പഠനലേഖനം 16
മരണത്തെക്കുറിച്ചുള്ള സത്യം അറിഞ്ഞ നമ്മൾ എന്തു ചെയ്യണം?
“സത്യമായ പ്രസ്താവന ഏതാണെന്നും വ്യാജമായ പ്രസ്താവന ഏതാണെന്നും തിരിച്ചറിയാം.”—1 യോഹ. 4:6.
ഗീതം 73 ധൈര്യം തരേണമേ
പൂർവാവലോകനം *
1-2. (എ) ഏതെല്ലാം വിധങ്ങളിലാണു സാത്താൻ ആളുകളെ വഞ്ചിച്ചിരിക്കുന്നത്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തെല്ലാം പഠിക്കും?
മനുഷ്യചരിത്രത്തിന്റെ തുടക്കംമുതൽ ‘നുണയുടെ അപ്പനായ’ സാത്താൻ ആളുകളെ വഞ്ചിച്ചിരിക്കുന്നു. (യോഹ. 8:44) മരണത്തെയും മരണാനന്തരജീവിതത്തെയും കുറിച്ചുള്ള തെറ്റായ പഠിപ്പിക്കലുകളാണ് അവന്റെ നുണകളിൽ ചിലത്. ജനപ്രീതി നേടിയ അനേകം ആചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ആ പഠിപ്പിക്കലുകൾ വഴിവെച്ചിരിക്കുന്നു. അതിന്റെ ഫലമായി, നമ്മുടെ പല സഹോദരങ്ങൾക്കും അവരുടെ വീട്ടിലോ നാട്ടിലോ ആരെങ്കിലും മരിച്ചപ്പോൾ ‘വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടേണ്ടിവന്നിട്ടുണ്ട്.’—യൂദ 3.
2 നിങ്ങൾക്ക് അങ്ങനെയുള്ള പരിശോധന നേരിട്ടാൽ, മരണത്തെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾക്കുവേണ്ടി ഉറച്ച നിലപാടു സ്വീകരിക്കാൻ എന്തു സഹായിക്കും? (എഫെ. 6:11) ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ആചാരങ്ങളിൽ പങ്കെടുക്കാൻ സമ്മർദം നേരിടുന്ന ഒരു സഹക്രിസ്ത്യാനിയെ നിങ്ങൾക്ക് എങ്ങനെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യാം? ഈ ലേഖനത്തിൽ യഹോവ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ നമ്മൾ ചർച്ച ചെയ്യും. ആദ്യമായി, മരണത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്നു നോക്കാം.
മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം
3. ആദ്യനുണയുടെ ഫലമായി എന്തു സംഭവിച്ചു?
3 മനുഷ്യർ മരിക്കണമെന്നു ദൈവം ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ എന്നേക്കും ജീവിച്ചിരിക്കാൻ ആദ്യമനുഷ്യരായ ആദാമും ഹവ്വയും യഹോവയെ അനുസരിക്കണമായിരുന്നു. യഹോവ അവർക്കു ലളിതമായ ഈ കല്പന നൽകി: “ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന് തിന്നരുത്, അതിൽനിന്ന് തിന്നുന്ന ദിവസം നീ നിശ്ചയമായും മരിക്കും.” (ഉൽപ. 2:16, 17) ഈ സമയത്താണു സാത്താൻ രംഗപ്രവേശം ചെയ്യുന്നത്. ഒരു സർപ്പത്തെ ഉപയോഗിച്ച് സാത്താൻ ഹവ്വയോടു പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്!” സങ്കടകരമെന്നു പറയട്ടെ, ഹവ്വ ആ നുണ വിശ്വസിക്കുകയും മരത്തിന്റെ പഴം തിന്നുകയും ചെയ്തു. പിന്നീട് അവളുടെ ഭർത്താവും പഴം തിന്നു. (ഉൽപ. 3:4, 6) അങ്ങനെ പാപവും മരണവും മനുഷ്യകുടുംബത്തിൽ പ്രവേശിച്ചു.—റോമ. 5:12.
4-5. സാത്താൻ മനുഷ്യരെ ഇപ്പോഴും വഞ്ചിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെ?
4 ദൈവം പറഞ്ഞതുതന്നെയാണു സംഭവിച്ചത്, ആദാമും ഹവ്വയും മരിച്ചു. എന്നാൽ സാത്താൻ മരണത്തെക്കുറിച്ച് നുണ പറയുന്നത് അവസാനിപ്പിച്ചില്ല. പിന്നീടു സാത്താൻ വേറെയും നുണകൾ മനയാനും മനുഷ്യർക്കിടയിൽ പരത്താനും തുടങ്ങി. അതിൽ ഒരു നുണയാണ്, ഒരു വ്യക്തിയുടെ ശരീരം മരിച്ചാലും ആ വ്യക്തിയുടെ ഉള്ളിലുള്ള എന്തോ ഒന്ന് എവിടെയെങ്കിലും, ഒരുപക്ഷേ ആത്മമണ്ഡലത്തിൽ, തുടർന്നും ജീവിക്കും എന്ന പഠിപ്പിക്കൽ. ആ നുണ പലപല രൂപത്തിലും ഭാവത്തിലും എണ്ണമറ്റ മനുഷ്യരെ ഇന്നോളം വഞ്ചിച്ചിരിക്കുന്നു.—5 എന്തുകൊണ്ടാണ് ഇത്രയേറെ മനുഷ്യർ ഈ നുണ വിശ്വസിക്കുന്നത്? മരണത്തെ മനുഷ്യർ എങ്ങനെയാണു വീക്ഷിക്കുന്നതെന്നു സാത്താനു നന്നായി അറിയാം. നമ്മൾ മരണത്തെ ഒരു ശത്രുവായിട്ടാണു കാണുന്നത്. (1 കൊരി. 15:26) എന്നേക്കും ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവരായതുകൊണ്ട് നമ്മൾ മരിക്കാൻ ആഗ്രഹിക്കുന്നില്ല. (സഭാ. 3:11) മനുഷ്യരുടെ ഈ ആഗ്രഹം മുതലെടുത്തുകൊണ്ടാണു സാത്താൻ നുണകൾ മനഞ്ഞിരിക്കുന്നത്.
6-7. (എ) മരിച്ചവരെക്കുറിച്ചുള്ള സത്യം മറച്ചുവെക്കുന്നതിൽ സാത്താൻ വിജയിച്ചിട്ടുണ്ടോ? വിശദീകരിക്കുക. (ബി) ബൈബിൾസത്യം അകാരണമായ ഭയത്തിൽനിന്ന് നമ്മളെ മോചിപ്പിക്കുന്നത് എങ്ങനെ?
6 സാത്താൻ ഇത്രയെല്ലാം ശ്രമിച്ചിട്ടും മരണത്തെക്കുറിച്ചുള്ള സത്യം ഒളിച്ചുവെക്കാൻ അവനു കഴിഞ്ഞിട്ടില്ല. വാസ്തവത്തിൽ ഇന്ന്, മരിച്ചവരുടെ അവസ്ഥയെയും അവരുടെ പ്രത്യാശയെയും കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ മുമ്പെന്നത്തെക്കാളും കൂടുതൽ പേർക്ക് അറിയാം. ഈ കാര്യങ്ങൾ അവർ ആളുകളോടു പറയുന്നുമുണ്ട്. (സഭാ. 9:5, 10; പ്രവൃ. 24:15) ഈ സത്യങ്ങൾ നമ്മളെ ആശ്വസിപ്പിക്കുന്നു, അനാവശ്യമായ ഭയത്തിൽനിന്നും ആശയക്കുഴപ്പത്തിൽനിന്നും നമ്മളെ മോചിപ്പിക്കുന്നു. ഉദാഹരണത്തിന്, നമ്മൾ മരിച്ചവരെ ഭയപ്പെടുന്നില്ല. മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർക്കു മോശമായ എന്തെങ്കിലും സംഭവിക്കുമോ എന്ന ഉത്കണ്ഠയുമില്ല. അവർ ഇപ്പോൾ ജീവിച്ചിരിക്കുന്നില്ലെന്നും അവർക്ക് ആരെയും ഉപദ്രവിക്കാൻ കഴിയില്ലെന്നും നമുക്ക് അറിയാം. അവർ ഒരു ഗാഢനിദ്രയിലാണെന്നു പറയാം. (യോഹ. 11:11-14) അതുപോലെ, മരിച്ചവർക്കു സമയം കടന്നുപോകുന്നതിനെക്കുറിച്ച് ഒരു അറിവുമില്ല എന്നും നമുക്ക് അറിയാം. അതുകൊണ്ട്, നൂറ്റാണ്ടുകൾക്കു മുമ്പ് മരിച്ചുപോയ ആളുകൾപോലും പുനരുത്ഥാനപ്പെട്ടുവരുമ്പോൾ ഒരു നിമിഷം കടന്നുപോയതുപോലെ മാത്രമേ അവർക്കു തോന്നുകയുള്ളൂ!
7 മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം വ്യക്തവും ലളിതവും യുക്തിക്കു നിരക്കുന്നതും ആണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ? ചിന്താക്കുഴപ്പമുണ്ടാക്കുന്ന സാത്താന്റെ നുണകൾക്കു നേർവിപരീതം, അല്ലേ? ആളുകളെ വഴിതെറ്റിക്കുന്നതിനു പുറമേ, ആ നുണകൾ നമ്മുടെ സ്രഷ്ടാവിനെ നിന്ദിക്കുകയും ചെയ്യുന്നു. സാത്താൻ വരുത്തിവെച്ചിരിക്കുന്ന കുഴപ്പങ്ങളുടെ ആഴം കുറെക്കൂടി നന്നായി മനസ്സിലാക്കാൻ നമുക്കു പിൻവരുന്ന ചോദ്യങ്ങൾ പരിശോധിച്ചുനോക്കാം: സാത്താന്റെ നുണകൾ എങ്ങനെയാണ് യഹോവയെ നിന്ദിച്ചിരിക്കുന്നത്? ആ നുണകൾ, ക്രിസ്തുവിന്റെ മോചനവിലയിൽ വിശ്വസിക്കേണ്ടതില്ലെന്നു പലരും ചിന്തിക്കാൻ ഇടയാക്കിയിരിക്കുന്നത് എങ്ങനെയാണ്? മനുഷ്യകുടുംബത്തിന്റെ ദുഃഖവും വേദനയും ആ നുണകൾ എങ്ങനെയാണു വർധിപ്പിച്ചിരിക്കുന്നത്?
സാത്താന്റെ നുണകൾ വരുത്തിവെച്ചിരിക്കുന്ന ദ്രോഹം
8. യിരെമ്യ 19:5-ൽ കാണുന്നതുപോലെ, എങ്ങനെയാണു സാത്താന്റെ നുണകൾ യഹോവയെ നിന്ദിക്കുന്നത്?
8 മരിച്ചവരെക്കുറിച്ചുള്ള സാത്താന്റെ നുണകൾ യഹോവയെ നിന്ദിക്കുന്നു. മരിച്ചവർ ഒരു തീനരകത്തിൽ കിടന്ന് നരകിക്കുകയാണെന്ന വ്യാജപഠിപ്പിക്കലും അതിൽ ഉൾപ്പെടുന്നു. അത്തരം പഠിപ്പിക്കലുകൾ ദൈവത്തെ നിന്ദിക്കുന്നു. എങ്ങനെ? സ്നേഹത്തിന്റെ ദൈവമായ യഹോവയ്ക്കു സാത്താന്റെ സ്വഭാവമാണെന്നു പറയുന്നതുപോലെയാണ് ഇത്. (1 യോഹ. 4:8) അതെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്? അതിൽ ഉപരി, യഹോവയ്ക്ക് എന്തായിരിക്കും തോന്നുന്നത്? എല്ലാ തരം ക്രൂരതയും വെറുക്കുന്നവനാണ് യഹോവയെന്ന് ഓർക്കണം.—യിരെമ്യ 19:5 വായിക്കുക.
9. യോഹന്നാൻ 3:16-ലും 15:13-ലും വർണിച്ചിരിക്കുന്ന ക്രിസ്തുവിന്റെ മോചനവിലയിലുള്ള വിശ്വാസത്തിന്, സാത്താന്റെ നുണകൾ തുരങ്കംവെക്കുന്നത് എങ്ങനെ?
9 മരണത്തെക്കുറിച്ചുള്ള സാത്താന്റെ നുണകൾ ക്രിസ്തുവിന്റെ മോചനവിലയിലുള്ള വിശ്വാസത്തിനു തുരങ്കംവെക്കുന്നു. (മത്താ. 20:28) മനുഷ്യർക്ക് അമർത്യമായ ഒരു ആത്മാവുണ്ടെന്നതാണു സാത്താന്റെ മറ്റൊരു നുണ. അതു സത്യമാണെങ്കിൽ എല്ലാവരും എന്നേക്കും ജീവിക്കും. അങ്ങനെയായാൽ നമുക്കു നിത്യജീവൻ നേടിത്തരുന്നതിനു ക്രിസ്തു തന്റെ ജീവൻ മോചനവിലയായി കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു എന്നു വരും. ഓർക്കുക: മനുഷ്യകുടുംബത്തോടു കാണിച്ചിരിക്കുന്ന സ്നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനമാണു ക്രിസ്തുവിന്റെ ബലി. (യോഹന്നാൻ 3:16; 15:13 വായിക്കുക.) വില മതിക്കാനാകാത്ത ആ സമ്മാനത്തിന്റെ വില ഇടിച്ചുകളയുന്ന ഇത്തരം പഠിപ്പിക്കലുകളെക്കുറിച്ച് യഹോവയ്ക്കും യഹോവയുടെ പുത്രനും എന്തായിരിക്കും തോന്നുക!
10. മരണത്തെക്കുറിച്ചുള്ള നുണകൾ എങ്ങനെയാണു മനുഷ്യരുടെ ദുഃഖത്തിന്റെയും വേദനയുടെയും ആഴം കൂട്ടിയിരിക്കുന്നത്?
10 സാത്താന്റെ നുണകൾ മനുഷ്യവർഗത്തിന്റെ വേദനയും ദുഃഖവും കൂട്ടിയിരിക്കുന്നു. കുഞ്ഞിന്റെ മരണത്തെക്കുറിച്ച് വിഷമിച്ചിരിക്കുന്ന മാതാപിതാക്കളോട്, ദൈവമാണ് അവരുടെ കുഞ്ഞിനെ എടുത്തതെന്നു ചിലർ പറയാറുണ്ട്. അവരുടെ കുട്ടി സ്വർഗത്തിൽ ഇപ്പോൾ ഒരു മാലാഖയാണെന്നും അതിനുവേണ്ടിയാണു ദൈവം കുട്ടിയെ കൊണ്ടുപോയതെന്നും അവർ പറഞ്ഞേക്കാം. നിങ്ങൾക്ക് എന്തു തോന്നുന്നു? സാത്താന്റെ ഈ നുണ കേൾക്കുമ്പോൾ അവരുടെ ദുഃഖം കുറയുമോ, കൂടുമോ? ആളുകളെ ക്രൂരമായി ഉപദ്രവിക്കുന്നതിനുള്ള ഒരു ന്യായീകരണമായി തീനരകത്തെക്കുറിച്ചുള്ള വ്യാജപഠിപ്പിക്കൽ ഉപയോഗിച്ചിരിക്കുന്നു, സഭാപഠിപ്പിക്കലുകളെ ചോദ്യം ചെയ്തവരെ സ്തംഭത്തിൽ കെട്ടി ചുട്ടുകൊല്ലുന്നതും അത്തരം ഉപദ്രവങ്ങളിൽ ഉൾപ്പെട്ടിരുന്നു. സ്പാനീഷ് മതദ്രോഹ വിചാരണയെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നതനുസരിച്ച്, “നരകത്തിൽ എന്നേക്കും അനുഭവിക്കാൻപോകുന്ന യാതനയുടെ ഒരു ചിത്രം (മതനിന്ദകർക്ക്) കൊടുക്കുക” മാത്രമാണു തങ്ങൾ ചെയ്യുന്നതെന്ന് ഈ ക്രൂരത ചെയ്തുകൂട്ടിയവർ കരുതിയിരിക്കാം. അങ്ങനെ ചെയ്താൽ മതനിന്ദകർ മരിക്കുന്നതിനു മുമ്പ് പശ്ചാത്തപിക്കാനും നരകത്തിലെ ശിക്ഷയിൽനിന്ന് രക്ഷപ്പെടാനും സാധ്യതയുണ്ടെന്നായിരുന്നു അവരുടെ അഭിപ്രായം. ഇനി, പല നാടുകളിലും മരിച്ച പൂർവികരെ ആരാധിക്കുന്നതും അവരെ ആദരിക്കുന്നതും അവരുടെ അനുഗ്രഹം തേടുന്നതും തങ്ങളുടെ കർത്തവ്യമായി ആളുകൾ കാണുന്നു. തങ്ങൾക്കു ശിക്ഷയൊന്നും വരാതിരിക്കാൻ ചിലർ പൂർവികരെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, സാത്താന്റെ ഇത്തരം നുണകൾ ശരിക്കുള്ള ആശ്വാസം തരുന്നില്ല. മറിച്ച് അനാവശ്യമായ ഉത്കണ്ഠകളാണു സമ്മാനിക്കുന്നത്, ആളുകളെ ഭയത്തിലാഴ്ത്തുകപോലും ചെയ്യുന്നു.
ബൈബിൾസത്യത്തിനു ചേർച്ചയിൽ ജീവിക്കുക
11. ദൈവവചനത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ നല്ല ഉദ്ദേശ്യത്തോടെ ബന്ധുക്കളോ സുഹൃത്തുക്കളോ നമ്മളെ എങ്ങനെ നിർബന്ധിച്ചേക്കാം?
11 തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങളിൽ ഏർപ്പെടാൻ നല്ല ഉദ്ദേശ്യത്തോടെ ബന്ധുക്കളും സുഹൃത്തുക്കളും നമ്മളെ നിർബന്ധിക്കുമ്പോൾ ദൈവത്തോടും ദൈവവചനത്തോടും ഉള്ള സ്നേഹം യഹോവയെ അനുസരിക്കാനുള്ള ശക്തി നമുക്കു തരും. അവർ ചിലപ്പോൾ നമ്മളെ നാണംകെടുത്തിയേക്കാം. മരിച്ചവരോടു സ്നേഹമില്ലെന്നോ അവരോടു ബഹുമാനമില്ലെന്നോ പറഞ്ഞേക്കാം. നമ്മുടെ പ്രവൃത്തികൾ കാരണം മരിച്ച വ്യക്തി ജീവിച്ചിരിക്കുന്നവരെ ഏതെങ്കിലും തരത്തിൽ ദ്രോഹിക്കുമെന്നും അവർ പറഞ്ഞേക്കാം. അത്തരം സാഹചര്യങ്ങളിൽ, നമുക്ക് എങ്ങനെ ബൈബിൾസത്യത്തിനുവേണ്ടി നിലകൊള്ളാം? പിൻവരുന്ന ബൈബിൾതത്ത്വങ്ങൾ നിങ്ങൾക്ക് എങ്ങനെ ബാധകമാക്കാമെന്നു ചിന്തിക്കുക.
12. മരിച്ചവരുമായി ബന്ധപ്പെട്ട ഏതെല്ലാം ആചാരങ്ങൾ വ്യക്തമായും തിരുവെഴുത്തുവിരുദ്ധമാണ്?
12 തിരുവെഴുത്തുവിരുദ്ധമായ വിശ്വാസങ്ങളിൽനിന്നും ആചാരങ്ങളിൽനിന്നും ‘അകന്നുനിൽക്കാൻ’ ഉറച്ച തീരുമാനമെടുക്കുക. (2 കൊരി. 6:17) ഒരു കരീബിയൻ രാജ്യത്ത്, ഒരു വ്യക്തി മരിച്ചുകഴിഞ്ഞാൽ അയാളുടെ ‘പ്രേതം’ അവിടെയൊക്കെ കറങ്ങിനടക്കുമെന്നും ജീവിച്ചിരുന്നപ്പോൾ അയാളോടു മോശമായി പെരുമാറിയവരെ ഉപദ്രവിക്കുമെന്നും ചിലർ വിശ്വസിക്കുന്നു. ഒരു പുസ്തകം പറയുന്നത്, ‘പ്രേതം’ “സമൂഹത്തിനു മുഴുവൻ നാശം വിതച്ചേക്കാം” എന്നു വിശ്വസിക്കുന്നവരുമുണ്ട് എന്നാണ്. മരിച്ചവരുടെ വീടുകളിലെ കണ്ണാടികൾ മൂടുകയും അവരുടെ ചിത്രങ്ങൾ ഭിത്തിക്കു മുഖം തിരിച്ചുവെക്കുകയും ചെയ്യുന്ന ഒരു രീതി ആഫ്രിക്കയിലുണ്ട്. എന്താണു കാരണം? അങ്ങനെ ചെയ്തില്ലെങ്കിൽ മരിച്ചവർ തങ്ങളെത്തന്നെ കാണും എന്നാണ് അവർ ചിന്തിക്കുന്നത്! യഹോവയുടെ ദാസരായ നമ്മൾ, സാത്താന്റെ നുണകൾ ഏറ്റുപാടുന്ന കെട്ടുകഥകൾ വിശ്വസിക്കുകയോ ആചാരങ്ങളിൽ ഉൾപ്പെടുകയോ ചെയ്യില്ല.—1 കൊരി. 10:21, 22.
13. ഒരു പ്രത്യേക ആചാരത്തെക്കുറിച്ച് നിങ്ങൾക്കു സംശയമുണ്ടെങ്കിൽ, യാക്കോബ് 1:5 പറയുന്നതുപോലെ നിങ്ങൾ എന്തു ചെയ്യണം?
13 ഒരു ആചാരത്തെയോ സമ്പ്രദായത്തെയോ കുറിച്ച് സംശയമുണ്ടെങ്കിൽ ദൈവികജ്ഞാനം തരാനായി യഹോവയോടു പ്രാർഥിക്കുക. (യാക്കോബ് 1:5 വായിക്കുക.) അതിനു ശേഷം, നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് ഗവേഷണം ചെയ്യുക. ആവശ്യമെങ്കിൽ സഭയിലെ മൂപ്പന്മാരുമായി സംസാരിക്കുക. നിങ്ങൾ എന്തു ചെയ്യണമെന്ന് അവർ പറഞ്ഞുതരില്ല. എന്നാൽ നിങ്ങളുടെ സാഹചര്യവുമായി ബന്ധപ്പെട്ട ബൈബിൾതത്ത്വങ്ങൾ അവർ ചൂണ്ടിക്കാണിക്കും. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ നിങ്ങൾ ‘വിവേചനാപ്രാപ്തിയെ’ പരിശീലിപ്പിക്കുകയാണ്. ‘ശരിയും തെറ്റും വേർതിരിച്ചറിയാൻ’ ഈ പ്രാപ്തി നിങ്ങളെ സഹായിക്കും.—എബ്രാ. 5:14.
14. നമ്മൾ കാരണം ആരും ഇടറിവീഴാൻ ഇടയാകാതിരിക്കാൻ എന്തെല്ലാം ഒഴിവാക്കണം?
14 “എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക. നിങ്ങൾ കാരണം (ആരും) ഇടറിവീഴാൻ ഇടയാകരുത്.” (1 കൊരി. 10:31, 32) ഒരു ആചാരത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുമ്പോൾ, നമ്മുടെ തീരുമാനം മറ്റുള്ളവരെ, പ്രത്യേകിച്ചും നമ്മുടെ സഹക്രിസ്ത്യാനികളെ എങ്ങനെ സ്വാധീനിക്കുമെന്നും ചിന്തിക്കുക. നമ്മുടെ പ്രവൃത്തി കാരണം ആരും വിശ്വാസത്തിൽനിന്ന് വീണുപോകാൻ നമ്മൾ ആഗ്രഹിക്കില്ല. (മർക്കോ. 9:42) കൂടാതെ, സാക്ഷികളല്ലാത്ത ആളുകളെ ആവശ്യമില്ലാതെ മുഷിപ്പിക്കുന്നത് നമ്മൾ ഒഴിവാക്കും. ആദരവോടെ അവരോടു സംസാരിക്കാൻ സ്നേഹം നമ്മളെ പ്രേരിപ്പിക്കും. അങ്ങനെ ചെയ്യുന്നത് യഹോവയെ മഹത്ത്വപ്പെടുത്തും. നമ്മൾ ആളുകളുമായി തർക്കിക്കുകയോ അവരുടെ സമ്പ്രദായങ്ങളെ പുച്ഛിക്കുകയോ ചെയ്യില്ല. ഓർക്കുക, സ്നേഹത്തിനു ശക്തിയുണ്ട്! ആദരവോടെയും പരിഗണനയോടെയും ഇടപെട്ടുകൊണ്ട് സ്നേഹം കാണിക്കുമ്പോൾ നമ്മൾ എതിരാളികളുടെ ഹൃദയത്തെ മയപ്പെടുത്തുകപോലും ചെയ്തേക്കാം.
15-16. (എ) നിങ്ങളുടെ വിശ്വാസം മറ്റുള്ളവരെ അറിയിക്കുന്നതു ജ്ഞാനമായിരിക്കുന്നത് എന്തുകൊണ്ട്? ഒരു ഉദാഹരണം പറയുക. (ബി) റോമർ 1:16-ലെ പൗലോസിന്റെ വാക്കുകൾ നമുക്ക് എങ്ങനെയാണു ബാധകമാകുന്നത്?
15 നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയാണെന്ന് എല്ലാവരെയും അറിയിക്കുക. (യശ. 43:10) നിങ്ങളുടെ കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ, മരണാനന്തരചടങ്ങുകളിൽ നിങ്ങൾ ഉൾപ്പെടാതിരിക്കുന്നതു ബന്ധുക്കളെയും അയൽക്കാരെയും അസ്വസ്ഥരാക്കിയേക്കാം. എന്നാൽ നിങ്ങളുടെ വിശ്വാസങ്ങൾ മുന്നമേതന്നെ അവരെ അറിയിക്കുന്നെങ്കിൽ അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. മൊസാമ്പിക്കിൽ താമസിക്കുന്ന ഫ്രാൻസിസ്കോ സഹോദരൻ പറയുന്നു: “ഞാനും ഭാര്യ കരോലീനയും സത്യം പഠിച്ചപ്പോൾ ഞങ്ങൾ ഇനി മരിച്ചവരെ ആരാധിക്കില്ലെന്നു ഞങ്ങളുടെ കുടുംബത്തോടു പറഞ്ഞു. കരോലീനയുടെ ചേച്ചി മരിച്ചപ്പോൾ ഒരു പ്രശ്നമുണ്ടായി. മൃതശരീരം ആചാരപരമായി കുളിപ്പിക്കുന്നത് അവിടത്തെ ഒരു ചടങ്ങായിരുന്നു. കുളിപ്പിച്ച വെള്ളം ഒഴിച്ചുകളഞ്ഞ സ്ഥലത്ത് മരിച്ചയാളുടെ ഏറ്റവും അടുത്ത ബന്ധു മൂന്നു രാത്രി ഉറങ്ങണമായിരുന്നു. മരിച്ചവരുടെ ആത്മാക്കളെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലായിരുന്നു ഈ ചടങ്ങുകൾ. വെള്ളം ഒഴിച്ചുകളഞ്ഞ സ്ഥലത്ത് കരോലീന കിടന്നുറങ്ങാൻ കുടുംബാംഗങ്ങൾ പ്രതീക്ഷിച്ചു.”
16 ഫ്രാൻസിസ്കോ സഹോദരനും ഭാര്യയും എന്തു ചെയ്തു? സഹോദരൻ പറയുന്നു: “യഹോവയെ സ്നേഹിക്കുകയും യഹോവയെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്തതുകൊണ്ട് ആ ആചാരത്തിൽ പങ്കെടുക്കാൻ ഞങ്ങൾ വിസമ്മതിച്ചു. കരോലീനയുടെ വീട്ടുകാർ ഞങ്ങളോടു ശരിക്കും കോപിച്ചു. മരിച്ചവരോടുള്ള അനാദരവാണ് ഇതെന്നും കുടുംബാംഗങ്ങളാരും ഇനി ഒരിക്കലും ഞങ്ങളെ കാണാൻ വരുകയോ സഹായിക്കുകയോ ചെയ്യില്ലെന്നും പറഞ്ഞു. ഞങ്ങൾ നേരത്തേതന്നെ ഞങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് അവരോടു പറഞ്ഞിരുന്നതുകൊണ്ട് അവർ ദേഷ്യപ്പെട്ടിരുന്ന സമയത്ത് അതെക്കുറിച്ചൊന്നും ഞങ്ങൾ സംസാരിച്ചില്ല. നേരത്തേതന്നെ ഞങ്ങളുടെ നിലപാടു വ്യക്തമാക്കിയിരുന്നതാണല്ലോ എന്ന് ചില ബന്ധുക്കൾ ഞങ്ങൾക്കുവേണ്ടി പറയുകപോലും ചെയ്തു. പതുക്കെപ്പതുക്കെ, കരോലീനയുടെ ബന്ധുക്കൾ തണുത്തു. അവരുമായി സമാധാനത്തിലാകാൻ ഞങ്ങൾക്കു കഴിഞ്ഞു. ചിലർ ഞങ്ങളുടെ വീട്ടിൽ വന്ന് ബൈബിൾപ്രസിദ്ധീകരണങ്ങൾ ചോദിക്കുകപോലും ചെയ്തു.” മരിച്ചവരെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയ നമ്മൾ അതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിൽ ലജ്ജിക്കേണ്ടതില്ല.—റോമർ 1:16 വായിക്കുക.
ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക
17. ഒരു സഹക്രിസ്ത്യാനിയുടെ പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുമ്പോൾ അദ്ദേഹത്തിന്റെ ഒരു യഥാർഥസ്നേഹിതനാകാൻ നമ്മളെ എന്തു സഹായിക്കും?
17 ഒരു ക്രിസ്ത്യാനിയുടെ പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോൾ ഒരു ‘യഥാർഥസ്നേഹിതനാകാൻ,’ ‘കഷ്ടതകളുടെ സമയത്ത് കൂടപ്പിറപ്പാകാൻ,’ നമ്മൾ നല്ല ശ്രമം ചെയ്യണം. (സുഭാ. 17:17) അവർക്കു തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങളിൽ ഏർപ്പെടാൻ സമ്മർദമുണ്ടാകുന്നെങ്കിൽ നമ്മൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മരണദുഃഖത്തിൽ കഴിയുന്നവരെ ആശ്വസിപ്പിക്കാൻ നമ്മളെ സഹായിക്കുന്ന രണ്ടു ബൈബിൾതത്ത്വങ്ങൾ നോക്കാം.
18. യേശു കരഞ്ഞത് എന്തുകൊണ്ട്, യേശുവിന്റെ മാതൃകയിൽനിന്ന് എന്തു പഠിക്കാം?
18 “കരയുന്നവരുടെകൂടെ കരയുക.” (റോമ. 12:15) ദുഃഖത്തിലാണ്ടുപോയവരോട് എന്തു പറയണമെന്നു നമുക്ക് അറിയില്ലായിരിക്കും. ചിലപ്പോൾ നമ്മുടെ കണ്ണുനീർ നമ്മുടെ വാക്കുകളെക്കാൾ നന്നായി സംസാരിക്കും. യേശുവിന്റെ സ്നേഹിതനായ ലാസർ മരിച്ചപ്പോൾ എന്തു സംഭവിച്ചെന്നു നോക്കാം. മറിയയും മാർത്തയും മറ്റുള്ളവരും പ്രിയപ്പെട്ട ലാസറിന്റെ മരണത്തിൽ വല്ലാതെ ദുഃഖിച്ച് കരഞ്ഞു. നാലു ദിവസം കഴിഞ്ഞ് യേശു വന്നു. താൻ ലാസറിനെ ഉയിർപ്പിക്കാൻപോകുകയാണെന്ന് അറിയാമായിരുന്നിട്ടും “യേശുവിന്റെ കണ്ണു നിറഞ്ഞൊഴുകി.” (യോഹ. 11:17, 33-35) യേശുവിന്റെ കണ്ണുനീർ യഹോവയുടെ വികാരങ്ങളെയാണു പ്രതിഫലിപ്പിച്ചത്. യേശു കരയുന്നതു മറിയയും മാർത്തയും കണ്ടപ്പോൾ യേശുവിനു തങ്ങളോടുള്ള സ്നേഹം അവർക്കു ശരിക്കും മനസ്സിലായി, അത് അവരെ ആശ്വസിപ്പിച്ചു. സമാനമായി, സഹോദരങ്ങളോടു നമുക്കു സ്നേഹവും താത്പര്യവും ഉണ്ടെന്നു കാണുമ്പോൾ തങ്ങൾ ഒറ്റയ്ക്കല്ല എന്ന് അവർക്കു ബോധ്യമാകും, തങ്ങളെക്കുറിച്ച് ചിന്തയുള്ള, കൂടെ നിൽക്കുന്ന സുഹൃത്തുക്കളുണ്ടെന്ന് അവർ മനസ്സിലാക്കും.
19. വേർപാടിന്റെ വേദനയിൽ കഴിയുന്ന ഒരു സഹോദരനെ ആശ്വസിപ്പിക്കുമ്പോൾ സഭാപ്രസംഗകൻ 3:7 എങ്ങനെ ബാധകമാക്കാം?
19 “മൗനമായിരിക്കാൻ ഒരു സമയം, സംസാരിക്കാൻ ഒരു സമയം.” (സഭാ. 3:7) വേർപാടിന്റെ വേദനയിൽ കഴിയുന്ന ഒരു ക്രിസ്ത്യാനിയെ ആശ്വസിപ്പിക്കാനുള്ള മറ്റൊരു വിധം നല്ല ഒരു ശ്രോതാവായിരിക്കുക എന്നതാണ്. ഉള്ളിലുള്ളതെല്ലാം തുറന്നുപറയാൻ സഹോദരനെ അനുവദിക്കുക. അദ്ദേഹം “മയമില്ലാതെ, നിയന്ത്രണംവിട്ട്” സംസാരിച്ചാൽ നമ്മൾ മുഷിയരുത്. (ഇയ്യോ. 6:2, 3, അടിക്കുറിപ്പ്) സാക്ഷികളല്ലാത്ത ബന്ധുക്കളിൽനിന്നുള്ള സമ്മർദം കാരണം അദ്ദേഹം മാനസികമായി ആകെ തകർന്നിരിക്കുകയായിരിക്കും. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം പ്രാർഥിക്കുക. അദ്ദേഹത്തിനു ശക്തിയും ശരിയായി ചിന്തിക്കാനുള്ള പ്രാപ്തിയും കൊടുക്കാനായി ‘പ്രാർഥന കേൾക്കുന്നവനോടു’ യാചിക്കുക. (സങ്കീ. 65:2) സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ ഒരുമിച്ച് ബൈബിൾ വായിക്കുക. അല്ലെങ്കിൽ, നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്ന് പ്രോത്സാഹനം പകരുന്ന ഒരു ജീവിതകഥപോലെ അനുയോജ്യമായ ഒരു ലേഖനം വായിക്കുക.
20. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
20 മരിച്ചവരെക്കുറിച്ചുള്ള സത്യവും സ്മാരകക്കല്ലറകളിലുള്ളവരെ കാത്തിരിക്കുന്ന മഹത്തായ ഭാവിപ്രത്യാശയും അറിയാൻ കഴിഞ്ഞതിൽ നമ്മൾ നന്ദിയുള്ളവരല്ലേ! (യോഹ. 5:28, 29) അതുകൊണ്ട് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നമുക്കു ബൈബിൾസത്യത്തിനുവേണ്ടി ധൈര്യത്തോടെ നിലകൊള്ളാം. സാധിക്കുന്ന എല്ലാ അവസരങ്ങളിലും അതെക്കുറിച്ച് മറ്റുള്ളവരോടു പറയാം. ആളുകളെ ആത്മീയമായ അന്ധകാരത്തിൽ അടച്ചിടാൻ സാത്താൻ ഉപയോഗിക്കുന്ന മറ്റൊരു കാര്യത്തെക്കുറിച്ചാണ് അടുത്ത ലേഖനം. അത് എന്താണ്? ഭൂതവിദ്യ. സാത്താന്റെ ഈ കെണിയുമായി ബന്ധപ്പെട്ട ആചാരങ്ങളും വിനോദപരിപാടികളും നമ്മൾ എന്തുകൊണ്ടാണ് ഒഴിവാക്കേണ്ടതെന്ന് അടുത്ത ലേഖനം ചർച്ച ചെയ്യും.
ഗീതം 24 യഹോവയുടെ പർവതത്തിലേക്കു വരൂ!
^ ഖ. 5 മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള നുണകളാൽ സാത്താനും ഭൂതങ്ങളും മനുഷ്യരെ വഞ്ചിച്ചിരിക്കുന്നു. ഈ നുണകൾ കാരണം തിരുവെഴുത്തുകൾക്കു ചേർച്ചയിലല്ലാത്ത പല ആചാരങ്ങളും നിലവിൽ വന്നിട്ടുണ്ട്. അത്തരം ആചാരങ്ങളിൽ ഉൾപ്പെടാൻ മറ്റുള്ളവർ നിങ്ങളെ നിർബന്ധിക്കുമ്പോൾ യഹോവയോടു വിശ്വസ്തരായിരിക്കാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.
^ ഖ. 55 ചിത്രക്കുറിപ്പ്: പ്രിയപ്പെട്ട ഒരു ബന്ധുവിനെ മരണത്തിൽ നഷ്ടപ്പെട്ട കുടുംബാംഗത്തെ സാക്ഷികളായ മറ്റു കുടുംബാംഗങ്ങൾ ആശ്വസിപ്പിക്കുന്നു.
^ ഖ. 57 ചിത്രക്കുറിപ്പ്: ശവസംസ്കാരച്ചടങ്ങുകളെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം പഠിച്ചിട്ട്, ഒരു സഹോദരൻ ബന്ധുക്കളോടു തന്റെ വിശ്വാസം ദയയോടെ വിശദീകരിക്കുന്നു.
^ ഖ. 59 ചിത്രക്കുറിപ്പ്: പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ ദുഃഖിക്കുന്ന സഹോദരനെ ക്രിസ്തീയസഭയിലെ മൂപ്പന്മാർ ആശ്വസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.