വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നാ​പ​ക​യോ​ഹ​ന്നാൻ—സന്തോഷം നിലനി​റു​ത്താൻ നമുക്ക്‌ ഒരു മാതൃക

സ്‌നാ​പ​ക​യോ​ഹ​ന്നാൻ—സന്തോഷം നിലനി​റു​ത്താൻ നമുക്ക്‌ ഒരു മാതൃക

സഭയിൽ നിങ്ങൾ വളരെ​യ​ധി​കം ആഗ്രഹി​ക്കുന്ന ഒരു നിയമനം—എന്നാൽ നിങ്ങൾക്ക്‌ ഇപ്പോൾ അതു ലഭിക്കാൻ സാധ്യ​ത​യില്ല. ഇതാണോ നിങ്ങളു​ടെ സാഹച​ര്യം? ഒരുപക്ഷേ ആ നിയമനം മറ്റൊ​രാൾ ചെയ്യു​ന്ന​താ​യി നിങ്ങൾ കാണു​ന്നു​ണ്ടാ​കും. അല്ലെങ്കിൽ, മുമ്പ്‌ നിങ്ങൾ മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്റെ ഏതെങ്കി​ലു​മൊ​രു മേഖല​യിൽ പ്രവർത്തി​ച്ചി​രു​ന്നു. എന്നാൽ പ്രായം, മോശം ആരോ​ഗ്യം, സാമ്പത്തി​ക​ബു​ദ്ധി​മുട്ട്‌, കുടും​ബോ​ത്ത​ര​വാ​ദി​ത്വ​ങ്ങൾ എന്നിവ കാരണം നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങൾക്കു പരിധി​യുണ്ട്‌. ഇനിയും, സംഘട​ന​യിൽ വന്ന മാറ്റങ്ങൾ കാരണം വർഷങ്ങ​ളോ​ളം നിങ്ങൾ കൈകാ​ര്യം ചെയ്‌തി​രുന്ന ഉത്തരവാ​ദി​ത്വം മറ്റൊ​രാൾക്കു കൈമാ​റേ​ണ്ടി​വ​ന്നി​രി​ക്കാം. ഇപ്പറഞ്ഞ​തിൽ ഏതാണു നിങ്ങളു​ടെ സാഹച​ര്യ​മെ​ങ്കി​ലും, ‘ദൈവ​സേ​വ​ന​ത്തിൽ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ ചെയ്യാൻ എനിക്കു കഴിയു​ന്നില്ല’ എന്നു തോന്നു​ന്നു​ണ്ടാ​കാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ ചില​പ്പോ​ഴൊ​ക്കെ നിങ്ങൾക്കു നിരാശ തോന്നും, അതു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. എങ്കിൽപ്പോ​ലും നിരു​ത്സാ​ഹം, നീരസം, ദേഷ്യം പോലുള്ള വികാ​രങ്ങൾ നിങ്ങളിൽ വേരു​പി​ടി​ക്കാ​തി​രി​ക്കാൻ എന്തു ചെയ്യണം? സന്തോഷം നിലനി​റു​ത്താൻ എങ്ങനെ കഴിയും?

സന്തോഷം നിലനി​റു​ത്താൻ എങ്ങനെ കഴിയു​മെന്നു മനസ്സി​ലാ​ക്കാൻ സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ കുറിച്ച്‌ പഠിക്കു​ന്നതു നമ്മളെ സഹായി​ക്കും. യോഹ​ന്നാ​നു ദൈവ​സേ​വ​ന​ത്തിൽ പ്രത്യേ​ക​നി​യ​മ​നങ്ങൾ ചെയ്യാ​നുള്ള പദവി ലഭിച്ചു. പക്ഷേ യോഹ​ന്നാൻ ഒരിക്ക​ലും പ്രതീ​ക്ഷി​ക്കാത്ത കാര്യ​ങ്ങ​ളാ​ണു പിന്നീടു സംഭവി​ച്ചത്‌. താൻ ശുശ്രൂ​ഷ​യ്‌ക്ക്‌ ഉപയോ​ഗി​ച്ച​തി​നെ​ക്കാൾ കൂടുതൽ സമയം ജയിലിൽ കഴി​യേ​ണ്ടി​വ​രു​മെന്നു യോഹ​ന്നാൻ ഒരിക്ക​ലും ചിന്തി​ച്ചി​ട്ടു​ണ്ടാ​കില്ല. എന്നിട്ടും യോഹ​ന്നാൻ സന്തോഷം നിലനി​റു​ത്തി, ശേഷിച്ച കാലത്തും അതേ മനോ​ഭാ​വ​ത്തോ​ടെ പ്രവർത്തി​ച്ചു. അതിന്‌ അദ്ദേഹത്തെ സഹായി​ച്ചത്‌ എന്താണ്‌? നിരാശ തോന്നുന്ന സമയത്ത്‌ നമുക്ക്‌ എങ്ങനെ സന്തോഷം നിലനി​റു​ത്താം?

സന്തോഷം നിറഞ്ഞ ഒരു നിയമനം

ഏകദേശം എ.ഡി. 29 ഏപ്രി​ലിൽ, മിശി​ഹ​യു​ടെ വരവി​നാ​യി ആളുകളെ ഒരുക്കുന്ന നിയമനം യോഹ​ന്നാൻ ആരംഭി​ച്ചു. യോഹ​ന്നാ​ന്റെ സന്ദേശം ഇതായി​രു​ന്നു: “സ്വർഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ മാനസാ​ന്ത​ര​പ്പെ​ടുക.” (മത്താ. 3:2; ലൂക്കോ. 1:12-17) ധാരാളം പേർ ആ സന്ദേശ​ത്തി​നു ചെവി​കൊ​ടു​ത്തു. ദൂരെ​നി​ന്നു​പോ​ലും വലിയ ജനക്കൂ​ട്ടങ്ങൾ യോഹ​ന്നാ​ന്റെ സന്ദേശം കേൾക്കാൻ വന്നു. മിക്കവ​രും പശ്ചാത്ത​പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്‌തു. യോഹ​ന്നാൻ ധൈര്യ​ത്തോ​ടെ സ്വയനീ​തി​ക്കാ​രായ മതനേ​താ​ക്ക​ന്മാർക്കു മുന്നറി​യി​പ്പു കൊടു​ത്തു. മാറ്റം വരുത്തി​യി​ല്ലെ​ങ്കിൽ അവരെ കാത്തി​രി​ക്കുന്ന ന്യായ​വി​ധി​യെ​ക്കു​റിച്ച്‌ അവരോ​ടു പറഞ്ഞു. (മത്താ. 3:5-12) ഏകദേശം എ.ഡി. 29 ഒക്ടോ​ബ​റിൽ യേശു​വി​നെ സ്‌നാ​ന​പ്പെ​ടു​ത്തി​യ​പ്പോൾ ശുശ്രൂ​ഷ​യി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം യോഹ​ന്നാൻ നിർവ​ഹി​ച്ചു. അന്നു​തൊട്ട്‌ യോഹ​ന്നാൻ വാഗ്‌ദ​ത്ത​മി​ശി​ഹ​യായ യേശു​വി​നെ അനുഗ​മി​ക്കാൻ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.—യോഹ. 1:32-37.

യോഹ​ന്നാ​നു ലഭിച്ച വിശി​ഷ്ട​മായ നിയമനം ഓർത്തു​കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “സ്‌ത്രീ​കൾക്കു ജനിച്ച​വ​രിൽ സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ​ക്കാൾ വലിയ​വ​നാ​യി ആരും എഴു​ന്നേ​റ്റി​ട്ടില്ല.” (മത്താ. 11:11) തനിക്കു കിട്ടിയ അനു​ഗ്ര​ഹ​ങ്ങ​ളിൽ യോഹ​ന്നാൻ അതിയാ​യി സന്തോ​ഷി​ച്ചു എന്നതിൽ സംശയ​മില്ല. യോഹ​ന്നാ​നെ​പ്പോ​ലെ ഇന്ന്‌ നിരവധി ആളുകൾ ധാരാളം അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ടെറി എന്ന സഹോ​ദ​രന്റെ കാര്യം നോക്കാം. ടെറി​യും ഭാര്യ സാന്ദ്ര​യും മുഴു​സ​മ​യ​സേ​വ​ന​ത്തിൽ 50-ലധികം വർഷം ചെലവ​ഴി​ച്ചി​രി​ക്കു​ന്നു. ടെറി സഹോ​ദരൻ പറയുന്നു: “എനിക്കു നിരവധി നിയമ​നങ്ങൾ ആസ്വദി​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌. മുൻനി​ര​സേ​വ​ക​നും ബഥേലം​ഗ​വും പ്രത്യേക മുൻനി​ര​സേ​വ​ക​നും സർക്കിട്ട്‌ മേൽവി​ചാ​ര​ക​നും ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നും ഒക്കെയാ​യി സേവി​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌. ഇപ്പോൾ വീണ്ടും പ്രത്യേക മുൻനി​ര​സേ​വ​ന​ത്തി​ലാണ്‌.” ദിവ്യാ​ധി​പ​ത്യ​നി​യ​മ​നങ്ങൾ കിട്ടു​ന്നത്‌ ഒരു സന്തോ​ഷ​മാണ്‌. എന്നാൽ യോഹ​ന്നാ​ന്റെ മാതൃ​ക​യിൽനിന്ന്‌ നമ്മൾ പഠിക്കാൻ പോകു​ന്ന​തു​പോ​ലെ നിയമ​നങ്ങൾ മാറു​മ്പോൾ സന്തോഷം നിലനി​റു​ത്താൻ നമ്മുടെ ഭാഗത്ത്‌ ശ്രമം ആവശ്യ​മാണ്‌.

എപ്പോ​ഴും നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക

സ്‌നാ​പ​ക​യോ​ഹ​ന്നാൻ എപ്പോ​ഴും സന്തോ​ഷ​മു​ള്ള​വ​നാ​യി​രു​ന്നു. അതിന്റെ ഒരു പ്രധാ​ന​പ്പെട്ട കാരണം, തനിക്കു കിട്ടിയ നിയമ​നങ്ങൾ അദ്ദേഹം എപ്പോ​ഴും വിലമ​തി​ച്ചു എന്നതാണ്‌. ഒരു ഉദാഹ​രണം നോക്കാം. യേശു സ്‌നാ​ന​മേറ്റ്‌ കഴിഞ്ഞുള്ള സമയം. യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാ​രു​ടെ എണ്ണം കുറഞ്ഞു​തു​ടങ്ങി. അതേസ​മയം, യേശു​വി​നെ അനുഗ​മി​ക്കു​ന്ന​വ​രു​ടെ എണ്ണം കൂടു​ക​യും ചെയ്‌തു. ഇക്കാര്യ​ത്തിൽ ഉത്‌കണ്‌ഠ തോന്നിയ യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാർ യോഹ​ന്നാ​ന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “അതാ, അയാൾ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു. എല്ലാവ​രും അയാളു​ടെ അടു​ത്തേ​ക്കാ​ണു പോകു​ന്നത്‌.” (യോഹ. 3:26) യോഹ​ന്നാൻ ഇങ്ങനെ മറുപടി പറഞ്ഞു: “മണവാ​ട്ടി​യു​ള്ളവൻ മണവാളൻ. മണവാ​ളന്റെ തോഴ​നോ, മണവാ​ളന്റെ അരികെ നിന്ന്‌ അയാളു​ടെ സ്വരം കേൾക്കു​മ്പോൾ വളരെ​യ​ധി​കം സന്തോ​ഷി​ക്കു​ന്നു. അങ്ങനെ​തന്നെ, എന്റെ സന്തോ​ഷ​വും പൂർണ​മാ​യി​രി​ക്കു​ന്നു.” (യോഹ. 3:29) യോഹ​ന്നാൻ യേശു​വി​നോ​ടു മത്സരി​ച്ചില്ല. യേശു​വി​ന്റെ ശുശ്രൂഷ കൂടുതൽ പ്രധാ​ന​പ്പെ​ട്ട​താ​യ​തു​കൊണ്ട്‌ തന്റെ ശുശ്രൂ​ഷ​യ്‌ക്ക്‌ ഒരു വിലയു​മി​ല്ലെന്നു കരുതു​ക​യും ചെയ്‌തില്ല. പകരം, ‘മണവാ​ളന്റെ തോഴൻ’ എന്ന തന്റെ സ്ഥാനം വിലമ​തി​ക്കു​ക​യും ശുശ്രൂ​ഷ​യിൽ സന്തോ​ഷ​ത്തോ​ടെ നില​കൊ​ള്ളു​ക​യും ചെയ്‌തു.

നിയമനം അത്ര എളുപ്പ​മു​ള്ള​ത​ല്ലാ​യി​രു​ന്നെ​ങ്കി​ലും നല്ല മനോ​ഭാ​വ​മു​ണ്ടാ​യി​രു​ന്നതു സന്തോഷം നിലനി​റു​ത്താൻ യോഹ​ന്നാ​നെ സഹായി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, യോഹ​ന്നാൻ ജനനം​മു​തൽ നാസീർ വ്രതക്കാ​ര​നാ​യി​രു​ന്നു. അതു​കൊണ്ട്‌ യോഹ​ന്നാൻ വീഞ്ഞ്‌ കുടി​ക്കാൻ പാടി​ല്ലാ​യി​രു​ന്നു. (ലൂക്കോ. 1:15) യോഹ​ന്നാ​ന്റെ ലളിത​മായ ജീവി​ത​ശൈ​ലി​യെ​ക്കു​റിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: ‘യോഹ​ന്നാൻ തിന്നാ​ത്ത​വ​നും കുടി​ക്കാ​ത്ത​വ​നും ആയി വന്നു.’ അതേസ​മയം യേശു​വി​നും ശിഷ്യ​ന്മാർക്കും ഇങ്ങനെ​യുള്ള നിയ​ന്ത്ര​ണങ്ങൾ ഒന്നും ഇല്ലായി​രു​ന്നു. അവർ സാധാ​ര​ണ​ജീ​വി​ത​മാ​ണു നയിച്ചത്‌. (മത്താ. 11:18, 19) യോഹ​ന്നാൻ അത്ഭുത​ങ്ങ​ളൊ​ന്നും ചെയ്‌തില്ല. എന്നാൽ യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ ആ പ്രാപ്‌തി​യു​ണ്ടാ​യി​രു​ന്നു. തുടക്ക​ത്തിൽ യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാ​രാ​യി​രുന്ന ചിലരും ആ കൂട്ടത്തിൽപ്പെ​ടു​ന്നു. (മത്താ. 10:1; യോഹ. 10:41) അത്തരം വ്യത്യാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ തല പുകയ്‌ക്കു​ന്ന​തി​നു പകരം യോഹ​ന്നാൻ യഹോവ തനിക്കു തന്ന നിയമനം ഉത്സാഹ​ത്തോ​ടെ ചെയ്‌തു.

യഹോ​വ​യു​ടെ സേവന​ത്തിൽ ഇപ്പോ​ഴുള്ള നിയമനം നമ്മൾ വിലമ​തി​ക്കു​ന്നെ​ങ്കിൽ സന്തോഷം നിലനി​റു​ത്താൻ നമുക്കും കഴിയും. മുമ്പു കണ്ട ടെറി സഹോ​ദരൻ പറയുന്നു: “എനിക്കു കിട്ടിയ ഓരോ നിയമ​ന​വും ഞാൻ ശ്രദ്ധ​യോ​ടെ ചെയ്‌തു.” ഇത്രയും കാലത്തെ മുഴു​സ​മ​യ​സേ​വ​ന​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം ഇങ്ങനെ പറയുന്നു: “സങ്കട​പ്പെ​ടാൻ ഒരു കാരണ​വു​മില്ല. മധുരി​ക്കുന്ന ഓർമകൾ മാത്രം.”

യഹോ​വ​യു​ടെ സേവന​ത്തിൽ നമ്മുടെ നിയമനം ഏതായാ​ലും നമ്മൾ ‘ദൈവ​ത്തി​ന്റെ സഹപ്ര​വർത്ത​ക​രാണ്‌.’ അതാണു നമ്മുടെ നിയമനം മൂല്യ​മു​ള്ള​താ​ക്കു​ന്നത്‌. ആ ബഹുമ​തി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു കൂടുതൽ സന്തോ​ഷ​മു​ള്ള​വ​രാ​കാൻ നമ്മളെ സഹായി​ക്കും. (1 കൊരി. 3:9) വില​യേ​റിയ ഒരു വസ്‌തു നമ്മൾ എപ്പോ​ഴും വൃത്തി​യാ​യി സൂക്ഷി​ക്കു​ക​യാ​ണെ​ങ്കിൽ അത്‌ എന്നും പുതി​യ​തു​പോ​ലെ​യി​രി​ക്കും. അതു​പോ​ലെ, യഹോ​വ​യു​ടെ​കൂ​ടെ പ്രവർത്തി​ക്കുക എന്ന മഹത്തായ പദവി​യെ​ക്കു​റിച്ച്‌ പതിവാ​യി ചിന്തി​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ എന്നും സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും. നമ്മുടെ ശ്രമങ്ങളെ മറ്റുള്ള​വ​രു​ടെ ശ്രമങ്ങ​ളു​മാ​യി നമ്മൾ ഒരിക്ക​ലും താരത​മ്യം ചെയ്യില്ല. യഹോവ നമുക്കു നൽകി​യി​രി​ക്കുന്ന നിയമനം മറ്റുള്ള​വ​രു​ടേ​തി​നെ​ക്കാൾ വിലകു​റ​ഞ്ഞ​താ​ണെന്നു ചിന്തി​ക്കു​ക​യു​മില്ല.—ഗലാ. 6:4.

ആത്മീയ​കാ​ര്യ​ങ്ങ​ളിൽ ശ്രദ്ധ പതിപ്പി​ക്കു​ക

തന്റെ ശുശ്രൂഷ അധികം കാലം നീണ്ടു​നിൽക്കി​ല്ലെന്നു യോഹ​ന്നാന്‌ അറിയാ​മാ​യി​രു​ന്നെന്നു തോന്നു​ന്നു. (യോഹ. 3:30) പക്ഷേ ഇത്ര പെട്ടെന്ന്‌ അവസാ​നി​ക്കു​മെന്ന്‌ അദ്ദേഹം ഒട്ടും ചിന്തി​ച്ചു​കാ​ണില്ല. എന്താണു സംഭവി​ച്ചത്‌? യേശു സ്‌നാ​ന​മേ​റ്റിട്ട്‌ ആറു മാസം കഴിഞ്ഞ്‌, എ.ഡി. 30-ൽ ഹെരോദ്‌ രാജാവ്‌ യോഹ​ന്നാ​നെ തടവി​ലാ​ക്കി. അപ്പോ​ഴും യോഹ​ന്നാൻ പഠിപ്പി​ക്കു​ന്നതു നിറു​ത്തി​യില്ല. (മർക്കോ. 6:17-20) ഈ മാറ്റങ്ങ​ളു​ടെ സമയത്തും സന്തോഷം നിലനി​റു​ത്താൻ എന്താണ്‌ അദ്ദേഹത്തെ സഹായി​ച്ചത്‌? യോഹ​ന്നാൻ ആത്മീയ​കാ​ര്യ​ങ്ങ​ളിൽ ശ്രദ്ധ പതിപ്പി​ച്ചു.

യോഹ​ന്നാൻ ജയിലി​ലാ​യി​രു​ന്ന​പ്പോൾ, യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ വളർച്ച​യെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ അറിയു​ന്നു​ണ്ടാ​യി​രു​ന്നു. (മത്താ. 11:2; ലൂക്കോ. 7:18) യേശു​വാ​ണു മിശി​ഹ​യെന്നു യോഹ​ന്നാന്‌ ഉറപ്പാ​യി​രു​ന്നു. പക്ഷേ മിശിഹ ചെയ്യു​മെന്നു തിരു​വെ​ഴു​ത്തു​കൾ പറയുന്ന എല്ലാ കാര്യ​ങ്ങ​ളും യേശു എങ്ങനെ നിറ​വേ​റ്റു​മെന്നു യോഹ​ന്നാൻ ചിന്തി​ച്ചു​പോ​യി​രി​ക്കാം. മിശിഹ രാജാ​വാ​കു​മെന്നു പറഞ്ഞി​ട്ടുണ്ട്‌. അതു​കൊണ്ട്‌ യേശു​വി​ന്റെ ഭരണം ഉടനെ ആരംഭി​ക്കു​മോ? അങ്ങനെ​യെ​ങ്കിൽ തനിക്ക്‌ ഉടനെ ജയിലിൽനിന്ന്‌ മോചനം കിട്ടു​മോ? യേശു ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ യോഹ​ന്നാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ യോഹ​ന്നാൻ തന്റെ ശിഷ്യ​ന്മാ​രിൽ രണ്ടു പേരെ യേശു​വി​ന്റെ അടു​ത്തേക്ക്‌ ഇങ്ങനെ ഒരു ചോദ്യ​വു​മാ​യി അയച്ചു: “വരാനി​രി​ക്കു​ന്ന​യാൾ അങ്ങുത​ന്നെ​യാ​ണോ, അതോ ഇനി മറ്റൊ​രാ​ളെ ഞങ്ങൾ കാത്തി​രി​ക്ക​ണോ?” (ലൂക്കോ. 7:19) ആ ശിഷ്യ​ന്മാർ യേശു​വി​ന്റെ അടുക്കൽനിന്ന്‌ തിരി​ച്ചു​വന്ന്‌ യേശു നടത്തിയ അത്ഭുത​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം യോഹ​ന്നാ​നോ​ടു പറഞ്ഞു. അവർ പറഞ്ഞ കാര്യ​ങ്ങൾക്കു യോഹ​ന്നാൻ നല്ല ശ്രദ്ധ കൊടു​ത്തി​ട്ടു​ണ്ടാ​കും. യേശു കൊടുത്ത സന്ദേശ​വും അവർ യോഹ​ന്നാ​നെ അറിയി​ച്ചു: “അന്ധർ കാണുന്നു, മുടന്തർ നടക്കുന്നു, കുഷ്‌ഠ​രോ​ഗി​കൾ ശുദ്ധരാ​കു​ന്നു, ബധിരർ കേൾക്കു​ന്നു, മരിച്ചവർ ഉയിർത്തെ​ഴു​ന്നേൽക്കു​ന്നു, ദരി​ദ്ര​രോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു.”—ലൂക്കോ. 7:20-22.

ശിഷ്യ​ന്മാർ പറഞ്ഞ കാര്യങ്ങൾ യോഹ​ന്നാ​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു എന്നതിൽ സംശയ​മില്ല. മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവചനങ്ങൾ യേശുവിൽ നിറ​വേ​റു​ന്നു​ണ്ടെന്ന്‌ ഇതു യോഹ​ന്നാ​നു ഉറപ്പു കൊടു​ത്തു. യേശു യോഹ​ന്നാ​നെ ജയിലിൽനിന്ന്‌ മോചി​പ്പി​ക്കി​ല്ലാ​യി​രു​ന്നു. എങ്കിലും തന്റെ ശുശ്രൂഷ വെറു​തേ​യാ​യി​ല്ലെന്നു യോഹ​ന്നാ​നു മനസ്സി​ലാ​യി. സാഹച​ര്യ​ങ്ങൾ മോശ​മാ​യി​രു​ന്നെ​ങ്കി​ലും, ഇതു സന്തോ​ഷി​ക്കാൻ യോഹ​ന്നാ​നു വക നൽകി.

ലോകമെങ്ങും നടക്കുന്ന പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ നല്ല റിപ്പോർട്ടു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു സന്തോഷം നിലനി​റു​ത്താൻ നമ്മളെ സഹായി​ക്കും

യോഹ​ന്നാ​നെ​പ്പോ​ലെ, ആത്മീയ​കാ​ര്യ​ങ്ങ​ളിൽ ശ്രദ്ധ പതിപ്പി​ക്കു​ന്നെ​ങ്കിൽ നമുക്കു സന്തോ​ഷ​ത്തോ​ടെ​യും ക്ഷമയോ​ടെ​യും സഹിച്ചു​നിൽക്കാൻ കഴിയും. (കൊലോ. 1:9-11) ബൈബിൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നമുക്ക്‌ ഇതു ചെയ്യാം. ദൈവ​ത്തി​നു​വേണ്ടി നമ്മൾ ചെയ്യുന്ന ഏതു സേവന​ത്തി​നും വിലയു​ണ്ടെന്ന്‌ അറിയാൻ ഇതു നമ്മളെ സഹായി​ക്കും. (1 കൊരി. 15:58) സാന്ദ്ര സഹോ​ദരി പറയുന്നു: “എല്ലാ ദിവസ​വും ബൈബി​ളിൽനിന്ന്‌ ഒരു അധ്യായം വായി​ക്കു​ന്നത്‌ യഹോ​വ​യോട്‌ അടുക്കാൻ എന്നെ സഹായി​ച്ചു. എന്നെക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നു പകരം യഹോ​വ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ അത്‌ എന്നെ സഹായി​ക്കു​ന്നു.” ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള റിപ്പോർട്ടു​കൾ ശ്രദ്ധി​ക്കു​ന്നതു നമ്മളെ​ക്കു​റി​ച്ചു​തന്നെ ചിന്തി​ക്കു​ന്ന​തി​നു പകരം യഹോവ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ മനസ്സ്‌ അർപ്പി​ക്കാൻ നമ്മളെ സഹായി​ക്കും. സാന്ദ്ര സഹോ​ദരി പറയുന്നു: “JW പ്രക്ഷേ​പ​ണ​ത്തി​ലെ പ്രതി​മാസ പരിപാ​ടി​കൾ കാണു​ന്നതു സംഘട​ന​യോ​ടു കൂടുതൽ അടുത്തു​നിൽക്കു​ന്നെന്നു തോന്നാൻ ഇടയാ​ക്കു​ന്നു. നിയമ​ന​ത്തി​ലെ സന്തോഷം നിലനി​റു​ത്താ​നും അതു സഹായി​ക്കു​ന്നു.”

‘ഏലിയ​യു​ടെ ആത്മാ​വോ​ടും ശക്തി​യോ​ടും’ കൂടെ​യാ​ണു യോഹ​ന്നാൻ ചുരു​ങ്ങിയ കാലത്തെ തന്റെ ശുശ്രൂഷ നടത്തി​യത്‌. ഏലിയ​യെ​പ്പോ​ലെ, “നമ്മു​ടേ​തു​പോ​ലുള്ള വികാ​ര​ങ്ങ​ളുള്ള ഒരു മനുഷ്യ​നാ​യി​രു​ന്നു” സ്‌നാ​പ​ക​യോ​ഹ​ന്നാൻ. (ലൂക്കോ. 1:17; യാക്കോ. 5:17) യോഹ​ന്നാ​നെ​പ്പോ​ലെ വിലമ​തി​പ്പു​ള്ള​വ​രാ​യി​രി​ക്കുക. ആത്മീയ​കാ​ര്യ​ങ്ങ​ളിൽ ശ്രദ്ധ പതിപ്പി​ക്കുക. അങ്ങനെ​യെ​ങ്കിൽ എന്തുതന്നെ സംഭവി​ച്ചാ​ലും രാജ്യ​സേ​വ​ന​ത്തിൽ നമുക്കു സന്തോ​ഷ​ത്തോ​ടെ തുടരാൻ കഴിയും.