ജീവിതകഥ
ഒരു എളിയ തുടക്കം—പക്ഷേ സമ്പന്നമായ ജീവിതം
ഐക്യനാടുകളിലെ ഇൻഡ്യാനയിലുള്ള ലിബർട്ടി എന്ന കൊച്ചുപട്ടണത്തിൽ തടികൊണ്ടുള്ള ഒരു ഒറ്റമുറിവീട്ടിലാണു ഞാൻ ജനിച്ചത്. എനിക്ക് ഒരു ചേട്ടനും രണ്ടു ചേച്ചിമാരും ഉണ്ടായിരുന്നു. ഞങ്ങൾ നാലു പേരെ കൂടാതെ പിന്നീട് എനിക്കു രണ്ട് അനിയന്മാരും ഒരു അനിയത്തിയും കൂടി ഉണ്ടായി.
സ്കൂൾപഠനകാലത്ത് വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. സ്കൂളിൽ ഒന്നാം ക്ലാസിൽ എന്റെകൂടെ ഉണ്ടായിരുന്ന കുട്ടികൾതന്നെയായിരുന്നു അവിടെനിന്ന് ഞാൻ പോരുമ്പോഴും ഉണ്ടായിരുന്നത്. ആ ചെറുപട്ടണത്തിലെ മിക്കവരുടെയും പേരുകൾ എനിക്ക് അറിയാമായിരുന്നു, അവർക്ക് എന്റെയും.
ലിബർട്ടി പട്ടണത്തിന്റെ ചുറ്റും ചെറിയചെറിയ കൃഷിസ്ഥലങ്ങളുണ്ടായിരുന്നു. ചോളമായിരുന്നു പ്രധാനകൃഷി. ഞാൻ ജനിക്കുമ്പോൾ എന്റെ അച്ഛൻ അവിടത്തെ ഒരു കൃഷിക്കാരന്റെ പണിക്കാരനായിരുന്നു. കൗമാരപ്രായത്തിൽത്തന്നെ ഞാൻ ട്രാക്റ്റർ ഓടിക്കാനും കൃഷിപ്പണിയോടു ബന്ധപ്പെട്ട കുറെ കാര്യങ്ങളും പഠിച്ചു.
ഞാൻ ജനിക്കുമ്പോൾ എന്റെ അച്ഛന് 56 വയസ്സായിരുന്നു, അമ്മയ്ക്ക് 35-ഉം. ചെറുപ്പം പടികടന്നിരുന്നെങ്കിലും വണ്ണം കുറഞ്ഞ്, അരോഗദൃഢഗാത്രനായ അച്ഛനു കഠിനാധ്വാനം ചെയ്യുന്നത് ഇഷ്ടമായിരുന്നു. ഞങ്ങൾ മക്കളെയെല്ലാം അതിന്റെ മൂല്യം പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹം അധികം പണമൊന്നും ഉണ്ടാക്കിയില്ല. എന്നാലും ഞങ്ങൾക്കു കയറിക്കിടക്കാൻ ഒരു ഇടവും ഉടുക്കാൻ വസ്ത്രങ്ങളും കഴിക്കാൻ ആഹാരവും ഉണ്ടെന്ന് ഉറപ്പാക്കി. ഞങ്ങൾക്ക് എന്ത് ആവശ്യംവന്നാലും അച്ഛൻ കൂടെയുണ്ടായിരുന്നു. മരിക്കുമ്പോൾ അച്ഛന് 93 വയസ്സായിരുന്നു. അമ്മ 86-ാമത്തെ വയസ്സിലും മരിച്ചു. രണ്ടു പേരും യഹോവയെ ആരാധിച്ചിരുന്നില്ല. കൂടപ്പിറപ്പുകളിൽ ഒരു അനിയൻ മാത്രം യഹോവയെ വിശ്വസ്തമായി സേവിക്കുന്നു. 1970-കളുടെ ആരംഭത്തിൽ സഭാമൂപ്പൻ എന്ന ക്രമീകരണം വന്നതുമുതൽ അനിയൻ ഒരു മൂപ്പനാണ്.
എന്റെ കുട്ടിക്കാലം
എന്റെ അമ്മ വലിയ മതഭക്തയായിരുന്നു. എല്ലാ ഞായറാഴ്ചയും അമ്മ ഞങ്ങളെ ഒരു ബാപ്റ്റിസ്റ്റ് പള്ളിയിൽ കൊണ്ടുപോകും. എനിക്ക് 12 വയസ്സുണ്ടായിരുന്നപ്പോഴാണു ഞാൻ ആദ്യമായി ത്രിത്വത്തെക്കുറിച്ച് കേട്ടത്. കാര്യം പിടികിട്ടാതെ ഞാൻ അമ്മയോടു ചോദിച്ചു: “യേശുവിന് എങ്ങനെയാണ് ഒരേ സമയം അപ്പനും മകനും ആയിരിക്കാൻ കഴിയുന്നത്?” അമ്മയുടെ മറുപടി ഞാൻ ഇന്നും ഓർക്കുന്നു: “മോനേ, അത് ഒരു വലിയ രഹസ്യമാണ്. നമുക്ക് അതു മനസ്സിലാക്കാൻ കഴിയില്ല.” അത് എനിക്കു ശരിക്കും ഒരു രഹസ്യംതന്നെയായിരുന്നു. എങ്കിലും 14-ാമത്തെ വയസ്സിൽ അടുത്തുള്ള ഒരു അരുവിയിൽ ഞാൻ സ്നാനപ്പെട്ടു. മൂന്നു പ്രാവശ്യം ഞാൻ മുങ്ങി, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരിൽ ഓരോ പ്രാവശ്യം.
ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ എനിക്കു ഗുസ്തിക്കാരനായ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. അവന്റെ പ്രേരണ കാരണം ഞാൻ ബോക്സിങ് പരിശീലനം തുടങ്ങി. ഗോൾഡൺ ഗ്ലൗസ് എന്ന ഒരു ബോക്സിങ് സംഘടനയിൽ ഞാൻ അംഗമായി. എനിക്ക് വഴങ്ങാത്ത കാര്യമാണ് അതെന്നു വൈകാതെ മനസ്സിലായി. അതുകൊണ്ട് കുറച്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ബോക്സിങ്ങിനോടു വിട പറഞ്ഞു. പിന്നീട് എന്നെ സൈന്യത്തിലെടുത്തു, എന്നെ ജർമനിയിലേക്ക് അയച്ചു. എനിക്കു നല്ല നേതൃപാടവമുണ്ടെന്നു വിചാരിച്ച് അവിടത്തെ ഉദ്യോഗസ്ഥർ എന്നെ സൈനിക അക്കാദമിയിൽ ചേർത്തു. ഞാൻ സൈനികസേവനം തൊഴിലാക്കണമെന്നാണ് അവർ ആഗ്രഹിച്ചത്. എന്നാൽ എനിക്കു സൈന്യത്തിൽ തുടരാൻ യാതൊരു താത്പര്യവും ഇല്ലായിരുന്നു. അതുകൊണ്ട് രണ്ടു വർഷത്തെ സൈനികസേവനത്തിനു ശേഷം 1956-ൽ ഞാൻ വിരമിച്ചു. പക്ഷേ അധികം വൈകിയില്ല, ഞാൻ മറ്റൊരു സൈന്യത്തിൽ ചേർന്നു, തികച്ചും വ്യത്യസ്തമായ ഒരു സൈന്യത്തിൽ.
ഒരു പുതിയ ജീവിതം തുടങ്ങുന്നു
ജീവിതത്തിൽ ഈ ഘട്ടംവരെ ഒരു യഥാർഥപുരുഷൻ എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് എനിക്ക് ഒരു തെറ്റായ ധാരണയാണ് ഉണ്ടായിരുന്നത്. സിനിമകളും സാമൂഹിക ചുറ്റുപാടുകളും എന്നെ ഈ വിഷയത്തിൽ വളരെയധികം സ്വാധീനിച്ചു. സുവിശേഷകർക്കു വേണ്ടത്ര പുരുഷത്വം ഇല്ലെന്നായിരുന്നു എന്റെ ചിന്ത. എന്നാൽ എന്റെ ജീവിതം മാറ്റിമറിച്ച ചില കാര്യങ്ങൾ ഞാൻ പഠിക്കാൻതുടങ്ങി. ഒരു ദിവസം ഞാൻ പട്ടണത്തിലൂടെ എന്റെ ചുവന്ന കാറോടിച്ച് പോകുമ്പോൾ രണ്ടു പെൺകുട്ടികൾ എന്നെ കൈവീശിക്കാണിച്ചു. എന്റെ മൂത്ത ചേച്ചിയുടെ ഭർത്താവിന്റെ അനിയത്തിമാരായിരുന്നു അവർ. രണ്ടു പേരും യഹോവയുടെ സാക്ഷികളായിരുന്നു. മുമ്പ് ഞാൻ അവരുടെ കൈയിൽനിന്ന് വീക്ഷാഗോപുരം, ഉണരുക! മാസികകൾ മേടിച്ചിട്ടുണ്ട്. വീക്ഷാഗോപുരം അൽപ്പം കടുപ്പമായിട്ടാണ് എനിക്കു തോന്നിയത്. ഇത്തവണ അവർ എന്നെ അവരുടെ വീട്ടിൽവെച്ച് നടക്കുന്ന സഭാപുസ്തകാധ്യയനത്തിനു വിളിച്ചു. ബൈബിൾപഠനത്തിനും ചർച്ചയ്ക്കും ഉള്ള ഒരു ചെറിയ മീറ്റിങ്ങായിരുന്നു അത്. ആലോചിക്കാമെന്നു ഞാൻ പറഞ്ഞു. പുഞ്ചിരിച്ചുകൊണ്ട് അവർ ചോദിച്ചു, “വാക്കു തരാമോ?” “ഓകെ,” ഞാൻ പറഞ്ഞു.
വാക്കു കൊടുക്കേണ്ടായിരുന്നെന്ന് എനിക്കു പിന്നെ തോന്നി. എന്നാലും പറഞ്ഞതല്ലേ എന്നു വിചാരിച്ച് അന്നു വൈകുന്നേരം ഞാൻ പോയി. അവിടത്തെ കുട്ടികളാണ് എന്നെ ഏറ്റവും അധികം അത്ഭുതപ്പെടുത്തിയത്. അവർക്കു ബൈബിളിനെക്കുറിച്ച് എന്തു മാത്രം അറിവുണ്ടായിരുന്നെന്നോ! ഈ കണ്ട കാലമെല്ലാം ഞായറാഴ്ചകളിൽ അമ്മയുടെകൂടെ പള്ളിയിൽ പോയിട്ടും എനിക്ക് ബൈബിളിനെക്കുറിച്ച് ഒന്നുംതന്നെ അറിയില്ലായിരുന്നു. പഠിക്കാൻതന്നെ ഞാൻ തീരുമാനിച്ചു. ഒരു ബൈബിൾപഠനത്തിനു ഞാൻ സമ്മതിച്ചു. സർവശക്തനായ ദൈവത്തിന്റെ വ്യക്തിപരമായ പേര് യഹോവ എന്നാണെന്നു ഞാൻ ആദ്യംതന്നെ മനസ്സിലാക്കി. വർഷങ്ങൾക്കു മുമ്പ് അമ്മയോട് യഹോവയുടെ സാക്ഷികളെക്കുറിച്ച് ചോദിച്ചപ്പോൾ അമ്മയുടെ മറുപടി ഇതായിരുന്നു: “ഓ, അവരോ? യഹോവ എന്നു പേരുള്ള ഏതോ വയസ്സനെയാണ് അവർ ആരാധിക്കുന്നത്.” എന്നാൽ യഹോവ യഥാർഥത്തിൽ ആരാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.
സത്യം കണ്ടെത്തിയെന്നു മനസ്സിലായപ്പോൾ ഞാൻ പെട്ടെന്നു പുരോഗതി വരുത്തി. ആദ്യത്തെ മീറ്റിങ്ങ് കൂടി ഒൻപതു മാസത്തിനകം 1957 മാർച്ചിൽ ഞാൻ സ്നാനപ്പെട്ടു. ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ആകെ മാറി. പുരുഷത്വത്തെപ്പറ്റിയുള്ള എന്റെ പഴയ ധാരണകളുടെ സ്ഥാനത്ത് ഒരു യഥാർഥപുരുഷൻ എങ്ങനെയായിരിക്കുമെന്നു ബൈബിൾ പറയുന്നതു ഞാൻ മനസ്സിലാക്കി. അത് എന്നെ സന്തോഷിപ്പിച്ചു. യേശു യശ. 53:2, 7) യേശുവിന്റെ ഒരു യഥാർഥ അനുഗാമി ‘എല്ലാവരോടും ശാന്തമായി ഇടപെടുന്നവനായിരിക്കണം’ എന്നു ഞാൻ പഠിച്ചു.—2 തിമൊ. 2:24.
ഒരു പൂർണതയുള്ള പുരുഷനായിരുന്നു. മറ്റ് ഏതു പുരുഷനെക്കാളും ശക്തിയും കായികബലവും യേശുവിനുണ്ടായിരുന്നു. എങ്കിലും യേശു ആരോടും വഴക്കിനും അടിപിടിക്കും ഒന്നും പോയില്ല. പകരം മുൻകൂട്ടിപ്പറഞ്ഞതുപോലെ “അവൻ പീഡനം ഏറ്റുവാങ്ങി.” (തൊട്ടടുത്ത വർഷം, അതായത് 1958-ൽ, ഞാൻ മുൻനിരസേവനം ആരംഭിച്ചു. പക്ഷേ എനിക്ക് അൽപ്പകാലത്തേക്ക് അതു നിറുത്തേണ്ടിവന്നു. എന്തുകൊണ്ട്? കാരണം, ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നെ പുസ്തകാധ്യയനത്തിനു ക്ഷണിച്ച ആ രണ്ടു യുവതികളില്ലേ, അതിൽ ഒരാളായ ഗ്ലോറിയ ആയിരുന്നു വധു. ആ തീരുമാനത്തിൽ എനിക്ക് ഒരു ഖേദവും തോന്നിയിട്ടില്ല. ഗ്ലോറിയ അന്നും ഇന്നും ഒളിമങ്ങാത്ത രത്നംപോലെയാണ്. ഏറ്റവും വിലയുള്ള വജ്രത്തെക്കാളും വിലയുള്ളവളാണ് അവൾ. അവളെ ഭാര്യയായി കിട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അവളെക്കുറിച്ച് ചിലത് അവൾത്തന്നെ പറയും:
“17 മക്കളിൽ ഒരാളായിരുന്നു ഞാൻ. എന്റെ മമ്മി വിശ്വസ്തയായ ഒരു സാക്ഷിയായിരുന്നു. എനിക്ക് 14 വയസ്സുള്ളപ്പോൾ മമ്മി മരിച്ചു. ആ സമയത്താണു ഡാഡി ബൈബിൾ പഠിക്കാൻ തുടങ്ങിയത്. മമ്മിയില്ലാത്തതുകൊണ്ട് വീട്ടുകാര്യങ്ങൾ നോക്കിനടത്തുന്നതിനു ഡാഡി സ്കൂളിലെ പ്രിൻസിപ്പലുമായി സംസാരിച്ച് ഒരു ക്രമീകരണം ചെയ്തു. ഞാനും ഹൈസ്കൂളിലായിരുന്ന എന്റെ മൂത്ത ചേച്ചിയും ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിൽ പോകാനായിരുന്നു അത്. അങ്ങനെ ഒരാൾക്കു വീട്ടിൽ ഇരുന്ന് കുട്ടികളുടെ കാര്യങ്ങൾ നോക്കാനും ഡാഡി ജോലി കഴിഞ്ഞ് വരുമ്പോഴേക്കും അത്താഴം തയ്യാറാക്കാനും കഴിയുമായിരുന്നു. പ്രിൻസിപ്പൽ സമ്മതിച്ചു. ചേച്ചി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെ കാര്യങ്ങൾ ഇങ്ങനെ പോയി. രണ്ടു സാക്ഷിക്കുടുംബങ്ങൾ ഞങ്ങളെ ബൈബിൾ പഠിപ്പിച്ചു, ഞങ്ങളിൽ 11 മക്കൾ സ്നാനപ്പെട്ടു. വയൽസേവനം എനിക്കു വളരെ ഇഷ്ടമായിരുന്നു, പക്ഷേ ലജ്ജ എപ്പോഴും ഒരു പ്രശ്നമായിരുന്നു. സാം എന്നെ ഇക്കാര്യത്തിൽ വളരെയധികം സഹായിച്ചു.”
ഗ്ലോറിയയും ഞാനും 1959 ഫെബ്രുവരിയിൽ വിവാഹിതരായി. ഒരുമിച്ചുള്ള മുൻനിരസേവനം ഞങ്ങൾ വളരെയധികം ആസ്വദിച്ചു. ആ വർഷം ജൂലൈയിൽ ഞങ്ങൾ ബഥേൽസേവനത്തിന് അപേക്ഷ കൊടുത്തു. ലോകാസ്ഥാനത്ത് സേവിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. സൈമൺ ക്രാക്കർ എന്നു പേരുള്ള ഒരു സഹോദരൻ ഞങ്ങളെ അഭിമുഖം നടത്തി. ആ സമയത്ത് ബഥേലിലേക്കു ദമ്പതികളെ ക്ഷണിക്കുന്നില്ലെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. എങ്കിലും ബഥേലിൽ സേവിക്കാനുള്ള ആഗ്രഹം ഞങ്ങൾക്ക് ഒരിക്കലും നഷ്ടമായില്ല. പക്ഷേ അതിനുവേണ്ടി ഞങ്ങൾക്കു കുറെക്കാലം കാത്തിരിക്കേണ്ടിവന്നു.
ആവശ്യം അധികമുള്ളിടത്ത് സേവിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ട് ഞങ്ങൾ ലോകാസ്ഥാനത്തേക്ക് എഴുതി. ഞങ്ങൾക്കു മറുപടി കിട്ടി. തിരഞ്ഞെടുക്കാനായി പല സ്ഥലങ്ങൾ തന്നില്ല, ഒരു സ്ഥലം മാത്രം, അർക്കൻസാസിലെ പൈൻ ബ്ലഫ്. അക്കാലത്ത് പൈൻ ബ്ലഫിൽ രണ്ടു സഭകളുണ്ടായിരുന്നു, വെളുത്ത വർഗക്കാർ കൂടിവന്നിരുന്ന ഒരു സഭയും, കറുത്ത വർഗക്കാർ കൂടിവന്നിരുന്ന മറ്റൊരു സഭയും. ഞങ്ങളെ രണ്ടാമത്തെ സഭയിലേക്കാണ് അയച്ചത്. അവിടെ വെറും 14 പ്രചാരകരേ ഉണ്ടായിരുന്നുള്ളൂ.
വേർതിരിവും വംശീയതയും നേരിട്ടുകൊണ്ട്. . .
യഹോവയുടെ സാക്ഷികളുടെ സഭകളിൽ എന്തുകൊണ്ടാണു വംശീയവേർതിരിവ് ഉണ്ടായിരുന്നതെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കും. അക്കാലത്ത് അങ്ങനെ ചെയ്യാൻ സഹോദരങ്ങൾ നിർബന്ധിതരാകുകയായിരുന്നു എന്നതാണു ലളിതമായ ഉത്തരം. വ്യത്യസ്തവംശക്കാർ തമ്മിൽ ഇടപഴകരുതെന്നു ചില സ്ഥലങ്ങളിൽ നിയമമുണ്ടായിരുന്നു. അങ്ങനെ ചെയ്താൽ ആക്രമിക്കപ്പെടുമെന്നുള്ള ഭീഷണിയും. ചില സ്ഥലങ്ങളിൽ രണ്ടു വംശത്തിൽപ്പെട്ടവർ ഒന്നിച്ച് ആരാധനയ്ക്കു കൂടിവന്നാൽ അവരുടെ രാജ്യഹാൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു, അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. കറുത്ത വർഗക്കാരായ സഹോദരങ്ങൾ വെള്ളക്കാരുടെ പ്രദേശങ്ങളിൽ വീടുതോറുമുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ അവരെ അറസ്റ്റ് ചെയ്യുമായിരുന്നു. ചിലപ്പോൾ മർദനവും ഏൽക്കേണ്ടിവരും. അതുകൊണ്ട് പ്രസംഗപ്രവർത്തനം നന്നായി മുന്നോട്ട് കൊണ്ടുപോകുന്നതിനു ഞങ്ങൾ ഈ നിയമങ്ങൾ അനുസരിച്ചു, ഭാവിയിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയോടെ.
ശുശ്രൂഷയിൽ ഞങ്ങൾ പല വെല്ലുവിളികളും നേരിട്ടു. ചിലപ്പോൾ കറുത്ത വർഗക്കാർ താമസിച്ചിരുന്ന പ്രദേശത്ത് സാക്ഷീകരിക്കുമ്പോൾ ഞങ്ങൾ അറിയാതെ വെള്ളക്കാരുടെ വീട്ടിൽ കയറും. ആ സമയത്ത് ചുരുക്കമായി അവതരണം നടത്തണോ അതോ ക്ഷമാപണം നടത്തി അവിടെനിന്ന് പോരണോ എന്നു ഞങ്ങൾ പെട്ടെന്നു തീരുമാനിക്കണമായിരുന്നു. അതൊരു കാലം!
മുൻനിരസേവനം ചെയ്യുന്നതോടൊപ്പം ജീവിക്കാനുള്ള വക കണ്ടെത്തുന്നതിനു ഞങ്ങൾ കഠിനമായി ജോലി ചെയ്യുകയും വേണമായിരുന്നു. ഞങ്ങളുടെ മിക്ക ജോലികൾക്കും ദിവസം മൂന്നു ഡോളറായിരുന്നു കൂലി. ഗ്ലോറിയ വീടുകൾ വൃത്തിയാക്കുന്ന ജോലി ചെയ്തു. ഒരു വീട്ടിൽ ഞാനും അവളെ സഹായിച്ചിരുന്നു. അങ്ങനെ പകുതി സമയംകൊണ്ട് അവൾക്കു പണി തീർക്കാൻ കഴിഞ്ഞു. അവിടെനിന്ന് ഞങ്ങൾക്ക് ഉച്ചയ്ക്കത്തെ ഭക്ഷണം കിട്ടിയിരുന്നു. ജോലി കഴിഞ്ഞ് പോരുന്നതിനു മുമ്പ് ഞാനും ഗ്ലോറിയയും കൂടെ അതു കഴിക്കും. മറ്റൊരു വീട്ടിൽ ഗ്ലോറിയ എല്ലാ ആഴ്ചയും തുണി തേക്കാൻ പോകുമായിരുന്നു. ഞാൻ പൂന്തോട്ടം വൃത്തിയാക്കും, ജനലുകൾ കഴുകും, മറ്റ് അല്ലറചില്ലറ പണികൾ ചെയ്യും. ഒരു വെള്ളക്കാരന്റെ വീട്ടിൽ ഞങ്ങൾ ജനലുകൾ വൃത്തിയാക്കാൻ പോയിരുന്നു. ഗ്ലോറിയ ജനലിന്റെ അകം വൃത്തിയാക്കും, ഞാൻ പുറവും. ഒരു ദിവസത്തെ പണിയായിരുന്നു അത്. അതുകൊണ്ട് അവിടെനിന്ന് ഞങ്ങൾക്കു ഭക്ഷണം കിട്ടിയിരുന്നു. ഗ്ലോറിയ വീടിന് അകത്ത് ഇരുന്ന് ഭക്ഷണം കഴിക്കും, പക്ഷേ വീട്ടുകാരുടെകൂടെ
ഇരിക്കാൻ അനുവാദമില്ലായിരുന്നു. ഞാൻ കാർ ഷെഡിൽ ഇരുന്ന് ഭക്ഷണം കഴിക്കും. അതൊന്നും ഒരു പ്രശ്നമല്ലായിരുന്നു. കാരണം നല്ല ഭക്ഷണമായിരുന്നു. ആ വീട്ടുകാരും നല്ലവരായിരുന്നു. ചുറ്റുമുള്ളവരുടെ സമ്മർദം കാരണം അവർ അങ്ങനെയായിപ്പോയതാണ്. ഒരു ദിവസം ഞങ്ങൾ പെട്രോൾ അടിക്കാനായി പമ്പിൽ കയറി. പെട്രോൾ അടിച്ചുകഴിഞ്ഞ് ഞാൻ അവിടത്തെ ജോലിക്കാരനോടു ഗ്ലോറിയ ടോയ്ലെറ്റ് ഉപയോഗിച്ചോട്ടേ എന്നു ചോദിച്ചു. അയാൾ എന്നെ രൂക്ഷമായി ഒന്നു നോക്കിയിട്ട് പറഞ്ഞു: “അതു പൂട്ടിയിട്ടിരിക്കുകയാണ്.”മനസ്സിൽ തങ്ങിനിൽക്കുന്ന ദയാപ്രവൃത്തികൾ
അതേസമയം സഹോദരങ്ങളുമായുള്ള സഹവാസവും ശുശ്രൂഷയും ഞങ്ങൾ വളരെയധികം ആസ്വദിച്ചു. ഞങ്ങൾ പൈൻ ബ്ലഫിൽ എത്തിയപ്പോൾ അന്ന് ആ സഭയുടെ സഭാദാസനായി സേവിച്ചിരുന്ന സഹോദരനോടൊപ്പമാണു താമസിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ അപ്പോൾ സാക്ഷിയല്ലായിരുന്നു. ഗ്ലോറിയ ആ സ്ത്രീയുടെകൂടെ ബൈബിൾപഠനം തുടങ്ങി. ഞാൻ അവരുടെ മകളെയും മകളുടെ ഭർത്താവിനെയും ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. അമ്മയും മകളും യഹോവയെ സേവിക്കാൻ തീരുമാനിക്കുകയും സ്നാനപ്പെടുകയും ചെയ്തു.
ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളിൽ വെള്ളക്കാരായ സഹോദരങ്ങളുമുണ്ടായിരുന്നു. അവർ ഇടയ്ക്കിടെ ഞങ്ങളെ അത്താഴത്തിനു വിളിച്ചിരുന്നു. പക്ഷേ അതു രാത്രിയിൽ വളരെ രഹസ്യമായിട്ടായിരുന്നു. വംശീയതയ്ക്കും അക്രമത്തിനും ചുക്കാൻപിടിച്ചിരുന്ന കു ക്ലക്സ് ക്ലാൻ എന്ന സംഘടന ആ സമയത്ത് സജീവമായിരുന്നു. ഒരു രാത്രി അതിലെ അംഗങ്ങൾ ധരിക്കുന്നതുപോലുള്ള വേഷം ധരിച്ച് ഒരാൾ അയാളുടെ വീടിന്റെ മുൻവശത്ത് ഇരിക്കുന്നതു ഞാൻ ഇന്നും ഓർക്കുന്നു. പക്ഷേ ഇങ്ങനെയുള്ള സംഭവങ്ങളൊന്നും ദയ കാണിക്കുന്നതിൽനിന്ന് സഹോദരങ്ങളെ തടഞ്ഞില്ല. ഒരു വേനൽക്കാലത്ത് കൺവെൻഷനു പോകാൻ ഞങ്ങളുടെ കയ്യിൽ പണമില്ലായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ കാർ ഒരു സഹോദരനു വിറ്റു. ഒരു മാസം കഴിഞ്ഞ് ഒരു ദിവസം ഞങ്ങൾ പൊരിവെയിലത്ത് നടന്ന് വയൽസേവനവും ബൈബിൾപഠനവും എല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വന്നപ്പോൾ വീടിനു മുറ്റത്ത്, അതാ ഞങ്ങളുടെ കാർ! വണ്ടിയുടെ മുമ്പിലെ ഗ്ലാസിൽ ഒരു ചെറിയ കുറിപ്പും: “ഇതാ നിങ്ങളുടെ കാർ തിരിച്ചുതരുന്നു. ഇത് എന്റെ ഒരു സമ്മാനമാണ്. നിങ്ങളുടെ സഹോദരൻ.”
എന്റെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന മറ്റൊരു സംഭവം ഉണ്ടായി. 1962-ൽ ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിൽവെച്ച് നടക്കാനിരുന്ന രാജ്യശുശ്രൂഷാസ്കൂളിൽ പങ്കെടുക്കാൻ എനിക്കു ക്ഷണം കിട്ടി. സഭകളുടെയും സർക്കിട്ടുകളുടെയും ഡിസ്ട്രിറ്റുകളുടെയും മേൽനോട്ടം വഹിക്കുന്നവർക്കുള്ള ഒരു മാസത്തെ കോഴ്സായിരുന്നു അത്. ക്ഷണം കിട്ടിയ സമയത്ത് എനിക്കു ജോലിയില്ലായിരുന്നു, ആകെ കഷ്ടപ്പാടിലായിരുന്നു. എന്നാൽ പൈൻ ബ്ലഫിലുള്ള ഒരു ടെലിഫോൺ കമ്പനിയുടെ ജോലിക്കായുള്ള ഇന്റർവ്യൂവിനു ഞാൻ പങ്കെടുത്തിരുന്നു. ജോലി കിട്ടിയിരുന്നെങ്കിൽ ആ കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്ന കറുത്തവർഗക്കാരനായ ആദ്യത്തെ വ്യക്തി ഞാനാകുമായിരുന്നു. എനിക്കു ജോലി തരാമെന്നു പറയുകയും ചെയ്തു. എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല. ഏതായാലും ന്യൂയോർക്കിലേക്കു പോകാനുള്ള പണമില്ല. അതുകൊണ്ട് ജോലി സ്വീകരിക്കുന്നതിനെക്കുറിച്ചും രാജ്യശുശ്രൂഷാസ്കൂളിലേക്കുള്ള ക്ഷണം വേണ്ടെന്നു വെക്കുന്നതിനെക്കുറിച്ചും ഞാൻ ചിന്തിക്കാൻ തുടങ്ങി. ക്ഷണം നിരസിച്ചുകൊണ്ടുള്ള കത്തു ബഥേലിന് എഴുതാൻ തീരുമാനിച്ചു. അപ്പോഴാണ് ഒരു സംഭവം ഉണ്ടായത്. അതു ഞാൻ ഒരിക്കലും മറക്കില്ല.
ഞങ്ങളുടെ സഭയിലെ ഒരു സഹോദരി ഒരു ദിവസം അതിരാവിലെ ഞങ്ങളുടെ കതകിൽ മുട്ടിയിട്ട് എന്റെ നേരെ ഒരു കവർ നീട്ടി. അതു നിറച്ചും പണമായിരുന്നു. സഹോദരിയുടെ ഭർത്താവ് സാക്ഷിയല്ലായിരുന്നു. എനിക്കു ന്യൂയോർക്കിലേക്കു പോകാനുള്ള പണമില്ലെന്ന് അറിഞ്ഞ് ആ സഹോദരിയും സഹോദരിയുടെ ചില മക്കളും കുറച്ച് ദിവസമായി അതിരാവിലെ എഴുന്നേറ്റ് വയലിൽ പണിക്കു പോകുന്നുണ്ടായിരുന്നു. പരുത്തിച്ചെടികൾക്കിടയിലെ കള പറിക്കുന്ന ജോലി ചെയ്ത് അവർ എനിക്കുവേണ്ട പണമുണ്ടാക്കി. സഹോദരി പറഞ്ഞു:
“സ്കൂളിൽ പോയി പഠിക്കാൻ കഴിയുന്നത്ര പഠിക്കണം. എന്നിട്ട് വന്ന് ഞങ്ങളെ പഠിപ്പിക്കണം.” പിന്നീടു ഞാൻ ടെലിഫോൺകമ്പനിയിലേക്കു വിളിച്ച് അഞ്ചാഴ്ച കഴിഞ്ഞ് ജോലിക്കു കയറിയാൽ മതിയോ എന്നു ചോദിച്ചു. “പറ്റില്ല” എന്നായിരുന്നു അവരുടെ ഉറച്ച മറുപടി. പക്ഷേ അതു ഞാൻ കാര്യമാക്കിയില്ല. രാജ്യശുശ്രൂഷാസ്കൂളിൽ പോകാൻതന്നെ ഞാൻ തീരുമാനിച്ചിരുന്നു. ആ ജോലി ഏറ്റെടുക്കാതിരുന്നത് എത്ര നന്നായി!പൈൻ ബ്ലഫിലെ ജീവിതത്തെക്കുറിച്ച് ഗ്ലോറിയ ഓർക്കുന്നു: “എനിക്ക് ആ പ്രദേശം വളരെ ഇഷ്ടമായിരുന്നു. എനിക്ക് 15 മുതൽ 20 വരെ ബൈബിൾപഠനങ്ങളുണ്ടായിരുന്നു. രാവിലെ ഞങ്ങൾ വീടുതോറും പോകും. ബാക്കി സമയം ബൈബിൾപഠനങ്ങൾ നടത്തും. ചിലപ്പോൾ അതു രാത്രി 11 മണിവരെ നീളും. ശുശ്രൂഷ എത്ര രസമായിരുന്നെന്നോ! മുൻനിരസേവനത്തിൽത്തന്നെ തുടരാനായിരുന്നു എനിക്ക് ഇഷ്ടം. സത്യത്തിൽ സർക്കിട്ട് വേലയ്ക്കു പോകാൻ ഞാൻ ആഗ്രഹിച്ചില്ല. പക്ഷേ യഹോവയുടെ ആഗ്രഹം മറ്റൊന്നായിരുന്നു.”
സഞ്ചാരവേല
പൈൻ ബ്ലഫിൽ മുൻനിരസേവനം ചെയ്തുകൊണ്ടിരുന്ന കാലത്ത് ഞങ്ങൾ പ്രത്യേക മുൻനിരസേവകരാകാനുള്ള അപേക്ഷ കൊടുത്തു. ഞങ്ങൾക്ക് ആ നിയമനം കിട്ടുമെന്നുതന്നെയാണു വിചാരിച്ചത്. കാരണം ടെക്സസിലെ ഒരു സഭയ്ക്കു സഹായം ആവശ്യമാണെന്നു ഡിസ്ട്രിക്റ്റ്മേൽവിചാരകൻ ഞങ്ങളോടു പറഞ്ഞിരുന്നു. ഞങ്ങൾ അവിടെ പ്രത്യേക മുൻനിരസേവകരായി സേവിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതു ഞങ്ങൾക്കും ഇഷ്ടമായിരുന്നു. സൊസൈറ്റിയിൽനിന്നുള്ള മറുപടിക്കായി ഞങ്ങൾ കുറേ നാൾ കാത്തിരുന്നു. പക്ഷേ മറുപടിയൊന്നും വന്നില്ല. ഒടുവിൽ കാത്തുകാത്തിരുന്ന് ഒരു കത്തു വന്നു, ഞങ്ങളെ സഞ്ചാരവേലയ്ക്കു നിയമിച്ചുകൊണ്ട്! 1965 ജനുവരിയിലായിരുന്നു അത്. ഇപ്പോൾ ഐക്യനാടുകളിലെ ബ്രാഞ്ച് കമ്മിറ്റി ഏകോപകനായി സേവിക്കുന്ന ലിയോൺ വീവർ സഹോദരനും ആ സമയത്താണു സർക്കിട്ട് മേൽവിചാരകനായത്.
സർക്കിട്ട് മേൽവിചാരകനാകുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ എനിക്കു ശരിക്കും പേടി തോന്നി. ഏകദേശം ഒരു വർഷം മുമ്പ് ഡിസ്ട്രിക്റ്റ് മേൽവിചാരകനായ ജയിംസ് എ. തോംസൺ സഹോദരൻ എന്നോടു സർക്കിട്ട് മേൽവിചാരകന്റെ യോഗ്യതകളെക്കുറിച്ച് സംസാരിച്ചിരുന്നു. നല്ല സർക്കിട്ട് മേൽവിചാരകനു വേണ്ട പ്രാപ്തികളെക്കുറിച്ചും ഞാൻ പുരോഗതി വരുത്തേണ്ട ചില വശങ്ങളെക്കുറിച്ചും അദ്ദേഹം എനിക്കു പറഞ്ഞുതന്നു. ശരിക്കും എനിക്കു വേണ്ട ഉപദേശങ്ങൾതന്നെയാണ് അദ്ദേഹം തന്നതെന്നു സർക്കിട്ട് മേൽവിചാരകനായി കുറച്ച് നാളുകൾക്കകം ഞാൻ മനസ്സിലാക്കി. ഞാൻ സർക്കിട്ട് മേൽവിചാരകനായപ്പോൾ ജയിംസ് എ. തോംസൺ സഹോദരനായിരുന്നു അന്നത്തെ ഡിസ്ട്രിക്റ്റ് മേൽവിചാരകൻ. വിശ്വസ്തനായ ആ ആത്മീയവ്യക്തിയിൽനിന്ന് ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു.
അക്കാലത്ത് സർക്കിട്ട് മേൽവിചാരകന്മാർക്കു വളരെ കുറച്ച് പരിശീലനമേ ലഭിച്ചിരുന്നുള്ളൂ. ഒരു സർക്കിട്ട് മേൽവിചാരകൻ ഒരു സഭ സന്ദർശിച്ചപ്പോൾ ആ ഒരാഴ്ചക്കാലം അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ഞാൻ കണ്ടുപഠിച്ചു. അതുകഴിഞ്ഞ് അടുത്ത ആഴ്ച ഞാൻ മറ്റൊരു സഭ സന്ദർശിച്ചപ്പോൾ ഞാൻ ചെയ്യുന്ന കാര്യങ്ങൾ എങ്ങനെയുണ്ടെന്ന് അറിയാൻ അദ്ദേഹം എന്നോടൊപ്പം ചെലവഴിച്ചു. അദ്ദേഹം എനിക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി. പിന്നീട് ഞാൻതന്നെ കാര്യങ്ങൾ ചെയ്യണമായിരുന്നു. ഞാൻ ഗ്ലോറിയയോടു ഇങ്ങനെ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു: “അദ്ദേഹം പോയാൽ എന്തു ചെയ്യും?” കാലങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ഒരു പ്രധാനകാര്യം മനസ്സിലായി. നമ്മളെ സഹായിക്കാനായി എപ്പോഴും സഹോദരങ്ങൾ
കൂടെയുണ്ടാകും, നമ്മൾ അവരെ അനുവദിച്ചാൽ മാത്രം മതി. അങ്ങനെ എന്നെ സഹായിച്ച ചില സഹോദരങ്ങളാണ് അപ്പോൾ ഒരു സഞ്ചാരമേൽവിചാരകനായിരുന്ന ജെ. ആർ. ബ്രൗൺ സഹോദരനും ബഥേലംഗമായിരുന്ന ഫ്രഡ് റസ്ക് സഹോദരനും. ആ സഹോദരങ്ങളെ ഞാൻ ഇന്നും നന്ദിയോടെ ഓർക്കുന്നു.വംശീയചിന്താഗതി ശക്തമായിരുന്ന കാലമായിരുന്നു അത്. ഒരു ദിവസം ഞങ്ങൾ ടെന്നസീയിൽ സന്ദർശനം നടത്തുന്ന സമയത്ത് അവിടെ കു ക്ലക്സ് ക്ലാൻ ഒരു മാർച്ച് നടത്തി. മറ്റൊരു തവണ വയൽസേവനത്തിനിടെ ഒരു ഹോട്ടലിൽ കയറിയപ്പോൾ ഞാൻ അവിടത്തെ ബാത്ത്റൂമിൽ പോയി. അപ്പോൾ വെള്ളക്കാരനായ ഒരാൾ എന്റെ പുറകേ വന്നു. കടുത്ത വംശീയചിന്താഗതിക്കാർ പച്ച കുത്തിയിരുന്നതുപോലെ അയാളുടെ ദേഹത്തും പച്ച കുത്തിയിരുന്നു. ആ സമയത്തുതന്നെ വെള്ളക്കാരനായ ഒരു സഹോദരൻ ഞങ്ങളുടെ പുറകേ വന്നു. എന്നെക്കാളും എന്റെ പുറകേ വന്ന വെള്ളക്കാരനെക്കാളും ഒക്കെ ഒത്ത ശരീരമുള്ള ആളായിരുന്നു ആ സഹോദരൻ. അദ്ദേഹം എന്നോടു ചോദിച്ചു: “എന്തെങ്കിലും പ്രശ്നമുണ്ടോ, ഹെർഡ് സഹോദരാ?” മറ്റെയാൾ ബാത്ത്റൂമിൽ കയറാൻ നിൽക്കാതെ സ്ഥലം കാലിയാക്കി. കഴിഞ്ഞുപോയ വർഷങ്ങളിൽ എനിക്കു മനസ്സിലായ ഒരു കാര്യമുണ്ട്: വംശീയചിന്താഗതിക്കു കാരണം ഒരു വ്യക്തിയുടെ തൊലിയുടെ നിറമല്ല പകരം പാപമാണ്, നമ്മളെയെല്ലാം ബാധിച്ചിരിക്കുന്ന ആദാമികപാപം. മറ്റൊരു കാര്യവും ഞാൻ മനസ്സിലാക്കി: നമ്മുടെ സഹോദരങ്ങളുടെ തൊലിയുടെ നിറം ഏതായാലും അവർ നമ്മുടെ സഹോദരങ്ങളാണ്, നമുക്കുവേണ്ടി മരിക്കാൻപോലും അവർ തയ്യാറാണ്.
സമ്പന്നമായ ഒരു ജീവിതം
33 വർഷം ഞങ്ങൾ സഞ്ചാരവേലയിലായിരുന്നു. അതിൽ അവസാനത്തെ 21 വർഷം ഡിസ്ട്രിക്റ്റ് വേലയിലും. ധാരാളം നല്ലനല്ല അനുഭവങ്ങളുണ്ടായ മനോഹരമായ കാലമായിരുന്നു അത്. പക്ഷേ ഞങ്ങളെ മറ്റ് അനുഗ്രഹങ്ങളും കാത്തിരിപ്പുണ്ടായിരുന്നു. 1997 ആഗസ്റ്റിൽ ബഥേൽസേവനം എന്ന ഞങ്ങളുടെ ദീർഘകാലസ്വപ്നം പൂവണിഞ്ഞു. ഞങ്ങളെ ഐക്യനാടുകളിലെ ബഥേലിലേക്കു ക്ഷണിച്ചു. ഞങ്ങൾ ആദ്യത്തെ അപേക്ഷ കൊടുത്തിട്ട് 38 വർഷം കഴിഞ്ഞ്! അടുത്ത മാസം ഞങ്ങൾ ബഥേൽസേവനം ആരംഭിച്ചു. കുറച്ച് കാലത്തേക്കു ബഥേലിൽ സഹായിക്കാൻ ഞങ്ങളെ വിളിച്ചതാണെന്നാണു ഞാൻ കരുതിയത്. പക്ഷേ അങ്ങനെയല്ലായിരുന്നു.
സർവീസ് ഡിപ്പാർട്ടുമെന്റിലേക്കാണ് എന്നെ ആദ്യം നിയമിച്ചത്. അതു ശരിക്കും ഒരു അനുഭവമായിരുന്നു. ഈ ഡിപ്പാർട്ടുമെന്റിലുള്ള സഹോദരങ്ങൾ, രാജ്യത്തെമ്പാടുമുള്ള മൂപ്പന്മാരുടെ സംഘങ്ങളും സർക്കിട്ട് മേൽവിചാരകന്മാരും ഉന്നയിക്കുന്ന സങ്കീർണമായ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കണമായിരുന്നു. ആ സഹോദരങ്ങൾ എത്ര ക്ഷമയോടെയും സഹായമനസ്ഥിതിയോടെയും ആണ് എന്നെ പരിശീലിപ്പിച്ചതെന്നോ! ഇനിയും അവിടെ നിയമനം കിട്ടുകയാണെങ്കിലും ഞാൻ ആദ്യംമുതലേ പഠിച്ചുതുടങ്ങണമെന്നാണ് എനിക്കു തോന്നുന്നത്.
എനിക്കും ഗ്ലോറിയയ്ക്കും ബഥേൽജീവിതം വളരെ ഇഷ്ടമാണ്. ഞങ്ങൾക്ക് അതിരാവിലെ എഴുന്നേൽക്കുന്ന ശീലമുണ്ടായിരുന്നു. ബഥേലിൽ വന്നപ്പോൾ അതു ശരിക്കും ഗുണം ചെയ്തു. ഏതാണ്ട് ഒരു വർഷത്തിനു ശേഷം യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിന്റെ സർവീസ് കമ്മിറ്റിയുടെ സഹായിയായി ഞാൻ സേവിക്കാൻ തുടങ്ങി. 1999-ൽ എന്നെ ഒരു ഭരണസംഘാംഗമായി നിയമിച്ചു. ഈ നിയമനം എന്നെ പലതും പഠിപ്പിച്ചു. പക്ഷേ ഞാൻ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠമുണ്ട്: ഏതെങ്കിലും മനുഷ്യനല്ല, മറിച്ച് യേശുക്രിസ്തുവാണു ക്രിസ്തീയസഭയുടെ തല.
എന്റെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ പ്രവാചകനായ ആമോസിനെയാണു ഞാൻ ഓർക്കുന്നത്. താഴ്മയുള്ള ഒരു ആട്ടിടയനായിരുന്നു ആമോസ്. പാവപ്പെട്ടവരുടെ ഭക്ഷണമായ സിക്ക്മൂർ അത്തിക്കായ്കളുടെ സമയത്ത് അതു തുളയ്ക്കുന്ന ജോലി ചെയ്യാനും അദ്ദേഹം പോയിരുന്നു. അങ്ങനെ ഒരു എളിയ ജോലി ചെയ്തിരുന്ന ആമോസിനെ യഹോവ ശ്രദ്ധിച്ചു. ദൈവം ആമോസിനെ ഒരു പ്രവാചകനായി നിയമിച്ചു, ശരിക്കും ആത്മീയമായി സമ്പന്നമായ ഒരു നിയമനം. (ആമോ. 7:14, 15, അടിക്കുറിപ്പ്) സമാനമായി, ഇൻഡ്യാനയിലുള്ള ലിബർട്ടിയിലെ ഒരു പാവപ്പെട്ട കൃഷിക്കാരന്റെ മകനായ എന്നെയും യഹോവ ശ്രദ്ധിച്ചു. എന്റെ മേൽ അനുഗ്രഹങ്ങൾ കോരിച്ചൊരിഞ്ഞു, എണ്ണിത്തീർക്കാൻ ആകാത്തത്ര അനുഗ്രഹങ്ങൾ! (സുഭാ. 10:22) എന്റെ ജീവിതത്തെ ഇങ്ങനെ വർണിക്കാം: ഒരു എളിയ തുടക്കം, പക്ഷേ ആത്മീയമായി സമ്പന്നമായ ഒരു ജീവിതം, ഞാൻ ഒരിക്കലും സ്വപ്നംപോലും കണ്ടിട്ടില്ലാത്തത്ര സമ്പന്നമായ ഒന്ന്!