ഭരണസംഘത്തിലെ പുതിയ ഒരു അംഗം
ഏകദേശം ഒരു വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ, 2018 ജനുവരി 24 ബുധനാഴ്ച രാവിലെ ഐക്യനാടുകളിലെയും കാനഡയിലെയും ബഥേൽ കുടുംബങ്ങൾക്ക് ഒരു പ്രത്യേക അറിയിപ്പു കേൾക്കാൻ അവസരം ലഭിച്ചു: കെന്നത്ത് കുക്ക് ജൂനിയർ സഹോദരൻ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായി സേവിക്കും എന്നതായിരുന്നു അത്.
ഐക്യനാടുകളിലെ പെൻസിൽവേനിയയിലാണു കുക്ക് സഹോദരൻ ജനിച്ചതും വളർന്നതും. ഹൈസ്കൂൾ പൂർത്തിയാക്കുന്നതിനു തൊട്ടുമുമ്പ് ഒരു സഹപാഠിയാണ് അദ്ദേഹത്തെ സത്യം അറിയിച്ചത്. 1980 ജൂൺ 7-ന് അദ്ദേഹം സ്നാനപ്പെട്ടു. 1982 സെപ്റ്റംബർ 1-ന് സാധാരണ മുൻനിരസേവനം ആരംഭിച്ചുകൊണ്ട് അദ്ദേഹം മുഴുസമയസേവനത്തിൽ പ്രവേശിച്ചു. രണ്ടു വർഷം മുൻനിരസേവനം ചെയ്തുകഴിഞ്ഞപ്പോൾ അദ്ദേഹത്തെ ബഥേലിലേക്കു ക്ഷണിച്ചു. 1984 ഒക്ടോബർ 12-ന് ന്യൂയോർക്കിലെ വാൾക്കിലിൽ അദ്ദേഹം ബഥേൽസേവനം ആരംഭിച്ചു.
അടുത്ത 25 വർഷം അദ്ദേഹം അച്ചടിശാലയിലും ബഥേലോഫീസിലും വ്യത്യസ്തനിയമനങ്ങൾ കൈകാര്യം ചെയ്തു. 1996-ൽ അദ്ദേഹം ജെയ്മി എന്നു പേരുള്ള സഹോദരിയെ വിവാഹം ചെയ്തു. വിവാഹത്തിനു ശേഷം സഹോദരിയും ബഥേൽസേവനം ആരംഭിച്ചു. 2009 ഡിസംബറിൽ കുക്ക് സഹോദരനെയും സഹോദരിയെയും ന്യൂയോർക്ക് പാറ്റേർസണിലെ വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിലേക്കു നിയമിച്ചു. അവിടെ കത്തിടപാടുകൾ ചെയ്യുന്ന വിഭാഗത്തിലായിരുന്നു നിയമനം. 2016 ഏപ്രിലിൽ കുറച്ച് നാളത്തേക്ക് വാൾക്കിൽ ബഥേലിലേക്കു മടങ്ങിയ സഹോദരനെയും സഹോദരിയെയും പിന്നീടു ന്യൂയോർക്കിലെ ബ്രൂക്ലിനിലേക്കു നിയമിച്ചു. അഞ്ചു മാസത്തിനു ശേഷം ന്യൂയോർക്കിലെ വാർവിക്കിലെ പുതിയ ലോകാസ്ഥാനത്തേക്ക് അവർ മാറി. 2017 ജനുവരിയിൽ കുക്ക് സഹോദരനെ റൈറ്റിങ് കമ്മിറ്റിയുടെ സഹായിയായി നിയമിച്ചു.