സാത്താന്റെ ഒരു കെണി—എങ്ങനെ സംരക്ഷണം നേടാം?
പുരാതന ഇസ്രായേല്യർ യോർദാൻ നദി കുറുകെ കടന്ന്, വാഗ്ദത്തദേശത്ത് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോൾ അവരെ കാണാൻ ചിലർ എത്തുന്നു. അന്യദേശക്കാരായ സ്ത്രീകളായിരുന്നു ആ സന്ദർശകർ. അവർ ഇസ്രായേൽപുരുഷന്മാരെ ഒരു വിരുന്നിനു ക്ഷണിച്ചു. പുതിയ സുഹൃത്തുക്കൾ, നൃത്തം, ഒന്നാന്തരം ഭക്ഷണം അങ്ങനെ പലതും അവരെ കാത്തിരിപ്പുണ്ടായിരുന്നു. ഇതു വീണുകിട്ടിയ ഒരു അവസരമാണെന്ന് ആ പുരുഷന്മാർക്കു തോന്നിക്കാണും. പക്ഷേ ആ സ്ത്രീകളുടെ ആചാരങ്ങളും ധാർമികമൂല്യങ്ങളും ഇസ്രായേല്യർക്കു ദൈവം കൊടുത്ത നിയമത്തിനു വിരുദ്ധമായിരുന്നു. എങ്കിലും ചില ഇസ്രായേല്യപുരുഷന്മാർ ഇങ്ങനെ ചിന്തിച്ചുകാണും: ‘ഒരു കുഴപ്പവും വരില്ല. നമ്മൾ ശ്രദ്ധിച്ചാൽ മതി.’
പക്ഷേ എന്താണു സംഭവിച്ചത്? ബൈബിൾരേഖ നമ്മളോടു പറയുന്നു: “ജനം മോവാബിലെ സ്ത്രീകളുമായി അധാർമികപ്രവൃത്തികൾ ചെയ്യാൻതുടങ്ങി.” വാസ്തവത്തിൽ, തങ്ങളുടെ വ്യാജദൈവങ്ങളെ ഇസ്രായേല്യപുരുഷന്മാർ ആരാധിക്കണമെന്ന് ആ സ്ത്രീകൾ ആഗ്രഹിച്ചു. അതാണ് ആ പുരുഷന്മാർ ചെയ്തതും! എന്തായിരുന്നു ഫലം? “യഹോവയുടെ കോപം അവരുടെ നേരെ ആളിക്കത്തി.”—ആ ഇസ്രായേല്യർ രണ്ടു വിധങ്ങളിൽ ദൈവത്തിന്റെ നിയമം ലംഘിച്ചു: അവർ വിഗ്രഹങ്ങൾക്കു മുന്നിൽ കുമ്പിട്ടു, ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടു. അനുസരണക്കേടു കാണിച്ച ആയിരങ്ങൾക്കാണു ജീവൻ നഷ്ടപ്പെട്ടത്. (പുറ. 20:4, 5, 14; ആവ. 13:6-9) ഈ ദുരന്തത്തിന്റെ ആഘാതം കൂട്ടിയത് എന്താണ്? അതു നടന്ന സമയം. ആ പുരുഷന്മാർ ദൈവനിയമം ലംഘിച്ചില്ലായിരുന്നെങ്കിൽ ഉടനെതന്നെ അവർക്കും യോർദാൻ കടന്ന് വാഗ്ദത്തദേശത്ത് പ്രവേശിക്കാൻ കഴിഞ്ഞേനേ.—സംഖ്യ 25:5, 9.
ആ സംഭവങ്ങളെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഈ കാര്യങ്ങൾ അവർക്കു സംഭവിച്ചതു നമുക്കൊരു പാഠമാണ്. വ്യവസ്ഥിതികളുടെ അവസാനത്തിൽ വന്നെത്തിയിരിക്കുന്ന നമുക്ക് ഒരു മുന്നറിയിപ്പായാണ് അവ എഴുതിയിരിക്കുന്നത്.” (1 കൊരി. 10:7-11) ഇസ്രായേല്യരിൽ ചിലർ ഗുരുതരമായ പാപം ചെയ്ത് വാഗ്ദത്തദേശത്ത് പ്രവേശിക്കാനുള്ള യോഗ്യത നഷ്ടപ്പെടുത്തിയതു കണ്ടപ്പോൾ സാത്താനു വളരെ സന്തോഷം തോന്നിക്കാണും, സംശയമില്ല! ആ തെറ്റിൽനിന്നുള്ള പാഠം നമുക്ക് എപ്പോഴും നമ്മുടെ ഹൃദയത്തോടു ചേർത്തുനിറുത്താം. പുതിയ ലോകത്തിലേക്കു പ്രവേശിക്കുന്നതിൽനിന്ന് നമ്മളെ തടയുക—ഇതല്ലേ സാത്താന്റെ ശരിക്കുള്ള ലക്ഷ്യം?
അപകടകരമായ ഒരു കെണി
സാത്താൻ ക്രിസ്ത്യാനികളെ കുരുക്കിലാക്കാൻ, അനേകരിൽ പരീക്ഷിച്ച് വിജയിച്ച ഒരു കെണി ഉപയോഗിക്കുന്നു. നമ്മൾ കണ്ടതുപോലെ, അവൻ ഇസ്രായേല്യരെ വീഴിക്കാൻ ലൈംഗിക അധാർമികത ഉപയോഗിച്ചു. ഇക്കാലത്തും അധാർമികത അപകടകരമായ ഒരു കെണിയാണ്. ആ കെണിയിൽ നമ്മളെ വീഴ്ത്താൻ സാത്താൻ ഉപയോഗിക്കുന്ന ഒരു മാർഗം അശ്ലീലമാണ്.
ഇന്ന്, മറ്റുള്ളവർ അറിയാതെ ഒരാൾക്കു അശ്ലീലം കാണാൻ പറ്റും. പക്ഷേ മുമ്പൊക്കെ, ഇതിന് ഒന്നുകിൽ തിയേറ്ററിൽ പോയി അത്തരത്തിലുള്ള സിനിമ കാണണം, അല്ലെങ്കിൽ കടയിൽ പോയി അത്തരം പുസ്തകം വാങ്ങണം. എന്നാൽ അങ്ങനെയുള്ള സ്ഥലങ്ങളിൽവെച്ച് ആരെങ്കിലും തങ്ങളെ കണ്ടാലുള്ള നാണക്കേട് ഓർത്ത് പലരും അതിനു തുനിയുമായിരുന്നില്ല. പക്ഷേ ഇന്ന് ഇന്റർനെറ്റ് സൗകര്യമുള്ള ഒരാൾക്കു ജോലിസ്ഥലത്തുവെച്ചോ എന്തിന്, കാറിന് ഉള്ളിൽവെച്ചുപോലും അശ്ലീലം കാണാം. മാത്രമല്ല, പല ദേശങ്ങളിലും ഒരു പുരുഷനോ സ്ത്രീക്കോ അശ്ലീലം കാണാൻ വീടിനു പുറത്തിറങ്ങണമെന്നുപോലുമില്ല.
തീർന്നില്ല, സ്മാർട്ട്ഫോൺ പോലെ കൈയിൽ കൊണ്ടുനടക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ അശ്ലീലം വീക്ഷിക്കുന്നതു വളരെ എളുപ്പമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ആളുകൾക്കു തെരുവിലൂടെ നടക്കുമ്പോഴോ ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോഴോ ഒക്കെ മോശമായ ചിത്രങ്ങൾ കാണാൻ കഴിയും.
മറ്റുള്ളവർ അറിയാതെ അശ്ലീലം കാണാൻ കഴിയുന്നത് ഇന്നു കൂടുതൽ പേരെ അപകടത്തിലാക്കിയിരിക്കുന്നു. അശ്ലീലം വീക്ഷിക്കുന്നതു ധാരാളം പേരുടെ വിവാഹബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുന്നു, അവരുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തിയിരിക്കുന്നു, മനസ്സാക്ഷിയെ കളങ്കപ്പെടുത്തിയിരിക്കുന്നു. അവർ ദൈവവുമായുള്ള സൗഹൃദം അപകടത്തിലാക്കുന്നു എന്നതാണ് ഏറെ സങ്കടകരം! അശ്ലീലം വീക്ഷിക്കുന്നതു പലരെയും വളരെ മോശമായി ബാധിക്കും എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? പലരുടെയും കാര്യത്തിൽ അത് മനസ്സിലും ഹൃദയത്തിലും വരുത്തിവെക്കുന്ന ദോഷം ഏറെ കാലത്തേക്കു നീണ്ടുനിൽക്കും. ചിലർക്ക് അതിന്റെ ദൂഷ്യഫലങ്ങളിൽനിന്ന് പൂർണമായ മോചനം ഒരിക്കലും കിട്ടിയില്ലെന്നും വരാം.
യഹോവ സാത്താന്റെ ഈ തന്ത്രത്തിൽനിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ടെന്നു നമ്മൾ അറിഞ്ഞിരിക്കണം. ആ സംരക്ഷണം ലഭിക്കണമെങ്കിൽ നമ്മൾ യഹോവയെ ‘കേട്ടനുസരിക്കുന്നതിൽ വീഴ്ച വരുത്തരുത്.’ അക്കാര്യത്തിലാണു പുരാതന ഇസ്രായേലിലെ ആ പുരുഷന്മാർക്കു തെറ്റു പറ്റിയത്. (പുറ. 19:5) ദൈവത്തിന് അശ്ലീലം വെറുപ്പാണ് എന്ന കാര്യം നമ്മൾ മനസ്സിലാക്കണം. അങ്ങനെ പറയുന്നത് എന്തുകൊണ്ടാണ്?
അതിനെ വെറുക്കുക—യഹോവ ചെയ്യുന്നതുപോലെ
ദൈവം ഇസ്രായേൽ ജനത്തിനു കൊടുത്ത നിയമങ്ങൾ മറ്റു ജനതകൾക്കുണ്ടായിരുന്ന നിയമങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു. ദൈവികനിയമങ്ങൾ ഒരു മതിൽപോലെയായിരുന്നു. അത് ഇസ്രായേല്യരെ ചുറ്റുമുള്ള ആളുകളിൽനിന്നും അവരുടെ മോശം സ്വഭാവരീതികളിൽനിന്നും പ്രവൃത്തികളിൽനിന്നും സംരക്ഷിക്കുമായിരുന്നു. (ആവ. 4:6-8) ആ നിയമങ്ങൾ ഒരു വലിയ സത്യം നമ്മളെ പഠിപ്പിക്കുന്നു: യഹോവ ലൈംഗിക അധാർമികത വെറുക്കുന്നു.
അയൽജനതകളുടെ വൈകൃതങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് യഹോവ ഇസ്രായേല്യരോട് ഇങ്ങനെ ആജ്ഞാപിച്ചു: ലേവ്യ 18:3, 25.
‘ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻ ദേശത്തെ ആളുകൾ ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്.’ “ദേശം അശുദ്ധമായിരിക്കുന്നു. അതിന്റെ തെറ്റു കാരണം ഞാൻ അതിനെ ശിക്ഷിക്കും.” പരിശുദ്ധദൈവമായ യഹോവയുടെ വീക്ഷണത്തിൽ കനാന്യരുടെ ജീവിതരീതി അത്ര അറപ്പുള്ളതും അധാർമികവും ആയിരുന്നതുകൊണ്ട് ആ ദേശത്തെത്തന്നെ അശുദ്ധമായി ദൈവം കണ്ടു.—കനാന്യരെ യഹോവ ശിക്ഷിച്ചെങ്കിലും മറ്റു ജനതകൾ ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നതിൽ തുടർന്നു. ഏതാണ്ട് 1,500 വർഷങ്ങൾക്കു ശേഷം, ക്രിസ്ത്യാനികൾക്കു ചുറ്റുമുണ്ടായിരുന്ന ആളുകളെക്കുറിച്ച് പൗലോസ് ഇങ്ങനെ എഴുതി: “സദാചാരബോധം തീർത്തും നഷ്ടപ്പെട്ട അവർ അടങ്ങാത്ത ആവേശത്തോടെ എല്ലാ തരം അശുദ്ധിയിലും മുഴുകി ധിക്കാരത്തോടെ പെരുമാറുന്നു.” (എഫെ. 4:17-19) ഇക്കാലത്തും, അനേകം ആളുകൾ യാതൊരു ലജ്ജയുമില്ലാതെ അധാർമികപ്രവൃത്തികളിൽ ഏർപ്പെടുന്നു. എന്നാൽ സത്യാരാധകരായ നമ്മൾ, ലോകത്തിലെ ആളുകളുടെ ഇത്തരം പ്രവൃത്തികളുടെ ഒരു ദൃശ്യവും നോക്കാതിരിക്കാൻ സകലശ്രമവും ചെയ്യണം.
അശ്ലീലം ദൈവത്തിന് എതിരെയുള്ള ധിക്കാരമാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ദൈവം മനുഷ്യരെ സ്വന്തം ഛായയിലും സാദൃശ്യത്തിലും ആണു സൃഷ്ടിച്ചത്. അവർക്കു മാന്യമായ കാര്യങ്ങളും അല്ലാത്ത കാര്യങ്ങളും തിരിച്ചറിയാനുള്ള പ്രാപ്തി നൽകി. ദൈവം ജ്ഞാനപൂർവം ലൈംഗികതയ്ക്കു പരിധികൾ വെച്ചു. വിവാഹബന്ധത്തിനുള്ളിൽ ആസ്വദിക്കാനായി ദൈവം നൽകിയ ഒരു സമ്മാനമാണു ലൈംഗികത. (ഉൽപ. 1:26-28; സുഭാ. 5:18, 19) എന്നാൽ അശ്ലീലകാര്യങ്ങൾ നിർമിക്കുകയും അതിനെ പ്രചരിപ്പിക്കുകയും ചെയ്യുന്നവർ എന്താണു ചെയ്യുന്നത്? അവർ ദൈവത്തിന്റെ ധാർമികനിലവാരങ്ങളെ പുച്ഛിച്ചുതള്ളുകയാണ്. അശ്ലീലം പ്രചരിപ്പിക്കുന്ന ആളുകൾ യഹോവയെ നിന്ദിക്കുകയാണ്. അധാർമികത ഉൾപ്പെട്ട കാര്യങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് തന്റെ നിലവാരങ്ങളെ അവഗണിക്കുന്നവരെ ദൈവം ന്യായം വിധിക്കും.—റോമ. 1:24-27.
എന്നാൽ മനഃപൂർവം അശ്ലീലം വായിക്കുകയോ കാണുകയോ ചെയ്യുന്നവരെക്കുറിച്ചോ? അത് ഒരു വിനോദം മാത്രമാണെന്നും ഒരു ദോഷവും ചെയ്യില്ലെന്നും ആണു ചിലർ വിചാരിക്കുന്നത്. എന്നാൽ വാസ്തവത്തിൽ അവർ യഹോവയുടെ നിലവാരങ്ങൾ തള്ളിക്കളയുന്നവരുടെ പക്ഷം ചേരുകയാണ്. അശ്ലീലം കാണാൻ തുടങ്ങിയ സമയത്ത് അത് ഇത്ര ഗൗരവമുള്ള കാര്യമാണെന്ന് അവർ ചിന്തിച്ചുകാണില്ല. എന്നാൽ സത്യാരാധകർക്ക് അശ്ലീലത്തോട് അറപ്പായിരിക്കണം. “യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ!” എന്നാണു ബൈബിൾ പറയുന്നത്.—സങ്കീ. 97:10.
അശ്ലീലം കാണുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കുപോലും അതു ബുദ്ധിമുട്ടായി തോന്നിയേക്കാം. നമ്മൾ അപൂർണരാണ്, അശുദ്ധമായ ലൈംഗികമോഹങ്ങൾ ചെറുത്തുനിൽക്കാൻ ശക്തമായ പോരാട്ടം വേണ്ടിവന്നേക്കാം. കൂടാതെ, നമ്മുടെ അപൂർണഹൃദയം യിരെ. 17:9) ഈ ദുശ്ശീലവുമായി പോരാടുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ, ക്രിസ്ത്യാനികളായിത്തീർന്ന അനേകർക്ക് ഈ പോരാട്ടത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം ഓർക്കുന്നതു നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. സാത്താന്റെ ഒരു കെണിയായ അശ്ലീലത്തിൽ വീഴാതിരിക്കാൻ ദൈവവചനത്തിനു നിങ്ങളെ സഹായിക്കാൻ കഴിയുന്നത് എങ്ങനെയെന്നു നോക്കാം.
ദൈവത്തിന്റെ നിയമം ലംഘിക്കാനുള്ള ഒഴികഴിവ് കണ്ടെത്തുകയും ചെയ്തേക്കാം. (അധാർമികകാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കരുത്
ഇസ്രായേല്യരിൽ അനേകം പേർ തെറ്റായ മോഹങ്ങൾക്കു വഴങ്ങിക്കൊടുത്തതു ദുരന്തത്തിൽ കലാശിച്ചു എന്നു നമ്മൾ കണ്ടു. ഇന്നും അതുപോലെ സംഭവിക്കാൻ സാധ്യതയുണ്ട്. യേശുവിന്റെ അർധസഹോദരനായ യാക്കോബ് ആ അപകടത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ‘സ്വന്തം മോഹങ്ങളാണ് ഓരോരുത്തരെയും ആകർഷിച്ച് മയക്കുന്നത്. പിന്നെ മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു.’ (യാക്കോ. 1:14, 15) അതെ, ഒരു വ്യക്തി തന്റെ ഹൃദയത്തിൽ അധാർമികമോഹം വളരാൻ അനുവദിച്ചാൽ ഒരു ഘട്ടമെത്തുമ്പോൾ അയാൾ പാപം ചെയ്യാനിടയുണ്ട്. അതുകൊണ്ട് അധാർമികകാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു അവസാനിപ്പിക്കുകതന്നെ വേണം, എത്ര ശ്രമം ചെയ്തിട്ടാണെങ്കിലും.
നിങ്ങൾക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ടെങ്കിൽ ഉടനെ നടപടി എടുക്കുക. യേശു പറഞ്ഞു: “പാപം ചെയ്യാൻ നിന്റെ കൈയോ കാലോ ഇടയാക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. . . . പാപം ചെയ്യാൻ നിന്റെ കണ്ണ് ഇടയാക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക.” (മത്താ. 18:8, 9) യേശു നമ്മുടെ ഏതെങ്കിലും അവയവം ഛേദിച്ചുകളയാൻ പറയുകയായിരുന്നില്ല. പകരം, നമ്മളെ പാപത്തിലേക്കു നയിക്കുന്ന കാര്യങ്ങൾക്ക് എതിരെ പെട്ടെന്നുതന്നെ, ശക്തമായ നടപടിയെടുക്കേണ്ടതിന്റെ പ്രാധാന്യം യേശു എടുത്തുകാണിക്കുകയായിരുന്നു. അശ്ലീലം വീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് യേശുവിന്റെ ഈ ബുദ്ധിയുപദേശം നമുക്ക് എങ്ങനെ ബാധകമാക്കാം?
ഒരു അശ്ലീലദൃശ്യം നിങ്ങളുടെ മുന്നിലേക്കു വരുന്നെങ്കിൽ, ‘എന്നെ ഇതു ബാധിക്കില്ല’ എന്നു ചിന്തിക്കരുത്. പെട്ടെന്നു നോട്ടം മാറ്റുക. ടിവിയോ കമ്പ്യൂട്ടറോ മൊബൈൽ ഉപകരണമോ എന്തുമാകട്ടെ, അപ്പോൾത്തന്നെ ഓഫാക്കുക. നല്ല കാര്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചുവിടുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്കു തെറ്റായ ചിന്തകളെ നിയന്ത്രിക്കാൻ കഴിയും. അല്ലെങ്കിൽ അവ നിങ്ങളെ നിയന്ത്രിക്കും.
ഓർമകൾ തലപൊക്കുന്നെങ്കിലോ?
അശ്ലീലം വീക്ഷിക്കുന്നതു നിറുത്തുന്നതിൽ നിങ്ങൾ വിജയിച്ചു, പക്ഷേ നേരത്തേ കണ്ട കാര്യങ്ങൾ ഇടയ്ക്കൊക്കെ മനസ്സിലേക്കു വരുന്നെങ്കിലോ? അശ്ലീല ചിത്രങ്ങളും ചിന്തകളും വളരെ കാലത്തേക്ക് ഒരു വ്യക്തിയുടെ ഓർമയിൽ തങ്ങിനിന്നേക്കാം. എപ്പോൾ വേണമെങ്കിലും ആ ഓർമകൾ തലപൊക്കാം. അപ്പോൾ നിങ്ങൾക്കു
സ്വയംഭോഗംപോലുള്ള അശുദ്ധമായ എന്തെങ്കിലും ചെയ്യാനുള്ള ശക്തമായ തോന്നലുണ്ടായേക്കാം. അതുകൊണ്ട് അത്തരം ചിന്തകൾ അപ്രതീക്ഷിതമായി മനസ്സിലേക്കു കടന്നുവന്നേക്കാമെന്ന് ഓർത്തിരിക്കുക. അതിനെതിരെ പോരാടാൻ തയ്യാറായിരിക്കുക.ദൈവം ആഗ്രഹിക്കുന്നതുപോലെ ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള നിങ്ങളുടെ തീരുമാനം കൂടുതൽ ശക്തമാക്കുക. സ്വന്തം ‘ശരീരത്തെ, ഇടിച്ചിടിച്ച് ഒരു അടിമയെപ്പോലെ കൊണ്ടുനടന്ന’ പൗലോസ് അപ്പോസ്തലനെ അനുകരിക്കുക. (1 കൊരി. 9:27) തെറ്റായ മോഹങ്ങളുടെ അടിമകളാകരുത്. “മനസ്സു പുതുക്കി രൂപാന്തരപ്പെടുക. അങ്ങനെ, നല്ലതും സ്വീകാര്യവും അത്യുത്തമവും ആയ ദൈവേഷ്ടം എന്താണെന്നു പരിശോധിച്ച് ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.” (റോമ. 12:2) ഓർക്കുക: തെറ്റായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതല്ല, ദൈവേഷ്ടത്തിനു ചേർച്ചയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണു സന്തോഷം തരുന്നത്.
തെറ്റായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതല്ല, ദൈവേഷ്ടത്തിനു ചേർച്ചയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണു സന്തോഷം തരുന്നത്
ചില ബൈബിൾവാക്യങ്ങൾ മനഃപാഠമാക്കാൻ ശ്രമിക്കുക. മോശമായ ചിന്തകൾ മനസ്സിലേക്കു വരുമ്പോൾ ആ തിരുവെഴുത്തുകളിലേക്കു മനസ്സു തിരിച്ചുവിടുക. സഹായകമായ ചില തിരുവെഴുത്തുകളാണ് ഇവ: സങ്കീർത്തനം 119:37; യശയ്യ 52:11; മത്തായി 5:28; എഫെസ്യർ 5:3; കൊലോസ്യർ 3:5; 1 തെസ്സലോനിക്യർ 4:4-8. അശ്ലീലത്തെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണത്തിനു ചേർച്ചയിൽ നിങ്ങളുടെ ചിന്തകളെ കൊണ്ടുവരാനും ദൈവം നമ്മളിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നു മനസ്സിലാക്കാനും ഇതുപോലുള്ള തിരുവെഴുത്തുകൾ നിങ്ങളെ സഹായിക്കും.
അധാർമികകാര്യങ്ങൾ കാണാനോ അവയെക്കുറിച്ച് ചിന്തിക്കാനോ ഉള്ള ആഗ്രഹം നിയന്ത്രിക്കാൻ പറ്റുന്നില്ലെന്നു തോന്നിയാലോ? നമ്മുടെ മാതൃകാപുരുഷനായ യേശുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലുക. (1 പത്രോ. 2:21) സ്നാനമേറ്റുകഴിഞ്ഞപ്പോൾ യേശുവിനെ സാത്താൻ പല തവണ പ്രലോഭിപ്പിച്ചു. എപ്പോഴെങ്കിലും യേശു മടുത്തുപോയോ? ഇല്ല. യേശു ചെറുത്തുനിന്നു. ഒന്നിനു പുറകേ ഒന്നായി തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് സാത്താൻ കൊണ്ടുവന്ന പ്രലോഭനങ്ങളെ യേശു തള്ളിക്കളഞ്ഞു. ഒടുവിൽ, “സാത്താനേ, ദൂരെ പോ” എന്നു യേശു പറഞ്ഞു. സാത്താൻ യേശുവിനെ വിട്ടുപോകുകയും ചെയ്തു. പിശാചിനെതിരെയുള്ള പോരാട്ടത്തിൽ യേശു ഒരിക്കലും മടുത്ത് പിന്മാറിയില്ല. നിങ്ങളും മടുത്തുപോകരുത്. (മത്താ. 4:1-11) സാത്താനും അവന്റെ ലോകവും അധാർമികചിന്തകൾകൊണ്ട് നിങ്ങളുടെ മനസ്സു നിറയ്ക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്നാൽ ഒരിക്കലും പോരാട്ടം നിറുത്തിക്കളയരുത്. അശ്ലീലത്തിന് എതിരെയുള്ള പോരാട്ടത്തിൽ നിങ്ങൾക്കു വിജയിക്കാൻ കഴിയും. യഹോവയുടെ സഹായത്താൽ നിങ്ങൾക്കു നിങ്ങളുടെ ശത്രുവിനെ തോൽപ്പിക്കാൻ കഴിയും.
യഹോവയോടു പ്രാർഥിക്കുക, യഹോവയെ അനുസരിക്കുക
മുട്ടിപ്പായി പ്രാർഥിക്കുക. നിങ്ങളെ സഹായിക്കാനായി യഹോവയോടു വീണ്ടുംവീണ്ടും യാചിക്കുക. പൗലോസ് പറഞ്ഞു: “നിങ്ങളുടെ അപേക്ഷകൾ . . . ദൈവത്തെ അറിയിക്കുക. അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും ക്രിസ്തുയേശു മുഖാന്തരം കാക്കും.” (ഫിലി. 4:6, 7) പാപത്തിനെതിരെ നിങ്ങൾ പോരാടുമ്പോൾ, ദൈവസമാധാനം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കും. നിങ്ങൾ യഹോവയോട് അടുത്തുചെല്ലുകയാണെങ്കിൽ “(യഹോവ) നിങ്ങളോട് അടുത്ത് വരും.”—യാക്കോ. 4:8.
ഓർക്കുക: സാത്താൻ എത്ര വലിയ പ്രലോഭനം കൊണ്ടുവന്നാലും ശരി, പ്രപഞ്ചത്തിന്റെ പരമാധികാരിയുമായി ഒരു അടുത്ത ബന്ധമുണ്ടെങ്കിൽ അതായിരിക്കും നമ്മുടെ ഏറ്റവും വലിയ സംരക്ഷണം. യേശു പറഞ്ഞു: “ഈ ലോകത്തിന്റെ ഭരണാധികാരി വരുന്നു. അയാൾക്ക് എന്റെ മേൽ ഒരു അധികാരവുമില്ല.” (യോഹ. 14:30) യേശുവിന് എന്തുകൊണ്ടാണ് അക്കാര്യം ഉറപ്പായിരുന്നത്? ഒരിക്കൽ യേശു ഇങ്ങനെ പറഞ്ഞു: “എന്നെ അയച്ച വ്യക്തി എന്റെകൂടെയുണ്ട്. ഞാൻ എപ്പോഴും ആ വ്യക്തിക്ക് ഇഷ്ടമുള്ളതു ചെയ്യുന്നതുകൊണ്ട് അദ്ദേഹം എന്നെ ഒരിക്കലും തനിച്ചാക്കി പോയിട്ടില്ല.” (യോഹ. 8:29) യേശുവിനെപ്പോലെ, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും യഹോവയെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമ്പോൾ യഹോവ നിങ്ങളെയും ഉപേക്ഷിക്കില്ലെന്നു നിങ്ങൾക്ക് ഉറച്ച് വിശ്വസിക്കാം. അശ്ലീലം എന്ന കെണി ഒഴിവാക്കുക, നിങ്ങളെ നിയന്ത്രിക്കാൻ സാത്താനെ അനുവദിക്കരുത്.