വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്കു​വേ​ണ്ടി​യാ​ണോ യേശു മരിച്ചത്‌ ?

എനിക്കു​വേ​ണ്ടി​യാ​ണോ യേശു മരിച്ചത്‌ ?

“നമ്മു​ടേ​തു​പോ​ലുള്ള വികാ​ര​ങ്ങ​ളുള്ള” മനുഷ്യർ ഉള്ളിൽത്തട്ടി പറഞ്ഞ അനേകം വാക്കുകൾ നമുക്കു ബൈബി​ളിൽ കാണാം. (യാക്കോ. 5:17) ഉദാഹ​ര​ണ​ത്തിന്‌, റോമർ 7:21-24-ൽ കാണുന്ന പൗലോ​സി​ന്റെ സത്യസ​ന്ധ​മായ വാക്കുകൾ നോക്കുക: “ഞാൻ നന്മ ചെയ്യാൻ ആഗ്രഹി​ക്കു​ന്നെ​ങ്കി​ലും തിന്മ എന്നോ​ടൊ​പ്പ​മുണ്ട്‌. . . . എന്തൊരു പരിതാ​പ​ക​ര​മായ അവസ്ഥയാണ്‌ എന്റേത്‌!” നമുക്കും അങ്ങനെ തോന്നി​യി​ട്ടി​ല്ലേ? സ്വന്തം അപൂർണ​ത​ക​ളു​മാ​യി പോരാ​ടു​മ്പോൾ, വിശ്വ​സ്‌ത​നായ പൗലോ​സി​നും അങ്ങനെ തോന്നി​യി​ട്ടു​ണ്ടെന്ന്‌ അറിയു​ന്നത്‌ ആശ്വാസം പകരു​ന്നി​ല്ലേ?

പൗലോസ്‌ മറ്റു വികാ​ര​ങ്ങ​ളും പ്രകടി​പ്പി​ച്ചി​ട്ടുണ്ട്‌. ഗലാത്യർ 2:20-ൽ പൗലോസ്‌ പറഞ്ഞ വാക്കുകൾ നോക്കുക: യേശു ‘എന്നെ സ്‌നേ​ഹിച്ച്‌ എനിക്കു​വേണ്ടി തന്നെത്തന്നെ ഏൽപ്പി​ച്ചു​കൊ​ടു​ത്തു.’ പൗലോ​സിന്‌ അക്കാര്യം ഉറപ്പാ​യി​രു​ന്നു. നിങ്ങൾക്ക്‌ അങ്ങനെ തോന്നി​യി​ട്ടു​ണ്ടോ? എല്ലായ്‌പോ​ഴും അങ്ങനെ തോന്നി​യി​ട്ടു​ണ്ടാ​കില്ല.

മുൻകാ​ല​പാ​പ​ങ്ങൾ കാരണം വില​കെ​ട്ട​വ​രാ​ണെന്ന തോന്നൽ നിങ്ങൾക്കു​ണ്ടെ​ങ്കിൽ യഹോ​വ​യു​ടെ സ്‌നേ​ഹ​വും ക്ഷമയും സ്വീക​രി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. യേശു​വി​ന്റെ ബലി നിങ്ങൾക്കുള്ള ഒരു സമ്മാന​മാ​ണെന്നു അംഗീ​ക​രി​ക്കാ​നും പ്രയാസം തോന്നി​യേ​ക്കാം. മോച​ന​വില നമുക്ക്‌ ഓരോ​രു​ത്തർക്കും ഉള്ള ഒരു സമ്മാന​മാ​യി കാണാൻ യേശു ശരിക്കും ആഗ്രഹി​ക്കു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ, അങ്ങനെ കാണാൻ നമ്മളെ എന്തു സഹായി​ക്കും? ഈ രണ്ടു ചോദ്യ​ങ്ങൾ നമുക്ക്‌ ഇപ്പോൾ പരി​ശോ​ധി​ക്കാം.

തന്റെ ബലിയെ യേശു എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌?

തന്റെ ബലി നമുക്ക്‌ ഓരോ​രു​ത്തർക്കും ഉള്ള ഒരു സമ്മാന​മാ​യി നമ്മൾ കാണാൻ യേശു ആഗ്രഹി​ക്കു​ന്നു. അത്‌ ഉറപ്പിച്ച്‌ പറയാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ലൂക്കോസ്‌ 23:39-43-ൽ വിവരി​ച്ചി​രി​ക്കുന്ന രംഗം ഒന്നു ഭാവന​യിൽ കാണുക. യേശു​വിന്‌ അരികിൽ ഒരു മനുഷ്യൻ ദണ്ഡനസ്‌തം​ഭ​ത്തിൽ കിടക്കു​ക​യാണ്‌. താൻ തെറ്റു ചെയ്‌തി​ട്ടു​ണ്ടെന്ന്‌ ആ വ്യക്തി സമ്മതി​ക്കു​ന്നു. ഗുരു​ത​ര​മായ തെറ്റു​ത​ന്നെ​യാ​യി​രി​ക്കും ആ വ്യക്തി ചെയ്‌തി​രി​ക്കുക, കാരണം അങ്ങനെ​യു​ള്ള​വർക്കു കൊടു​ക്കുന്ന തരം ക്രൂര​മായ ശിക്ഷയാണ്‌ ഇപ്പോൾ ആ വ്യക്തിക്കു ലഭിച്ചി​രി​ക്കു​ന്നത്‌. തന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌ ആകെ വിഷമം തോന്നിയ ആ മനുഷ്യൻ ഇപ്പോൾ യേശു​വി​നോട്‌ അപേക്ഷി​ക്കു​ന്നു: “അങ്ങ്‌ അങ്ങയുടെ രാജ്യ​ത്തിൽ പ്രവേ​ശി​ക്കു​മ്പോൾ എന്നെയും ഓർക്കേ​ണമേ.”

യേശു ഇപ്പോൾ എന്തു ചെയ്യുന്നു? വളരെ കഷ്ടപ്പെട്ട്‌ തല തിരിച്ച്‌ അയാളെ നോക്കു​ന്നു. വേദന കടിച്ച​മർത്തി​ക്കൊണ്ട്‌, യേശു ആ മനുഷ്യ​നെ നോക്കി ഒന്നു പുഞ്ചി​രി​ക്കു​ന്നു. എന്നിട്ട്‌ ഈ ഉറപ്പു കൊടു​ത്തു: “സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.” എന്നാൽ യേശു​വിന്‌ ആ മനുഷ്യ​നോ​ടു ‘മനുഷ്യ​പു​ത്രൻ വന്നത്‌ അനേകർക്കു​വേണ്ടി തന്റെ ജീവൻ മോച​ന​വി​ല​യാ​യി കൊടു​ക്കാൻ ആണ്‌’ എന്നു പറഞ്ഞാൽ മതിയാ​യി​രു​ന്നു. (മത്താ. 20:28) അതിനു പകരം യേശു സ്‌നേ​ഹ​ത്തോ​ടെ “നീ,” “എന്റെ” എന്നീ വാക്കു​ക​ളാണ്‌ ഉപയോ​ഗി​ച്ചത്‌. അയാൾ ഭൂമി​യി​ലെ പറുദീ​സ​യിൽ ജീവി​ക്കു​മെന്ന്‌ ഉറപ്പു കൊടു​ത്തു​കൊണ്ട്‌ തന്റെ ബലിയി​ലൂ​ടെ ആ വ്യക്തിക്കു കിട്ടാൻപോ​കുന്ന പ്രയോ​ജ​ന​ത്തെ​ക്കു​റി​ച്ചും പറഞ്ഞു.

തന്റെ ബലി ആ മനുഷ്യ​നും​കൂ​ടി​യു​ള്ള​താ​ണെന്ന്‌ അയാൾ മനസ്സി​ലാ​ക്ക​ണ​മെന്നു യേശു ആഗ്രഹി​ച്ചു. ചിന്തി​ക്കുക: ദൈവത്തെ സേവി​ക്കാൻ അവസരം കിട്ടാ​തി​രുന്ന ഒരു കുറ്റവാ​ളി​യോ​ടു യേശു​വി​നു വളരെ​യ​ധി​കം അലിവ്‌ തോന്നി. അങ്ങനെ​യെ​ങ്കിൽ, ദൈവത്തെ സേവി​ക്കുന്ന സ്‌നാ​ന​മേറ്റ ഒരു ക്രിസ്‌ത്യാ​നി​യോ​ടു യേശു എത്രയ​ധി​കം ക്ഷമിക്കും? തെറ്റുകൾ ചെയ്‌തി​ട്ടു​ണ്ടെ​ങ്കി​ലും, ഇങ്ങനെ​യുള്ള ഒരു നല്ല കാഴ്‌ച​പ്പാ​ടു വളർത്തി​യെ​ടു​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

പൗലോ​സി​നെ സഹായി​ച്ചത്‌ എന്താണ്‌?

യേശു പൗലോ​സി​നു പ്രസം​ഗി​ക്കാ​നുള്ള നിയമനം നൽകി. ഇത്‌, യേശു തനിക്കു​വേ​ണ്ടി​യാ​ണു മരിച്ച​തെന്ന കാര്യം പൗലോ​സിന്‌ ഉറപ്പു കൊടു​ത്തു. എങ്ങനെ? പൗലോസ്‌ വിശദീ​ക​രി​ക്കു​ന്നു: “എന്നെ ശക്തി​പ്പെ​ടു​ത്തിയ നമ്മുടെ കർത്താ​വായ ക്രിസ്‌തു​യേ​ശു​വി​നോ​ടു ഞാൻ നന്ദിയു​ള്ള​വ​നാണ്‌. കാരണം ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി നിയോ​ഗി​ച്ചു​കൊണ്ട്‌ ക്രിസ്‌തു എന്നെ വിശ്വ​സ്‌ത​നാ​യി കണക്കാ​ക്കി​യ​ല്ലോ. മുമ്പ്‌ ദൈവത്തെ നിന്ദി​ക്കു​ന്ന​വ​നും ദൈവ​ത്തി​ന്റെ ജനത്തെ ഉപദ്ര​വി​ക്കു​ന്ന​വ​നും ധിക്കാ​രി​യും ആയിരുന്ന എന്നെയാണ്‌ ഇങ്ങനെ വിശ്വ​സ്‌ത​നാ​യി കണക്കാ​ക്കി​യത്‌.” (1 തിമൊ. 1:12-14) പൗലോസ്‌ മുമ്പ്‌ വളരെ മോശ​മായ കാര്യ​ങ്ങ​ളെ​ല്ലാം ചെയ്‌തി​ട്ടും യേശു അദ്ദേഹ​ത്തിന്‌ ഈ നിയമനം നൽകി. യേശു​വി​ന്റെ കരുണ​യും സ്‌നേ​ഹ​വും പൗലോ​സി​ലുള്ള വിശ്വാ​സ​വും ഒക്കെ തെളി​യി​ക്കു​ന്ന​താ​യി​രു​ന്നു അത്‌. ഇതു​പോ​ലെ നമുക്ക്‌ ഓരോ​രു​ത്തർക്കും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നുള്ള നിയമനം യേശു നൽകി​യി​ട്ടുണ്ട്‌. (മത്താ. 28:19, 20) യേശു നമുക്കു​വേ​ണ്ടി​യു​മാ​ണു മരിച്ച​തെന്നു മനസ്സി​ലാ​ക്കാൻ നമ്മുടെ പ്രസം​ഗ​നി​യ​മനം നമ്മളെ സഹായി​ക്കു​ന്നു​ണ്ടോ?

പുറത്താ​ക്ക​പ്പെ​ട്ടിട്ട്‌ 34 വർഷമായ ആൽബർട്ട്‌ അടുത്ത കാലത്താ​ണു സഭയി​ലേക്കു തിരികെ വന്നത്‌. അദ്ദേഹം പറയുന്നു: “എന്റെ പാപങ്ങൾ എപ്പോ​ഴും എന്റെ മുന്നി​ലുണ്ട്‌. എന്നാൽ ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോൾ, യേശു എനിക്കു നേരിട്ട്‌ തന്ന ഒരു നിയമ​ന​മാണ്‌ ഇതെന്നു പൗലോ​സി​നെ​പ്പോ​ലെ എനിക്കും തോന്നാ​റുണ്ട്‌. അത്‌ എനിക്കു സന്തോഷം തരുന്നു. എന്നെ ബലപ്പെ​ടു​ത്തു​ന്നു, ജീവി​ത​ത്തെ​യും ഭാവി​യെ​യും കുറിച്ച്‌ ശുഭാ​പ്‌തി​വി​ശ്വാ​സ​മു​ണ്ടാ​യി​രി​ക്കാ​നും എന്നെ സഹായി​ക്കു​ന്നു.”—സങ്കീ. 51:3.

മറ്റുള്ളവരുടെകൂടെ ബൈബിൾ പഠിക്കു​മ്പോൾ, യേശു​വി​ന്റെ കരുണ​യെ​യും യേശു​വിന്‌ അവരോ​ടുള്ള സ്‌നേ​ഹ​ത്തെ​യും കുറിച്ച്‌ ഉറപ്പു കൊടു​ക്കു​ക

കുറ്റകൃ​ത്യ​ങ്ങ​ളും അക്രമ​ങ്ങ​ളും നിറഞ്ഞ ജീവിതം നയിച്ചി​രുന്ന ഒരാളാ​യി​രു​ന്നു അലൻ. പിന്നീട്‌ അദ്ദേഹം സത്യം പഠിച്ചു. അദ്ദേഹം ഇങ്ങനെ സമ്മതി​ക്കു​ന്നു: “മറ്റുള്ള​വ​രോ​ടു ഞാൻ ചെയ്‌ത ദ്രോ​ഹ​ത്തെ​ക്കു​റിച്ച്‌ ഞാൻ ഇപ്പോ​ഴും ചിന്തി​ക്കാ​റുണ്ട്‌. ചില​പ്പോൾ വിഷാ​ദ​ത്തിൽ മുങ്ങി​പ്പോ​കാൻ ഇത്‌ ഇടയാ​ക്കു​ന്നു. എന്നാൽ മറ്റുള്ള​വ​രോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ എന്നെ​പ്പോ​ലെ​യുള്ള ഒരു പാപിയെ യഹോവ അനുവ​ദി​ക്കു​ന്ന​തിൽ ഞാൻ നന്ദിയു​ള്ള​വ​നാണ്‌. ആളുകൾ സന്തോ​ഷ​വാർത്ത ശ്രദ്ധി​ക്കു​ന്നതു കാണു​മ്പോൾ യഹോവ എത്ര നല്ലവനും സ്‌നേ​ഹ​മു​ള്ള​വ​നും ആണെന്നു ഞാൻ ചിന്തി​ച്ചു​പോ​കും. എന്നെ​പ്പോ​ലെ മോശ​മായ കാര്യങ്ങൾ ചെയ്‌തി​ട്ടു​ള്ള​വരെ സഹായി​ക്കാൻ യഹോവ എന്നെ ഉപയോ​ഗി​ക്കു​ക​യാ​ണെന്ന്‌ എനിക്കു തോന്നു​ന്നു.”

പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​മ്പോൾ, ശരിയായ കാര്യ​ത്തി​നു​വേണ്ടി നമ്മൾ ശക്തി ഉപയോ​ഗി​ക്കു​ക​യാണ്‌. കൂടാതെ നല്ല കാര്യങ്ങൾ ചിന്തി​ക്കാൻ അതു സഹായി​ക്കു​ന്നു. യേശു​വി​നു നമ്മളോ​ടുള്ള കരുണ, സ്‌നേഹം, നമ്മിലുള്ള വിശ്വാ​സം ഇതി​നെ​ല്ലാം ഉറപ്പു ലഭിക്കു​ക​യും ചെയ്യുന്നു.

ദൈവം നമ്മുടെ ഹൃദയ​ത്തെ​ക്കാൾ വലിയവൻ

സാത്താന്റെ ഈ ദുഷിച്ച വ്യവസ്ഥി​തി​യിൽ ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം, മുമ്പ്‌ ചെയ്‌ത പാപങ്ങൾ കാരണം ഹൃദയം നമ്മളെ കുറ്റ​പ്പെ​ടു​ത്തി​യേ​ക്കാം. അത്തരം ചിന്തക​ളോ​ടു നമുക്ക്‌ എങ്ങനെ പോരാ​ടാം?

ചെറു​പ്പ​കാ​ലത്ത്‌ ഒരു ഇരട്ടജീ​വി​തം നയിച്ചി​രുന്ന ജീനിനെ ആ ഓർമകൾ മിക്ക​പ്പോ​ഴും വേദനി​പ്പി​ക്കാ​റുണ്ട്‌. സഹോ​ദ​രിക്ക്‌ എങ്ങനെ​യാണ്‌ ആശ്വാസം കിട്ടു​ന്നത്‌? ജീൻ പറയുന്നു: “‘ദൈവം നമ്മുടെ ഹൃദയ​ത്തെ​ക്കാൾ വലിയവൻ’ എന്ന ആശയം എനിക്കു വളരെ ഇഷ്ടമായി.” (1 യോഹ. 3:19, 20) യഹോ​വ​യ്‌ക്കും യേശു​വി​നും നമ്മുടെ പാപാ​വ​സ്ഥ​യെ​ക്കു​റിച്ച്‌ നമ്മളെ​ക്കാൾ നന്നായി അറിയാം. അതു നമുക്ക്‌ ആശ്വാസം പകരു​ന്നി​ല്ലേ? ഓർക്കുക, അവർ സ്‌നേ​ഹ​പൂർവം മോച​ന​വില നൽകി​യത്‌ പൂർണ​മ​നു​ഷ്യർക്കു​വേ​ണ്ടി​യല്ല, മറിച്ച്‌ അനുതാ​പ​മുള്ള പാപി​കൾക്കു​വേ​ണ്ടി​യാണ്‌.—1 തിമൊ. 1:15.

അപൂർണ​രാ​യ മനുഷ്യ​രോ​ടു യേശു ഇടപെട്ട വിധ​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കുക. യേശു നമുക്കു നൽകിയ ശുശ്രൂ​ഷ​യിൽ കഴിവി​ന്റെ പരമാ​വധി പ്രവർത്തി​ക്കുക. അങ്ങനെ ചെയ്യു​ന്നതു മോച​ന​വില നമുക്ക്‌ ഓരോ​രു​ത്തർക്കും​വേണ്ടി നൽകി​യ​താ​ണെന്ന ബോധ്യം ശക്തമാ​ക്കും. അപ്പോൾ പൗലോ​സി​നെ​പ്പോ​ലെ, യേശു ‘എന്നെ സ്‌നേ​ഹിച്ച്‌ എനിക്കു​വേണ്ടി തന്നെത്തന്നെ ഏൽപ്പി​ച്ചു​കൊ​ടു​ത്തു’ എന്നു നമുക്കും പറയാൻ കഴിയും.