വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 51

നിങ്ങൾക്ക്‌ യഹോ​വയെ എത്ര നന്നായി അറിയാം?

നിങ്ങൾക്ക്‌ യഹോ​വയെ എത്ര നന്നായി അറിയാം?

“അങ്ങയുടെ പേര്‌ അറിയു​ന്നവർ അങ്ങയിൽ ആശ്രയ​മർപ്പി​ക്കും. യഹോവേ, അങ്ങയെ തേടി വരുന്ന​വരെ അങ്ങ്‌ ഒരിക്കലും ഉപേക്ഷിക്കില്ലല്ലോ.”—സങ്കീ. 9:10.

ഗീതം 56 സത്യം സ്വന്തമാ​ക്കാം

പൂർവാവലോകനം *

1-2. ആഞ്ചലീ​റ്റോ​യു​ടെ അനുഭവം കാണി​ക്കു​ന്ന​തു​പോ​ലെ, നമ്മൾ ഓരോ​രു​ത്ത​രും എന്തു ചെയ്യണം?

കുട്ടി​കളേ, നിങ്ങളു​ടെ മാതാ​പി​താ​ക്കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണോ? എങ്കിൽ ഒരു കാര്യം ഓർക്കുക: മാതാ​പി​താ​ക്കൾക്ക്‌ യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധമു​ണ്ടെന്നു കരുതി, നിങ്ങൾക്കും അതേ ബന്ധമു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നില്ല. ഇനി, നിങ്ങൾ പുതു​താ​യി ബൈബിൾസ​ത്യം പഠിച്ചു​വ​രുന്ന ഒരാളാ​ണോ? നമ്മുടെ മാതാ​പി​താ​ക്കൾ സത്യത്തി​ലു​ണ്ടെ​ങ്കി​ലും ഇല്ലെങ്കി​ലും, നമ്മൾ ഓരോ​രു​ത്ത​രും യഹോ​വ​യു​മാ​യി വ്യക്തി​പ​ര​മായ ബന്ധം വളർത്തി​യെ​ടു​ക്കണം.

2 ആഞ്ചലീ​റ്റോ എന്ന സഹോ​ദ​രന്റെ അനുഭവം നോക്കാം. ഒരു സാക്ഷി​ക്കു​ടും​ബ​ത്തി​ലാണ്‌ അദ്ദേഹം വളർന്നു​വ​ന്നത്‌. എങ്കിലും കൗമാ​ര​പ്രാ​യ​ത്തിൽ ആഞ്ചലീ​റ്റോ​യ്‌ക്കു ദൈവ​ത്തോട്‌ അടുപ്പം തോന്നി​യില്ല. അദ്ദേഹം പറയുന്നു: “ഞാൻ യഹോ​വയെ സേവി​ച്ചി​രു​ന്നത്‌ എന്റെ വീട്ടു​കാർ അങ്ങനെ ചെയ്‌തി​രു​ന്ന​തു​കൊണ്ട്‌ മാത്ര​മാണ്‌.” എന്നാൽ, ദൈവ​വ​ചനം വായി​ക്കു​ന്ന​തി​നും ധ്യാനി​ക്കു​ന്ന​തി​നും സമയം മാറ്റി​വെ​ക്കാൻ ആഞ്ചലീ​റ്റോ തീരു​മാ​നി​ച്ചു. അദ്ദേഹം കൂടെ​ക്കൂ​ടെ യഹോ​വ​യോ​ടു പ്രാർഥി​ക്കാ​നും തുടങ്ങി. എന്തായി​രു​ന്നു ഫലം? ആഞ്ചലീ​റ്റോ പറയുന്നു: “യഹോ​വയെ അറിയാൻ ഞാൻ സ്വയം ശ്രമി​ച്ചാ​ലേ എന്റെ പ്രിയ​പ്പെട്ട പിതാ​വായ യഹോ​വ​യോട്‌ അടുക്കാൻ കഴിയൂ എന്ന്‌ എനിക്കു മനസ്സി​ലാ​യി.” ആഞ്ചലീ​റ്റോ​യു​ടെ അനുഭവം ചില പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു: യഹോ​വ​യെ​ക്കു​റിച്ച്‌ കുറ​ച്ചൊ​ക്കെ അറിയാ​മെന്നു പറയു​ന്ന​തും യഹോ​വയെ നന്നായി അറിയു​ന്ന​തും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌? നമുക്ക്‌ എങ്ങനെ യഹോ​വയെ അടുത്ത്‌ അറിയാൻ കഴിയും?

3. യഹോ​വ​യെ​ക്കു​റിച്ച്‌ അറിയു​ന്ന​തും യഹോ​വയെ നന്നായി അറിയു​ന്ന​തും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

3 ഒരാൾക്കു ദൈവ​ത്തി​ന്റെ പേര്‌ അറിയാ​മാ​യി​രി​ക്കും, യഹോവ പറഞ്ഞ ചില കാര്യ​ങ്ങ​ളോ ചെയ്‌ത ചില കാര്യ​ങ്ങ​ളോ അറിയാ​മാ​യി​രി​ക്കും. അതു​കൊണ്ട്‌ അയാൾക്ക്‌ യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാം എന്നു നമ്മൾ പറഞ്ഞേ​ക്കാം. പക്ഷേ യഹോ​വയെ നന്നായി അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നമ്മൾ അതിൽ കൂടുതൽ ചെയ്യണം. യഹോ​വ​യെ​യും യഹോ​വ​യു​ടെ മനോ​ഹ​ര​മായ ഗുണങ്ങ​ളെ​യും കുറിച്ച്‌ പഠിക്കാൻ സമയ​മെ​ടു​ക്കണം. അങ്ങനെ​യെ​ങ്കിൽ മാത്രമേ, യഹോവ എന്തു​കൊ​ണ്ടാണ്‌ ഒരു കാര്യം പറയു​ന്നത്‌, എന്തു​കൊ​ണ്ടാണ്‌ ഒരു കാര്യം ചെയ്യു​ന്നത്‌ എന്നു മനസ്സി​ലാ​ക്കാൻ നമുക്കു കഴിയൂ. ഇത്‌, നമ്മുടെ ചിന്തക​ളും തീരു​മാ​ന​ങ്ങ​ളും പ്രവൃ​ത്തി​ക​ളും യഹോ​വ​യ്‌ക്ക്‌ ഇഷ്ടമാ​കു​മോ എന്നു വിവേ​ചി​ക്കാൻ സഹായി​ക്കും. യഹോ​വ​യ്‌ക്കു നമ്മളെ​ക്കു​റി​ച്ചുള്ള ഇഷ്ടം മനസ്സി​ലാ​യാൽ, അതിനു ചേർച്ച​യിൽ നമ്മൾ പ്രവർത്തി​ക്കണം.

4. ബൈബി​ളി​ലെ മാതൃ​കകൾ പരി​ശോ​ധി​ക്കു​ന്നതു നമ്മളെ എങ്ങനെ സഹായി​ക്കും?

4 യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ തുടങ്ങു​മ്പോൾ ചിലയാ​ളു​കൾ നമ്മളെ കളിയാ​ക്കി​യേ​ക്കാം. മീറ്റി​ങ്ങി​നു പോകാൻ തുടങ്ങു​മ്പോൾ അവർ നമ്മളെ കൂടുതൽ എതിർത്തേ​ക്കാം. എങ്കിലും യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെ​ങ്കിൽ യഹോവ നമ്മളെ ഒരിക്ക​ലും കൈവി​ടില്ല. അതുവഴി, ദൈവ​വു​മാ​യി ജീവി​ത​കാ​ലം മുഴുവൻ നീണ്ടു​നിൽക്കുന്ന സൗഹൃ​ദ​ത്തി​ന്റെ അടിത്തറ ഇടുക​യാ​ണു നമ്മൾ. ശരിക്കും നമുക്ക്‌ യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ കഴിയു​മോ? നമുക്ക്‌ യഹോ​വയെ അത്ര അടുത്ത്‌ അറിയാൻ കഴിയു​മോ? കഴിയും. മോശ, ദാവീദ്‌ രാജാവ്‌ തുടങ്ങിയ അപൂർണ​രായ മനുഷ്യ​രു​ടെ ജീവിതം അതാണു തെളി​യി​ക്കു​ന്നത്‌. അവരുടെ മാതൃക പരി​ശോ​ധി​ക്കു​മ്പോൾ, നമ്മൾ രണ്ടു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും: മോശ​യും ദാവീദ്‌ രാജാ​വും എങ്ങനെ​യാണ്‌ യഹോ​വയെ അടുത്ത്‌ അറിഞ്ഞത്‌? അവരുടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാൻ കഴിയും?

മോശ ‘അദൃശ്യ​നായ ദൈവത്തെ കണ്ടു’

5. മോശ എന്തു തിര​ഞ്ഞെ​ടു​പ്പാ​ണു നടത്തി​യത്‌?

5 പഠിക്കു​ക​യും മനസ്സി​ലാ​ക്കു​ക​യും ചെയ്‌ത കാര്യ​ങ്ങൾക്കു ചേർച്ച​യിൽ മോശ പ്രവർത്തി​ച്ചു. ‘ഫറവോ​ന്റെ മകളുടെ മകൻ എന്ന്‌ അറിയ​പ്പെ​ടാ​നുള്ള’ അവസരം മോശ​യ്‌ക്കു​ണ്ടാ​യി​രു​ന്നു. എന്നാൽ അതിനു പകരം, ഏതാണ്ട്‌ 40 വയസ്സു​ള്ള​പ്പോൾ ദൈവ​ജ​ന​ത്തി​ന്റെ പക്ഷത്താ​യി​രി​ക്കാ​നാ​ണു മോശ തീരു​മാ​നി​ച്ചത്‌. (എബ്രാ. 11:24) ഒരു ഉയർന്ന പദവി​യാ​ണു മോശ വേണ്ടെ​ന്നു​വെ​ച്ചത്‌. ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രുന്ന എബ്രാ​യ​രു​ടെ പക്ഷം ചേർന്ന​തു​കൊണ്ട്‌ മോശ ഫറവോ​ന്റെ കോപം വിളി​ച്ചു​വ​രു​ത്തി. ഒരു ദൈവ​മാ​യി കരുത​പ്പെ​ട്ടി​രുന്ന ഭരണാ​ധി​കാ​രി​യാ​യി​രു​ന്നു ഫറവോൻ. വിശ്വാ​സ​ത്തി​ന്റെ എത്ര ശക്തമായ പ്രവൃത്തി! മോശ യഹോ​വ​യിൽ ആശ്രയി​ച്ചു. നീണ്ടു​നിൽക്കുന്ന ഒരു ബന്ധത്തിന്റെ ആണിക്ക​ല്ലെന്നു പറയു​ന്നത്‌ അത്തരം ആശ്രയ​മാണ്‌.—സുഭാ. 3:5.

6. മോശ​യു​ടെ മാതൃ​ക​യിൽനിന്ന്‌ എന്തു പഠിക്കാം?

6 നമുക്കുള്ള പാഠം എന്താണ്‌? മോശ​യെ​പ്പോ​ലെ നമ്മൾ എല്ലാവ​രും ഒരു തീരു​മാ​നം എടു​ക്കേ​ണ്ടി​വ​രും. ദൈവത്തെ സേവി​ക്കാ​നും ദൈവ​ജ​ന​ത്തി​ന്റെ കൂടെ​യാ​യി​രി​ക്കാ​നും നമ്മൾ തീരു​മാ​നി​ക്കു​മോ? ദൈവത്തെ സേവി​ക്കാൻ നമ്മൾ ത്യാഗങ്ങൾ ചെയ്യേ​ണ്ടി​വ​രും. യഹോ​വയെ അറിയാത്ത ആളുക​ളു​ടെ എതിർപ്പു നേരി​ടു​ക​യും ചെയ്‌തേ​ക്കാം. എന്നാൽ നമ്മുടെ സ്വർഗീ​യ​പി​താ​വിൽ ആശ്രയി​ക്കു​ന്നെ​ങ്കിൽ യഹോവ നമ്മളെ സഹായി​ക്കും എന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം!

7-8. മോശ തുടർന്നും എന്തു പഠിച്ചു?

7 മോശ തുടർന്നും യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പഠിച്ചു, യഹോ​വ​യു​ടെ ഇഷ്ടം ചെയ്‌തു. എങ്ങനെ​യാ​ണു മോശ യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പഠിച്ചത്‌? ചില ഉദാഹ​ര​ണങ്ങൾ നോക്കാം. ഈജി​പ്‌തി​ലെ അടിമ​ത്ത​ത്തിൽനിന്ന്‌ ഇസ്രാ​യേൽ ജനതയെ മോചി​പ്പി​ക്കാൻ ദൈവം മോശ​യോട്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ അതു തന്നെ​ക്കൊണ്ട്‌ കഴിയു​മെന്നു മോശ​യ്‌ക്കു തോന്നി​യില്ല. അതിനുള്ള യോഗ്യത തനിക്കി​ല്ലെന്നു മോശ ദൈവ​ത്തോ​ടു പലവട്ടം പറഞ്ഞു. പക്ഷേ ആവശ്യ​മായ സഹായം കൊടു​ത്തു​കൊണ്ട്‌ ദൈവം മോശ​യോട്‌ അനുക​മ്പ​യോ​ടെ ഇടപെട്ടു. (പുറ. 4:10-16) അങ്ങനെ, ഫറവോ​ന്റെ മുന്നിൽ പോയി ശക്തമായ ന്യായ​വി​ധി സന്ദേശം അറിയി​ക്കാൻ മോശ​യ്‌ക്കു കഴിഞ്ഞു. പിന്നീട്‌, ഇസ്രാ​യേ​ല്യ​രെ രക്ഷിക്കു​ക​യും ഫറവോ​നെ​യും അയാളു​ടെ സൈന്യ​ത്തെ​യും ചെങ്കട​ലിൽ നശിപ്പി​ക്കു​ക​യും ചെയ്‌ത​പ്പോൾ യഹോവ ശക്തി ഉപയോ​ഗി​ക്കു​ന്നതു മോശ കണ്ടു.—പുറ. 14:26-31; സങ്കീ. 136:15.

8 ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തിൽനിന്ന്‌ നയിച്ചു​കൊ​ണ്ടു​വന്ന സമയത്ത്‌ അവർ പല കാര്യ​ങ്ങൾക്കും കൂടെ​ക്കൂ​ടെ പരാതി​പ്പെട്ടു. എന്നിട്ടും അടിമ​ത്ത​ത്തിൽനിന്ന്‌ താൻ മോചി​പ്പിച്ച ജനത​യോട്‌ യഹോവ വളരെ ക്ഷമയോ​ടെ ഇടപെ​ടു​ന്നതു മോശ കണ്ടു. (സങ്കീ. 78:40-43) മറ്റൊ​രി​ക്കൽ, യഹോവ എടുത്ത ഒരു തീരു​മാ​നം മാറ്റേ​ണമേ എന്നു മോശ അപേക്ഷി​ച്ച​പ്പോൾ യഹോവ അങ്ങനെ ചെയ്‌തു. അങ്ങനെ മോശ യഹോ​വ​യു​ടെ താഴ്‌മ​യും കണ്ടു.—പുറ. 32:9-14.

9. എബ്രായർ 11:27 അനുസ​രിച്ച്‌, മോശ​യ്‌ക്ക്‌ യഹോ​വ​യു​മാ​യി എത്ര അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നു?

9 ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പോന്ന​തി​നു ശേഷമുള്ള കാലത്ത്‌ യഹോ​വ​യു​മാ​യുള്ള മോശ​യു​ടെ ബന്ധം കൂടുതൽ ശക്തമായി. സ്വർഗീ​യ​പി​താ​വി​നെ കണ്ടാ​ലെ​ന്ന​പോ​ലെ അത്ര ശക്തമായ ബന്ധം! (എബ്രായർ 11:27 വായി​ക്കുക.) അവർക്കി​ട​യി​ലെ അടുപ്പം വർണി​ച്ചു​കൊണ്ട്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “മനുഷ്യർ തമ്മിൽത്ത​മ്മിൽ സംസാ​രി​ക്കു​ന്ന​തു​പോ​ലെ യഹോവ മോശ​യോ​ടു മുഖാ​മു​ഖം സംസാ​രി​ച്ചു.”—പുറ. 33:11.

10. യഹോ​വയെ അടുത്ത്‌ അറിയു​ന്ന​തിന്‌, നമ്മൾ എന്തു ചെയ്യണം?

10 നമുക്കുള്ള പാഠം എന്താണ്‌? യഹോ​വയെ അടുത്ത്‌ അറിയു​ന്ന​തിന്‌, നമ്മൾ യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പഠിച്ചാൽ മാത്രം പോരാ. മോശയെ അനുക​രി​ച്ചു​കൊണ്ട്‌ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ക​യും വേണം. “എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണ​മെ​ന്നും അവർ സത്യത്തി​ന്റെ ശരിയായ അറിവ്‌ നേടണ​മെ​ന്നും” ആണ്‌ ഇക്കാലത്ത്‌ യഹോ​വ​യു​ടെ ഇഷ്ടം. (1 തിമൊ. 2:3, 4) ദൈവ​ത്തി​ന്റെ ആ ഇഷ്ടം ചെയ്യാ​നുള്ള ഒരു വിധം യഹോ​വ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​താണ്‌.

11. മറ്റുള്ള​വരെ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​മ്പോൾ, നമ്മൾ യഹോ​വയെ എങ്ങനെ​യാണ്‌ അടുത്ത്‌ അറിയു​ന്നത്‌?

11 മിക്ക​പ്പോ​ഴും മറ്റുള്ള​വരെ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​മ്പോ​ഴാ​ണു നമ്മൾ യഹോ​വയെ കൂടുതൽ അടുത്ത്‌ അറിയു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ശരിയായ ഹൃദയ​നി​ല​യുള്ള ആളുക​ളു​ടെ അടു​ത്തേക്ക്‌ യഹോവ നമ്മളെ നയിക്കു​മ്പോൾ യഹോ​വ​യു​ടെ അനുകമ്പ നമ്മൾ കാണുന്നു. (യോഹ. 6:44; പ്രവൃ. 13:48) നമ്മൾ ബൈബിൾ പഠിപ്പി​ക്കുന്ന വ്യക്തികൾ മോശ​മായ ശീലങ്ങൾ ഉപേക്ഷി​ക്കു​ക​യും പുതിയ വ്യക്തി​ത്വം ധരിക്കാൻ തുടങ്ങു​ക​യും ചെയ്യു​ന്ന​തി​ന്റെ പിന്നിൽ ദൈവ​വ​ച​ന​ത്തി​ന്റെ ശക്തിയാ​ണു കാണു​ന്നത്‌. (കൊലോ. 3:9, 10) അതു​പോ​ലെ, തന്നെക്കു​റിച്ച്‌ പഠിക്കാ​നും രക്ഷ നേടാ​നും നമ്മുടെ പ്രദേ​ശത്തെ ആളുകൾക്കു പലപല അവസരങ്ങൾ കൊടു​ക്കു​ന്നതു ദൈവ​ത്തി​ന്റെ ക്ഷമയുടെ തെളി​വല്ലേ?—റോമ. 10:13-15.

12. പുറപ്പാട്‌ 33:13-ൽ കാണു​ന്ന​തു​പോ​ലെ, മോശ എന്തിനു​വേ​ണ്ടി​യാണ്‌ അപേക്ഷി​ച്ചത്‌, എന്തു​കൊണ്ട്‌?

12 ‘യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധമുണ്ട്‌, ഇനി ഒന്നും ചെയ്യേണ്ടാ’ എന്നു മോശ ചിന്തി​ച്ചില്ല. പകരം, യഹോ​വയെ കൂടുതൽ അറിയാൻ തന്നെ അനുവ​ദി​ക്കേ​ണമേ എന്നു മോശ ആദര​വോ​ടെ യഹോ​വ​യോട്‌ അപേക്ഷി​ച്ചു. ദൈവ​ത്തി​ന്റെ പേരിൽ അത്ഭുത​ങ്ങ​ളൊ​ക്കെ ചെയ്‌ത​തി​നു ശേഷമാ​യി​രു​ന്നു ഇതെന്ന്‌ ഓർക്കണം. (പുറപ്പാട്‌ 33:13 വായി​ക്കുക.) ആ അപേക്ഷ നടത്തി​യ​പ്പോൾ മോശ​യു​ടെ പ്രായം 80 കഴിഞ്ഞി​രു​ന്നു. പക്ഷേ തന്റെ സ്വർഗീ​യ​പി​താ​വി​നെ​ക്കു​റിച്ച്‌ ഇനിയും ഏറെ പഠിക്കാ​നു​ണ്ടെന്നു മോശ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു.

13. ദൈവ​വു​മാ​യുള്ള സൗഹൃ​ദ​ത്തി​നു നമ്മൾ വില കല്‌പി​ക്കു​ന്നെന്നു കാണി​ക്കാ​നുള്ള ഒരു വിധം ഏതാണ്‌?

13 നമുക്കുള്ള പാഠം എന്താണ്‌? ദീർഘ​കാ​ല​മാ​യി യഹോ​വയെ സേവി​ക്കുന്ന ഒരാളാ​ണു നിങ്ങ​ളെന്നു കരുതുക. ‘യഹോ​വ​യു​മാ​യി എനിക്ക്‌ ഇപ്പോൾ ഒരു നല്ല ബന്ധമുണ്ട്‌, ഇനി ഒന്നും ചെയ്യേണ്ടാ’ എന്നു ചിന്തി​ക്ക​രുത്‌. ദൈവ​വു​മാ​യുള്ള സൗഹൃ​ദ​ത്തി​നു നമ്മൾ വില കല്‌പി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കാ​നുള്ള ഒരു വിധം, പ്രാർഥ​ന​യിൽ ദൈവ​ത്തോ​ടു സംസാ​രി​ക്കു​ന്ന​താണ്‌.

14. ദൈവ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ പ്രാർഥന എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

14 ഒരാളു​ടെ ഉറ്റ സുഹൃ​ത്താ​യി​രി​ക്ക​ണ​മെ​ങ്കിൽ, നമ്മൾ ആ വ്യക്തി​യോ​ടു പതിവാ​യി സംസാ​രി​ക്കണം. അതു​കൊണ്ട്‌ കൂടെ​ക്കൂ​ടെ പ്രാർഥി​ച്ചു​കൊണ്ട്‌ ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലുക. ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ ദൈവ​ത്തോ​ടു പറയാൻ ഒരു മടിയും തോ​ന്നേ​ണ്ട​തില്ല. (എഫെ. 6:18) തുർക്കി​യി​ലെ ക്രിസ്റ്റ സഹോ​ദരി പറയുന്നു: “എന്റെ ചിന്തകൾ ദൈവ​ത്തോ​ടു പറയു​ക​യും ദൈവം എന്നെ സഹായി​ക്കു​ന്നതു കാണു​ക​യും ചെയ്യു​മ്പോൾ യഹോ​വ​യോ​ടുള്ള എന്റെ സ്‌നേ​ഹ​വും യഹോ​വ​യി​ലുള്ള ആശ്രയ​വും കൂടി​ക്കൂ​ടി വരുന്നു. യഹോവ എന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരുന്നതു കാണു​ന്നത്‌, യഹോ​വയെ എന്റെ പിതാ​വും സുഹൃ​ത്തും ആയി കാണാൻ എന്നെ സഹായി​ക്കു​ന്നു.”

യഹോ​വ​യു​ടെ മനസ്സിന്‌ ഇണങ്ങിയ ഒരാൾ

15. യഹോവ ദാവീദ്‌ രാജാ​വി​നെ എങ്ങനെ​യാ​ണു വിശേ​ഷി​പ്പി​ച്ചത്‌?

15 ദൈവ​മായ യഹോ​വ​യ്‌ക്കു സമർപ്പിച്ച ഒരു ജനതയി​ലാ​ണു ദാവീദ്‌ രാജാവ്‌ പിറന്ന​തു​തന്നെ. പക്ഷേ തന്റെ കുടും​ബം യഹോ​വയെ ആരാധി​ച്ചി​രു​ന്നു എന്ന കാരണ​ത്താ​ലല്ല ദാവീദ്‌ ദൈവത്തെ ആരാധി​ച്ചത്‌. ദാവീദ്‌ ദൈവ​വു​മാ​യി വ്യക്തി​പ​ര​മായ ഒരു ബന്ധം വളർത്തി​യെ​ടു​ത്തു. യഹോ​വ​യ്‌ക്കു ദാവീ​ദി​നോ​ടും ഒരു പ്രത്യേ​ക​പ്രി​യ​മു​ണ്ടാ​യി​രു​ന്നു. ‘എന്റെ മനസ്സിന്‌ ഇണങ്ങിയ ഒരാൾ’ എന്നാണ്‌ യഹോവ ദാവീ​ദി​നെ വിശേ​ഷി​പ്പി​ച്ചത്‌. (പ്രവൃ. 13:22) ദാവീദ്‌ എങ്ങനെ​യാണ്‌ യഹോ​വ​യോട്‌ അത്ര​ത്തോ​ളം അടുത്തത്‌?

16. സൃഷ്ടി​ക​ളിൽനിന്ന്‌ ദാവീദ്‌ യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണു പഠിച്ചത്‌?

16 ദാവീദ്‌ സൃഷ്ടി​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ചു. ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ, അപ്പന്റെ ആടുകളെ മേയ്‌ച്ചു​കൊണ്ട്‌ ദാവീദ്‌ ധാരാളം സമയം വീടിനു പുറത്താ​യി​രു​ന്നു. ആ സമയത്താ​യി​രി​ക്കാം, യഹോവ സൃഷ്ടിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ദാവീദ്‌ ധ്യാനി​ക്കാൻ തുടങ്ങി​യത്‌. ഉദാഹ​ര​ണ​ത്തിന്‌, രാത്രി​യിൽ ആകാശ​ത്തേക്കു നോക്കി​യ​പ്പോൾ നക്ഷത്ര​ങ്ങ​ളു​ടെ കൂട്ടം മാത്ര​മാ​യി​രി​ക്കില്ല ദാവീദ്‌ കണ്ടത്‌. അവ സൃഷ്ടിച്ച ദൈവ​ത്തി​ന്റെ ഗുണങ്ങ​ളും ദാവീദ്‌ മനസ്സി​ലാ​ക്കി​യി​രി​ക്കണം. “ആകാശം ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കു​ന്നു; ആകാശ​മ​ണ്ഡലം ദൈവ​ത്തി​ന്റെ കരവി​രു​തു പ്രസി​ദ്ധ​മാ​ക്കു​ന്നു” എന്ന്‌ എഴുതാൻ ദാവീദ്‌ പ്രചോ​ദി​ത​നാ​യി. (സങ്കീ. 19:1, 2) യഹോവ മനുഷ്യ​രെ സൃഷ്ടിച്ച വിധ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾ, ദൈവ​ത്തി​ന്റെ വിസ്‌മ​യാ​വ​ഹ​മായ ജ്ഞാനം ദാവീദ്‌ കണ്ടു. (സങ്കീ. 139:14) സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ ധ്യാനി​ച്ച​പ്പോൾ, യഹോ​വ​യു​ടെ മുമ്പിൽ താൻ എത്ര ചെറു​താ​ണെന്നു ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു.—സങ്കീ. 139:6.

17. സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചാൽ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

17 നമുക്കുള്ള പാഠം എന്താണ്‌? സൃഷ്ടികൾ കണ്ട്‌ ആസ്വദി​ക്കുക. യഹോവ സൃഷ്ടിച്ച ഈ മനോ​ഹ​ര​മായ ഭൂമി​യിൽ ജീവിതം വെറുതേ ജീവി​ച്ചു​തീർക്ക​രുത്‌. പകരം അതിലെ അത്ഭുത​ങ്ങ​ളി​ലേക്കു നിങ്ങളു​ടെ കണ്ണുകൾ തുറക്കുക! ഓരോ ദിവസ​വും നിങ്ങൾ കാണുന്ന ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളായ ചെടി​ക​ളും മൃഗങ്ങ​ളും മനുഷ്യ​രും എല്ലാം യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണു പഠിപ്പി​ക്കു​ന്ന​തെന്നു ചിന്തി​ക്കുക. അങ്ങനെ ചെയ്‌താൽ ഓരോ ദിവസം കഴിയു​മ്പോ​ഴും യഹോ​വ​യെ​ക്കു​റിച്ച്‌ നിങ്ങൾ കൂടുതൽ പഠിക്കും. (റോമ. 1:20) യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം കൂടി​ക്കൂ​ടി​വ​രു​ന്ന​താ​യും നിങ്ങൾ തിരി​ച്ച​റി​യും.

18. സങ്കീർത്തനം 18-ൽ കാണു​ന്ന​തു​പോ​ലെ, ഏതു കാര്യം ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു?

18 യഹോവ സഹായി​ക്കു​ന്നതു ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, ഒരിക്കൽ ഒരു സിംഹ​ത്തിൽനി​ന്നും കരടി​യിൽനി​ന്നും ദാവീദ്‌ അപ്പന്റെ ആടുകളെ രക്ഷിച്ചു. യഹോവ തന്നെ സഹായി​ച്ച​തു​കൊ​ണ്ടാണ്‌ ശക്തിയുള്ള ആ മൃഗങ്ങളെ നേരി​ടാൻ തനിക്കു കഴിഞ്ഞ​തെന്നു ദാവീദ്‌ മനസ്സി​ലാ​ക്കി. പിന്നീടു ഭീമാ​കാ​ര​നായ ഗൊല്യാ​ത്തി​നെ തറപറ്റി​ച്ച​പ്പോൾ, യഹോവ തന്റെകൂ​ടെ​യു​ണ്ടെന്നു ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു. (1 ശമു. 17:37) അസൂയ​ക്കാ​ര​നായ ശൗൽ രാജാ​വിൽനിന്ന്‌ രക്ഷപ്പെ​ട്ട​പ്പോൾ, തന്നെ രക്ഷിച്ചത്‌ യഹോ​വ​യാ​ണെന്നു മനസ്സി​ലാ​ക്കി ദാവീദ്‌ യഹോ​വ​യ്‌ക്ക്‌ ആ ബഹുമതി കൊടു​ത്തു. (സങ്കീ. 18, മേലെ​ഴുത്ത്‌) അഹങ്കാ​രി​യായ ഒരു മനുഷ്യ​നാ​യി​രു​ന്നെ​ങ്കിൽ ഇതെല്ലാം സാധി​ച്ചതു തന്റെ കഴിവു​കൊ​ണ്ടാ​ണെന്നു പറഞ്ഞേനേ. പക്ഷേ ദാവീ​ദി​നു താഴ്‌മ​യു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ തന്റെ ജീവി​ത​ത്തിൽ യഹോ​വ​യു​ടെ കൈ കാണാൻ ദാവീ​ദി​നു കഴിഞ്ഞു.—സങ്കീ. 138:6.

19. ദാവീദിന്റെ അനുഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

19 നമുക്കുള്ള പാഠം എന്താണ്‌? നമ്മൾ യഹോ​വ​യോ​ടു സഹായം ചോദി​ച്ചാൽ മാത്രം പോരാ. യഹോവ സഹായം തരുന്ന ഓരോ അവസര​വും നമുക്കു കാണാൻ കഴിയണം, സഹായി​ക്കുന്ന വിധവും നമ്മൾ തിരി​ച്ച​റി​യണം. നമ്മുടെ പരിമി​തി​ക​ളെ​ക്കു​റിച്ച്‌ നമുക്കു ബോധ്യ​മു​ണ്ടെ​ങ്കിൽ ആ കുറവു​കൾ നികത്താൻ യഹോവ നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്ന​തെന്നു നമുക്കു വ്യക്തമാ​യി കാണാ​നാ​കും. ഓരോ പ്രാവ​ശ്യ​വും യഹോവ നമ്മളെ സഹായി​ക്കു​ന്നതു നമ്മൾ കാണു​ന്നെ​ങ്കിൽ യഹോ​വ​യു​മാ​യുള്ള ബന്ധം കൂടുതൽ ശക്തമാ​കും. വർഷങ്ങ​ളാ​യി യഹോ​വയെ സേവി​ക്കുന്ന ഫിജി​യി​ലെ ഐസക്‌ എന്ന സഹോ​ദ​രന്റെ അനുഭവം ഇതു ശരി​വെ​ക്കു​ന്നു. സഹോ​ദരൻ പറയുന്നു: “പിന്നിട്ട നാളു​ക​ളി​ലേക്കു നോക്കു​മ്പോൾ, ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി​യതു മുതൽ ഈ ദിവസം വരെ യഹോവ എങ്ങനെ​യാണ്‌ എന്നെ സഹായി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ എനിക്കു കാണാൻ കഴിയു​ന്നുണ്ട്‌. യഹോവ ഇപ്പോൾ എനിക്ക്‌ ഒരു യഥാർഥ വ്യക്തി​യാണ്‌.”

20. ദാവീ​ദിന്‌ യഹോ​വ​യു​മാ​യു​ണ്ടാ​യി​രുന്ന ബന്ധത്തിൽനിന്ന്‌ എന്തു പഠിക്കാം?

20 ദാവീദ്‌ യഹോ​വ​യു​ടെ ഗുണങ്ങൾ പകർത്തി. യഹോവ നമ്മളെ സൃഷ്ടി​ച്ചതു തന്റെ ഗുണങ്ങൾ അനുക​രി​ക്കാ​നുള്ള പ്രാപ്‌തി​യോ​ടെ​യാണ്‌. (ഉൽപ. 1:26) യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ എത്ര കൂടുതൽ മനസ്സി​ലാ​ക്കു​ന്നോ അത്ര മെച്ചമാ​യി നമുക്ക്‌ യഹോ​വയെ അനുക​രി​ക്കാ​നാ​കും. ദാവീദ്‌ തന്റെ സ്വർഗീ​യ​പി​താ​വി​നെ അടുത്ത്‌ അറിഞ്ഞു. അതു​കൊണ്ട്‌ മറ്റുള്ള​വ​രോട്‌ ഇടപെ​ട്ട​പ്പോൾ, ദൈവത്തെ അനുക​രി​ക്കാൻ ദാവീ​ദി​നു കഴിഞ്ഞു. ഒരു ഉദാഹ​രണം നോക്കാം. ബത്ത്‌-ശേബയു​മാ​യി വ്യഭി​ചാ​രം ചെയ്യു​ക​യും ബത്ത്‌-ശേബയു​ടെ ഭർത്താ​വി​നെ കൊല്ലി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ദാവീദ്‌ യഹോ​വ​യോ​ടു പാപം ചെയ്‌തി​ട്ടും യഹോവ ദാവീ​ദി​നോ​ടു കരുണ കാണിച്ചു. (2 ശമു. 11:1-4, 15) എന്തു​കൊണ്ട്‌? കാരണം, ദാവീദ്‌ യഹോ​വയെ അനുക​രി​ക്കു​ക​യും മറ്റുള്ള​വ​രോ​ടു കരുണ കാണി​ക്കു​ക​യും ചെയ്‌തി​രു​ന്നു. യഹോ​വ​യു​മാ​യി ദാവീ​ദിന്‌ അത്ര അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌, ദാവീദ്‌ ഇസ്രാ​യേ​ലി​ലെ ഏറ്റവും പ്രിയ​ങ്ക​ര​നായ ഒരു രാജാ​വാ​യി. ഇസ്രാ​യേ​ലി​ലെ മറ്റു രാജാ​ക്ക​ന്മാ​രെ യഹോവ അളന്നതു ദാവീ​ദി​ന്റെ മാതൃ​ക​യു​മാ​യി തട്ടിച്ചു​നോ​ക്കി​യാണ്‌.—1 രാജാ. 15:11; 2 രാജാ. 14:1-3.

21. എഫെസ്യർ 4:24; 5:1 എന്നീ വാക്യ​ങ്ങൾക്കു ചേർച്ച​യിൽ, ‘ദൈവത്തെ അനുക​രി​ച്ചാൽ’ അതു​കൊണ്ട്‌ എന്തു പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌?

21 നമുക്കുള്ള പാഠം എന്താണ്‌? നമ്മൾ ‘ദൈവത്തെ അനുക​രി​ക്കണം.’ അങ്ങനെ ചെയ്യു​ന്നതു നമുക്കു​തന്നെ പ്രയോ​ജനം ചെയ്യു​മെന്നു മാത്രമല്ല, യഹോ​വയെ അടുത്ത്‌ അറിയാ​നും അതു സഹായി​ക്കും. ദൈവ​ത്തി​ന്റെ ഗുണങ്ങൾ പകർത്തു​മ്പോൾ, നമ്മൾ ദൈവ​ത്തി​ന്റെ മക്കളാ​ണെന്നു തെളി​യി​ക്കു​ക​യാണ്‌.—എഫെസ്യർ 4:24; 5:1 വായി​ക്കുക.

യഹോ​വയെ കൂടുതൽ അടുത്ത്‌ അറിയുക

22-23. യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​ന്ന​തി​നു ചേർച്ചയിൽ പ്രവർത്തിച്ചാൽ എന്തായി​രി​ക്കും പ്രയോ​ജനം?

22 നമ്മൾ കണ്ടതു​പോ​ലെ, സൃഷ്ടി​യി​ലൂ​ടെ​യും തന്റെ വചനമായ ബൈബി​ളി​ലൂ​ടെ​യും യഹോവ നമുക്കു തന്നെത്തന്നെ വെളി​പ്പെ​ടു​ത്തു​ന്നു. ബൈബി​ളിൽ മോശ​യെ​യും ദാവീ​ദി​നെ​യും പോലെ നമുക്ക്‌ അനുക​രി​ക്കാൻ കഴിയുന്ന വിശ്വ​സ്‌ത​രായ അനേകം ദൈവ​ദാ​സ​രു​ടെ ദൃഷ്ടാ​ന്ത​ങ്ങ​ളുണ്ട്‌. യഹോവ തന്റെ ഭാഗം ചെയ്‌തി​ട്ടുണ്ട്‌. ഇനി നമ്മളാണു പ്രവർത്തി​ക്കേ​ണ്ടത്‌. കണ്ണും കാതും ഹൃദയ​വും യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​ന്ന​തി​നു നമ്മൾ തുറക്കണം.

23 യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മൾ ഒരിക്ക​ലും പഠിച്ചു​തീ​രില്ല. (സഭാ. 3:11) പക്ഷേ പ്രധാ​ന​പ്പെട്ട കാര്യം നമുക്ക്‌ യഹോ​വയെ എത്ര​ത്തോ​ളം അറിയാം എന്നതല്ല, ആ അറിവു​കൊണ്ട്‌ നമ്മൾ എന്തു ചെയ്യുന്നു എന്നതാണ്‌. നമ്മൾ പഠിക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും യഹോ​വയെ അനുക​രി​ക്കു​ക​യും ചെയ്‌താൽ യഹോവ നമ്മളോ​ടു കൂടുതൽ അടുക്കും. (യാക്കോ. 4:8) തന്നെ അന്വേ​ഷി​ക്കു​ന്ന​വരെ ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലെന്നു തന്റെ വചനത്തി​ലൂ​ടെ യഹോവ ഉറപ്പു തരുന്നു.

ഗീതം 80 “യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ!”

^ ഖ. 5 മിക്കയാ​ളു​ക​ളും ദൈവ​മു​ണ്ടെന്നു വിശ്വ​സി​ക്കു​ന്നു. പക്ഷേ യഥാർഥ​ത്തിൽ അവർക്കു ദൈവത്തെ അറിഞ്ഞു​കൂ​ടാ. അങ്ങനെ​യെ​ങ്കിൽ യഹോ​വയെ അറിയുക എന്നു പറഞ്ഞാൽ എന്താണ്‌? യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തി​യെ​ടു​ക്കാൻ മോശ​യു​ടെ​യും ദാവീദ്‌ രാജാ​വി​ന്റെ​യും മാതൃക നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ഈ ലേഖന​ത്തിൽ ലഭിക്കും.