വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 48

‘നിങ്ങൾ തുടങ്ങി​വെച്ച കാര്യം ചെയ്‌തു​തീർക്കുക’

‘നിങ്ങൾ തുടങ്ങി​വെച്ച കാര്യം ചെയ്‌തു​തീർക്കുക’

‘നിങ്ങൾ തുടങ്ങി​വെച്ച കാര്യം ചെയ്‌തു​തീർക്കുക.’—2 കൊരി. 8:11.

ഗീതം 35 “കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഉറപ്പാ​ക്കുക”

പൂർവാവലോകനം *

1. യഹോവ നമ്മളെ എന്തു ചെയ്യാൻ അനുവ​ദി​ച്ചി​രി​ക്കു​ന്നു?

നമ്മൾ എങ്ങനെ ജീവി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കാൻ യഹോവ നമ്മളെ അനുവ​ദി​ച്ചി​രി​ക്കു​ന്നു. നല്ല തീരു​മാ​നങ്ങൾ എടുക്കാൻ യഹോവ നമ്മളെ പഠിപ്പി​ക്കു​ന്നു. യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​നങ്ങൾ എടുത്താൽ, അവ വിജയ​ക​ര​മാ​യി നടപ്പാ​ക്കാൻ യഹോവ നമ്മളെ സഹായി​ക്കും. (സങ്കീ. 119:173) ദൈവ​വ​ച​ന​ത്തി​ലെ തത്ത്വങ്ങൾ നമ്മൾ എത്രയ​ധി​കം ബാധക​മാ​ക്കു​ന്നോ, അത്രയ​ധി​കം നമ്മൾ എടുക്കുന്ന തീരു​മാ​ന​ങ്ങ​ളും നല്ലതാ​യി​രി​ക്കും.—എബ്രാ. 5:14.

2. ഒരു തീരു​മാ​നം എടുത്ത​ശേഷം ഏതു പ്രശ്‌നം നമ്മൾ നേരി​ട്ടേ​ക്കാം?

2 നമ്മൾ എടുത്ത തീരു​മാ​നം എത്ര നല്ലതാ​ണെ​ങ്കിൽക്കൂ​ടി, തുടങ്ങി​വെച്ച കാര്യം പൂർത്തി​യാ​ക്കാൻ ചില​പ്പോ​ഴൊ​ക്കെ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. ചില ഉദാഹ​ര​ണങ്ങൾ നോക്കുക: ഒരു യുവസ​ഹോ​ദരൻ ബൈബിൾ മുഴുവൻ വായി​ച്ചു​തീർക്കാൻ തീരു​മാ​നി​ക്കു​ന്നു. ആദ്യത്തെ കുറച്ച്‌ ആഴ്‌ചകൾ നന്നായി പോയി. പക്ഷേ പിന്നീട്‌ അതു നിൽക്കു​ന്നു. ഒരു സഹോ​ദരി സാധാരണ മുൻനി​ര​സേ​വി​ക​യാ​കാൻ തീരു​മാ​നി​ക്കു​ന്നു. പക്ഷേ ‘പിന്നെ തുടങ്ങാം, പിന്നെ തുടങ്ങാം’ എന്നു ചിന്തിച്ച്‌ അതു നീട്ടി​വെ​ക്കു​ന്നു. മൂപ്പന്മാ​രു​ടെ സംഘം സഭയിൽ കൂടുതൽ ഇടയസ​ന്ദർശ​നങ്ങൾ നടത്തണ​മെന്ന്‌ ഏകകണ്‌ഠ​മാ​യി തീരു​മാ​നി​ക്കു​ന്നു. പക്ഷേ മാസങ്ങൾ കഴിഞ്ഞി​ട്ടും അതു ചെയ്‌തു​തു​ട​ങ്ങി​യി​ട്ടില്ല. ഇവരു​ടെ​യൊ​ക്കെ സാഹച​ര്യ​ങ്ങൾ വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും എല്ലാവ​രി​ലും ഒരു കാര്യം പൊതു​വാ​യി കാണാം. അവർ തീരു​മാ​നം എടുത്തു, പക്ഷേ അതു നടപ്പാ​ക്കി​യില്ല. ഒന്നാം നൂറ്റാ​ണ്ടിൽ കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കൾക്കും സമാന​മായ ഒരു പ്രശ്‌ന​മു​ണ്ടാ​യി. അവരിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​മെന്നു നോക്കാം.

3. കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കൾ എന്തു തീരു​മാ​ന​മാണ്‌ എടുത്തത്‌, പക്ഷേ എന്തു സംഭവി​ച്ചു?

3 എ.ഡി. 55-ൽ കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കൾ പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​നം എടുത്തു. യരുശ​ലേ​മി​ലെ​യും യഹൂദ്യ​യി​ലെ​യും സഹോ​ദ​ര​ങ്ങ​ളു​ടെ കഷ്ടപ്പാ​ടു​ക​ളെ​ക്കു​റി​ച്ചും അവരെ സഹായി​ക്കാൻ മറ്റു സഭകൾ പണം ശേഖരി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ ക്രിസ്‌ത്യാ​നി​കൾ അറിഞ്ഞു. ദയ തോന്നിയ ഉദാര​മ​തി​ക​ളായ ആ ക്രിസ്‌ത്യാ​നി​കൾ സഹായി​ക്കാൻ തീരു​മാ​നി​ച്ചു. എങ്ങനെ അതു ചെയ്യാ​മെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നോട്‌ അഭി​പ്രാ​യം ചോദി​ച്ചു. സഭയ്‌ക്കു പൗലോസ്‌ നിർദേ​ശങ്ങൾ കൊടു​ക്കു​ക​യും ധനശേ​ഖ​ര​ണ​ത്തി​നു സഹായി​ക്കാൻ തീത്തോ​സി​നെ നിയമി​ക്കു​ക​യും ചെയ്‌തു. (1 കൊരി. 16:1; 2 കൊരി. 8:6) മാസങ്ങൾ കടന്നു​പോ​യി. കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കൾ എടുത്ത തീരു​മാ​നം അവർ പൂർണ​മാ​യി നടപ്പാ​ക്കി​യി​ല്ലെന്നു പൗലോസ്‌ അറിഞ്ഞു. മറ്റു സഭകളിൽനി​ന്നുള്ള സംഭാ​വ​നകൾ യരുശ​ലേ​മി​ലേക്കു കൊടു​ത്ത​യ​യ്‌ക്കാൻ നിശ്ചയിച്ച സമയത്ത്‌ കൊരി​ന്തു​കാ​രു​ടെ സംഭാവന കൊടു​ക്കാൻ കഴിയു​മോ എന്നു സംശയ​മാ​യി.—2 കൊരി. 9:4, 5.

4. 2 കൊരി​ന്ത്യർ 8:7, 10, 11 പറയു​ന്ന​തു​പോ​ലെ, എന്തു ചെയ്യാൻ പൗലോസ്‌ കൊരി​ന്തി​ലെ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു?

4 കൊരി​ന്തി​ലെ സഹോ​ദ​രങ്ങൾ നല്ല ഒരു തീരു​മാ​ന​മാണ്‌ എടുത്തത്‌. അവരുടെ ശക്തമായ വിശ്വാ​സ​ത്തെ​യും അവരുടെ ഉദാര​മ​ന​സ്സി​നെ​യും പൗലോസ്‌ അഭിന​ന്ദി​ക്കു​ന്നു. എന്നാൽ ചെയ്‌തു​തു​ട​ങ്ങിയ കാര്യം പൂർത്തി​യാ​ക്കാൻ പൗലോ​സിന്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ടി​വന്നു. (2 കൊരി​ന്ത്യർ 8:7, 10, 11 വായി​ക്കുക.) നല്ല തീരു​മാ​നങ്ങൾ എടുത്തിട്ട്‌ അതു നടപ്പാ​ക്കാൻ വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​കൾക്കു​പോ​ലും ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം എന്ന്‌ അവരുടെ അനുഭവം നമ്മളെ പഠിപ്പി​ക്കു​ന്നു.

5. നമ്മൾ ഏതു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തും?

5 കൊരി​ന്തി​ലെ സഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ, നമ്മുടെ തീരു​മാ​നങ്ങൾ നടപ്പാ​ക്കാൻ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. എന്തു​കൊണ്ട്‌? അപൂർണ​രാ​യ​തു​കൊണ്ട്‌ നമ്മൾ ചില​പ്പോൾ കാര്യങ്ങൾ നീട്ടി​വെ​ച്ചേ​ക്കാം. അല്ലെങ്കിൽ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത സംഭവങ്ങൾ കാരണം, നമ്മൾ തീരു​മാ​നിച്ച കാര്യം നടപ്പാ​ക്കാൻ കഴിയാ​തെ വന്നേക്കാം. (സഭാ. 9:11; റോമ. 7:18) നമുക്ക്‌ എങ്ങനെ നല്ല തീരു​മാ​നങ്ങൾ എടുക്കാം? ആവശ്യ​മാ​യി വരു​മ്പോൾ, ഒരു തീരു​മാ​നം പുനഃ​പ​രി​ശോ​ധി​ക്കാ​നും അതിൽ മാറ്റം വരുത്ത​ണോ എന്നു ചിന്തി​ക്കാ​നും നമുക്ക്‌ എങ്ങനെ കഴിയും? ചെയ്‌തു​തു​ട​ങ്ങുന്ന കാര്യങ്ങൾ പൂർത്തി​യാ​ക്കുന്ന കാര്യ​ത്തിൽ നമുക്ക്‌ എങ്ങനെ മെച്ച​പ്പെ​ടാം?

എങ്ങനെ നല്ല തീരു​മാ​നങ്ങൾ എടുക്കാം?

6. ഒരു തീരു​മാ​ന​ത്തിൽ മാറ്റം വരു​ത്തേ​ണ്ടി​വ​ന്നേ​ക്കാ​വു​ന്നത്‌ എപ്പോൾ?

6 നമ്മൾ എടുക്കുന്ന പ്രധാ​ന​പ്പെട്ട ചില തീരു​മാ​നങ്ങൾ നമ്മൾ ഒരിക്ക​ലും മാറ്റില്ല. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വയെ സേവി​ക്കാൻ നമ്മൾ എടുത്ത തീരു​മാ​ന​ത്തോ​ടു നമ്മൾ പറ്റിനിൽക്കും. അതു​പോ​ലെ വിവാ​ഹ​യി​ണ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും നമ്മൾ പ്രതി​ജ്ഞാ​ബ​ദ്ധ​രാണ്‌. (മത്താ. 16:24; 19:6) എന്നാൽ മറ്റു തീരു​മാ​ന​ങ്ങ​ളിൽ മാറ്റം വരു​ത്തേ​ണ്ടി​വ​ന്നേ​ക്കാം. എന്തു​കൊണ്ട്‌? കാരണം സാഹച​ര്യ​ങ്ങൾ മാറും. ഏറ്റവും നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമ്മളെ സഹായി​ക്കുന്ന ചില കാര്യങ്ങൾ എന്തെല്ലാ​മാണ്‌?

7. നമ്മൾ എന്തിനു​വേണ്ടി പ്രാർഥി​ക്കണം, എന്തു​കൊണ്ട്‌?

7 ജ്ഞാനത്തി​നു​വേണ്ടി പ്രാർഥി​ക്കുക. ഇങ്ങനെ എഴുതാൻ യഹോവ യാക്കോ​ബി​നെ പ്രചോ​ദി​പ്പി​ച്ചു: “നിങ്ങളിൽ ആർക്കെ​ങ്കി​ലും ജ്ഞാനം കുറവാ​ണെ​ങ്കിൽ അയാൾ ദൈവ​ത്തോ​ടു ചോദി​ച്ചു​കൊ​ണ്ടി​രി​ക്കട്ടെ; അപ്പോൾ അയാൾക്ക്‌ അതു കിട്ടും.” (യാക്കോ. 1:5) ചില കാര്യ​ങ്ങ​ളിൽ നമുക്ക്‌ എല്ലാവർക്കും ‘ജ്ഞാനം കുറവാണ്‌’ എന്നതാണു സത്യം. അതു​കൊണ്ട്‌ ഒരു തീരു​മാ​നം എടുക്കു​മ്പോ​ഴും അതു പുനഃ​പ​രി​ശോ​ധി​ക്കു​മ്പോ​ഴും യഹോ​വ​യിൽ ആശ്രയി​ക്കുക. ജ്ഞാന​ത്തോ​ടെ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ യഹോവ സഹായി​ക്കും.

8. ഒരു തീരു​മാ​നം എടുക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ എങ്ങനെ ഗവേഷണം നടത്തണം?

8 നന്നായി ഗവേഷണം ചെയ്യുക. ദൈവ​വ​ചനം പരി​ശോ​ധി​ക്കുക, യഹോ​വ​യു​ടെ സംഘടന തന്നിരി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ പഠിക്കുക, നിങ്ങൾക്കു നല്ല ഉപദേ​ശങ്ങൾ തരുന്ന​വ​രു​മാ​യി ആലോ​ചി​ക്കുക. (സുഭാ. 20:18) മറ്റൊരു ജോലി തിര​ഞ്ഞെ​ടു​ക്കാ​നോ താമസം മാറാ​നോ തീരു​മാ​നി​ക്കു​മ്പോൾ നമ്മൾ ഇങ്ങനെ ഗവേഷണം ചെയ്യണം. അതു​പോ​ലെ യഹോ​വയെ കൂടു​ത​ലാ​യി സേവി​ക്കുക എന്ന ലക്ഷ്യം നേടാൻ ഏതു വിദ്യാ​ഭ്യാ​സം തിര​ഞ്ഞെ​ടു​ക്കണം എന്നു ചിന്തി​ക്കു​മ്പോ​ഴും നമ്മൾ അങ്ങനെ ചെയ്യണം.

9. ഒരു തീരു​മാ​ന​മെ​ടു​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കുന്ന കാരണ​ത്തെ​ക്കു​റിച്ച്‌ സത്യസ​ന്ധ​മാ​യി വിലയി​രു​ത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌?

9 നിങ്ങളു​ടെ തീരു​മാ​ന​ത്തി​നു പിന്നിലെ കാരണ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഒരു കാര്യം ചെയ്യാൻ നമ്മൾ തീരു​മാ​നി​ക്കു​ന്ന​തി​ന്റെ കാരണം യഹോവ ശ്രദ്ധി​ക്കു​ന്നുണ്ട്‌. (സുഭാ. 16:2) എല്ലാ കാര്യ​ത്തി​ലും നമ്മൾ സത്യസ​ന്ധ​രാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ ഒരു തീരു​മാ​നം എടുക്കു​മ്പോൾ അതിനു നമ്മളെ പ്രേരി​പ്പി​ക്കുന്ന കാര്യം നമ്മൾ സത്യസ​ന്ധ​മാ​യി വിലയി​രു​ത്തണം. അതെക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയു​മ്പോ​ഴും സത്യസ​ന്ധ​രാ​യി​രി​ക്കണം. അല്ലെങ്കിൽ, ആ തീരു​മാ​നം നടപ്പാ​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടാ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഒരു യുവസ​ഹോ​ദരൻ സാധാരണ മുൻനി​ര​സേ​വനം തുടങ്ങാൻ തീരു​മാ​നി​ക്കു​ന്നു. എന്നാൽ കുറച്ച്‌ നാൾ കഴിഞ്ഞ്‌, മണിക്കൂർവ്യ​വ​സ്ഥ​യിൽ എത്തി​ച്ചേ​രാൻ ആ സഹോ​ദ​രനു ബുദ്ധി​മു​ട്ടാ​കു​ന്നു. ശുശ്രൂ​ഷ​യിൽനിന്ന്‌ വലിയ സന്തോ​ഷ​വും ലഭിക്കു​ന്നില്ല. യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നുള്ള ആഗ്രഹം​കൊ​ണ്ടാ​ണു മുൻനി​ര​സേ​വനം തുടങ്ങു​ന്ന​തെന്ന്‌ ആ സഹോ​ദരൻ ചിന്തി​ച്ചി​രി​ക്കാം. ശരിക്കും അതാണോ ആ സഹോ​ദ​രനെ അതിനു പ്രേരി​പ്പി​ച്ചത്‌? അതോ, മാതാ​പി​താ​ക്ക​ളെ​യോ അദ്ദേഹം സ്‌നേ​ഹി​ക്കുന്ന മറ്റാ​രെ​യെ​ങ്കി​ലു​മോ സന്തോ​ഷി​പ്പി​ക്കാ​നുള്ള ആഗ്രഹ​മാ​ണോ?

10. മാറ്റങ്ങൾ വരുത്താൻ എന്താണ്‌ ആവശ്യം?

10 പുകവലി നിറു​ത്താൻ തീരു​മാ​നിച്ച ഒരു ബൈബിൾവി​ദ്യാർഥി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഒന്നോ രണ്ടോ ആഴ്‌ച​യൊ​ക്കെ നന്നായി പോകും, പക്ഷേ വീണ്ടും വലിക്കും. കുറച്ച്‌ കാലം ഇങ്ങനെ ബുദ്ധി​മു​ട്ടി. എങ്കിലും അദ്ദേഹം അവസാനം വിജയി​ച്ചു. യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നുള്ള ആഗ്രഹ​വും ആണ്‌ ആ ദുശ്ശീ​ല​ത്തിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ ആ വിദ്യാർഥി​യെ സഹായി​ച്ചത്‌.—കൊലോ. 1:10; 3:23.

11. നിങ്ങൾ കൃത്യ​മായ ലക്ഷ്യങ്ങൾ വെക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

11 കൃത്യ​മായ ലക്ഷ്യങ്ങൾ വെക്കുക. അങ്ങനെ ചെയ്യു​ന്നത്‌, തുടങ്ങി​വെച്ച കാര്യങ്ങൾ പൂർത്തി​യാ​ക്കാൻ നിങ്ങളെ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, എല്ലാ ദിവസ​വും ബൈബിൾ വായി​ക്ക​ണ​മെന്നു നിങ്ങൾ തീരു​മാ​നി​ച്ചി​ട്ടു​ണ്ടാ​കും. പക്ഷേ കൃത്യ​മായ ഒരു പട്ടിക​യി​ല്ലെ​ങ്കിൽ ഈ ലക്ഷ്യത്തിൽ നിങ്ങൾക്ക്‌ എത്തി​ച്ചേ​രാൻ കഴിയ​ണ​മെ​ന്നില്ല. * മൂപ്പന്മാർ സഭയിൽ കൂടുതൽ ഇടയസ​ന്ദർശ​നങ്ങൾ നടത്തണ​മെന്നു തീരു​മാ​നി​ച്ചി​രി​ക്കാം. പക്ഷേ കുറച്ച്‌ നാൾ കഴി​ഞ്ഞെ​ങ്കി​ലും ആ തീരു​മാ​നം നടപ്പാ​ക്കി​യി​ട്ടു​ണ്ടാ​കില്ല. ഈ തീരു​മാ​ന​ത്തോ​ടു ബന്ധപ്പെട്ട്‌ അവർക്കു കൃത്യ​മായ ലക്ഷ്യങ്ങൾ വെച്ച്‌ പ്രവർത്തി​ക്കാൻ സഹായി​ക്കുന്ന ചില ചോദ്യ​ങ്ങൾ നോക്കാം: ‘പ്രത്യേ​കി​ച്ചും ആർക്കൊ​ക്കെ​യാണ്‌ ഇടയസ​ന്ദർശനം വേണ്ട​തെന്ന്‌ ആലോ​ചി​ച്ചി​ട്ടു​ണ്ടോ? അവരെ സന്ദർശി​ക്കു​ന്ന​തിന്‌ ഒരു സമയം നിശ്ചയി​ച്ചി​ട്ടു​ണ്ടോ?’

12. നിങ്ങൾ എന്തു ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം, എന്തു​കൊണ്ട്‌?

12 യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക. നമ്മൾ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം ചെയ്യാ​നുള്ള സമയമോ പണമോ ഊർജ​മോ നമുക്കില്ല. അതു​കൊണ്ട്‌ യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക, ന്യായ​മായ പ്രതീ​ക്ഷകൾ വെക്കുക. ചില തീരു​മാ​നങ്ങൾ നടപ്പാ​ക്കാൻ കഴിയി​ല്ലെന്നു മനസ്സി​ലാ​യാൽ നമ്മൾ ചില മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വ​ന്നേ​ക്കാം. (സഭാ. 3:6) നിങ്ങളു​ടെ തീരു​മാ​നം പുനഃ​പ​രി​ശോ​ധി​ച്ചു, ആവശ്യ​മായ മാറ്റങ്ങൾ വരുത്തി, ഇപ്പോൾ നിങ്ങൾക്ക്‌ അതു നടപ്പാ​ക്കാൻ കഴിയു​മെന്നു തോന്നു​ന്നു. നിങ്ങൾ തുടങ്ങി​വെച്ച കാര്യം പൂർത്തി​യാ​ക്കാൻ സഹായി​ക്കുന്ന അഞ്ചു കാര്യങ്ങൾ നമുക്കു നോക്കാം.

തീരു​മാ​നങ്ങൾ നടപ്പാ​ക്കാൻ

13. ഒരു തീരു​മാ​നം നടപ്പാ​ക്കാ​നുള്ള ശക്തി നിങ്ങൾക്ക്‌ എങ്ങനെ നേടാം?

13 പ്രവർത്തി​ക്കാ​നുള്ള ശക്തിക്കാ​യി പ്രാർഥി​ക്കുക. ‘പ്രവർത്തി​ക്കാ​നും’ നിങ്ങളു​ടെ തീരു​മാ​നം നടപ്പാ​ക്കാ​നും ഉള്ള ‘ശക്തി’ തരാൻ ദൈവ​ത്തി​നു കഴിയും. (ഫിലി. 2:13) അതു​കൊണ്ട്‌ നിങ്ങൾക്ക്‌ ആവശ്യമായശക്തി ലഭിക്കുന്നതിനു പരിശു​ദ്ധാ​ത്മാ​വി​നെ തരാൻയ​ഹോ​വ​യോട്‌ അപേക്ഷി​ക്കുക. നിങ്ങളു​ടെ പ്രാർഥ​ന​യ്‌ക്കു പെട്ടെന്ന്‌ ഉത്തരം കിട്ടു​ന്നി​ല്ലെന്നു തോന്നി​യാ​ലും പ്രാർഥന നിറു​ത്തി​ക്ക​ള​യ​രുത്‌. യേശു പറഞ്ഞു: “ചോദി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു (പരിശു​ദ്ധാ​ത്മാവ്‌) കിട്ടും.”—ലൂക്കോ. 11:9, 13.

14. സുഭാ​ഷി​തങ്ങൾ 21:5-ലെ തത്ത്വം തീരു​മാ​നം നടപ്പി​ലാ​ക്കാൻ നിങ്ങളെ എങ്ങനെ സഹായി​ക്കും?

14 തീരു​മാ​നം നടപ്പാ​ക്കാൻ ഒരു പദ്ധതി തയ്യാറാ​ക്കുക. (സുഭാ​ഷി​തങ്ങൾ 21:5 വായി​ക്കുക.) നിങ്ങൾ തുടങ്ങി​വെച്ച ഏതൊരു കാര്യ​വും പൂർത്തി​യാ​ക്കാൻ, അതിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ഓരോ കാര്യ​വും എങ്ങനെ ചെയ്യണം എന്നു മുന്നമേ തീരു​മാ​നി​ക്കണം, അത്‌ എഴുതി​വെ​ക്കു​ന്ന​തും നല്ലതാണ്‌. എന്നിട്ട്‌, അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കണം. വലിയ ജോലി​കൾ ചെറി​യ​ചെ​റിയ ജോലി​ക​ളാ​യി തിരി​ക്കു​ന്നത്‌, നിങ്ങൾ എത്ര​ത്തോ​ളം പുരോ​ഗ​മി​ച്ചെന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, പൗലോസ്‌ വന്നതിനു ശേഷം പണം ശേഖരി​ക്കാൻ പോകു​ന്ന​തി​നു പകരം “ഓരോ ആഴ്‌ച​യു​ടെ​യും ആദ്യദി​വ​സം​തന്നെ” എന്തെങ്കി​ലും മാറ്റി​വെ​ക്കാൻ പൗലോസ്‌ കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (1 കൊരി. 16:2) വലിയ ജോലി​കൾ ചെറിയ ജോലി​ക​ളാ​യി തിരി​ക്കു​ന്ന​തു​കൊണ്ട്‌ മറ്റൊരു പ്രയോ​ജ​ന​വു​മുണ്ട്‌. നിങ്ങ​ളെ​ക്കൊണ്ട്‌ അതു ചെയ്‌തു​തീർക്കാൻ സാധി​ക്കില്ല എന്നു തോന്നാ​തി​രി​ക്കാൻ അതു സഹായി​ക്കും.

15. ഒരു തീരു​മാ​നം എടുത്ത്‌ എഴുതി​വെ​ച്ച​തി​നു ശേഷം എന്തു ചെയ്യണം?

15 ഇങ്ങനെ എഴുതി​വെ​ക്കു​ന്നതു നിങ്ങൾ എടുത്ത തീരു​മാ​നം നടപ്പാ​ക്കാൻ സഹായി​ക്കും. (1 കൊരി. 14:40) ഉദാഹ​ര​ണ​ത്തിന്‌, മൂപ്പന്മാ​രു​ടെ സംഘം എടുക്കുന്ന തീരു​മാ​നങ്ങൾ, അത്‌ ആരെയാണ്‌ ഏൽപ്പി​ച്ചത്‌, അത്‌ എന്നു ചെയ്‌തു​തീർക്കണം എന്നതിന്റെയൊക്കെ രേഖയുണ്ടാക്കിവെക്കാൻ ഒരു മൂപ്പനെ നിയമി​ക്ക​ണ​മെന്നു മൂപ്പന്മാ​രു​ടെ സംഘത്തി​നു നിർദേശം കൊടു​ത്തി​ട്ടുണ്ട്‌. ഈ നിർദേശം പാലി​ക്കു​ന്നെ​ങ്കിൽ അവർ എടുക്കുന്ന തീരു​മാ​നങ്ങൾ നടപ്പാ​ക്കാ​നുള്ള സാധ്യത കൂടു​ത​ലാണ്‌. (1 കൊരി. 9:26) നിങ്ങൾ സ്വന്തം ജീവി​ത​ത്തിൽ എടുക്കുന്ന തീരു​മാ​ന​ങ്ങ​ളു​ടെ കാര്യ​ത്തി​ലും ഈ രീതി പിൻപ​റ്റാം. ഉദാഹ​ര​ണ​ത്തിന്‌, ഓരോ ദിവസ​വും ചെയ്‌തു​തീർക്കേണ്ട കാര്യങ്ങൾ അതു ചെയ്യേണ്ട ക്രമത്തിൽ എഴുതി​വെ​ക്കുക. ഇങ്ങനെ ചെയ്യു​ന്നതു നിങ്ങൾ തുടങ്ങി​വെച്ച കാര്യങ്ങൾ കുറഞ്ഞ സമയത്തി​നു​ള്ളിൽ ചെയ്‌തു​തീർക്കാൻ സഹായി​ക്കും.

16. ഒരു തീരു​മാ​നം നടപ്പി​ലാ​ക്കാൻ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്താണ്‌, അതെക്കു​റിച്ച്‌ റോമർ 12:11 എന്താണു പറയു​ന്നത്‌?

16 കഠിന​ശ്രമം ചെയ്യുക. നിങ്ങളു​ടെ പദ്ധതിക്കു ചേർച്ച​യിൽ പ്രവർത്തി​ച്ചു​കൊണ്ട്‌ തുടങ്ങി​വെച്ച കാര്യം പൂർത്തി​യാ​ക്കാൻ നിങ്ങളു​ടെ ഭാഗത്ത്‌ നല്ല ശ്രമം ആവശ്യ​മാണ്‌. (റോമർ 12:11 വായി​ക്കുക.) നന്നായി പഠിപ്പി​ക്കു​ന്ന​തിന്‌, അർപ്പി​ത​നാ​യി​രി​ക്കാ​നും മടുത്തു​പോ​കാ​തി​രി​ക്കാ​നും പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞു. മറ്റ്‌ ആത്മീയ​ല​ക്ഷ്യ​ങ്ങ​ളോ​ടുള്ള ബന്ധത്തി​ലും ആ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കാം.—1 തിമൊ. 4:13, 16.

17. തീരു​മാ​നങ്ങൾ നടപ്പി​ലാ​ക്കു​മ്പോൾ എഫെസ്യർ 5:15, 16 നമുക്ക്‌ എങ്ങനെ ബാധക​മാ​ക്കാം?

17 സമയം നന്നായി ഉപയോ​ഗി​ക്കുക. (എഫെസ്യർ 5:15, 16 വായി​ക്കുക.) നിങ്ങൾ തീരു​മാ​നിച്ച കാര്യം ചെയ്യാ​നുള്ള സമയം പട്ടിക​പ്പെ​ടു​ത്തുക. ആ സമയത്തു​തന്നെ അതു ചെയ്യുക. സാഹച​ര്യ​ങ്ങ​ളെ​ല്ലാം ശരിയാ​യ​തി​നു ശേഷം തുടങ്ങാം എന്നു ചിന്തി​ച്ചാൽ, ചില​പ്പോൾ ഒരിക്ക​ലും തുടങ്ങാൻ പറ്റി​യെ​ന്നു​വ​രില്ല. (സഭാ. 11:4) പ്രാധാ​ന്യം കുറഞ്ഞ കാര്യങ്ങൾ നിങ്ങളു​ടെ സമയവും ഊർജ​വും കവർന്നെ​ടു​ക്കാൻ അനുവ​ദി​ക്ക​രുത്‌. അങ്ങനെ വന്നാൽ, നിങ്ങൾക്കു പ്രധാ​ന​പ്പെട്ട കാര്യങ്ങൾ ചെയ്യാൻ കഴിയാ​തെ വന്നേക്കാം. (ഫിലി. 1:10) സാധി​ക്കു​മെ​ങ്കിൽ, മറ്റുള്ളവർ ശല്യ​പ്പെ​ടു​ത്താൻ സാധ്യ​ത​യി​ല്ലാത്ത ഒരു സമയം തിര​ഞ്ഞെ​ടു​ക്കുക. നിങ്ങളു​ടെ ഈ പട്ടിക​യെ​ക്കു​റിച്ച്‌ മറ്റുള്ളവർ അറിയട്ടെ. ഫോൺ ഓഫാ​ക്കു​ക​യോ മെസ്സേ​ജു​ക​ളും സോഷ്യൽ മീഡി​യ​യും പിന്നീടു നോക്കു​ക​യോ ചെയ്യുക. *

18-19. നിരാ​ശ​പ്പെ​ടു​ത്തുന്ന കാര്യ​ങ്ങ​ളു​ണ്ടാ​യാ​ലും നിങ്ങൾ എടുത്ത നല്ലൊരു തീരു​മാ​ന​ത്തോ​ടു പറ്റിനിൽക്കാൻ എങ്ങനെ കഴിയും?

18 പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. നിങ്ങളു​ടെ തീരു​മാ​ന​ത്തി​ന്റെ ഫലം ഒരു യാത്ര​യു​ടെ ലക്ഷ്യസ്ഥാ​നം​പോ​ലെ​യാണ്‌. ലക്ഷ്യസ്ഥാ​നത്ത്‌ എത്തി​ച്ചേ​രാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ യാത്ര തുടരും. ഒരു വഴിയിൽ തടസ്സം നേരി​ട്ടാൽ മറ്റൊരു വഴി തിര​ഞ്ഞെ​ടു​ക്കും. അതു​പോ​ലെ, നമ്മുടെ തീരു​മാ​ന​ങ്ങ​ളു​ടെ ഫലങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നെ​ങ്കിൽ നിരാ​ശ​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ സംഭവി​ച്ചാ​ലും മടുത്ത്‌ പിന്മാ​റാ​തി​രി​ക്കാൻ നമുക്കു കഴിയും.—ഗലാ. 6:9.

19 നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തും അതു നടപ്പാ​ക്കു​ന്ന​തും ബുദ്ധി​മു​ട്ടാ​യി​രി​ക്കും. പക്ഷേ യഹോ​വ​യു​ടെ സഹായ​ത്താൽ, തുടങ്ങി​വെച്ച കാര്യം പൂർത്തി​യാ​ക്കാ​നുള്ള ജ്ഞാനവും ശക്തിയും നേടാൻ നിങ്ങൾക്കു കഴിയും.

ഗീതം 65 മുന്നേ​റു​വിൻ

^ ഖ. 5 നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ഒരു തീരു​മാ​ന​മെ​ടു​ത്തിട്ട്‌ ‘ശ്ശൊ, തെറ്റി​പ്പോ​യ​ല്ലോ’ എന്നോർത്ത്‌ വിഷമി​ച്ചി​ട്ടു​ണ്ടോ? അതോ, തീരു​മാ​നങ്ങൾ എടുക്കാ​നും നടപ്പാ​ക്കാ​നും നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നാ​റു​ണ്ടോ? ഇത്തരം പ്രശ്‌നങ്ങൾ മറിക​ട​ക്കാ​നും ചെയ്‌തു​തു​ട​ങ്ങിയ ഒരു കാര്യം എങ്ങനെ ചെയ്‌തു​തീർക്കാ​മെന്നു മനസ്സി​ലാ​ക്കാ​നും ഈ ലേഖനം സഹായി​ക്കും.

^ ഖ. 11 വ്യക്തിപരമായ ബൈബിൾവാ​യ​ന​യ്‌ക്കു​വേണ്ടി കൃത്യ​മായ പട്ടിക​യു​ണ്ടാ​യി​രി​ക്കാൻ നിങ്ങളെ സഹായി​ക്കു​ന്ന​താ​ണു jw.org ®-ൽ ലഭ്യമായ “ബൈബിൾ വായനയ്‌ക്കുള്ള പട്ടിക.”

^ ഖ. 17 സമയം എങ്ങനെ നന്നായി ഉപയോ​ഗി​ക്കാൻ കഴിയു​മെന്നു മനസ്സി​ലാ​ക്കാൻ 2010 ഏപ്രിൽ ലക്കം ഉണരുക!-യിലെ (ഇംഗ്ലീഷ്‌) “സമയം ലാഭി​ക്കാൻ 20 വഴികൾ” എന്ന ലേഖനം കാണുക.