വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെറു​പ്പ​ക്കാ​രേ, സംതൃ​പ്‌തി​ക​ര​മായ ജീവിതം നിങ്ങൾക്കു സ്വന്തമാ​ക്കാം

ചെറു​പ്പ​ക്കാ​രേ, സംതൃ​പ്‌തി​ക​ര​മായ ജീവിതം നിങ്ങൾക്കു സ്വന്തമാ​ക്കാം

“അങ്ങ്‌ എനിക്കു ജീവന്റെ പാത കാണി​ച്ചു​ത​രു​ന്നു.”സങ്കീ. 16:11.

ഗീതങ്ങൾ: 133, 89

1, 2. ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയു​മെന്നു റ്റോണി എന്ന ഹൈസ്‌കൂൾ വിദ്യാർഥി​യു​ടെ അനുഭവം കാണി​ക്കു​ന്നത്‌ എങ്ങനെ?

റ്റോണി എന്നാണ്‌ അവന്റെ പേര്‌. അച്ഛനി​ല്ലാ​തെ​യാണ്‌ അവൻ വളർന്നു​വ​ന്നത്‌. പഠിത്ത​ത്തിൽ ഉഴപ്പനാ​യി​രുന്ന അവൻ ഹൈസ്‌കൂ​ളിൽനിന്ന്‌ പുറത്താ​കുന്ന ഘട്ടത്തോ​ള​മെത്തി. സിനിമ കണ്ടും കൂട്ടു​കാ​രു​ടെ​കൂ​ടെ കളിച്ചും ഒക്കെ ശനിയും ഞായറും അങ്ങു പോകും. അവൻ വഴക്കടി​ക്കു​ന്ന​വ​നോ മയക്കു​മ​രു​ന്നിന്‌ അടിമ​യോ ഒന്നും ആയിരു​ന്നില്ല. ജീവി​ത​ത്തിന്‌ ഒരു ലക്ഷ്യമി​ല്ലാ​യി​രു​ന്നു, അതായി​രു​ന്നു അവന്റെ പ്രശ്‌നം. ഒരു ദൈവ​മു​ണ്ടോ എന്നും അവൻ സംശയി​ച്ചി​രു​ന്നു. അങ്ങനെ​യി​രി​ക്കെ അവൻ ഒരു സാക്ഷി​ദ​മ്പ​തി​കളെ കണ്ടുമു​ട്ടി. തന്നെ അലട്ടി​യി​രുന്ന സംശയങ്ങൾ അവൻ അവരോ​ടു പറഞ്ഞു. അവർ റ്റോണിക്ക്‌, ജീവന്റെ ഉത്ഭവം—പ്രസക്ത​മായ അഞ്ചു ചോദ്യ​ങ്ങൾ, ജീവൻ സൃഷ്ടി​ക്ക​പ്പെ​ട്ട​തോ? (ഇംഗ്ലീഷ്‌) എന്നീ രണ്ടു ലഘുപ​ത്രി​കകൾ കൊടു​ത്തു.

2 തിരി​ച്ചു​വന്ന ആ ദമ്പതികൾ കണ്ടത്‌ ‘പഴയ’ റ്റോണി​യെ അല്ല. അവർ കൊടുത്ത ലഘുപ​ത്രി​കകൾ അവൻ ശരിക്കും പഠിച്ചു. “ഒരു ദൈവ​മുണ്ട്‌, ഇല്ലാതെ പറ്റില്ല” എന്ന്‌ അവൻ പറഞ്ഞു. ഒരു ബൈബിൾപ​ഠ​ന​ത്തി​നു സമ്മതിച്ചു. ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള അവന്റെ കാഴ്‌ച​പ്പാട്‌ പതി​യെ​പ്പ​തി​യെ മാറാൻ തുടങ്ങി. മുമ്പ്‌ ഉഴപ്പനാ​യി​രുന്ന റ്റോണി സ്‌കൂ​ളി​ലെ ഏറ്റവും നല്ലൊരു വിദ്യാർഥി​യാ​യി. പ്രിൻസി​പ്പാൾപോ​ലും ഈ മാറ്റം ശ്രദ്ധിച്ചു. അദ്ദേഹം പറഞ്ഞു: “നീ ആളാകെ മാറി​യ​ല്ലോ, എല്ലാ വിഷയ​ത്തി​നും നല്ല മാർക്കു​മു​ണ്ട​ല്ലോ. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​കൂ​ടെ കൂടി​യ​തി​ന്റെ​യാ​ണോ ഈ മാറ്റം?” “അതെ” എന്നു റ്റോണി പറഞ്ഞു. പ്രിൻസി​പ്പാ​ളി​നോ​ടു നല്ല രീതി​യിൽ സാക്ഷീ​ക​രി​ക്കാ​നും ആ അവസരം ഉപയോ​ഗി​ച്ചു. ഹൈസ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കിയ റ്റോണി ഇന്ന്‌ ഒരു സാധാരണ മുൻനി​ര​സേ​വ​ക​നും ശുശ്രൂ​ഷാ​ദാ​സ​നും ആയി സേവി​ക്കു​ന്നു. പിതാ​വി​ല്ലാ​തി​രുന്ന അവനു സ്‌നേ​ഹ​വാ​നായ ഒരു പിതാ​വി​നെ​യും കിട്ടി, യഹോവ. റ്റോണി ഇന്ന്‌ ഏറെ സന്തുഷ്ട​നാണ്‌.—സങ്കീ. 68:5.

യഹോ​വയെ അനുസ​രി​ച്ചാൽ ജീവി​ത​ത്തിൽ വിജയി​ക്കും

3. ഏതു പാത തിര​ഞ്ഞെ​ടു​ക്കാ​നാണ്‌ യഹോവ ചെറു​പ്പ​ക്കാ​രെ ഉപദേ​ശി​ക്കു​ന്നത്‌?

3 ചെറു​പ്പ​ക്കാ​രേ, നിങ്ങളു​ടെ കാര്യ​ത്തിൽ യഹോ​വ​യ്‌ക്ക്‌ ആഴമായ താത്‌പ​ര്യ​മു​ണ്ടെ​ന്നാ​ണു റ്റോണി​യു​ടെ അനുഭവം പഠിപ്പി​ക്കു​ന്നത്‌. നിങ്ങൾ ജീവി​ത​ത്തിൽ വിജയി​ക്കാ​നും സംതൃ​പ്‌തി ആസ്വദി​ക്കാ​നും ആണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. അതു​കൊണ്ട്‌ യഹോവ ഈ ഉപദേശം തരുന്നു: “യൗവന​കാ​ലത്ത്‌ നിന്റെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർക്കുക.” (സഭാ. 12:1) ഇന്നത്തെ ലോക​ത്തിൽ ഇത്‌ അത്ര എളുപ്പമല്ല. എന്നാൽ അതിന്റെ അർഥം അത്‌ അസാധ്യ​മാ​ണെന്നല്ല. ദൈവ​ത്തി​ന്റെ സഹായ​ത്താൽ നിങ്ങൾക്കു വിജയി​ക്കാൻ കഴിയും, യുവാ​വാ​യി​രി​ക്കുന്ന കാലത്ത്‌ മാത്രമല്ല, മുന്നോ​ട്ടുള്ള ജീവിതം മുഴുവൻ. അതു മനസ്സി​ലാ​ക്കാൻ, വാഗ്‌ദ​ത്ത​ദേശം പിടി​ച്ച​ട​ക്കിയ ഇസ്രാ​യേ​ല്യ​രു​ടെ അനുഭ​വ​വും ദാവീ​ദും ഗൊല്യാ​ത്തും തമ്മിലുള്ള ഏറ്റുമു​ട്ട​ലും നിങ്ങളെ സഹായി​ക്കും.

4, 5. കനാന്യ​രെ കീഴട​ക്കിയ ഇസ്രാ​യേ​ല്യ​രു​ടെ അനുഭ​വ​ത്തിൽനി​ന്നും ഗൊല്യാ​ത്തു​മാ​യുള്ള ദാവീ​ദി​ന്റെ ഏറ്റുമു​ട്ട​ലിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രങ്ങൾ കാണുക.)

4 ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശ​ത്തോട്‌ അടുത്ത​പ്പോൾ ആയുധങ്ങൾ ഉപയോ​ഗി​ക്കാ​നുള്ള അവരുടെ കഴിവ്‌ വർധി​പ്പി​ക്കാ​നോ യുദ്ധപ​രി​ശീ​ലനം നേടാ​നോ അല്ല ദൈവം പറഞ്ഞത്‌. (ആവ. 28:1, 2) പകരം, തന്റെ കല്‌പ​നകൾ അനുസ​രി​ക്കാ​നും തന്നിൽ ആശ്രയി​ക്കാ​നും ആണ്‌ ദൈവം ആവശ്യ​പ്പെ​ട്ടത്‌. (യോശു. 1:7-9) മനുഷ്യ​ന്റെ കണ്ണിലൂ​ടെ നോക്കി​യാൽ ആ ഉപദേശം വെറും വിഡ്‌ഢി​ത്ത​മാ​യി തോന്നാം. പക്ഷേ അതായി​രു​ന്നു ഏറ്റവും നല്ല ഉപദേശം. കാരണം യഹോവ തന്റെ ജനത്തിനു വിജയം നൽകി. ഒന്നിനു പുറകേ ഒന്നായി കനാനി​ലെ രാജ്യങ്ങൾ ഇസ്രാ​യേ​ല്യ​രു​ടെ മുന്നിൽ മുട്ടു​കു​ത്തി. (യോശു. 24:11-13) തീർച്ച​യാ​യും, ദൈവത്തെ അനുസ​രി​ക്കു​ന്ന​തി​നു വിശ്വാ​സം ആവശ്യ​മാണ്‌. ആ വിശ്വാ​സ​മാ​കട്ടെ, എപ്പോ​ഴും വിജയ​ത്തി​ലേ​ക്കും നയിക്കും. കാലം കടന്നു​പോ​കു​ന്ന​ത​നു​സ​രിച്ച്‌ ഈ വസ്‌തു​ത​യ്‌ക്കു മാറ്റമു​ണ്ടാ​കില്ല. ഇന്നും അതു സത്യമാണ്‌.

5 ഏകദേശം 2.9 മീറ്റർ (9.5 അടി) ഉയരമു​ണ്ടാ​യി​രുന്ന, ആയുധ​സ​ജ്ജ​നായ, ശക്തനായ ഒരു യോദ്ധാ​വാ​യി​രു​ന്നു ഗൊല്യാത്ത്‌. (1 ശമു. 17:4-7) മറുവ​ശത്ത്‌, ദാവീ​ദി​നു കൈമു​ത​ലാ​യി എന്താണു​ണ്ടാ​യി​രു​ന്നത്‌? ഒരു കവണയും പിന്നെ ദൈവ​മായ യഹോ​വ​യി​ലുള്ള വിശ്വാ​സ​വും. വിശ്വാ​സ​മി​ല്ലാ​ത്ത​വർക്കു ദാവീദ്‌ ഒരു വിഡ്‌ഢി​യാ​ണെന്നേ തോന്നു​മാ​യി​രു​ന്നു​ള്ളൂ. പക്ഷേ അവർക്കു തെറ്റി​പ്പോ​യെന്നു പിന്നീ​ടു​ണ്ടായ സംഭവം തെളി​യി​ച്ചു! ശരിക്കും വിഡ്‌ഢി​യാ​യത്‌ ഗൊല്യാ​ത്താണ്‌.—1 ശമു. 17:48-51.

6. നമ്മൾ എന്തി​നെ​ക്കു​റി​ച്ചാ​ണു വിശദ​മാ​യി പഠിക്കാൻപോ​കു​ന്നത്‌?

6 ജീവി​ത​ത്തിൽ വിജയം നേടു​ന്ന​തി​നും സന്തോഷം ലഭിക്കു​ന്ന​തി​നും സഹായി​ക്കുന്ന നാലു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ചു. ആത്മീയാ​വ​ശ്യ​ങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തുക, ദൈവത്തെ സ്‌നേ​ഹി​ക്കുന്ന നല്ല സുഹൃ​ത്തു​ക്കളെ കണ്ടെത്തുക, അർഥവ​ത്തായ ലക്ഷ്യങ്ങൾ വെക്കുക, ദൈവ​ജ​ന​മെന്ന നിലയിൽ നമുക്കുള്ള സ്വാത​ന്ത്ര്യം വില​യേ​റി​യ​താ​യി കാണുക ഇവയാ​യി​രു​ന്നു അത്‌. 16-ാം സങ്കീർത്ത​ന​ത്തി​ലെ ചില തത്ത്വങ്ങൾകൂ​ടെ കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്കു കുറച്ചു​കൂ​ടെ വിശദ​മാ​യി പഠിക്കാം.

നിങ്ങളു​ടെ ആത്മീയാ​വ​ശ്യം തൃപ്‌തി​പ്പെ​ടു​ത്തുക

7. (എ) ഒരു ആത്മീയ​വ്യ​ക്തി​യെ നിങ്ങൾ എങ്ങനെ വർണി​ക്കും? (ബി) എന്തായി​രു​ന്നു ദാവീ​ദി​ന്റെ “ഓഹരി,” അത്‌ അദ്ദേഹത്തെ എങ്ങനെ​യാ​ണു സ്വാധീ​നി​ച്ചത്‌?

7 ഒരു ആത്മീയ​വ്യ​ക്തി​ക്കു ദൈവ​ത്തിൽ വിശ്വാ​സ​മുണ്ട്‌, വ്യത്യ​സ്‌ത​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ചിന്ത എന്താ​ണെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാം. മാർഗ​നിർദേ​ശ​ത്തി​നാ​യി അദ്ദേഹം ദൈവ​ത്തി​ലേക്കു നോക്കു​ന്നു, ദൈവത്തെ അനുസ​രി​ക്കാൻ അദ്ദേഹം ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​ട്ടുണ്ട്‌. (1 കൊരി. 2:12, 13) ഇക്കാര്യ​ത്തിൽ ദാവീദ്‌ ഒരു നല്ല മാതൃ​ക​യാണ്‌. അദ്ദേഹം പാടി: “യഹോ​വ​യാണ്‌ എന്റെ പങ്ക്‌, എന്റെ ഓഹരി​യും എന്റെ പാനപാ​ത്ര​വും.” (സങ്കീ. 16:5) ദാവീ​ദി​നു ദൈവ​വു​മാ​യി ഒരു അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നു. അതായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ “ഓഹരി.” ആ ദൈവ​ത്തെ​യാ​ണു ദാവീദ്‌ അഭയമാ​ക്കി​യത്‌. (സങ്കീ. 16:1) എന്തായി​രു​ന്നു ഫലം? “ഞാൻ വലിയ ആഹ്ലാദ​ത്തി​ലാണ്‌” എന്നു ദാവീദ്‌ എഴുതി. ദൈവ​വു​മാ​യുള്ള അടുത്ത ബന്ധത്തെ​ക്കാൾ ദാവീ​ദി​നു സന്തോഷം നൽകിയ മറ്റൊ​ന്നു​മു​ണ്ടാ​യി​രു​ന്നില്ല.—സങ്കീർത്തനം 16:9, 11 വായി​ക്കുക.

8. ജീവി​ത​ത്തിൽ ശരിക്കും സംതൃ​പ്‌തി കിട്ടാൻ സഹായി​ക്കുന്ന ചില കാര്യങ്ങൾ ഏവ?

8 ഉല്ലാസ​ത്തെ​യും സമ്പത്തി​നെ​യും ചുറ്റി​പ്പറ്റി ജീവി​ക്കു​ന്ന​വർക്കു ദാവീദ്‌ ആസ്വദി​ച്ചി​രുന്ന സന്തോഷം ഒരിക്ക​ലും ലഭിക്കില്ല. (1 തിമൊ. 6:9, 10) കാനഡ​യി​ലെ ഒരു സഹോ​ദരൻ ഇങ്ങനെ പറയുന്നു: “ശരിക്കുള്ള സംതൃ​പ്‌തി​യു​ടെ അടിസ്ഥാ​നം നമുക്ക്‌ എന്തു കിട്ടുന്നു എന്നതല്ല, പകരം എല്ലാ നല്ല ദാനങ്ങ​ളും തരുന്ന യഹോ​വ​യ്‌ക്കു നമ്മൾ എന്തു കൊടു​ക്കു​ന്നു എന്നതാണ്‌.” (യാക്കോ. 1:17) യഹോ​വ​യിൽ വിശ്വാ​സം വളർത്തി​യെ​ടു​ക്കു​ന്ന​തും യഹോ​വയെ സേവി​ക്കു​ന്ന​തും നിങ്ങളു​ടെ ജീവി​ത​ത്തിന്‌ ഒരു അർഥം പകരും, നിങ്ങൾക്കു ശരിക്കും സംതൃ​പ്‌തി തരും. നിങ്ങൾക്ക്‌ എങ്ങനെ വിശ്വാ​സ​ത്തിൽ വളരാം? നിങ്ങൾ യഹോ​വ​യോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കണം. എങ്ങനെ? ദൈവ​വ​ചനം വായി​ക്കു​ക​യും സൃഷ്ടിയെ നിരീ​ക്ഷി​ക്കു​ക​യും ദൈവം നിങ്ങ​ളോ​ടു കാണിച്ച സ്‌നേഹം ഉൾപ്പെടെ ദൈവ​ത്തി​ന്റെ എല്ലാ ഗുണങ്ങ​ളെ​യും കുറിച്ച്‌ ചിന്തി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ അതു ചെയ്യാം.—റോമ. 1:20; 5:8.

9. ദൈവ​വ​ചനം ദാവീ​ദി​നെ രൂപ​പ്പെ​ടു​ത്തി​യ​തു​പോ​ലെ നിങ്ങ​ളെ​യും രൂപ​പ്പെ​ടു​ത്താൻ എങ്ങനെ അനുവ​ദി​ക്കാം?

9 പുരോ​ഗ​മി​ക്കാൻ ആവശ്യ​മായ നിർദേ​ശങ്ങൾ നൽകി​ക്കൊണ്ട്‌ ഒരു പിതാ​വി​നെ​പ്പോ​ലെ ദൈവം നമ്മളോ​ടുള്ള സ്‌നേഹം കാണി​ക്കു​ന്നു. ദാവീദ്‌ അത്തരം ഉപദേശം സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു. അദ്ദേഹം പറഞ്ഞു: “എനിക്ക്‌ ഉപദേശം നൽകിയ യഹോ​വയെ ഞാൻ വാഴ്‌ത്തും. രാത്രി​യാ​മ​ങ്ങ​ളിൽപ്പോ​ലും ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ എന്നെ തിരു​ത്തു​ന്നു.” (സങ്കീ. 16:7) ഈ വാക്യം പറയു​ന്ന​തു​പോ​ലെ ദാവീദ്‌ ദൈവ​ത്തി​ന്റെ ചിന്തക​ളെ​ക്കു​റിച്ച്‌ ധ്യാനി​ച്ചു. ആ ചിന്തകൾ തന്റെ സ്വന്തമാ​ക്കി, അവ തന്നെ രൂപ​പ്പെ​ടു​ത്താൻ അനുവ​ദി​ച്ചു. നിങ്ങളും വിശ്വാ​സ​ത്തോ​ടെ അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വും ദൈവത്തെ അനുസ​രി​ക്കാ​നുള്ള നിങ്ങളു​ടെ ആഗ്രഹ​വും വർധി​ക്കും. നിങ്ങൾ പക്വത​യുള്ള ഒരു വ്യക്തി​യാ​യി​ത്തീ​രു​ക​യും ചെയ്യും. ക്രിസ്റ്റിൻ എന്നു പേരുള്ള ഒരു സഹോ​ദരി പറയുന്നു: “ഞാൻ ആഴത്തിൽ പഠിക്കു​ക​യും വായി​ച്ച​തി​നെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ക​യും ചെയ്യു​മ്പോൾ യഹോവ അത്‌ എഴുതി​ച്ചത്‌ എനിക്കു​വേ​ണ്ടി​യാ​ണോ എന്നു തോന്നി​പ്പോ​കും!”

10. യശയ്യ 26:3 പറയു​ന്ന​തു​പോ​ലെ, ജീവി​ത​ത്തെ​ക്കു​റിച്ച്‌ ഒരു ആത്മീയ​കാ​ഴ്‌ച​പ്പാ​ടു​ള്ള​തു​കൊണ്ട്‌ എന്തൊക്കെ പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌?

10 ഒരു ആത്മീയ​കാ​ഴ്‌ച​പ്പാട്‌ നിങ്ങൾക്ക്‌ അറിവും ഉൾക്കാ​ഴ്‌ച​യും തരും. എങ്ങനെ? അത്തരം ഒരു കാഴ്‌ച​പ്പാട്‌ ഈ ലോക​ത്തെ​യും അതിന്റെ ഭാവി​യെ​യും ദൈവ​ത്തി​ന്റെ കണ്ണിലൂ​ടെ കാണാൻ നിങ്ങളെ പ്രാപ്‌ത​രാ​ക്കും. എന്തു​കൊ​ണ്ടാ​ണു ദൈവം നിങ്ങൾക്ക്‌ ഈ അറിവും ഉൾക്കാ​ഴ്‌ച​യും തരുന്നത്‌? നിങ്ങൾ ജീവി​ത​ത്തിൽ ശരിയായ കാര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ക്കാ​നും ബുദ്ധി​പൂർവ​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും ധൈര്യ​ത്തോ​ടെ ഭാവി​യി​ലേക്കു നോക്കാ​നും ദൈവം ആഗ്രഹി​ക്കു​ന്നു. (യശയ്യ 26:3 വായി​ക്കുക.) യഹോ​വ​യോ​ടു ചേർന്നു​നിൽക്കു​ന്നെ​ങ്കിൽ പ്രാധാ​ന്യം കൂടിയ കാര്യം ഏതാണ്‌, പ്രാധാ​ന്യം കുറഞ്ഞ കാര്യം ഏതാണ്‌ എന്നു വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ കഴിയും എന്ന്‌ ഐക്യ​നാ​ടു​ക​ളി​ലുള്ള ജോഷ്വാ എന്ന സഹോ​ദരൻ പറയുന്നു.

നല്ല സുഹൃ​ത്തു​ക്കളെ കണ്ടെത്തുക

11. യഥാർഥ സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കാ​നുള്ള താക്കോൽ എന്താ​ണെ​ന്നാ​ണു ദാവീദ്‌ പറയു​ന്നത്‌?

11 സങ്കീർത്തനം 16:3 വായി​ക്കുക. നല്ല സുഹൃ​ത്തു​ക്കളെ കണ്ടെത്താ​നുള്ള രഹസ്യം ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. യഹോ​വയെ സ്‌നേ​ഹി​ച്ച​വരെ സ്‌നേ​ഹി​ത​രാ​ക്കി​യതു ദാവീ​ദിന്‌ ‘ഏറെ ആഹ്ലാദ​മേകി.’ “വിശുദ്ധർ” എന്നാണ്‌ അവരെ വിളി​ച്ചി​രി​ക്കു​ന്നത്‌. അവർ ധാർമി​ക​മാ​യി ശുദ്ധരും നേരു​ള്ള​വ​രും ആയിരു​ന്നു. കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ മറ്റൊരു സങ്കീർത്ത​ന​ക്കാ​ര​നും ഇങ്ങനെ​ത​ന്നെ​യാ​ണു തോന്നി​യത്‌. അദ്ദേഹം എഴുതി: “അങ്ങയെ ഭയപ്പെ​ടുന്ന ഏവർക്കും അങ്ങയുടെ ആജ്ഞകൾ പാലി​ക്കു​ന്ന​വർക്കും ഞാൻ സ്‌നേ​ഹി​തൻ.” (സങ്കീ. 119:63) കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ച​തു​പോ​ലെ, യഹോ​വയെ ഭയപ്പെ​ടു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യുന്ന ധാരാളം പേരെ സുഹൃ​ത്തു​ക്ക​ളാ​ക്കാൻ നിങ്ങൾക്ക്‌ അവസര​മുണ്ട്‌. അതിൽ പല പ്രായ​ക്കാ​രായ ആളുകൾ ഉൾപ്പെ​ടും.

12. ദാവീ​ദും യോനാ​ഥാ​നും തമ്മിലുള്ള സൗഹൃ​ദ​ത്തി​ന്റെ അടിസ്ഥാ​നം എന്തായി​രു​ന്നു?

12 തന്റെ അതേ പ്രായ​ത്തി​ലുള്ള ആളുകളെ മാത്രമല്ല ദാവീദ്‌ സുഹൃ​ത്തു​ക്ക​ളാ​ക്കി​യത്‌. ദാവീ​ദി​ന്റെ ഉറ്റ സുഹൃ​ത്തെന്നു പറയു​മ്പോൾ നിങ്ങളു​ടെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തു​ന്നതു യോനാ​ഥാ​ന്റെ കാര്യ​മാ​യി​രി​ക്കും. വാസ്‌ത​വ​ത്തിൽ, തിരു​വെ​ഴു​ത്തു​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഏറ്റവും മനോ​ഹ​ര​മായ സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളിൽ ഒന്നാണു ദാവീ​ദി​ന്റെ​യും യോനാ​ഥാ​ന്റെ​യും. എന്നാൽ യോനാ​ഥാ​നു ദാവീ​ദി​നെ​ക്കാൾ ഏകദേശം 30 വയസ്സു കൂടു​ത​ലാ​യി​രു​ന്നെന്ന കാര്യം നിങ്ങൾക്ക്‌ അറിയാ​മോ? സമപ്രാ​യ​ക്കാ​ര​ല്ലാ​തി​രു​ന്നി​ട്ടും അവരുടെ സൗഹൃ​ദ​ത്തി​ന്റെ അടിസ്ഥാ​നം എന്തായി​രു​ന്നു? ദൈവ​ത്തി​ലുള്ള വിശ്വാ​സം, പരസ്‌പ​ര​മുള്ള ബഹുമാ​നം, ദൈവ​ത്തി​ന്റെ ശത്രു​ക്കളെ നേരി​ടാൻ ഇരുവ​രും കാണിച്ച ധൈര്യം.—1 ശമു. 13:3; 14:13; 17:48-50; 18:1.

13. നിങ്ങളു​ടെ സുഹൃ​ദ്‌വ​ലയം എങ്ങനെ വിശാ​ല​മാ​ക്കാം? ഒരു ഉദാഹ​രണം പറയുക.

13 ദാവീ​ദി​നെ​യും യോനാ​ഥാ​നെ​യും പോലെ, യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും യഹോ​വ​യി​ലുള്ള വിശ്വാ​സം പ്രകട​മാ​ക്കു​ക​യും ചെയ്യു​ന്ന​വരെ സ്‌നേ​ഹി​ത​രാ​ക്കു​ന്നതു നമുക്കും “ഏറെ ആഹ്ലാദ​മേ​കു​ന്നു.” വർഷങ്ങ​ളാ​യി ദൈവത്തെ സേവി​ക്കുന്ന കൈറ സഹോ​ദരി പറയുന്നു: “ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളിൽ, വ്യത്യസ്‌ത പശ്ചാത്ത​ല​ങ്ങ​ളി​ലും സംസ്‌കാ​ര​ങ്ങ​ളി​ലും ഉള്ള ആളുകൾ എന്റെ സുഹൃ​ത്തു​ക്ക​ളാണ്‌.” ഇക്കാര്യ​ത്തിൽ നിങ്ങൾ വിശാ​ല​രാ​കു​ന്നെ​ങ്കിൽ, ആളുകളെ ഒറ്റക്കെ​ട്ടാ​യി നിറു​ത്താ​നുള്ള ദൈവ​വ​ച​ന​ത്തി​ന്റെ​യും ദൈവാ​ത്മാ​വി​ന്റെ​യും ശക്തി നിങ്ങൾ കാണും.

നല്ലനല്ല ലക്ഷ്യങ്ങൾ വെക്കുക

14. (എ) ജീവി​ത​ത്തിൽ നല്ല ലക്ഷ്യങ്ങൾ വെക്കാൻ നിങ്ങളെ എന്തു സഹായി​ക്കും? (ബി) ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചില ചെറു​പ്പ​ക്കാർക്ക്‌ എന്താണു തോന്നു​ന്നത്‌?

14 സങ്കീർത്തനം 16:8 വായി​ക്കുക. ജീവി​ത​ത്തിൽ യഹോ​വയെ സേവി​ക്കു​ന്ന​തി​ലാ​യി​രു​ന്നു ദാവീദ്‌ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌. യഹോ​വയെ സേവി​ക്കു​ന്ന​തി​നു പ്രാധാ​ന്യം കൊടു​ക്കു​ക​യും യഹോ​വ​യു​ടെ ഇഷ്ടം മനസ്സി​ലാ​ക്കി ലക്ഷ്യങ്ങൾ വെക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾക്കും സംതൃ​പ്‌തി​ക​ര​മായ ജീവിതം നയിക്കാൻ കഴിയും. സ്റ്റീവൻ എന്നു പേരുള്ള ഒരു സഹോ​ദരൻ പറയുന്നു: “ഒരു ലക്ഷ്യം വെച്ച്‌ പ്രവർത്തി​ക്കു​ക​യും അതു നേടി​യെ​ടു​ക്കു​ക​യും, അതിനു ശേഷം ഞാൻ എത്രമാ​ത്രം പുരോ​ഗ​മി​ച്ചെന്നു വിലയി​രു​ത്തു​ക​യും ചെയ്യു​ന്നത്‌ എനിക്കു വളരെ​യ​ധി​കം സംതൃ​പ്‌തി തരുന്നു.” ഇപ്പോൾ മറ്റൊരു രാജ്യത്ത്‌ സേവി​ക്കുന്ന, ജർമൻകാ​ര​നായ ഒരു യുവസ​ഹോ​ദരൻ പറയുന്നു: “വൃദ്ധനാ​യ​ശേഷം തിരി​ഞ്ഞു​നോ​ക്കു​മ്പോൾ ഞാൻ ചെയ്‌ത​തെ​ല്ലാം എനിക്കു​വേ​ണ്ടി​യാ​യി​രു​ന്ന​ല്ലോ എന്നോർക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല.” നിങ്ങൾക്കും അങ്ങനെ​ത​ന്നെ​യാ​ണു തോന്നു​ന്നത്‌ എന്നു ഞങ്ങൾ കരുതു​ന്നു. അങ്ങനെ​യെ​ങ്കിൽ ദൈവത്തെ ആദരി​ക്കു​ന്ന​തി​നും മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നും നിങ്ങളു​ടെ കഴിവു​കൾ ഉപയോ​ഗി​ക്കുക. (ഗലാ. 6:10) ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കുക, അവയിൽ എത്തി​ച്ചേ​രാ​നുള്ള സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. അത്തരം പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരാൻ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമാണ്‌.—1 യോഹ. 3:22; 5:14, 15.

15. നിങ്ങൾക്ക്‌ ഏതെല്ലാം ലക്ഷ്യങ്ങൾ വെക്കാ​നാ​കും? (“ നിങ്ങൾക്കു വെക്കാ​നാ​കുന്ന ചില ലക്ഷ്യങ്ങൾ” എന്ന ചതുരം കാണുക.)

15 നിങ്ങൾക്ക്‌ ഏതെല്ലാം ലക്ഷ്യങ്ങൾ വെക്കാ​നാ​കും? മീറ്റി​ങ്ങു​ക​ളിൽ സ്വന്തം വാക്കു​ക​ളിൽ ഉത്തരം പറയാ​നും മുൻനി​ര​സേ​വനം ചെയ്യാ​നും ബഥേലിൽ സേവി​ക്കാ​നും ഒക്കെ ലക്ഷ്യം വെക്കാം. മറ്റൊരു ഭാഷാ​വ​യ​ലിൽ സേവി​ക്കുക എന്ന ലക്ഷ്യത്തിൽ ആ ഭാഷ പഠിക്കാ​നും നിങ്ങൾക്കു ശ്രമി​ക്കാ​നാ​കും. ചെറു​പ്പ​ക്കാ​ര​നായ ബറാക്‌ എന്ന ഒരു മുഴു​സ​മ​യ​സേ​വകൻ പറയുന്നു: “എന്റെ ഊർജം മുഴുവൻ യഹോ​വ​യ്‌ക്കു​വേ​ണ്ടി​യാ​ണു ചെലവ​ഴി​ക്കു​ന്ന​തെന്ന അറി​വോ​ടെ​യാ​ണു ഞാൻ ഓരോ പ്രഭാ​ത​ത്തി​ലും കണ്ണു തുറക്കു​ന്നത്‌. വേറൊ​രു കാര്യ​ത്തി​നും അത്രയും സംതൃ​പ്‌തി തരാൻ കഴിയില്ല.”

ദൈവം തന്ന സ്വാത​ന്ത്ര്യം വില​യേ​റി​യ​താ​യി കാണുക

16. യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ദാവീ​ദിന്‌ എന്താണു തോന്നി​യത്‌, എന്തു​കൊണ്ട്‌?

16 സങ്കീർത്തനം 16:2, 4 വായി​ക്കുക. കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ച​തു​പോ​ലെ, നന്മയോ​ടുള്ള സ്‌നേ​ഹ​വും തിന്മ​യോ​ടുള്ള വെറു​പ്പും വളർത്തി​യെ​ടു​ക്കാൻ സഹായി​ച്ചു​കൊണ്ട്‌ ദൈവ​ത്തി​ന്റെ നീതി​യുള്ള നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും നമ്മളെ സ്വത​ന്ത്ര​രാ​ക്കു​ന്നു. (ആമോ. 5:15) സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ യഹോ​വയെ തന്റെ ‘നന്മയുടെ ഉറവ്‌’ എന്നാണു വിളി​ച്ചത്‌. നന്മ എന്നാൽ ധാർമി​ക​വൈ​ശി​ഷ്ട്യം അഥവാ സദ്‌ഗു​ണം എന്നാണ്‌ അർഥം. യഹോവ ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളി​ലും നന്മ നിറഞ്ഞു​നിൽക്കു​ന്നു, നമുക്കുള്ള നല്ലതെ​ല്ലാം യഹോ​വ​യിൽനിന്ന്‌ വരുന്ന​താണ്‌. ദൈവത്തെ അനുക​രി​ക്കാ​നും ദൈവ​ത്തി​ന്റെ നന്മ തന്റെ സ്വന്തമാ​ക്കാ​നും ദാവീദ്‌ ശരിക്കും പ്രയത്‌നി​ച്ചു. ദൈവം തിന്മ​യെന്നു പറയുന്ന കാര്യ​ങ്ങ​ളോ​ടു ദാവീദ്‌ വെറുപ്പു വളർത്തി​യെ​ടു​ത്തു. അതിൽ വിഗ്ര​ഹാ​രാ​ധ​ന​യും ഉൾപ്പെ​ടു​ന്നു. മനുഷ്യ​രു​ടെ വിലയി​ടി​ച്ചു​ക​ള​യുന്ന, യഹോ​വ​യ്‌ക്ക്‌ അർഹമായ മഹത്ത്വം കവർന്നെ​ടു​ക്കുന്ന ഒന്നാണു വിഗ്ര​ഹാ​രാ​ധന.—യശ. 2:8, 9; വെളി. 4:11.

17, 18. (എ) വ്യാജാ​രാ​ധ​ന​യു​ടെ അനന്തര​ഫ​ലങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നാ​ണു ദാവീദ്‌ നിരീ​ക്ഷി​ച്ചത്‌? (ബി) ഇന്ന്‌ ആളുകൾ ‘തങ്ങളുടെ സങ്കടങ്ങൾ കൂട്ടു​ന്നത്‌’ എങ്ങനെ​യാണ്‌?

17 ബൈബിൾക്കാ​ല​ങ്ങ​ളിൽ, വ്യാജാ​രാ​ധ​ന​യിൽ മിക്ക​പ്പോ​ഴും അങ്ങേയറ്റം മ്ലേച്ഛമായ ലൈം​ഗിക അധാർമി​കത ഉൾപ്പെ​ട്ടി​രു​ന്നു. (ഹോശേ. 4:13, 14) ജഡം പാപപൂർണ​മാ​യ​തു​കൊണ്ട്‌ ആരാധ​ന​യു​ടെ ഇത്തരം രൂപങ്ങൾ ജഡത്തെ ആകർഷി​ക്കു​ന്ന​താ​യി​രു​ന്നു. പക്ഷേ അതിൽ ഏർപ്പെ​ട്ട​വർക്ക്‌ അതു നിലനിൽക്കുന്ന സന്തോഷം കൊടു​ത്തില്ല. പകരം അതു വിപരീ​ത​ഫ​ല​മാണ്‌ ഉണ്ടാക്കി​യത്‌. ‘മറ്റു ദൈവ​ങ്ങ​ളു​ടെ പിന്നാലെ പോയവർ തങ്ങളുടെ സങ്കടങ്ങൾ കൂട്ടി’ എന്നാണു ദാവീദ്‌ പറഞ്ഞത്‌. അവർ അവരുടെ മക്കളെ​പ്പോ​ലും വ്യാജ​ദേ​വ​ന്മാർക്കു കുരുതി കൊടു​ത്തു. (യശ. 57:5) അത്തരം ക്രൂര​മായ പ്രവൃ​ത്തി​കൾ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌! (യിരെ. 7:31) ആ കാലത്താ​ണു നിങ്ങൾ ജീവി​ച്ചി​രു​ന്ന​തെ​ങ്കിൽ, ദൈവത്തെ വിശ്വ​സി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യുന്ന മാതാ​പി​താ​ക്ക​ളു​ള്ള​തിൽ നിങ്ങൾ തീർച്ച​യാ​യും നന്ദിയു​ള്ള​വ​നാ​യി​രു​ന്നേനേ എന്നതിൽ ഒരു സംശയ​വു​മില്ല.

18 ഇന്നും വ്യാജാ​രാ​ധന മിക്ക​പ്പോ​ഴും ലൈം​ഗിക അധാർമി​ക​ത​യ്‌ക്ക്‌, സ്വവർഗ​സം​ഭോ​ഗ​ത്തി​നു​പോ​ലും, സമ്മതം കൊടു​ക്കു​ന്നു. സ്വാത​ന്ത്ര്യം എന്നാണ്‌ അവർ അതിനെ വിളി​ക്കു​ന്നത്‌. പക്ഷേ ഇത്തരം കാര്യ​ങ്ങ​ളിൽ ആഹ്ലാദം കണ്ടെത്തു​ന്നവർ ദാരു​ണ​മായ അനന്തര​ഫ​ലങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വ​രും, ബൈബിൾക്കാ​ല​ങ്ങ​ളി​ലേ​തു​പോ​ലെ​തന്നെ. (1 കൊരി. 6:18, 19) ആളുകൾ ‘തങ്ങളുടെ സങ്കടങ്ങൾ കൂട്ടു​ന്നത്‌’ നിങ്ങൾതന്നെ നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കും. അതു​കൊണ്ട്‌ ചെറു​പ്പ​ക്കാ​രേ, നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ പറയു​ന്ന​തി​നു ശ്രദ്ധ കൊടു​ക്കുക. ദൈവത്തെ അനുസ​രി​ച്ചാൽ നിങ്ങൾക്കു നന്മയേ വരൂ എന്ന കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കുക. തെറ്റു ചെയ്യു​ന്ന​തു​കൊണ്ട്‌ നിങ്ങൾക്കു താത്‌കാ​ലി​ക​മായ സന്തോഷം തോന്നി​യേ​ക്കാം. പക്ഷേ അതുണ്ടാ​ക്കുന്ന കുഴപ്പ​ങ്ങ​ളു​മാ​യി താരത​മ്യം ചെയ്‌താൽ ആ സന്തോഷം ഒന്നുമല്ല എന്ന കാര്യം നിങ്ങളു​ടെ മനസ്സിനെ ബോധ്യ​പ്പെ​ടു​ത്തുക. (ഗലാ. 6:8) നേരത്തേ പരാമർശിച്ച ജോഷ്വാ പറയുന്നു: “ഇഷ്ടമുള്ള രീതി​യിൽ നമുക്കു നമ്മുടെ സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കാം. പക്ഷേ അതു ദുരു​പ​യോ​ഗം ചെയ്‌താൽ നമുക്കു സംതൃ​പ്‌തി ലഭിക്കില്ല.”

19, 20. യഹോ​വയെ വിശ്വ​സി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​വരെ എന്ത്‌ അനു​ഗ്ര​ഹ​ങ്ങ​ളാ​ണു കാത്തി​രി​ക്കു​ന്നത്‌?

19 യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു: “നിങ്ങൾ എപ്പോ​ഴും എന്റെ വചനത്തിൽ നിലനിൽക്കു​ന്നെ​ങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യ​ന്മാ​രാണ്‌. നിങ്ങൾ സത്യം അറിയു​ക​യും സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കു​ക​യും ചെയ്യും.” (യോഹ. 8:31, 32) ആ സ്വാത​ന്ത്ര്യ​ത്തിൽ വ്യാജ​മ​ത​ത്തിൽനി​ന്നും അറിവി​ല്ലാ​യ്‌മ​യിൽനി​ന്നും അന്ധവി​ശ്വാ​സ​ങ്ങ​ളിൽനി​ന്നും ഉള്ള മോചനം ഉൾപ്പെ​ടു​ന്നു. എന്നാൽ അതു മാത്രമല്ല. നമ്മൾ പഠിച്ച​തു​പോ​ലെ, ഒടുവിൽ ‘ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യ​വും’ നമ്മൾ നേടും. (റോമ. 8:21) ‘ക്രിസ്‌തു​വി​ന്റെ വചനത്തിൽ നിലനിൽക്കു​ന്നെ​ങ്കിൽ’ നമുക്ക്‌ ഇപ്പോൾത്തന്നെ ആ സ്വാത​ന്ത്ര്യം രുചി​ച്ചു​നോ​ക്കാൻ കഴിയും. സത്യം പഠിക്കുക മാത്രമല്ല, അതിന​നു​സ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നിങ്ങൾ ‘സത്യം അറിയും.’

20 ചെറു​പ്പ​ക്കാ​രേ, ദൈവം നിങ്ങൾക്കു തന്നിരി​ക്കുന്ന സ്വാത​ന്ത്ര്യം വില​യേ​റി​യ​താ​യി കാണുക. ആ സ്വാത​ന്ത്ര്യം ജ്ഞാന​ത്തോ​ടെ ഉപയോ​ഗി​ക്കുക. അങ്ങനെ ഭാവി​ക്കാ​യി നല്ല ഒരു അടിത്ത​റ​യി​ടാൻ നിങ്ങൾക്കു കഴിയും. ഒരു യുവസ​ഹോ​ദരൻ പറയുന്നു: “ചെറു​പ്പ​മാ​യി​രി​ക്കു​മ്പോൾ സ്വാത​ന്ത്ര്യം ജ്ഞാനപൂർവം ഉപയോ​ഗി​ച്ചാൽ, അതു ഭാവി​യിൽ ഏതു ജോലി തിര​ഞ്ഞെ​ടു​ക്കണം, വിവാഹം കഴിക്ക​ണോ, കുറച്ച്‌ കാല​ത്തേക്ക്‌ ഏകാകി​യാ​യി ജീവി​ക്ക​ണോ തുടങ്ങിയ വലിയ​വ​ലിയ കാര്യ​ങ്ങ​ളിൽ തീരു​മാ​ന​മെ​ടു​ക്കേണ്ട സാഹച​ര്യം വരു​മ്പോൾ നിങ്ങളെ സഹായി​ക്കും.”

21. ‘യഥാർഥ​ജീ​വ​നി​ലേ​ക്കുള്ള’ പാതയിൽക്കൂ​ടി നമുക്ക്‌ എങ്ങനെ യാത്ര തുടരാം?

21 ഈ പഴയ ലോക​ത്തിൽ, നല്ലതെന്ന്‌ ആളുകൾ വിളി​ക്കുന്ന ജീവി​തം​പോ​ലും ഹ്രസ്വ​മാണ്‌. നാളെ എന്തു സംഭവി​ക്കു​മെന്നു നമുക്ക്‌ അറിയില്ല. (യാക്കോ. 4:13, 14) അതു​കൊണ്ട്‌ ‘യഥാർഥ​ജീ​വ​നി​ലേ​ക്കുള്ള,’ നിത്യ​ജീ​വ​നി​ലേ​ക്കുള്ള പാതയി​ലൂ​ടെ​തന്നെ യാത്ര തുടരു​ന്ന​താ​ണു ബുദ്ധി. (1 തിമൊ. 6:19) ആ വഴിയി​ലൂ​ടെ നടക്കാൻ യഹോവ നമ്മളെ നിർബ​ന്ധി​ക്കു​ന്നില്ല. തീരു​മാ​നം നമ്മു​ടേ​താണ്‌. യഹോ​വയെ നിങ്ങളു​ടെ ‘ഓഹരി​യാ​ക്കുക.’ യഹോവ നിങ്ങൾക്കു തന്നിരി​ക്കുന്ന ‘നല്ല കാര്യ​ങ്ങളെ’ മാറോ​ടു ചേർത്തു​പി​ടി​ക്കുക. (സങ്കീ. 103:5) അങ്ങനെ​യെ​ങ്കിൽ നമ്മുടെ ജീവി​ത​ത്തിൽ ‘ആഹ്ലാദം അലതല്ലും,’ യഹോവ നമുക്കു നിത്യ​സ​ന്തോ​ഷം തരും.—സങ്കീ. 16:11.