വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 15

യേശു​വി​നെ അനുക​രി​ക്കുക, മനസ്സമാ​ധാ​നം കാത്തു​സൂ​ക്ഷി​ക്കുക

യേശു​വി​നെ അനുക​രി​ക്കുക, മനസ്സമാ​ധാ​നം കാത്തു​സൂ​ക്ഷി​ക്കുക

‘മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളുടെ ഹൃദയത്തെ കാക്കും.’—ഫിലി. 4:7.

ഗീതം 113 സമാധാ​ന​മെന്ന നമ്മുടെ അവകാശം

പൂർവാവലോകനം *

1-2. യേശു എന്തു​കൊ​ണ്ടാണ്‌ അസ്വസ്ഥ​നാ​യത്‌?

ഒരു മനുഷ്യ​നാ​യുള്ള ഭൂമി​യി​ലെ യേശു​വി​ന്റെ അവസാ​ന​ദി​വസം. യേശു ആകെ അസ്വസ്ഥ​നാ​യി​രു​ന്നു. അധികം താമസി​യാ​തെ ദുഷ്ടന്മാ​രായ ആളുകൾ യേശു​വി​നെ ക്രൂര​മാ​യി വധിക്കും. പക്ഷേ അതി​നെ​ക്കാൾ യേശു​വി​നെ സമ്മർദ​ത്തി​ലാ​ക്കി​യതു മറ്റു ചില കാര്യ​ങ്ങ​ളാ​യി​രു​ന്നു. യേശു പിതാ​വി​നെ ആഴമായി സ്‌നേ​ഹി​ച്ചു, പിതാ​വി​നെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്‌തു. വരാൻപോ​കുന്ന കടുത്ത പരി​ശോ​ധ​ന​യിൽ വിശ്വ​സ്‌ത​നാ​യി നിൽക്കു​ന്നെ​ങ്കിൽ യഹോ​വ​യു​ടെ പേരിന്റെ മഹത്ത്വീ​ക​ര​ണ​ത്തി​നു താൻ വലിയ പങ്കായി​രി​ക്കും വഹിക്കു​ന്ന​തെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. യേശു മനുഷ്യ​രെ​യും സ്‌നേ​ഹി​ച്ചു. താൻ പരി​ശോ​ധ​ന​ക​ളിൽ വിജയി​ക്കു​ന്ന​തി​നെ ആശ്രയി​ച്ചാ​ണു നിത്യം ജീവി​ക്കാ​നുള്ള അവരുടെ ഭാവി​പ്ര​തീ​ക്ഷകൾ നില​കൊ​ള്ളു​ന്ന​തെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.

2 കടുത്ത സമ്മർദ​ത്തി​ലാ​യി​രു​ന്ന​പ്പോ​ഴും യേശു​വി​ന്റെ മനസ്സു ശാന്തമാ​യി​രു​ന്നു. “സമാധാ​നം ഞാൻ നിങ്ങൾക്കു തന്നിട്ടു​പോ​കു​ന്നു” എന്നു യേശു അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പറഞ്ഞു. (യോഹ. 14:27) യേശു​വി​നു ‘ദൈവ​സ​മാ​ധാ​ന​മു​ണ്ടാ​യി​രു​ന്നു.’ ഒരാൾക്ക്‌ യഹോ​വ​യു​മാ​യുള്ള അമൂല്യ​ബ​ന്ധ​ത്തിൽനി​ന്നു​ണ്ടാ​കുന്ന സ്വസ്ഥത​യും പ്രശാ​ന്ത​ത​യും ആണ്‌ അത്‌. ആ സമാധാ​നം യേശു​വി​ന്റെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും ശാന്തമാ​ക്കി​നി​റു​ത്തി.—ഫിലി. 4:6, 7.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

3 നമ്മളാ​രും ഒരിക്ക​ലും യേശു​വി​നു നേരിട്ട തരത്തി​ലുള്ള സമ്മർദം അനുഭ​വി​ക്കില്ല. എങ്കിലും യേശു​വി​നെ അനുഗ​മി​ക്കുന്ന എല്ലാവർക്കും പരീക്ഷ​ണ​ങ്ങ​ളു​ണ്ടാ​കും. (മത്താ. 16:24, 25; യോഹ. 15:20) യേശു​വി​നെ​പ്പോ​ലെ, നമ്മു​ടെ​യും മനസ്സു ചില​പ്പോ​ഴൊ​ക്കെ അസ്വസ്ഥ​മാ​കും. ഉത്‌ക​ണ്‌ഠകൾ നമ്മളെ വരിഞ്ഞു​മു​റു​ക്കി നമ്മുടെ മനസ്സമാ​ധാ​നം കെടു​ത്തി​ക്ക​ള​യാ​തി​രി​ക്കാൻ എന്തു ചെയ്യാം? ഭൂമി​യി​ലെ തന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ യേശു ചെയ്‌ത മൂന്നു കാര്യങ്ങൾ നമുക്ക്‌ ഒന്ന്‌ അടുത്ത്‌ പരി​ശോ​ധി​ക്കാം. പരീക്ഷ​ണ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ യേശു​വി​നെ എങ്ങനെ അനുക​രി​ക്കാ​മെ​ന്നും നോക്കാം.

യേശു പ്രാർഥി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു

പ്രാർഥിച്ചുകൊണ്ട്‌ നമുക്കു സമാധാ​നം നിലനി​റു​ത്താം (4-7 ഖണ്ഡികകൾ കാണുക)

4. ഭൂമി​യി​ലെ ജീവി​ത​ത്തി​ന്റെ അവസാ​ന​ദി​വസം യേശു കൂടെ​ക്കൂ​ടെ പ്രാർഥി​ച്ച​തി​നു ചില ഉദാഹ​ര​ണങ്ങൾ പറയുക, പിൽക്കാ​ലത്ത്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ 1 തെസ്സ​ലോ​നി​ക്യർ 5:17-ൽ എന്ത്‌ ഉപദേശം നൽകി?

4 1 തെസ്സ​ലോ​നി​ക്യർ 5:17 വായി​ക്കുക. ഭൂമി​യി​ലെ അവസാ​ന​ദി​വസം കൂടെ​ക്കൂ​ടെ യേശു പ്രാർഥി​ച്ചു. തന്റെ മരണത്തി​ന്റെ സ്‌മാ​രകം ഏർപ്പെ​ടു​ത്തി​യ​പ്പോൾ യേശു അപ്പത്തി​ന്റെ​യും വീഞ്ഞി​ന്റെ​യും മേലുള്ള അനു​ഗ്ര​ഹ​ത്തി​നാ​യി പ്രാർഥി​ച്ചു. (1 കൊരി. 11:23-25) പെസഹ ആഘോ​ഷിച്ച സ്ഥലത്തു​നിന്ന്‌ പോകു​ന്ന​തി​നു മുമ്പ്‌ യേശു ശിഷ്യ​ന്മാ​രു​ടെ​കൂ​ടെ പ്രാർഥി​ച്ചു. (യോഹ. 17:1-26) ആ രാത്രി യേശു​വും ശിഷ്യ​ന്മാ​രും ഗത്ത്‌ശെ​മ​ന​യിൽ എത്തി. അവി​ടെ​വെച്ച്‌ യേശു പലവട്ടം പ്രാർഥി​ച്ചു. (മത്താ. 26:36-39, 42, 44) ഒടുവിൽ, മരിക്കു​ന്ന​തി​നു മുമ്പ്‌ യേശു അവസാനം പറഞ്ഞ വാക്കു​ക​ളും യഹോ​വ​യോ​ടുള്ള പ്രാർഥ​ന​യാ​യി​രു​ന്നു. (ലൂക്കോ. 23:46) നിർണാ​യ​ക​മായ ആ ദിവസ​ത്തി​ലെ ഓരോ പ്രധാ​ന​പ്പെട്ട കാര്യ​ത്തി​ലും യേശു യഹോ​വ​യോ​ടു പ്രാർഥി​ച്ചു.

5. എന്തു​കൊ​ണ്ടാണ്‌ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ ധൈര്യം ദുർബ​ല​മാ​യത്‌?

5 പ്രാർഥ​ന​യി​ലൂ​ടെ യഹോ​വ​യിൽ ആശ്രയി​ച്ച​താ​ണു പരി​ശോ​ധ​നകൾ നേരി​ട്ട​പ്പോൾ പിടി​ച്ചു​നിൽക്കാൻ യേശു​വി​നെ സഹായിച്ച ഒരു കാര്യം. എന്നാൽ അപ്പോ​സ്‌ത​ല​ന്മാ​രോ? അവർ ആ രാത്രി പ്രാർഥ​ന​യിൽ ഉറ്റിരി​ക്കു​ന്ന​തിൽ വീഴ്‌ച വരുത്തി. എന്തായി​രു​ന്നു ഫലം? പരി​ശോ​ധ​ന​യു​ടെ നാഴിക വന്നപ്പോൾ അവരുടെ ധൈര്യം ചോർന്നു​പോ​യി. (മത്താ. 26:40, 41, 43, 45, 56) പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾ, യേശു​വി​ന്റെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ ‘എപ്പോ​ഴും പ്രാർഥി​ച്ചാൽ’ മാത്രമേ വിശ്വ​സ്‌ത​രാ​യി നിൽക്കാൻ നമുക്കു കഴിയൂ. നമുക്ക്‌ എന്തിനു​വേണ്ടി പ്രാർഥി​ക്കാം?

6. സമാധാ​നം നിലനി​റു​ത്താൻ വിശ്വാ​സം നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

6 ‘വിശ്വാ​സം വർധി​പ്പി​ച്ചു​ത​രാൻ’ നമുക്ക്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കാം. (ലൂക്കോ. 17:5; യോഹ. 14:1) നമുക്കു വിശ്വാ​സം ആവശ്യ​മാണ്‌, കാരണം യേശു​വി​നെ അനുഗ​മി​ക്കുന്ന എല്ലാവ​രെ​യും സാത്താൻ പരീക്ഷി​ക്കും. (ലൂക്കോ. 22:31) ഒന്നിനു പുറകേ ഒന്നായി പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ ശാന്തരാ​യി നിൽക്കാൻ വിശ്വാ​സം നമ്മളെ സഹായി​ക്കും. എങ്ങനെ? വിശ്വാ​സ​മു​ണ്ടെ​ങ്കിൽ, ഒരു പരി​ശോ​ധന നേരി​ടാൻ നമ്മളെ​ക്കൊണ്ട്‌ കഴിയു​ന്ന​തെ​ല്ലാം ചെയ്‌ത​തി​നു ശേഷം ആ പ്രശ്‌നം യഹോ​വ​യു​ടെ കൈക​ളി​ലേക്കു വിട്ടു​കൊ​ടു​ക്കും. കാരണം കൃത്യ​സ​മ​യത്ത്‌ യഹോവ അതു പരിഹ​രി​ക്കു​മെന്നു നമുക്ക്‌ അറിയാം. നമ്മൾ എത്ര ശ്രമി​ച്ചാ​ലും സാധി​ക്കാത്ത വിധം അത്ര നന്നായി ആ പ്രശ്‌നം കൈകാ​ര്യം ചെയ്യാൻ യഹോ​വ​യ്‌ക്കു കഴിയു​മെന്നു നമുക്ക്‌ ഉറപ്പുണ്ട്‌. ആ ഉറപ്പു നമ്മുടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും ശാന്തമാ​ക്കും.—1 പത്രോ. 5:6, 7.

7. റോബർട്ട്‌ സഹോ​ദ​രന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

7 നമ്മൾ നേരി​ടുന്ന പരി​ശോ​ധ​നകൾ എന്തുമാ​യി​ക്കൊ​ള്ളട്ടെ, മനസ്സമാ​ധാ​നം നിലനി​റു​ത്താൻ പ്രാർഥന നമ്മളെ സഹായി​ക്കും. 80 വയസ്സു പിന്നിട്ട, വിശ്വ​സ്‌ത​നായ റോബർട്ട്‌ സഹോ​ദ​രന്റെ അനുഭവം നോക്കുക. ഒരു മൂപ്പനാ​യി സേവി​ക്കുന്ന അദ്ദേഹം പറയുന്നു: “ഫിലി​പ്പി​യർ 4:6, 7-ലെ ബുദ്ധി​യു​പ​ദേശം ജീവി​ത​ത്തി​ലെ പല പരി​ശോ​ധ​ന​ക​ളെ​യും നേരി​ടാൻ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. എനിക്കു സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടു​കൾ ഉണ്ടായി​ട്ടുണ്ട്‌. കൂടാതെ, കുറച്ച്‌ കാല​ത്തേക്ക്‌ എനിക്കു മൂപ്പനാ​യി സേവി​ക്കാ​നും കഴിഞ്ഞില്ല.” മനസ്സമാ​ധാ​നം നിലനി​റു​ത്താൻ സഹോ​ദ​രനെ എന്താണു സഹായി​ച്ചത്‌? അദ്ദേഹം പറയുന്നു: “എനിക്ക്‌ എന്തെങ്കി​ലും ഉത്‌കണ്‌ഠ തോന്നി​യാൽ ആ നിമി​ഷം​തന്നെ ഞാൻ പ്രാർഥി​ക്കും. എത്ര തീവ്ര​മാ​യി, എത്ര കൂടെ​ക്കൂ​ടെ പ്രാർഥി​ച്ചോ, അത്രയ​ധി​കം സമാധാ​നം എനിക്ക്‌ അനുഭ​വ​പ്പെട്ടു.”

യേശു ഉത്സാഹ​ത്തോ​ടെ പ്രസം​ഗി​ച്ചു

സന്തോഷവാർത്ത അറിയി​ച്ചു​കൊണ്ട്‌ നമുക്കു സമാധാ​നം നിലനി​റു​ത്താം (8-10 ഖണ്ഡികകൾ കാണുക)

8. യോഹ​ന്നാൻ 8:29 പറയു​ന്ന​തു​പോ​ലെ യേശു​വി​നു മനസ്സമാ​ധാ​ന​മു​ണ്ടാ​യി​രു​ന്ന​തി​ന്റെ മറ്റൊരു കാരണം എന്താണ്‌?

8 യോഹ​ന്നാൻ 8:29 വായി​ക്കുക. ഉപദ്ര​വങ്ങൾ നേരി​ട്ട​പ്പോ​ഴും യേശു​വി​നു മനസ്സമാ​ധാ​നം നിലനി​റു​ത്താൻ കഴിഞ്ഞു. കാരണം താൻ വിശ്വ​സ്‌ത​നാ​യി പിടി​ച്ചു​നിൽക്കു​ന്നതു പിതാ​വി​നെ സന്തോ​ഷി​പ്പി​ക്കു​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അനുസ​രണം കാണി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി​രു​ന്ന​പ്പോൾപ്പോ​ലും യേശു ദൈവത്തെ അനുസ​രി​ച്ചു. യേശു പിതാ​വി​നെ സ്‌നേ​ഹി​ച്ചു. അതു​കൊണ്ട്‌ യഹോ​വയെ സേവി​ക്കു​ന്ന​താ​യി​രു​ന്നു യേശു​വി​ന്റെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം. ഉദാഹ​ര​ണ​ത്തിന്‌, ഭൂമി​യി​ലേക്കു വരുന്ന​തി​നു മുമ്പ്‌ യേശു ദൈവ​ത്തി​ന്റെ ‘വിദഗ്‌ധ​ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു.’ (സുഭാ. 8:30) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു പിതാ​വി​നെ​ക്കു​റിച്ച്‌ മറ്റുള്ള​വരെ ഉത്സാഹ​ത്തോ​ടെ പഠിപ്പി​ച്ചു. (മത്താ. 6:9; യോഹ. 5:17) ആ പ്രവർത്തനം യേശു​വി​നെ അങ്ങേയറ്റം സന്തോ​ഷി​പ്പി​ച്ചു.—യോഹ. 4:34-36.

9. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ന്നതു മനസ്സമാ​ധാ​നം നിലനി​റു​ത്താൻ നമ്മളെ എങ്ങനെ സഹായി​ക്കും?

9 യഹോ​വയെ അനുസ​രി​ച്ചു​കൊ​ണ്ടും ‘കർത്താ​വി​ന്റെ വേലയിൽ എപ്പോ​ഴും തിരക്കു​ള്ള​വ​രാ​യി​രു​ന്നു​കൊ​ണ്ടും’ നമുക്കു യേശു​വി​നെ അനുക​രി​ക്കാം. (1 കൊരി. 15:58) പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ‘മുഴു​കു​ന്നെ​ങ്കിൽ,’ നമ്മുടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്കു ശരിയായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കും. (പ്രവൃ. 18:5) എങ്ങനെ? നമ്മൾ അനുഭ​വി​ക്കു​ന്ന​തി​നെ​ക്കാൾ ഗൗരവ​മുള്ള പ്രശ്‌ന​ങ്ങ​ളാ​ണു ശുശ്രൂ​ഷ​യിൽ നമ്മൾ കണ്ടുമു​ട്ടു​ന്ന​വർക്കു​ള്ളത്‌. എങ്കിലും, യഹോ​വയെ സ്‌നേ​ഹി​ക്കാ​നും ദൈവ​ത്തി​ന്റെ ഉപദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാ​നും പഠിക്കു​മ്പോൾ അവരുടെ ജീവിതം മെച്ച​പ്പെ​ടും, കൂടുതൽ സന്തോ​ഷ​മു​ള്ള​താ​കും. ഓരോ​രു​ത്ത​രു​ടെ​യും കാര്യ​ത്തിൽ ഇതു സംഭവി​ക്കു​ന്നതു കാണു​മ്പോൾ നമ്മുടെ പ്രശ്‌നങ്ങൾ നേരി​ടാ​നും യഹോവ സഹായി​ക്കും എന്ന കാര്യം കുറച്ചു​കൂ​ടെ ഉറപ്പാ​കും. ആ ഉറപ്പ്‌ മനസ്സമാ​ധാ​നം നിലനി​റു​ത്താൻ നമ്മളെ സഹായി​ക്കും. ഇതു സത്യമാ​ണെന്ന്‌ ഒരു സഹോ​ദ​രി​യു​ടെ ജീവിതം തെളി​യി​ക്കു​ന്നു. ജീവി​ത​ത്തി​ലു​ട​നീ​ളം, വിഷാ​ദ​വും വില​കെ​ട്ട​വ​ളാ​ണെന്ന തോന്ന​ലും സഹോ​ദ​രി​യെ വേട്ടയാ​ടി​ക്കൊ​ണ്ടി​രു​ന്നു. സഹോ​ദരി പറയുന്നു: “ശുശ്രൂ​ഷ​യിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​മ്പോൾ വൈകാ​രി​ക​മാ​യി സമനില വീണ്ടെ​ടു​ക്കാൻ എനിക്കു കഴിയു​ന്നുണ്ട്‌, എനിക്കു കൂടുതൽ സന്തോ​ഷ​മുണ്ട്‌. വയൽസേ​വ​ന​ത്തി​ലാ​യി​രി​ക്കു​മ്പോ​ഴാണ്‌ എനിക്ക്‌ യഹോ​വ​യോട്‌ ഏറ്റവും അധികം അടുപ്പം തോന്നു​ന്നത്‌ എന്നതാ​യി​രി​ക്കാം അതിന്റെ കാരണം.”

10. ബ്രെൻഡ​യു​ടെ വാക്കു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

10 ബ്രെൻഡ എന്നു പേരുള്ള ഒരു സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. സഹോ​ദ​രി​ക്കും മകൾക്കും നാഡീ​സം​ബ​ന്ധ​മാ​യി ഗുരു​ത​ര​മായ ഒരു രോഗം ബാധി​ച്ചി​രു​ന്നു. ആരോ​ഗ്യം തീരെ​യി​ല്ലാത്ത ബ്രെൻഡ​യു​ടെ ജീവിതം വീൽച്ചെ​യ​റി​ലാണ്‌. സാധി​ക്കു​മ്പോ​ഴെ​ല്ലാം സഹോ​ദരി വീടു​തോ​റു​മുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടും. എന്നാൽ പ്രധാ​ന​മാ​യും അതു ചെയ്യു​ന്നതു കത്തുക​ളി​ലൂ​ടെ​യാണ്‌. സഹോ​ദരി പറയുന്നു: “ഈ വ്യവസ്ഥി​തി​യിൽ എന്റെ അവസ്ഥയ്‌ക്കു മാറ്റമു​ണ്ടാ​കി​ല്ലെന്ന കാര്യം ഞാൻ മനസ്സിനെ ബോധ്യ​പ്പെ​ടു​ത്തി. അപ്പോൾ ശുശ്രൂ​ഷ​യിൽ പൂർണ​ശ്രദ്ധ കൊടു​ക്കാൻ എനിക്കു കഴിഞ്ഞു. വാസ്‌ത​വ​ത്തിൽ, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ മുഴു​കു​ന്ന​തു​കൊണ്ട്‌ എന്റെ ഉത്‌ക​ണ്‌ഠ​ക​ളെ​ക്കു​റി​ച്ചൊ​ന്നും ഞാൻ കാര്യ​മാ​യി ചിന്തി​ക്കു​ന്നില്ല. സഭയുടെ പ്രദേ​ശ​ത്തുള്ള ആളുകളെ സഹായി​ക്കു​ന്ന​തിൽ ഞാൻ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു. അങ്ങനെ എന്റെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചല്ല, എന്റെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ എനിക്ക്‌ എപ്പോ​ഴും ചിന്തി​ക്കാ​നാ​കു​ന്നു.”

യേശു സുഹൃത്തുക്കളുടെ സഹായം സ്വീക​രി​ച്ചു

നല്ല സുഹൃ​ത്തു​ക്ക​ളു​മാ​യി സഹവസി​ച്ചു​കൊണ്ട്‌ നമുക്കു സമാധാ​നം നിലനി​റു​ത്താം (11-15 ഖണ്ഡികകൾ കാണുക)

11-13. (എ) അപ്പോ​സ്‌ത​ല​ന്മാ​രും മറ്റുള്ള​വ​രും യേശു​വി​ന്റെ അടുത്ത സുഹൃ​ത്തു​ക്ക​ളാ​ണെന്നു തെളി​യി​ച്ചത്‌ എങ്ങനെ? (ബി) യേശു​വി​ന്റെ സുഹൃ​ത്തു​ക്കൾ യേശു​വി​നെ എങ്ങനെ സഹായി​ച്ചു?

11 യേശു​വി​ന്റെ ശുശ്രൂ​ഷ​ക്കാ​ല​ത്തു​ട​നീ​ളം വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാർ യേശു​വി​ന്റെ യഥാർഥ​സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. സുഭാ​ഷി​ത​ങ്ങ​ളി​ലെ ഈ വാക്കു​ക​ളു​ടെ സത്യത അവർ തെളി​യി​ച്ചു: “കൂടപ്പി​റ​പ്പി​നെ​ക്കാൾ കൂറുള്ള കൂട്ടു​കാ​രു​മുണ്ട്‌.” (സുഭാ. 18:24) യേശു അത്തരം സുഹൃ​ത്തു​ക്കളെ വിലമ​തി​ച്ചു. യേശു​വി​ന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ അനിയ​ന്മാർ ആരും യേശു​വിൽ വിശ്വ​സി​ച്ചില്ല. (യോഹ. 7:3-5) ഒരു അവസര​ത്തിൽ യേശു​വി​നു ഭ്രാന്താ​ണെ​ന്നു​പോ​ലും യേശു​വി​ന്റെ കുടും​ബാം​ഗങ്ങൾ ചിന്തിച്ചു. (മർക്കോ. 3:21) എന്നാൽ അതിനു വിപരീ​ത​മാ​യി, മരിക്കു​ന്ന​തി​നു മുമ്പുള്ള അവസാ​ന​രാ​ത്രി​യിൽ വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രോ​ടു യേശു​വിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “നിങ്ങളാണ്‌ എന്റെ പരീക്ഷ​ക​ളിൽ എന്റെകൂ​ടെ നിന്നവർ.”—ലൂക്കോ. 22:28.

12 അപ്പോ​സ്‌ത​ല​ന്മാർ ചില​പ്പോ​ഴൊ​ക്കെ യേശു​വി​നെ നിരാ​ശ​പ്പെ​ടു​ത്തി എന്നതു ശരിയാണ്‌. പക്ഷേ അവരുടെ കുറവു​ക​ളിൽ ശ്രദ്ധി​ക്കു​ന്ന​തി​നു പകരം അവർക്കു തന്നിലുള്ള വിശ്വാ​സ​മാ​ണു യേശു കണ്ടത്‌. (മത്താ. 26:40; മർക്കോ. 10:13, 14; യോഹ. 6:66-69) വധിക്ക​പ്പെ​ടു​ന്ന​തി​നു മുമ്പുള്ള അവസാ​ന​രാ​ത്രി യേശു ആ വിശ്വ​സ്‌ത​രായ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “ഞാൻ നിങ്ങളെ സ്‌നേ​ഹി​ത​ന്മാർ എന്നു വിളി​ക്കു​ന്നു. കാരണം എന്റെ പിതാ​വിൽനിന്ന്‌ കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയി​ച്ചി​രി​ക്കു​ന്നു.” (യോഹ. 15:15) യേശു​വി​ന്റെ സുഹൃ​ത്തു​ക്കൾ യേശു​വി​നു നല്ല പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നു എന്നതിൽ സംശയ​മില്ല. ശുശ്രൂ​ഷ​യിൽ അവർ നൽകിയ സഹായം യേശു​വിന്‌ അതിയായ സന്തോഷം കൊടു​ത്തു.—ലൂക്കോ. 10:17, 21.

13 അപ്പോ​സ്‌ത​ല​ന്മാ​രെ​ക്കൂ​ടാ​തെ യേശു​വി​നു പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും ഉൾപ്പെടെ മറ്റു സുഹൃ​ത്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ അവർ യേശു​വി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മറ്റു വിധങ്ങ​ളി​ലും അവർ യേശു​വി​നെ സഹായി​ച്ചു. ചിലർ യേശു​വി​നെ വീട്ടി​ലേക്കു ക്ഷണിക്കു​ക​യും ആതിഥ്യം നൽകു​ക​യും ചെയ്‌തു. (ലൂക്കോ. 10:38-42; യോഹ. 12:1, 2) വേറെ ചിലർ യേശു​വി​നോ​ടൊ​പ്പം സഞ്ചരിച്ചു, തങ്ങളുടെ സ്വത്തുക്കൾ യേശു​വി​നെ ശുശ്രൂ​ഷി​ക്കു​ന്ന​തി​നു​വേണ്ടി ഉപയോ​ഗി​ച്ചു. (ലൂക്കോ. 8:3) യേശു​വി​നു നല്ല സുഹൃ​ത്തു​ക്കളെ കിട്ടാൻ കാരണം യേശു ഒരു നല്ല സുഹൃ​ത്താ​യി​രു​ന്ന​താണ്‌. യേശു അവർക്കു​വേണ്ടി നല്ല കാര്യങ്ങൾ ചെയ്‌തു, അവർക്കു ചെയ്യാൻ കഴിയു​ന്ന​തി​നെ​ക്കാൾ അധികം അവരിൽനിന്ന്‌ പ്രതീ​ക്ഷി​ച്ചു​മില്ല. യേശു പൂർണ​നാ​യി​രു​ന്നു, എങ്കിലും അപൂർണ​രായ തന്റെ സുഹൃ​ത്തു​ക്കൾ നൽകിയ പിന്തു​ണ​യ്‌ക്കു നന്ദിയു​ള്ള​വ​നാ​യി​രു​ന്നു. മനസ്സമാ​ധാ​നം നിലനി​റു​ത്താൻ യേശു​വി​നെ അവർ സഹായി​ച്ചു എന്നതിനു സംശയ​മില്ല.

14-15. നമുക്ക്‌ എങ്ങനെ നല്ല സുഹൃ​ത്തു​ക്കളെ നേടാം, അവർക്കു നമ്മളെ എങ്ങനെ സഹായി​ക്കാൻ കഴിയും?

14 നല്ല സുഹൃ​ത്തു​ക്കൾ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കും. നല്ല സുഹൃ​ത്തു​ക്കളെ കിട്ടണ​മെ​ങ്കിൽ നമ്മൾത്തന്നെ നല്ല സുഹൃ​ത്താ​യി​രി​ക്കണം. (മത്താ. 7:12) ഉദാഹ​ര​ണ​ത്തിന്‌, മറ്റുള്ള​വർക്കു​വേണ്ടി നമ്മുടെ സമയവും ഊർജ​വും ചെലവി​ടാൻ, പ്രത്യേ​കി​ച്ചും ‘ദരി​ദ്രരെ’ സഹായി​ക്കാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (എഫെ. 4:28) നിങ്ങളു​ടെ സഭയിലെ ആരെ​യെ​ങ്കി​ലും നിങ്ങൾക്കു സഹായി​ക്കാൻ കഴിയു​മോ? പ്രായ​മോ രോഗ​മോ കാരണം വീട്ടിൽനിന്ന്‌ പുറത്തി​റ​ങ്ങാൻ കഴിയാത്ത സഹോ​ദ​ര​ങ്ങൾക്കു സാധനങ്ങൾ വാങ്ങി​ക്കൊ​ടു​ക്കാൻ കഴിയു​മോ? സാമ്പത്തി​ക​മാ​യി ബുദ്ധി​മു​ട്ടുന്ന ഒരു കുടും​ബ​ത്തി​നു ഭക്ഷണം കൊടു​ക്കാ​നാ​കു​മോ? jw.org-ഓ JW ലൈബ്രറിയോ ഉപയോ​ഗി​ക്കാൻ അറിയി​ല്ലാത്ത സഹോ​ദ​ര​ങ്ങളെ നിങ്ങൾക്കു സഹായി​ക്കാൻ പറ്റുമോ? മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ മുഴു​കു​മ്പോൾ നമുക്കു സന്തോഷം കിട്ടാ​നുള്ള സാധ്യത കൂടു​ത​ലാണ്‌.—പ്രവൃ. 20:35.

15 പരി​ശോ​ധ​നകൾ നേരി​ടു​മ്പോൾ സുഹൃ​ത്തു​ക്കൾ നമ്മളെ പിന്തു​ണ​യ്‌ക്കും. മനസ്സമാ​ധാ​നം നിലനി​റു​ത്താൻ അവർ നമ്മളെ സഹായി​ക്കും. തന്റെ കഷ്ടപ്പാ​ടു​ക​ളെ​ക്കു​റിച്ച്‌ ഇയ്യോബ്‌ സംസാ​രി​ച്ച​പ്പോൾ എലീഹു ശ്രദ്ധി​ച്ചി​രു​ന്ന​തു​പോ​ലെ, നമ്മുടെ ഉത്‌ക​ണ്‌ഠ​ക​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മ്പോൾ സുഹൃ​ത്തു​ക്കൾ ക്ഷമയോ​ടെ കേൾക്കും. (ഇയ്യോ. 32:4) എന്നാൽ സുഹൃ​ത്തു​ക്കൾ നമുക്കു​വേണ്ടി തീരു​മാ​നങ്ങൾ എടുക്കു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്ക​രുത്‌. എങ്കിലും ബൈബിൾ അടിസ്ഥാ​ന​മാ​ക്കി അവർ തരുന്ന ഉപദേശം ശ്രദ്ധി​ക്കു​ന്നതു ജ്ഞാനമാ​യി​രി​ക്കും. (സുഭാ. 15:22) ദാവീദ്‌ രാജാവ്‌ സുഹൃ​ത്തു​ക്ക​ളു​ടെ സഹായം താഴ്‌മ​യോ​ടെ സ്വീക​രി​ച്ച​തു​പോ​ലെ സുഹൃ​ത്തു​ക്കൾ വാഗ്‌ദാ​നം ചെയ്യുന്ന സഹായം നമ്മളും സ്വീക​രി​ക്കണം, ദുരഭി​മാ​നം അതിന്‌ ഒരു തടസ്സമാ​ക​രുത്‌. (2 ശമു. 17:27-29) അത്തരം നല്ല സുഹൃ​ത്തു​ക്കൾ ശരിക്കും യഹോവ തരുന്ന സമ്മാന​ങ്ങ​ളാണ്‌.—യാക്കോ. 1:17.

എങ്ങനെ സമാധാനംനിലനിറുത്താം

16. ഫിലി​പ്പി​യർ 4:6, 7 അനുസ​രിച്ച്‌ സമാധാ​നം നേടാ​നാ​കുന്ന ഒരേ ഒരു വഴി ഏതാണ്‌? വിശദീ​ക​രി​ക്കുക.

16 ഫിലി​പ്പി​യർ 4:6, 7 വായി​ക്കുക. യഹോവ സമാധാ​നം തരുന്നതു ‘ക്രിസ്‌തു​യേശു മുഖാ​ന്ത​ര​മാ​ണെന്ന്‌’ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിൽ യേശു​വി​ന്റെ പങ്കു മനസ്സി​ലാ​ക്കു​ക​യും അതിൽ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ മാത്രമേ ഹൃദയ​ത്തെ​യും മനസ്സി​നെ​യും കാക്കുന്ന, നിലനിൽക്കുന്ന സമാധാ​നം നേടാൻ നമുക്കു കഴിയൂ. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്റെ മോച​ന​വില നമ്മുടെ എല്ലാ പാപങ്ങൾക്കു​മുള്ള ക്ഷമ സാധ്യ​മാ​ക്കു​ന്നു. (1 യോഹ. 2:12) ആ അറിവ്‌ നമുക്ക്‌ എന്തൊരു ആശ്വാ​സ​മാ​ണു തരുന്നത്‌! ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വെന്ന നിലയിൽ യേശു, സാത്താ​നും അവന്റെ വ്യവസ്ഥി​തി​യും കാരണം നമ്മൾ അനുഭ​വി​ക്കുന്ന എല്ലാ കഷ്ടപ്പാ​ടു​ക​ളും ഇല്ലാതാ​ക്കും. (യശ. 65:17; 1 യോഹ. 3:8; വെളി. 21:3, 4) എത്ര മഹത്തായ ഒരു പ്രത്യാ​ശ​യാണ്‌ അത്‌! കൂടാതെ, യേശു നമുക്കു തന്നിരി​ക്കുന്ന നിയമനം ബുദ്ധി​മു​ട്ടു​ള്ള​താ​ണെ​ങ്കി​ലും ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലത്ത്‌ നമ്മളെ പിന്തു​ണ​ച്ചു​കൊണ്ട്‌ യേശു നമ്മു​ടെ​കൂ​ടെ​യുണ്ട്‌. (മത്താ. 28:19, 20) എന്തൊരു ധൈര്യ​മാണ്‌ അതു നമുക്കു തരുന്നത്‌! ആശ്വാസം, പ്രത്യാശ, ധൈര്യം—മനസ്സമാ​ധാ​ന​ത്തി​ന്റെ അടിസ്ഥാ​ന​ശി​ല​ക​ളിൽ ചിലതാണ്‌ ഇവ.

17. (എ) ഒരു ക്രിസ്‌ത്യാ​നി​ക്കു മനസ്സമാ​ധാ​നം നിലനി​റു​ത്താൻ എങ്ങനെ കഴിയും? (ബി) യോഹ​ന്നാൻ 16:33-ൽ ഉറപ്പു തന്നിരി​ക്കു​ന്ന​തു​പോ​ലെ നമ്മളെ​ക്കൊണ്ട്‌ എന്തു സാധി​ക്കും?

17 കടുത്ത പരി​ശോ​ധ​നകൾ നിങ്ങളെ പിടി​ച്ചു​കു​ലു​ക്കു​മ്പോൾ മനസ്സമാ​ധാ​നം നിലനി​റു​ത്താൻ എങ്ങനെ കഴിയും? യേശു ചെയ്‌ത​തു​പോ​ലെ ചെയ്യുക. ഒന്ന്‌, പ്രാർഥി​ക്കുക; എന്നാൽ പ്രാർഥി​ച്ചാൽ മാത്രം പോരാ, പ്രാർഥ​ന​യിൽ ഉറ്റിരി​ക്കുക. രണ്ട്‌, ബുദ്ധി​മു​ട്ടാ​യി തോന്നി​യാൽപ്പോ​ലും യഹോ​വയെ അനുസ​രി​ക്കു​ക​യും ഉത്സാഹ​ത്തോ​ടെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും ചെയ്യുക. അവസാ​ന​മാ​യി, പരി​ശോ​ധ​ന​ക​ളിൽ പിടി​ച്ചു​നിൽക്കാ​നുള്ള സഹായ​ത്തി​നാ​യി സുഹൃ​ത്തു​ക്ക​ളു​ടെ സഹായം തേടുക. അപ്പോൾ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും കാക്കും. യേശു​വി​നെ​പ്പോ​ലെ ഏതു പരി​ശോ​ധ​ന​യും ‘കീഴട​ക്കാൻ’ നിങ്ങൾക്കും കഴിയും.—യോഹ​ന്നാൻ 16:33 വായി​ക്കുക.

ഗീതം 41 എന്റെ പ്രാർഥന കേൾക്കേ​ണ​മേ

^ ഖ. 5 സമാധാ​നം കെടു​ത്തി​ക്ക​ള​യുന്ന പല പ്രശ്‌ന​ങ്ങ​ളും നമ്മൾ നേരി​ടു​ന്നുണ്ട്‌. മനസ്സമാ​ധാ​നം നിലനി​റു​ത്താൻ യേശു ചെയ്‌ത മൂന്നു കാര്യങ്ങൾ ഈ ലേഖനം ചർച്ച ചെയ്യും. കടുത്ത സമ്മർദ​ത്തി​ലാ​ണെ​ങ്കിൽപ്പോ​ലും സമാധാ​നം നിലനി​റു​ത്താൻ അതു നമ്മളെ​യും സഹായി​ക്കും.