വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 1

“ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!”

“ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!”

“പേടി​ക്കേണ്ടാ, ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌. ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും.”യശ. 41:10.

ഗീതം 7 യഹോവ നമ്മുടെ ബലം

പൂർവാവലോകനം *

1-2. (എ) യശയ്യ 41:10-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സന്ദേശം യോഷി​കോ​യെ സഹായി​ച്ചത്‌ എങ്ങനെ? (ബി) ആരുടെ പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യാണ്‌ യഹോവ ആ സന്ദേശം തന്റെ വചനത്തിൽ സൂക്ഷി​ച്ചി​രി​ക്കു​ന്നത്‌?

വിശ്വ​സ്‌ത​യായ ഒരു സഹോ​ദ​രി​യാ​യി​രു​ന്നു യോഷി​കോ. ഏതാനും മാസങ്ങൾ കൂടിയേ ജീവി​ച്ചി​രി​ക്കൂ എന്ന്‌ ഡോക്ടർ യോഷി​കോ​യോട്‌ പറഞ്ഞു. അതു കേട്ട​പ്പോൾ സഹോ​ദരി എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ച​തെ​ന്നോ? ഇഷ്ടപ്പെട്ട ഒരു ബൈബിൾവാ​ക്യം യോഷി​കോ അപ്പോൾ ഓർത്തു, യശയ്യ 41:10. (വായി​ക്കുക.) യഹോവ തന്റെ കൈ പിടി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ തനിക്കു പേടി​യി​ല്ലെന്നു സഹോ​ദരി വളരെ ശാന്തമാ​യി ഡോക്ട​റോ​ടു പറഞ്ഞു. * യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കാൻ ആശ്വാ​സ​ദാ​യ​ക​മായ ആ തിരു​വെ​ഴു​ത്തു നമ്മുടെ പ്രിയ​സ​ഹോ​ദ​രി​യെ സഹായി​ച്ചു. കടുത്ത പരി​ശോ​ധ​നകൾ നേരി​ടു​മ്പോൾ ശാന്തരാ​യി നിൽക്കാൻ ആ തിരു​വെ​ഴു​ത്തു നമ്മളെ​യും സഹായി​ക്കും. അത്‌ എങ്ങനെ​യെന്നു നമ്മൾ പഠിക്കും. അതിനു​വേണ്ടി, യശയ്യ പ്രവാ​ച​കനു ദൈവം ആ ഉറപ്പു കൊടു​ത്ത​തി​ന്റെ കാരണം ഇപ്പോൾ നോക്കാം.

2 ഭാവി​യിൽ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി പിടി​ച്ചു​കൊണ്ട്‌ പോകു​മാ​യി​രുന്ന ജൂതന്മാ​രെ ആശ്വസി​പ്പി​ക്കാ​നാ​യി​രു​ന്നു യഹോവ യശയ്യ​യെ​ക്കൊണ്ട്‌ ഈ വാക്കുകൾ രേഖ​പ്പെ​ടു​ത്തി​യത്‌. എന്നാൽ ഈ സന്ദേശം ജൂതരായ പ്രവാ​സി​കൾക്കു​വേണ്ടി മാത്രമല്ല ദൈവം തന്റെ വചനത്തിൽ സൂക്ഷി​ച്ചത്‌. അന്നുമു​തൽ ഇന്നുവ​രെ​യുള്ള തന്റെ ജനത്തെ മനസ്സിൽക്ക​ണ്ടു​കൊ​ണ്ടാ​യി​രു​ന്നു യഹോവ അതു ചെയ്‌തത്‌. (യശ. 40:8; റോമ. 15:4) ‘ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങ​ളി​ലാണ്‌’ നമ്മൾ ജീവി​ക്കു​ന്നത്‌. യശയ്യ പുസ്‌ത​ക​ത്തിൽ അടങ്ങി​യി​രി​ക്കുന്ന പ്രോ​ത്സാ​ഹനം നമുക്ക്‌ മുമ്പെ​ന്ന​ത്തെ​ക്കാൾ കൂടുതൽ ഇന്ന്‌ ആവശ്യ​മാണ്‌.—2 തിമൊ. 3:1.

3. (എ) 2019-ലെ വാർഷി​ക​വാ​ക്യ​മായ യശയ്യ 41:10-ൽ യഹോവ ഏതെല്ലാം കാര്യ​ങ്ങൾക്ക്‌ ഉറപ്പു തന്നിട്ടുണ്ട്‌? (ബി) യഹോ​വ​യിൽനി​ന്നുള്ള ഈ ഉറപ്പു നമുക്ക്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

3 നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തുന്ന, യശയ്യ 41:10-ലെ യഹോവ ഉറപ്പു തരുന്ന മൂന്നു കാര്യങ്ങൾ നമ്മൾ ഈ ലേഖന​ത്തിൽ പരി​ശോ​ധി​ക്കും: (1) യഹോവ നമ്മു​ടെ​കൂ​ടെ​യുണ്ട്‌, (2) യഹോവ നമ്മുടെ ദൈവ​മാണ്‌, (3) യഹോവ നമ്മളെ സഹായി​ക്കും. ഇവ മൂന്നും യഹോവ നമുക്കു തരുന്ന ഉറപ്പാണ്‌. * നമുക്ക്‌ ഇന്ന്‌ ഇതു ശരിക്കും ആവശ്യ​മാണ്‌. കാരണം യോഷി​കോ​യെ​പ്പോ​ലെ നമ്മൾ ഓരോ​രു​ത്ത​രും ജീവി​ത​ത്തിൽ പരി​ശോ​ധ​നകൾ നേരി​ടു​ന്നു. കൂടാതെ, ലോകത്ത്‌ മോശ​മായ കാര്യങ്ങൾ സംഭവി​ക്കു​ന്ന​തു​കൊണ്ട്‌ അതിന്റെ സമ്മർദ​ങ്ങ​ളും നമ്മൾ അനുഭ​വി​ക്കു​ന്നുണ്ട്‌. ശക്തരായ ഗവൺമെന്റ്‌ അധികാ​രി​കൾ കാരണം നമ്മളിൽ ചിലർക്ക്‌ ഉപദ്ര​വ​ങ്ങൾപോ​ലും സഹി​ക്കേ​ണ്ടി​വ​രു​ന്നു. അതു​കൊണ്ട്‌ ദൈവം ഉറപ്പു തന്നിരി​ക്കുന്ന ഓരോ കാര്യ​വും നമുക്കു ചിന്തി​ക്കാം.

“ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌”

4. (എ) നമ്മൾ പഠിക്കാൻപോ​കുന്ന ആദ്യത്തെ ഉറപ്പ്‌ ഏതാണ്‌? (അടിക്കു​റി​പ്പും കാണുക.) (ബി) നമ്മളോ​ടുള്ള സ്‌നേഹം യഹോവ എങ്ങനെ​യാ​ണു വർണി​ക്കു​ന്നത്‌? (സി) ദൈവ​ത്തി​ന്റെ വാക്കുകൾ കേൾക്കു​മ്പോൾ നിങ്ങൾക്ക്‌ എന്താണ്‌ തോന്നു​ന്നത്‌?

4 യഹോവ ആദ്യം നമുക്കു തരുന്ന ഉറപ്പ്‌ ഇതാണ്‌: “പേടി​ക്കേണ്ടാ, ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌.” * ഊഷ്‌മ​ള​മായ സ്‌നേ​ഹ​വും തന്റെ മുഴു​ശ്ര​ദ്ധ​യും നമുക്കു തന്നു​കൊണ്ട്‌ നമ്മു​ടെ​കൂ​ടെ​യു​ണ്ടെന്ന്‌ യഹോവ കാണി​ക്കു​ന്നു. യഹോ​വ​യ്‌ക്കു നമ്മളോ​ടുള്ള അഗാധ​മായ സ്‌നേ​ഹ​വും ആർദ്ര​ത​യും എങ്ങനെ​യാ​ണു വർണി​ച്ചി​രി​ക്കു​ന്ന​തെന്നു നോക്കുക. യഹോവ പറയുന്നു: “നീ എനിക്കു വളരെ വില​പ്പെ​ട്ട​വ​നാണ്‌, ഞാൻ നിന്നെ ആദരി​ക്കു​ന്നു, നിന്നെ സ്‌നേ​ഹി​ക്കു​ന്നു.” (യശ. 43:4) തന്നെ സേവി​ക്കു​ന്ന​വ​രോ​ടുള്ള യഹോ​വ​യു​ടെ സ്‌നേഹം ഇല്ലാതാ​ക്കാൻ പ്രപഞ്ച​ത്തി​ലെ ഒരു ശക്തിക്കും കഴിയില്ല. യഹോവ നമ്മളോട്‌ എന്നും വിശ്വ​സ്‌ത​നാ​യി​രി​ക്കും. (യശ. 54:10) യഹോ​വ​യു​ടെ സ്‌നേ​ഹ​വും സൗഹൃ​ദ​വും നമുക്കു ധൈര്യം പകരുന്നു. തന്റെ സ്‌നേ​ഹി​ത​നായ അബ്രാ​മി​നെ (അബ്രാ​ഹാ​മി​നെ) കാത്തു​സം​ര​ക്ഷി​ച്ച​തു​പോ​ലെ യഹോവ നമ്മളെ​യും കാക്കും. യഹോവ അദ്ദേഹ​ത്തോട്‌ ഇങ്ങനെ പറഞ്ഞു: “അബ്രാമേ, പേടി​ക്കേണ്ടാ. ഞാൻ നിനക്ക്‌ ഒരു പരിച​യാണ്‌.”—ഉൽപ. 15:1.

നമ്മൾ നേരി​ടുന്ന പ്രശ്‌നങ്ങൾ വലിയ ‘നദി​പോ​ലെ​യോ’ ‘അഗ്നിജ്വാ​ല​പോ​ലെ​യോ’ ഉള്ളതാ​യാ​ലും യഹോ​വ​യു​ടെ സഹായ​ത്താൽ നമുക്കു പിടി​ച്ചു​നിൽക്കാൻ കഴിയും (5, 6 ഖണ്ഡികകൾ കാണുക) *

5-6. (എ) ജീവി​ത​ത്തിൽ പരി​ശോ​ധ​നകൾ ഉണ്ടാകു​മ്പോൾ നമ്മളെ സഹായി​ക്കാൻ യഹോവ തയ്യാറാ​ണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (ബി) യോഷി​കോ​യു​ടെ അനുഭവം നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

5 ജീവി​ത​ത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ നമ്മളെ സഹായി​ക്കാൻ യഹോവ മനസ്സൊ​രു​ക്ക​മു​ള്ള​വ​നാ​ണെന്നു നമുക്ക്‌ അറിയാം. കാരണം യഹോവ തന്റെ ജനത്തിന്‌ ഈ ഉറപ്പ്‌ നൽകി​യി​ട്ടുണ്ട്‌: “നീ വെള്ളത്തി​ലൂ​ടെ പോകു​മ്പോൾ ഞാൻ കൂടെ​യു​ണ്ടാ​കും, നദിക​ളി​ലൂ​ടെ സഞ്ചരി​ക്കു​മ്പോൾ അവ നിന്നെ മുക്കി​ക്ക​ള​യില്ല. തീയി​ലൂ​ടെ നടക്കു​മ്പോൾ നിനക്കു പൊള്ള​ലേൽക്കില്ല, അഗ്നിജ്വാ​ല​ക​ളേറ്റ്‌ നീ വാടി​പ്പോ​കില്ല.” (യശ. 43:2) എന്താണ്‌ ഈ വാക്കു​ക​ളു​ടെ അർഥം?

6 നമ്മുടെ ജീവിതം ദുരി​ത​പൂർണ​മാ​ക്കുന്ന പ്രശ്‌നങ്ങൾ ഈ വ്യവസ്ഥി​തി​യിൽ നീക്കി​ക്ക​ള​യു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​ട്ടില്ല. പക്ഷേ പ്രശ്‌ന​ങ്ങ​ളാ​കുന്ന ‘നദിക​ളിൽ’ നമ്മൾ മുങ്ങി​ത്താ​ഴാ​നോ പരി​ശോ​ധ​ന​ക​ളാ​കുന്ന “അഗ്നിജ്വാ​ല​ക​ളേറ്റ്‌” നമുക്ക്‌ ശാശ്വ​ത​ഹാ​നി വരാനോ യഹോവ സമ്മതി​ക്കില്ല. നമ്മുടെ കൂടെ​യു​ണ്ടാ​യി​രി​ക്കു​മെന്ന്‌ യഹോവ ഉറപ്പു തന്നിട്ടുണ്ട്‌. അത്തരം പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ‘പോകാ​നുള്ള’ സഹായം യഹോവ തരുന്നു. എങ്ങനെ? ഉത്‌ക​ണ്‌ഠ​ക​ളു​ണ്ടാ​കു​മ്പോൾ യഹോവ നമ്മുടെ മനസ്സ്‌ ശാന്തമാ​ക്കും. അതുവഴി, ജീവനു ഭീഷണി​യു​ണ്ടാ​കുന്ന സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത കാത്തു​സൂ​ക്ഷി​ക്കാൻ നമുക്കു സാധി​ക്കും. (യശ. 41:13) തുടക്ക​ത്തിൽ കണ്ട യോഷി​കോ സഹോ​ദ​രി​യു​ടെ അനുഭവം ഇതു സത്യമാ​ണെന്നു തെളി​യി​ക്കു​ന്നു. സഹോ​ദ​രി​യു​ടെ മകൾ പറയുന്നു: “മമ്മിയു​ടെ ശാന്തത കണ്ടപ്പോൾ ഞങ്ങൾ ശരിക്കും അത്ഭുത​പ്പെ​ട്ടു​പോ​യി. യഹോവ മമ്മിക്കു മനസ്സമാ​ധാ​നം കൊടു​ക്കു​ന്നതു ഞങ്ങൾ ശരിക്കും കണ്ടറിഞ്ഞു. ഞങ്ങളെ വിട്ടു​പോയ ആ ദിവസം​വരെ മമ്മി നഴ്‌സു​മാ​രോ​ടും മറ്റു രോഗി​ക​ളോ​ടും യഹോ​വ​യെ​യും യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളെ​യും കുറിച്ച്‌ സംസാ​രി​ച്ചു.” യോഷി​കോ​യു​ടെ അനുഭവം നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? “ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌” എന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തിൽ നമ്മൾ വിശ്വാ​സം അർപ്പി​ക്കു​ന്നെ​ങ്കിൽ പരി​ശോ​ധ​നകൾ ഉണ്ടാകു​മ്പോൾ ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാ​നും കരുത്ത​രാ​യി​രി​ക്കാ​നും നമുക്കും കഴിയും.

“ഞാനല്ലേ നിന്റെ ദൈവം”

7-8. (എ) നമ്മൾ ചിന്തി​ക്കാൻപോ​കുന്ന രണ്ടാമത്തെ ഉറപ്പ്‌ ഏതാണ്‌, ‘ഭയപ്പെ​ടുക’ എന്നതിന്റെ അർഥ​മെ​ന്താണ്‌? (ബി) യഹോവ എന്തു​കൊ​ണ്ടാണ്‌ ജൂതരായ പ്രവാ​സി​ക​ളോ​ടു “ഭയപ്പെ​ടേണ്ടാ” എന്നു പറഞ്ഞത്‌? (സി) യശയ്യ 46:3, 4-ൽ കാണുന്ന ഏതു വാക്കുകൾ ദൈവ​ജ​ന​ത്തി​ന്റെ മനസ്സിന്‌ ആശ്വാസം പകർന്നി​രി​ക്കാം?

7 യശയ്യ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന രണ്ടാമത്തെ ഉറപ്പു ശ്രദ്ധി​ക്കുക: “ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!” ഈ വാക്യ​ത്തി​ലെ ‘ഭയപ്പെ​ടുക’ എന്നതു​കൊണ്ട്‌ എന്താണ്‌ അർഥമാ​ക്കു​ന്നത്‌? “ഭയപ്പെ​ടുക” എന്നതി​നുള്ള മൂലഭാ​ഷാ​പദം “പിന്നിൽനിന്ന്‌ എന്തോ അപകടം വരുന്നു എന്ന ഭയത്താൽ തിരിഞ്ഞ്‌ നോക്കുക” എന്ന ആശയമോ “അപകട​ക​ര​മായ ഒരു സാഹച​ര്യ​ത്തിൽ പരി​ഭ്രാ​ന്ത​രാ​കുക” എന്ന ആശയമോ ആണ്‌ ധ്വനി​പ്പി​ക്കു​ന്നത്‌.

8 ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി പോകാ​നി​രി​ക്കു​ന്ന​വ​രോട്‌ യഹോവ എന്തു​കൊ​ണ്ടാണ്‌ “ഭയപ്പെ​ടേണ്ടാ” എന്നു പറഞ്ഞത്‌? കാരണം ആ ദേശത്ത്‌ താമസി​ക്കു​ന്ന​വർക്കു ഭയം തോന്നുന്ന ഒരു സമയം വരു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. എന്തായി​രി​ക്കും അവരുടെ ഭീതിക്കു കാരണം? ജൂതന്മാ​രു​ടെ 70 വർഷത്തെ പ്രവാ​സ​ത്തി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ മേദ്യ​യു​ടെ​യും പേർഷ്യ​യു​ടെ​യും ശക്തമായ സൈന്യ​ങ്ങൾ ബാബി​ലോ​ണി​നെ ആക്രമി​ക്കു​മാ​യി​രു​ന്നു. ബാബി​ലോ​ണി​ലെ അടിമ​ത്ത​ത്തിൽനിന്ന്‌ തന്റെ ജനത്തെ സ്വത​ന്ത്ര​മാ​ക്കാൻ ദൈവം ഈ സൈന്യ​ത്തെ ഉപയോ​ഗി​ക്കും. (യശ. 41:2-4) ശത്രു​വി​ന്റെ മുന്നേ​റ്റ​ത്തെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ ബാബി​ലോൺകാ​രും മറ്റു ദേശക്കാ​രും “ധൈര്യ​മാ​യി​രി​ക്കുക” എന്നു പരസ്‌പരം പറഞ്ഞു​കൊണ്ട്‌ തങ്ങളുടെ ധൈര്യം കാത്തു​സൂ​ക്ഷി​ക്കാൻ ശ്രമിച്ചു. അവർ കൂടുതൽ വിഗ്ര​ഹ​ങ്ങ​ളെ​യും ഉണ്ടാക്കി. ആ വിഗ്ര​ഹങ്ങൾ തങ്ങളെ രക്ഷിക്കു​മെന്ന്‌ അവർ പ്രതീ​ക്ഷി​ച്ചു. (യശ. 41:5-7) എന്നാൽ അവി​ടെ​യു​ണ്ടാ​യി​രുന്ന ജൂതന്മാർക്ക്‌ ആശ്വാസം പകർന്നത്‌ യഹോവ അവരോ​ടു പറഞ്ഞ വാക്കു​ക​ളാ​യി​രു​ന്നു: “ഇസ്രാ​യേലേ, (നീ നിന്റെ അയൽക്കാ​രെ​പ്പോ​ലെയല്ല,) നീ എന്റെ ദാസൻ. . . . ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!” (യശ. 41:8-10) യഹോവ പറയു​ന്നത്‌ ശ്രദ്ധി​ക്കുക: ‘ഞാൻ അല്ലേ നിന്റെ ദൈവം!’ താൻ അവരെ മറന്നു​ക​ള​ഞ്ഞി​ട്ടി​ല്ലെന്ന്‌ ഈ വാക്കു​ക​ളി​ലൂ​ടെ തന്റെ വിശ്വ​സ്‌ത​രായ ആരാധ​കർക്കു ദൈവം ഉറപ്പു നൽകി. യഹോവ ഇപ്പോ​ഴും അവരുടെ ദൈവ​മാണ്‌. അവർ ഇപ്പോ​ഴും യഹോ​വ​യു​ടെ ജനവും. യഹോവ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ . . . നിങ്ങളെ വഹിക്കു​ക​യും . . . രക്ഷിക്കു​ക​യും ചെയ്യും.” എത്ര ധൈര്യം പകരുന്ന വാക്കു​ക​ളാണ്‌ ഇത്‌! ഇതു തീർച്ച​യാ​യും ജൂതരായ പ്രവാ​സി​കൾക്കു മനോ​ബ​ല​മേകി.യശയ്യ 46:3, 4 വായി​ക്കുക.

9-10. നമ്മൾ ഭയപ്പെ​ടേണ്ട ഒരു ആവശ്യ​വു​മി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? ഒരു ദൃഷ്ടാന്തം പറയുക.

9 ഒന്നി​നൊ​ന്നു വഷളാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ലോകാ​വ​സ്ഥകൾ കണ്ട്‌ നമുക്കു ചുറ്റു​മുള്ള ആളുകൾ ഇന്ന്‌ മുമ്പെ​ന്ന​ത്തെ​ക്കാ​ളും അധികം ഭയപ്പെ​ട്ടാ​ണു ജീവി​ക്കു​ന്നത്‌. ഈ പ്രശ്‌ന​ങ്ങ​ളിൽനിന്ന്‌ നമ്മളും ഒഴിവു​ള്ള​വരല്ല എന്നതു ശരിയാണ്‌. പക്ഷേ നമ്മൾ ഭയപ്പെ​ടേണ്ട ഒരു ആവശ്യ​വു​മില്ല. യഹോവ നമ്മളോ​ടു പറയുന്നു: “ഞാനല്ലേ നിന്റെ ദൈവം!” ഈ വാക്കുകൾ ശാന്തരാ​യി നിൽക്കാ​നുള്ള ശക്തമായ കാരണ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 നമുക്ക്‌ ഒരു ദൃഷ്ടാന്തം നോക്കാം: ജിമ്മും ബെന്നും ഒരു വിമാ​ന​ത്തിൽ യാത്ര ചെയ്യു​ക​യാണ്‌. പെട്ടെന്ന്‌ ശക്തമായ കാറ്റിൽപ്പെട്ട്‌ വിമാനം ആടിയു​ല​യാൻ തുടങ്ങി. ലൗഡ്‌സ്‌പീ​ക്ക​റി​ലൂ​ടെ പൈലറ്റ്‌ ഇങ്ങനെ ഒരു അറിയിപ്പ്‌ നടത്തി: “എല്ലാവ​രും സീറ്റ്‌ ബെൽറ്റ്‌ ഇടൂ. കാറ്റ്‌ ശക്തമാണ്‌. നമ്മൾ കുറച്ച്‌ ദൂരം ഇങ്ങനെ​യാ​യി​രി​ക്കും പോകു​ന്നത്‌. ഭയപ്പെ​ടേണ്ടാ. നിങ്ങളു​ടെ പൈല​റ്റാ​ണു സംസാ​രി​ക്കു​ന്നത്‌.” ഇതു കേട്ട്‌ ജിം ബെന്നി​നോ​ടു പറഞ്ഞു: “പൈല​റ്റിന്‌ എങ്ങനെയാ പേടി​ക്കേ​ണ്ടെന്ന്‌ ഇത്ര ഉറപ്പിച്ചു പറയാൻ കഴിയു​ന്നത്‌?” ബെന്നി​നാ​ണെ​ങ്കിൽ യാതൊ​രു കുലു​ക്ക​വു​മില്ല. ജിം ചോദി​ച്ചു: “നിനക്കു പേടി​യൊ​ന്നു​മി​ല്ലേ?” ബെൻ ചിരി​ച്ചു​കൊണ്ട്‌ പറഞ്ഞു: “എനിക്ക്‌ ഈ പൈല​റ്റി​നെ നന്നായി അറിയാം. എന്റെ പപ്പയാണ്‌ അത്‌.” എന്നിട്ടു ബെൻ പറഞ്ഞു: “എന്റെ പപ്പയെ നിനക്ക്‌ അറിയാ​ത്ത​തു​കൊ​ണ്ടാ. പപ്പയെ ശരിക്ക്‌ അറിയാ​മെ​ങ്കിൽ നീ ഒട്ടും പേടി​ക്കി​ല്ലാ​യി​രു​ന്നു.”

11. രണ്ടു യാത്ര​ക്കാ​രു​ടെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ എന്തു പഠിക്കാം?

11 ഈ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം? ബെന്നി​നെ​പ്പോ​ലെ നമ്മളും ശാന്തരാണ്‌. കാരണം നമ്മുടെ സ്വർഗീ​യ​പി​താ​വായ യഹോ​വയെ നമുക്കു നന്നായി അറിയാം. ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​നാ​ളു​ക​ളിൽ കൊടു​ങ്കാ​റ്റു​സ​മാ​ന​മായ പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ യഹോവ നമ്മളെ കൈപി​ടിച്ച്‌ നടത്തു​മെന്നു നമുക്ക്‌ അറിയാം. (യശ. 35:4) യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തു​കൊണ്ട്‌ ലോകം മുഴുവൻ ഭയത്തിന്റെ പിടി​യി​ല​മർന്നാ​ലും നമ്മൾ ശാന്തരാ​യി നിൽക്കും. (യശ. 30:15) അയൽക്കാ​രോ​ടു ദൈവ​ത്തിൽ ഉറച്ച വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തി​ന്റെ കാരണം പറയു​മ്പോൾ നമ്മളും ബെന്നി​നെ​പ്പോ​ലെ പ്രവർത്തി​ക്കു​ക​യാണ്‌. അപ്പോൾ അവർക്കും ഒരു കാര്യം ബോധ്യം​വ​ന്നേ​ക്കാം: എന്തൊക്കെ പ്രശ്‌നങ്ങൾ നേരി​ട്ടാ​ലും അവരെ സഹായി​ക്കാൻ യഹോ​വ​യു​ണ്ടാ​യി​രി​ക്കും.

“ഞാൻ നിന്നെ ശക്തീക​രി​ക്കും,നിന്നെ സഹായി​ക്കും”

12. (എ) നമ്മൾ ചിന്തി​ക്കാൻപോ​കുന്ന മൂന്നാ​മത്തെ ഉറപ്പ്‌ ഏതാണ്‌? (ബി) യഹോ​വ​യു​ടെ “കരം” എന്നു പറഞ്ഞി​രി​ക്കു​ന്നതു നമ്മളെ ഏതു കാര്യം ഓർമി​പ്പി​ക്കു​ന്നു?

12 യശയ്യ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂന്നാ​മത്തെ ഉറപ്പു ശ്രദ്ധി​ക്കുക: “ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും.” യഹോവ തന്റെ ജനത്തെ എങ്ങനെ ശക്തീക​രി​ക്കു​മെന്ന്‌ വിവരി​ച്ചു​കൊണ്ട്‌ യശയ്യ നേര​ത്തേ​തന്നെ ഇങ്ങനെ പറഞ്ഞി​ട്ടുണ്ട്‌: “യഹോവ ശക്തി​യോ​ടെ വരും, ദൈവ​ത്തി​ന്റെ കരം ദൈവ​ത്തി​നു​വേണ്ടി ഭരിക്കും.” (യശ. 40:10) ശക്തിയെ കുറി​ക്കാ​നാണ്‌ ബൈബി​ളിൽ പലപ്പോ​ഴും “കരം” എന്ന വാക്ക്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ യഹോ​വ​യു​ടെ ‘കരം ഭരിക്കും’ എന്ന വാക്കുകൾ യഹോവ ശക്തനായ ഒരു രാജാ​വാ​ണെന്ന കാര്യം നമ്മളെ ഓർമി​പ്പി​ക്കു​ന്നു. തന്റെ ദാസന്മാ​രെ സഹായി​ക്കാ​നും സംരക്ഷി​ക്കാ​നും യഹോവ മുൻകാ​ല​ങ്ങ​ളിൽ തന്റെ അജയ്യമായ ശക്തി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. യഹോ​വ​യ്‌ക്കു മാറ്റമില്ല. ഇക്കാല​ത്തും തന്നിൽ ആശ്രയി​ക്കു​ന്ന​വരെ യഹോവ ശക്തീക​രി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യുന്നു.—ആവ. 1:30, 31; യശ. 43:10.

സംരക്ഷിക്കാൻ യഹോ​വ​യു​ടെ ശക്തമായ കരങ്ങളു​ള്ള​പ്പോൾ എതിരാ​ളി​ക​ളു​ടെ ഒരു ആയുധ​വും ഫലിക്കില്ല (12-16 ഖണ്ഡികകൾ കാണുക) *

13. (എ) നമ്മളെ ശക്തീക​രി​ക്കും എന്നുള്ള വാഗ്‌ദാ​നം പ്രത്യേ​കിച്ച്‌ യഹോവ നിറ​വേ​റ്റു​ന്നത്‌ ഏതു സമയത്താ​യി​രി​ക്കും? (ബി) നമുക്കു ധൈര്യ​വും ആത്മവി​ശ്വാ​സ​വും പകരുന്ന ഉറപ്പ്‌ ഏതാണ്‌?

13 “ഞാൻ നിന്നെ ശക്തീക​രി​ക്കും” എന്ന വാഗ്‌ദാ​നം യഹോവ നിറ​വേ​റ്റു​ന്നത്‌ പ്രത്യേ​കി​ച്ചും, ശത്രുക്കൾ നമ്മളെ ഉപദ്ര​വി​ക്കു​മ്പോ​ഴാണ്‌. ഇന്ന്‌ ലോക​ത്തി​ന്റെ ചില ഭാഗങ്ങ​ളിൽ പ്രസം​ഗ​പ്ര​വർത്തനം തടയാ​നോ സംഘട​നയെ നിരോ​ധി​ക്കാ​നോ ശത്രുക്കൾ കിണഞ്ഞു ശ്രമി​ക്കു​ന്നുണ്ട്‌. എന്നാലും അത്തരം ആക്രമ​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ നമ്മൾ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തില്ല. നമുക്കു ധൈര്യ​വും ആത്മവി​ശ്വാ​സ​വും പകരുന്ന ഒരു ഉറപ്പ്‌ യഹോവ തന്നിട്ടുണ്ട്‌. “നിനക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധ​വും ഫലിക്കില്ല” എന്ന വാഗ്‌ദാ​നം. (യശ. 54:17) ആ വാക്കുകൾ നമ്മളെ പ്രധാ​ന​പ്പെട്ട മൂന്നു കാര്യങ്ങൾ ഓർമി​പ്പി​ക്കു​ന്നു.

14. ദൈവ​ത്തി​ന്റെ ശത്രുക്കൾ നമ്മളെ ആക്രമി​ക്കു​മെ​ന്ന​തിൽ നമ്മൾ അതിശ​യി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

14 ഒന്ന്‌, ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളായ നമ്മളെ മറ്റുള്ളവർ വെറു​ക്കു​മെന്ന കാര്യം നമുക്ക്‌ അറിയാം. (മത്താ. 10:22) അവസാ​ന​നാ​ളു​ക​ളിൽ തന്റെ ശിഷ്യ​ന്മാർ കഠിന​മായ ഉപദ്ര​വങ്ങൾ ഏൽക്കേ​ണ്ടി​വ​രു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. (മത്താ. 24:9; യോഹ. 15:20) ശത്രുക്കൾ നമ്മളെ വെറു​ക്കുക മാത്രമല്ല ചെയ്യു​ന്നത്‌. അവർ നമുക്ക്‌ എതിരെ പല തരത്തി​ലുള്ള ആയുധങ്ങൾ ഉപയോ​ഗി​ക്കു​മെ​ന്നും യശയ്യ പ്രവചനം മുന്നറി​യിപ്പ്‌ തരുന്നു. ഇതാണു രണ്ടാമത്തെ കാര്യം. ആ ആയുധ​ങ്ങ​ളിൽ വഞ്ചനയും കല്ലുവെച്ച നുണക​ളും ക്രൂര​മായ ഉപദ്ര​വ​വും ഉൾപ്പെ​ടു​ന്നു. (മത്താ. 5:11) ഇവ ഉപയോ​ഗിച്ച്‌ നമുക്ക്‌ എതിരെ യുദ്ധം ചെയ്യു​ന്ന​തിൽനിന്ന്‌ യഹോവ ശത്രു​ക്കളെ തടയില്ല. (എഫെ. 6:12; വെളി. 12:17) എന്നാൽ നമുക്ക്‌ പേടി തോന്നേണ്ട ഒരു കാര്യ​വു​മില്ല, എന്തു​കൊണ്ട്‌?

15-16. (എ)  നമ്മൾ ഓർത്തി​രി​ക്കേണ്ട മൂന്നാ​മത്തെ കാര്യം ഏതാണ്‌, യശയ്യ 25:4, 5 അതിന്‌ കൂടു​ത​ലായ ഉറപ്പു തരുന്നത്‌ എങ്ങനെ? (ബി) നമുക്ക്‌ എതിരെ യുദ്ധം ചെയ്യു​ന്ന​വർക്ക്‌ സംഭവി​ക്കാൻ പോകു​ന്നത്‌ എന്താ​ണെന്ന്‌ യശയ്യ 41:11, 12 വിശദീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

15 നമ്മൾ ഓർത്തി​രി​ക്കേണ്ട മൂന്നാ​മത്തെ കാര്യം അതിന്‌ ഉത്തരം തരുന്നു. നമുക്ക്‌ എതിരെ ഉപയോ​ഗി​ക്കുന്ന “ഒരു ആയുധ​വും” ഒരിക്ക​ലും “ഫലിക്കില്ല” എന്ന്‌ യഹോവ ഉറപ്പു തന്നിട്ടുണ്ട്‌. വിനാശം വിതയ്‌ക്കുന്ന ശക്തമായ കാറ്റോ​ടു​കൂ​ടിയ പേമാ​രി​യിൽനിന്ന്‌ ഒരു മതിൽ സംരക്ഷണം തരുന്ന​തു​പോ​ലെ “ക്രൂര​രായ അധികാ​രി​കൾ കോപം ചൊരി​യു​മ്പോൾ” യഹോവ നമ്മളെ സംരക്ഷി​ക്കും. (യശയ്യ 25:4, 5 വായി​ക്കുക.) നമുക്കു നിലനിൽക്കുന്ന ദോഷം വരുത്തുന്ന ഒന്നും ചെയ്യാൻ ശത്രു​ക്കൾക്ക്‌ ഒരിക്ക​ലും കഴിയില്ല.—യശ. 65:17.

16 നമ്മളോ​ടു ‘കോപി​ക്കു​ന്ന​വരെ’ കാത്തി​രി​ക്കു​ന്നത്‌ എന്താ​ണെന്നു വിശദ​മാ​യി പറഞ്ഞു​കൊണ്ട്‌ തന്നിൽ ആശ്രയി​ക്കാ​നുള്ള കൂടുതൽ കാരണങ്ങൾ യഹോവ നമുക്ക്‌ തരുന്നു. (യശയ്യ 41:11, 12 വായി​ക്കുക.) ശത്രുക്കൾ നമുക്ക്‌ എതിരെ എത്ര ശക്തമായി പോരാ​ടി​യാ​ലും ശരി, യുദ്ധം എത്ര കടുത്ത​താ​യാ​ലും ശരി, അന്തിമ​ഫ​ല​ത്തി​ന്റെ കാര്യ​ത്തിൽ മാറ്റു​മു​ണ്ടാ​കില്ല: ദൈവ​ജ​ന​ത്തി​ന്റെ ശത്രു​ക്ക​ളെ​ല്ലാം “ഇല്ലാതാ​കും; അവർ നശിച്ചു​പോ​കും.”

യഹോ​വ​യി​ലുള്ള ആശ്രയം എങ്ങനെ ദൃഢമാ​ക്കാം?

പതിവായി ബൈബിൾ വായി​ച്ചു​കൊണ്ട്‌ നമുക്ക്‌ യഹോ​വ​യി​ലുള്ള ആശ്രയം ദൃഢമാ​ക്കാം (17, 18 ഖണ്ഡികകൾ കാണുക) *

17-18. (എ) ബൈബിൾ വായി​ക്കു​ന്നത്‌ ദൈവ​ത്തി​ലുള്ള ആശ്രയം ദൃഢമാ​ക്കു​ന്നത്‌ എങ്ങനെ? ഒരു ഉദാഹ​രണം പറയുക. (ബി) 2019-ലെ വാർഷി​ക​വാ​ക്യ​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നത്‌ നമ്മളെ എങ്ങനെ സഹായി​ക്കും?

17 യഹോ​വയെ കൂടു​ത​ലാ​യി അടുത്ത്‌ അറിഞ്ഞു​കൊണ്ട്‌ യഹോ​വ​യി​ലുള്ള ആശ്രയം നമുക്കു ദൃഢമാ​ക്കാം. ശ്രദ്ധ​യോ​ടെ ബൈബിൾ വായി​ക്കു​ക​യും വായി​ച്ച​തി​നെ​ക്കു​റിച്ച്‌ നന്നായി ചിന്തി​ക്കു​ക​യും ചെയ്‌താൽ മാത്രമേ നമുക്കു ദൈവത്തെ ശരിക്കും അടുത്ത്‌ അറിയാൻ കഴിയൂ. മുൻകാ​ലത്ത്‌ തന്റെ ജനത്തെ യഹോവ എങ്ങനെ​യാ​ണു സംരക്ഷി​ച്ച​തെന്നു ബൈബിൾ പറയു​ന്നുണ്ട്‌. ആ വിവര​ണങ്ങൾ, യഹോവ നമ്മളെ പരിപാ​ലി​ക്കും എന്ന ഉറപ്പു തരുന്നു.

18 ഉദാഹ​ര​ണ​ത്തിന്‌, യഹോവ എങ്ങനെ​യാണ്‌ നമ്മളെ സംരക്ഷി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ യശയ്യ വാക്കു​കൾകൊണ്ട്‌ വരച്ച മനോ​ഹ​ര​മായ ഒരു ചിത്രം സഹായി​ക്കും. ഈ ചിത്ര​ത്തിൽ യഹോവ ഒരു ഇടയനാണ്‌, ദൈവ​ദാ​സർ കുഞ്ഞാ​ടു​ക​ളും. യശയ്യ പറയുന്നു: “(യഹോവ) കൈ​കൊണ്ട്‌ കുഞ്ഞാ​ടു​കളെ ഒരുമി​ച്ചു​കൂ​ട്ടും, അവയെ മാറോ​ട​ണച്ച്‌ കൊണ്ടു​ന​ട​ക്കും.” (യശ. 40:11) യഹോവ ശക്തമായ തന്റെ കരങ്ങൾകൊണ്ട്‌ നമ്മളെ ചേർത്തു​പി​ടി​ക്കു​ന്ന​താ​യി അനുഭ​വ​പ്പെ​ടു​മ്പോൾ നമുക്കു സുരക്ഷി​ത​ത്വം തോന്നും. നമ്മൾ ശാന്തരാ​യി​രി​ക്കും. നമ്മൾ നേരി​ടുന്ന പ്രശ്‌നങ്ങൾ എന്തായാ​ലും ശാന്തരാ​യി നിൽക്കാൻ നമ്മളെ സഹായി​ക്കു​ന്ന​തിന്‌ വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ 2019-ലെ വാർഷി​ക​വാ​ക്യ​മാ​യി യശയ്യ 41:10-ലെ ഈ വാക്കു​ക​ളാണ്‌ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌: “ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!” മുന്നി​ലുള്ള പാതയിൽ പ്രശ്‌നങ്ങൾ നമ്മളെ കാത്തി​രി​പ്പുണ്ട്‌. പക്ഷേ ധൈര്യം പകരുന്ന ആ വാക്കു​ക​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കുക. പിടി​ച്ചു​നിൽക്കാ​നുള്ള ശക്തി അത്‌ നിങ്ങൾക്കു തരും.

ഗീതം 38 ദൈവം നിന്നെ ബലപ്പെ​ടു​ത്തും

^ ഖ. 5 നമ്മുടെ ജീവി​ത​ത്തി​ലും നമുക്കു ചുറ്റും മോശ​മായ കാര്യങ്ങൾ സംഭവി​ക്കു​മ്പോൾ ശാന്തത കൈവി​ടാ​തി​രി​ക്കാൻ കഴിയു​ന്ന​തി​ന്റെ മൂന്നു കാരണങ്ങൾ 2019-ലെ വാർഷി​ക​വാ​ക്യം വിശദീ​ക​രി​ക്കു​ന്നു. ആ കാരണങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ വിശദ​മാ​യി പഠിക്കും. ഉത്‌ക​ണ്‌ഠകൾ കുറയ്‌ക്കാ​നും പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ യഹോ​വ​യിൽ കൂടു​ത​ലാ​യി ആശ്രയി​ക്കാ​നും അതു സഹായി​ക്കും. വാർഷി​ക​വാ​ക്യ​ത്തെ​ക്കു​റിച്ച്‌ നന്നായി ചിന്തി​ക്കുക. സാധി​ക്കു​മെ​ങ്കിൽ അതു മനഃപാ​ഠ​മാ​ക്കുക. വരാൻപോ​കുന്ന പ്രശ്‌നങ്ങൾ നേരി​ടാ​നുള്ള ശക്തി അതു നിങ്ങൾക്ക്‌ തരും.

^ ഖ. 3 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: വിശ്വാ​സ​യോ​ഗ്യ​മായ ഒരു പ്രസ്‌താ​വന അല്ലെങ്കിൽ ഒരു കാര്യം നിശ്ചയ​മാ​യും സംഭവി​ക്കും എന്ന വാഗ്‌ദാ​നം ആണ്‌ ഉറപ്പ്‌ എന്നു പറയു​ന്നത്‌. നമ്മുടെ ജീവി​ത​ത്തിൽ ഉണ്ടാ​യേ​ക്കാ​വുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രി​ക്കാൻ യഹോവ ഉറപ്പു തരുന്ന ഓരോ കാര്യ​വും നമ്മളെ സഹായി​ക്കും.

^ ഖ. 4 അടിക്കുറിപ്പ്‌: “പേടി​ക്കേണ്ടാ” എന്ന പ്രയോ​ഗം യശയ്യ 41:10, 13 വാക്യ​ങ്ങ​ളി​ലും “ഭയപ്പെ​ടേണ്ടാ” എന്ന പ്രയോ​ഗം യശയ്യ 41:14-ലും കാണാം. ഈ വാക്യ​ങ്ങ​ളിൽ കൂടെ​ക്കൂ​ടെ “ഞാൻ” (യഹോ​വയെ കുറി​ക്കാൻ) എന്ന വാക്ക്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. എന്തു​കൊ​ണ്ടാണ്‌ “ഞാൻ” എന്ന വാക്ക്‌ പല പ്രാവ​ശ്യം ഉപയോ​ഗി​ക്കാൻ യഹോവ യശയ്യയെ പ്രചോ​ദി​പ്പി​ച്ചത്‌? യഹോ​വ​യിൽ ആശ്രയി​ച്ചെ​ങ്കി​ലേ ഉത്‌ക​ണ്‌ഠകൾ ഉണ്ടാകു​മ്പോൾ നമ്മുടെ മനസ്സ്‌ ശാന്തമാ​ക്കാൻ കഴിയൂ എന്ന പ്രധാ​ന​പ്പെട്ട സത്യം എടുത്തു കാണി​ക്കാൻ.

^ ഖ. 52 ചിത്രക്കുറിപ്പ്‌: ജോലി, ആരോ​ഗ്യം, സ്‌കൂൾ, ശുശ്രൂഷ എന്നിവ​യോ​ടു ബന്ധപ്പെട്ട്‌ പരി​ശോ​ധ​നകൾ നേരി​ടുന്ന ഒരു കുടും​ബം.

^ ഖ. 54 ചിത്രക്കുറിപ്പ്‌: ഒരു വീട്ടിൽ മീറ്റിങ്ങ്‌ നടത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ പോലീസ്‌ ഇരച്ചു​ക​യ​റു​ന്നു. പക്ഷേ സഹോ​ദ​രങ്ങൾ പേടി​ക്കു​ന്നില്ല.

^ ഖ. 56 ചിത്രക്കുറിപ്പ്‌: പതിവായ കുടും​ബാ​രാ​ധന പിടി​ച്ചു​നിൽക്കാ​നുള്ള ശക്തി നമുക്കു തരും.