വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 32

നിങ്ങളു​ടെ സ്‌നേഹം വർധി​ക്കട്ടെ

നിങ്ങളു​ടെ സ്‌നേഹം വർധി​ക്കട്ടെ

“നിങ്ങളു​ടെ സ്‌നേഹം ഇനിയു​മി​നി​യും വർധി​ക്കട്ടെ എന്നു ഞാൻ പ്രാർഥി​ക്കു​ന്നു.”—ഫിലി. 1:9.

ഗീതം 106 സ്‌നേഹം നട്ടുവ​ളർത്താം

പൂർവാവലോകനം *

1. ഫിലി​പ്പി​യിൽ ഒരു സഭയു​ണ്ടാ​കാൻ ആരൊ​ക്കെ​യാ​ണു സഹായി​ച്ചത്‌?

പൗലോസ്‌ അപ്പോ​സ്‌ത​ല​നും ശീലാ​സും ലൂക്കോ​സും തിമൊ​ഥെ​യൊ​സും കൂടി ഒരു റോമൻ കോള​നി​യായ ഫിലി​പ്പി​യിൽ എത്തി​ച്ചേ​രു​ന്നു. അവിടെ അവർ സന്തോ​ഷ​വാർത്ത​യോ​ടു താത്‌പ​ര്യ​മുള്ള ഒരുപാട്‌ ആളുകളെ കാണുന്നു. ഉത്സാഹി​ക​ളായ ഈ നാലു സഹോ​ദ​ര​ങ്ങ​ളു​ടെ പ്രവർത്ത​ന​ഫ​ല​മാ​യി അവിടെ ഒരു സഭ രൂപ​പ്പെ​ടു​ന്നു. പുതിയ ശിഷ്യ​രെ​ല്ലാ​വ​രും കൂടി​വ​ന്നി​രു​ന്നതു സാധ്യ​ത​യ​നു​സ​രിച്ച്‌ ലുദി​യ​യു​ടെ വീട്ടി​ലാണ്‌. നല്ല അതിഥി​പ്രി​യ​മുള്ള ഒരു സഹോ​ദ​രി​യാ​യി​രു​ന്നു ലുദിയ.—പ്രവൃ. 16:40.

2. പുതിയ സഭ ഏതു പ്രശ്‌നം നേരിട്ടു?

2 ഈ പുതിയ സഭ അധികം വൈകാ​തെ ഒരു പ്രശ്‌നം നേരിട്ടു. സത്യത്തെ എതിർത്ത ആളുകളെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ സാത്താൻ വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​ക​ളു​ടെ പ്രസം​ഗ​പ്ര​വർത്തനം തടയാൻ ശ്രമിച്ചു. പൗലോ​സി​നെ​യും ശീലാ​സി​നെ​യും അറസ്റ്റ്‌ ചെയ്‌തു, അവരെ വടി​കൊണ്ട്‌ അടിച്ചു, എന്നിട്ട്‌ ജയിലി​ലി​ട്ടു. എന്നാൽ ജയിൽമോ​ചി​ത​രായ ഉടനെ അവർ പുതിയ ശിഷ്യരെ ചെന്നു​കണ്ട്‌ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അതിനു ശേഷം പൗലോ​സും ശീലാ​സും തിമൊ​ഥെ​യൊ​സും അവി​ടെ​നിന്ന്‌ പോകു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ലൂക്കോസ്‌ അവി​ടെ​ത്തന്നെ തങ്ങി. ഫിലി​പ്പി​യി​ലെ ആ പുതിയ സഹോ​ദ​രങ്ങൾ എന്തു ചെയ്‌തു? പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താൽ അവർ ഉത്സാഹ​ത്തോ​ടെ യഹോ​വയെ സേവിച്ചു. (ഫിലി. 2:12) അവരെ​ക്കു​റിച്ച്‌ പൗലോ​സിന്‌ അഭിമാ​നം തോന്നി​യ​തിൽ അതിശ​യി​ക്കാ​നില്ല!

3. ഫിലി​പ്പി​യർ 1:9-11-ൽ രേഖ​പ്പെ​ടു​ത്തി​യ​ത​നു​സ​രിച്ച്‌ പൗലോസ്‌ പ്രാർഥ​ന​യിൽ എന്തൊക്കെ ഉൾപ്പെ​ടു​ത്തി?

3 ഏകദേശം പത്തു വർഷം കഴിഞ്ഞ്‌ പൗലോസ്‌ ഫിലി​പ്പി​യി​ലെ സഭയ്‌ക്ക്‌ ഒരു കത്ത്‌ എഴുതി. പൗലോ​സിന്‌ അവിടത്തെ സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം നമുക്ക്‌ ആ കത്തിൽനിന്ന്‌ വായി​ച്ചെ​ടു​ക്കാം. പൗലോസ്‌ എഴുതി: “ക്രിസ്‌തു​യേ​ശു​വി​ന്റെ അതേ ആർദ്ര​പ്രി​യ​ത്തോ​ടെ നിങ്ങളെ എല്ലാവ​രെ​യും കാണാൻ ഞാൻ എത്രമാ​ത്രം ആഗ്രഹി​ക്കു​ന്നു.” (ഫിലി. 1:8) അവർക്കു​വേണ്ടി പ്രാർഥി​ക്കു​ന്നു​ണ്ടെ​ന്നും പൗലോസ്‌ പറഞ്ഞു. സ്‌നേ​ഹ​ത്തിൽ വർധി​ച്ചു​വ​രാ​നും കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഉറപ്പു​വ​രു​ത്താ​നും കുറ്റമ​റ്റ​വ​രാ​കാ​നും മറ്റുള്ള​വ​രു​ടെ വിശ്വാ​സ​ത്തി​നു തടസ്സമാ​കാ​തി​രി​ക്കാ​നും നീതി​യു​ടെ ഫലം നിറഞ്ഞ​വ​രാ​കാ​നും സഹോ​ദ​ര​ങ്ങളെ സഹായി​ക്കേ​ണമേ എന്നു പൗലോസ്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ന്നു. സ്‌നേഹം തുളു​മ്പുന്ന പൗലോ​സി​ന്റെ ആ വാക്കു​ക​ളിൽനിന്ന്‌ നമുക്കു പലതും പഠിക്കാ​നുണ്ട്‌. (ഫിലിപ്പിയർ 1:9-11 വായി​ക്കുക.) അവ ഓരോ​ന്നും ജീവി​ത​ത്തിൽ എങ്ങനെ ബാധക​മാ​ക്കാ​മെന്നു നമുക്ക്‌ ഇപ്പോൾ നോക്കാം.

സ്‌നേഹം വർധി​പ്പി​ക്കു​ക

4. (എ) 1 യോഹ​ന്നാൻ 4:9, 10 അനുസ​രിച്ച്‌ യഹോവ നമ്മളോട്‌ എങ്ങനെ​യാ​ണു സ്‌നേഹം കാണി​ച്ചത്‌? (ബി) നമ്മൾ യഹോ​വയെ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കണം?

4 നമ്മുടെ പാപങ്ങൾക്കു​വേണ്ടി മരിക്കാ​നാ​യി തന്റെ പ്രിയ​മ​കനെ ഭൂമി​യി​ലേക്ക്‌ അയച്ചു​കൊണ്ട്‌ യഹോവ നമ്മളോ​ടുള്ള സ്‌നേഹം കാണിച്ചു. (1 യോഹ​ന്നാൻ 4:9, 10 വായി​ക്കുക.) നിസ്വാർഥ​മായ ആ സ്‌നേ​ഹ​പ്ര​വൃ​ത്തി യഹോ​വയെ തിരിച്ച്‌ സ്‌നേ​ഹി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നി​ല്ലേ? (റോമ. 5:8) യഹോ​വയെ നമ്മൾ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കണം? ഒരു പരീശ​നോ​ടു യേശു പറഞ്ഞ വാക്കു​ക​ളിൽ അതിനുള്ള ഉത്തരം കാണാം: “നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.” (മത്താ. 22:36, 37) അർധഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കാൻ നമ്മളാ​രും ആഗ്രഹി​ക്കു​ന്നില്ല. ഓരോ ദിവസ​വും കഴിയു​മ്പോ​ഴും യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം കൂടി​ക്കൂ​ടി​വ​രാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. “നിങ്ങളു​ടെ സ്‌നേഹം ഇനിയു​മി​നി​യും വർധി​ക്കട്ടെ” എന്നാണു ഫിലി​പ്പി​യി​ലു​ള്ള​വ​രോ​ടു പൗലോസ്‌ പറഞ്ഞത്‌. ദൈവ​ത്തോ​ടുള്ള സ്‌നേഹം ശക്തി​പ്പെ​ടു​ത്താൻ എന്താണു ചെയ്യേ​ണ്ടത്‌?

5. ദൈവ​ത്തോ​ടുള്ള നമ്മുടെ സ്‌നേഹം എങ്ങനെ ശക്തി​പ്പെ​ടു​ത്താം?

5 ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു നമ്മൾ ദൈവത്തെ അറിയണം. ബൈബിൾ പറയുന്നു: “എന്നാൽ സ്‌നേ​ഹി​ക്കാ​ത്തവർ ദൈവത്തെ അറിഞ്ഞി​ട്ടില്ല; കാരണം ദൈവം സ്‌നേ​ഹ​മാണ്‌.” (1 യോഹ. 4:8) ദൈവ​ത്തെ​ക്കു​റിച്ച്‌ ‘ശരിയായ അറിവ്‌’ നേടു​ന്ന​തും ദൈവം എങ്ങനെ​യാ​ണു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കു​ന്ന​തും യഹോ​വ​യോ​ടുള്ള സ്‌നേഹം ശക്തമാ​ക്കാൻ സഹായി​ക്കു​മെന്നു പൗലോസ്‌ പറഞ്ഞു. (ഫിലി. 1:9) ബൈബിൾ പഠിച്ചു​തു​ട​ങ്ങിയ സമയത്ത്‌ ദൈവ​ത്തെ​ക്കു​റിച്ച്‌ കുറച്ച്‌ കാര്യങ്ങൾ നമ്മൾ മനസ്സി​ലാ​ക്കി. അങ്ങനെ നമ്മുടെ ഉള്ളിൽ ദൈവ​ത്തോ​ടുള്ള സ്‌നേഹം നാമ്പിട്ടു. പിന്നീടു നമ്മൾ യഹോ​വ​യെ​ക്കു​റിച്ച്‌ എത്ര കൂടുതൽ പഠിച്ചോ, അത്രയ​ധി​കം ദൈവ​ത്തോ​ടുള്ള നമ്മുടെ സ്‌നേഹം വർധിച്ചു. അതു​കൊണ്ട്‌ ബൈബി​ളി​ന്റെ പതിവായ പഠനവും ധ്യാന​വും നമ്മുടെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളിൽ ഒന്നായി നമ്മൾ ഇപ്പോ​ഴും കാണുന്നു!—ഫിലി. 2:16.

6. 1 യോഹ​ന്നാൻ 4:11, 20, 21 പറയു​ന്ന​ത​നു​സ​രിച്ച്‌, സ്‌നേഹം വർധി​പ്പി​ക്കു​ന്ന​തി​നു നമ്മൾ ആരെയും​കൂ​ടി സ്‌നേ​ഹി​ക്കണം?

6 ദൈവം കാണിച്ച വലിയ സ്‌നേഹം സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കും. (1 യോഹ​ന്നാൻ 4:11, 20, 21 വായി​ക്കുക.) ‘സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ന്നത്‌ ഇത്ര ബുദ്ധി​മു​ട്ടുള്ള കാര്യ​മാ​ണോ’ എന്നു നമ്മൾ ചിന്തി​ച്ചേ​ക്കാം. കാരണം, യഹോ​വ​യെ​യാ​ണു നമ്മൾ എല്ലാവ​രും ആരാധി​ക്കു​ന്നത്‌, ദൈവ​ത്തി​ന്റെ നല്ല ഗുണങ്ങൾ അനുക​രി​ക്കാ​നാ​ണു നമ്മൾ ശ്രമി​ക്കു​ന്ന​തും. മാത്രമല്ല, നമുക്കു ജീവൻ നൽകി​ക്കൊ​ണ്ടു​പോ​ലും സ്‌നേഹം കാണിച്ച യേശു​വി​ന്റെ മാതൃ​ക​യാ​ണു നമ്മൾ അനുക​രി​ക്കു​ന്നത്‌. കാര്യങ്ങൾ ഇങ്ങനെ​യാ​ണെ​ങ്കി​ലും, ചില സാഹച​ര്യ​ങ്ങ​ളിൽ പരസ്‌പരം സ്‌നേ​ഹി​ക്കാ​നുള്ള കല്‌പന അനുസ​രി​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. ഫിലിപ്പി സഭയി​ലു​ണ്ടായ ഒരു സംഭവം അതാണു കാണി​ക്കു​ന്നത്‌. നമുക്ക്‌ അത്‌ എന്താ​ണെന്നു നോക്കാം.

7. യുവൊ​ദ്യ​ക്കും സുന്തു​ക​യ്‌ക്കും പൗലോസ്‌ നൽകിയ ബുദ്ധി​യു​പ​ദേ​ശ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

7 പൗലോ​സി​ന്റെ “കൂടെ​നിന്ന്‌” പ്രവർത്തിച്ച ഉത്സാഹി​ക​ളായ സഹോ​ദ​രി​മാ​രാ​യി​രു​ന്നു ഫിലിപ്പി സഭയിലെ യുവൊ​ദ്യ​യും സുന്തു​ക​യും. എന്നിട്ടു​പോ​ലും, അഭി​പ്രാ​യ​വ്യ​ത്യാ​സം കാരണമായിരിക്കാം, അവർക്ക്‌ ഇടയിൽ അകൽച്ച വന്നു. ഫിലി​പ്പി​യി​ലു​ള്ള​വർക്ക്‌ എഴുതിയ കത്തിൽ പൗലോസ്‌ അവരെ പേരെ​ടുത്ത്‌ പരാമർശി​ക്കു​ക​യും “ഒരേ മനസ്സു​ള്ള​വ​രാ​യി​രി​ക്കാൻ” ശക്തമായ ഉപദേശം കൊടു​ക്കു​ക​യും ചെയ്‌തു. (ഫിലി. 4:2, 3) “എല്ലാ കാര്യ​ങ്ങ​ളും പിറു​പി​റു​പ്പും വാഗ്വാ​ദ​വും കൂടാതെ ചെയ്യുക” എന്നു മുഴു​സ​ഭ​യോ​ടും പറയണ​മെന്നു പൗലോ​സി​നു തോന്നി. (ഫിലി. 2:14) പൗലോ​സി​ന്റെ നേരി​ട്ടുള്ള ബുദ്ധി​യു​പ​ദേശം പരസ്‌പ​ര​മു​ണ്ടാ​യി​രുന്ന സ്‌നേഹം വർധി​പ്പി​ക്കാൻ വിശ്വ​സ്‌ത​രായ ആ രണ്ടു സഹോ​ദ​രി​മാ​രെ​യും അതു​പോ​ലെ മുഴു​സ​ഭ​യെ​യും സഹായി​ച്ചു​കാ​ണും എന്നതിനു സംശയ​മില്ല.

സഹോദരങ്ങളെക്കുറിച്ച്‌ നല്ല വീക്ഷണ​മു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (8-ാം ഖണ്ഡിക കാണുക) *

8. സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​തി​നു തടസ്സമാ​യി നിൽക്കുന്ന ഒരു പ്രധാ​ന​പ്പെട്ട കാര്യം എന്താണ്‌, നമുക്ക്‌ അത്‌ എങ്ങനെ മറിക​ട​ക്കാം?

8 യുവൊ​ദ്യ​യു​ടെ​യും സുന്തു​ക​യു​ടെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ, സഹോ​ദ​ര​ങ്ങ​ളു​മാ​യി ഒരു നല്ല സ്‌നേ​ഹ​ബന്ധം നിലനി​റു​ത്തു​ന്ന​തി​നു നമുക്കു തടസ്സമാ​യി വരാവുന്ന ഒരു കാര്യ​മുണ്ട്‌. മറ്റുള്ള​വ​രു​ടെ കുറവു​ക​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക എന്നതാണ്‌ അത്‌. നമുക്ക്‌ എല്ലാവർക്കും ദിവസ​വും തെറ്റുകൾ പറ്റുന്നുണ്ട്‌. നമ്മൾ മറ്റുള്ള​വ​രു​ടെ തെറ്റു​ക​ളി​ലേ​ക്കാ​ണു നോക്കു​ന്ന​തെ​ങ്കിൽ അവരോ​ടുള്ള നമ്മുടെ സ്‌നേഹം തണുത്തു​പോ​കും. ഉദാഹ​ര​ണ​ത്തിന്‌, രാജ്യ​ഹാൾ ശുചീ​ക​ര​ണ​ത്തി​നു നമ്മളെ സഹായി​ക്കാൻ ഒരു സഹോ​ദരൻ മറന്നു​പോ​യാൽ നമുക്ക്‌ അൽപ്പം ഇഷ്ടക്കേടു തോന്നി​യേ​ക്കാം. ആ സമയത്ത്‌, അദ്ദേഹം മുമ്പ്‌ ചെയ്‌ത തെറ്റു​ക​ളെ​ല്ലാം നമ്മൾ ഓർക്കാൻ തുടങ്ങി​യാ​ലോ? നമ്മുടെ നീരസം കൂടു​ക​യും ആ സഹോ​ദ​ര​നോ​ടുള്ള സ്‌നേഹം കുറയു​ക​യും ചെയ്യും. നിങ്ങൾക്കു സഭയിലെ ആരെങ്കി​ലു​മാ​യി അത്തരം ഒരു പ്രശ്‌ന​മു​ണ്ടെ​ങ്കിൽ ഇതു ചിന്തി​ക്കുക: യഹോവ നമ്മുടെ കുറവു​കൾ കാണു​ന്നുണ്ട്‌, നമ്മുടെ സഹോ​ദ​ര​ന്റെ​യും കുറവു​കൾ കാണു​ന്നുണ്ട്‌. പക്ഷേ കുറവു​ക​ളു​ണ്ടെ​ങ്കി​ലും യഹോവ ആ സഹോ​ദ​ര​നെ​യും സ്‌നേ​ഹി​ക്കു​ന്നു, നമ്മളെ​യും സ്‌നേ​ഹി​ക്കു​ന്നു. അതു​കൊണ്ട്‌ നമുക്ക്‌ യഹോ​വ​യു​ടെ സ്‌നേഹം അനുക​രി​ക്കാം, സഹോ​ദ​ര​ങ്ങ​ളു​ടെ നല്ല ഗുണങ്ങ​ളി​ലേക്കു നോക്കാം. സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കാൻ നല്ല ശ്രമം ചെയ്യു​മ്പോൾ നമ്മുടെ ഇടയിലെ ഐക്യം വർധി​ക്കും.—ഫിലി. 2:1, 2.

“കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ”

9. ഫിലി​പ്പി​യർക്കുള്ള കത്തിൽ പൗലോസ്‌ പറഞ്ഞ ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യ​ങ്ങ​ളിൽ’ എന്തെല്ലാം ഉൾപ്പെ​ടു​ന്നു?

9 ഫിലി​പ്പി​യി​ലു​ള്ളവർ ഉൾപ്പെടെ എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും പിൻവ​രുന്ന ഉപദേശം കൊടു​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ പൗലോ​സി​നെ പ്രചോ​ദി​പ്പി​ച്ചു—‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തുക.’ (ഫിലി. 1:10) ഈ ‘പ്രാധാ​ന്യ​മുള്ള കാര്യ​ങ്ങ​ളിൽ’ യഹോ​വ​യു​ടെ പേരിന്റെ വിശു​ദ്ധീ​ക​രണം, യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​ടെ നിവൃത്തി, സഭയുടെ സമാധാ​ന​വും ഐക്യ​വും എന്നിവ ഉൾപ്പെ​ടു​ന്നു. (മത്താ. 6:9, 10; യോഹ. 13:35) ഈ കാര്യ​ങ്ങളെ കേന്ദ്രീ​ക​രിച്ച്‌ ജീവി​ക്കു​മ്പോൾ നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നെന്നു തെളി​യി​ക്കു​ക​യാണ്‌.

10. യഹോവ നമ്മളെ കുറ്റമ​റ്റ​വ​രാ​യി കാണാൻ നമ്മൾ എന്തു ചെയ്യണം?

10 നമ്മൾ “കുറ്റമ​റ്റ​വ​രും” ആയിരി​ക്ക​ണ​മെന്നു പൗലോസ്‌ പറഞ്ഞു. ഇതിന്റെ അർഥം നമ്മൾ എല്ലാ കാര്യ​ങ്ങ​ളി​ലും പൂർണ​ത​യു​ള്ള​വ​രാ​യി​രി​ക്കണം എന്നല്ല. നമ്മുടെ ദൈവ​മായ യഹോ​വ​യെ​പ്പോ​ലെ കുറ്റമ​റ്റ​വ​രാ​യി​രി​ക്കാൻ നമുക്കു കഴിയില്ല. എന്നാൽ സ്‌നേഹം വർധി​പ്പി​ക്കാ​നും കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഉറപ്പു​വ​രു​ത്താ​നും പരമാ​വധി ശ്രമി​ക്കു​മ്പോൾ യഹോവ നമ്മളെ കുറ്റമ​റ്റ​വ​രാ​യി കണക്കാ​ക്കും. നമുക്കു സ്‌നേഹം കാണി​ക്കാൻ കഴിയുന്ന ഒരു വിധം മറ്റുള്ളവർ വിശ്വാ​സ​ത്തിൽനിന്ന്‌ വീണു​പോ​കുന്ന ഒന്നും ചെയ്യാ​തി​രി​ക്കുക എന്നതാണ്‌.

11. മറ്റുള്ളവർ ഇടറി​വീ​ഴാൻ ഇടയാ​ക്കു​ന്നത്‌ നമ്മൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

11 മറ്റുള്ള​വ​രു​ടെ വിശ്വാ​സ​ത്തി​നു തടസ്സമാ​ക​രുത്‌ എന്ന ഉപദേശം യഥാർഥ​ത്തിൽ ഒരു മുന്നറി​യി​പ്പാണ്‌. നമ്മുടെ പ്രവൃ​ത്തി​കൾ എങ്ങനെ​യാ​ണു മറ്റുള്ള​വരെ ബാധി​ച്ചേ​ക്കാ​വു​ന്നത്‌? നമ്മൾ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദ​വും വസ്‌ത്ര​വും ജോലി​യും ഒക്കെ മറ്റുള്ളവർ ഇടറി​വീ​ഴാൻ ഇടയാ​ക്കി​യേ​ക്കാം. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ തെറ്റാ​യി​രി​ക്ക​ണ​മെ​ന്നില്ല. എന്നാൽ നമ്മുടെ തിര​ഞ്ഞെ​ടു​പ്പു​കൾ മറ്റുള്ള​വരെ അസ്വസ്ഥ​രാ​ക്കു​ക​യും അവർ വിശ്വാ​സ​ത്തിൽനിന്ന്‌ വീണു​പോ​കാൻ ഇടയാ​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ അതു ഗൗരവ​മുള്ള കാര്യ​മാണ്‌. യേശു​വി​ന്റെ ആടുക​ളിൽ ഒന്നു വിശ്വാ​സ​ത്തിൽനിന്ന്‌ വീണു​പോ​കാൻ ഇടയാ​ക്കു​ന്ന​തി​നെ​ക്കാൾ നല്ലത്‌ കഴുത്തിൽ ഒരു കല്ലു കെട്ടി നമ്മളെ കടലിൽ എറിയു​ന്ന​താ​ണെന്നു യേശു പറഞ്ഞു.—മത്താ. 18:6.

12. മുൻനി​ര​സേ​വ​ക​രായ ഒരു ദമ്പതികൾ വെച്ച മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12 യേശു​വി​ന്റെ ഈ മുന്നറി​യി​പ്പു മുൻനി​ര​സേ​വ​ക​രായ ഒരു ദമ്പതികൾ ബാധക​മാ​ക്കി​യത്‌ എങ്ങനെ​യെന്നു നോക്കാം. അവരുടെ സഭയിൽ പുതു​താ​യി സ്‌നാ​ന​മേറ്റ ഒരു ദമ്പതി​ക​ളു​ണ്ടാ​യി​രു​ന്നു. കർശന​മായ നിയ​ന്ത്ര​ണ​ങ്ങ​ളുള്ള കുടും​ബ​ങ്ങ​ളി​ലാണ്‌ ആ പുതിയ സഹോ​ദ​രങ്ങൾ വളർന്നു​വ​ന്നത്‌. നല്ല സിനി​മ​യാ​ണെ​ങ്കിൽപ്പോ​ലും ക്രിസ്‌ത്യാ​നി​കൾ സിനി​മ​യ്‌ക്കു പോക​രു​തെ​ന്നാണ്‌ അവർ ചിന്തി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ മുൻനി​ര​സേ​വ​ക​രായ ദമ്പതികൾ സിനിമ കാണാൻ പോ​യെന്ന്‌ അറിഞ്ഞ​പ്പോൾ അവർ ഞെട്ടി​പ്പോ​യി. ഇത്‌ അറിഞ്ഞ മുൻനി​ര​സേ​വ​ക​രായ ആ ദമ്പതികൾ പിന്നെ കുറെ കാല​ത്തേക്കു സിനി​മ​യ്‌ക്കു പോയില്ല. പുതു​താ​യി സ്‌നാ​ന​മേറ്റ ആ സഹോ​ദ​രങ്ങൾ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പിച്ച്‌ സമനി​ല​യുള്ള ഒരു വീക്ഷണ​ത്തിൽ എത്തുന്ന​തു​വരെ അവർ കാത്തി​രു​ന്നു. (എബ്രാ. 5:14) നിസ്വാർഥ​മായ ഈ പ്രവൃ​ത്തി​യി​ലൂ​ടെ ആ ദമ്പതികൾ, തങ്ങളുടെ പുതിയ സഹോ​ദ​ര​നെ​യും സഹോ​ദ​രി​യെ​യും വാക്കി​ലൂ​ടെ മാത്രമല്ല പ്രവൃ​ത്തി​യി​ലൂ​ടെ​യും സ്‌നേ​ഹി​ക്കു​ന്നെന്നു തെളി​യി​ച്ചു.—റോമ. 14:19-21; 1 യോഹ. 3:18.

13. തെറ്റു ചെയ്യാൻ ഒരാളെ നമ്മൾ പ്രേരി​പ്പി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

13 തെറ്റു ചെയ്യാൻ പ്രേരി​പ്പി​ച്ചു​കൊ​ണ്ടും മറ്റുള്ള​വ​രു​ടെ വിശ്വാ​സ​ത്തി​നു നമ്മൾ ഒരു തടസ്സമാ​യേ​ക്കാം. അത്‌ എങ്ങനെ​യെന്ന്‌ ഒരുപക്ഷേ നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും. ഇങ്ങനെ​യൊ​രു സാഹച​ര്യം സങ്കൽപ്പി​ക്കുക: മദ്യത്തിന്‌ അടിമ​യാ​യി​രുന്ന ഒരു ബൈബിൾവി​ദ്യാർഥി ഒരുപാ​ടു ശ്രമം ചെയ്‌ത്‌ ആ ശീലം ഉപേക്ഷി​ച്ചു. ഇനി ഒരിക്ക​ലും കുടി​ക്കാ​തി​രി​ക്കു​ന്ന​താ​ണു തനിക്കു നല്ലതെന്ന്‌ അദ്ദേഹം മനസ്സി​ലാ​ക്കി. നല്ല പുരോ​ഗതി വരുത്തിയ അദ്ദേഹം സ്‌നാ​ന​മേറ്റു. പിന്നീട്‌ ഒരു സഹോ​ദരൻ അദ്ദേഹത്തെ ഒരു കൂടി​വ​ര​വി​നു ക്ഷണിക്കു​ന്നു. എന്നിട്ട്‌ മദ്യത്തി​ന്റെ ഗ്ലാസ്‌ നീട്ടി​ക്കൊണ്ട്‌ ഇങ്ങനെ പറയുന്നു: “സഹോ​ദരൻ ഒന്നു​കൊ​ണ്ടും പേടി​ക്കേണ്ടാ. സ്‌നാ​ന​പ്പെട്ട സ്ഥിതിക്ക്‌ സഹോ​ദ​രന്‌ യഹോ​വ​യു​ടെ ആത്മാവുണ്ട്‌. പരിശു​ദ്ധാ​ത്മാ​വി​ന്റെ ഒരു ഗുണമാ​ണ​ല്ലോ ആത്മനി​യ​ന്ത്രണം. അതു​കൊണ്ട്‌ സഹോ​ദ​രനു നിയ​ന്ത്രി​ക്കാൻ പറ്റും.” ആ തെറ്റായ ഉപദേശം കേട്ട്‌ നമ്മുടെ ആ സഹോ​ദരൻ മദ്യം കഴിക്കു​ക​യും വീണ്ടും അതിന്‌ അടിമ​യാ​കു​ക​യും ചെയ്‌താൽ അത്‌ എത്ര സങ്കടക​ര​മാ​യി​രി​ക്കും!

14. ഫിലി​പ്പി​യർ 1:10-ലെ നിർദേ​ശങ്ങൾ ബാധക​മാ​ക്കാൻ ക്രിസ്‌തീ​യ​യോ​ഗങ്ങൾ സഹായി​ക്കു​ന്നത്‌ എങ്ങനെ?

14 ഫിലി​പ്പി​യർ 1:10-ലെ നിർദേ​ശങ്ങൾ ബാധക​മാ​ക്കാൻ ക്രിസ്‌തീ​യ​യോ​ഗങ്ങൾ നമ്മളെ പല വിധങ്ങ​ളിൽ സഹായി​ക്കു​ന്നു. ഒന്ന്‌, യഹോവ പ്രാധാ​ന്യ​മു​ള്ള​താ​യി കാണുന്ന കാര്യങ്ങൾ എന്താ​ണെന്ന്‌ അവി​ടെ​നിന്ന്‌ ലഭിക്കുന്ന സമൃദ്ധ​മായ ആത്മീയാ​ഹാ​രം നമ്മളെ ഓർമി​പ്പി​ക്കു​ന്നു. രണ്ട്‌, കുറ്റമ​റ്റ​വ​രാ​യി ജീവി​ക്കാൻ കഴി​യേ​ണ്ട​തിന്‌, നമ്മൾ കേൾക്കുന്ന കാര്യങ്ങൾ എങ്ങനെ ബാധക​മാ​ക്കാം എന്നു നമ്മൾ പഠിക്കു​ന്നു. മൂന്ന്‌, “സ്‌നേ​ഹി​ക്കാ​നും നല്ല കാര്യങ്ങൾ ചെയ്യാ​നും” മീറ്റി​ങ്ങു​ക​ളിൽനിന്ന്‌ നമുക്കു പ്രചോ​ദനം ലഭിക്കു​ന്നു. (എബ്രാ. 10:24, 25) സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എത്രയ​ധി​കം പ്രോ​ത്സാ​ഹനം ലഭിക്കു​ന്നോ, അത്രയ​ധി​കം യഹോ​വ​യോ​ടും സഹോ​ദ​ര​ങ്ങ​ളോ​ടും ഉള്ള നമ്മുടെ സ്‌നേഹം വർധി​ക്കും. ദൈവ​ത്തോ​ടും സഹോ​ദ​ര​ങ്ങ​ളോ​ടും ഉള്ള സ്‌നേ​ഹം​കൊണ്ട്‌ നമ്മുടെ ഹൃദയം നിറയു​മ്പോൾ, സഹോ​ദ​രങ്ങൾ ഇടറി​വീ​ഴാൻ ഇടയാ​ക്കുന്ന ഒന്നും ചെയ്യാ​തി​രി​ക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യും.

എപ്പോ​ഴും “നീതി​യു​ടെ ഫലം” നിറഞ്ഞു​നിൽക്ക​ട്ടെ

15. ‘നീതി​യു​ടെ ഫലം നിറഞ്ഞ​വ​രാ​യി​രി​ക്കാൻ’ നമ്മൾ എന്തൊക്കെ ചെയ്യണം?

15 ഫിലി​പ്പി​യി​ലെ സഹോ​ദ​രങ്ങൾ ‘നീതി​യു​ടെ ഫലം നിറഞ്ഞവർ ആയിരി​ക്കാൻ’ പൗലോസ്‌ ആത്മാർഥ​മാ​യി പ്രാർഥി​ച്ചു. (ഫിലി. 1:11) ഈ ‘നീതി​യു​ടെ ഫലത്തിൽ’ യഹോ​വ​യോ​ടും ദൈവ​ജ​ന​ത്തോ​ടും ഉള്ള അവരുടെ സ്‌നേഹം ഉൾപ്പെ​ട്ടി​രു​ന്നു എന്ന കാര്യ​ത്തിൽ സംശയ​മില്ല. യേശു​വി​ലുള്ള അവരുടെ വിശ്വാ​സ​ത്തെ​യും അവരുടെ ശോഭ​ന​മായ പ്രത്യാ​ശ​യെ​യും കുറിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. ഫിലി​പ്പി​യർ 2:15-ൽ പൗലോസ്‌ മറ്റൊരു ദൃഷ്ടാന്തം ഉപയോ​ഗി​ക്കു​ന്നു. ഫിലി​പ്പി​യി​ലെ ക്രിസ്‌ത്യാ​നി​കൾ ‘ലോക​ത്തിൽ ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാ​ശി​ക്കു​ന്നു’ എന്ന്‌ ആ വാക്യം പറയുന്നു. തന്റെ ശിഷ്യ​ന്മാർ “ലോക​ത്തി​ന്റെ വെളി​ച്ച​മാണ്‌” എന്നു യേശു പറഞ്ഞ വാക്കുകൾ അതു നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നു. (മത്താ. 5:14-16) യേശു തന്റെ അനുഗാ​മി​കൾക്ക്‌ ‘ആളുകളെ ശിഷ്യ​രാ​ക്കാ​നുള്ള’ കല്‌പ​ന​യും കൊടു​ത്തു. അവർ ‘ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവരെ സാക്ഷി​ക​ളാ​യി​രി​ക്കും’ എന്നു യേശു പറഞ്ഞു. (മത്താ. 28:18-20; പ്രവൃ. 1:8) ഏറ്റവും പ്രധാ​ന​പ്പെട്ട ഈ പ്രവർത്ത​ന​ത്തിൽ ഊർജ​സ്വ​ല​മാ​യി പങ്കെടു​ക്കു​മ്പോൾ നമ്മൾ ‘നീതി​യു​ടെ ഫലം’ കായ്‌ക്കു​ക​യാണ്‌.

റോമിൽ വീട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്ന​പ്പോൾ പൗലോസ്‌ ഫിലി​പ്പി​യി​ലെ സഭയ്‌ക്കു കത്ത്‌ എഴുതു​ന്നു. ആ സമയത്ത്‌ കാവൽക്കാ​രോ​ടും തന്നെ സന്ദർശി​ക്കാൻ വന്നവ​രോ​ടും സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ലഭിച്ച അവസരങ്ങൾ ഉപയോ​ഗി​ക്കു​ന്നു. (16-ാം ഖണ്ഡിക കാണുക)

16. ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളി​ലും ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാ​ശി​ക്കാൻ നമുക്കു കഴിയു​മെന്നു ഫിലി​പ്പി​യർ 1:12-14 കാണി​ക്കു​ന്നത്‌ എങ്ങനെ? (പുറം​താ​ളി​ലെ ചിത്രം കാണുക.)

16 നമ്മുടെ സാഹച​ര്യം എന്തുത​ന്നെ​യാ​യാ​ലും, നമുക്കു ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാ​ശി​ക്കാൻ കഴിയും. ചില​പ്പോൾ, ഒരു സാഹച​ര്യം പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു തടസ്സമാ​ണെന്നു തോന്നാം. പക്ഷേ അതു പ്രസം​ഗി​ക്കാ​നുള്ള ഒരു അവസര​മാ​യി മാറി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഫിലി​പ്പി​യർക്കു കത്ത്‌ എഴുതുന്ന സമയത്ത്‌ പൗലോസ്‌ റോമിൽ വീട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്നു. പക്ഷേ തടവി​ലാ​യി​രു​ന്നെ​ങ്കി​ലും പൗലോസ്‌ പ്രസം​ഗി​ക്കാ​തി​രു​ന്നില്ല, കാവൽക്കാ​രോ​ടും അതു​പോ​ലെ തന്നെ സന്ദർശി​ക്കാൻ വന്നവ​രോ​ടും പൗലോസ്‌ സാക്ഷീ​ക​രി​ച്ചു. പൗലോസ്‌ ഇങ്ങനെ ഉത്സാഹ​ത്തോ​ടെ പ്രസം​ഗി​ച്ചത്‌, “പേടി​യി​ല്ലാ​തെ ദൈവ​വ​ചനം സംസാ​രി​ക്കാ​നുള്ള’ ആത്മവി​ശ്വാ​സ​വും ധൈര്യ​വും മറ്റു സഹോ​ദ​ര​ങ്ങൾക്കേകി.—ഫിലി​പ്പി​യർ 1:12-14 വായി​ക്കുക; ഫിലി. 4:22.

കിട്ടുന്ന ഏതൊരു അവസര​വും ഉപയോ​ഗിച്ച്‌ മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കു​ക (17-ാം ഖണ്ഡിക കാണുക) *

17. ബുദ്ധി​മു​ട്ടു നിറഞ്ഞ സാഹച​ര്യ​ങ്ങ​ളി​ലും എങ്ങനെ​യാ​ണു നമ്മുടെ ചില സഹോ​ദ​രങ്ങൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടർന്നത്‌?

17 നമ്മുടെ പല സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കും പൗലോ​സി​ന്റെ അതേ ധൈര്യം കാണി​ക്കാ​നുള്ള അവസരം ലഭിച്ചി​ട്ടുണ്ട്‌. അവർ താമസി​ക്കുന്ന രാജ്യ​ങ്ങ​ളിൽ പരസ്യ​മാ​യോ വീടു​തോ​റു​മോ പ്രസം​ഗി​ക്കാൻ കഴിയില്ല. അതു​കൊണ്ട്‌ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ അവർ മറ്റു വഴികൾ കണ്ടെത്തു​ന്നു. (മത്താ. 10:16-20) അങ്ങനെ​യൊ​രു രാജ്യത്ത്‌, ഓരോ പ്രചാ​ര​ക​നും അവരുടെ ബന്ധുക്കൾ, അയൽക്കാർ, സഹപാ​ഠി​കൾ, സഹജോ​ലി​ക്കാർ, പരിച​യ​ക്കാർ എന്നിവർ ഉൾപ്പെ​ടുന്ന ‘പ്രസം​ഗ​പ്ര​ദേശം’ ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ച്ചു​തീർക്കാൻ അവിടത്തെ സർക്കിട്ട്‌ മേൽവി​ചാ​രകൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. എന്തായി​രു​ന്നു ഫലം? രണ്ടു വർഷം​കൊണ്ട്‌, ആ സർക്കി​ട്ടി​ലെ സഭകളു​ടെ എണ്ണത്തിൽ വലിയ വർധന​യു​ണ്ടാ​യി. പരസ്യ​മാ​യി പ്രസം​ഗി​ക്കു​ന്ന​തി​നു തടസ്സമി​ല്ലാത്ത ഒരു രാജ്യ​ത്താ​യി​രി​ക്കാം നമ്മൾ താമസി​ക്കു​ന്നത്‌. എങ്കിലും ആ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രിൽനിന്ന്‌ വില​യേ​റിയ ഒരു പാഠം നമുക്കു പഠിക്കാ​നുണ്ട്‌. മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കാൻ കിട്ടുന്ന ഒരു അവസര​വും നഷ്ടപ്പെ​ടു​ത്ത​രുത്‌. ഏതു തടസ്സ​ത്തെ​യും മറിക​ട​ക്കാ​നുള്ള ശക്തി യഹോവ നമുക്കു തരും എന്ന കാര്യ​ത്തിൽ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കുക.—ഫിലി. 2:13.

18. എന്തു ചെയ്യാൻ നമ്മൾ ഉറച്ച തീരു​മാ​ന​മെ​ടു​ക്കണം?

18 നിർണാ​യ​ക​മായ കാലത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. അതു​കൊണ്ട്‌ പൗലോസ്‌ ഫിലി​പ്പി​യർക്ക്‌ എഴുതിയ കത്തിലെ നിർദേശം ബാധക​മാ​ക്കാൻ നമ്മൾ ഉറച്ച തീരു​മാ​ന​മെ​ടു​ക്കണം. നമ്മൾ കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു വരുത്താൻ കഴിവു​ള്ള​വ​രും കുറ്റമ​റ്റ​വ​രും മറ്റുള്ള​വ​രു​ടെ വിശ്വാ​സ​ത്തി​നു തടസ്സമാ​കാ​ത്ത​വ​രും നീതി​യു​ടെ ഫലം നിറഞ്ഞ​വ​രും ആയിരി​ക്കണം. അങ്ങനെ​യെ​ങ്കിൽ നമ്മുടെ സ്‌നേഹം വർധി​ച്ചു​വ​രും, സ്‌നേ​ഹ​വാ​നായ നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ അതു മഹത്ത്വ​പ്പെ​ടു​ത്തു​ക​യും ചെയ്യും.

ഗീതം 17 “എനിക്കു മനസ്സാണ്‌”

^ ഖ. 5 മുമ്പ​ത്തെ​ക്കാ​ള​ധി​കം ഇന്നു സഹോ​ദ​ര​ങ്ങ​ളോ​ടുള്ള നമ്മുടെ സ്‌നേഹം ശക്തി​പ്പെ​ടു​ത്തേ​ണ്ടതു പ്രധാ​ന​മാണ്‌. പ്രശ്‌നങ്ങൾ ഉള്ളപ്പോ​ഴും എങ്ങനെ സ്‌നേഹം വർധി​പ്പി​ക്കാ​മെന്നു മനസ്സി​ലാ​ക്കാൻ ഫിലി​പ്പി​യർക്ക്‌ എഴുതിയ കത്ത്‌ നമ്മളെ സഹായി​ക്കും.

^ ഖ. 54 ചിത്രക്കുറിപ്പ്‌: രാജ്യ​ഹാൾ ശുചീ​ക​ര​ണ​ത്തി​ന്റെ സമയത്ത്‌ ജോ എന്നൊരു സഹോ​ദരൻ ക്ലീനിങ്ങ്‌ നിറുത്തി മറ്റൊരു സഹോ​ദ​ര​നോ​ടും അദ്ദേഹ​ത്തി​ന്റെ മകനോ​ടും സംസാ​രി​ക്കു​ന്നു. ഇതു വാക്വം ക്ലീനിങ്ങ്‌ ചെയ്‌തു​കൊ​ണ്ടി​രുന്ന മൈക്ക്‌ സഹോ​ദ​രന്‌ ഇഷ്ടപ്പെ​ട്ടില്ല. ‘ജോ എന്താ സംസാ​രി​ച്ചു​നിൽക്കു​ന്നേ, ക്ലീനി​ങ്ങി​ന്റെ സമയമല്ലേ ഇത്‌’ എന്നു മൈക്ക്‌ ചിന്തി​ക്കു​ന്നു. പിന്നീടു ജോ പ്രായം​ചെന്ന ഒരു സഹോ​ദ​രി​യെ സഹായി​ക്കു​ന്നതു മൈക്ക്‌ കാണുന്നു. തന്റെ സഹോ​ദ​രന്റെ നല്ല ഗുണങ്ങ​ളെ​ക്കു​റിച്ച്‌ മൈക്ക്‌ കൂടുതൽ ചിന്തി​ക്കു​ന്നു.

^ ഖ. 58 ചിത്രക്കുറിപ്പുകൾ: സാക്ഷി​കൾക്കു പരസ്യ​മാ​യി പ്രസം​ഗി​ക്കാൻ കഴിയാത്ത ഒരു രാജ്യത്ത്‌ ഒരു സഹോ​ദരൻ തന്റെ പരിച​യ​ക്കാ​രനെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു. ശ്രദ്ധി​ച്ചാണ്‌ അദ്ദേഹം അതു ചെയ്യു​ന്നത്‌. പിന്നീട്‌, ജോലി​സ്ഥ​ലത്ത്‌ ഒഴിവു​സ​മയം കിട്ടി​യ​പ്പോൾ സഹജോ​ലി​ക്കാ​ര​നോ​ടും സാക്ഷീ​ക​രി​ക്കു​ന്നു.