വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നീതി​മാൻ യഹോ​വ​യിൽ ആനന്ദി​ക്കും”

“നീതി​മാൻ യഹോ​വ​യിൽ ആനന്ദി​ക്കും”

ഡയാന 80 വയസ്സിനു മേൽ പ്രായ​മുള്ള ഒരു സഹോ​ദ​രി​യാണ്‌. ഭർത്താവ്‌ കുറെ കാലം അൽ​സൈ​മേ​ഴ്‌സ്‌ എന്ന രോഗ​ത്തി​ന്റെ പിടി​യി​ലാ​യി​രു​ന്നു. മരിക്കു​ന്ന​തി​നു മുമ്പുള്ള കുറച്ച്‌ വർഷങ്ങൾ അദ്ദേഹം ഒരു പരിച​ര​ണ​കേ​ന്ദ്ര​ത്തി​ലാ​ണു കഴിച്ചു​കൂ​ട്ടി​യത്‌. രണ്ട്‌ ആൺമക്കളെ സഹോ​ദ​രി​ക്കു മരണത്തിൽ നഷ്ടപ്പെട്ടു. സ്‌തനാർബു​ദ​വു​മാ​യും സഹോ​ദ​രി​ക്കു മല്ലി​ടേ​ണ്ടി​വന്നു. ഇങ്ങനെ​യെ​ല്ലാ​മാ​യി​ട്ടും, രാജ്യ​ഹാ​ളി​ലാ​യാ​ലും ശുശ്രൂ​ഷ​യി​ലാ​യാ​ലും ഡയാന സഹോ​ദ​രി​യെ സഹോ​ദ​രങ്ങൾ എപ്പോ​ഴും സന്തോഷം സ്‌ഫു​രി​ക്കുന്ന മുഖ​ത്തോ​ടെ​യാ​ണു കാണു​ന്നത്‌.

43 വർഷത്തി​ല​ധി​കം ജോൺ സഹോ​ദരൻ ഒരു സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി​രു​ന്നു. അദ്ദേഹം ആ സേവന​പ​ദവി വളരെ​യ​ധി​കം ഇഷ്ടപ്പെ​ട്ടി​രു​ന്നു. അത്‌ അദ്ദേഹ​ത്തി​നു ജീവനാ​യി​രു​ന്നു! എന്നാൽ രോഗി​യായ ഒരു കുടും​ബാം​ഗത്തെ പരിച​രി​ക്കു​ന്ന​തി​നു​വേണ്ടി അദ്ദേഹ​ത്തി​നു സഞ്ചാര​വേല നിറു​ത്തേ​ണ്ടി​വന്നു. ഇപ്പോൾ പ്രാ​ദേ​ശി​ക​സ​ഭ​യി​ലാണ്‌ അദ്ദേഹം സേവി​ക്കു​ന്നത്‌. ജോൺ സഹോ​ദ​രനെ അറിയാ​വു​ന്നവർ സമ്മേള​ന​ത്തി​ലോ കൺ​വെൻ​ഷ​നി​ലോ വെച്ച്‌ കാണു​മ്പോൾ, അദ്ദേഹ​ത്തിന്‌ എന്തെങ്കി​ലും മാറ്റം വന്നതിന്റെ ഒരു ലക്ഷണവും കാണു​ന്നില്ല. അദ്ദേഹ​ത്തി​ന്റെ പഴയ സന്തോ​ഷ​ത്തിന്‌ ഇപ്പോ​ഴും ഒരു കുറവും വന്നിട്ടില്ല.

ഡയാനാ സഹോ​ദ​രി​ക്കും ജോൺ സഹോ​ദ​ര​നും എങ്ങനെ​യാ​ണു സന്തുഷ്ട​രാ​യി​രി​ക്കാൻ കഴിയു​ന്നത്‌? മാനസി​ക​മാ​യും ശാരീ​രി​ക​മാ​യും കഷ്ടപ്പെ​ടുന്ന ഒരാൾക്കു ശരിക്കും സന്തോ​ഷ​മു​ള്ള​വ​നാ​യി​രി​ക്കാൻ പറ്റുമോ? ഇഷ്ടപ്പെ​ട്ടി​രുന്ന ഒരു സേവന​പ​ദവി നിറു​ത്തേ​ണ്ടി​വന്ന ഒരാൾക്ക്‌ എങ്ങനെ​യാണ്‌ ഇപ്പോ​ഴും സന്തുഷ്ട​നാ​യി​രി​ക്കാൻ കഴിയു​ന്നത്‌? അതിനുള്ള ഉത്തരം ഈ വാക്കു​ക​ളി​ലൂ​ടെ ബൈബിൾ തരുന്നുണ്ട്‌: “നീതി​മാൻ യഹോ​വ​യിൽ ആനന്ദി​ക്കും.” (സങ്കീ. 64:10) ഉള്ളിന്റെ ഉള്ളിലെ സന്തോ​ഷ​ത്തി​ന്റെ അടിസ്ഥാ​നം എന്താണ്‌, അത്‌ എന്തല്ല എന്നു തിരി​ച്ച​റി​യു​ന്നെ​ങ്കിൽ ഈ വാക്കു​ക​ളു​ടെ അർഥം നമുക്കു കൂടു​ത​ലാ​യി മനസ്സി​ലാ​ക്കാം.

താത്‌കാ​ലി​ക​മായ സന്തോഷം

ഉറപ്പാ​യും സന്തോഷം തരുന്ന ചില കാര്യ​ങ്ങ​ളുണ്ട്‌. പരസ്‌പരം സ്‌നേ​ഹി​ക്കുന്ന രണ്ടു പേർ വിവാഹം കഴിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഇനി, ഒരു കുട്ടി​യു​ണ്ടാ​കു​ന്ന​തും ഒരു സേവന​പ​ദവി ലഭിക്കു​ന്ന​തും ഒക്കെ സന്തോഷം തരുന്ന കാര്യ​ങ്ങ​ളാണ്‌. അതു സ്വാഭാ​വി​ക​മാണ്‌. കാരണം ഇതെല്ലാം യഹോ​വ​യു​ടെ സമ്മാന​ങ്ങ​ളാണ്‌. യഹോ​വ​യാ​ണു വിവാഹം ഏർപ്പെ​ടു​ത്തി​യത്‌, പുനരു​ത്‌പാ​ദ​ന​പ്രാ​പ്‌തി നൽകി​യത്‌. ക്രിസ്‌തീ​യ​സ​ഭ​യി​ലൂ​ടെ നമുക്കു നിയമ​നങ്ങൾ തരുന്ന​തും ദൈവ​മാണ്‌.—ഉൽപ. 2:18, 22; സങ്കീ. 127:3; 1 തിമൊ. 3:1.

എന്നാൽ സന്തോഷം ചില​പ്പോൾ അധിക​കാ​ലം നീണ്ടു​നി​ന്നെ​ന്നു​വ​രില്ല. ഒരു വിവാ​ഹ​യിണ വഞ്ചന കാണി​ച്ചേ​ക്കാം, അല്ലെങ്കിൽ മരിച്ചു​പോ​യേ​ക്കാം. (യഹ. 24:18; ഹോശേ. 3:1) ചില കുട്ടികൾ മാതാ​പി​താ​ക്ക​ളോ​ടും ദൈവ​ത്തോ​ടും അനുസ​ര​ണ​ക്കേടു കാണി​ക്കും, ചില​പ്പോൾ സഭയിൽനിന്ന്‌ പുറത്താ​ക്ക​പ്പെ​ടു​ക​പോ​ലും ചെയ്‌തേ​ക്കാം. ശമു​വേ​ലി​ന്റെ മക്കൾ സ്വീകാ​ര്യ​മായ വിധത്തിൽ യഹോ​വയെ സേവി​ച്ചില്ല. ദാവീ​ദി​ന്റെ പ്രവൃ​ത്തി​കൾ സ്വന്തം വീട്ടിൽനി​ന്നു​തന്നെ വിപത്തു​ക​ളു​ണ്ടാ​കാൻ കാരണ​മാ​യി. (1 ശമു. 8:1-3; 2 ശമു. 12:11) അത്തരം സംഭവങ്ങൾ ദുഃഖ​ത്തി​നും പല പ്രശ്‌ന​ങ്ങൾക്കും കാരണ​മാ​കും. ഇതൊ​ന്നും ഒരിക്ക​ലും നമുക്കു സന്തോഷം തരുന്ന കാര്യ​ങ്ങളല്ല.

ഇനി, ദൈവ​ജ​ന​ത്തിന്‌ ഇടയിൽ നമുക്കുള്ള സേവന​പ​ദ​വി​കൾ നമുക്കു നിറു​ത്തേ​ണ്ടി​വ​ന്നേ​ക്കാം. മോശ​മായ ആരോ​ഗ്യ​മോ കുടും​ബ​ത്തി​ലെ ഉത്തരവാ​ദി​ത്വ​ങ്ങ​ളോ സംഘട​ന​യിൽ വരുന്ന മാറ്റങ്ങ​ളോ ഒക്കെയാ​യി​രി​ക്കാം അതിനു കാരണം. ആ നിയമനം തങ്ങൾക്കു ശരിക്കും സംതൃ​പ്‌തി തന്നിരു​ന്നെ​ന്നും ആ ദിവസ​ങ്ങ​ളെ​ക്കു​റിച്ച്‌ ഇപ്പോ​ഴും ഓർത്തു​പോ​കാ​റു​ണ്ടെ​ന്നും അത്തരം മാറ്റങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​ന്നവർ സമ്മതി​ക്കു​ന്നു.

ഒരു പരിധി​വരെ സന്തോ​ഷ​ത്തി​നുള്ള ഇത്തരം കാരണങ്ങൾ താത്‌കാ​ലി​ക​മാ​ണെന്നു കാണാം. ആ സ്ഥിതിക്ക്‌ ഒരു ചോദ്യം വരും: നിലനിൽക്കുന്ന സന്തോഷം എന്ന ഒന്നുണ്ടോ? സാഹച​ര്യ​ങ്ങൾ മോശ​മാ​യാ​ലും നഷ്ടപ്പെ​ടാത്ത തരം സന്തോഷം? അങ്ങനെ​യുണ്ട്‌ എന്നതിനു തെളി​വുണ്ട്‌. കാരണം, ശമു​വേ​ലും ദാവീ​ദും മറ്റു പലരും പരി​ശോ​ധ​ന​ക​ളു​ണ്ടാ​യ​പ്പോ​ഴും ഒരു അളവു​വരെ സന്തോഷം നിലനി​റു​ത്തി.

നിലനിൽക്കുന്ന സന്തോഷം

സന്തോഷം എന്നാൽ എന്താ​ണെന്നു യേശു​വി​നു കൃത്യ​മാ​യി അറിയാ​മാ​യി​രു​ന്നു. മനുഷ്യ​നാ​യി ഭൂമി​യിൽ വരുന്ന​തി​നു മുമ്പ്‌ സ്വർഗ​ത്തി​ലാ​യി​രു​ന്ന​പ്പോൾ യേശു “എപ്പോ​ഴും (യഹോ​വ​യു​ടെ) സന്നിധി​യിൽ സന്തോ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു.” അവിടെ യേശു​വി​ന്റെ സന്തോഷം കവരുന്ന ഒന്നുമു​ണ്ടാ​യി​രു​ന്നില്ല. (സുഭാ. 8:30) എന്നാൽ ഭൂമി​യിൽ വന്നപ്പോൾ യേശു​വി​നു കഠിന​മായ പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വന്നു. എങ്കിലും പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തിൽ യേശു സന്തോഷം കണ്ടെത്തി. (യോഹ. 4:34) തന്റെ അവസാ​ന​മ​ണി​ക്കൂ​റു​ക​ളിൽ വേദന അനുഭ​വി​ച്ച​പ്പോൾ യേശു​വി​ന്റെ സന്തോഷം നഷ്ടപ്പെ​ട്ടോ? നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: ‘മുന്നി​ലു​ണ്ടാ​യി​രുന്ന സന്തോഷം ഓർത്ത്‌ യേശു ദണ്ഡനസ്‌തം​ഭ​ത്തി​ലെ മരണം സഹിച്ചു.’ (എബ്രാ. 12:2) അതു​കൊണ്ട്‌ യഥാർഥ​സ​ന്തോ​ഷ​ത്തെ​ക്കു​റിച്ച്‌ യേശു പറഞ്ഞ രണ്ടു കാര്യങ്ങൾ ചിന്തി​ക്കു​ന്നതു പ്രയോ​ജനം ചെയ്യും.

ഒരിക്കൽ, ഒരു പ്രസം​ഗ​പ​ര്യ​ട​ന​ത്തി​നു ശേഷം 70 ശിഷ്യ​ന്മാർ തിരി​ച്ചു​വന്നു. അവർ വളരെ​യ​ധി​കം സന്തുഷ്ട​രാ​യി​രു​ന്നു, അത്ഭുതങ്ങൾ ചെയ്‌തു എന്നതാ​യി​രു​ന്നു അവരുടെ സന്തോ​ഷ​ത്തി​ന്റെ കാരണം. അവർ ഭൂതങ്ങളെ പുറത്താ​ക്കു​ക​പോ​ലും ചെയ്‌തു. യേശു അവരോ​ടു പറഞ്ഞു: “ഭൂതങ്ങൾ നിങ്ങൾക്കു കീഴട​ങ്ങു​ന്ന​തു​കൊ​ണ്ടല്ല, നിങ്ങളു​ടെ പേരുകൾ സ്വർഗ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ സന്തോ​ഷി​ക്കുക.” (ലൂക്കോ. 10:1-9, 17, 20) അതെ, ഒരു പ്രത്യേക സേവന​പ​ദ​വി​യെ​ക്കാൾ പ്രധാ​ന​മാണ്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടാ​യി​രി​ക്കു​ന്നത്‌. വിശ്വ​സ്‌ത​രായ ശിഷ്യ​ന്മാ​രെ യഹോവ പ്രീതി​യോ​ടെ ഓർക്കും. അതു വലിയ സന്തോ​ഷ​ത്തി​നുള്ള ഒരു കാരണ​മല്ലേ?

മറ്റൊരു അവസര​ത്തിൽ യേശു ഒരു ജനക്കൂ​ട്ട​ത്തോ​ടു സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ, ഇത്രയും ശ്രേഷ്‌ഠ​നായ അധ്യാ​പ​കന്റെ അമ്മ തീർച്ച​യാ​യും സന്തോ​ഷ​മുള്ള ഒരു വ്യക്തി​യാ​യി​രി​ക്കു​മെന്നു ജൂതയായ ഒരു സ്‌ത്രീ വിളി​ച്ചു​പ​റഞ്ഞു. പക്ഷേ യേശു ആ സ്‌ത്രീ​യെ തിരുത്തി. യേശു ഇങ്ങനെ പറഞ്ഞു: “ദൈവ​ത്തി​ന്റെ വചനം കേട്ടനു​സ​രി​ക്കു​ന്ന​വ​രാണ്‌ അനുഗൃ​ഹീ​തർ.” (ലൂക്കോ. 11:27, 28) മക്കളെ​ക്കു​റിച്ച്‌ ഓർത്ത്‌ മാതാ​പി​താ​ക്കൾക്ക്‌ അഭിമാ​ന​വും സന്തോ​ഷ​വും ഒക്കെ തോന്നാ​റുണ്ട്‌, പക്ഷേ യഹോ​വയെ അനുസ​രി​ക്കു​ക​യും യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധമു​ണ്ടാ​യി​രി​ക്കു​ക​യും ചെയ്യു​ന്ന​താ​ണു കൂടുതൽ സന്തോഷം തരുന്നത്‌.

ഉള്ളിന്റെ ഉള്ളിൽ ആഴമായ സന്തോഷം നമുക്ക്‌ അനുഭ​വ​പ്പെ​ടാൻ എങ്ങനെ കഴിയും? യഹോ​വ​യു​ടെ അംഗീ​കാ​ര​മുണ്ട്‌ എന്ന തിരി​ച്ച​റി​വാണ്‌ അതിന്റെ താക്കോൽ. ഈ ബോധ്യ​ത്തി​നു മങ്ങലേൽപ്പി​ക്കാൻ പരി​ശോ​ധ​ന​കൾക്കാ​കില്ല. വാസ്‌ത​വ​ത്തിൽ പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾ വിശ്വ​സ്‌ത​രാ​യി പിടി​ച്ചു​നിൽക്കു​ന്നതു നമ്മുടെ സന്തോഷം വർധി​പ്പി​ക്കും. അതു നല്ല ഒരു ഹൃദയാ​വസ്ഥ നമുക്കു തരും. (റോമ. 5:3-5) കൂടാതെ, തന്നിൽ ആശ്രയി​ക്കു​ന്ന​വർക്ക്‌ യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കും. ആ ആത്മാവി​ന്റെ ഒരു ഗുണമാ​ണു സന്തോഷം. (ഗലാ. 5:22) സങ്കീർത്തനം 64:10-ൽ “നീതി​മാൻ യഹോ​വ​യിൽ ആനന്ദി​ക്കും” എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം ഇപ്പോൾ കൂടുതൽ നന്നായി മനസ്സി​ലാ​കു​ന്നി​ല്ലേ?

സന്തോഷം നിലനി​റു​ത്താൻ ജോൺ സഹോ​ദ​രനെ എന്താണു സഹായി​ച്ചത്‌?

തുടക്ക​ത്തിൽ പറഞ്ഞ ഡയാന സഹോ​ദ​രി​ക്കും ജോൺ സഹോ​ദ​ര​നും എങ്ങനെ​യാ​ണു നിലനിൽക്കുന്ന സന്തോഷം ആസ്വദി​ക്കാൻ കഴിഞ്ഞ​തെന്നു നമ്മൾ ഇപ്പോൾ ചർച്ച ചെയ്‌ത വിവരങ്ങൾ വിശദീ​ക​രി​ക്കു​ന്നു. ഡയാന സഹോ​ദരി പറയുന്നു: “ഞാൻ യഹോ​വ​യിൽ അഭയം തേടി, ഒരു കുട്ടി അവന്റെ അച്ഛന്റെ​യ​ടുത്ത്‌ പോകു​ന്ന​തു​പോ​ലെ.” ദൈവ​ത്തി​ന്റെ അംഗീ​കാ​രം സഹോ​ദരി എങ്ങനെ​യാണ്‌ അനുഭ​വി​ച്ച​റി​ഞ്ഞത്‌? “പുഞ്ചി​രി​യോ​ടെ, ക്രമമാ​യി പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാൻ സഹായി​ച്ചു​കൊണ്ട്‌ യഹോവ എന്നെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു.” വളരെ​യ​ധി​കം ഇഷ്ടപ്പെ​ട്ടി​രുന്ന സഞ്ചാര​വേല നിറു​ത്തി​യ​തി​നു ശേഷവും ശുശ്രൂ​ഷ​യിൽ ഉത്സാഹ​ത്തോ​ടെ പ്രവർത്തിച്ച ജോൺ സഹോ​ദരൻ, തന്നെ എന്താണു സഹായി​ച്ച​തെന്നു വ്യക്തമാ​ക്കു​ന്നു: “1998 മുതൽ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളിൽ പഠിപ്പി​ക്കാ​നുള്ള നിയമനം എനിക്കു കിട്ടി​യി​രു​ന്നു. അപ്പോൾ മുതൽ, മുമ്പ​ത്തേ​തി​നെ​ക്കാൾ അധികം ഞാൻ വ്യക്തി​പ​ര​മാ​യി പഠിക്കാൻ തുടങ്ങി.” തന്നെയും ഭാര്യ​യെ​യും കുറിച്ച്‌ അദ്ദേഹം പറയുന്നു: “നിയമനം എന്തായാ​ലും യഹോ​വയെ സേവി​ക്കാൻ ഞങ്ങൾ തീരു​മാ​നി​ച്ചി​രു​ന്നു. അത്തരം ഒരു മനോ​ഭാ​വം മാറ്റവു​മാ​യി പൊരു​ത്ത​പ്പെ​ടാൻ ഞങ്ങളെ സഹായി​ച്ചു. ഞങ്ങൾക്ക്‌ എന്തെങ്കി​ലും ദുഃഖ​മോ ഖേദമോ ഒന്നും തോന്നി​യില്ല.”

മറ്റു പലരും സങ്കീർത്തനം 64:10-ന്റെ സത്യത അനുഭ​വി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, 30-ലധികം വർഷം ഐക്യ​നാ​ടു​ക​ളി​ലെ ബഥേലിൽ സേവിച്ച ഒരു ദമ്പതി​ക​ളു​ടെ കാര്യ​മെ​ടു​ക്കാം. അവർക്കു പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി നിയമനം കിട്ടി. ഒരു കാര്യം അവർ തുറന്ന്‌ സമ്മതിച്ചു: “നമുക്ക്‌ ഇഷ്ടപ്പെട്ട ഒരു കാര്യം നഷ്ടപ്പെ​ടു​മ്പോൾ നമുക്കു സ്വാഭാ​വി​ക​മാ​യും ദുഃഖം തോന്നും.” എന്നിട്ട്‌ അവർ ഇങ്ങനെ പറഞ്ഞു: “പക്ഷേ എപ്പോ​ഴും ദുഃഖി​ച്ചി​രി​ക്കാൻ കഴിയി​ല്ല​ല്ലോ.” അവർ സഭയോ​ടൊത്ത്‌ ഉത്സാഹ​ത്തോ​ടെ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ തുടങ്ങി. “ഞങ്ങൾ ഓരോ കാര്യ​വും എടുത്തു പറഞ്ഞ്‌ പ്രാർഥി​ക്കു​മാ​യി​രു​ന്നു. പ്രാർഥ​ന​കൾക്ക്‌ യഹോവ ഉത്തരം തരുന്നതു കണ്ടപ്പോൾ ഞങ്ങൾക്കു പ്രോ​ത്സാ​ഹ​ന​വും സന്തോ​ഷ​വും തോന്നി. ഞങ്ങൾ ഈ സഭയോ​ടൊത്ത്‌ സേവി​ക്കാൻ തുടങ്ങി അധികം വൈകാ​തെ പലരും മുൻനി​ര​സേ​വനം തുടങ്ങി. ഞങ്ങൾക്കു നല്ല രണ്ടു ബൈബിൾപ​ഠ​ന​ങ്ങ​ളു​മുണ്ട്‌.”

‘എന്നെന്നും സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കും’

സന്തോഷം നിലനി​റു​ത്തു​ന്നത്‌ അത്ര എളുപ്പ​മുള്ള കാര്യമല്ല. ജീവി​ത​ത്തിൽ പല മാറ്റങ്ങ​ളി​ലൂ​ടെ നമ്മൾ കടന്നു​പോ​കും. എങ്കിലും സങ്കീർത്തനം 64:10-ലെ വാക്കു​ക​ളി​ലൂ​ടെ യഹോവ നമുക്കു ധൈര്യം പകരുന്നു. നിരു​ത്സാ​ഹം തോന്നുന്ന സമയങ്ങ​ളിൽപ്പോ​ലും, സാഹച​ര്യ​ങ്ങൾ എന്തുത​ന്നെ​യാ​യാ​ലും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​നി​ന്നു​കൊണ്ട്‌ ‘നീതി​മാ​ന്മാ​രാ​ണെന്നു’ തെളി​യി​ക്കു​ന്നവർ “യഹോ​വ​യിൽ ആനന്ദി​ക്കും.” കൂടാതെ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ‘പുതിയ ആകാശ​ത്തി​നും പുതിയ ഭൂമി​ക്കും’ ആയി നമു​ക്കെ​ല്ലാം കാത്തി​രി​ക്കാൻ കഴിയും. അന്നു നമ്മുടെ അപൂർണ​ത​യെ​ല്ലാം പാടേ മാറും. യഹോവ ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളി​ലും ദൈവ​ജ​ന​മെ​ല്ലാം ‘എന്നെന്നും സന്തോ​ഷി​ച്ചാർക്കും.’—യശ. 65:17, 18.

അതിന്റെ അർഥം എന്താ​ണെന്നു ചിന്തി​ക്കുക: നമുക്കു പൂർണ​മായ ആരോ​ഗ്യ​മു​ണ്ടാ​യി​രി​ക്കും. ഓരോ ദിവസ​വും ഉന്മേഷ​ത്തോ​ടെ​യും പ്രസരി​പ്പോ​ടെ​യും ആയിരി​ക്കും നമ്മൾ ഉണർന്നെ​ഴു​ന്നേൽക്കു​ന്നത്‌. കഴിഞ്ഞ കാലത്ത്‌ നമ്മുടെ മനസ്സി​നേറ്റ മുറി​വു​കൾ എന്തുത​ന്നെ​യാ​യാ​ലും അതി​ന്റെ​യൊ​ന്നും വേദന നമ്മളെ കുത്തി​നോ​വി​ക്കില്ല. “പഴയ കാര്യങ്ങൾ ആരു​ടെ​യും മനസ്സി​ലേക്കു വരില്ല; ആരു​ടെ​യും ഹൃദയ​ത്തിൽ അവയു​ണ്ടാ​യി​രി​ക്കില്ല” എന്ന ഉറപ്പു നമുക്കുണ്ട്‌. പുനരു​ത്ഥാ​നം എന്ന അത്ഭുതം പ്രിയ​പ്പെ​ട്ട​വരെ വീണ്ടും ഒന്നിപ്പി​ക്കും. യേശു പുനരു​ത്ഥാ​ന​പ്പെ​ടു​ത്തിയ 12 വയസ്സു​കാ​രി​യു​ടെ മാതാ​പി​താ​ക്കൾക്കു മകളെ തിരി​ച്ചു​കി​ട്ടി​യ​പ്പോൾ, “അവർ സന്തോ​ഷം​കൊണ്ട്‌ മതിമ​റന്നു.” (മർക്കോ. 5:42) കോടി​ക്ക​ണ​ക്കിന്‌ ആളുകൾ സമാന​മായ സന്തോഷം ആസ്വദി​ക്കും. ഒടുവിൽ പൂർണ​മായ അർഥത്തിൽ ഭൂമി​യി​ലെ ഓരോ വ്യക്തി​യും ‘നീതി​മാ​നാ​കും.’ അവർ എന്നു​മെ​ന്നും ‘യഹോ​വ​യിൽ ആനന്ദി​ക്കും.’