പഠനലേഖനം 4
ലളിതമായ ഒരു ആചരണം സ്വർഗീയരാജാവിനെക്കുറിച്ച് പഠിപ്പിക്കുന്നത്
‘ഇത് എന്റെ ശരീരത്തിന്റെ പ്രതീകമാണ്. ഇത് ഉടമ്പടിയുടെ രക്തത്തിന്റെ പ്രതീകമാണ്.’—മത്താ. 26:26-28.
ഗീതം 16 അഭിഷിക്തനാം മകനെപ്രതി യാഹിനെ സ്തുതിപ്പിൻ!
പൂർവാവലോകനം *
1-2. (എ) തന്റെ മരണത്തിന്റെ ഓർമ ലളിതമായ വിധത്തിൽ ആചരിക്കാൻ യേശു ക്രമീകരണം ചെയ്യുമെന്നു ന്യായമായും പ്രതീക്ഷിക്കാവുന്നത് എന്തുകൊണ്ട്? (ബി) യേശുവിന്റെ ഏതെല്ലാം ഗുണങ്ങളെക്കുറിച്ച് നമ്മൾ പഠിക്കും?
ക്രിസ്തുവിന്റെ മരണത്തിന്റെ വാർഷികാചരണം എങ്ങനെയാണു നമ്മൾ നടത്തുന്നത്? കർത്താവിന്റെ അത്താഴത്തിലെ ചെറിയ കാര്യങ്ങൾപോലും നമ്മിൽ പലർക്കും ഓർക്കാൻ കഴിയുമെന്നതിൽ സംശയമില്ല. കാരണം വളരെ ലളിതമായ ഒരു ആചരണമാണ് അത്. എന്നാൽ ഇതു വളരെ സുപ്രധാനമായ ഒരു ആചരണവുമാണ്. അതുകൊണ്ട് ഒരുപക്ഷേ നമ്മൾ ചോദിച്ചേക്കാം, ‘എന്തുകൊണ്ടാണ് ഈ ആചരണം വളരെ ലളിതമായിരിക്കുന്നത്?’
2 ഭൂമിയിലെ ശുശ്രൂഷക്കാലത്ത്, പ്രധാനപ്പെട്ട സത്യങ്ങൾപോലും ലളിതവും വ്യക്തവും എളുപ്പം മനസ്സിലാകുന്നതും ആയ വിധത്തിലാണു യേശു പഠിപ്പിച്ചത്. (മത്താ. 7:28, 29) തന്റെ മരണത്തിന്റെ സ്മാരകാചരണം * ഏർപ്പെടുത്തിയപ്പോഴും യേശു ഇതേ രീതിതന്നെയാണു പിൻപറ്റിയത്. ലളിതവും അതേസമയം അർഥപൂർണവും ആയ ഒരു വിധത്തിൽ യേശു അതു നടത്തി. ആ സ്മാരകാചരണവും യേശു പറഞ്ഞതും ചെയ്തതും ആയ ചില കാര്യങ്ങളും നമുക്ക് അടുത്ത് ചിന്തിക്കാം. യേശു എത്ര താഴ്മയും ധൈര്യവും സ്നേഹവും ഉള്ള വ്യക്തിയാണെന്നു കുറെക്കൂടി നന്നായി മനസ്സിലാക്കാൻ അതു നമ്മളെ സഹായിക്കും. കൂടാതെ യേശുവിനെ എങ്ങനെ കൂടുതൽ നന്നായി അനുകരിക്കാമെന്നും നമ്മൾ പഠിക്കും.
യേശുവിന്റെ താഴ്മ
3. മത്തായി 26:26-28-ൽ കാണുന്നതുപോലെ, യേശു ഏർപ്പെടുത്തിയ സ്മാരകാചരണം എത്ര ലളിതമായിരുന്നു, യേശു ഉപയോഗിച്ച രണ്ടു കാര്യങ്ങൾ എന്തിനെ പ്രതീകപ്പെടുത്തി?
3 വിശ്വസ്തരായ 11 അപ്പോസ്തലന്മാരുടെ സാന്നിധ്യത്തിലാണു യേശു സ്മാരകം ഏർപ്പെടുത്തിയത്. പെസഹാഭക്ഷണത്തിനു ശേഷം ബാക്കിയുണ്ടായിരുന്ന അപ്പവും വീഞ്ഞും ഉപയോഗിച്ചാണ് യേശു ലളിതമായ ഈ ആചരണം നടത്തിയത്. (മത്തായി 26:26-28 വായിക്കുക.) അവരുടെ പക്കലുണ്ടായിരുന്ന പുളിപ്പില്ലാത്ത അപ്പവും വീഞ്ഞും മാത്രമേ യേശു ഉപയോഗിച്ചുള്ളൂ. ഉടൻതന്നെ അവർക്കുവേണ്ടി നൽകാനിരുന്ന തന്റെ പൂർണതയുള്ള ശരീരത്തെയും രക്തത്തെയും ആണ് ഈ രണ്ടു കാര്യങ്ങൾ പ്രതീകപ്പെടുത്തിയതെന്നു യേശു അപ്പോസ്തലന്മാരോടു പറഞ്ഞു. പ്രധാനപ്പെട്ട ഈ പുതിയ ആചരണം യേശു ഇത്ര ലളിതമായി നടത്തിയതു കണ്ട് അപ്പോസ്തലന്മാർ അതിശയിച്ചുകാണില്ല. എന്തുകൊണ്ട്?
4. ‘കർത്താവിന്റെ അത്താഴം’ ലളിതമായി നടത്തിയതിന്റെ കാരണം മനസ്സിലാക്കാൻ യേശു മാർത്തയ്ക്കു കൊടുത്ത ഉപദേശം നമ്മളെ സഹായിക്കുന്നത് എങ്ങനെ?
4 മാസങ്ങൾക്കു മുമ്പ്, യേശുവിന്റെ ശുശ്രൂഷയുടെ മൂന്നാമത്തെ വർഷം നടന്ന ഒരു സംഭവം നോക്കാം. യേശു അടുത്ത സുഹൃത്തുക്കളായ ലാസറും മാർത്തയും മറിയയും താമസിച്ചിരുന്ന വീട്ടിൽ പോയി. ശാന്തമായ ആ അന്തരീക്ഷത്തിൽ യേശു പഠിപ്പിക്കാൻ തുടങ്ങി. മാർത്ത അവിടെയുണ്ടായിരുന്നെങ്കിലും ശ്രദ്ധ മുഴുവൻ തന്റെ വിശിഷ്ടാതിഥിക്കുവേണ്ടി വലിയ ഒരു വിരുന്ന് ഒരുക്കുന്നതിലായിരുന്നു. ഇതു നിരീക്ഷിച്ച യേശു മാർത്തയെ സ്നേഹത്തോടെ തിരുത്തി. എപ്പോഴും വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ആവശ്യമില്ലെന്ന കാര്യം മനസ്സിലാക്കാൻ മാർത്തയെ സഹായിച്ചു. (ലൂക്കോ. 10:40-42) പിന്നീട്, തന്റെ ബലിമരണത്തിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് യേശു ഈ ബുദ്ധിയുപദേശം സ്വയം ബാധകമാക്കി, ‘കർത്താവിന്റെ അത്താഴം’ ലളിതമായി നടത്തി. ഇതു യേശുവിനെക്കുറിച്ച് നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
5. സ്മാരകാചരണത്തിന്റെ ലാളിത്യം യേശുവിനെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നത്, ഇതു ഫിലിപ്പിയർ 2:5-8-ഉം ആയി എങ്ങനെയാണു ചേർച്ചയിലായിരിക്കുന്നത്?
5 തന്റെ ഓരോ വാക്കിലും പ്രവൃത്തിയിലും യേശു താഴ്മയുള്ളവനായിരുന്നു. അതുകൊണ്ട് ഭൂമിയിലെ തന്റെ അവസാനരാത്രിയിലും യേശു താഴ്മ കാണിച്ചു എന്നതു നമ്മളെ ഒട്ടും അതിശയിപ്പിക്കുന്നില്ല. (മത്താ. 11:29) മനുഷ്യചരിത്രത്തിലേക്കുംവെച്ച് ഏറ്റവും വലിയ ത്യാഗം ചെയ്യാൻപോകുകയാണെന്നും അതിനു ശേഷം യഹോവ തന്നെ പുനരുത്ഥാനപ്പെടുത്തി സ്വർഗത്തിൽ രാജാവായി വാഴിക്കുമെന്നും യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് തന്റെ മരണം ഓർക്കാൻ വലിയൊരു ആചരണം യേശു ഏർപ്പെടുത്തിയോ? ഇല്ല. തന്നിലേക്കുതന്നെ അനാവശ്യമായ ശ്രദ്ധ ക്ഷണിക്കാൻ യേശു ആഗ്രഹിച്ചില്ല. മറിച്ച്, ലളിതമായ ഒരു ആചരണത്തിലൂടെ വർഷത്തിൽ ഒരിക്കൽ തന്നെ ഓർമിക്കണമെന്നു യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (യോഹ. 13:15; 1 കൊരി. 11:23-25) ആ ആചരണത്തിനു ചേരുന്ന തരത്തിലുള്ള, ലളിതമായ ആ ഭക്ഷണം യേശുവിൽ ഒട്ടും അഹംഭാവം ഇല്ലെന്നു കാണിച്ചു. നമ്മുടെ സ്വർഗീയരാജാവിന്റെ വിശിഷ്ടഗുണങ്ങളിൽ ഒന്നാണു താഴ്മ എന്നതിൽ നമ്മൾ സന്തോഷമുള്ളവരല്ലേ?—ഫിലിപ്പിയർ 2:5-8 വായിക്കുക.
6. പരിശോധനകൾ നേരിടുമ്പോൾ നമുക്ക് എങ്ങനെ യേശുവിന്റെ താഴ്മ അനുകരിക്കാം?
6 നമുക്ക് എങ്ങനെ യേശുവിന്റെ താഴ്മ അനുകരിക്കാം? നമ്മുടെ താത്പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താത്പര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ട്. (ഫിലി. 2:3, 4) യേശുവിന്റെ ഭൂമിയിലെ അവസാനരാത്രിയിലേക്കു നമുക്കു തിരികെ പോകാം. വേദനാകരമായ മരണം തന്നെ കാത്തിരിക്കുകയാണെന്നു യേശുവിന് അറിയാമായിരുന്നു. ആ സമയത്തും തന്റെ വിശ്വസ്തരായ അപ്പോസ്തലന്മാരെക്കുറിച്ച് യേശുവിനു വളരെയധികം ചിന്തയുണ്ടായിരുന്നു. തന്റെ മരണത്തിൽ അവർ അതിയായി ദുഃഖിക്കുമെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് യേശു ആ രാത്രി അവരെ പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ബലപ്പെടുത്താനും ഉപയോഗിച്ചു. (യോഹ. 14:25-31) യേശു താഴ്മയോടെ തന്റെ ക്ഷേമത്തെക്കാൾ മറ്റുള്ളവരുടെ ക്ഷേമത്തിൽ താത്പര്യം കാണിച്ചു. എത്ര നല്ല മാതൃകയാണു യേശു നമുക്കായി വെച്ചത്!
യേശുവിന്റെ ധൈര്യം
7. കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയതിനു തൊട്ടുപിന്നാലെ യേശു അസാധാരണമായ ധൈര്യം കാണിച്ചത് എങ്ങനെ?
7 കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയതിനു തൊട്ടുപിന്നാലെ യേശു അസാധാരണമായ ധൈര്യം കാണിച്ചു. എങ്ങനെ? പിതാവിന്റെ ഇഷ്ടം നിറവേറ്റുമ്പോൾ ദൈവനിന്ദ എന്ന ലജ്ജാകരമായ കുറ്റത്തിന്റെ പേരിൽ താൻ വധിക്കപ്പെടുമെന്ന് അറിയാമായിരുന്നിട്ടും യേശു ദൈവേഷ്ടം ചെയ്യാൻ മനസ്സുള്ളവനായിരുന്നു. (മത്താ. 26:65, 66; ലൂക്കോ. 22:41, 42) യേശു മരണത്തോളം വിശ്വസ്തനായി നിലകൊണ്ടു. അതുവഴി യഹോവയുടെ പേര് വിശുദ്ധീകരിക്കാനും പരമാധികാരം ഉയർത്തിപ്പിടിക്കാനും പശ്ചാത്താപമുള്ള മനുഷ്യർക്ക് അനന്തജീവന്റെ പാത തുറന്നുകൊടുക്കാനും യേശുവിനു കഴിഞ്ഞു. അതേസമയം, ശിഷ്യന്മാർ ഉടൻതന്നെ നേരിടാൻപോകുന്ന കാര്യങ്ങൾക്കായി യേശു അവരെ ഒരുക്കുകയും ചെയ്തു.
8. (എ) വിശ്വസ്തരായ അപ്പോസ്തലന്മാരോടു യേശു എന്താണു പറഞ്ഞത്? (ബി) യേശുവിന്റെ മരണത്തിനു ശേഷമുള്ള വർഷങ്ങളിൽ ശിഷ്യന്മാർ എങ്ങനെയാണു യേശു വെച്ച ധൈര്യത്തിന്റെ മാതൃക പിൻപറ്റിയത്?
8 യേശു മറ്റൊരു വിധത്തിലും ധൈര്യം കാണിച്ചു. എങ്ങനെ? ധൈര്യമുണ്ടായിരുന്നതുകൊണ്ടാണ് തന്റെ എല്ലാ ഉത്കണ്ഠകളും മാറ്റിവെച്ചിട്ട് വിശ്വസ്തരായ അപ്പോസ്തലന്മാരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യേശുവിനു കഴിഞ്ഞത്. യൂദാസിനെ പറഞ്ഞുവിട്ടതിനു ശേഷം യേശു ഏർപ്പെടുത്തിയ ആചരണത്തെക്കുറിച്ച് ചിന്തിക്കുക. ഈ ആചരണം അഭിഷിക്തരാകാൻപോകുന്ന അനുഗാമികളെ പുതിയ ഉടമ്പടിയിൽ പങ്കാളികളാകുന്നതിന്റെയും യേശു ചൊരിയുന്ന രക്തത്തിന്റെയും പ്രയോജനങ്ങളെക്കുറിച്ച് ഓർമിപ്പിക്കും. (1 കൊരി. 10:16, 17) വിശ്വസ്തരായിരിക്കാനും സ്വർഗത്തിൽ യേശുവിനോടൊപ്പമായിരിക്കാനും അവരെ സഹായിക്കുന്നതിന്, താനും പിതാവും അവരിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നു യേശു വ്യക്തമാക്കി. (യോഹ. 15:12-15) ഭാവിയിൽ അവർ നേരിടാൻപോകുന്ന പരിശോധനകളെക്കുറിച്ചും യേശു അപ്പോസ്തലന്മാരോടു പറഞ്ഞു. എന്നിട്ട് താൻ വെച്ച മാതൃക അനുകരിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവരോടു പറഞ്ഞു: “ധൈര്യമായിരിക്കുക!” (യോഹ. 16:1-4എ, 33) വർഷങ്ങൾക്കു ശേഷവും ശിഷ്യന്മാർ യേശു വെച്ച ആത്മത്യാഗത്തിന്റെ മാതൃക പിൻപറ്റുകയും ധൈര്യം കാണിക്കുകയും ചെയ്തു. പല ബുദ്ധിമുട്ടുകളും സഹിക്കേണ്ടിവന്നെങ്കിലും, എല്ലാ പരിശോധനകളിലും അവർ പരസ്പരം പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു.—എബ്രാ. 10:33, 34.
9. ധൈര്യം കാണിക്കുന്നതിൽ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം?
9 ഇക്കാലത്തും ധൈര്യം കാണിക്കുന്നതിൽ നമ്മൾ യേശു വെച്ച മാതൃക അനുകരിക്കുന്നു. ധൈര്യം കാണിക്കാനുള്ള ഒരു മാർഗം വിശ്വാസത്തിന്റെ പേരിൽ ഉപദ്രവങ്ങൾ നേരിടുന്ന സഹോദരങ്ങളെ സഹായിക്കുന്നതാണ്. നമ്മുടെ സഹോദരങ്ങൾ അന്യായമായി തടവിലാക്കപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാൽ, അവർക്കുവേണ്ടി കഴിയുന്നതെല്ലാം നമ്മൾ ചെയ്യും. ചിലപ്പോൾ അവർക്കുവേണ്ടി സംസാരിക്കേണ്ടതുണ്ടായിരിക്കാം. (ഫിലി. 1:14; എബ്രാ. 13:19) പ്രസംഗപ്രവർത്തനത്തിലും നമ്മൾ ‘ധൈര്യം’ കാണിക്കണം. (പ്രവൃ. 14:3) ആളുകൾ നമ്മളെ എതിർത്താലും ഉപദ്രവിച്ചാലും രാജ്യസന്ദേശം പ്രസംഗിക്കാൻ ഉറച്ച തീരുമാനമെടുത്തിരിക്കുന്നവരാണു നമ്മൾ. ചിലപ്പോൾ ധൈര്യം കുറവാണെന്നു നമുക്കു തോന്നിയേക്കാം. അപ്പോൾ എന്തു ചെയ്യാൻ കഴിയും?
10. സ്മാരകത്തിനു മുമ്പുള്ള ആഴ്ചകളിൽ നമ്മൾ എന്തു ചെയ്യണം, എന്തുകൊണ്ട്?
10 ക്രിസ്തുവിന്റെ മോചനവിലയിലൂടെ നമുക്കു തുറന്നുകിട്ടിയ പ്രത്യാശയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ധൈര്യം വർധിപ്പിക്കാം. (യോഹ. 3:16; എഫെ. 1:7) സ്മാരകാചരണത്തിനു മുമ്പുള്ള ആഴ്ചകളിൽ, മോചനവിലയോടു വിലമതിപ്പു വർധിപ്പിക്കാൻ പ്രത്യേകമായ ഒരു അവസരം നമുക്കുണ്ട്. പട്ടികപ്പെടുത്തിയിരിക്കുന്ന സ്മാരക ബൈബിൾവായനാഭാഗം ഓരോ ദിവസവും വായിക്കുക. യേശുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് ഭക്തിനിർഭരമായ മനസ്സോടെ ധ്യാനിക്കുക. ഇങ്ങനെ ചെയ്യുന്നെങ്കിൽ കർത്താവിന്റെ അത്താഴത്തിനു കൂടിവരുമ്പോൾ സ്മാരകചിഹ്നങ്ങളുടെ അർഥം നമുക്കു കൂടുതൽ വ്യക്തമാകും, യഹോവയും യേശുവും ചെയ്ത അതുല്യമായ ത്യാഗത്തോടുള്ള നമ്മുടെ വിലമതിപ്പു വർധിക്കും. അവർ നമുക്കുവേണ്ടി ചെയ്തതിനെക്കുറിച്ചും നമുക്കും പ്രിയപ്പെട്ടവർക്കും മോചനവില എങ്ങനെയാണു പ്രയോജനം ചെയ്യുക എന്നതിനെക്കുറിച്ചും മനസ്സിലാക്കുമ്പോൾ, നമ്മുടെ പ്രത്യാശ കൂടുതൽ ശക്തമാകും, അവസാനംവരെ ധൈര്യത്തോടെ സഹിച്ചുനിൽക്കാൻ നമ്മൾ പ്രേരിതരാകും.—എബ്രാ. 12:3.
11-12. നമ്മൾ ഇതുവരെ എന്താണു പഠിച്ചത്?
11 ഇതുവരെ പഠിച്ചതിന്റെ ചുരുക്കം ഇതാണ്: കർത്താവിന്റെ അത്താഴം അമൂല്യമായ മോചനവിലയെക്കുറിച്ച് മാത്രമല്ല, യേശുവിന്റെ വിശിഷ്ടഗുണങ്ങളായ താഴ്മയെയും ധൈര്യത്തെയും കുറിച്ചും നമ്മളെ ഓർമിപ്പിക്കുന്നു. നമുക്കുവേണ്ടി അപേക്ഷിച്ചുകൊണ്ട് സ്വർഗത്തിൽ നമ്മുടെ മഹാപുരോഹിതനായി സേവിക്കുന്ന യേശുവിന് ഇപ്പോഴും ഈ ഗുണങ്ങളെല്ലാമുള്ളതിൽ നമ്മൾ നന്ദിയുള്ളവരല്ലേ! (എബ്രാ. 7:24, 25) നമ്മുടെ ഹൃദയം നിറഞ്ഞ നന്ദി കാണിക്കുന്നതിന്, യേശു നമ്മളോടു കല്പിച്ച അതേ വിധത്തിൽ വിശ്വസ്തമായി നമ്മൾ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കണം. (ലൂക്കോ. 22:19, 20) നീസാൻ 14-നു തത്തുല്യമായി വരുന്ന തീയതിയിൽ നമ്മൾ അതു ചെയ്യുന്നു. വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇത്.
12 കർത്താവിന്റെ അത്താഴം എത്ര ലളിതമായിട്ടാണു നടക്കുന്നതെന്നു ചിന്തിക്കുന്നതു നമുക്കുവേണ്ടി മരിക്കാൻ യേശുവിനെ പ്രേരിപ്പിച്ച മറ്റൊരു ഗുണത്തെക്കുറിച്ച് മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. ഭൂമിയിലായിരുന്നപ്പോൾ യേശുവിനെ ആളുകൾക്ക് ഇടയിൽ വളരെയേറെ പ്രിയങ്കരനാക്കിയ ഒരു ഗുണമായിരുന്നു അത്. ഏതാണ് അത്?
യേശുവിന്റെ സ്നേഹം
13. യഹോവയും യേശുവും കാണിച്ച സ്നേഹം യോഹന്നാൻ 15:9-ഉം 1 യോഹന്നാൻ 4:8-10-ഉം എങ്ങനെയാണു വിശദീകരിക്കുന്നത്, അവരുടെ സ്നേഹത്തിൽനിന്ന് ആർക്കെല്ലാമാണു പ്രയോജനം കിട്ടുന്നത്?
13 യഹോവയ്ക്കു നമ്മളോടുള്ള ആഴമായ സ്നേഹം യേശു ചെയ്ത ഓരോ കാര്യത്തിലും കാണാനാകും. (യോഹന്നാൻ 15:9; 1 യോഹന്നാൻ 4:8-10 വായിക്കുക.) സ്വന്തം ജീവൻ നമുക്കു തന്നുകൊണ്ടുപോലും യേശു സ്നേഹം കാണിച്ചു. നമ്മൾ അഭിഷിക്തരുടെ ഭാഗമാണെങ്കിലും ‘വേറെ ആടുകളിൽപ്പെട്ടവരാണെങ്കിലും’ മോചനവിലയിലൂടെ യഹോവയും യഹോവയുടെ മകനും നമ്മളോടു കാണിച്ച സ്നേഹത്തിൽനിന്ന് നമ്മൾ പ്രയോജനം നേടുന്നു. (യോഹ. 10:16; 1 യോഹ. 2:2) കർത്താവിന്റെ അത്താഴത്തിന് ഉപയോഗിക്കുന്ന ചിഹ്നങ്ങളെക്കുറിച്ചും ചിന്തിക്കുക. അതും യേശുവിനു തന്റെ ശിഷ്യന്മാരോടുള്ള സ്നേഹത്തിന്റെയും പരിഗണനയുടെയും തെളിവാണ്. എങ്ങനെ?
14. യേശു എങ്ങനെയാണു തന്റെ ശിഷ്യന്മാരോടുള്ള സ്നേഹം കാണിച്ചത്?
14 വളരെ സങ്കീർണമായ ഒരു ആചരണം ഏർപ്പെടുത്തുന്നതിനു പകരം ലളിതമായ ഒന്ന് ഏർപ്പെടുത്തിക്കൊണ്ട്, അഭിഷിക്തരാകാൻപോകുന്ന തന്റെ അനുഗാമികളോടുള്ള സ്നേഹം യേശു കാണിച്ചു. കാലം കടന്നുപോയപ്പോൾ, ആ അഭിഷിക്തശിഷ്യന്മാർക്ക് ഓരോ വർഷവും വ്യത്യസ്തസാഹചര്യങ്ങളിൽ സ്മാരകം ആചരിക്കേണ്ടതായിവന്നു. ചിലപ്പോൾ അവർ തടവിൽ കിടക്കുന്ന സമയത്തായിരിക്കും സ്മാരകദിവസം. (വെളി. 2:10) അപ്പോഴും അവർക്കു യേശുവിനെ അനുസരിക്കാൻ കഴിഞ്ഞോ? തീർച്ചയായും.
15-16. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽപ്പോലും കർത്താവിന്റെ അത്താഴം ആചരിക്കാൻ ചിലർക്കു കഴിഞ്ഞത് എങ്ങനെ?
15 ഒന്നാം നൂറ്റാണ്ടുമുതൽ ഇക്കാലംവരെ യേശുവിന്റെ മരണം ഓർമിക്കാൻ ക്രിസ്ത്യാനികൾ എല്ലാ ശ്രമവും ചെയ്തിട്ടുണ്ട്. കർത്താവിന്റെ അത്താഴം ആചരിക്കേണ്ടത് എങ്ങനെയാണോ ആ നടപടിക്രമങ്ങൾ കഴിയുന്നിടത്തോളം അവർ പിൻപറ്റിയിട്ടുമുണ്ട്. ചിലപ്പോൾ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലായിരിക്കും അവർ അത് ആചരിച്ചത്. ചില ഉദാഹരണങ്ങൾ നോക്കാം. ഒരു ചൈനീസ് തടവറയിൽ ഏകാന്തതടവിലായിരുന്നപ്പോൾ ഹാരോൾഡ് കിംഗ് സഹോദരൻ സ്മാരകം ആചരിക്കാൻ ഒരു വഴി കണ്ടുപിടിച്ചു. അദ്ദേഹം തന്റെ പക്കലുണ്ടായിരുന്ന സാധനങ്ങൾ ഉപയോഗിച്ച് രഹസ്യമായി സ്മാരകചിഹ്നങ്ങൾ തയ്യാറാക്കി. സ്മാരകത്തിന്റെ തീയതി കഴിയുന്നിടത്തോളം കൃത്യമായി അദ്ദേഹം കണക്കു കൂട്ടിയെടുത്തു. സ്മാരകത്തിന്റെ സമയം വന്നപ്പോൾ തന്റെ ജയിലറയിൽ ഒറ്റയ്ക്ക് അദ്ദേഹം പാട്ടു പാടി, പ്രാർഥിച്ചു, എന്നിട്ട് ഒരു പ്രസംഗം നടത്തി, അങ്ങനെ സ്മാരകം ആചരിച്ചു.
16 മറ്റൊരു സംഭവം നോക്കാം. രണ്ടാം ലോകമഹായുദ്ധകാലത്ത്, തടങ്കൽപ്പാളയത്തിലായിരുന്ന ഒരു കൂട്ടം സഹോദരിമാർ ജീവൻ പണയപ്പെടുത്തിക്കൊണ്ടാണ് കർത്താവിന്റെ അത്താഴം ആചരിച്ചത്. എന്നാൽ ലളിതമായ ആചരണമായിരുന്നതുകൊണ്ട് രഹസ്യമായി അതു നടത്താൻ അവർക്കു കഴിഞ്ഞു. അവർ പറയുന്നു: “ഞങ്ങൾ ഒരുമിച്ച് ചുറ്റും കൂടിനിന്നു. നടുക്ക് വെള്ളത്തുണി വിരിച്ച ഒരു സ്റ്റൂളുണ്ടായിരുന്നു. അതിൽ ഞങ്ങൾ സ്മാരകചിഹ്നങ്ങൾ വെച്ചു. വെളിച്ചത്തിന്
ഒരു മെഴുകുതിരി മാത്രമേ ഞങ്ങൾ കത്തിച്ചുള്ളൂ. കാരണം ലൈറ്റിട്ടാൽ പിടിക്കപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. . . . ദൈവത്തിന്റെ പരിശുദ്ധനാമത്തിനായി നിലകൊള്ളാൻ ഞങ്ങളുടെ ശക്തി മുഴുവനും ഉപയോഗിക്കും എന്ന പ്രതിജ്ഞ ഞങ്ങൾ ആവർത്തിച്ചു.” എത്ര വലിയ വിശ്വാസം! ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽപ്പോലും ആചരിക്കാൻ സാധ്യമാകുന്ന രീതിയിൽ സ്മാരകം ഏർപ്പെടുത്തിയപ്പോൾ യേശു എത്ര വലിയ സ്നേഹമാണു കാണിച്ചത്!17. നമ്മൾ ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കണം?
17 സ്മാരകസമയം അടുത്തുവരുമ്പോൾ നമ്മൾ പിൻവരുന്ന ചോദ്യങ്ങൾ നമ്മളോടുതന്നെ ചോദിക്കണം: ‘സ്നേഹം കാണിക്കുന്നതിൽ എനിക്ക് എങ്ങനെ യേശുവിനെ കൂടുതലായി അനുകരിക്കാം? എന്റെ ആവശ്യങ്ങളെക്കാൾ സഹാരാധകരുടെ ആവശ്യങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കാറുണ്ടോ? സഹോദരങ്ങൾക്കു ചെയ്യാൻ കഴിയുന്നതിന് അപ്പുറം ഞാൻ അവരിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ടോ, അതോ അവരുടെ പരിമിതികളെക്കുറിച്ച് ഞാൻ ചിന്തയുള്ളവനാണോ?’ “സഹാനുഭൂതി” കാണിച്ചുകൊണ്ട് നമുക്ക് എന്നും യേശുവിനെ അനുകരിക്കാം.—1 പത്രോ. 3:8.
ഈ പാഠങ്ങൾ മറന്നുപോകരുത്
18-19. (എ) ഏതു കാര്യം സംബന്ധിച്ച് നമുക്ക് ഉറപ്പുണ്ടായിരിക്കാം? (ബി) എന്തു ചെയ്യാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു?
18 ഇനി അധികകാലം നമ്മൾ ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കില്ല. കാരണം, മഹാകഷ്ടതയുടെ സമയത്ത് യേശു ‘വരുമ്പോൾ’ ‘തിരഞ്ഞെടുത്തിരിക്കുന്നവരിൽ’ ബാക്കിയുള്ളവരെ സ്വർഗത്തിലേക്കു കൊണ്ടുപോകും. സ്മാരകാചരണം അതോടെ അവസാനിക്കും.—1 കൊരി. 11:26; മത്താ. 24:31.
19 സ്മാരകം ആചരിക്കുന്നതു നിറുത്തിയതിനു ശേഷവും, യഹോവയുടെ ജനം ഈ ആചരണം നന്ദിയോടെ ഓർക്കുമെന്നതിൽ സംശയമില്ല. ഒരു മനുഷ്യൻ കാണിച്ചിട്ടുള്ള ഏറ്റവും വലിയ താഴ്മയുടെയും ധൈര്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി അത് ആളുകളുടെ മനസ്സിൽ എന്നെന്നും തങ്ങിനിൽക്കും. ശ്രദ്ധേയമായ ഈ ആചരണം നേരിട്ട് കണ്ടിട്ടുള്ളവർ, ആ സമയത്ത് ജീവിച്ചിരിക്കുന്ന എല്ലാവരുടെയും പ്രയോജനത്തിനുവേണ്ടി അതെക്കുറിച്ച് പറയും. എന്നാൽ ഈ ആചരണത്തിൽനിന്ന് ഇപ്പോൾ പ്രയോജനം കിട്ടണമെങ്കിൽ, യേശുവിന്റെ താഴ്മയും ധൈര്യവും സ്നേഹവും അനുകരിക്കാൻ നമ്മൾ ഉറച്ച തീരുമാനമെടുക്കണം. അങ്ങനെ ചെയ്യുന്നെങ്കിൽ, യഹോവയിൽനിന്ന് പ്രതിഫലം ലഭിക്കുമെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം.—2 പത്രോ. 1:10, 11.
ഗീതം 13 നമ്മുടെ മാതൃകാപുരുഷൻ, ക്രിസ്തു
^ ഖ. 5 ഏതാനും ദിവസങ്ങൾക്കുള്ളിൽ, യേശുക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ നമ്മൾ കർത്താവിന്റെ അത്താഴത്തിനു കൂടിവരും. ലളിതമായ ഈ ആചരണം യേശുവിന്റെ താഴ്മ, ധൈര്യം, സ്നേഹം എന്നീ ഗുണങ്ങളെക്കുറിച്ച് നമ്മളെ വളരെയധികം പഠിപ്പിക്കുന്നുണ്ട്. യേശു പ്രകടമാക്കിയ ഈ വിലപ്പെട്ട ഗുണങ്ങൾ നമുക്ക് എങ്ങനെ അനുകരിക്കാമെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും.
^ ഖ. 2 പദപ്രയോഗത്തിന്റെ വിശദീകരണം: ഒരു പ്രധാനപ്പെട്ട സംഭവത്തെയോ വ്യക്തിയെയോ ഓർക്കാനും ബഹുമാനിക്കാനും വേണ്ടി നടത്തുന്ന ഒരു പരിപാടിയാണു സ്മാരകാചരണം.
^ ഖ. 56 ചിത്രക്കുറിപ്പ്: വിശ്വസ്തരായ ദൈവദാസർ ഒന്നാം നൂറ്റാണ്ടിലും 1800-കളുടെ അവസാനത്തിലും നാസി തടങ്കൽപ്പാളയത്തിലും ഇക്കാലത്ത് ചൂടുള്ള കാലാവസ്ഥയിൽ ഒരു തെക്കേ അമേരിക്കൻ രാജ്യത്ത് കെട്ടിയടച്ചിട്ടില്ലാത്ത ഒരു രാജ്യഹാളിലും സ്മാരകം ആചരിക്കുന്നതിന്റെ പുനരവതരണങ്ങൾ.