പഠനലേഖനം 25
സമ്മർദം അനുഭവിക്കുമ്പോൾ യഹോവയിൽ ആശ്രയിക്കുക
“ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു. കടുത്ത ദുഃഖം എന്റെ കണ്ണുകളെയും എന്റെ ശരീരത്തെയും ക്ഷീണിപ്പിച്ചിരിക്കുന്നു.”—സങ്കീ. 31:9.
ഗീതം 30 എന്റെ പിതാവ്, എന്റെ ദൈവവും സ്നേഹിതനും
പൂർവാവലോകനം *
1. നമ്മൾ യേശുവിന്റെ മുന്നറിയിപ്പു ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
യേശുക്രിസ്തു അവസാനകാലത്തെക്കുറിച്ചുള്ള പ്രവചനത്തിൽ ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ ഹൃദയം ജീവിതത്തിലെ (അഥവാ “ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്ന; അനുദിനജീവിതത്തിലെ,” nwtsty അടിക്കുറിപ്പ്) ഉത്കണ്ഠകൾ കാരണം ഭാരപ്പെടാതിരിക്കാൻ സൂക്ഷിക്കണം.’ (ലൂക്കോ. 21:34) ആ മുന്നറിയിപ്പു നമ്മൾ ശ്രദ്ധിക്കണം. എന്തുകൊണ്ട്? കാരണം, നമുക്കു ചുറ്റുമുള്ള ആളുകളെ ഭാരപ്പെടുത്തുന്ന അതേ പ്രശ്നങ്ങൾ നമ്മളും നേരിടുന്നുണ്ട്.
2. നമ്മുടെ ചില സഹോദരങ്ങൾ സമ്മർദം നിറഞ്ഞ എന്തെല്ലാം പ്രശ്നങ്ങൾ നേരിടുന്നു?
2 ചിലപ്പോൾ നമ്മളെ സമ്മർദത്തിലാക്കുന്ന പലപല പ്രശ്നങ്ങൾ ഒരേസമയം നേരിട്ടേക്കാം. പിൻവരുന്ന ഉദാഹരണങ്ങൾ നോക്കുക. യഹോവയുടെ സാക്ഷിയായ ജോണിനു * നാഡീസംബന്ധമായ ഒരു രോഗമുണ്ടായിരുന്നു. അങ്ങനെയിരിക്കെ, 19 വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി. അത് അദ്ദേഹത്തെ തളർത്തിക്കളഞ്ഞു. അതിനു ശേഷം അദ്ദേഹത്തിന്റെ രണ്ടു പെൺമക്കൾ യഹോവയെ സേവിക്കുന്നതു നിറുത്തി. ദമ്പതികളായ ബോബിനും ലിൻഡയ്ക്കും വേറെ ചില പ്രശ്നങ്ങളാണു നേരിടേണ്ടിവന്നത്. രണ്ടു പേർക്കും ജോലി നഷ്ടപ്പെട്ടു. ലോൺ അടയ്ക്കാൻ കഴിയാതെ, വീടു വിട്ട് ഇറങ്ങേണ്ടിവന്നു. ഇതിനെല്ലാം പുറമേ, ലിൻഡയ്ക്കു മാരകമായ ഒരുതരം ഹൃദ്രോഗമുണ്ടെന്നു പരിശോധനയിൽ തെളിഞ്ഞു. ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ തകർക്കുന്ന മറ്റൊരു രോഗവും ഇതോടൊപ്പം ലിൻഡയ്ക്കുണ്ടായി.
3. ഫിലിപ്പിയർ 4:6, 7 യഹോവയെക്കുറിച്ച് നമ്മളോട് എന്താണു പറയുന്നത്?
3 നമ്മുടെ സ്രഷ്ടാവും സ്നേഹമുള്ള പിതാവും ആണ് യഹോവ. സമ്മർദം നേരിടുമ്പോൾ അതു നമ്മളെ എങ്ങനെയാണു ബാധിക്കുന്നതെന്ന് യഹോവയ്ക്ക് അറിയാം. അതുകൊണ്ട് പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനു നമ്മളെ സഹായിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (ഫിലിപ്പിയർ 4:6, 7 വായിക്കുക.) ദൈവദാസന്മാർക്കു നേരിട്ട ധാരാളം പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ ദൈവത്തിന്റെ വചനത്തിലുണ്ട്. സമ്മർദം നിറഞ്ഞ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ യഹോവ എങ്ങനെയാണ് അവരെ സഹായിച്ചതെന്ന് ആ വിവരണങ്ങൾ നമ്മളോടു പറയുന്നു. ചില ഉദാഹരണങ്ങൾ നമുക്കു നോക്കാം.
ഏലിയ—‘നമ്മുടേതുപോലുള്ള വികാരങ്ങളുള്ള മനുഷ്യൻ’
4. ഏലിയ ഏതെല്ലാം ബുദ്ധിമുട്ടുകളാണു നേരിട്ടത്, ഏലിയയ്ക്ക് എന്തു അനുഭവിച്ചറിയാൻ കഴിഞ്ഞു?
4 ബുദ്ധിമുട്ടു നിറഞ്ഞ കാലങ്ങളിലാണ് ഏലിയ യഹോവയെ സേവിച്ചത്. ഗുരുതരമായ അനേകം പ്രശ്നങ്ങൾ അദ്ദേഹത്തിനു നേരിട്ടു. അവിശ്വസ്തനായ ആഹാബ് രാജാവായിരുന്നു ഇസ്രായേൽ ഭരിച്ചിരുന്നത്. അയാൾ ബാലിനെ ആരാധിച്ചിരുന്ന ഇസബേൽ എന്ന ദുഷ്ടസ്ത്രീയെ വിവാഹം കഴിച്ചു. രണ്ടു പേരും കൂടി ദേശം ബാലാരാധനകൊണ്ട് നിറച്ചു. യഹോവയുടെ ധാരാളം പ്രവാചകന്മാരെ കൊല്ലുകയും ചെയ്തു. ഏലിയ ഒരു വിധത്തിൽ രക്ഷപ്പെട്ടു. കൂടാതെ, ദേശത്ത് രൂക്ഷമായ ക്ഷാമമുണ്ടായി. അപ്പോൾ യഹോവയിൽ ആശ്രയിച്ചുകൊണ്ട് ഏലിയ പിടിച്ചുനിന്നു. (1 രാജാ. 17:2-4, 14-16) ബാലിന്റെ പ്രവാചകന്മാരെയും ആരാധകരെയും മുഖാമുഖം നേരിട്ടപ്പോഴും ഏലിയ യഹോവയിൽ ആശ്രയിച്ചു. യഹോവയെ ആരാധിക്കാൻ അദ്ദേഹം ഇസ്രായേല്യരെ പ്രോത്സാഹിപ്പിച്ചു. (1 രാജാ. 18:21-24, 36-38) ദുഷ്കരമായ ആ കാലത്ത് യഹോവ തന്നെ പല വട്ടം പിന്തുണച്ചത് ഏലിയയ്ക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു.
5-6. 1 രാജാക്കന്മാർ 19:1-4 പറയുന്നതുപോലെ ഏലിയയ്ക്ക് എന്താണു തോന്നിയത്, താൻ ഏലിയയെ സ്നേഹിക്കുന്നുണ്ടെന്ന് യഹോവ എങ്ങനെയാണു കാണിച്ചത്?
5 1 രാജാക്കന്മാർ 19:1-4 വായിക്കുക. എന്നാൽ ഇസബേൽ രാജ്ഞി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ ഏലിയ ഭയന്നുപോയി. അതുകൊണ്ട് അദ്ദേഹം ബേർ-ശേബയിലേക്ക് ഓടിപ്പോയി. ആകെ നിരാശിതനായ ഏലിയ ‘മരിക്കാൻ ആഗ്രഹിച്ചു.’ അദ്ദേഹത്തിന് എന്തുകൊണ്ടാണ് അങ്ങനെ തോന്നിയത്? ഏലിയ ഒരു അപൂർണമനുഷ്യനായിരുന്നു, ‘നമ്മുടേതുപോലുള്ള വികാരങ്ങളുള്ള ഒരു മനുഷ്യൻ.’ (യാക്കോ. 5:17) സമ്മർദവും അങ്ങേയറ്റത്തെ ക്ഷീണവും കാരണം അദ്ദേഹം ആകെ തളർന്നുപോയിരിക്കാം. സത്യാരാധനയ്ക്കുവേണ്ടി താൻ ഇതേവരെ ചെയ്തതെല്ലാം പാഴായെന്നും ഇസ്രായേലിലെ സാഹചര്യങ്ങൾക്ക് ഒരു മാറ്റവും ഇല്ലെന്നും ഏലിയയ്ക്കു തോന്നിക്കാണും. ഇസ്രായേലിൽ യഹോവയെ സേവിക്കുന്ന ഒരേ ഒരാൾ താൻ മാത്രമാണെന്ന് അദ്ദേഹം ചിന്തിച്ചു. (1 രാജാ. 18:3, 4, 13; 19:10, 14) വിശ്വസ്തനായ ഈ പ്രവാചകൻ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിച്ചതെന്നു നമ്മൾ അതിശയിച്ചേക്കാം. എന്നാൽ യഹോവ ഏലിയയുടെ സമ്മർദവും വികാരങ്ങളും മനസ്സിലാക്കി.
6 വിഷമങ്ങളെല്ലാം തുറന്നുപറഞ്ഞതിന് യഹോവ ഏലിയയെ വഴക്കു പറഞ്ഞില്ല. പകരം, ശക്തി വീണ്ടെടുക്കാൻ യഹോവ ഏലിയയെ സഹായിച്ചു. (1 രാജാ. 19:5-7) പിന്നീട്, തന്റെ അപാരമായ ശക്തി കാണിച്ചുകൊണ്ട് യഹോവ ദയയോടെ ഏലിയയുടെ ചിന്താരീതി തിരുത്തി. ബാലിനെ ആരാധിക്കാൻ തയ്യാറാകാത്ത 7,000 പേർ ഇസ്രായേലിൽ ബാക്കിയുണ്ടെന്ന് യഹോവ പറഞ്ഞു. (1 രാജാ. 19:11-18) താൻ ഏലിയയെ സ്നേഹിക്കുന്നുണ്ടെന്ന് ഈ വിധങ്ങളിലെല്ലാം യഹോവ കാണിച്ചു.
യഹോവ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
7. യഹോവ ഏലിയയെ സഹായിച്ച വിധത്തിൽനിന്ന് നമുക്ക് എന്ത് ഉറപ്പാണു കിട്ടുന്നത്?
7 സമ്മർദം നിറഞ്ഞ ഒരു സാഹചര്യം നേരിടുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ, യഹോവ ഏലിയയുടെ വികാരങ്ങൾ മനസ്സിലാക്കി എന്നറിയുന്നതു നിങ്ങളെ ആശ്വസിപ്പിക്കുന്നില്ലേ? യഹോവ നമ്മുടെ മനോവേദനകളും മനസ്സിലാക്കുന്നുണ്ടെന്ന് അതു നമുക്ക് ഉറപ്പു തരുന്നു. യഹോവ നമ്മുടെ പരിമിതികളും അറിയുന്നു. നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്ന ഓരോ ചിന്തയും വിഷമവും കാണുന്നുണ്ട്. (സങ്കീ. 103:14; 139:3, 4) ഏലിയയെ അനുകരിച്ചുകൊണ്ട് നമ്മൾ യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ സമ്മർദത്തിന് ഇടയാക്കുന്ന പ്രശ്നങ്ങൾ നേരിടാൻ യഹോവ നമ്മളെ സഹായിക്കും.—സങ്കീ. 55:22.
8. സമ്മർദം അനുഭവിക്കുമ്പോൾ യഹോവ നിങ്ങളെ എങ്ങനെ സഹായിക്കും?
8 ‘സാഹചര്യങ്ങൾ ഒരിക്കലും നേരെയാകില്ല’ എന്നു സമ്മർദം കാരണം നിങ്ങൾ ചിന്തിച്ചുപോയേക്കാം, അങ്ങനെ സംഭവിച്ചാൽ നിങ്ങൾക്കു നിരുത്സാഹം തോന്നിയേക്കാം. എന്നാൽ ഓർക്കുക: സമ്മർദം അനുഭവിക്കുമ്പോൾ യഹോവ നിങ്ങളെ സഹായിക്കും. യഹോവ എങ്ങനെയാണു സഹായിക്കുന്നത്? നിങ്ങളുടെ ആകുലതകൾ തന്നോടു പറയാൻ യഹോവ നിങ്ങളെ ക്ഷണിക്കുന്നു. സഹായത്തിനായുള്ള യാചനകൾക്ക് യഹോവ ഉത്തരം തരുകയും ചെയ്യും. (സങ്കീ. 5:3; 1 പത്രോ. 5:7) നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങളെക്കുറിച്ച് കൂടെക്കൂടെ പ്രാർഥിക്കുക. ഏലിയയോടു സംസാരിച്ചതുപോലെ യഹോവ നിങ്ങളോടു നേരിട്ട് സംസാരിക്കില്ല. എന്നാൽ യഹോവ തന്റെ വചനമായ ബൈബിളിലൂടെയും സംഘടനയിലൂടെയും നിങ്ങളോടു സംസാരിക്കും. നിങ്ങൾ വായിക്കുന്ന ബൈബിൾവിവരണങ്ങൾ നിങ്ങൾക്ക് ആശ്വാസവും പ്രത്യാശയും പകരും. സഹോദരങ്ങൾക്കും നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയും.—റോമ. 15:4; എബ്രാ. 10:24, 25.
9. ഒരു നല്ല സുഹൃത്തിനു നമ്മളെ സഹായിക്കാൻ കഴിയുന്നത് എങ്ങനെയാണ്?
9 എലീശയെ ഉത്തരവാദിത്വം ഏൽപ്പിക്കാൻ യഹോവ ഏലിയയോട് ആവശ്യപ്പെട്ടു. അങ്ങനെ യഹോവ ഏലിയയ്ക്ക് ഒരു നല്ല സുഹൃത്തിനെ കൊടുത്തു. ഏലിയയ്ക്കു നിരുത്സാഹം തോന്നുമ്പോൾ എലീശയ്ക്കു സഹായിക്കാൻ കഴിയുമായിരുന്നു. അതുപോലെ നമ്മളും ആശ്രയയോഗ്യനായ ഒരു സുഹൃത്തിനോടു നമ്മുടെ സങ്കടങ്ങൾ പറയുക. വിഷമങ്ങളിൽ നമുക്കു താങ്ങാകാൻ അങ്ങനെയുള്ള ഒരു സുഹൃത്തിനു കഴിയും. (2 രാജാ. 2:2; സുഭാ. 17:17) അങ്ങനെ ഒരു സുഹൃത്ത് നിങ്ങൾക്ക് ഇല്ലെങ്കിലോ? നിങ്ങൾക്കു പിന്തുണ തരാൻ കഴിയുന്ന, പക്വതയുള്ള ഒരു ക്രിസ്ത്യാനിയെ കണ്ടെത്താനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക.
10. ഏലിയയുടെ അനുഭവം നമുക്കു പ്രത്യാശ പകരുന്നത് എങ്ങനെ, യശയ്യ 40:28, 29-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദാനം നമ്മളെ എങ്ങനെ സഹായിക്കും?
10 സമ്മർദങ്ങളുണ്ടായപ്പോൾ പിടിച്ചുനിൽക്കാനും വർഷങ്ങളോളം വിശ്വസ്തമായി സേവിക്കാനും യഹോവ ഏലിയയെ സഹായിച്ചു. ഏലിയയുടെ അനുഭവം നമുക്കു പ്രത്യാശ പകരുന്നതാണ്. ശാരീരികമായും മാനസികമായും നമ്മുടെ ശക്തി ചോർത്തിക്കളയുന്ന സമ്മർദങ്ങൾ നമ്മളും നേരിട്ടേക്കാം. എങ്കിലും യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ തുടർന്നും തന്നെ സേവിക്കാനുള്ള കരുത്തും ബലവും യഹോവ നമുക്കു നൽകും.—യശയ്യ 40:28, 29 വായിക്കുക.
യഹോവയിൽ ആശ്രയിച്ച മൂന്നു പേർ
11-13. പുരാതനകാലത്തെ മൂന്നു ദൈവദാസർക്ക് എന്തെല്ലാം സമ്മർദങ്ങളാണ് അനുഭവിക്കേണ്ടിവന്നത്?
11 മറ്റു ബൈബിൾകഥാപാത്രങ്ങളും കടുത്ത സമ്മർദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഉദാഹരണത്തിന്, ഹന്നയ്ക്കു കുട്ടികളില്ലാത്തതിന്റെ നാണക്കേട് അനുഭവിക്കേണ്ടിവന്നു. അതുപോലെ, ഭർത്താവിന്റെ മറ്റൊരു 1 ശമു. 1:2, 6) തീവ്രമായ സമ്മർദം കാരണം ഹന്ന കടുത്ത മനോദുഃഖത്തിലായി. ഹന്ന നിയന്ത്രണംവിട്ട് കരഞ്ഞു; വിശപ്പുപോലും കെട്ടുപോയി.—1 ശമു. 1:7, 10.
ഭാര്യ കുത്തുവാക്കുകൾ പറഞ്ഞ് ഹന്നയെ വേദനിപ്പിച്ചിരുന്നു. (12 ദാവീദ് രാജാവും ചിലപ്പോൾ സമ്മർദത്തിന്റെ ആഴക്കടലിലേക്കു താഴ്ന്നുപോയിട്ടുണ്ട്. അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകൾ ഒന്നു ചിന്തിച്ചുനോക്കൂ. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് ഓർത്ത് കടുത്ത കുറ്റബോധം അനുഭവിക്കേണ്ടിവന്നു. (സങ്കീ. 40:12) പ്രിയപ്പെട്ട മകനായ അബ്ശാലോം ധിക്കാരം കാണിച്ചു. അതിന്റെ ഫലമായി അബ്ശാലോം മരിക്കുന്നതും ദാവീദിനു കാണേണ്ടിവന്നു. (2 ശമു. 15:13, 14; 18:33) ഉറ്റ സുഹൃത്തുക്കളിൽ ഒരാൾ ദാവീദിനെ വഞ്ചിച്ചു. (2 ശമു. 16:23–17:2; സങ്കീ. 55:12-14) ദാവീദ് രചിച്ച പല സങ്കീർത്തനങ്ങളിലും നിരുത്സാഹത്തിന്റെയും വേദനയുടെയും വാക്കുകൾ കാണാം. എന്നാൽ അവയിലെല്ലാം യഹോവയിലുള്ള അചഞ്ചലമായ ആശ്രയവും തെളിഞ്ഞുകാണാം.—സങ്കീ. 38:5-10; 94:17-19.
13 ഇനി ഒരു സങ്കീർത്തനക്കാരനെ പരിചയപ്പെടാം. ലേവ്യനായ ആസാഫിന്റെ ഒരു പിൻഗാമിയായിരുന്നിരിക്കാം ഈ സങ്കീർത്തനക്കാരൻ. അദ്ദേഹം യരുശലേമിലെ ‘മഹത്ത്വമാർന്ന വിശുദ്ധമന്ദിരത്തിലാണ്’ സേവിച്ചിരുന്നത്. ദുഷ്ടരായ ആളുകളുടെ സുഖവും സമാധാനവും കണ്ടപ്പോൾ അദ്ദേഹത്തിന് അസൂയ തോന്നി. അദ്ദേഹത്തിനു കടുത്ത മാനസികസമ്മർദം അനുഭവിക്കേണ്ടിവന്നു. അതിന്റെ ഫലമായി, അദ്ദേഹത്തിനു സന്തോഷവും സംതൃപ്തിയും നഷ്ടപ്പെട്ടു. ദൈവത്തെ സേവിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്നുപോലും അദ്ദേഹം സംശയിച്ചുപോയി.—സങ്കീ. 73:2-5, 7, 12-14, 16, 17, 21.
14-15. സഹായത്തിനായി യഹോവയിലേക്കു തിരിയുന്നതിനെപ്പറ്റി ഈ മൂന്നു ബൈബിൾ കഥാപാത്രങ്ങളുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
14 സത്യാരാധകരായിരുന്ന ഈ മൂന്നു പേരും സഹായത്തിനായി യഹോവയിൽ ആശ്രയിച്ചു. തങ്ങളുടെ ഉത്കണ്ഠകളെല്ലാം ഉള്ളുരുകിയുള്ള പ്രാർഥനയിൽ അവർ യഹോവയുടെ മുമ്പാകെ പകർന്നു. മനപ്രയാസം അനുഭവിക്കുന്നതിന്റെ കാരണങ്ങൾ ഓരോന്നും അവർ യഹോവയോടു പറഞ്ഞു. കൂടാതെ, അവർ തുടർന്നും യഹോവയുടെ ആലയത്തിൽ പോകുകയും ചെയ്തു.—1 ശമു. 1:9, 10; സങ്കീ. 55:22; 73:17; 122:1.
15 യഹോവ ആ മൂന്നു പേരോടും ദയയോടെ ഇടപെട്ടു. ഹന്നയ്ക്കു മനസ്സമാധാനം ലഭിച്ചു. (1 ശമു. ) ദാവീദ് ഇങ്ങനെ എഴുതി: “നീതിമാന് അനേകം ദുരിതങ്ങൾ ഉണ്ടാകുന്നു; അതിൽനിന്നെല്ലാം യഹോവ അവനെ രക്ഷിക്കുന്നു.” ( 1:18സങ്കീ. 34:19) ആസാഫിന്റെ പിൻഗാമിയായ ആ സങ്കീർത്തനക്കാരന് യഹോവ തന്റെ ‘വലങ്കൈ പിടിച്ചിരിക്കുന്നതുപോലെ’ തോന്നി. യഹോവ സ്നേഹത്തോടെയുള്ള ഉപദേശത്താൽ തന്നെ വഴിനയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇങ്ങനെ പാടി: “ഞാൻ ദൈവത്തോട് അടുത്ത് ചെല്ലും; അതല്ലോ എനിക്കു നല്ലത്. . . . ഞാൻ പരമാധികാരിയാം യഹോവയെ എന്റെ അഭയമാക്കിയിരിക്കുന്നു.” (സങ്കീ. 73:23, 24, 28) ഈ ദൈവദാസരുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ചിലപ്പോഴൊക്കെ സമ്മർദത്തിന് ഇടയാക്കുന്ന ഗൗരവമേറിയ പ്രശ്നങ്ങൾ നമ്മളെ ഭാരപ്പെടുത്തിയേക്കാം. അപ്പോൾപ്പോലും പിടിച്ചുനിൽക്കാൻ നമുക്കു കഴിയും. എങ്ങനെ? മറ്റുള്ളവരെ യഹോവ എങ്ങനെയാണു സഹായിച്ചതെന്നു ധ്യാനിക്കുക. പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിക്കുക. യഹോവ പറയുന്ന കാര്യങ്ങൾ അനുസരിക്കുക.—സങ്കീ. 143:1, 4-8.
യഹോവയിൽ ആശ്രയിക്കുക, പിടിച്ചുനിൽക്കുക
16-17. (എ) നമ്മൾ നമ്മളെത്തന്നെ ഒറ്റപ്പെടുത്തരുതാത്തത് എന്തുകൊണ്ട്? (ബി) നമുക്ക് എങ്ങനെ ശക്തി വീണ്ടെടുക്കാം?
16 ഈ മൂന്നു പേരുടെ ദൃഷ്ടാന്തങ്ങൾ നമ്മളെ പഠിപ്പിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട പാഠമുണ്ട്—ഒരിക്കലും യഹോവയിൽനിന്ന് അകന്നുപോകരുത്, ദൈവജനത്തിൽനിന്ന് നമ്മളെത്തന്നെ ഒറ്റപ്പെടുത്തരുത്. (സുഭാ. 18:1) ഭർത്താവ് ഉപേക്ഷിച്ചുപോയപ്പോൾ കടുത്ത സമ്മർദം അനുഭവിച്ച നാൻസി പറയുന്നു: “ആരെയും കാണാനോ ആരോടും സംസാരിക്കാനോ ഒന്നും പല ദിവസങ്ങളിലും തോന്നിയില്ല. എന്നാൽ ഞാൻ എത്രമാത്രം ഒതുങ്ങിക്കൂടിയോ, അത്രമാത്രം എന്റെ ദുഃഖം വർധിക്കുകയാണു ചെയ്തത്.” പക്ഷേ, പ്രശ്നങ്ങൾ നേരിടുന്ന മറ്റുള്ളവരെ സഹായിക്കാൻ നാൻസി മുന്നിട്ടിറങ്ങിയപ്പോൾ കാര്യങ്ങൾക്കു മാറ്റം വന്നു. നാൻസി പറയുന്നു: “മറ്റുള്ളവർ അവരുടെ പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോൾ ഞാൻ ശ്രദ്ധിച്ചുകേൾക്കും. എനിക്ക് അവരോട് എത്രത്തോളം സഹാനുഭൂതി തോന്നിയോ, സ്വന്തം പ്രശ്നങ്ങളെക്കുറിച്ചുള്ള എന്റെ ചിന്ത അത്രത്തോളം കുറഞ്ഞു.”
17 മീറ്റിങ്ങുകൾക്കു പോയിക്കൊണ്ടും നമുക്കു ശക്തി വീണ്ടെടുക്കാം. അവിടെയായിരിക്കുമ്പോൾ, നമ്മുടെ “സഹായിയും ആശ്വാസകനും” ആകാൻ യഹോവയ്ക്കു നമ്മൾ കൂടുതൽ അവസരങ്ങൾ കൊടുക്കുകയാണ്. (സങ്കീ. 86:17) മീറ്റിങ്ങുകൾക്കു വരുമ്പോൾ മൂന്നു പ്രധാനമാർഗങ്ങളിൽ യഹോവ നമ്മളെ ശക്തിപ്പെടുത്തുന്നു: പരിശുദ്ധാത്മാവിലൂടെ, വചനത്തിലൂടെ, തന്റെ ജനത്തിലൂടെ. മീറ്റിങ്ങുകൾ “പരസ്പരം പ്രോത്സാഹനം” നൽകാനുള്ള അവസരങ്ങളാണ്. (റോമ. 1:11, 12) സോഫിയ എന്ന ഒരു സഹോദരി പറഞ്ഞു: “മീറ്റിങ്ങുകളായിരുന്നു എനിക്ക് ഏറ്റവും പ്രധാനം. യഹോവയും സഹോദരങ്ങളും സഹിച്ചുനിൽക്കാൻ എന്നെ സഹായിച്ചു. ശുശ്രൂഷയിലും സഭയുടെ പ്രവർത്തനങ്ങളിലും ഞാൻ എത്രത്തോളം മുഴുകിയോ, അത്രത്തോളം എന്റെ സമ്മർദവും ഉത്കണ്ഠയും കുറഞ്ഞു.”
18. നിരുത്സാഹിതരാകുമ്പോൾ, യഹോവ നമുക്ക് എന്തു തരും?
18 നിരുത്സാഹം തോന്നുമ്പോൾ ഓർക്കുക: ഭാവിയിൽ സമ്മർദങ്ങളൊന്നുമില്ലാത്ത ഒരു കാലം വരുമെന്നു മാത്രമല്ല, ഇക്കാലത്ത് സമ്മർദം നേരിടാൻ നമ്മളെ സഹായിക്കുമെന്നും യഹോവ ഉറപ്പു തന്നിട്ടുണ്ട്. സമ്മർദത്തെ നേരിടാനുള്ള ‘ആഗ്രഹവും ശക്തിയും’ യഹോവ നമുക്കു തരുന്നു. നിരാശയും നിരുത്സാഹവും തരണം ചെയ്യാൻ അങ്ങനെ നമുക്കു കഴിയും.—ഫിലി. 2:13.
19. റോമർ 8:37-39 നമുക്ക് എന്ത് ഉറപ്പാണു നൽകുന്നത്?
19 റോമർ 8:37-39 വായിക്കുക. ദൈവസ്നേഹത്തിൽനിന്ന് നമ്മളെ വേർപെടുത്താൻ ഒന്നിനും കഴിയില്ലെന്നു പൗലോസ് അപ്പോസ്തലൻ ഉറപ്പു നൽകുന്നു. സമ്മർദവുമായി മല്ലടിക്കുന്ന നമ്മുടെ സഹോദരങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും? ദുരിതങ്ങൾ നേരിടുന്ന സഹോദരങ്ങളോടു സഹാനുഭൂതി കാണിച്ചുകൊണ്ടും അവരെ പിന്തുണച്ചുകൊണ്ടും എങ്ങനെ നമുക്ക് യഹോവയെ അനുകരിക്കാമെന്ന് അടുത്ത ലേഖനം വിശദീകരിക്കുന്നു.
ഗീതം 44 എളിയവന്റെ പ്രാർഥന
^ ഖ. 5 കഠിനമായ സമ്മർദം ശരീരത്തിനും മനസ്സിനും ദോഷം ചെയ്യും. നീണ്ടുനിൽക്കുന്ന സമ്മർദവും പ്രശ്നമാണ്. യഹോവയ്ക്കു നമ്മളെ എങ്ങനെ സഹായിക്കാനാകും? സമ്മർദം അനുഭവിച്ചപ്പോൾ ഏലിയയെ, യഹോവ എങ്ങനെയാണു സഹായിച്ചതെന്നു നമ്മൾ കാണും. സമ്മർദം അനുഭവിക്കുമ്പോൾ യഹോവയിലേക്ക് എങ്ങനെ നോക്കാമെന്നു കാണിച്ചുതരുന്ന മറ്റു ചില ബൈബിൾ കഥാപാത്രങ്ങളുടെ അനുഭവങ്ങളും ചിന്തിക്കും.
^ ഖ. 2 ഈ ലേഖനത്തിലേത് യഥാർഥപേരുകളല്ല.