വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഇനി പറുദീ​സ​യിൽ കാണാം!”

“ഇനി പറുദീ​സ​യിൽ കാണാം!”

“നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.”ലൂക്കോ. 23:43.

ഗീതങ്ങൾ: 145, 139

1, 2. പറുദീ​സ​യെ​ക്കു​റിച്ച്‌ ആളുകൾക്കു വ്യത്യ​സ്‌ത​മായ എന്തെല്ലാം കാഴ്‌ച​പ്പാ​ടു​ക​ളാ​ണു​ള്ളത്‌?

വികാ​ര​നിർഭ​ര​മായ ഒരു കാഴ്‌ച​യാ​യി​രു​ന്നു അത്‌. കൊറി​യ​യി​ലെ സോൾ നഗരത്തിൽവെച്ച്‌ നടന്ന ഒരു കൺ​വെൻ​ഷന്റെ അവസാ​ന​ദി​വസം. കൺ​വെൻ​ഷൻ കഴിഞ്ഞ്‌, വിദേ​ശ​ത്തു​നിന്ന്‌ വന്ന സഹോ​ദ​രങ്ങൾ സ്റ്റേഡി​യ​ത്തിൽനിന്ന്‌ പുറ​ത്തേക്ക്‌ ഇറങ്ങു​മ്പോൾ കൊറി​യ​ക്കാ​രായ സഹോ​ദ​രങ്ങൾ ഒരുമി​ച്ചു​കൂ​ടി. പലരും കൈവീ​ശി കാണി​ച്ചു​കൊണ്ട്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “ഇനി പറുദീ​സ​യിൽ കാണാം!” പറുദീസ എന്നു പറഞ്ഞ​പ്പോൾ അവർ എന്താണ്‌ അർഥമാ​ക്കി​യത്‌?

2 പറുദീ​സ​യെ​ക്കു​റിച്ച്‌ പലർക്കും പല കാഴ്‌ച​പ്പാ​ടു​ക​ളാ​ണു​ള്ളത്‌. ചിലർക്കു ‘പറുദീസ’ എന്നതു വെറും ഭാവനാ​സൃ​ഷ്ടി​യാണ്‌. മറ്റു ചിലരു​ടെ കാര്യ​ത്തിൽ, അവർക്ക്‌ എവി​ടെ​യാ​ണോ സന്തോ​ഷ​വും സംതൃ​പ്‌തി​യും കിട്ടു​ന്നത്‌ അവിട​മാണ്‌ അവരുടെ പറുദീസ. പട്ടിണി കിടക്കുന്ന ഒരു മനുഷ്യ​ന്റെ മുന്നിൽ വിഭവ​സ​മൃ​ദ്ധ​മായ വിരുന്ന്‌ ഒരുക്കി​വെ​ച്ചാൽ പറുദീ​സ​യിൽ എത്തിയ​തു​പോ​ലെ​യാ​യി​രി​ക്കും അദ്ദേഹ​ത്തി​നു തോന്നുക. മനോ​ഹ​ര​മായ പൂക്കൾ ചൂടി നിൽക്കുന്ന ഒരു മലഞ്ചെ​രിവ്‌ കണ്ടപ്പോൾ 19-ാം നൂറ്റാ​ണ്ടിൽ അവിടം സന്ദർശിച്ച ഒരു സ്‌ത്രീ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “ഇതു പറുദീ​സ​തന്നെ!” വാസ്‌ത​വ​ത്തിൽ വർഷത്തിൽ ഏകദേശം 15 മീറ്റർ മഞ്ഞു പെയ്യുന്ന സ്ഥലമാണ്‌ അത്‌. എന്നിട്ടും ആ സ്ഥലത്തിനു പറുദീസ എന്ന പേരു വന്നു. ആകട്ടെ, പറുദീസ എന്നു കേൾക്കു​മ്പോൾ നിങ്ങളു​ടെ മനസ്സി​ലേക്ക്‌ എന്താണു വരുന്നത്‌? അതിനാ​യി നിങ്ങൾ പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു​ണ്ടോ?

3. പറുദീ​സ​യെ​ക്കു​റിച്ച്‌ ബൈബി​ളി​ന്റെ ആദ്യഭാ​ഗത്ത്‌ എന്താണു പറഞ്ഞി​രി​ക്കു​ന്നത്‌?

3 ഒരിക്കൽ സ്ഥിതി ചെയ്‌തി​രുന്ന പറുദീ​സ​യെ​ക്കു​റി​ച്ചും വരാനി​രി​ക്കുന്ന ഒരു പറുദീ​സ​യെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌. ബൈബി​ളി​ന്റെ ആദ്യഭാ​ഗ​ങ്ങ​ളിൽത്തന്നെ പറുദീ​സ​യെ​ക്കു​റി​ച്ചുള്ള പരാമർശം കാണാം. ലത്തീൻ ഭാഷയിൽനിന്ന്‌ പരിഭാഷ ചെയ്‌ത കാത്തലിക്‌ ഡുവേ വേർഷ​നിൽ ഉൽപത്തി 2:8 ഇങ്ങനെ വായി​ക്കു​ന്നു: “കർത്താ​വായ ദൈവം തുടക്ക​ത്തിൽ ഉല്ലാസ​ത്തി​ന്റെ ഒരു പറുദീസ സൃഷ്ടിച്ചു. താൻ സൃഷ്ടിച്ച (ആദാമി​നെ) അവിടെ ആക്കി.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) എബ്രാ​യ​പാ​ഠ​ഭാ​ഗത്ത്‌ ‘ഏദെൻ തോട്ടം’ എന്നാണു കാണു​ന്നത്‌. ഏദെൻ എന്ന വാക്കിന്റെ അർഥം “ഉല്ലാസം” എന്നാണ്‌. ശരിക്കും ആ തോട്ടം ഉല്ലാസം നിറഞ്ഞ​താ​യി​രു​ന്നു. ആവശ്യ​ത്തി​നു ഭക്ഷണവും രസകര​മായ കാഴ്‌ച​ക​ളും എല്ലാ തരം മൃഗങ്ങ​ളും ഒക്കെയുള്ള മനോ​ഹ​ര​മായ ഒരു തോട്ടം.—ഉൽപ. 1:29-31.

4. ഏദെൻ തോട്ടത്തെ പറുദീസ എന്നു വിളി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

4 “തോട്ടം” എന്നതി​നുള്ള എബ്രാ​യ​പദം വരുന്നി​ടത്ത്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം പാര​ഡെ​യ്‌സോസ്‌ ആണ്‌. പാര​ഡെ​യ്‌സോ​സി​നെ​ക്കു​റിച്ച്‌ മക്ലി​ന്റോ​ക്കി​ന്റെ​യും സ്‌​ട്രോ​ങ്ങി​ന്റെ​യും സൈ​ക്ലോ​പീ​ഡിയ ഇങ്ങനെ പറയുന്നു: “നോ​ക്കെ​ത്താ​ദൂ​ര​ത്തോ​ളം പരന്നു​കി​ട​ക്കുന്ന വിശാ​ല​മായ ഒരു ഉദ്യാനം. ആർക്കും, ഒന്നിനും ഒരു ഹാനി​യും തട്ടുക​യി​ല്ലാത്ത ഒന്ന്‌. പ്രകൃ​തി​യു​ടെ മനോ​ഹാ​രിത കവി​ഞ്ഞൊ​ഴു​കുന്ന ഒന്ന്‌. രാജകീ​യ​മായ പകി​ട്ടോ​ടെ തല ഉയർത്തി നിൽക്കുന്ന വനവൃ​ക്ഷങ്ങൾ. മിക്കതും നിറയെ പഴങ്ങൾ. അവയെ തഴുകി ഒഴുകുന്ന സ്വച്ഛസു​ന്ദ​ര​മായ അരുവി​കൾ, അവയുടെ തീരങ്ങ​ളിൽ മേഞ്ഞു​ന​ട​ക്കുന്ന ചെമ്മരി​യാ​ടു​ക​ളു​ടെ​യും മാനു​ക​ളു​ടെ​യും വലിയ കൂട്ടങ്ങൾ. ആ ഗ്രീക്കു സഞ്ചാരി​യു​ടെ മനസ്സിൽ വന്നത്‌ ഈ ചിത്ര​മാ​യി​രി​ക്കാം.”—ഉൽപത്തി 2:15, 16 താരത​മ്യം ചെയ്യുക.

5, 6. എങ്ങനെ​യാ​ണു പറുദീസ നഷ്ടമാ​യത്‌, അത്‌ ഏതു ചോദ്യം മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു?

5 ദൈവം ആദാമി​നെ​യും ഹവ്വയെ​യും അത്തര​മൊ​രു പറുദീ​സ​യി​ലാണ്‌ ആക്കി​വെ​ച്ചത്‌, പക്ഷേ അവർക്ക്‌ അതു നഷ്ടമായി. എന്തു​കൊണ്ട്‌? ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേട്‌ കാണിച്ച അവർക്ക്‌ അവിടെ തുടരാ​നുള്ള യോഗ്യത നഷ്ടപ്പെട്ടു. അങ്ങനെ അവർക്കും അവരുടെ ഭാവി​ത​ല​മു​റ​കൾക്കും പറുദീസ നഷ്ടമായി. (ഉൽപ. 3:23, 24) സാധ്യ​ത​യ​നു​സ​രിച്ച്‌, നോഹ​യു​ടെ കാലത്തെ പ്രളയം​വരെ ആ തോട്ടം നിലനി​ന്നു, അതിൽ മനുഷ്യ​രാ​രും ഇല്ലായി​രു​ന്നെന്നു മാത്രം.

6 ചിലർ ചിന്തി​ച്ചേ​ക്കാം, ‘ഇനി ആർക്കെ​ങ്കി​ലും എന്നെങ്കി​ലും ഭൂമി​യി​ലെ ഒരു പറുദീ​സ​യിൽ ജീവി​ക്കാൻ കഴിയു​മോ?’ തെളി​വു​കൾ എന്താണു സൂചി​പ്പി​ക്കു​ന്നത്‌? പ്രിയ​പ്പെ​ട്ട​വ​രു​ടെ​കൂ​ടെ അങ്ങനെ​യൊ​രു പറുദീ​സ​യിൽ ജീവി​ക്കാൻ പ്രതീ​ക്ഷി​ക്കു​ന്നെ​ങ്കിൽ, എന്തിന്റെ അടിസ്ഥാ​ന​ത്തി​ലാ​ണു നിങ്ങൾ അങ്ങനെ​യൊ​രു പ്രതീക്ഷ വെച്ചു​പു​ലർത്തു​ന്നത്‌? ഭൂമി പറുദീ​സ​യാ​കു​മെന്ന്‌ ഉറപ്പു​ള്ള​തി​ന്റെ കാരണം മറ്റുള്ള​വർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ നിങ്ങൾക്കു കഴിയു​മോ?

പറുദീസ വരുമെന്നതിന്റെ ചില സൂചനകൾ

7, 8. (എ) ദൈവം അബ്രാ​ഹാ​മിന്‌ എന്തു വാഗ്‌ദാ​ന​മാ​ണു കൊടു​ത്തത്‌? (ബി) ആ വാഗ്‌ദാ​നം ലഭിച്ച​പ്പോൾ, എവിടെ ലഭിക്കാൻപോ​കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചാ​യി​രി​ക്കാം അബ്രാ​ഹാം ചിന്തി​ച്ചത്‌?

7 ആ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ, ദൈവം എഴുതിച്ച പുസ്‌ത​ക​ത്തിൽ അല്ലാതെ വേറെ എവി​ടെ​യാ​ണു നോ​ക്കേ​ണ്ടത്‌? കാരണം, ദൈവ​മാ​ണ​ല്ലോ ആദ്യത്തെ പറുദീ​സ​യു​ടെ സ്രഷ്ടാവ്‌. ദൈവം തന്റെ സുഹൃ​ത്തായ അബ്രാ​ഹാ​മി​നോട്‌ എന്താണു പറഞ്ഞ​തെന്നു ശ്രദ്ധി​ക്കുക. അബ്രാ​ഹാ​മി​ന്റെ സന്തതിയെ ‘കടൽത്തീ​രത്തെ മണൽത്ത​രി​കൾപോ​ലെ’ വർധി​പ്പി​ക്കു​മെന്നു ദൈവം പറഞ്ഞു. യഹോവ ശ്രദ്ധേ​യ​മായ ഈ വാഗ്‌ദാ​നം കൊടു​ത്തു: “നീ എന്റെ വാക്കു കേട്ടനു​സ​രി​ച്ച​തു​കൊണ്ട്‌ നിന്റെ സന്തതി​യി​ലൂ​ടെ ഭൂമി​യി​ലെ സകല ജനതക​ളും അനു​ഗ്രഹം നേടും.” (ഉൽപ. 22:17, 18) അബ്രാ​ഹാ​മി​ന്റെ മകനോ​ടും കൊച്ചു​മ​ക​നോ​ടും ദൈവം ഈ വാഗ്‌ദാ​നം ആവർത്തി​ച്ചു.—ഉൽപത്തി 26:4; 28:14 വായി​ക്കുക.

8 ഒരു സ്വർഗീ​യ​പ​റു​ദീ​സ​യിൽ മനുഷ്യർക്ക്‌ ഒരു അന്തിമ​പ്ര​തി​ഫലം കരുതി​വെ​ച്ചി​ട്ടു​ണ്ടെന്ന്‌ അബ്രാ​ഹാം ചിന്തി​ച്ച​താ​യി ബൈബി​ളിൽ സൂചന​യൊ​ന്നു​മില്ല. അതു​കൊണ്ട്‌ “ഭൂമി​യി​ലെ സകല ജനതക​ളും” അനു​ഗ്രഹം നേടു​ന്ന​തി​നെ​ക്കു​റിച്ച്‌ ദൈവം പറഞ്ഞ​പ്പോൾ ന്യായ​മാ​യും അബ്രാ​ഹാം ചിന്തി​ച്ചത്‌ ഭൂമി​യിൽ ലഭിക്കാൻപോ​കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചാ​യി​രി​ക്കും. ആ വാഗ്‌ദാ​നം ദൈവ​ത്തിൽനി​ന്നു​ള്ള​താ​യി​രു​ന്ന​തു​കൊണ്ട്‌ ‘ഭൂമി​യി​ലെ സകല ജനതകൾക്കും’ മെച്ചപ്പെട്ട അവസ്ഥകൾ വരു​മെന്ന്‌ അബ്രാ​ഹാം വിശ്വ​സി​ച്ചു. ദൈവ​ജ​ന​ത്തിന്‌ ഇടയിൽ പിന്നീ​ടു​ണ്ടായ സംഭവ​വി​കാ​സങ്ങൾ ഈ ആശയത്തെ പിന്താ​ങ്ങു​ന്ന​താണ്‌. നമുക്കു നോക്കാം.

9, 10. നല്ല അവസ്ഥകൾക്കാ​യി കാത്തി​രി​ക്കാൻ വക നൽകുന്ന മറ്റു ചില വാഗ്‌ദാ​നങ്ങൾ ഏവ?

9 ഭാവി​യിൽ ‘ദുഷ്ടന്മാ​രും’ ‘ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രും’ ഇല്ലാതാ​കുന്ന ഒരു കാല​ത്തേക്ക്‌ അബ്രാ​ഹാ​മി​ന്റെ ഒരു പിൻമു​റ​ക്കാ​ര​നായ ദാവീദ്‌ വിരൽ ചൂണ്ടി. അക്കാലത്ത്‌ “ദുഷ്ടന്മാ​രു​ണ്ടാ​യി​രി​ക്കില്ല” എന്നാണു ദാവീദ്‌ പറഞ്ഞത്‌. (സങ്കീ. 37:1, 2, 10) പകരം, “സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ അത്യധി​കം ആനന്ദി​ക്കും.” ദൈവ​പ്ര​ചോ​ദി​ത​നാ​യി ദാവീദ്‌ ഇങ്ങനെ​യും എഴുതി: “നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.” (സങ്കീ. 37:11, 29; 2 ശമു. 23:2) ദൈ​വേഷ്ടം ചെയ്യാൻ ആഗ്രഹിച്ച ആളുകളെ ഈ വാഗ്‌ദാ​നം എങ്ങനെ സ്വാധീ​നി​ച്ചി​രി​ക്കാം? നീതി​മാ​ന്മാ​രായ ആളുകൾ മാത്ര​മാ​ണു ഭൂമി​യി​ലു​ള്ള​തെ​ങ്കിൽ, കാല​ക്ര​മേണ ഏദെൻ തോട്ടം​പോ​ലുള്ള ഒരു പറുദീസ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടും എന്നു പ്രതീ​ക്ഷി​ക്കാൻ അത്‌ അവർക്കു വക നൽകി.

10 കാലം കടന്നു​പോ​യി. യഹോ​വയെ ആരാധി​ക്കു​ന്നെന്ന്‌ അവകാ​ശ​പ്പെ​ട്ടി​രുന്ന ഭൂരി​പക്ഷം ഇസ്രാ​യേ​ല്യ​രും യഹോ​വയെ ഉപേക്ഷി​ക്കു​ക​യും സത്യാ​രാ​ധന വിട്ടു​ക​ള​യു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ തന്റെ ജനത്തെ കീഴട​ക്കാ​നും അവരുടെ ദേശം നശിപ്പി​ക്കാ​നും മിക്കവ​രെ​യും ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കാ​നും ദൈവം ബാബി​ലോൺകാ​രെ അനുവ​ദി​ച്ചു. (2 ദിന. 36:15-21; യിരെ. 4:22-27) എങ്കിലും 70 വർഷം കഴിയു​മ്പോൾ ദൈവ​ജനം സ്വദേ​ശ​ത്തേക്കു തിരികെ വരു​മെന്നു ദൈവ​ത്തി​ന്റെ പ്രവാ​ച​ക​ന്മാർ മുൻകൂ​ട്ടി​പ്പ​റഞ്ഞു. ആ പ്രവച​നങ്ങൾ നിറ​വേറി. പക്ഷേ ആ പ്രവച​നങ്ങൾ നമ്മുടെ കാല​ത്തേ​ക്കും കൂടി​യു​ള്ള​താണ്‌. അതിൽ ചിലതു നമുക്കു ചിന്തി​ക്കാം. അങ്ങനെ ചെയ്യു​മ്പോൾ, നമ്മുടെ ചർച്ചയു​ടെ വിഷയം മനസ്സിൽപ്പി​ടി​ക്കുക—ഭൂമി​യിൽ വരാനി​രി​ക്കുന്ന ഒരു പറുദീസ.

11. യശയ്യ 11:6-9 ഭാഗി​ക​മാ​യി എങ്ങനെ നിറ​വേറി, പക്ഷേ ഏതു ചോദ്യം ബാക്കി നിൽക്കു​ന്നു?

11 യശയ്യ 11:6-9 വായി​ക്കുക. തന്റെ ജനം സ്വദേ​ശത്ത്‌ തിരി​ച്ചെ​ത്തു​മ്പോൾ, അവി​ടെ​യുള്ള ഒന്നും അവർക്കു ഭീഷണി​യു​യർത്തു​ക​യോ ദോഷം ചെയ്യു​ക​യോ ഇല്ല എന്ന്‌ യശയ്യയി​ലൂ​ടെ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു. മൃഗങ്ങ​ളിൽനി​ന്നോ ക്രൂര​രായ മനുഷ്യ​രിൽനി​ന്നോ ഉള്ള ആക്രമ​ണ​ത്തെ​യും അവർ പേടി​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു. കുട്ടി​ക​ളും പ്രായ​മാ​യ​വ​രും ഉൾപ്പെടെ എല്ലാവ​രും സുരക്ഷി​ത​രാ​യി​രി​ക്കും. ഏദെൻ തോട്ട​ത്തിൽ ദൈവം ഒരുക്കി​വെച്ച നല്ല അവസ്ഥകൾ അതു നിങ്ങളു​ടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നി​ല്ലേ? (യശ. 51:3) ആ പ്രവചനം ഒന്നുകൂ​ടി ശ്രദ്ധി​ക്കുക: ‘സമു​ദ്ര​ത്തിൽ വെള്ളം നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ യഹോ​വ​യു​ടെ പരിജ്ഞാ​നം നിറഞ്ഞി​രി​ക്കും’ എന്നു പറയു​ന്നത്‌ ഇസ്രാ​യേ​ലിൽ മാത്രമല്ല, ഭൂമി മുഴു​വ​നും ആണ്‌. എപ്പോ​ഴാ​യി​രി​ക്കും അതു നിറ​വേ​റുക?

12. (എ) ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തിൽനിന്ന്‌ തിരി​ച്ചു​വ​ന്നവർ എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാണ്‌ ആസ്വദി​ച്ചത്‌? (ബി) യശയ്യ 35:5-10-നു മറ്റൊരു നിവൃ​ത്തി​യു​ണ്ടെന്ന്‌ എങ്ങനെ അറിയാം?

12 യശയ്യ 35:5-10 വായി​ക്കുക. തിരികെ വരുന്ന​വർക്കു മൃഗങ്ങ​ളിൽനി​ന്നോ മനുഷ്യ​രിൽനി​ന്നോ ഒരു ഭീഷണി​യും ഉണ്ടാകി​ല്ലെന്ന്‌ യശയ്യ ആവർത്തി​ച്ചു​പ​റഞ്ഞു. ഏദെൻ തോട്ട​ത്തിൽ വെള്ളം സുലഭ​മാ​യി​രു​ന്ന​തു​പോ​ലെ ഇവി​ടെ​യും ആവശ്യ​ത്തി​നു വെള്ളമു​ണ്ടാ​യി​രി​ക്കും. അതു​കൊ​ണ്ടു​തന്നെ ദേശം നല്ല വിളവ്‌ തരും. (ഉൽപ. 2:10-14; യിരെ. 31:12) ഈ പ്രവചനം അക്കാല​ത്തേക്കു മാത്ര​മു​ള്ള​താ​യി​രു​ന്നോ? ഒന്നു ചിന്തി​ക്കുക: പ്രവാ​സ​ത്തിൽനിന്ന്‌ തിരികെ വന്നവരു​ടെ രോഗങ്ങൾ അത്ഭുത​ക​ര​മാ​യി സുഖ​പ്പെ​ട്ടെന്ന്‌ ഒരു തെളി​വു​മില്ല. ഉദാഹ​ര​ണ​ത്തിന്‌, അന്ധന്മാർക്കു കാഴ്‌ച ലഭിച്ചില്ല. അതു​കൊണ്ട്‌ ശാരീ​രി​ക​മായ രോഗ​ങ്ങ​ളെ​ല്ലാം സുഖ​പ്പെ​ടുന്ന ഒരു കാലം ഭാവി​യിൽ വരു​മെന്നു ദൈവം സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

13, 14. ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തിൽനിന്ന്‌ തിരി​ച്ചെ​ത്തി​യവർ, യശയ്യ 65:21-23-ലെ പ്രവചനം നിറ​വേ​റു​ന്നത്‌ കണ്ടത്‌ എങ്ങനെ, എന്നാൽ ആ പ്രവച​ന​ത്തി​ന്റെ ഏതു വിശദാം​ശം ഇനിയും നിറ​വേ​റാ​നുണ്ട്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

13 യശയ്യ 65:21-23 വായി​ക്കുക. ജൂതന്മാർ തിരി​ച്ചെ​ത്തി​യ​പ്പോൾ അവർക്കാ​യി എല്ലാ സൗകര്യ​ങ്ങ​ളു​മുള്ള വീടുകൾ ഒരുക്കി​യി​രു​ന്നില്ല. ദേശത്ത്‌ വിളഞ്ഞു​കി​ട​ക്കുന്ന വയലു​ക​ളും മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും കാണാ​നും കഴിഞ്ഞില്ല. പക്ഷേ ദൈവം അവരെ അനു​ഗ്ര​ഹി​ക്കു​മ്പോൾ അവസ്ഥകൾ മാറു​മാ​യി​രു​ന്നു. വീടുകൾ പണിത്‌ അതിൽ താമസം തുടങ്ങു​മ്പോൾ അവർക്ക്‌ എന്തു സന്തോഷം തോന്നു​മാ​യി​രു​ന്നു! കൃഷി ചെയ്‌ത്‌ അതിന്റെ ഫലങ്ങൾ ആസ്വദി​ക്കാ​നും അവർക്കു കഴിയു​മാ​യി​രു​ന്നു.

14 ഈ പ്രവച​ന​ത്തി​ലെ ഒരു പ്രധാ​ന​പ്പെട്ട വിശദാം​ശം ശ്രദ്ധി​ക്കുക: “എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷങ്ങ​ളു​ടെ ആയുസ്സു​പോ​ലെ​യാ​കും.” അങ്ങനെ​യൊ​രു കാലം വരുമോ? ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾ നിലനിൽക്കുന്ന വൃക്ഷങ്ങ​ളുണ്ട്‌. മനുഷ്യർ അത്രയും കാലം ജീവി​ക്ക​ണ​മെ​ങ്കിൽ അവർക്കു നല്ല ആരോ​ഗ്യം വേണം. യശയ്യ പറയുന്ന അവസ്ഥക​ളിൽ ജീവി​ക്കാൻ അവർക്കു കഴിഞ്ഞാൽ ശരിക്കും ഒരു സ്വപ്‌നം പൂവണി​യു​ക​യാ​യി​രി​ക്കും, പറുദീസ എന്ന സ്വപ്‌നം! ആ പ്രവചനം നിറ​വേ​റു​ക​തന്നെ ചെയ്യും!

യേശു പറുദീ​സ​യെ​ക്കു​റിച്ച്‌ നടത്തിയ വാഗ്‌ദാ​നം എങ്ങനെ​യാ​ണു നിറ​വേ​റാൻപോ​കു​ന്നത്‌? (15, 16 ഖണ്ഡികകൾ കാണുക)

15. യശയ്യ പുസ്‌ത​ക​ത്തിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന ചില അനു​ഗ്ര​ഹങ്ങൾ നിങ്ങൾ എങ്ങനെ വിവരി​ക്കും?

15 നമ്മൾ ചിന്തിച്ച ഈ വാഗ്‌ദാ​നങ്ങൾ വരാനി​രി​ക്കുന്ന ഒരു പറുദീ​സ​യി​ലേക്ക്‌ എങ്ങനെ വിരൽ ചൂണ്ടു​ന്നെന്നു ചിന്തി​ക്കുക: ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള ആളുകൾ ദൈവ​ത്തി​ന്റെ അനു​ഗ്രഹം നേടും. മൃഗങ്ങ​ളിൽനി​ന്നുള്ള ആക്രമ​ണത്തെ അവർ പേടി​ക്കേ​ണ്ട​തില്ല, ക്രൂര​രായ മനുഷ്യ​രു​ടെ ഭീഷണി​യു​ണ്ടാ​യി​രി​ക്കില്ല. അന്ധരും ബധിര​രും മുടന്ത​രും ആയ ആളുകൾ സുഖം പ്രാപി​ക്കും. ആളുകൾ സ്വന്തം വീടുകൾ പണിയും, പോഷ​ക​പ്ര​ദ​മായ ഭക്ഷ്യവ​സ്‌തു​ക്കൾ കൃഷി ചെയ്‌ത്‌ ഉണ്ടാക്കു​ന്ന​തി​ന്റെ സന്തോഷം അവർ ആസ്വദി​ക്കും. വൃക്ഷങ്ങ​ളെ​ക്കാൾ അധികം കാലം അവർ ജീവി​ക്കും. അങ്ങനെ ഒരു നല്ല ഭാവി വരു​മെ​ന്ന​തി​ന്റെ ധാരാളം സൂചനകൾ ബൈബി​ളി​ലുണ്ട്‌. എന്നാൽ ചിലർ പറഞ്ഞേ​ക്കാം, ഈ പ്രവച​ന​ങ്ങ​ളൊ​ന്നും ഭൂമി​യിൽ ഒരു പറുദീസ കാണു​മെന്നു പറയു​ന്നി​ല്ല​ല്ലോ എന്ന്‌. അതിനു നിങ്ങൾ എന്ത്‌ ഉത്തരം പറയും? വരാനി​രി​ക്കുന്ന ഒരു പറുദീ​സ​യ്‌ക്കാ​യി നോക്കി​യി​രി​ക്കാൻ നിങ്ങൾക്കു ശക്തമായ എന്തു കാരണ​മാ​ണു​ള്ളത്‌? ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ അതിനുള്ള ശക്തമായ കാരണം തന്നിട്ടുണ്ട്‌.

നീ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും!

16, 17. ഏതു സാഹച​ര്യ​ത്തി​ലാ​ണു യേശു പറുദീ​സ​യെ​ക്കു​റിച്ച്‌ സംസാ​രി​ച്ചത്‌?

16 തെറ്റൊ​ന്നും ചെയ്യാ​ഞ്ഞി​ട്ടും, യേശു​വി​നെ വധശി​ക്ഷ​യ്‌ക്കു വിധി​ക്കു​ക​യും ഒരു സ്‌തം​ഭ​ത്തിൽ തൂക്കു​ക​യും ചെയ്‌തു. യേശു​വി​ന്റെ ഇരുവ​ശ​ങ്ങ​ളി​ലും ഓരോ കുറ്റവാ​ളി​ക​ളു​മു​ണ്ടാ​യി​രു​ന്നു. മരിക്കു​ന്ന​തി​നു മുമ്പ്‌, അതിൽ ഒരാൾ യേശു ഒരു രാജാ​വാ​ണെന്ന കാര്യം അംഗീ​ക​രി​ക്കു​ക​യും ഈ അപേക്ഷ നടത്തു​ക​യും ചെയ്‌തു: “യേശുവേ, അങ്ങ്‌ അങ്ങയുടെ രാജ്യ​ത്തിൽ പ്രവേ​ശി​ക്കു​മ്പോൾ എന്നെയും ഓർക്കേ​ണമേ.” (ലൂക്കോ. 23:39-42) അതിനു യേശു കൊടുത്ത ഉത്തരം ലൂക്കോസ്‌ 23:43-ൽ കാണാം. യേശു​വി​ന്റെ വാക്കു​കൾക്കു നിങ്ങളു​ടെ ഭാവി​യു​മാ​യി അടുത്ത ബന്ധമുണ്ട്‌. ആധുനി​ക​കാ​ലത്തെ ചില പണ്ഡിത​ന്മാർ ആ വാക്യം പദാനു​പദം ഇങ്ങനെ പരിഭാഷ ചെയ്‌തി​രി​ക്കു​ന്നു: “സത്യമാ​യി ഞാൻ നിന്നോ​ടു പറയുന്നു, ഇന്നു നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.” “ഇന്ന്‌” എന്നു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ ഉദ്ദേശി​ച്ചത്‌? അതി​നെ​ക്കു​റിച്ച്‌ പല അഭി​പ്രാ​യ​ങ്ങ​ളുണ്ട്‌.

17 പല ആധുനി​ക​ഭാ​ഷ​ക​ളി​ലും അൽപ്പവി​രാ​മം, അതായത്‌ കോമ, ഒരു വാചക​ത്തി​ന്റെ അർഥം വ്യക്തമാ​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാ​റുണ്ട്‌. എന്നാൽ ലഭ്യമാ​യി​രി​ക്കുന്ന ഏറ്റവും പഴയ ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ചിഹ്നങ്ങൾ കാര്യ​മാ​യി ഉപയോ​ഗി​ച്ചി​ട്ടില്ല. അതിൽ ചിഹ്നം ഇടുക​യാ​ണെ​ങ്കിൽ അൽപ്പവി​രാ​മം എവിടെ ഇടുന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തിൽ യേശു​വി​ന്റെ പ്രസ്‌താ​വന രണ്ടു രീതി​യിൽ പരിഭാഷ ചെയ്യാ​നാ​കും. “സത്യമാ​യി ഞാൻ നിന്നോ​ടു പറയുന്നു, ഇന്നു നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും” എന്നോ “സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും” എന്നോ. ഇതിൽ ഏതായി​രി​ക്കും യേശു ശരിക്കും ഉദ്ദേശി​ച്ചത്‌? എവിടെ അൽപ്പവി​രാ​മം ഇടണ​മെന്നു പരിഭാ​ഷകർ തീരു​മാ​നി​ച്ചു. യേശു​വി​ന്റെ വാക്കു​കളെ ഓരോ​രു​ത്ത​രും എങ്ങനെ​യാ​ണോ മനസ്സി​ലാ​ക്കി​യത്‌, അതിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ അവർ പരിഭാഷ ചെയ്‌തത്‌. പ്രചാരം നേടിയ പല പരിഭാ​ഷ​ക​ളി​ലും ഇതിൽ ഏതെങ്കി​ലു​മൊ​രു രീതി​യി​ലാണ്‌ ഈ വാക്യം പരിഭാഷ ചെയ്‌തി​ട്ടു​ള്ളത്‌.

18, 19. യേശു പറഞ്ഞതി​ന്റെ അർഥം എന്താ​ണെന്നു നമുക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കി​യെ​ടു​ക്കാം?

18 ശരിയായ നിഗമ​ന​ത്തി​ലെ​ത്തു​ന്ന​തിന്‌, യേശു നേരത്തേ തന്റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞ കാര്യം ഓർക്കു​ന്നതു സഹായി​ക്കും: “മനുഷ്യ​പു​ത്രൻ മൂന്നു പകലും മൂന്നു രാത്രി​യും ഭൂമി​യു​ടെ ഉള്ളിലാ​യി​രി​ക്കും.” യേശു ഇങ്ങനെ​യും പറഞ്ഞു: “മനുഷ്യ​പു​ത്രനെ ഒറ്റി​ക്കൊ​ടുത്ത്‌ മനുഷ്യ​രു​ടെ കൈയിൽ ഏൽപ്പി​ക്കും. അവർ അവനെ കൊല്ലും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെ​ഴു​ന്നേൽക്കും.” (മത്താ. 12:40; 16:21; 17:22, 23; മർക്കോ. 10:34) ഇതു സംഭവി​ച്ചെന്ന്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. (പ്രവൃ. 10:39, 40) അതു​കൊണ്ട്‌ യേശു​വും ആ കുറ്റവാ​ളി​യും മരിച്ച ദിവസം യേശു പറുദീ​സ​യി​ലേക്കു പോയില്ല. ദൈവം പുനരു​ത്ഥാ​ന​പ്പെ​ടു​ത്തുന്ന ദിവസം​വരെ യേശു “ശവക്കു​ഴി​യിൽ (അല്ലെങ്കിൽ, ഹേഡി​സിൽ)” ആയിരു​ന്നു.—പ്രവൃ. 2:31, 32, അടിക്കു​റിപ്പ്‌. *

19 അതു​കൊണ്ട്‌ യേശു തന്റെ വാഗ്‌ദാ​നം ഈ വാക്കു​ക​ളോ​ടെ​യാ​ണു തുടങ്ങി​യ​തെന്നു നമുക്കു മനസ്സി​ലാ​ക്കാം: “സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു.” മോശ​യു​ടെ കാലത്തു​പോ​ലും ഇങ്ങനെ​യൊ​രു പ്രയോ​ഗം നിലവി​ലു​ണ്ടാ​യി​രു​ന്നു. മോശ പറഞ്ഞു: “ഞാൻ ഇന്നു നിന്നോ​ടു കല്‌പി​ക്കുന്ന ഈ വാക്കുകൾ നിന്റെ ഹൃദയ​ത്തി​ലു​ണ്ടാ​യി​രി​ക്കണം.”—ആവ. 6:6; 7:11; 8:1, 19; 30:15.

20. യേശു പറഞ്ഞതി​ന്റെ അർഥം മനസ്സി​ലാ​ക്കാൻ മറ്റ്‌ എന്തുകൂ​ടെ നമ്മളെ സഹായി​ക്കും?

20 മധ്യപൂർവ​ദേ​ശത്തെ ഒരു ബൈബിൾപ​രി​ഭാ​ഷകൻ യേശു​വി​ന്റെ മറുപ​ടി​യെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഈ വാക്യ​ത്തിൽ ഊന്നൽ കൊടു​ക്കേ​ണ്ടത്‌ ‘ഇന്ന്‌’ എന്ന പദത്തി​നാണ്‌. ആ വാക്യം വായി​ക്കേ​ണ്ടത്‌ ഇങ്ങനെ​യാണ്‌, ‘സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.’ ആ പ്രവചനം അന്നാണു നടത്തി​യത്‌, പിന്നീട്‌ ഒരു സമയത്ത്‌ അതു നിറ​വേ​റു​ക​യും ചെയ്യും. ഒരു പ്രത്യേ​ക​ദി​വസം വാഗ്‌ദാ​നം നടത്തി​യെ​ന്നും അത്‌ ഉറപ്പാ​യും നടക്കു​മെ​ന്നും സൂചി​പ്പി​ക്കു​ന്നതു പൗരസ്‌ത്യ​ദേ​ശത്തെ ഒരു രീതി​യാ​യി​രു​ന്നു.” അഞ്ചാം നൂറ്റാ​ണ്ടി​ലെ ഒരു സുറി​യാ​നി ഭാഷാ​ന്തരം യേശു​വി​ന്റെ മറുപടി ഇങ്ങനെ​യാ​ണു പരിഭാഷ ചെയ്യു​ന്നത്‌: “ആമെൻ, ഞാൻ ഇന്നു നിന്നോ​ടു പറയുന്നു, നീ എന്നോ​ടു​കൂ​ടെ ഏദെൻ തോട്ട​ത്തി​ലു​ണ്ടാ​യി​രി​ക്കും.” ആ വാഗ്‌ദാ​നം നമ്മളെ​യെ​ല്ലാം പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തല്ലേ?

21. ആ കുറ്റവാ​ളിക്ക്‌ എന്തിനുള്ള അവസരം കിട്ടി​യില്ല, എന്തു​കൊണ്ട്‌?

21 യേശു തന്റെ വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രു​മാ​യി ഒരു ഉടമ്പടി ചെയ്‌തെ​ന്നും അതനു​സ​രിച്ച്‌ അവർ യേശു​വി​നോ​ടൊ​പ്പം സ്വർഗീ​യ​രാ​ജ്യ​ത്തിൽ ഉണ്ടായി​രി​ക്കു​മെ​ന്നും ഉള്ള വിവരം ആ കുറ്റവാ​ളിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. (ലൂക്കോ. 22:29) ആ കുറ്റവാ​ളി സ്‌നാ​ന​പ്പെ​ട്ട​യാ​ളു​മ​ല്ലാ​യി​രു​ന്നു. (യോഹ. 3:3-6, 12) അതു​കൊണ്ട്‌ യേശു പറഞ്ഞത്‌ ഭൂമി​യി​ലെ പറുദീ​സ​യെ​ക്കു​റി​ച്ചു​ത​ന്നെ​യാ​ണെന്നു നമുക്കു ന്യായ​മാ​യും നിഗമനം ചെയ്യാം. വർഷങ്ങൾക്കു ശേഷം, ‘പറുദീ​സ​യി​ലേക്ക്‌ എടുക്ക​പ്പെട്ട’ ഒരു മനുഷ്യ​നെ​ക്കു​റി​ച്ചുള്ള ദർശന​ത്തെ​പ്പറ്റി പൗലോസ്‌ പറഞ്ഞു. (2 കൊരി. 12:1-4) ആ കുറ്റവാ​ളി​യോ​ടു ഭൂമി​യി​ലെ പറുദീ​സ​യെ​ക്കു​റി​ച്ചാ​ണു യേശു പറഞ്ഞ​തെ​ങ്കി​ലും പൗലോ​സി​നെ​യും വിശ്വ​സ്‌ത​രായ മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രെ​യും യേശു​വി​ന്റെ​കൂ​ടെ സ്വർഗ​ത്തിൽ ഭരിക്കാൻ തിര​ഞ്ഞെ​ടു​ത്തി​രു​ന്നു. എന്നാൽ പൗലോ​സി​ന്റെ ദർശന​ത്തി​ലെ ‘പറുദീ​സ​യിൽ’ ഭൂമി​യും ഉൾപ്പെ​ടു​മോ? * നിങ്ങൾക്ക്‌ ആ പറുദീ​സ​യിൽ ജീവി​ക്കാൻ കഴിയു​മോ?

നിങ്ങൾക്ക്‌ എന്തു പ്രതീ​ക്ഷി​ക്കാം

22, 23. നിങ്ങൾക്ക്‌ എന്തിനു​വേണ്ടി കാത്തി​രി​ക്കാം?

22 ‘നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കുന്ന’ കാല​ത്തെ​ക്കു​റി​ച്ചാ​ണു ദാവീദ്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തെന്ന്‌ ഓർക്കുക. (സങ്കീ. 37:29; 2 പത്രോ. 3:13) അവർ ദൈവ​ത്തി​ന്റെ നീതി​യുള്ള വഴികൾക്കു ചേർച്ച​യിൽ ജീവി​ക്കുന്ന ഒരു കാലമാ​ണു ദാവീദ്‌ ഉദ്ദേശി​ച്ചത്‌. യശയ്യ 65:22-ലെ പ്രവചനം ഇങ്ങനെ പറയുന്നു: “എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷങ്ങ​ളു​ടെ ആയുസ്സു​പോ​ലെ​യാ​കും.” ആളുകൾ ആയിര​ക്ക​ണ​ക്കിന്‌ വർഷങ്ങൾ ജീവി​ച്ചി​രി​ക്കു​മെ​ന്നല്ലേ ഈ വാക്കുകൾ അർഥമാ​ക്കി​യത്‌? അതു ശരിക്കും നടക്കാൻപോ​കുന്ന ഒരു കാര്യ​മാ​ണോ? തീർച്ച​യാ​യും. കാരണം വെളി​പാട്‌ 21:1-4 അനുസ​രിച്ച്‌ ദൈവം മനുഷ്യ​വർഗ​ത്തി​ലേക്കു തന്റെ ശ്രദ്ധ തിരി​ക്കും. നീതി കളിയാ​ടുന്ന പുതിയ ലോക​ത്തിൽ ദൈവത്തെ സേവി​ക്കു​ന്ന​വർക്കു “മേലാൽ മരണം ഉണ്ടായി​രി​ക്കില്ല” എന്നതാണ്‌ അവിടെ പറഞ്ഞി​രി​ക്കുന്ന ഒരു അനു​ഗ്രഹം.

23 പറുദീ​സ​യെ​ക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കു​ന്നതു വ്യക്തമല്ലേ? അന്ന്‌ ഏദെനിൽവെച്ച്‌ ആദാമും ഹവ്വയും പറുദീസ നഷ്ടപ്പെ​ടു​ത്തി. പക്ഷേ അവിടം​കൊണ്ട്‌ എല്ലാം അവസാ​നി​ച്ചില്ല, ഭൂമി വീണ്ടും പറുദീ​സ​യാ​കും. ദൈവം വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ ഭൂമി​യി​ലെ ആളുകൾ അനു​ഗ്രഹം നേടും. സൗമ്യ​ത​യുള്ള, നീതി​മാ​ന്മാ​രായ ആളുകൾ ഭൂമി കൈവ​ശ​മാ​ക്കു​മെ​ന്നും അതിൽ എന്നു​മെ​ന്നേ​ക്കും ജീവി​ക്കു​മെ​ന്നും ദൈവ​പ്ര​ചോ​ദി​ത​നാ​യി ദാവീദ്‌ എഴുതി. ഭൂമി​യിൽ വരാനി​രി​ക്കുന്ന മനോ​ഹ​ര​മായ അവസ്ഥകൾക്കാ​യി കണ്ണിമ​യ്‌ക്കാ​തെ കാത്തി​രി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്ന​താണ്‌ യശയ്യ പുസ്‌ത​ക​ത്തി​ലെ പ്രവച​നങ്ങൾ. എന്നായി​രി​ക്കും ഇതെല്ലാം നിറ​വേ​റുക? യേശു ജൂതനായ ആ കുറ്റവാ​ളി​യോ​ടു വാഗ്‌ദാ​നം ചെയ്‌ത പറുദീസ വരു​മ്പോൾ ഇതെല്ലാം നിറ​വേ​റും. നിങ്ങൾക്ക്‌ ആ പറുദീ​സ​യി​ലാ​യി​രി​ക്കാൻ കഴിയും. കൊറി​യ​യി​ലെ കൺ​വെൻ​ഷൻ കൂടാൻ മറ്റു രാജ്യ​ങ്ങ​ളിൽനിന്ന്‌ വന്നവ​രോ​ടു പറഞ്ഞ വാക്കുകൾ അന്നു യാഥാർഥ്യ​മാ​കും: “ഇനി പറുദീ​സ​യിൽ കാണാം!”

^ ഖ. 18 പ്രൊഫസർ സി. മാർവിൻ പാറ്റ്‌ എഴുതി: “24 മണിക്കൂർ ദൈർഘ്യ​മുള്ള ഒരു കാലയ​ള​വാണ്‌ ‘ഇന്ന്‌’ എന്നതു​കൊണ്ട്‌ അർഥമാ​ക്കു​ന്ന​തെന്നു പരമ്പരാ​ഗ​ത​മാ​യി വിശ്വ​സി​ച്ചു​പോ​രു​ന്നു. എന്നാൽ ഈ വീക്ഷണം ശരിയാ​കില്ല. കാരണം മരിച്ച​പ്പോൾ യേശു ആദ്യം ഹേഡി​സി​ലേ​ക്കാണ്‌ ‘ഇറങ്ങി​പ്പോ​യത്‌.’ (മത്താ. 12:40; പ്രവൃ. 2:31; റോമ. 10:7) അതിനു ശേഷമാണ്‌ സ്വർഗ​ത്തി​ലേക്കു കയറി​പ്പോ​യ​തെന്നു ബൈബിൾ പറയുന്നു.”