നിങ്ങൾക്ക് അറിയാമോ?
പുരാതനകാലങ്ങളിൽ ആളുകൾ എങ്ങനെയാണു കപ്പൽയാത്ര ചെയ്തിരുന്നത്?
പൗലോസിന്റെ കാലത്ത്, യാത്രയ്ക്കുവേണ്ടി മാത്രം ഉപയോഗിച്ചിരുന്ന കപ്പലുകൾ ഇല്ലായിരുന്നെന്നുതന്നെ പറയാം. കപ്പൽയാത്ര ചെയ്യുന്നതിന് ഒരു യാത്രക്കാരൻ, താൻ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ഏതെങ്കിലും ചരക്കുകപ്പലുണ്ടോ എന്നും അതിൽ യാത്രക്കാരെ കയറ്റാൻ നാവികർക്കു സമ്മതമാണോ എന്നും ആളുകളോടു ചോദിച്ചറിയണമായിരുന്നു. (പ്രവൃ. 21:2, 3) ചിലപ്പോൾ കപ്പൽ, യാത്രക്കാരന്റെ ലക്ഷ്യസ്ഥാനത്തേക്കായിരിക്കണമെന്നില്ല. എങ്കിൽപ്പോലും അയാൾക്ക് അതിൽ കയറി മറ്റൊരു തുറമുഖത്ത് ഇറങ്ങാനും അവിടെനിന്ന് തന്റെ ലക്ഷ്യസ്ഥാനത്തിന് അടുത്തുകൂടെ പോകുന്ന മറ്റൊരു കപ്പലിൽ കയറാനും കഴിയുമായിരുന്നു.—പ്രവൃ. 27:1-6.
വർഷത്തിന്റെ ചില സമയങ്ങളിൽ മാത്രമേ കടൽമാർഗം യാത്രയുണ്ടായിരുന്നുള്ളൂ. അതിനു പുറമേ, കൃത്യസമയത്ത് വരാനും പോകാനും ഉള്ള ഒരു പട്ടിക കപ്പലുകൾക്ക് ഒട്ട് ഇല്ലായിരുന്നുതാനും. മോശമായ കാലാവസ്ഥ മാത്രമായിരുന്നില്ല യാത്ര വൈകിപ്പിച്ചിരുന്നത്. അന്ധവിശ്വാസികളായ നാവികർക്ക് എന്തെങ്കിലും ദുശ്ശകുനമായി തോന്നിയാൽ, അതായത് ഒരു മലങ്കാക്ക പായ്മരക്കയറിൽ ഇരുന്ന് കരയുന്നതോ അല്ലെങ്കിൽ തീരത്ത് തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നതോ കണ്ടാൽ അവർ യാത്ര വൈകിപ്പിച്ചിരുന്നു. അതുപോലെ അനുകൂലമായ കാറ്റു കണ്ടാൽ അതു മുതലെടുത്ത് നാവികർ പെട്ടെന്നു യാത്ര തുടങ്ങും. ഒരു കപ്പലിൽ യാത്ര ചെയ്യാൻ അനുവാദം കിട്ടിയാൽ യാത്രക്കാരൻ തന്റെ കെട്ടും ഭാണ്ഡവുമായി തുറമുഖത്തിന്റെ പരിസരത്ത്, കപ്പൽ ഉടനെ പുറപ്പെടുന്നതാണ് എന്ന അറിയിപ്പിനായി കാത്തുനിൽക്കും.
ചരിത്രകാരനായ ലയണൽ കാസെൻ പറയുന്നു: “ബുദ്ധിമുട്ടാതെ തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള കപ്പൽ കണ്ടുപിടിക്കാൻ റോമാക്കാർ ആളുകൾക്കു സൗകര്യമൊരുക്കിയിരുന്നു. ടൈബർ നദീമുഖത്തായിരുന്നു അതിന്റെ തുറമുഖം. ഓസ്റ്റിയ പട്ടണത്തിന് അടുത്ത് തുറസ്സായ സ്ഥലമുണ്ടായിരുന്നു. അതിനു ചുറ്റുമുള്ള ഓഫീസുകളിൽ ചിലതു വ്യത്യസ്ത കപ്പൽ തുറമുഖങ്ങളുടെ ഓഫീസുകളായിരുന്നു: നാർബോണിലെയും (ഇന്നത്തെ ഫ്രാൻസ്), കാർത്തേജിലെയും (ഇന്നത്തെ ടുണീഷ്യ) അതുപോലെ പല സ്ഥലങ്ങളിലെയും നാവികരുടെ ഓഫീസുകൾ അതിന്റെ ഭാഗമായിരുന്നു. യാത്ര ചെയ്യാൻ കപ്പൽ അന്വേഷിക്കുന്ന ഒരു വ്യക്തി തന്റെ ലക്ഷ്യസ്ഥാനത്തുകൂടെ കടന്നുപോകുന്ന ഏതെങ്കിലും കപ്പലുണ്ടോ എന്ന് ഈ ഓഫീസുകളിൽ അന്വേഷിച്ചാൽ മതിയായിരുന്നു.”
കപ്പൽയാത്ര യാത്രക്കാരുടെ സമയം ലാഭിച്ചിരുന്നു, എന്നാൽ അതുപോലെതന്നെ അപകടങ്ങളുമുണ്ടായിരുന്നു. മിഷനറിയാത്രയ്ക്കിടെ പൗലോസ് പല പ്രാവശ്യം കപ്പലപകടത്തിൽപ്പെട്ടു.—2 കൊരി. 11:25.