വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന് കഴിച്ചാൽ മരിക്കില്ലെന്നു സാത്താൻ ഹവ്വയോടു പറഞ്ഞപ്പോൾ, ഇന്നു സർവസാധാരണമായിരിക്കുന്ന ദേഹിയുടെ അമർത്യത എന്ന ആശയം സാത്താൻ ഹവ്വയോടു പറയുകയായിരുന്നോ?
തെളിവനുസരിച്ച്, അല്ല. ‘പഴം കഴിച്ചാൽ നീ മരിച്ചതായി കാണപ്പെട്ടേക്കാമെങ്കിലും നിന്റെ അദൃശ്യമായ ഒരു ഭാഗം (ഇന്നു ചിലർ അമർത്യമായ ദേഹി എന്നു വിളിക്കുന്നത്) മറ്റൊരിടത്ത് തുടർന്നും ജീവിക്കും’ എന്നല്ല സാത്താൻ ഹവ്വയോടു പറഞ്ഞത്. പാമ്പിലൂടെ സംസാരിച്ചപ്പോൾ ഹവ്വ ആ മരത്തിന്റെ പഴം കഴിച്ചാൽ ‘അവൾ മരിക്കില്ല, ഉറപ്പ്!’ എന്നു സാത്താൻ തറപ്പിച്ച് പറയുകയായിരുന്നു. ഹവ്വ ഈ ഭൂമിയിൽ മെച്ചപ്പെട്ട ജീവിതം, ദൈവത്തിൽനിന്ന് സ്വതന്ത്രമായ ഒരു ജീവിതം, തുടർന്നും ആസ്വദിക്കും എന്നു സാത്താൻ അതിലൂടെ സൂചിപ്പിച്ചു.—ഉൽപ. 2:17; 3:3-5.
ഇന്ന് ആളുകളുടെ ഇടയിലുള്ള, ദേഹിയുടെ അമർത്യത എന്ന ആശയം ഏദെനിൽ ഉത്ഭവിച്ചതല്ലെങ്കിൽ, പിന്നെ എപ്പോഴാണ് അങ്ങനെയൊരു ആശയം ഉണ്ടായത്? നമുക്കു തീർത്തുപറയാനാകില്ല. നോഹയുടെ കാലത്തെ പ്രളയത്തിന്റെ സമയത്ത് എല്ലാ വ്യാജമതങ്ങളും ഇല്ലാതായെന്നു നമുക്ക് അറിയാം. പ്രളയത്തിനു മുമ്പുണ്ടായിരുന്ന മതപരമായ തെറ്റായ എല്ലാ ആശയങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. കാരണം സത്യാരാധകരായ നോഹയും കുടുംബവും മാത്രമേ പ്രളയത്തെ അതിജീവിച്ചുള്ളൂ.
അതുകൊണ്ട് മനുഷ്യദേഹിയുടെ അമർത്യതയെക്കുറിച്ചുള്ള ഇപ്പോഴത്തെ പഠിപ്പിക്കൽ പ്രളയത്തിനു ശേഷം രൂപംകൊണ്ടതായിരിക്കും. ദൈവം ബാബേലിൽവെച്ച് ഭാഷ കലക്കുകയും ആളുകളെ ഭൂമി മുഴുവൻ ചിതറിക്കുകയും ചെയ്തപ്പോൾ, മനുഷ്യന് അമർത്യതയുള്ള ഒരു ദേഹിയുണ്ടെന്ന ആശയവും അവർ കൂടെക്കൊണ്ടുപോയി. (ഉൽപ. 11:8, 9) ഈ തെറ്റായ ആശയം എപ്പോൾ ഉത്ഭവിച്ചതാണെങ്കിലും, ഒരു കാര്യത്തിൽ നമുക്കു സംശയമില്ല: ‘നുണയുടെ അപ്പനായ’ പിശാചായ സാത്താനാണ് അതിനു പിന്നിൽ. ആ തെറ്റായ പഠിപ്പിക്കൽ എല്ലായിടത്തും വ്യാപിച്ചത് അവനെ വളരെയധികം സന്തോഷിപ്പിച്ചു എന്നും ഉറപ്പാണ്.—യോഹ. 8:44.