വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“എല്ലാത്തി​നും നന്ദി പറയുക”

“എല്ലാത്തി​നും നന്ദി പറയുക”

നിങ്ങൾക്കു നിങ്ങ​ളെ​ക്കു​റിച്ച്‌ എങ്ങനെ​യാ​ണു തോന്നു​ന്നത്‌, നന്ദിയുള്ള ഒരാളാ​യി​ട്ടാ​ണോ? നമ്മൾ ഓരോ​രു​ത്ത​രും ചിന്തി​ക്കേണ്ട ഒരു ചോദ്യ​മാണ്‌ ഇത്‌. മിക്കയാ​ളു​ക​ളും ‘നന്ദിയി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും’ എന്നു നമ്മൾ ജീവി​ക്കുന്ന ഇക്കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. (2 തിമൊ. 3:2) തങ്ങൾക്ക്‌ ഉള്ളതും മറ്റുള്ള​വ​രിൽനിന്ന്‌ കിട്ടു​ന്ന​തും എല്ലാം തങ്ങൾക്ക്‌ അർഹത​പ്പെ​ട്ട​താ​ണെന്നു ചിന്തി​ക്കുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടു​ണ്ടാ​കാം. അതു​കൊണ്ട്‌ ആരെങ്കി​ലും എന്തെങ്കി​ലും തന്നാൽ അതിനു നന്ദി കാണി​ക്കേണ്ട ആവശ്യ​മു​ണ്ടെന്ന്‌ അവർ കരുതു​ന്നില്ല. നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഇത്തരക്കാ​രു​ടെ കൂടെ​യാ​യി​രി​ക്കു​ന്നതു സന്തോഷം തരുമോ?

നേരെ മറിച്ച്‌, യഹോ​വ​യു​ടെ ദാസന്മാ​രോ​ടു പറഞ്ഞി​രി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: ‘നിങ്ങൾ നന്ദിയു​ള്ള​വ​രാ​ണെന്നു കാണി​ക്കണം.’ നമ്മൾ ‘എല്ലാത്തി​നും നന്ദി പറയണം.’ (കൊലോ. 3:15; 1 തെസ്സ. 5:18) നന്ദിയുള്ള ഒരു മനോ​ഭാ​വം വളർത്തി​യെ​ടു​ക്കു​ന്നതു നമുക്കു നല്ലതാണ്‌. അങ്ങനെ പറയു​ന്ന​തി​നു ധാരാളം കാരണ​ങ്ങ​ളുണ്ട്‌. ചിലതു നോക്കാം.

അതു നമുക്കുതന്നെ സന്തോഷം തരും

നന്ദിയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ ഒരു പ്രധാ​ന​കാ​രണം, അതു മറ്റുള്ള​വരെ സന്തോ​ഷി​പ്പി​ക്കും എന്നതു മാത്രമല്ല, നമുക്കു നമ്മളെ​ക്കു​റി​ച്ചു​തന്നെ മതിപ്പു തോന്നാൻ അത്‌ ഇടയാ​ക്കും എന്നതാണ്‌. എന്തു​കൊണ്ട്‌? നമ്മൾ നന്ദിയു​ള്ള​വ​രാ​ണെ​ങ്കിൽ മറ്റുള്ളവർ നമ്മളെ വില​പ്പെ​ട്ട​വ​രാ​യി കാണു​ന്നെന്ന കാര്യം നമ്മൾ തിരി​ച്ച​റി​യും. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾക്ക്‌ എന്തെങ്കി​ലും ചെയ്‌തു​ത​രാൻ മറ്റുള്ളവർ തയ്യാറാ​കു​ന്നത്‌ അവർ നിങ്ങളെ വിലയു​ള്ള​വ​രാ​യി കാണു​ന്ന​തു​കൊ​ണ്ടല്ലേ? അവർ നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​രാണ്‌. ഇതു തിരി​ച്ച​റി​യു​മ്പോൾ നിങ്ങൾ വിലയു​ള്ള​വ​രാ​ണെന്നു നിങ്ങൾക്കു​തന്നെ തോന്നും. രൂത്തിന്റെ അനുഭവം നോക്കാം. ബോവസ്‌ രൂത്തി​നോട്‌ ഔദാ​ര്യം കാണിച്ചു. തന്റെ കാര്യ​ത്തിൽ ഒരാൾക്കു കരുത​ലു​ണ്ടെന്നു കണ്ടതു രൂത്തിനെ സന്തോ​ഷി​പ്പി​ച്ചു എന്നതു തീർച്ച​യാണ്‌.—രൂത്ത്‌ 2:10-13.

പ്രത്യേ​കിച്ച്‌, ദൈവ​ത്തോ​ടു നമ്മൾ നന്ദിയു​ള്ള​വ​രാ​യി​രി​ക്കണം. ദൈവം ആത്മീയ​വും ഭൗതി​ക​വും ആയ അനേകം അനു​ഗ്ര​ഹങ്ങൾ നമുക്കു തന്നിട്ടുണ്ട്‌, ഇപ്പോ​ഴും തരുന്നുണ്ട്‌. ആ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ചില​പ്പോ​ഴൊ​ക്കെ നിങ്ങൾ ഓർക്കാ​റു​ണ്ടാ​യി​രി​ക്കും. (ആവ. 8:17, 18; പ്രവൃ. 14:17) പക്ഷേ ദൈവ​ത്തി​ന്റെ നന്മയെ​ക്കു​റിച്ച്‌ വെറുതേ ഓർക്കു​ന്ന​തി​നു പകരം, ദൈവം നിങ്ങൾക്കും നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വർക്കും കൈ അയച്ച്‌ നൽകി​യി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കാൻ സമയ​മെ​ടു​ത്തു​കൂ​ടേ? നമ്മുടെ സ്രഷ്ടാ​വി​ന്റെ ഔദാ​ര്യ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ ധ്യാനി​ക്കു​ന്നതു ദൈവ​ത്തോ​ടുള്ള വിലമ​തിപ്പ്‌ ആഴമു​ള്ള​താ​ക്കും, നമ്മളെ ദൈവം സ്‌നേ​ഹി​ക്കു​ന്നെ​ന്നും വിലയു​ള്ള​വ​രാ​യി കാണു​ന്നെ​ന്നും ഉള്ള ബോധ്യം അതു ബലപ്പെ​ടു​ത്തും.—1 യോഹ. 4:9.

എന്നാൽ യഹോ​വ​യു​ടെ ഔദാ​ര്യ​ത്തെ​യും യഹോവ തന്നിരി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​യും കുറിച്ച്‌ ചിന്തി​ച്ചാൽ മാത്രം പോരാ, യഹോ​വ​യു​ടെ നന്മയെ​പ്രതി യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കു​ക​യും വേണം. (സങ്കീ. 100:4, 5) മറ്റുള്ള​വ​രോ​ടു നന്ദി കാണി​ക്കു​ന്നത്‌ ആളുക​ളു​ടെ സന്തോഷം വർധി​പ്പി​ക്കും എന്നാണ്‌ ഒരു പുസ്‌തകം പറയു​ന്നത്‌.

അത്‌ ആളുകൾ തമ്മിലുള്ള അടുപ്പം കൂട്ടുന്നു

നന്ദിയുള്ള ഒരു മനോ​ഭാ​വം സൗഹൃ​ദങ്ങൾ ശക്തമാ​ക്കും എന്നതാണു നന്ദിയു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​ന്റെ മറ്റൊരു ഗുണം. മറ്റുള്ളവർ നമ്മളെ വിലയു​ള്ള​വ​രാ​യി കാണാൻ പൊതു​വേ എല്ലാവർക്കും ആഗ്രഹ​മുണ്ട്‌, വാസ്‌ത​വ​ത്തിൽ അതു മനുഷ്യ​ന്റെ ഒരു ആവശ്യ​മാണ്‌. ഒരാൾ ചെയ്‌ത ഒരു ദയാ​പ്ര​വൃ​ത്തി​ക്കു നിങ്ങൾ ആത്മാർഥ​മാ​യി നന്ദി പറയു​ന്നെ​ങ്കിൽ, നിങ്ങൾ തമ്മിലുള്ള അടുപ്പം വർധി​ക്കും. (റോമ. 16:3, 4) കൂടാതെ, നന്ദിയുള്ള ആളുകൾ സഹായ​മ​ന​സ്‌ക​രു​മാ​യി​രി​ക്കും. മറ്റുള്ളവർ തങ്ങളോ​ടു കാണി​ക്കുന്ന ദയാപ്രവൃത്തികൾ അവർ മറക്കില്ല, മറ്റുള്ള​വ​രോ​ടു ദയ കാണി​ക്കാൻ ഇത്‌ അവരെ പ്രേരി​പ്പി​ക്കും. ആളുകളെ സഹായി​ക്കു​ന്നതു സന്തോഷം തരും എന്നതിൽ ഒരു സംശയ​വു​മില്ല. യേശു പറഞ്ഞത്‌ ഓർക്കുക: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്‌.”—പ്രവൃ. 20:35.

കാലി​ഫോർണി​യ​യി​ലുള്ള ഒരു സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ്സ​റായ റോബർട്ട്‌ എമ്മൺസ്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “നന്ദിയുള്ള ഒരു മനോ​ഭാ​വം വളർത്തി​യെ​ടു​ക്കു​ന്ന​തിന്‌, നമ്മൾ പരസ്‌പരം ആശ്രയിച്ച്‌ കഴിയു​ന്ന​വ​രാ​ണെന്ന കാര്യം നമ്മൾ ഓർക്കണം. ചില​പ്പോൾ നമ്മൾ കൊടു​ക്കു​ന്നു, മറ്റു ചില​പ്പോൾ വാങ്ങുന്നു.” പല വിധങ്ങ​ളിൽ മറ്റുള്ളവർ നമ്മുടെ ജീവിതം നിലനി​റു​ത്താൻ സഹായി​ക്കു​ക​യും പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യു​ന്നുണ്ട്‌ എന്നതാണു വാസ്‌തവം. ഉദാഹ​ര​ണ​ത്തിന്‌, അവർ നമുക്ക്‌ ആഹാരം തരുക​യോ ചികിത്സ ലഭ്യമാ​ക്കു​ക​യോ ചെയ്‌തേ​ക്കാം. (1 കൊരി. 12:21) വിലമ​തി​പ്പുള്ള ഒരു വ്യക്തി മറ്റുള്ളവർ തനിക്കു ചെയ്‌തു​ത​രുന്ന കാര്യ​ങ്ങ​ളോ​ടു നന്ദിയു​ള്ള​വ​നാ​യി​രി​ക്കും. മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​രുന്ന കാര്യ​ങ്ങൾക്കു നിങ്ങൾ നന്ദി അറിയി​ക്കാ​റു​ണ്ടോ?

അതു ജീവി​ത​ത്തെ​ക്കു​റിച്ച്‌ നല്ല ഒരു കാഴ്‌ച​പ്പാ​ടു തരും

നന്ദിയുള്ള ഒരു മനോ​ഭാ​വം വളർത്തി​യെ​ടു​ക്കേ​ണ്ട​തി​ന്റെ മറ്റൊരു കാരണം, അതു മോശം കാര്യ​ങ്ങൾക്കു പകരം ജീവി​ത​ത്തി​ലെ നല്ല കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ സഹായി​ക്കു​ന്നു എന്നതാണ്‌. ഒരു അർഥത്തിൽ, നിങ്ങളു​ടെ മനസ്സ്‌ ഒരു അരിപ്പ​പോ​ലെ​യാണ്‌. ചുറ്റു​പാ​ടു​ക​ളി​ലെ ചില കാര്യങ്ങൾ ശ്രദ്ധി​ക്കാ​നും മറ്റു ചിലത്‌ ഉള്ളി​ലേക്കു കടക്കാതെ നോക്കാ​നും അതു നിങ്ങളെ സഹായി​ക്കു​ന്നു. നന്ദിയുള്ള ഒരു മനോ​ഭാ​വ​മു​ണ്ടെ​ങ്കിൽ, നല്ല കാര്യ​ങ്ങ​ളിൽ ശ്രദ്ധി​ക്കാ​നും പ്രശ്‌ന​ങ്ങ​ളിൽ അധികം ശ്രദ്ധി​ക്കാ​തി​രി​ക്കാ​നും കഴിയും. എത്ര​ത്തോ​ളം വിലമ​തി​പ്പു​ണ്ടോ, നമുക്കു ചുറ്റു​മുള്ള നന്മ അത്രയ​ധി​കം കാണാൻ നമുക്കു കഴിയും. എത്ര​ത്തോ​ളം നന്മ കാണു​ന്നോ, നമ്മുടെ വിലമ​തി​പ്പു പിന്നെ​യും വർധി​ക്കും. ജീവി​തത്തെ നന്ദി​യോ​ടെ നോക്കി​ക്കാ​ണു​മ്പോൾ പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ ഈ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കാൻ കൂടുതൽ എളുപ്പ​മാ​യി​രി​ക്കും: “കർത്താ​വിൽ എപ്പോ​ഴും സന്തോ​ഷി​ക്കൂ!”—ഫിലി. 4:4.

നന്ദിയുള്ള ഒരു മനോ​ഭാ​വ​മു​ണ്ടെ​ങ്കിൽ മോശം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​തി​രി​ക്കാൻ നിങ്ങൾക്കു കഴിയും. ഒരേ സമയം നന്ദിയു​ള്ള​വ​നാ​യി​രി​ക്കാ​നും അതേസ​മ​യം​തന്നെ അസൂയ​യും സങ്കടവും ദേഷ്യ​വും വെച്ചു​കൊ​ണ്ടി​രി​ക്കാ​നും ആർക്കെ​ങ്കി​ലും കഴിയു​മോ? നന്ദിയുള്ള ആളുകൾക്കു പണത്തോ​ടു ഭ്രമവും കാണില്ല. ഉള്ള കാര്യ​ങ്ങൾക്ക്‌ അവർ നന്ദിയു​ള്ള​വ​രാ​യി​രി​ക്കും, കൂടുതൽ സമ്പാദി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അവർ ചിന്തി​ക്കില്ല.—ഫിലി. 4:12.

നിങ്ങളു​ടെ അനു​ഗ്ര​ഹങ്ങൾ എണ്ണുക

ഈ അവസാ​ന​കാ​ലത്ത്‌ നേരി​ടുന്ന കഷ്ടപ്പാ​ടു​കൾ കാരണം നമ്മൾ മനസ്സി​ടിഞ്ഞ്‌, നിരു​ത്സാ​ഹി​ത​രാ​കാൻ സാത്താൻ ആഗ്രഹി​ക്കു​ന്നെന്നു ക്രിസ്‌ത്യാ​നി​ക​ളായ നമുക്ക്‌ അറിയാം. എല്ലാത്തി​നെ​ക്കു​റി​ച്ചും പരാതി പറയുന്ന മോശ​മായ ഒരു മനോ​ഭാ​വം നമ്മൾ വളർത്തി​യെ​ടു​ക്കു​ന്നതു കാണാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. ഇത്തരം മനോ​ഭാ​വ​മു​ണ്ടെ​ങ്കിൽ, ആളുകൾക്കു കേൾക്കാൻ തോന്നുന്ന വിധത്തിൽ സന്തോ​ഷ​വാർത്ത അവതരി​പ്പി​ക്കാൻ നമുക്കു കഴിഞ്ഞി​ല്ലെ​ന്നു​വ​രാം. വാസ്‌ത​വ​ത്തിൽ, നന്ദിയും ദൈവാ​ത്മാ​വി​ന്റെ ഗുണങ്ങ​ളും ഒരുമിച്ച്‌ പോകു​ന്ന​വ​യാണ്‌. കാരണം, ദൈവാ​ത്മാ​വി​ന്റെ ഗുണങ്ങ​ളിൽ ദൈവം തരുന്ന നല്ല കാര്യ​ങ്ങ​ളി​ലുള്ള സന്തോ​ഷ​വും ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള വിശ്വാ​സ​വും ഉൾപ്പെ​ടു​ന്നു​ണ്ട​ല്ലോ.—ഗലാ. 5:22, 23.

യഹോ​വ​യു​ടെ ജനത്തിലെ ഒരാളാ​യ​തു​കൊണ്ട്‌, നന്ദി​യെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളോ​ടു നിങ്ങൾ യോജി​ച്ചേ​ക്കും. എന്നാൽ നന്ദിയും ശുഭാ​പ്‌തി​വി​ശ്വാ​സ​വും ഉള്ള ഒരു മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കു​ന്നത്‌ എളുപ്പമല്ല എന്നു നിങ്ങൾ മനസ്സി​ലാ​ക്കി​യേ​ക്കാം. പക്ഷേ നിരാ​ശ​പ്പെ​ട​രുത്‌. നന്ദിയുള്ള ഒരു മനോ​ഭാ​വം വളർത്തി​യെ​ടു​ക്കാൻ നിങ്ങൾക്കു കഴിയും. എങ്ങനെ? നിങ്ങളു​ടെ ജീവി​ത​ത്തിൽ നന്ദി കൊടു​ക്കാൻ കഴിയുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ ഓരോ ദിവസ​വും സമയ​മെ​ടു​ക്കുക. ഇതു നിങ്ങൾ എത്ര കൂടുതൽ ചെയ്യു​ന്നോ, നന്ദിയുള്ള ഒരു മനോ​ഭാ​വ​ത്തിന്‌ ഉടമയാ​കു​ന്നത്‌ അത്ര എളുപ്പ​മാ​യി​രി​ക്കും. ജീവി​ത​ത്തി​ലെ കഷ്ടപ്പാ​ടു​കൾ മാത്രം കാണു​ന്ന​വ​രെ​ക്കാൾ കൂടുതൽ സന്തോ​ഷ​മു​ള്ള​വ​രാ​കാ​നും നിങ്ങൾക്കു കഴിയും. അതു​പോ​ലെ ദൈവ​വും മറ്റുള്ള​വ​രും ചെയ്യുന്ന നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അതു നിങ്ങളെ സന്തോ​ഷി​പ്പി​ക്കും, പ്രോ​ത്സാ​ഹനം പകരും! അത്തരം കാര്യങ്ങൾ എഴുതി​വെ​ക്കുന്ന ഒരു ശീലം തുടങ്ങാ​നും നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും. ഓരോ ദിവസ​വും നിങ്ങൾക്കു നന്ദി തോന്നിയ രണ്ടോ മൂന്നോ കാര്യങ്ങൾ എഴുതുക.

ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ ഗവേഷണം ചെയ്യു​ന്നവർ പറയു​ന്നത്‌, നമ്മൾ പതിവാ​യി മറ്റുള്ള​വ​രോ​ടു നന്ദി പറയു​ന്നെ​ങ്കിൽ നമ്മുടെ തലച്ചോ​റി​ലെ നാഡീ​കോ​ശങ്ങൾ അത്‌ ‘ഓർത്തി​രി​ക്കാ​നും’ അതു നമ്മുടെ സ്വഭാ​വ​ത്തി​ന്റെ ഭാഗമാ​യി മാറാ​നും സാധ്യ​ത​യുണ്ട്‌ എന്നാണ്‌. നന്ദിയു​ള്ളവർ സന്തോ​ഷ​മു​ള്ള​വ​രാണ്‌. അതു​കൊണ്ട്‌ നിങ്ങളു​ടെ അനു​ഗ്ര​ഹങ്ങൾ എണ്ണുക. ജീവി​ത​ത്തി​ലു​ണ്ടാ​യി​ട്ടുള്ള നല്ല അനുഭ​വ​ങ്ങ​ളു​ടെ മധുരം ആവോളം നുണയുക. നന്ദി പറയു​ന്നത്‌ ഒരു ശീലമാ​ക്കുക! നമുക്കുള്ള നല്ല കാര്യങ്ങൾ കാണാതെ പോക​രുത്‌, പകരം “യഹോ​വ​യോ​ടു നന്ദി പറയു​വിൻ, ദൈവം നല്ലവന​ല്ലോ.” അതെ, “എല്ലാത്തി​നും നന്ദി പറയുക.”—1 ദിന. 16:34; 1 തെസ്സ. 5:18.