വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 17

യഹോ​വ​യു​ടെ സഹായം സ്വീക​രി​ക്കുക, ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കുക

യഹോ​വ​യു​ടെ സഹായം സ്വീക​രി​ക്കുക, ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കുക

‘നമ്മുടെ പോരാ​ട്ടം സ്വർഗീ​യ​സ്ഥ​ല​ങ്ങ​ളി​ലെ ദുഷ്ടാ​ത്മ​സേ​ന​ക​ളോ​ടാണ്‌.’—എഫെ. 6:12.

ഗീതം 55 അവരെ ഭയപ്പെ​ടേണ്ടാ!

പൂർവാവലോകനം *

1. എഫെസ്യർ 6:10-13-ൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, യഹോവ നമ്മളോ​ടു ഹൃദ​യോ​ഷ്‌മ​ള​മായ സ്‌നേഹം കാണി​ക്കുന്ന ഒരു പ്രധാ​ന​പ്പെട്ട വിധം ഏതാണ്‌? വിശദീ​ക​രി​ക്കുക.

യഹോവ നമ്മളോ​ടു പല വിധങ്ങ​ളിൽ ഹൃദ​യോ​ഷ്‌മ​ള​മായ സ്‌നേഹം കാണി​ക്കു​ന്നു. അതിൽ ഒരു പ്രധാ​ന​പ്പെട്ട വിധം നമ്മുടെ ശത്രു​ക്കളെ ചെറു​ത്തു​നിൽക്കാൻ സഹായി​ക്കു​ന്ന​താണ്‌. സാത്താ​നും ഭൂതങ്ങ​ളും ആണ്‌ നമ്മുടെ മുഖ്യ​ശ​ത്രു​ക്കൾ. യഹോവ ഈ ശത്രു​ക്ക​ളെ​പ്പറ്റി നമുക്കു മുന്നറി​യി​പ്പു തരുന്നു. അവരെ ചെറു​ത്തു​നിൽക്കാൻ ആവശ്യ​മായ സഹായ​വും തരുന്നു. (എഫെസ്യർ 6:10-13 വായി​ക്കുക.) യഹോ​വ​യു​ടെ സഹായം സ്വീക​രി​ക്കു​ക​യും യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കു​ക​യും ചെയ്‌താൽ നമുക്കു സാത്താനെ ഉറപ്പാ​യും ചെറു​ത്തു​നിൽക്കാൻ കഴിയും. അപ്പോ​സ്‌ത​ല​നായ പൗലോ​സി​നു​ണ്ടാ​യി​രുന്ന അതേ ഉറപ്പു നമുക്കു​മു​ണ്ടാ​യി​രി​ക്കാം. അദ്ദേഹം എഴുതി: “ദൈവം നമ്മുടെ പക്ഷത്തു​ണ്ടെ​ങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാ​നാ​കും?”—റോമ. 8:31.

2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും കുറിച്ച്‌ ചിന്തിച്ച്‌ അധികം സമയം കളയില്ല. യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​ന്ന​തി​ലും യഹോ​വയെ സേവി​ക്കു​ന്ന​തി​ലും മുഴു​കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. (സങ്കീ. 25:5) എങ്കിലും സാത്താൻ നമ്മളെ പറ്റിക്കാ​തി​രി​ക്ക​ണ​മെ​ങ്കിൽ, അവൻ പ്രവർത്തി​ക്കുന്ന അടിസ്ഥാ​ന​വി​ധങ്ങൾ നമ്മൾ അറിഞ്ഞി​രി​ക്കണം. (2 കൊരി. 2:11, അടിക്കു​റിപ്പ്‌) സാത്താ​നും ഭൂതങ്ങ​ളും മനുഷ്യ​രെ വഴി​തെ​റ്റി​ക്കാൻ ശ്രമി​ക്കുന്ന ഒരു പ്രധാ​ന​പ്പെട്ട വിധം ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും. അവരെ വിജയ​ക​ര​മാ​യി ചെറു​ത്തു​നിൽക്കാൻ നമുക്ക്‌ എങ്ങനെ കഴിയു​മെ​ന്നും പഠിക്കും.

എങ്ങനെ​യാ​ണു ദുഷ്ടാത്മാക്കൾ മനുഷ്യരെ വഴി​തെ​റ്റി​ക്കു​ന്നത്‌?

3-4. (എ) എന്താണു ഭൂതവി​ദ്യ? (ബി) ഭൂതവി​ദ്യ​യി​ലുള്ള വിശ്വാ​സം എത്ര വ്യാപ​ക​മാണ്‌?

3 മനുഷ്യ​രെ വഴി​തെ​റ്റി​ക്കാൻ സാത്താ​നും ഭൂതങ്ങ​ളും ഉപയോ​ഗി​ക്കുന്ന പ്രധാ​ന​പ്പെട്ട ഒരു വിധം ഭൂതവി​ദ്യ​യാണ്‌. സാധാ​ര​ണ​ഗ​തി​യിൽ മനുഷ്യർക്ക്‌ അറിയാ​നോ നിയ​ന്ത്രി​ക്കാ​നോ കഴിയാത്ത കാര്യങ്ങൾ തങ്ങൾക്കു കഴിയു​മെന്നു ഭൂതവി​ദ്യ​യിൽ ഏർപ്പെ​ടു​ന്നവർ അവകാ​ശ​പ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ജ്യോ​തി​ഷ​ത്തി​ലൂ​ടെ തങ്ങൾക്കു ഭാവി അറിയാൻ പറ്റു​മെന്നു ചിലർ പറയുന്നു. മറ്റു ചിലർ മരിച്ച​വ​രോ​ടു സംസാ​രി​ക്കു​ന്ന​താ​യി നടി​ച്ചേ​ക്കാം. ചിലർ മന്ത്രവാ​ദ​ത്തി​ലും മാജി​ക്കി​ലും ഏർപ്പെ​ടു​ന്നു. ഇക്കൂട്ടർ മറ്റൊ​രാ​ളു​ടെ മേൽ ക്ഷുദ്ര​പ്ര​യോ​ഗം നടത്തു​ക​പോ​ലും ചെയ്‌തേ​ക്കാം. *

4 ഭൂതവി​ദ്യ​യി​ലുള്ള ആളുക​ളു​ടെ വിശ്വാ​സം എത്ര​ത്തോ​ളം വ്യാപ​ക​മാണ്‌? ലാറ്റിൻ അമേരി​ക്ക​യി​ലെ​യും കരീബി​യൻ നാടു​ക​ളി​ലെ​യും 18 രാജ്യ​ങ്ങ​ളിൽ നടത്തിയ ഒരു പഠനം കാണി​ക്കു​ന്നത്‌, അവിടെ ഏകദേശം മൂന്നിൽ ഒരാൾ മാജി​ക്കി​ലും മന്ത്രവി​ദ്യ​യി​ലും ആഭിചാ​ര​ത്തി​ലും വിശ്വ​സി​ക്കു​ന്നെ​ന്നാണ്‌. ഏതാണ്ട്‌ അത്രയും​തന്നെ ആളുകൾ തങ്ങൾക്കു ആത്മവ്യ​ക്തി​ക​ളു​മാ​യി സംസാ​രി​ക്കാൻ കഴിയു​മെ​ന്നും വിശ്വ​സി​ക്കു​ന്നു. ആഫ്രി​ക്ക​യി​ലെ 18 രാജ്യ​ങ്ങ​ളിൽ നടത്തിയ ഒരു പഠനം കാണി​ക്കു​ന്നത്‌, അവി​ടെ​യുള്ള പകുതി​യി​ല​ധി​കം​വ​രുന്ന ആളുകൾക്കു മന്ത്രവാ​ദ​ത്തിൽ വിശ്വാ​സ​മു​ണ്ടെ​ന്നാണ്‌. നമ്മൾ ജീവി​ക്കു​ന്നത്‌ എവി​ടെ​യാ​യാ​ലും ഭൂതവി​ദ്യ​ക്കെ​തി​രെ ജാഗ്രത പാലി​ക്കണം. കാരണം, സാത്താൻ “ഭൂലോ​കത്തെ മുഴുവൻ” വഴി​തെ​റ്റി​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.—വെളി. 12:9.

5. യഹോ​വ​യ്‌ക്കു ഭൂതവി​ദ്യ​യെ​ക്കു​റിച്ച്‌ എന്താണു തോന്നു​ന്നത്‌?

5 യഹോവ ‘സത്യത്തി​ന്റെ ദൈവ​മാണ്‌.’ (സങ്കീ. 31:5) അതു​കൊണ്ട്‌ ഭൂതവി​ദ്യ​യെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌? യഹോ​വ​യ്‌ക്ക്‌ അതു വെറു​പ്പാണ്‌! യഹോവ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു: “മകനെ​യോ മകളെ​യോ തീയിൽ ദഹിപ്പി​ക്കു​ന്നവൻ, ഭാവി​ഫലം പറയു​ന്നവൻ, മന്ത്രവാ​ദി, ശകുനം നോക്കു​ന്നവൻ, ആഭിചാ​രകൻ, മന്ത്രവി​ദ്യ​യാൽ ആളുകളെ ദ്രോ​ഹി​ക്കു​ന്നവൻ, ആത്മാക്ക​ളു​ടെ ഉപദേശം തേടു​ന്ന​വ​ന്റെ​യോ ഭാവി പറയു​ന്ന​വ​ന്റെ​യോ സഹായം തേടു​ന്നവൻ, മരിച്ച​വ​രോട്‌ ഉപദേശം തേടു​ന്നവൻ എന്നിങ്ങ​നെ​യു​ള്ളവർ നിങ്ങൾക്കി​ട​യിൽ കാണരുത്‌. ഇക്കാര്യ​ങ്ങൾ ചെയ്യു​ന്ന​വരെ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌.” (ആവ. 18:10-12) യഹോവ ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ത്തി​ന്റെ കീഴിലല്ല ക്രിസ്‌ത്യാ​നി​കൾ. എങ്കിലും, ഭൂതവി​ദ്യ​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണ​ത്തി​നു മാറ്റം വന്നിട്ടി​ല്ലെന്നു നമുക്ക്‌ അറിയാം.—മലാ. 3:6.

6. (എ) ആളുകളെ ദ്രോ​ഹി​ക്കാൻ സാത്താൻ എങ്ങനെ​യാ​ണു ഭൂതവി​ദ്യ ഉപയോ​ഗി​ക്കു​ന്നത്‌? (ബി) സഭാ​പ്ര​സം​ഗകൻ 9:5 അനുസ​രിച്ച്‌ മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റി​ച്ചുള്ള സത്യം എന്താണ്‌?

6 ആളുകളെ ദ്രോ​ഹി​ക്കാ​നാ​ണു സാത്താൻ ഭൂതവി​ദ്യ ഉപയോ​ഗി​ക്കു​ന്ന​തെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. അതു​കൊ​ണ്ടാണ്‌ യഹോവ ഭൂതവി​ദ്യ​ക്കെ​തി​രെ നമുക്കു മുന്നറി​യി​പ്പു തരുന്നത്‌. മരിച്ചവർ മറ്റേതോ മണ്ഡലത്തിൽ ജീവി​ക്കു​ന്നു എന്നതു​പോ​ലുള്ള നുണകൾ പ്രചരി​പ്പി​ക്കാൻ സാത്താൻ ഭൂതവി​ദ്യ ഉപയോ​ഗി​ക്കു​ന്നു. (സഭാ​പ്ര​സം​ഗകൻ 9:5 വായി​ക്കുക.) ആളുകളെ ഭയത്തിന്റെ പിടി​യി​ല​മർത്താ​നും യഹോ​വ​യിൽനിന്ന്‌ അകറ്റാ​നും സാത്താൻ ഭൂതവി​ദ്യ ഉപയോ​ഗി​ക്കു​ന്നു. ഭൂതവി​ദ്യ​യിൽ ഏർപ്പെ​ടു​ന്നവർ യഹോ​വ​യ്‌ക്കു പകരം ദുഷ്ടാ​ത്മാ​ക്ക​ളിൽ ആശ്രയി​ക്കും എന്നു സാത്താന്‌ അറിയാം. അതിനുള്ള പദ്ധതി​യാണ്‌ ഇത്‌.

നമുക്ക്‌ എങ്ങനെ ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കാം?

7. യഹോവ നമുക്ക്‌ എന്തു പറഞ്ഞു​ത​രു​ന്നു?

7 നേരത്തേ പറഞ്ഞതു​പോ​ലെ, സാത്താ​നും ഭൂതങ്ങ​ളും നമ്മളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കാൻ അറിയേണ്ട കാര്യങ്ങൾ യഹോവ നമുക്കു പറഞ്ഞു​ത​രു​ന്നുണ്ട്‌. അവർക്ക്‌ എതിരെ പോരാ​ടാൻ നമുക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ നോക്കാം.

8. (എ) ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കാൻ കഴിയുന്ന പ്രധാ​ന​വി​ധം ഏതാണ്‌? (ബി) സങ്കീർത്തനം 146:4 മരിച്ച​വ​രെ​ക്കു​റി​ച്ചുള്ള സത്യം തുറന്നു​കാ​ട്ടു​ന്നത്‌ എങ്ങനെ?

8 ദൈവ​വ​ചനം വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യുക. ദുഷ്ടാ​ത്മാ​ക്കൾ പ്രചരി​പ്പി​ക്കുന്ന നുണകൾ തള്ളിക്ക​ള​യാ​നുള്ള ഒരു പ്രധാ​ന​വി​ധ​മാണ്‌ ഇത്‌. സാത്താൻ ഉന്നമി​പ്പി​ക്കുന്ന നുണകൾ തുറന്ന്‌ കാട്ടുന്ന മൂർച്ച​യുള്ള ഒരു വാളു​പോ​ലെ​യാ​ണു ദൈവ​വ​ചനം. (എഫെ. 6:17) ഉദാഹ​ര​ണ​ത്തിന്‌, മരിച്ച​വർക്കു ജീവി​ച്ചി​രി​ക്കു​ന്ന​വ​രു​മാ​യി ആശയവി​നി​മയം ചെയ്യാൻ കഴിയു​മെന്നു പറയു​ന്നതു നുണയാ​ണെന്നു ദൈവ​വ​ചനം വെളി​പ്പെ​ടു​ത്തു​ന്നു. (സങ്കീർത്തനം 146:4 വായി​ക്കുക.) യഹോ​വ​യ്‌ക്കു മാത്രമേ ഭാവി കൃത്യ​മാ​യി മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയൂ എന്നും ബൈബിൾ ഓർമി​പ്പി​ക്കു​ന്നു. (യശ. 45:21; 46:10) ക്രമമാ​യി ദൈവ​വ​ചനം വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്‌താൽ നമ്മൾ വിശ്വ​സി​ക്ക​ണ​മെന്നു ദുഷ്ടാ​ത്മാ​ക്കൾ ആഗ്രഹി​ക്കുന്ന നുണകൾ തള്ളിക്ക​ള​യാ​നും വെറു​ക്കാ​നും നമുക്കു കഴിയും.

9. ഭൂതവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട ഏതെല്ലാം നടപടി​ക​ളാ​ണു നമ്മൾ ഒഴിവാ​ക്കേ​ണ്ടത്‌?

9 ഭൂതവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട യാതൊ​ന്നും ചെയ്യാ​തി​രി​ക്കുക. ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ ഭൂതവി​ദ്യ​യു​ടെ എല്ലാ രൂപങ്ങ​ളും ഒഴിവാ​ക്കും. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ ആത്മാക്ക​ളു​ടെ ഉപദേശം തേടു​ന്ന​വരെ സമീപി​ക്കു​ക​യോ മരിച്ച​വ​രു​മാ​യി മറ്റ്‌ ഏതെങ്കി​ലും വിധത്തിൽ ആശയവി​നി​മയം ചെയ്യാൻ ശ്രമി​ക്കു​ക​യോ ഇല്ല. കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ച​തു​പോ​ലെ, മരിച്ചവർ എവി​ടെ​യോ ജീവി​ച്ചി​രി​പ്പു​ണ്ടെന്ന വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ നടത്തുന്ന മരണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ളിൽനിന്ന്‌ നമ്മൾ മാറി​നിൽക്കും. ഭാവി അറിയാ​നാ​യി ജ്യോ​തി​ഷ​ക്കാ​രു​ടെ​യോ ഭാവി​ഫലം പറയു​ന്ന​വ​രു​ടെ​യോ അടുത്ത്‌ നമ്മൾ പോകില്ല. (യശ. 8:19) അത്തരത്തി​ലുള്ള എല്ലാ നടപടി​ക​ളും അപകടം ചെയ്യു​ന്ന​താ​ണെന്നു നമുക്ക്‌ അറിയാം. അവയിൽ ഏർപ്പെ​ട്ടാൽ സാത്താ​നും ഭൂതങ്ങ​ളും ആയി നേരിട്ട്‌ സമ്പർക്ക​ത്തിൽ വരാൻ നമ്മൾ അവസരം കൊടു​ക്കു​ക​യാ​യി​രി​ക്കും.

ഭൂതവിദ്യയുമായി ബന്ധപ്പെട്ട വസ്‌തു​ക്കൾ ഉപേക്ഷിച്ചുകൊണ്ടും അത്തരം വിനോ​ദങ്ങൾ തള്ളിക്ക​ള​ഞ്ഞു​കൊ​ണ്ടും ആദ്യകാ​ലത്തെ ക്രിസ്‌ത്യാ​നി​കളെ അനുക​രി​ക്കു​ക (10-12 ഖണ്ഡികകൾ കാണുക)

10-11. (എ) സത്യം പഠിച്ച​പ്പോൾ ഒന്നാം നൂറ്റാ​ണ്ടി​ലെ ചിലർ എന്താണു ചെയ്‌തത്‌? (ബി) 1 കൊരി​ന്ത്യർ 10:21 അനുസ​രിച്ച്‌, നമ്മൾ ആദ്യകാ​ലത്തെ ക്രിസ്‌ത്യാ​നി​ക​ളു​ടെ മാതൃക അനുക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌, നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

10 ഭൂതവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട വസ്‌തു​ക്കൾ ഉപേക്ഷി​ക്കുക. ഒന്നാം നൂറ്റാ​ണ്ടിൽ എഫെ​സൊ​സിൽ ജീവി​ച്ചി​രുന്ന ചില ആളുകൾ ഭൂതവി​ദ്യ​യിൽ ഏർപ്പെ​ട്ടി​രു​ന്നു. സത്യം പഠിച്ച​പ്പോൾ സത്വരം അവർ നടപടി സ്വീക​രി​ച്ചു. “മന്ത്ര​പ്ര​യോ​ഗങ്ങൾ നടത്തി​യി​രുന്ന ധാരാളം പേർ അവരുടെ പുസ്‌ത​ക​ങ്ങ​ളെ​ല്ലാം കൊണ്ടു​വന്ന്‌ എല്ലാവ​രു​ടെ​യും മുന്നിൽവെച്ച്‌ കത്തിച്ചു​ക​ളഞ്ഞു.” (പ്രവൃ. 19:19) ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കുക എന്നത്‌ അവർ വളരെ ഗൗരവ​മാ​യെ​ടു​ത്തു. മന്ത്രവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട അവരുടെ പുസ്‌ത​കങ്ങൾ നല്ല വിലയു​ള്ള​താ​യി​രു​ന്നു. എന്നാൽ അവർ ആ പുസ്‌ത​കങ്ങൾ ഉപേക്ഷി​ക്കു​ക​യോ ആർക്കെ​ങ്കി​ലും വിൽക്കു​ക​യോ അല്ല ചെയ്‌തത്‌. അവർ അതു നശിപ്പി​ച്ചു​ക​ളഞ്ഞു. ആ പുസ്‌ത​ക​ങ്ങ​ളു​ടെ വിലയ​ല്ലാ​യി​രു​ന്നു അവർക്കു പ്രധാനം. എങ്ങനെ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാം എന്നതാ​യി​രു​ന്നു അവരുടെ മുഖ്യ​ചിന്ത.

11 ഒന്നാം നൂറ്റാ​ണ്ടി​ലെ ആ ക്രിസ്‌ത്യാ​നി​ക​ളു​ടെ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? ഭൂതവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട്‌ നമ്മുടെ കൈവശം കണ്ടേക്കാ​വുന്ന എല്ലാം ഉപേക്ഷി​ക്കു​ന്നതു ജ്ഞാനമാ​യി​രി​ക്കും. അതിൽ ദുഷ്ടാ​ത്മാ​ക്ക​ളിൽനിന്ന്‌ സ്വയം സംരക്ഷി​ക്കാൻ ആളുകൾ ധരിക്കു​ക​യോ സൂക്ഷി​ക്കു​ക​യോ ചെയ്യാ​റുള്ള ലോക്ക​റ്റു​ക​ളും ചരടു​ക​ളും തകിടു​ക​ളും പോലുള്ള വസ്‌തു​ക്കൾ ഉൾപ്പെ​ടു​ന്നുണ്ട്‌.—1 കൊരി​ന്ത്യർ 10:21 വായി​ക്കുക.

12. വിനോ​ദ​ത്തി​ന്റെ കാര്യ​ത്തിൽ നമ്മൾ ഏതു ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കണം?

12 വിനോ​ദം ശ്രദ്ധ​യോ​ടെ തിര​ഞ്ഞെ​ടു​ക്കുക. സ്വയം ചോദി​ക്കുക: ‘ഭൂതവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട പുസ്‌ത​ക​ങ്ങ​ളോ മാസി​ക​ക​ളോ ലേഖന​ങ്ങ​ളോ ഇന്റർനെ​റ്റിൽ ഞാൻ വായി​ക്കാ​റു​ണ്ടോ? ഞാൻ കേൾക്കുന്ന പാട്ടു​ക​ളു​ടെ​യും കാണുന്ന ടിവി പരിപാ​ടി​ക​ളു​ടെ​യും ചലച്ചി​ത്ര​ങ്ങ​ളു​ടെ​യും കാര്യ​മോ? ഞാൻ കളിക്കുന്ന വീഡി​യോ ഗെയി​മു​കൾ എങ്ങനെ​യു​ള്ള​താണ്‌? ഞാൻ ഏർപ്പെ​ടുന്ന ഏതെങ്കി​ലും വിനോ​ദ​ത്തിൽ ഭൂതവി​ദ്യ ഉൾപ്പെ​ടു​ന്നു​ണ്ടോ? രക്തരക്ഷ​സ്സു​ക​ളും പ്രേത​ങ്ങ​ളും അതീ​ന്ദ്രീ​യ​ശ​ക്തി​ക​ളും ഒക്കെ ഉൾപ്പെ​ടു​ന്ന​താ​ണോ അവ? ഒരു ദോഷ​വും ചെയ്യാത്ത നേരം​പോ​ക്കാ​യി​ട്ടാ​ണോ മാജി​ക്കി​നെ​യും മന്ത്ര​പ്ര​യോ​ഗ​ത്തെ​യും അവയിൽ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌?’ എല്ലാ കഥകളും ഭാവനാ​സൃ​ഷ്ടി​ക​ളും ഭൂതവി​ദ്യ​യു​മാ​യി ബന്ധമു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്നില്ല എന്നതു ശരിയാണ്‌. എന്തുത​ന്നെ​യാ​യാ​ലും യഹോവ വെറു​ക്കുന്ന എല്ലാത്തിൽനി​ന്നും അകന്ന്‌ നിൽക്കു​ന്ന​തി​നു നിങ്ങളെ സഹായി​ക്കുന്ന വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കാൻ ഉറച്ച തീരു​മാ​ന​മെ​ടു​ക്കുക. നമ്മുടെ ദൈവ​ത്തി​ന്റെ മുമ്പാകെ “ശുദ്ധമായ ഒരു മനസ്സാക്ഷി” കാത്തു​സൂ​ക്ഷി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു.—പ്രവൃ. 24:16. *

13. എന്തു ചെയ്യു​ന്നതു നമ്മൾ ഒഴിവാ​ക്കണം?

13 ഭൂതങ്ങ​ളെ​ക്കു​റിച്ച്‌ കഥകൾ പറയു​ന്നത്‌ ഒഴിവാ​ക്കുക. ഇക്കാര്യ​ത്തിൽ യേശു​വി​ന്റെ മാതൃക നമുക്ക്‌ അനുക​രി​ക്കാം. (1 പത്രോ. 2:21) ഭൂമി​യിൽ വരുന്ന​തി​നു മുമ്പ്‌ യേശു സ്വർഗ​ത്തി​ലാ​യി​രു​ന്നു, സാത്താ​നെ​യും ഭൂതങ്ങ​ളെ​യും കുറിച്ച്‌ ധാരാളം കാര്യങ്ങൾ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ ആ ദുഷ്ടാ​ത്മാ​ക്കൾ ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള കഥകൾ യേശു പറഞ്ഞില്ല. യഹോ​വ​യു​ടെ ഒരു സാക്ഷി​യാ​യി​രി​ക്കാ​നാ​ണു യേശു ആഗ്രഹി​ച്ചത്‌. അല്ലാതെ സാത്താ​നെ​ക്കു​റിച്ച്‌ പരസ്യം ചെയ്യുന്ന ഒരു ഏജന്റ്‌ ആകാനല്ല. യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌, നമുക്കു ഭൂതങ്ങ​ളെ​ക്കു​റി​ച്ചുള്ള കഥകൾ പറഞ്ഞു​പ​ര​ത്താ​തി​രി​ക്കാം. പകരം, നമ്മുടെ വാക്കു​ക​ളാൽ, “നല്ലൊരു കാര്യം,” അതായത്‌ സത്യം, നമ്മുടെ “ഹൃദയത്തെ ആവേശ​ഭ​രി​ത​മാ​ക്കു​ന്നു” എന്നു തെളി​യി​ക്കാം.—സങ്കീ. 45:1.

ദുഷ്ടാത്മാക്കളെ നമ്മൾ പേടി​ക്കേ​ണ്ട​തില്ല. യഹോ​വ​യും യേശു​വും ദൂതന്മാ​രും അവരെ​ക്കാ​ളെ​ല്ലാം വളരെ ശക്തരാണ്‌ (14, 15 ഖണ്ഡികകൾ കാണുക) *

14-15. (എ) ദുഷ്ടാ​ത്മാ​ക്ക​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ നമ്മൾ ഭയപ്പെ​ടേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) യഹോവ തന്റെ ജനത്തെ സംരക്ഷി​ക്കു​ന്നു എന്നതിന്‌ എന്തു തെളി​വുണ്ട്‌?

14 ദുഷ്ടാ​ത്മാ​ക്കളെ പേടി​ക്ക​രുത്‌. ഇന്നത്തെ ലോക​ത്തിൽ, മോശ​മായ പല കാര്യ​ങ്ങ​ളും നമുക്കു സംഭവി​ച്ചേ​ക്കാം. അപകട​ങ്ങ​ളും രോഗ​ങ്ങ​ളും മരണം​പോ​ലും അപ്രതീ​ക്ഷി​ത​മാ​യി കടന്നു​വ​ന്നേ​ക്കാം. എന്നാൽ ഇതി​നെ​ല്ലാം ഉത്തരവാ​ദി​കൾ ദുഷ്ടാ​ത്മാ​ക്ക​ളാ​ണെന്നു നമ്മൾ ചിന്തി​ക്ക​ണോ? “സമയവും അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങ​ളും” ആരെ വേണ​മെ​ങ്കി​ലും പിടി​കൂ​ടി​യേ​ക്കാം എന്നു ബൈബിൾ പറയുന്നു. (സഭാ. 9:11) ഭൂതങ്ങ​ളെ​ക്കാ​ളെ​ല്ലാം വളരെ ശക്തനാ​ണെന്ന്‌ യഹോവ തെളി​യി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഇയ്യോ​ബി​നെ കൊല്ലാൻ യഹോവ സാത്താനെ അനുവ​ദി​ച്ചില്ല. (ഇയ്യോ. 2:6) മോശ​യു​ടെ കാലത്ത്‌, ഈജി​പ്‌തി​ലെ മന്ത്രവാ​ദി​ക​ളായ പുരോ​ഹി​ത​ന്മാ​രെ​ക്കാൾ ശക്തനാണു താനെന്ന്‌ യഹോവ കാണിച്ചു. (പുറ. 8:18; 9:11) യഹോ​വ​യിൽനിന്ന്‌ അധികാ​രം ലഭിച്ച യേശു സാത്താ​നെ​യും ഭൂതങ്ങ​ളെ​യും സ്വർഗ​ത്തിൽനിന്ന്‌ ഭൂമി​യി​ലേക്കു തള്ളിയി​ട്ടു​കൊണ്ട്‌ അവരുടെ മേലുള്ള ശക്തി തെളി​യി​ച്ചു. പെട്ടെ​ന്നു​തന്നെ, അവരെ അഗാധ​ത്തി​ലേക്ക്‌ എറിയും. അവിടെ അവർക്ക്‌ ആരെയും ദ്രോ​ഹി​ക്കാ​നാ​കില്ല.—വെളി. 12:9; 20:2, 3.

15 ഇന്ന്‌ യഹോവ തന്റെ ജനത്തെ സംരക്ഷി​ക്കു​ന്ന​തി​ന്റെ ധാരാളം തെളി​വു​കൾ നമുക്കു കാണാം. ചിന്തി​ക്കുക: നമ്മൾ ഭൂമി​യു​ടെ എല്ലാ ഭാഗങ്ങ​ളി​ലും സത്യം പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യുന്നു. (മത്താ. 28:19, 20) അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ പിശാ​ചി​ന്റെ ദുഷ്‌ചെ​യ്‌തി​കൾ തുറന്നു​കാ​ട്ടു​ക​യാണ്‌. സാത്താനു കഴിയു​മാ​യി​രു​ന്നെ​ങ്കിൽ, ഉറപ്പാ​യും അവൻ നമ്മുടെ എല്ലാ പ്രവർത്ത​ന​ങ്ങ​ളും തടഞ്ഞേനേ. പക്ഷേ അവനു കഴിയു​ന്നില്ല. അതു​കൊണ്ട്‌ ദുഷ്ടാ​ത്മാ​ക്കളെ നമ്മൾ ഭയപ്പെ​ടേ​ണ്ട​തില്ല. “പൂർണ​ഹൃ​ദ​യ​ത്തോ​ടെ തന്നിൽ ആശ്രയി​ക്കു​ന്ന​വർക്കു​വേണ്ടി തന്റെ ശക്തി പ്രകടി​പ്പി​ക്കാൻ യഹോ​വ​യു​ടെ കണ്ണുകൾ ഭൂമി​യി​ലെ​ങ്ങും ചുറ്റി​സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു” എന്നു നമുക്ക്‌ അറിയാം. (2 ദിന. 16:9) യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​ണെ​ങ്കിൽ നമുക്കു നിലനിൽക്കുന്ന ദോഷം വരുത്തുന്ന ഒന്നും ചെയ്യാൻ ഭൂതങ്ങൾക്കു കഴിയില്ല.

യഹോ​വ​യു​ടെ സഹായം സ്വീക​രി​ക്കു​ന്ന​വർക്കുള്ള അനു​ഗ്ര​ഹ​ങ്ങൾ

16-17. ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കാൻ ധൈര്യം ആവശ്യ​മാ​ണെന്നു വ്യക്തമാ​ക്കുന്ന ഒരു അനുഭവം പറയുക.

16 ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്ക​ണ​മെ​ങ്കിൽ ധൈര്യം വേണം. ഭൂതവി​ദ്യ​യിൽ ഏർപ്പെ​ടാൻ ബന്ധുക്ക​ളും സുഹൃ​ത്തു​ക്ക​ളും നമ്മളെ നിർബ​ന്ധി​ക്കു​ന്നെ​ങ്കിൽ ഇതു വിശേ​ഷാൽ സത്യമാണ്‌. പക്ഷേ ധൈര്യം കാണി​ക്കു​ന്ന​വരെ യഹോവ അനു​ഗ്ര​ഹി​ക്കും. ഘാനയി​ലെ എറിക്ക സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ എറിക്ക​യ്‌ക്കു 21 വയസ്സാ​യി​രു​ന്നു. മന്ത്രവാ​ദം ചെയ്‌തി​രുന്ന ഒരു പുരോ​ഹി​ത​നാ​യി​രു​ന്നു എറിക്ക​യു​ടെ പിതാവ്‌. എറിക്ക​യു​ടെ വീട്ടിൽ ഭൂതവി​ദ്യാ​പ​ര​മായ ഒരു ആചാരം നിലവി​ലു​ണ്ടാ​യി​രു​ന്നു. അതനു​സ​രിച്ച്‌, ദൈവ​ങ്ങൾക്ക്‌ അർപ്പി​ച്ചി​രുന്ന മാംസം കുടും​ബാം​ഗങ്ങൾ എല്ലാവ​രും കഴിക്ക​ണ​മാ​യി​രു​ന്നു. എറിക്ക​യും അതിൽ ഉൾപ്പെ​ടാൻ കുടും​ബാം​ഗങ്ങൾ പ്രതീ​ക്ഷി​ച്ചി​രു​ന്നു. എറിക്ക അതിനു വിസമ്മ​തി​ച്ച​പ്പോൾ അതു ദൈവ​ങ്ങളെ അപമാ​നി​ക്കു​ന്ന​തി​നു തുല്യ​മാ​ണെന്നു കുടും​ബാം​ഗങ്ങൾ കരുതി. ദൈവങ്ങൾ മാനസി​ക​മോ ശാരീ​രി​ക​മോ ആയ രോഗങ്ങൾ വരുത്തി തങ്ങളെ ശിക്ഷി​ക്കു​മെന്ന്‌ അവർ ഭയപ്പെട്ടു.

17 ആ ആചാര​ത്തിൽ പങ്കെടു​ക്കാൻ കുടും​ബാം​ഗങ്ങൾ എറിക്കയെ നിർബ​ന്ധി​ച്ചു. ഇല്ലെങ്കിൽ വീട്ടിൽനിന്ന്‌ പുറത്താ​ക്കു​മെന്ന്‌ അവർ പറഞ്ഞു. എന്നിട്ടും എറിക്ക വഴങ്ങി​യില്ല. വീട്ടിൽനിന്ന്‌ ഇറങ്ങേ​ണ്ടി​വന്ന എറിക്ക​യ്‌ക്കു ചില സാക്ഷികൾ താമസി​ക്കാൻ ഇടം നൽകി. അങ്ങനെ യഹോവ ഒരു പുതിയ കുടും​ബത്തെ കൊടു​ത്തു​കൊണ്ട്‌ എറിക്കയെ അനു​ഗ്ര​ഹി​ച്ചു. സഹവി​ശ്വാ​സി​കൾ എറിക്ക​യ്‌ക്ക്‌ അക്ഷരാർഥ​ത്തിൽ സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും ആയി. (മർക്കോ. 10:29, 30) ബന്ധുക്കൾ അവളെ ഉപേക്ഷി​ക്കു​ക​യും അവളുടെ സാധന​ങ്ങ​ളെ​ല്ലാം കത്തിച്ചു​ക​ള​യു​ക​യും ചെയ്‌തെ​ങ്കി​ലും എറിക്ക യഹോ​വ​യോ​ടു വിശ്വ​സ്‌ത​യാ​യി നിന്നു. പിന്നീട്‌ എറിക്ക സ്‌നാ​ന​പ്പെട്ടു. ഇപ്പോൾ സാധാരണ മുൻനി​ര​സേ​വനം ചെയ്യുന്നു. ഭൂതങ്ങളെ അവൾ ഭയപ്പെ​ടു​ന്നില്ല. കുടും​ബ​ത്തെ​ക്കു​റിച്ച്‌ എറിക്ക പറയുന്നു: “എല്ലാ ദിവസ​വും ഞാൻ പ്രാർഥി​ക്കും, യഹോ​വയെ അറിയു​ക​യും സ്‌നേ​ഹ​വാ​നായ നമ്മുടെ ദൈവത്തെ സേവി​ക്കു​ക​യും ചെയ്യു​ന്ന​തി​ന്റെ അനു​ഗ്ര​ഹങ്ങൾ അനുഭ​വി​ച്ച​റി​യാൻ എന്റെ കുടും​ബാം​ഗ​ങ്ങൾക്കു കഴി​യേ​ണമേ എന്ന്‌.”

18. യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തി​ലൂ​ടെ നമുക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിക്കും?

18 വിശ്വാ​സ​ത്തി​ന്റെ ഇത്ര വലിയ പരി​ശോ​ധ​ന​യൊ​ന്നും നമ്മൾ നേരി​ടേ​ണ്ടി​വ​രി​ല്ലാ​യി​രി​ക്കും. എങ്കിലും നമ്മൾ എല്ലാവ​രും ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കു​ക​യും യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും വേണം. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നമുക്കു പല അനു​ഗ്ര​ഹങ്ങൾ ലഭിക്കും. സാത്താന്റെ നുണകൾ നമ്മളെ വഴി​തെ​റ്റി​ക്കില്ല. ഭൂതങ്ങളെ പേടിച്ച്‌ നമ്മൾ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തു​ക​യു​മില്ല. എല്ലാറ്റി​ലും ഉപരി, യഹോ​വ​യു​മാ​യുള്ള നമ്മുടെ അടുപ്പം കൂടുതൽ ദൃഢമാ​കും. ശിഷ്യ​നായ യാക്കോബ്‌ എഴുതി: “നിങ്ങൾ ദൈവ​ത്തി​നു കീഴ്‌പെ​ടുക. എന്നാൽ പിശാ​ചി​നോട്‌ എതിർത്തു​നിൽക്കുക. അപ്പോൾ പിശാച്‌ നിങ്ങളെ വിട്ട്‌ ഓടി​പ്പോ​കും. ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.”—യാക്കോ. 4:7, 8.

ഗീതം 150 രക്ഷയ്‌ക്കായ്‌ ദൈവത്തെ അന്വേ​ഷി​ക്കാം

^ ഖ. 5 ദുഷ്ടാ​ത്മാ​ക്ക​ളെ​യും അവർക്കു ചെയ്യാൻ കഴിയുന്ന ദ്രോ​ഹ​ത്തെ​യും കുറിച്ച്‌ യഹോവ സ്‌നേ​ഹ​പൂർവം നമുക്കു മുന്നറി​യി​പ്പു തരുന്നു. ദുഷ്ടാ​ത്മാ​ക്കൾ എങ്ങനെ​യാ​ണു മനുഷ്യ​രെ വഴി​തെ​റ്റി​ക്കാൻ ശ്രമി​ക്കു​ന്നത്‌? അവരെ ചെറു​ത്തു​നിൽക്കാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാ​നാ​കും? ദുഷ്ടാ​ത്മാ​ക്ക​ളു​ടെ സ്വാധീ​നം ഒഴിവാ​ക്കാൻ യഹോവ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ ഈ ലേഖനം ചർച്ച ചെയ്യും.

^ ഖ. 3 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: ഭൂതങ്ങ​ളു​മാ​യി ബന്ധപ്പെട്ട വിശ്വാ​സ​ങ്ങ​ളെ​യും ആചാര​ങ്ങ​ളെ​യും കുറി​ക്കാ​നാ​ണു ഭൂതവി​ദ്യ എന്ന വാക്ക്‌ ഉപയോ​ഗി​ക്കു​ന്നത്‌. മരിച്ച ആളുക​ളു​ടെ ആത്മാക്കൾ ശരീര​ത്തി​ന്റെ മരണത്തെ അതിജീ​വി​ക്കു​മെ​ന്നും ജീവി​ച്ചി​രി​ക്കു​ന്ന​വ​രു​മാ​യി അവർ ആശയവി​നി​മയം ചെയ്യു​മെ​ന്നും അതു മിക്ക​പ്പോ​ഴും ആത്മാക്ക​ളു​ടെ ഉപദേശം തേടു​ന്ന​വ​രി​ലൂ​ടെ ആയിരി​ക്കു​മെ​ന്നും ഉള്ള വിശ്വാ​സം അതിൽ ഉൾപ്പെ​ടു​ന്നു. മന്ത്രവാ​ദ​വും ജ്യോ​തി​ഷ​വും ഭൂതവി​ദ്യ​യു​ടെ ഭാഗമാണ്‌. പ്രകൃ​ത്യ​തീ​ത​ശ​ക്തി​ക​ളു​മാ​യി ബന്ധപ്പെട്ട ആചാര​ങ്ങളെ കുറി​ക്കാ​നാണ്‌ ഈ ലേഖന​ത്തിൽ മാജിക്ക്‌ എന്ന വാക്ക്‌ ഉപയോ​ഗി​ക്കു​ന്നത്‌. ക്ഷുദ്ര​പ്ര​യോ​ഗം ചെയ്യു​ന്നത്‌ അതിൽ ഉൾപ്പെ​ടു​ന്നു. എന്നാൽ ചില ആളുകൾ വിനോ​ദ​ത്തി​നു​വേണ്ടി മാത്രം ചെയ്യുന്ന, കൈ​വേ​ഗം​കൊണ്ട്‌ കാണി​ക്കുന്ന വിദ്യകൾ ഇതിന്റെ ഭാഗമല്ല.

^ ഖ. 12 വിനോദത്തിന്റെ കാര്യ​ത്തിൽ നിയമങ്ങൾ വെക്കാ​നുള്ള അധികാ​രം മൂപ്പന്മാർക്കില്ല. എന്തു വായി​ക്കണം, എന്തു കാണണം, ഏതു കളിയിൽ ഏർപ്പെ​ടണം എന്നൊക്കെ ഓരോ ക്രിസ്‌ത്യാ​നി​യും തന്റെ ബൈബിൾപ​രി​ശീ​ലിത മനസ്സാ​ക്ഷി​യു​ടെ അടിസ്ഥാ​ന​ത്തിൽ തീരു​മാ​നി​ക്കണം. ജ്ഞാനമുള്ള കുടും​ബ​നാ​ഥ​ന്മാർ, ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യി​ലാ​ണു കുടും​ബാം​ഗങ്ങൾ വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ന്ന​തെന്ന്‌ ഉറപ്പു വരുത്തും.—jw.org-ൽ വന്ന, “ചില സിനി​മകൾ കാണു​ന്ന​തും പുസ്‌ത​കങ്ങൾ വായി​ക്കു​ന്ന​തും പാട്ടുകൾ കേൾക്കു​ന്ന​തും യഹോ​വ​യു​ടെ സാക്ഷികൾ വിലക്കാ​റു​ണ്ടോ?” എന്ന ലേഖനം കാണുക. ഞങ്ങളെ​ക്കു​റിച്ച്‌ > സാധാരണ ചോദി​ക്കാ​റുള്ള ചോദ്യ​ങ്ങൾ എന്നതിനു കീഴിൽ നോക്കുക.

^ ഖ. 54 ചിത്രക്കുറിപ്പ്‌: നമ്മുടെ ശക്തനായ രാജാ​വായ യേശു ഒരു ദൂത​സൈ​ന്യ​ത്തെ നയിക്കുന്ന ചിത്രം. മുകളി​ലാ​യി യഹോ​വ​യു​ടെ സിംഹാ​സ​ന​മുണ്ട്‌.