെന്നെ​ത്തും. അഹംഭാ​വി​യായ സാത്താൻ സ്വയം ഉപദേ​ശ​കന്റെ വേഷം അണിഞ്ഞു. അവരുടെ ജീവി​ത​ഗതി അവർതന്നെ തിര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കിൽ ആദാമും ഹവ്വയും സന്തുഷ്ട​രാ​യി​രി​ക്കു​മെന്ന്‌ അവൻ ഹവ്വയോ​ടു പറഞ്ഞു. (ഉൽപ. 3:1-6) വാസ്‌ത​വ​ത്തിൽ, സാത്താനു സ്വാർഥ​മായ ലക്ഷ്യങ്ങ​ളാ​യി​രു​ന്നു. ആദാമും ഹവ്വയും അവരുടെ ഭാവി​ത​ല​മു​റ​ക​ളും താൻ പറയു​ന്നത്‌ അനുസ​രിച്ച്‌ ജീവി​ക്ക​ണ​മെ​ന്നും യഹോ​വയെ ആരാധി​ക്കു​ന്ന​തി​നു പകരം തന്നെ ആരാധി​ക്ക​ണ​മെ​ന്നും ആയിരു​ന്നു സാത്താന്റെ ഉള്ളിലി​രുപ്പ്‌. പക്ഷേ അവന്‌ അതിനുള്ള അർഹത​യു​ണ്ടാ​യി​രു​ന്നോ? ആദാമി​നു ഹവ്വയെ​യും ഹവ്വയ്‌ക്ക്‌ ആദാമി​നെ​യും കൊടു​ത്തത്‌ ആരായി​രു​ന്നു? അതു​പോ​ലെ, അവർ ജീവിച്ച മനോ​ഹ​ര​മായ ഉദ്യാ​ന​വും ജരാന​രകൾ ബാധി​ക്കു​ക​യി​ല്ലാത്ത, ന്യൂന​ത​ക​ളി​ല്ലാത്ത ശരീര​വും കൊടു​ത്ത​തോ? യഹോ​വ​യാ​യി​രു​ന്നു അവർക്കു വേണ്ട​തെ​ല്ലാം കൊടു​ത്തത്‌.

4 എന്നാൽ ആദാമും ഹവ്വയും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേട്‌ കാണിച്ചു. അങ്ങനെ ദൈവ​വു​മാ​യുള്ള അവരുടെ എല്ലാ ബന്ധവും വിച്ഛേ​ദി​ക്ക​പ്പെട്ടു. ആ തീരു​മാ​നം ദുരന്ത​ത്തി​ലാണ്‌ അവസാ​നി​ച്ചത്‌ എന്നു നമുക്ക്‌ അറിയാം. ചെടി​യിൽനിന്ന്‌ ഇറു​ത്തെ​ടുത്ത ഒരു പുഷ്‌പം പതി​യെ​പ്പ​തി​യെ വാടി​ക്ക​രി​യു​ന്ന​തു​പോ​ലെ അവരുടെ ശരീരം ദുർബ​ല​മാ​കാ​നും മരിക്കാ​നും തുടങ്ങി. അവരുടെ മക്കളായ നമ്മളും പാപം എന്ന ശാപം പേറി​യാ​ണു ജീവി​ക്കു​ന്നത്‌. (റോമ. 5:12) എന്നിട്ടും ഇന്നും മിക്കവ​രും ദൈവ​ത്തി​നു കീഴ്‌പെട്ട്‌ ജീവി​ക്കാൻ തയ്യാറല്ല. സ്വന്തം ഇഷ്ടപ്ര​കാ​രം ജീവി​ക്കാ​നാണ്‌ അവർക്കു താത്‌പ​ര്യം. (എഫെ. 2:1-3) അതിന്റെ ഫലങ്ങൾ നമ്മൾ ഇന്നു വ്യക്തമാ​യി കാണു​ന്നി​ല്ലേ? ‘യഹോ​വ​യ്‌ക്കെ​തി​രാ​യി ജ്ഞാനമില്ല’ എന്നാണ്‌ അതു തെളി​യി​ക്കു​ന്നത്‌.—സുഭാ. 21:30.

5. തന്റെ മനുഷ്യ​സൃ​ഷ്ടി​യു​ടെ കാര്യ​ത്തിൽ ദൈവ​ത്തിന്‌ എന്ത്‌ ഉറപ്പുണ്ട്‌, ആ ഉറപ്പ്‌ വെറു​തെ​യാ​യി​പ്പോ​യോ?

5 എങ്കിലും, ധാരാളം ചെറു​പ്പ​ക്കാർ ഉൾപ്പെടെ അനവധി​യാ​ളു​കൾ തന്നെ അന്വേ​ഷി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. (സങ്കീ. 103:17, 18; 110:3) അങ്ങനെ​യു​ള്ള​വരെ യഹോവ എത്ര വില​യേ​റി​യ​വ​രാ​യി​ട്ടാ​ണു കാണു​ന്ന​തെ​ന്നോ! നിങ്ങൾ അവരിൽ ഒരാളാ​ണോ? അങ്ങനെ​യെ​ങ്കിൽ ദൈവം തന്നിരി​ക്കുന്ന, നിങ്ങൾക്കു വളരെ​യ​ധി​കം സന്തോഷം തരുന്ന പല ‘നല്ല കാര്യ​ങ്ങ​ളും’ നിങ്ങൾ ആസ്വദി​ക്കു​ന്നുണ്ട്‌ എന്നതിനു സംശയ​മില്ല. (സങ്കീർത്തനം 103:5 വായി​ക്കുക; സുഭാ. 10:22) സമൃദ്ധ​മായ ആത്മീയാ​ഹാ​രം, ഏറ്റവും നല്ല സുഹൃ​ത്തു​ക്കൾ, അർഥവ​ത്തായ ലക്ഷ്യങ്ങൾ, യഥാർഥ സ്വാത​ന്ത്ര്യം തുടങ്ങി​യവ ഈ ‘നല്ല കാര്യ​ങ്ങ​ളിൽ’ ഉൾപ്പെ​ടു​ന്നു. ഇതെക്കു​റി​ച്ചാ​ണു നമ്മൾ പഠിക്കാൻപോ​കു​ന്നത്‌.

യഹോവ നിങ്ങളു​ടെ ആത്മീയാ​വ​ശ്യം തൃപ്‌തി​പ്പെ​ടു​ത്തു​ന്നു

6. ആത്മീയ​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്കു ചിന്തയു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌, യഹോവ നിങ്ങൾക്കു​വേണ്ടി കരുതു​ന്നത്‌ എങ്ങനെ​യാണ്‌?

6 മൃഗങ്ങ​ളിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി നിങ്ങൾക്ക്‌ ആത്മീയ​കാ​ര്യ​ങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തണം, സ്രഷ്ടാ​വി​നു മാത്രമേ അതിനു കഴിയൂ. (മത്താ. 4:4) വിലമ​തി​പ്പോ​ടെ യഹോ​വയെ ശ്രദ്ധി​ക്കു​ന്നെ​ങ്കിൽ, നിങ്ങൾക്കു ഉൾക്കാ​ഴ്‌ച​യും ജ്ഞാനവും സന്തോ​ഷ​വും ലഭിക്കും. യേശു പറഞ്ഞു: “ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നവർ സന്തുഷ്ടർ.” (മത്താ. 5:3) തന്റെ വചനത്തി​ലൂ​ടെ​യും ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യി​ലൂ​ടെ’ തരുന്ന സമൃദ്ധ​മായ ആത്മീയാ​ഹാ​ര​ത്തി​ലൂ​ടെ​യും ദൈവം നിങ്ങളു​ടെ ആത്മീയാ​വ​ശ്യം തൃപ്‌തി​പ്പെ​ടു​ത്തു​ന്നു. (മത്താ. 24:45) എത്ര വൈവി​ധ്യ​മുള്ള, പോഷ​ക​സ​മൃ​ദ്ധ​മായ ആഹാര​മാണ്‌ അത്‌!—യശ. 65:13, 14.

7. ദൈവം തരുന്ന ആത്മീയാ​ഹാ​രം കഴിക്കു​ന്ന​തു​കൊണ്ട്‌ എന്തൊക്കെ പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌?

7 ദൈവ​ത്തിൽനി​ന്നുള്ള ആത്മീയാ​ഹാ​രം നിങ്ങൾക്കു ജ്ഞാനവും ചിന്താ​ശേ​ഷി​യും തരും. അതു നിങ്ങളെ പല വിധങ്ങ​ളിൽ സംരക്ഷി​ക്കും. (സുഭാ​ഷി​തങ്ങൾ 2:10-14 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, ഒരു സ്രഷ്ടാ​വില്ല എന്നതു​പോ​ലുള്ള തെറ്റായ പഠിപ്പി​ക്ക​ലു​കൾ തിരി​ച്ച​റി​യാൻ ഈ ഗുണങ്ങൾ സഹായി​ക്കും. പണവും വസ്‌തു​വ​ക​ക​ളും ഉണ്ടെങ്കി​ലേ സന്തോഷം കിട്ടു​ക​യു​ള്ളൂ എന്ന നുണയിൽനിന്ന്‌ അതു നിങ്ങളെ സംരക്ഷി​ക്കും. തെറ്റായ ആഗ്രഹങ്ങൾ തിരി​ച്ച​റിഞ്ഞ്‌ അവ ചെറു​ത്തു​നിൽക്കാ​നും ഹാനി​ക​ര​മായ ശീലങ്ങൾ മനസ്സി​ലാ​ക്കി ഒഴിവാ​ക്കാ​നും ആ ഗുണങ്ങൾ നിങ്ങളെ സഹായി​ക്കും. അതു​കൊണ്ട്‌ ദൈവി​ക​ജ്ഞാ​ന​വും ചിന്താ​ശേ​ഷി​യും നിധി​പോ​ലെ കാണുക, അതു നേടാൻ തുടർന്നും ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കുക! ഈ വില​യേ​റിയ ഗുണങ്ങൾ നിങ്ങൾ നേടി​യെ​ടു​ക്കു​ന്നെ​ങ്കിൽ, യഹോവ നിങ്ങളെ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കു​ന്നു എന്നും നിങ്ങൾക്ക്‌ ഏറ്റവും നല്ലതു വന്നുകാ​ണാൻ യഹോവ ആഗ്രഹി​ക്കു​ന്നു എന്നും സ്വന്തം അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾക്കു മനസ്സി​ലാ​കും.—സങ്കീ. 34:8; യശ. 48:17, 18.

8. ദൈവ​ത്തോ​ടു ഇപ്പോൾ കൂടുതൽ അടുക്കു​ന്നതു ഭാവി​യിൽ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

8 പെട്ടെ​ന്നു​തന്നെ സാത്താന്റെ ലോക​ത്തി​ന്റെ എല്ലാ ഘടകങ്ങ​ളും തകർന്ന്‌ ഇല്ലാതാ​കും. ആ സമയത്ത്‌, നമുക്കു താങ്ങായി യഹോവ മാത്രമേ കാണൂ. നമ്മുടെ തൊട്ട​ടുത്ത നേരത്തെ ആഹാര​ത്തി​നു​വേ​ണ്ടി​പ്പോ​ലും യഹോ​വയെ ആശ്രയി​ക്കേണ്ട സമയം വന്നേക്കാം! (ഹബ. 3:2, 12-19) അതെ, നിങ്ങളു​ടെ സ്വർഗീ​യ​പി​താ​വി​നോ​ടു കൂടുതൽ അടുക്കാ​നും യഹോ​വ​യി​ലുള്ള ആശ്രയം ശക്തമാ​ക്കാ​നും ഉള്ള സമയം ഇപ്പോ​ഴാണ്‌. (2 പത്രോ. 2:9) അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾക്കു ചുറ്റും എന്തൊക്കെ സംഭവി​ച്ചാ​ലും സങ്കീർത്ത​ന​ക്കാ​ര​നായ ദാവീ​ദി​നു തോന്നി​യ​തു​പോ​ലെ നിങ്ങൾക്കും തോന്നും. “ഞാൻ യഹോ​വയെ എപ്പോ​ഴും എന്റെ മുന്നിൽ വെക്കുന്നു. ദൈവം എന്റെ വലതു​ഭാ​ഗ​ത്തു​ള്ള​തി​നാൽ ഞാൻ ഒരിക്ക​ലും കുലു​ങ്ങില്ല” എന്നു ദാവീദ്‌ എഴുതി.—സങ്കീ. 16:8.

യഹോവ ഏറ്റവും നല്ല സുഹൃ​ത്തു​ക്കളെ തരുന്നു

9. (എ) യോഹ​ന്നാൻ 6:44 അനുസ​രിച്ച്‌ യഹോവ എന്താണു ചെയ്യു​ന്നത്‌? (ബി) സത്യത്തിൽ ഇല്ലാത്ത ആളുകളെ കണ്ടുമു​ട്ടു​ന്ന​തും മറ്റു സാക്ഷി​കളെ കണ്ടുമു​ട്ടു​ന്ന​തും തമ്മിൽ എന്തു വ്യത്യാ​സ​മുണ്ട്‌?

9 ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ സത്യാ​രാ​ധ​ന​യി​ലേക്കു നയിച്ചു​കൊണ്ട്‌ യഹോവ അവരെ തന്റെ ആത്മീയ​കു​ടും​ബ​ത്തി​ലെ അംഗങ്ങ​ളാ​കാൻ അനുവ​ദി​ക്കു​ന്നു. (യോഹ​ന്നാൻ 6:44 വായി​ക്കുക.) സത്യത്തിൽ ഇല്ലാത്ത ഒരാളെ ആദ്യമാ​യി കാണു​മ്പോൾ ആ വ്യക്തി​യെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തൊക്കെ അറിയാം? കാര്യ​മാ​യി ഒന്നും​തന്നെ അറിയി​ല്ലാ​യി​രി​ക്കും. എന്നാൽ യഹോ​വയെ അറിയു​ക​യും സ്‌നേ​ഹി​ക്കു​ക​യും ചെയ്യുന്ന ഒരാളെ ആദ്യമാ​യി കാണു​മ്പോ​ഴോ? മറ്റൊരു പശ്ചാത്ത​ല​ത്തി​ലോ രാജ്യ​ത്തി​ലോ വംശത്തി​ലോ സംസ്‌കാ​ര​ത്തി​ലോ ഉള്ള ആളാ​ണെ​ങ്കിൽപ്പോ​ലും നിങ്ങൾക്ക്‌ ആ വ്യക്തി​യെ​ക്കു​റിച്ച്‌ ധാരാളം കാര്യങ്ങൾ അറിയാം, ആ വ്യക്തിക്കു നിങ്ങ​ളെ​ക്കു​റി​ച്ചും!

നമുക്ക്‌ ഏറ്റവും നല്ല സുഹൃത്തുക്കളുണ്ടായിരിക്കാനും നമ്മൾ ആത്മീയ ലക്ഷ്യങ്ങൾ വെക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നു (9-12 ഖണ്ഡികകൾ കാണുക)

10, 11. യഹോ​വ​യു​ടെ ജനത്തിനു പൊതു​വാ​യി എന്താണു​ള്ളത്‌, ഇതു നമുക്ക്‌ എങ്ങനെ​യാ​ണു പ്രയോ​ജനം ചെയ്യു​ന്നത്‌?

10 ഉദാഹ​ര​ണ​ത്തിന്‌, ആ വ്യക്തി​യു​ടെ “ഭാഷ” നിങ്ങൾ തിരി​ച്ച​റി​യും, സത്യത്തി​ന്റെ ‘ശുദ്ധമായ ഭാഷ.’ (സെഫ. 3:9) ദൈവ​ത്തെ​യും ധാർമി​ക​ത​യെ​യും പ്രത്യാ​ശ​യെ​യും കുറിച്ച്‌ രണ്ടു പേർക്കു​മുള്ള വിശ്വാ​സങ്ങൾ എന്താ​ണെന്നു പരസ്‌പരം അറിയാം. വാസ്‌ത​വ​ത്തിൽ അതല്ലേ ഒരു വ്യക്തി​യെ​ക്കു​റിച്ച്‌ നമ്മൾ അറിയേണ്ട ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യങ്ങൾ? പരസ്‌പ​ര​വി​ശ്വാ​സ​ത്തി​ന്റെ ആണിക്കല്ല്‌ ഈ അറിവാണ്‌. നിലനിൽക്കുന്ന സൗഹൃ​ദ​ങ്ങ​ളു​ടെ അടിസ്ഥാ​ന​വും ഈ അറിവാണ്‌.

11 അതു​കൊണ്ട്‌ യഹോ​വ​യു​ടെ ഒരു ആരാധ​ക​നായ നിങ്ങൾക്ക്‌ ഏറ്റവും നല്ല സുഹൃ​ത്തു​ക്ക​ളെ​യാ​ണു കിട്ടി​യി​രി​ക്കു​ന്ന​തെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശ​യോ​ക്തി​യില്ല. ലോകത്ത്‌ എവിടെ ചെന്നാ​ലും അങ്ങനെ​യു​ള്ള​വ​രുണ്ട്‌. അവരെ എല്ലാവ​രെ​യും നേരിട്ട്‌ പരിച​യ​മി​ല്ലെ​ങ്കി​ലും നമുക്ക്‌ അറിയാം, അവർ ശരിക്കും നമ്മുടെ സുഹൃ​ത്തു​ക്ക​ളാ​ണെന്ന്‌. യഹോ​വ​യു​ടെ ജനത്തി​ന​ല്ലാ​തെ മറ്റാർക്കാ​ണു വിലപ്പെട്ട ഈ സമ്മാന​മു​ള്ളത്‌?

യഹോവ നിങ്ങൾക്ക്‌ അർഥവ​ത്തായ ലക്ഷ്യങ്ങൾ തരുന്നു

12. നിങ്ങൾക്ക്‌ ഏതെല്ലാം ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കാ​നാ​കും?

12 സഭാ​പ്ര​സം​ഗകൻ 11:9–12:1 വായി​ക്കുക. നിങ്ങൾ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെച്ച്‌ അതു നേടാ​നാ​യി ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണോ? എല്ലാ ദിവസ​വും ബൈബി​ളി​ലെ ഒരു ഭാഗം വായി​ക്കാൻ നിങ്ങൾ ലക്ഷ്യം വെച്ചി​ട്ടു​ണ്ടോ? ഒരുപക്ഷേ, മീറ്റി​ങ്ങു​ക​ളിൽ നല്ല അഭി​പ്രാ​യങ്ങൾ പറയാ​നാ​യി​രി​ക്കാം നിങ്ങൾ ലക്ഷ്യം വെച്ചി​രി​ക്കു​ന്നത്‌. അതോ ശുശ്രൂ​ഷ​യി​ലുള്ള വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കാൻ നിങ്ങൾ ശ്രമി​ക്കു​ക​യാ​ണോ? എന്താ​ണെ​ങ്കി​ലും നിങ്ങളു​ടെ ലക്ഷ്യങ്ങ​ളു​ടെ നല്ല ഫലങ്ങൾ കാണു​മ്പോൾ, അല്ലെങ്കിൽ മറ്റുള്ളവർ അതു കണ്ടിട്ട്‌ നിങ്ങളെ അഭിന​ന്ദി​ക്കു​മ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌? തീർച്ച​യാ​യും ഒരു കാര്യം നേടി​യെ​ടു​ത്ത​തി​ന്റെ ചാരി​താർഥ്യ​വും സന്തോ​ഷ​വും ഒക്കെ നിങ്ങൾക്കു തോന്നി​യി​ട്ടു​ണ്ടാ​കും. അതിൽ ഒരു തെറ്റു​മില്ല. കാരണം ലക്ഷ്യങ്ങൾ വെച്ച്‌ നിങ്ങൾ പ്രവർത്തി​ക്കു​മ്പോൾ യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ നിങ്ങളു​ടെ താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ ദൈ​വേ​ഷ്ട​ത്തി​നു പ്രാധാ​ന്യം കൊടു​ക്കു​ക​യാണ്‌.—സങ്കീ. 40:8; സുഭാ. 27:11.

13. പണത്തി​ന്റെ​യും പ്രശസ്‌തി​യു​ടെ​യും പിന്നാലെ പോകു​ന്ന​തി​നോ​ടുള്ള താരത​മ്യ​ത്തിൽ ദൈവത്തെ സേവി​ക്കു​ന്ന​തി​ന്റെ പ്രയോ​ജനം എന്താണ്‌?

13 കൂടാതെ, ആത്മീയ​കാ​ര്യ​ങ്ങ​ളിൽ മനസ്സ്‌ അർപ്പി​ക്കു​ന്നെ​ങ്കിൽ ശരിക്കും സംതൃ​പ്‌തി തരുന്ന, ജീവി​ത​ത്തിന്‌ അർഥം പകരുന്ന ഒരു പ്രവർത്ത​ന​ത്തിൽ നിങ്ങൾ ഏർപ്പെ​ടു​ക​യാണ്‌. പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതി: “എന്റെ പ്രിയ​സ​ഹോ​ദ​ര​ങ്ങളേ, ഇളകി​പ്പോ​കാ​തെ ഉറച്ചു​നിൽക്കുക. കർത്താ​വി​ന്റെ സേവന​ത്തിൽ നിങ്ങൾ അധ്വാ​നി​ക്കു​ന്നതു വെറു​തേയല്ല എന്ന്‌ ഓർത്ത്‌ കർത്താ​വി​ന്റെ വേലയിൽ എപ്പോ​ഴും തിരക്കു​ള്ള​വ​രാ​യി​രി​ക്കുക.” (1 കൊരി. 15:58) മറുവ​ശത്ത്‌, പണവും പ്രശസ്‌തി​യും സമ്പാദി​ക്കുക എന്ന ലക്ഷ്യം വെച്ച്‌ അതിന്റെ പുറകേ പോകു​ന്ന​വ​രു​ടെ ജീവി​ത​മോ? പുറമേ കണ്ടാൽ അവർ വിജയം കൊയ്യു​ന്നെന്നു തോന്നി​യേ​ക്കാം. പക്ഷേ വാസ്‌ത​വ​ത്തിൽ അവരുടെ ജീവിതം വെള്ളത്തിൽ വരച്ച വരപോ​ലെ​യാണ്‌. (ലൂക്കോ. 9:25) ഈ കാര്യം സ്വന്തം ജീവി​ത​ത്തി​ലൂ​ടെ മനസ്സി​ലാ​ക്കിയ വ്യക്തി​യാ​ണു ശലോ​മോൻ രാജാവ്‌. അദ്ദേഹ​ത്തി​ന്റെ അനുഭവം നമുക്കും ഒരു പാഠമാണ്‌.—റോമ. 15:4.

14. ശലോ​മോ​ന്റെ അനുഭവം നിങ്ങളെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

14 പ്രതാ​പ​ശാ​ലി​യും സമ്പന്നരിൽ സമ്പന്നനും ആയിരുന്ന ശലോ​മോൻ ‘ആനന്ദി​ച്ചു​ല്ല​സി​ക്കാ​നും അതു​കൊണ്ട്‌ എന്തു നേട്ടമു​ണ്ടെന്നു നോക്കാ​നും’ തീരു​മാ​നി​ച്ചു. (സഭാ. 2:1-10) ആഗ്രഹി​ച്ച​തെ​ല്ലാം നേടാൻ അദ്ദേഹം ഇറങ്ങി​പ്പു​റ​പ്പെട്ടു. അദ്ദേഹം തനിക്കു​വേണ്ടി അരമനകൾ തീർത്തു, പൂന്തോ​ട്ട​ങ്ങ​ളും ഉദ്യാ​ന​ങ്ങ​ളും ഉണ്ടാക്കി. എല്ലാം നേടി​ക്ക​ഴിഞ്ഞ്‌ പിന്തി​രിഞ്ഞ്‌ നോക്കി​യ​പ്പോൾ അദ്ദേഹ​ത്തിന്‌ എന്താണു തോന്നി​യത്‌? സംതൃ​പ്‌തി തോന്നി​യോ? ശലോ​മോൻതന്നെ അതു നമ്മളോ​ടു പറയു​ന്നുണ്ട്‌. അദ്ദേഹം എഴുതി: ‘ഞാൻ എന്റെ കൈക​ളു​ടെ പ്രയത്‌ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾ, എല്ലാം വ്യർഥ​മാ​ണെന്നു കണ്ടു. വാസ്‌ത​വ​ത്തിൽ, മൂല്യ​മു​ള്ള​താ​യി ഒന്നുമില്ല.’ (സഭാ. 2:11) നമുക്കുള്ള എത്ര ശക്തമായ പാഠം! അതിലെ ജ്ഞാനം നമ്മൾ ഉൾക്കൊ​ള്ളു​ന്നു​ണ്ടോ?

15. വിശ്വാ​സം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌, സങ്കീർത്തനം 32:8 അനുസ​രിച്ച്‌ എന്താണ്‌ അതിന്റെ പ്രയോ​ജ​നങ്ങൾ?

15 വേണ​മെ​ങ്കിൽ സ്വന്തം അനുഭ​വ​ങ്ങ​ളി​ലൂ​ടെ, ജീവി​ത​പാ​ഠങ്ങൾ നമുക്കു പഠിക്കാം. നമ്മൾ അങ്ങനെ ചെയ്‌ത്‌ ഓരോ പ്രശ്‌ന​ങ്ങ​ളിൽ ചെന്ന്‌ ചാടു​ന്നതു കാണാൻ യഹോവ ആഗ്രഹി​ക്കു​ന്നില്ല. ദൈവത്തെ അനുസ​രി​ക്കാ​നും ദൈവ​ത്തി​ന്റെ ഇഷ്ടം ജീവി​ത​ത്തിൽ ഒന്നാമതു വെക്കാ​നും നിങ്ങൾക്കു വിശ്വാ​സം ആവശ്യ​മാണ്‌ എന്നതു ശരിയാണ്‌. ആ വിശ്വാ​സം അമൂല്യ​മാണ്‌. ദൈവ​ത്തി​ലുള്ള വിശ്വാ​സം നമ്മളെ ഒരിക്ക​ലും നിരാ​ശ​പ്പെ​ടു​ത്തില്ല. ‘നിങ്ങൾ ദൈവ​നാ​മ​ത്തോ​ടു കാണി​ക്കുന്ന സ്‌നേഹം’ യഹോവ ഒരിക്ക​ലും മറന്നു​ക​ള​യു​ക​യു​മില്ല. (എബ്രാ. 6:10) അതു​കൊണ്ട്‌ ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ കഠിനാ​ധ്വാ​നം ചെയ്യുക, അങ്ങനെ​യെ​ങ്കിൽ, നിങ്ങൾക്ക്‌ ഏറ്റവും നല്ലതു വന്നുകാ​ണാ​നാണ്‌ സ്വർഗീ​യ​പി​താവ്‌ ആഗ്രഹി​ക്കു​ന്ന​തെന്നു സ്വന്തജീ​വി​ത​ത്തിൽ നിങ്ങൾ അനുഭ​വി​ച്ച​റി​യും.—സങ്കീർത്തനം 32:8 വായി​ക്കുക.

ദൈവം നിങ്ങൾക്ക്‌ യഥാർഥ​സ്വാ​ത​ന്ത്ര്യം തരുന്നു

16. സ്വാത​ന്ത്ര്യം നമ്മൾ വിലയു​ള്ള​താ​യി കാണു​ക​യും അതു ജ്ഞാന​ത്തോ​ടെ ഉപയോ​ഗി​ക്കു​ക​യും ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 പൗലോസ്‌ എഴുതി: “യഹോ​വ​യു​ടെ ആത്മാവു​ള്ളി​ടത്ത്‌ സ്വാത​ന്ത്ര്യ​മുണ്ട്‌.” (2 കൊരി. 3:17) യഹോവ സ്വാത​ന്ത്ര്യം പ്രിയ​പ്പെ​ടു​ന്നു എന്നല്ലേ ഇതു കാണി​ക്കു​ന്നത്‌? യഹോവ നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്ന​തും അതേ വിധത്തി​ലാണ്‌. എന്നാൽ, നമ്മൾ സ്വാത​ന്ത്ര്യം ഉത്തരവാ​ദി​ത്വ​ബോ​ധ​ത്തോ​ടെ ഉപയോ​ഗി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. അങ്ങനെ ചെയ്യു​ന്നതു നിങ്ങൾക്ക്‌ ഒരു സംരക്ഷ​ണ​മാണ്‌. ഒരുപക്ഷേ അശ്ലീലം കാണു​ക​യോ ലൈം​ഗിക അധാർമി​ക​ത​യി​ലും സാഹസി​ക​വി​നോ​ദ​ങ്ങ​ളി​ലും ഏർപ്പെ​ടു​ക​യോ ചെയ്യുന്ന ചെറു​പ്പ​ക്കാ​രെ നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കും. മറ്റു ചില ചെറു​പ്പ​ക്കാർ അമിത​മാ​യി മദ്യപി​ക്കു​ക​യും മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ക​യും ചെയ്യു​ന്ന​വ​രാ​യി​രി​ക്കും. ഏതാനും നിമി​ഷ​ത്തേക്ക്‌ അവർക്കു സന്തോഷം കിട്ടും എന്നതു ശരിയാണ്‌, പക്ഷേ അതിന്‌ അവർ കൊടു​ക്കുന്ന വിലയോ? അതു വളരെ വലുതാണ്‌. അത്തരം ദുശ്ശീ​ല​ങ്ങ​ളിൽനിന്ന്‌ കരകയ​റാൻ അവർക്കു കഴി​ഞ്ഞെ​ന്നു​പോ​ലും വരില്ല. രോഗ​ങ്ങ​ളും ചില​പ്പോൾ മരണം​പോ​ലും അവരെ പിടി​കൂ​ടി​യേ​ക്കാം. (ഗലാ. 6:7, 8) വ്യക്തമാ​യും, ‘സ്വാത​ന്ത്ര്യം’ ആസ്വദി​ക്കു​ന്നെന്നു പറയു​മ്പോൾ അവർ സ്വയം വഞ്ചിക്കു​ക​യല്ലേ?—തീത്തോ. 3:3.

17, 18. (എ) ദൈവത്തെ അനുസ​രി​ക്കു​ന്നതു നമ്മളെ യഥാർഥ​ത്തിൽ സ്വത​ന്ത്ര​രാ​ക്കു​ന്നത്‌ എങ്ങനെ? (ബി) ആദാമും ഹവ്വയും തുടക്ക​ത്തിൽ ആസ്വദിച്ച സ്വാത​ന്ത്ര്യ​വും ഇന്നു മനുഷ്യർക്കുള്ള സ്വാത​ന്ത്ര്യ​വും തമ്മിൽ എങ്ങനെ താരത​മ്യം ചെയ്യാം?

17 എന്നാൽ ബൈബി​ളി​ന്റെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ച്ച​തി​ന്റെ ഫലമായി രോഗം പിടി​പെ​ടു​ക​യോ മരണമ​ട​യു​ക​യോ ചെയ്‌ത എത്ര പേരേ നിങ്ങൾക്ക്‌ അറിയാം? വ്യക്തമാ​യും യഹോ​വയെ അനുസ​രി​ക്കു​ന്നതു നമ്മുടെ ആരോ​ഗ്യ​ത്തി​നു ഗുണം ചെയ്യും. അതാണ്‌ യഥാർഥ​സ്വാ​ത​ന്ത്ര്യം! (സങ്കീ. 19:7-11) മാത്രമല്ല, ദൈവ​ത്തി​ന്റെ തികവുറ്റ നിയമ​ങ്ങ​ളു​ടെ​യും തത്ത്വങ്ങ​ളു​ടെ​യും പരിധി​യിൽനി​ന്നു​കൊണ്ട്‌ നിങ്ങൾ ജ്ഞാന​ത്തോ​ടെ സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കു​ന്നെന്നു കരുതുക. അപ്പോൾ നിങ്ങളെ വിശ്വ​സി​ക്കാൻ കഴിയു​മെ​ന്നും നിങ്ങൾക്കു കൂടുതൽ സ്വാത​ന്ത്ര്യം തരാൻ കഴിയു​മെ​ന്നും ദൈവ​ത്തി​നും മാതാ​പി​താ​ക്കൾക്കും നിങ്ങൾ കാണി​ച്ചു​കൊ​ടു​ക്കു​ക​യാണ്‌. വാസ്‌ത​വ​ത്തിൽ, തന്റെ വിശ്വ​സ്‌ത​രായ ദാസർക്കു തികവുറ്റ സ്വാത​ന്ത്ര്യം കൊടു​ക്കുക എന്നതാണു ദൈ​വോ​ദ്ദേ​ശ്യം. “ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം” എന്നാണ്‌ അതിനെ ബൈബിൾ വിളി​ക്കു​ന്നത്‌.—റോമ. 8:21.

18 അത്തരം സ്വാത​ന്ത്ര്യ​ത്തി​ന്റെ മധുരം നുകർന്ന​വ​രാണ്‌ ആദാമും ഹവ്വയും. ഏദെൻ തോട്ട​ത്തി​ലാ​യി​രു​ന്ന​പ്പോൾ അവരുടെ സ്വാത​ന്ത്ര്യ​ത്തി​നു പരിധി വെക്കുന്ന എത്ര കല്‌പ​നകൾ ദൈവം കൊടു​ത്തു? ഒരേ ഒരെണ്ണം. ഒരു മരത്തിന്റെ പഴം കഴിക്കാൻ പാടില്ല, അത്രമാ​ത്രം. (ഉൽപ. 2:9, 17) ആ ഒരൊറ്റ നിയമം കടുത്ത​താ​ണെ​ന്നും അവരുടെ സ്വാത​ന്ത്ര്യം കവർന്നെ​ടു​ത്തെ​ന്നും നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? തീർച്ച​യാ​യും ഇല്ല. ഒന്നു ചിന്തി​ക്കുക: മനുഷ്യൻ ഉണ്ടാക്കി​യി​രി​ക്കുന്ന എണ്ണമറ്റ നിയമ​ങ്ങ​ളാണ്‌ നമ്മൾ പഠിക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യേ​ണ്ടി​വ​രു​ന്നത്‌.

19. ഒരു സ്വത​ന്ത്ര​ജ​ന​ത​യാ​കാൻ യഹോവ നമ്മളെ എങ്ങനെ​യാ​ണു പഠിപ്പി​ക്കു​ന്നത്‌?

19 യഹോവ ജ്ഞാന​ത്തോ​ടെ​യാ​ണു തന്റെ ദാസ​രോട്‌ ഇടപെ​ടു​ന്നത്‌. ദൈവം നമുക്ക്‌ അസംഖ്യം നിയമങ്ങൾ തന്നിട്ടില്ല. പകരം സ്‌നേ​ഹി​ക്കുക എന്ന നിയമം തന്നിരി​ക്കു​ന്നു. അത്‌ അനുസ​രി​ക്കാൻ ക്ഷമയോ​ടെ നമ്മളെ പഠിപ്പി​ക്കു​ന്നു. നമ്മൾ ദൈവി​ക​ത​ത്ത്വ​ങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കാ​നും തിന്മയെ വെറു​ക്കാ​നും ദൈവം പ്രതീ​ക്ഷി​ക്കു​ന്നു. (റോമ. 12:9) അത്തരം പഠിപ്പി​ക്ക​ലു​ക​ളു​ടെ നല്ല ഒരു മാതൃ​ക​യാ​ണു യേശു​വി​ന്റെ ഗിരി​പ്ര​ഭാ​ഷണം. കാരണം തെറ്റായ കാര്യ​ങ്ങ​ളു​ടെ മൂലകാ​ര​ണങ്ങൾ എന്താ​ണെന്ന്‌ അതിൽ കാണാം. (മത്താ. 5:27, 28) ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വെന്ന നിലയിൽ ക്രിസ്‌തു പുതിയ ലോക​ത്തി​ലും നമ്മളെ പഠിപ്പി​ക്കും. നീതി​യെ​യും അനീതി​യെ​യും കുറിച്ച്‌ യേശു​വി​നുള്ള അതേ മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കുക എന്നതാണ്‌ ആ വിദ്യാ​ഭ്യാ​സ​ത്തി​ന്റെ ഉദ്ദേശ്യം. (എബ്രാ. 1:9) ശാരീ​രി​ക​വും മാനസി​ക​വും ആയ പൂർണ​ത​യി​ലേക്കു യേശു നമ്മളെ ഉയർത്തും. പിന്നെ​യൊ​രി​ക്ക​ലും നമുക്കു പാപത്തി​ന്റെ സ്വാധീ​ന​മു​ണ്ടാ​യി​രി​ക്കില്ല, അതിന്റെ മോശ​മായ ഫലങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വ​രില്ല. ഇതെല്ലാ​മൊ​ന്നു ഭാവന​യിൽ കാണാ​മോ? അങ്ങനെ ഒടുവിൽ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന “മഹത്തായ സ്വാത​ന്ത്ര്യം” നിങ്ങൾ ആസ്വദി​ക്കും.

20. (എ) യഹോവ എങ്ങനെ​യാ​ണു സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കു​ന്നത്‌? (ബി) ദൈവ​ത്തി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

20 നമുക്ക്‌ ഒരിക്ക​ലും പരിപൂർണ​മായ സ്വാത​ന്ത്ര്യം ലഭിക്കില്ല. നമുക്കുള്ള സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കേ​ണ്ടത്‌ ദൈവ​ത്തോ​ടും സഹമനു​ഷ്യ​രോ​ടും ഉള്ള സ്‌നേ​ഹ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കണം. ഇക്കാര്യ​ത്തിൽ തന്നെ അനുക​രി​ക്കാ​നാണ്‌ യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌. യഹോ​വ​യ്‌ക്കു പരിധി​ക​ളി​ല്ലാത്ത സ്വാത​ന്ത്ര്യ​മുണ്ട്‌, എങ്കിലും ബുദ്ധി​ശ​ക്തി​യുള്ള തന്റെ സൃഷ്ടി​ക​ളു​മാ​യി ഇടപെ​ടു​മ്പോൾ സ്‌നേ​ഹ​മാണ്‌ യഹോ​വയെ വഴി നയിക്കു​ന്നത്‌. (1 യോഹ. 4:7, 8) അതു​കൊണ്ട്‌ ദൈവ​തു​ല്യ​മായ സ്‌നേഹം നമ്മളെ വഴി നയിച്ചാൽ മാത്രമേ നമുക്കു സ്വാത​ന്ത്ര്യം ഏറ്റവും നന്നായി ഉപയോ​ഗി​ക്കാൻ കഴിയൂ.

21. (എ) യഹോ​വ​യെ​ക്കു​റിച്ച്‌ ദാവീ​ദിന്‌ എന്താണു തോന്നി​യത്‌? (ബി) അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

21 സമൃദ്ധ​മായ ആത്മീയാ​ഹാ​രം, നല്ല സുഹൃ​ത്തു​ക്കൾ, അർഥവ​ത്തായ ലക്ഷ്യങ്ങൾ, തികവുറ്റ സ്വാത​ന്ത്ര്യ​ത്തി​ന്റെ പ്രതീക്ഷ—ദൈവം നിങ്ങൾക്കു തന്നിരി​ക്കുന്ന ‘നല്ല കാര്യ​ങ്ങ​ളിൽ’ ചിലതാണ്‌ ഇവ. ഈ നല്ല കാര്യ​ങ്ങൾക്കു നിങ്ങൾ ദൈവ​ത്തോ​ടു നന്ദിയു​ള്ള​വ​നാ​ണോ? (സങ്കീ. 103:5) അങ്ങനെ​യെ​ങ്കിൽ സങ്കീർത്തനം 16:11-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രാർഥ​നാ​നിർഭ​ര​മായ വാക്കുകൾ പറയാൻ നമുക്കും തോന്നും: “അങ്ങ്‌ എനിക്കു ജീവന്റെ പാത കാണി​ച്ചു​ത​രു​ന്നു. അങ്ങയുടെ സന്നിധി​യിൽ ആഹ്ലാദം അലതല്ലു​ന്നു. അങ്ങയുടെ വലതു​വ​ശത്ത്‌ എന്നും സന്തോ​ഷ​മുണ്ട്‌.” ശരിക്കും സംതൃ​പ്‌തി​യേ​കുന്ന ജീവി​ത​ത്തി​ലേ​ക്കുള്ള വാതിൽ തുറന്നു​ത​രുന്ന മറ്റു ചില ആത്മീയ​ര​ത്‌ന​ങ്ങ​ളും 16-ാം സങ്കീർത്ത​ന​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അതെക്കു​റിച്ച്‌ നമ്മൾ അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യും.