പഠനലേഖനം 26
ദുരിതങ്ങൾ നേരിടാൻ മറ്റുള്ളവരെ സഹായിക്കുക
“നിങ്ങൾ എല്ലാവരും ഐക്യവും സഹാനുഭൂതിയും സഹോദരപ്രിയവും മനസ്സലിവും താഴ്മയും ഉള്ളവരായിരിക്കുക.”—1 പത്രോ. 3:8.
ഗീതം 107 സ്നേഹത്തിന്റെ ദിവ്യമാതൃക
പൂർവാവലോകനം *
1. സ്നേഹമുള്ള നമ്മുടെ പിതാവായ യഹോവയെ നമുക്ക് എങ്ങനെ അനുകരിക്കാം?
യഹോവ നമ്മളെ ആഴമായി സ്നേഹിക്കുന്നു. (യോഹ. 3:16) സ്നേഹവാനായ ആ പിതാവിനെ അനുകരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. അതുകൊണ്ട് എല്ലാവരോടും, ‘പ്രത്യേകിച്ച് വിശ്വാസത്താൽ നമ്മുടെ ബന്ധുക്കളായവരോട്,’ “സഹാനുഭൂതിയും സഹോദരപ്രിയവും മനസ്സലിവും” കാണിക്കാൻ നമ്മൾ ശ്രമിക്കുന്നു. (1 പത്രോ. 3:8; ഗലാ. 6:10) നമ്മുടെ ആത്മീയകുടുംബത്തിലെ അംഗങ്ങൾ ക്ലേശങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ അവരെ സഹായിക്കാൻ നമ്മൾ മുൻകൈയെടുക്കും.
2. ഈ ലേഖനത്തിൽ നമ്മൾ എന്തെല്ലാം ചർച്ച ചെയ്യും?
2 യഹോവയുടെ കുടുംബത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ബുദ്ധിമുട്ടുകളുണ്ടാകും. (മർക്കോ. 10:29, 30) ഈ വ്യവസ്ഥിതിയുടെ അന്ത്യം അടുക്കുംതോറും നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ കൂടാനേ സാധ്യതയുള്ളൂ. നമുക്ക് എങ്ങനെ പരസ്പരം സഹായിക്കാൻ കഴിയും? ലോത്ത്, ഇയ്യോബ്, നൊവൊമി എന്നിവരെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങളിൽനിന്ന് നമുക്കു ചില കാര്യങ്ങൾ പഠിക്കാനുണ്ട്. ഇന്നു നമ്മുടെ സഹോദരങ്ങൾ നേരിടുന്ന ചില ബുദ്ധിമുട്ടുകളെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും. അവരുടെ വിഷമങ്ങളിൽ പിടിച്ചുനിൽക്കാൻ എങ്ങനെ സഹായിക്കാൻ കഴിയുമെന്നും നമ്മൾ കാണും.
ക്ഷമയുള്ളവരായിരിക്കുക
3. 2 പത്രോസ് 2:7, 8-ൽ കാണുന്നതനുസരിച്ച്, ലോത്ത് ഏതു മോശം തീരുമാനമാണ് എടുത്തത്, അതിന്റെ ഫലം എന്തായിരുന്നു?
3 സമ്പദ്സമൃദ്ധമായിരുന്നെങ്കിലും ധാർമികമായി അങ്ങേയറ്റം അധഃപതിച്ച സൊദോം പട്ടണത്തിലേക്കു ലോത്ത് താമസം മാറ്റി. അത് ഒരു മോശം തീരുമാനമായിരുന്നു. (2 പത്രോസ് 2:7, 8 വായിക്കുക.) അതിനു ലോത്ത് കൊടുക്കേണ്ടിവന്ന വില വലുതായിരുന്നു. (ഉൽപ. 13:8-13; 14:12) ലോത്തിന്റെ ഭാര്യ ആ നഗരത്തിലെ വസ്തുവകകൾ സ്നേഹിച്ചിരിക്കാം, അല്ലെങ്കിൽ അവൾക്ക് അവിടത്തെ ചില ആളുകളോട് അടുത്ത ബന്ധമുണ്ടായിരുന്നിരിക്കാം. യഹോവയോട് അനുസരണക്കേടു കാണിക്കുന്നതിലേക്ക് അതു നയിച്ചു. ഫലമോ? ദൈവം തീയും ഗന്ധകവും വർഷിച്ച് ആ പ്രദേശം നശിപ്പിച്ചപ്പോൾ അവൾക്കു ജീവൻ നഷ്ടപ്പെട്ടു. ലോത്തിന്റെ രണ്ടു പെൺമക്കളുടെ കാര്യമോ? അവരുമായി വിവാഹം ഉറപ്പിച്ചിരുന്ന പുരുഷന്മാരും സൊദോം നശിപ്പിക്കപ്പെട്ടപ്പോൾ മരണമടഞ്ഞു. ലോത്തിനു വീടും സ്വത്തുക്കളും നഷ്ടമായി. ഏറ്റവും സങ്കടകരമെന്നു പറയട്ടെ, ഭാര്യയും നഷ്ടപ്പെട്ടു. (ഉൽപ. 19:12-14, 17, 26) വേദനയും സമ്മർദവും നിറഞ്ഞ ആ സമയത്ത് ലോത്തുമായി ഇടപെട്ടപ്പോൾ യഹോവയുടെ ക്ഷമ നശിച്ചോ? ഇല്ല.
4. ലോത്തിനോട് യഹോവ ക്ഷമ കാണിച്ചത് എങ്ങനെ? (പുറംതാളിലെ ചിത്രം കാണുക.)
4 സൊദോമിൽ താമസിക്കുക എന്നതു ലോത്തിന്റെ തീരുമാനമായിരുന്നെങ്കിലും ലോത്തിനെയും കുടുംബത്തെയും രക്ഷിക്കാൻ ദൂതന്മാരെ അയച്ചുകൊണ്ട് യഹോവ അനുകമ്പ കാണിച്ചു. എന്നാൽ സൊദോമിൽനിന്ന് പെട്ടെന്നു പുറത്ത് കടക്കാനുള്ള ദൂതന്മാരുടെ ആജ്ഞ ഉടനെ അനുസരിക്കുന്നതിനു പകരം ലോത്ത് “മടിച്ചുനിന്നു.” അവസാനം ദൂതന്മാർക്കു ലോത്തിനെയും കുടുംബത്തെയും കൈക്കു പിടിച്ച് നഗരത്തിനു പുറത്തു കൊണ്ടുവരേണ്ടിവന്നു. (ഉൽപ. 19:15, 16) എന്നിട്ട് മലകളിലേക്ക് ഓടിപ്പോകാൻ ലോത്തിനോടു പറഞ്ഞു. എന്നാൽ യഹോവയെ അനുസരിക്കുന്നതിനു പകരം അടുത്തുള്ള പട്ടണത്തിലേക്കു പോകാൻ ലോത്ത് അനുവാദം ചോദിച്ചു. (ഉൽപ. 19:17-20) ലോത്ത് പറഞ്ഞത് യഹോവ ക്ഷമയോടെ കേൾക്കുകയും അടുത്തുള്ള ആ പട്ടണത്തിലേക്കു പോകാൻ അനുവാദം കൊടുക്കുകയും ചെയ്തു. പിന്നീട് അവിടെ താമസിക്കാൻ ലോത്തിനു പേടി തോന്നി. അതുകൊണ്ട് ലോത്ത് മലനാട്ടിലേക്കു പോയി. യഹോവ ആദ്യം പോകാൻ പറഞ്ഞ അതേ സ്ഥലത്തേക്ക്! (ഉൽപ. 19:30) എത്ര വലിയ ക്ഷമയാണ് യഹോവ കാണിച്ചത്! നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം?
5-6. 1 തെസ്സലോനിക്യർ 5:14–നു ചേർച്ചയിൽ നമുക്ക് എങ്ങനെ ദൈവത്തെ അനുകരിക്കാം?
5 ലോത്തിനെപ്പോലെ, നമ്മുടെ ആത്മീയകുടുംബത്തിലെ ആരെങ്കിലും മോശമായ തീരുമാനങ്ങളെടുക്കുകയും അതിന്റെ ഫലമായി പ്രശ്നങ്ങളിൽ ചെന്നുപെടുകയും ചെയ്തേക്കാം. അങ്ങനെ സംഭവിച്ചാൽ നമ്മൾ എന്തു ചെയ്യും? ‘ഒരാൾ വിതയ്ക്കുന്നതു തന്നെ കൊയ്യും’ എന്നൊക്കെ അയാളോടു പറയാൻ നമുക്ക് തോന്നിയേക്കാം. അത് സത്യമാണുതാനും. (ഗലാ. 6:7) എന്നാൽ ഇതിനെക്കാൾ നല്ല ഒരു വഴിയുണ്ട്. യഹോവ ലോത്തിനെ സഹായിച്ച വിധം അനുകരിക്കുക. അത് എങ്ങനെ ചെയ്യാം?
6 യഹോവ ദൂതന്മാരെ അയച്ചതു ലോത്തിനു മുന്നറിയിപ്പു കൊടുക്കാൻ മാത്രമല്ല, സൊദോമിന്റെ നാശത്തെ അതിജീവിക്കാൻ സഹായിക്കാനുമാണ്. അതുപോലെ നമ്മുടെ ഒരു സഹോദരൻ കുഴപ്പത്തിൽ ചാടാൻ പോകുകയാണെന്നു കാണുമ്പോൾ നമ്മൾ മുന്നറിയിപ്പു കൊടുത്തേക്കാം. എന്നാൽ നമുക്ക് ആ സഹോദരനെ സഹായിക്കാനും കഴിഞ്ഞേക്കും. ബൈബിളിൽനിന്ന് കാണിച്ചുകൊടുക്കുന്ന മാർഗനിർദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ ആ സഹോദരൻ വൈകുന്നെങ്കിലോ? ദേഷ്യം തോന്നരുത്. ആ രണ്ടു ദൂതന്മാരെപ്പോലെ നമ്മൾ പ്രവർത്തിക്കണം. ക്ഷമ നശിച്ച് സഹായിക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതിനു പകരം പ്രായോഗികസഹായങ്ങൾ നൽകാൻ ശ്രമിക്കുക. (1 യോഹ. 3:18) അദ്ദേഹത്തിനു കൊടുത്ത ഉപദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ സഹായിച്ചുകൊണ്ട് നമ്മൾ ആ സഹോദരനെ ‘കൈക്കു പിടിച്ച്’ നടത്തണം.—1 തെസ്സലോനിക്യർ 5:14 വായിക്കുക.
7. വേറെ ഏതു വിധത്തിൽ നമുക്ക് യഹോവയെ അനുകരിക്കാം?
7 കാലങ്ങൾക്കു ശേഷം, ലോത്തിനെ നീതിമാനെന്നു വിശേഷിപ്പിക്കാൻ യഹോവ പത്രോസിനെ പ്രചോദിപ്പിച്ചു. ലോത്തിന്റെ അപൂർണ്ണതകളിലല്ല യഹോവ ശ്രദ്ധിച്ചതെന്ന് ഇതു കാണിക്കുന്നില്ലേ? യഹോവ നമ്മുടെ തെറ്റുകൾ കണക്കിടാത്തതിൽ നമ്മൾ എത്ര സന്തോഷമുള്ളവരാണ്! (സങ്കീ. 130:3) യഹോവയെ അനുകരിച്ചുകൊണ്ട് നമുക്കു നമ്മുടെ സഹോദരങ്ങളുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധിക്കാം. അപ്പോൾ നമുക്ക് അവരോടു കൂടുതൽ ക്ഷമയോടെ ഇടപെടാൻ പറ്റും. നമ്മുടെ സഹായം സ്വീകരിക്കാൻ അവർക്ക് കൂടുതൽ എളുപ്പമാകുകയും ചെയ്യും.
അനുകമ്പയുള്ളവരായിരിക്കുക
8. അനുകമ്പ എന്തു ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കും?
8 കഷ്ടതകൾ അനുഭവിച്ച മറ്റൊരാളാണ് ഇയ്യോബ്. ലോത്തിനെപ്പോലെ ഏതെങ്കിലും മോശമായ തീരുമാനം എടുത്തതിന്റെ ഫലമായല്ല അതു സംഭവിച്ചത്. പക്ഷേ ഇയ്യോബിന്റെ ജീവിതത്തിലും വലിയ ദുരന്തങ്ങളുണ്ടായി. ഇയ്യോബിനു സമ്പത്തെല്ലാം നഷ്ടമായി. സമൂഹത്തിലെ നിലയും വിലയും പോയി. ആരോഗ്യം നഷ്ടപ്പെട്ടു. എല്ലാറ്റിലും ഉപരി, ഇയ്യോബിന്റെ എല്ലാ മക്കളും മരിച്ചുപോയി. അതായിരിക്കാം ഇയ്യോബിനെയും ഭാര്യയെയും ഏറ്റവും അധികം ദുഃഖിപ്പിച്ചത്. മൂന്നു വ്യാജസുഹൃത്തുക്കൾ ഇയ്യോബിനെതിരെ ആരോപണം ഉന്നയിച്ചു. ആ വ്യാജാശ്വാസകർക്ക് ഇയ്യോബിനോട് അനുകമ്പ തോന്നാതിരുന്നതിന്റെ ഒരു കാരണം എന്താണ്? ഇയ്യോബിന്റെ വേദന മനസ്സിലാക്കാൻ അവർ ശ്രമിച്ചില്ല, പകരം അവർ എടുത്തുചാടി തെറ്റായ നിഗമനത്തിൽ എത്തുകയും ഇയ്യോബിനെ ഒരു ദയയുമില്ലാതെ കുറ്റംവിധിക്കുകയും ചെയ്തു. ഇതുപോലൊരു പിഴവ് വരുത്താതിരിക്കാൻ നമ്മൾ എന്തു ചെയ്യണം?
ഒരാളുടെ സാഹചര്യത്തെക്കുറിച്ച് എല്ലാം അറിയാവുന്നത് യഹോവയ്ക്കു മാത്രമാണെന്ന് ഓർക്കുക. കഷ്ടത അനുഭവിക്കുന്ന വ്യക്തി സംസാരിക്കുമ്പോൾ ശ്രദ്ധിച്ചുകേൾക്കുക. കേവലം പറയുന്നതു കേട്ടിരുന്നാൽ പോരാ, പകരം ആ വ്യക്തിയുടെ വേദന നമുക്ക് അനുഭവിച്ചറിയാനാകണം. എങ്കിൽ മാത്രമേ നമുക്ക് ആ സഹോദരനോട് യഥാർഥ സഹാനുഭൂതി കാണിക്കാൻ കഴിയുകയുള്ളൂ.9. അനുകമ്പയുണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യില്ല, എന്തുകൊണ്ട്?
9 അനുകമ്പയുണ്ടെങ്കിൽ മറ്റുള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അനാവശ്യമായി നമ്മൾ പറഞ്ഞുനടക്കില്ല. പരകാര്യങ്ങൾ പറഞ്ഞുനടക്കുന്നയാൾ സഭയെ ബലപ്പെടുത്തുകയല്ല, മറിച്ച് സഭയുടെ ഐക്യം തകർക്കുകയാണ്. (സുഭാ. 20:19; റോമ. 14:19) അങ്ങനെയൊരാൾക്കു ദയയുണ്ടെന്നു പറയാനാകില്ല, ചിന്തിക്കാതെ പറയുന്ന വാക്കുകൾ വേദനിച്ചിരിക്കുന്ന വ്യക്തിയെ വീണ്ടും മുറിപ്പെടുത്തും. (സുഭാ. 12:18; എഫെ. 4:31, 32) പകരം അദ്ദേഹത്തിന്റെ നല്ല ഗുണങ്ങൾ കാണാൻ ശ്രമിക്കുന്നത് എത്ര നന്നായിരിക്കും! മാത്രമല്ല, ആ വ്യക്തി പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ എങ്ങനെ സഹായിക്കാമെന്നും നമുക്കു ചിന്തിക്കാം.
10. ഇയ്യോബ് 6:2, 3 ഏതു വസ്തുത നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു?
10 ഇയ്യോബ് 6:2, 3 വായിക്കുക. ചില സമയങ്ങളിൽ ഇയ്യോബ് “മയമില്ലാതെ, നിയന്ത്രണംവിട്ട്” സംസാരിച്ചു. എന്നാൽ പിന്നീട്, താൻ പറഞ്ഞ ചില കാര്യങ്ങൾ ഇയ്യോബിനു തിരിച്ചെടുക്കേണ്ടിവന്നു. (ഇയ്യോ. 42:6) ഇയ്യോബിനെപ്പോലെ പ്രശ്നങ്ങളുടെ സമ്മർദത്തിൽ വലയുന്ന ഒരാൾ ചിന്തിക്കാതെ പലതും പറഞ്ഞുപോയേക്കാം, അതെക്കുറിച്ച് പിന്നീട് സങ്കടപ്പെടുകയും ചെയ്തേക്കാം. അപ്പോൾ നമ്മൾ എന്തു ചെയ്യണം? കുറ്റപ്പെടുത്തുന്നതിനു പകരം അനുകമ്പ കാണിക്കുക. നമ്മൾ ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങളും വേദനകളും ഒക്കെ കൈകാര്യം ചെയ്യാനുള്ള വിധത്തിലല്ല യഹോവ മനുഷ്യരെ സൃഷ്ടിച്ചത്. കാരണം ഇതൊന്നും ദൈവത്തിന്റെ ഉദ്ദേശ്യത്തിന്റെ ഭാഗമല്ലായിരുന്നു. അതുകൊണ്ട് ക്ലേശങ്ങളിലൂടെ കടന്നുപോകുമ്പോൾ യഹോവയുടെ ഒരു വിശ്വസ്തദാസൻ ചിന്താശൂന്യമായി സംസാരിച്ചാൽ അതിൽ അതിശയിക്കാനില്ല. അത്തരം സാഹചര്യങ്ങളിൽ ഒരാൾ യഹോവയെക്കുറിച്ചോ നമ്മളെക്കുറിച്ചോ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞേക്കാം. അപ്പോൾ നമ്മൾ പെട്ടെന്നു ദേഷ്യപ്പെടുകയോ അങ്ങനെ പറഞ്ഞതിന് അയാളെ കുറ്റപ്പെടുത്തുകയോ ചെയ്യരുത്.—സുഭാ. 19:11.
11. ബുദ്ധിയുപദേശം കൊടുക്കുമ്പോൾ മൂപ്പന്മാർക്ക് എങ്ങനെ എലീഹുവിന്റെ മാതൃക അനുകരിക്കാം?
ഗലാ. 6:1) മൂപ്പന്മാർക്ക് എങ്ങനെ അതു ചെയ്യാം? അവർക്ക് എലീഹുവിന്റെ മാതൃക അനുകരിക്കാൻ കഴിയും. എലീഹു ഇയ്യോബ് പറഞ്ഞ കാര്യങ്ങൾ അനുകമ്പയോടെ കേട്ടു. (ഇയ്യോ. 33:6, 7) ഇയ്യോബിന്റെ ചിന്തകൾ മനസ്സിലാക്കിയതിനു ശേഷം മാത്രമാണ് എലീഹു ബുദ്ധിയുപദേശം കൊടുത്തത്. എലീഹുവിന്റെ മാതൃക അനുകരിക്കുന്ന മൂപ്പന്മാർ, പ്രയാസം അനുഭവിക്കുന്ന വ്യക്തിയെ ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യും. അതിനു ശേഷമാണു ബുദ്ധിയുപദേശം കൊടുക്കുന്നതെങ്കിൽ അത് ആ വ്യക്തിയുടെ ഹൃദയത്തിൽ എത്താനുള്ള സാധ്യത കൂടുതലാണ്.
11 ചില സമയങ്ങളിൽ, പ്രയാസം അനുഭവിക്കുന്ന വ്യക്തിക്കു ബുദ്ധിയുപദേശം കൊടുക്കേണ്ടതായി വന്നേക്കാം. (ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കുക
12. ഭർത്താവിന്റെയും രണ്ട് ആൺമക്കളുടെയും മരണം നൊവൊമിയെ എങ്ങനെ ബാധിച്ചു?
12 യഹോവയെ സ്നേഹിച്ച ഒരു വിശ്വസ്തസ്ത്രീയായിരുന്നു നൊവൊമി. ഭർത്താവിന്റെയും രണ്ട് ആൺമക്കളുടെയും മരണത്തിനു ശേഷം തന്റെ പേര്, “കയ്പുള്ളത്” എന്ന് അർഥം വരുന്ന “മാറാ” എന്ന് മാറ്റാൻ നൊവൊമിക്ക് തോന്നിപ്പോയി. (രൂത്ത് 1:3, 5, 20, അടിക്കുറിപ്പ്, 21) ബുദ്ധിമുട്ട് നിറഞ്ഞ ഈ സമയത്തെല്ലാം മരുമകളായ രൂത്ത് നൊവൊമിയുടെ ഒപ്പം നിന്നു. രൂത്ത് നൊവൊമിക്ക് ആവശ്യമായതെല്ലാം ചെയ്തുകൊടുത്തു എന്നു മാത്രമല്ല നൊവൊമിയോട് ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. ആത്മാർഥതയോടെ പറഞ്ഞ ഏതാനും ചില വാക്കുകളിലൂടെ തന്റെ സ്നേഹവും പിന്തുണയും രൂത്ത് പ്രകടിപ്പിച്ചു.—രൂത്ത് 1:16, 17.
13. വിവാഹ ഇണയെ മരണത്തിൽ നഷ്ടപ്പെട്ടവർക്കു നമ്മുടെ പിന്തുണ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
13 ഇണയെ മരണത്തിൽ നഷ്ടമായ ഒരു സഹോദരനോ സഹോദരിക്കോ നമ്മുടെ പിന്തുണ ആവശ്യമാണ്. അടുത്തടുത്ത് വളർന്നുവരുന്ന രണ്ടു മരങ്ങളോടു ഭാര്യാഭർത്താക്കന്മാരെ ഉപമിക്കാനാകും. വർഷങ്ങൾ കടന്നുപോകുമ്പോൾ ആ മരങ്ങളുടെ വേരുകൾ തമ്മിൽ കെട്ടുപിണയും. അതിൽ ഒരു മരം വേരോടെ മറിഞ്ഞുവീണാൽ മറ്റേ മരത്തെ അതു സാരമായി ബാധിക്കും. അതുപോലെ ഇണയെ മരണമെന്ന ശത്രു കവർന്നെടുക്കുമ്പോൾ അത് മറ്റേയാളെ തകർത്തുകളഞ്ഞേക്കാം. അതിൽനിന്ന് കരകയറാൻ കുറെ കാലമെടുത്തേക്കാം. ഭർത്താവിനെ അപ്രതീക്ഷിതമായി മരണത്തിൽ നഷ്ടപ്പെട്ട പൗലാ * പറയുന്നു: “എന്റെ ജീവിതം കീഴ്മേൽ മറിഞ്ഞു, എന്റെ ശക്തിയെല്ലാം ചോർന്നുപോയതുപോലെ എനിക്കു തോന്നി. എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് എനിക്കു നഷ്ടമായത്. ഞാൻ എല്ലാ കാര്യങ്ങളും അദ്ദേഹത്തോടു പറയുമായിരുന്നു. സന്തോഷങ്ങൾ പങ്കുവെക്കാനും സങ്കടങ്ങൾ ഇറക്കിവെക്കാനും അദ്ദേഹം എപ്പോഴും എന്റെകൂടെ ഉണ്ടായിരുന്നു. അദ്ദേഹം എനിക്കു ശരിക്കും താങ്ങും തണലും ആയിരുന്നു. എന്റെ പാതി മുറിച്ചുമാറ്റിയതുപോലെയാണ് എനിക്ക് തോന്നിയത്.”
14-15. വിവാഹയിണ നഷ്ടപ്പെട്ട ഒരാളെ നമുക്ക് എങ്ങനെ ആശ്വസിപ്പിക്കാം?
14 ഇണയെ മരണത്തിൽ നഷ്ടപ്പെട്ട ഒരാളെ നമുക്ക് എങ്ങനെ ആശ്വസിപ്പിക്കാം? അവരോടു സംസാരിക്കുക എന്നതാണ് ഒരു പ്രധാനകാര്യം. അവരോട് എന്തു പറയണം, എങ്ങനെ പറയണം എന്നൊന്നും അറിയില്ലെന്ന് ഓർത്ത് മടിച്ചുനിൽക്കരുത്. നേരത്തേ കണ്ട പൗലാ പറയുന്നു: “മരിച്ചയാളുടെ പ്രിയപ്പെട്ടവരോട് എന്തു പറയണമെന്നു പലർക്കും അറിയില്ലായിരിക്കും. ആശ്വസിപ്പിക്കാൻ പറയുന്ന വാക്കുകൾ തെറ്റിപ്പോയേക്കുമോ എന്ന് ആളുകൾ ചിന്തിച്ചേക്കാം. പക്ഷേ, ആരും ഒന്നും പറയാതിരിക്കുന്നതിനെക്കാൾ നല്ലതാണ് ആരെങ്കിലും എന്തെങ്കിലും പറയുന്നത് എന്നാണ് എനിക്കു തോന്നുന്നത്, അത് അൽപ്പം തെറ്റിപ്പോയാലും.” വിഷമിച്ചിരിക്കുന്ന വ്യക്തി സാധാരണഗതിയിൽ നമ്മളിൽനിന്ന് ‘ജ്ഞാനമൊഴികൾ’ കേൾക്കാൻ പ്രതീക്ഷിക്കില്ല. പൗലാ തുടരുന്നു: “ചില കൂട്ടുകാർ, ‘നിനക്ക് ഇതു സംഭവിച്ചതിൽ എനിക്കു സങ്കടമുണ്ട്’ എന്നു പറഞ്ഞതുപോലും എനിക്ക് ആശ്വാസമായി.”
15 കുറച്ച് വർഷങ്ങൾക്കു മുമ്പ് ഭാര്യ മരിച്ചുപോയ വില്ല്യം പറയുന്നു: “ഭാര്യയെക്കുറിച്ചുള്ള നല്ല ഓർമകൾ മറ്റുള്ളവർ പറഞ്ഞുകേൾക്കുന്നത് എനിക്ക് ഇഷ്ടമാണ്. അങ്ങനെ ആളുകൾക്ക് അവളോടു സ്നേഹവും ആദരവും ഉണ്ടായിരുന്നെന്ന് എനിക്ക് ഉറപ്പു കിട്ടുന്നു. ഇത് എനിക്ക് വലിയ സഹായമാണ്. ഉള്ളിന്റെ ഉള്ളിൽ വലിയ ആശ്വാസം തോന്നുന്നു. കാരണം അവൾ എനിക്ക് അത്ര പ്രിയപ്പെട്ടവൾ ആയിരുന്നു; എന്റെ ജീവനായിരുന്നു.” ഭർത്താവ് മരിച്ചുപോയ ബിയാങ്ക പറയുന്നു: “മറ്റുള്ളവർ എന്റെകൂടെ ഇരുന്ന് പ്രാർഥിക്കുന്നതും ഒന്നോ രണ്ടോ തിരുവെഴുത്തുകൾ വായിക്കുന്നതും എനിക്ക് ആശ്വാസമാണ്. അവർ എന്റെ ഭർത്താവിനെക്കുറിച്ച് സംസാരിക്കുന്നതും ഞാൻ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ കേൾക്കുന്നതും എനിക്ക് വലിയ സഹായമാണ്.”
16. (എ) പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെട്ട വ്യക്തികളെ പിന്തുണയ്ക്കുന്നതു പെട്ടെന്നു നിറുത്തരുതാത്തത് എന്തുകൊണ്ട്? (ബി) യാക്കോബ് 1:27 അനുസരിച്ച് നമുക്ക് എന്ത് ഉത്തരവാദിത്വമുണ്ട്?
യാക്കോബ് 1:27 വായിക്കുക.
16 രൂത്ത് നൊവൊമിയെ വിട്ടുപോയില്ല. അതുപോലെ പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെട്ട വ്യക്തികൾക്കു സഹായം നൽകുന്നതു നമ്മൾ എളുപ്പം നിറുത്തിക്കളയരുത്. പൗലാ പറയുന്നു: “എന്റെ ഭർത്താവ് മരിച്ചതിനു ശേഷമുള്ള സമയങ്ങളിൽ എനിക്കു നല്ല പിന്തുണ കിട്ടി. സമയം കടന്നുപോയതോടെ ആളുകൾ അവരുടെ സാധാരണജീവിതത്തിലേക്കു മടങ്ങിപ്പോകുന്നതായി എനിക്കു തോന്നി. പക്ഷേ എന്റെ ജീവിതം തികച്ചും മാറിപ്പോയി. പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിക്കുന്നവർക്കു മാസങ്ങളോളം, ഒരുപക്ഷേ വർഷങ്ങളോളം മറ്റുള്ളവരുടെ പിന്തുണ ആവശ്യമാണ്. ഇതു മനസ്സിലാക്കി പ്രവർത്തിക്കുന്നതു വലിയൊരു സഹായമായിരിക്കും.” ഓരോരുത്തരും വ്യത്യസ്തരാണ് എന്നതു ശരിയാണ്. ചിലർ തങ്ങളുടെ പുതിയ സാഹചര്യങ്ങളോട് എളുപ്പത്തിൽ ഇണങ്ങിച്ചേർന്നേക്കാം. എന്നാൽ മറ്റു ചിലർ അങ്ങനെയല്ല. മരിച്ചുപോയ പ്രിയപ്പെട്ടവരുടെകൂടെ മുമ്പ് ചെയ്തിരുന്ന കാര്യങ്ങൾ അവർ ഇപ്പോൾ ചെയ്യുമ്പോൾ ആ വ്യക്തിയെ ഓർത്തുപോകും. ആ ഓർമകൾ അവരെ വേദനിപ്പിക്കും. ദുഃഖം പ്രകടിപ്പിക്കുന്നത് ഓരോരുത്തരും ഓരോ തരത്തിലായിരിക്കും. ഇണയെ മരണത്തിൽ നഷ്ടപ്പെട്ടവരെ സഹായിക്കാനുള്ള പദവിയും ഉത്തരവാദിത്വവും യഹോവ നമുക്കു നൽകുന്നുണ്ടെന്ന് ഓർത്തിരിക്കാം.—17. വിവാഹയിണ ഉപേക്ഷിക്കുന്നവർക്കു നമ്മുടെ സഹായവും പിന്തുണയും വേണ്ടത് എന്തുകൊണ്ട്?
17 ചിലർക്ക് ഇണ ഉപേക്ഷിച്ചുപോകുന്നതിന്റെ തീവ്രമായ വേദനയും സമ്മർദവും അനുഭവിക്കേണ്ടിവരുന്നു. ഉദാഹരണത്തിന്, ജോയ്സിന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുടെകൂടെ ജീവിക്കാനായി അവരെ വിട്ടുപോയി. ജോയ്സ് പറയുന്നു: “ഭർത്താവ് മരിച്ചുപോയാൽപ്പോലും എനിക്ക് ഇത്രയും വേദന തോന്നുമായിരുന്നില്ല. ഒരു അപകടത്താലോ രോഗം വന്നോ മരിക്കുകയായിരുന്നെങ്കിൽ അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ലല്ലോ. പക്ഷേ എന്നെ ഭർത്താവ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഞാൻ വിലകെട്ടവളാണെന്ന് എനിക്കു തോന്നിപ്പോയി.”18. വിവാഹയിണ കൂടെയില്ലാത്തതിന്റെ വേദന അനുഭവിക്കുന്നവരെ സഹായിക്കാൻ കഴിയുന്ന ചില വിധങ്ങൾ പറയുക.
18 വിവാഹയിണ കൂടെയില്ലാത്തതിന്റെ വേദന അനുഭവിക്കുന്നവർക്കു ചെറിയചെറിയ ദയാപ്രവൃത്തികൾ ചെയ്തുകൊടുക്കുമ്പോൾ, അവരോടു ശരിക്കും സ്നേഹമുണ്ടെന്നു നമ്മൾ കാണിക്കുകയാണ്. അവർ ഒറ്റയ്ക്കാണ്, അവർക്കു നല്ല സുഹൃത്തുക്കളെ ആവശ്യമുണ്ട്. (സുഭാ. 17:17) അവരുടെ സ്നേഹിതനാണെന്നു നിങ്ങൾക്ക് എങ്ങനെ തെളിയിക്കാം? അവരെ ഒരു നേരത്തെ ഭക്ഷണത്തിനു വീട്ടിലേക്കു ക്ഷണിക്കാം. അവരോടൊപ്പം എന്തെങ്കിലും വിനോദങ്ങളിൽ ഏർപ്പെടുകയോ വയൽസേവനത്തിനു പോകുകയോ ചെയ്യാം. ഇനി, ഇടയ്ക്കൊക്കെ അവരെ നിങ്ങളുടെ കുടുംബാരാധനയ്ക്കു വിളിക്കാം. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ നിങ്ങൾ യഹോവയെ സന്തോഷിപ്പിക്കുകയാണ്. ഓർക്കുക: യഹോവ “ഹൃദയം തകർന്നവരുടെ അരികിലുണ്ട്,” യഹോവ “വിധവമാരുടെ സംരക്ഷകൻ” ആണ്.—സങ്കീ. 34:18; 68:5.
19. 1 പത്രോസ് 3:8 നമ്മളോട് എന്തു ചെയ്യാനാണ് ആവശ്യപ്പെടുന്നത്?
19 വൈകാതെ ദൈവരാജ്യം ഭൂമിയെ ഭരിക്കും, അന്ന് ആളുകൾ ഇന്നത്തെ “യാതനകളെല്ലാം മറന്നുപോയിരിക്കും.” അന്ന്, “പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല; ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.” ആ കാലത്തിനായി എത്ര ആകാംക്ഷയോടെയാണു നമ്മൾ കാത്തിരിക്കുന്നത്! (യശ. 65:16, 17) അതുവരെ, നമുക്ക് അന്യോന്യം പിന്തുണയ്ക്കാം, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നമ്മുടെ ആത്മീയകുടുംബത്തിലെ എല്ലാവരെയും സ്നേഹിക്കുന്നെന്നു തെളിയിക്കാം.—1 പത്രോസ് 3:8 വായിക്കുക.
ഗീതം 111 സന്തോഷിക്കാനുള്ള കാരണങ്ങൾ
^ ഖ. 5 ലോത്തും ഇയ്യോബും നൊവൊമിയും യഹോവയെ വിശ്വസ്തമായി സേവിച്ചവരാണ്. എന്നാൽ അവർക്കും ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും സഹിക്കേണ്ടിവന്നു. അവരുടെ അനുഭവങ്ങളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാൻ കഴിയുമെന്ന് ഈ ലേഖനം ചർച്ച ചെയ്യും. സഹോദരങ്ങൾ പ്രശ്നങ്ങൾ നേരിടുമ്പോൾ അവരോടു ക്ഷമയും അനുകമ്പയും കാണിക്കുകയും ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കുകയും ചെയ്യേണ്ടതു പ്രധാനമാണെന്നും നമ്മൾ പഠിക്കും.
^ ഖ. 13 ഈ ലേഖനത്തിലേത് യഥാർഥപേരുകളല്ല.
^ ഖ. 57 ചിത്രക്കുറിപ്പ്: സമ്മർദം അനുഭവിക്കുന്ന ഒരു സഹോദരൻ “മയമില്ലാതെ, നിയന്ത്രണംവിട്ട്” സംസാരിക്കുമ്പോൾ ഒരു മൂപ്പൻ ക്ഷമയോടെ കേട്ടിരിക്കുന്നു. പിന്നീട്, സഹോദരൻ ശാന്തനായിരിക്കുന്ന ഒരു സമയത്ത്, മൂപ്പൻ ദയയോടെ വേണ്ട സഹായം കൊടുക്കുന്നു.
^ ഖ. 59 ചിത്രക്കുറിപ്പ്: അടുത്ത കാലത്ത് ഭാര്യ മരിച്ചുപോയ ഒരു സഹോദരനോടൊപ്പം ഒരു യുവദമ്പതികൾ സമയം ചെലവഴിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ചുള്ള നല്ല ഓർമകൾ അവർ പങ്കുവെക്കുന്നു.