പഠനലേഖനം 45
പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുന്നത് എങ്ങനെ?
“എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.”—ഫിലി. 4:13.
ഗീതം 104 പരിശുദ്ധാത്മാവ് എന്ന ദൈവദാനം
പൂർവാവലോകനം *
1-2. (എ) ഓരോ ദിവസവും പ്രശ്നങ്ങൾ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നത് എന്താണ്? വിശദീകരിക്കുക. (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
“ഞാൻ കടന്നുപോയ പ്രശ്നത്തെക്കുറിച്ച് ഓർക്കുമ്പോൾ അത് ഒറ്റയ്ക്കു നേരിടാൻ കഴിയുമായിരുന്നില്ല എന്ന് എനിക്ക് അറിയാം.” നമ്മളിൽ പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും. ഒരുപക്ഷേ, ഗുരുതരമായ ഒരു രോഗം വന്നതോ പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെട്ടതോ ആയിരിക്കാം ഇങ്ങനെ ചിന്തിക്കാൻ കാരണമായത്. പിന്തിരിഞ്ഞ് നോക്കുമ്പോൾ, ആ ഓരോ ദിവസവും കടന്നുപോയത് യഹോവയുടെ പരിശുദ്ധാത്മാവ് നൽകിയ അസാധാരണശക്തികൊണ്ട് മാത്രമാണെന്ന് ഇപ്പോൾ നിങ്ങൾക്കു തോന്നുന്നുണ്ടാകും.—2 കൊരി. 4:7-9.
2 ഈ ദുഷ്ടലോകത്തിന്റെ സ്വാധീനത്തെ ചെറുക്കുന്നതിനും നമുക്കു പരിശുദ്ധാത്മാവിന്റെ സഹായം വേണം. (1 യോഹ. 5:19) മാത്രമല്ല, ‘ദുഷ്ടാത്മസേനകളോടും’ നമുക്കു പോരാട്ടമുണ്ട്. (എഫെ. 6:12) ഈ പ്രശ്നങ്ങളെല്ലാം നേരിടാൻ പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുന്ന രണ്ടു വിധങ്ങൾ നമുക്ക് ഇപ്പോൾ ചർച്ച ചെയ്യാം. എന്നിട്ട് പരിശുദ്ധാത്മാവിൽനിന്ന് പൂർണപ്രയോജനം നേടാൻ എന്തു ചെയ്യണമെന്നും നോക്കാം.
പരിശുദ്ധാത്മാവ് നമുക്കു ശക്തി തരുന്നു
3. യഹോവ ഇന്നു നമ്മളെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് സഹായിക്കുന്ന ഒരു വിധം ഏതാണ്?
3 പരിശോധനകളുടെ മധ്യേയും, നമ്മുടെ ഉത്തരവാദിത്വങ്ങൾ ചെയ്യാനുള്ള ശക്തി തന്നുകൊണ്ട് പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുന്നു. പരിശോധനകളുണ്ടായിട്ടും യഹോവയെ സേവിക്കാൻ തനിക്കു കഴിഞ്ഞതു ‘ക്രിസ്തുവിന്റെ ശക്തിയിൽ’ ആശ്രയിച്ചതുകൊണ്ടാണെന്നു പൗലോസ് പറഞ്ഞു. (2 കൊരി. 12:9) പൗലോസിന്റെ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ പരിശുദ്ധാത്മാവ് എങ്ങനെയാണു സഹായിച്ചത്? രണ്ടാം മിഷനറിയാത്രയ്ക്കിടെ പൗലോസ് പ്രസംഗപ്രവർത്തനത്തിൽ കഠിനാധ്വാനം ചെയ്തതു കൂടാതെ ചെലവുകൾക്കുവേണ്ടി ജോലി ചെയ്യേണ്ടതായും വന്നു. ആ സമയത്ത് കൊരിന്തിൽ അക്വിലയുടെയും പ്രിസ്കില്ലയുടെയും വീട്ടിലാണു പൗലോസ് താമസിച്ചത്. അവർ കൂടാരപ്പണിക്കാരായിരുന്നു. പൗലോസിനും ആ ജോലി അറിയാമായിരുന്നതുകൊണ്ട് അവരോടൊപ്പം കുറച്ച് ദിവസം ജോലി ചെയ്തു. (പ്രവൃ. 18:1-4) പൗലോസിനു ജോലി ചെയ്യാനും അതേസമയം പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാനും ഉള്ള ശക്തി പരിശുദ്ധാത്മാവ് നൽകി.
4. 2 കൊരിന്ത്യർ 12:7ബി-9-ൽ പറയുന്നതുപോലെ, പൗലോസിനെ ബുദ്ധിമുട്ടിച്ചത് എന്താണ്?
2 കൊരിന്ത്യർ 12:7ബി-9 വായിക്കുക. ഇവിടെ, ‘ജഡത്തിലെ ഒരു മുള്ള്’ തന്നെ ബുദ്ധിമുട്ടിച്ചെന്നു പറഞ്ഞപ്പോൾ പൗലോസ് എന്താണ് അർഥമാക്കിയത്? നിങ്ങളുടെ കാലിൽ ഒരു മുള്ളു തറച്ചാൽ നിങ്ങൾക്കു നല്ല വേദനയായിരിക്കും. അതുപോലെ വ്യക്തിപരമായി തന്നെ വളരെയധികം വേദനിപ്പിച്ച ഏതോ ഒരു പ്രശ്നമുണ്ടെന്നാണു പൗലോസ് പറഞ്ഞത്. തന്നെ ‘വീണ്ടുംവീണ്ടും അടിക്കാനുള്ള സാത്താന്റെ ഒരു ദൂതൻ’ എന്നാണു പൗലോസ് അതിനെ വിളിച്ചത്. പൗലോസിന്റെ ശരീരത്തിൽ ‘മുള്ളു തറച്ചത്,’ അഥവാ പൗലോസിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ കൊണ്ടുവന്നത് സാത്താനോ ഭൂതങ്ങളോ ആയിരിക്കണമെന്നില്ല. പക്ഷേ മുള്ള് തറഞ്ഞിരിക്കുന്നിടത്ത് വീണ്ടും കുത്തി വേദനിപ്പിക്കുന്നതുപോലെ, അവർ പൗലോസിന്റെ പ്രശ്നം മുതലെടുത്തിരിക്കാൻ സാധ്യതയുണ്ട്. പൗലോസ് എന്താണു ചെയ്തത്?
45. പൗലോസിന്റെ പ്രാർഥനകൾക്ക് യഹോവ എങ്ങനെയാണ് ഉത്തരം കൊടുത്തത്?
5 ആദ്യമൊക്കെ ഈ മുള്ള് നീങ്ങിക്കിട്ടാൻ പൗലോസ് ആഗ്രഹിച്ചു. പൗലോസ് പറയുന്നു: “ഈ മുള്ള് എന്നിൽനിന്ന് നീക്കിക്കളയാൻവേണ്ടി ഞാൻ മൂന്നു പ്രാവശ്യം കർത്താവിനോട് (യഹോവയോട്) അപേക്ഷിച്ചു.” പൗലോസ് ഇങ്ങനെയൊക്കെ അപേക്ഷിച്ചെങ്കിലും ജഡത്തിലെ മുള്ളു നീങ്ങിയില്ല. പൗലോസിന്റെ പ്രാർഥന യഹോവ കേട്ടില്ല എന്നാണോ ഇതിന് അർഥം? അങ്ങനെയല്ല. യഹോവ അതിന് ഉത്തരം നൽകി. എങ്ങനെ? യഹോവ പ്രശ്നം നീക്കിയില്ല. പക്ഷേ സഹിച്ചുനിൽക്കുന്നതിന് ആവശ്യമായ ശക്തി കൊടുത്തു. യഹോവ പറഞ്ഞു: “ബലഹീനതയിലാണ് എന്റെ ശക്തി പൂർണമാകുന്നത്.” (2 കൊരി. 12:8, 9) അങ്ങനെ യഹോവയുടെ സഹായത്താൽ പൗലോസിനു സന്തോഷവും മനസ്സമാധാനവും വീണ്ടെടുക്കാൻ കഴിഞ്ഞു.—ഫിലി. 4:4-7.
6. (എ) നമ്മുടെ പ്രാർഥനകൾക്ക് യഹോവ ഏതു വിധത്തിലായിരിക്കാം ഉത്തരം നൽകുന്നത്? (ബി) ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന ഏതു തിരുവെഴുത്താണു നിങ്ങളെ ശക്തിപ്പെടുത്തിയത്?
6 പൗലോസിനെപ്പോലെ, നിങ്ങൾ അനുഭവിക്കുന്ന ഏതെങ്കിലും ഒരു പരിശോധന മാറിക്കിട്ടാൻവേണ്ടി യഹോവയോട് അപേക്ഷിച്ചിട്ടുണ്ടോ? നിങ്ങൾ അതെക്കുറിച്ച് പല തവണ യഹോവയോടു പ്രാർഥിച്ചുകാണും. പക്ഷേ പ്രശ്നം ഇപ്പോഴുമുണ്ട്. ഒരുപക്ഷേ അത് ഇപ്പോൾ കൂടുതൽ ഗുരുതരമായിട്ടുണ്ടാകും. അതിന്റെ അർഥം യഹോവയ്ക്കു നിങ്ങളെ ഇഷ്ടമില്ല എന്നാണോ? പൗലോസിന്റെ കാര്യം നോക്കുക. പൗലോസിന്റെ പ്രാർഥനകൾക്ക് ഉത്തരം കൊടുത്തതുപോലെ നിങ്ങളുടെ പ്രാർഥനകൾക്കും യഹോവ ഉത്തരം നൽകും. യഹോവ പ്രശ്നം നീക്കില്ലായിരിക്കാം. പക്ഷേ പരിശുദ്ധാത്മാവിലൂടെ, ആ പരിശോധന സഹിച്ചുനിൽക്കുന്നതിന് ആവശ്യമായ ശക്തി നിങ്ങൾക്കു തരും. (സങ്കീ. 61:3, 4) നിങ്ങൾ ‘വീണുപോയേക്കാം,’ പക്ഷേ യഹോവ നിങ്ങളെ ഉപേക്ഷിക്കില്ല.—2 കൊരി. 4:8, 9; ഫിലി. 4:13.
പരിശുദ്ധാത്മാവ് നമ്മളെ നയിക്കുന്നു
7-8. (എ) പരിശുദ്ധാത്മാവ് ഒരു കാറ്റുപോലെയാണെന്നു പറയുന്നത് എങ്ങനെ? (ബി) പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ പത്രോസ് എങ്ങനെയാണു വർണിച്ചത്?
7 പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുന്ന മറ്റൊരു വിധം ഏതാണ്? പരിശുദ്ധാത്മാവിനെ നമുക്ക് ഒരു കാറ്റിനോട് ഉപമിക്കാം. ശരിയായ ദിശയിൽ വീശുന്ന ഒരു കാറ്റിന്റെ സഹായത്താൽ പ്രക്ഷുബ്ധമായ കടലിൽപ്പോലും ഒരു കപ്പലിനു ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ചേരാൻ കഴിയും. സമാനമായി, ഈ ലോകത്തിലെ പ്രശ്നങ്ങളുടെ മധ്യേയും, ദൈവത്തിന്റെ പുതിയ ലോകം എന്ന ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു പരിശുദ്ധാത്മാവിനു നമ്മളെ സഹായിക്കാൻ കഴിയും.
8 മീൻപിടുത്തക്കാരനായിരുന്ന പത്രോസിനു കടലിലൂടെയുള്ള യാത്രയെക്കുറിച്ച് നന്നായി അറിയാമായിരുന്നു. അതുകൊണ്ടായിരിക്കാം പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിക്കുന്നതിനുവേണ്ടി കടൽയാത്രയോടു ബന്ധപ്പെട്ട ഒരു പദം ഉപയോഗിച്ചത്. പത്രോസ് എഴുതി: “പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്താവിച്ചതാണ്.” മറ്റൊരു ഭാഷാന്തരം പറയുന്നത്, പരിശുദ്ധാത്മാവിനാൽ “നയിക്കപ്പെട്ട്” എന്നാണ്.—2 പത്രോ. 1:21.
9. “പ്രചോദിതരായി” എന്ന പദപ്രയോഗത്തിലൂടെ പത്രോസ് എന്തു ചിത്രമാണു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്?
9 പത്രോസ് ഇവിടെ കടൽയാത്രയോടു ബന്ധപ്പെട്ട ഒരു അലങ്കാരപ്രയോഗം ഉപയോഗിക്കുകയായിരുന്നു എന്ന് ഒരു ബൈബിൾ പണ്ഡിതൻ പറയുന്നു. അതിന്റെ അർഥം കുറച്ചുകൂടെ നന്നായി മനസ്സിലാക്കാൻ പത്രോസ് ഇവിടെ ഉപയോഗിച്ചതിനു സമാനമായ മറ്റൊരു പദപ്രയോഗം നമ്മളെ സഹായിക്കും. പ്രവൃത്തികളുടെ പുസ്തകത്തിൽ ലൂക്കോസാണ് അത് ഉപയോഗിച്ചത്. ‘കാറ്റിന്റെ ഗതിക്കൊപ്പം നീങ്ങിയ’ ഒരു കപ്പലിനെക്കുറിച്ച് ലൂക്കോസ് എഴുതി. (പ്രവൃ. 27:15) അനുകൂലമായ ഒരു കാറ്റിൽ കപ്പൽ മുന്നോട്ട് പോകുന്നതുപോലെ, ബൈബിളെഴുത്തുകാരെയും പ്രവാചകന്മാരെയും അവരുടെ നിയമനം പൂർത്തീകരിക്കാൻ പരിശുദ്ധാത്മാവ് സഹായിച്ചു. മുമ്പു പറഞ്ഞ പണ്ഡിതൻ പറയുന്നു: “ബൈബിളെഴുത്തുകാർ പായ ഉയർത്തിക്കെട്ടിയ കപ്പലുകൾപോലെയായിരുന്നു.” യഹോവ തന്റെ ഭാഗം ചെയ്തു. യഹോവ “അനുകൂലമായ കാറ്റ്,” അതായത് പരിശുദ്ധാത്മാവിനെ ഉപയോഗിച്ചു. ബൈബിളെഴുത്തുകാർ അവർക്കു ലഭിച്ച നിയമനം ചെയ്തു. പരിശുദ്ധാത്മാവ് വഴി നയിച്ച രീതിയിൽ അവർ ആ നിയമനം നിറവേറ്റി.
10-11. പരിശുദ്ധാത്മാവ് നമ്മളെ മുന്നോട്ടു നയിക്കണമെങ്കിൽ നമ്മൾ ഏതു രണ്ടു കാര്യങ്ങൾ ചെയ്യണം? വിശദീകരിക്കുക.
10 ഇന്ന്, തിരുവെഴുത്തുകൾ എഴുതുന്നതിനുവേണ്ടി ആളുകളെ പ്രചോദിപ്പിക്കാൻ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നില്ല. പക്ഷേ, ദൈവജനത്തെ വഴി നയിക്കാൻ യഹോവ ഇപ്പോഴും പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നു. അതെ, യഹോവ തന്റെ ഭാഗം ചെയ്യുന്നുണ്ട്. എന്നാൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം? നമ്മൾ ചെയ്യേണ്ടത് നന്നായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. അത് എന്തൊക്കെയാണ്?
11 നമുക്കു വീണ്ടും കപ്പലിന്റെ ദൃഷ്ടാന്തം ചിന്തിക്കാം. കാറ്റിന്റെ സഹായത്തോടെ മുന്നോട്ടു നീങ്ങണമെങ്കിൽ, കപ്പിത്താൻ രണ്ടു കാര്യങ്ങൾ ചെയ്യണം. ഒന്ന്, കാറ്റ് വീശുന്ന പാതയിലേക്കു കപ്പൽ നീക്കണം. കാറ്റ് വീശുന്നിടത്തുനിന്ന് ദൂരെയുള്ള ഒരു തുറമുഖത്താണു കപ്പലെങ്കിൽ, അത് ഒരിക്കലും മുന്നോട്ടു നീങ്ങില്ല. രണ്ട്, അദ്ദേഹം പായ ഉയർത്തുകയും അവ പരമാവധി നിവർത്തുകയും വേണം. കാറ്റ് വീശുന്നുണ്ടെങ്കിലും കപ്പൽ മുന്നോട്ടു പോകണമെങ്കിൽ പായയിൽ കാറ്റ് അടിക്കണം. സമാനമായി, പരിശുദ്ധാത്മാവിന്റെ സഹായമുണ്ടെങ്കിലേ നമുക്ക് യഹോവയുടെ സേവനത്തിൽ തുടരാനാകൂ. ദൈവാത്മാവിന്റെ സഹായം കിട്ടാൻ നമ്മൾ രണ്ടു പടികൾ സ്വീകരിക്കണം. ഒന്ന്, ദൈവാത്മാവ് ‘വീശുന്ന പാതയിലേക്ക്’ നമ്മളെ കൊണ്ടുവരണം, അതായത് നമ്മളെ ആ ആത്മാവിന്റെ സ്വാധീനത്തിൽ കൊണ്ടുവരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണം. രണ്ട്, ആ പ്രവർത്തനങ്ങളിൽ നമ്മളെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി ചെയ്തുകൊണ്ട് നമ്മൾ പായ ഉയർത്തണം. (സങ്കീ. 119:32) ഈ രണ്ടു കാര്യങ്ങൾ ചെയ്യുമ്പോൾ, എതിർപ്പുകളും പരിശോധനകളും ആകുന്ന തിരമാലകൾക്കിടയിലൂടെ പരിശുദ്ധാത്മാവ് നമ്മളെ മുന്നോട്ടു നയിക്കും. പുതിയ ലോകം ലക്ഷ്യമാക്കിയുള്ള നമ്മുടെ യാത്രയിൽ വിശ്വസ്തരായി തുടരാൻ നമ്മളെ സഹായിക്കും.
12. നമ്മൾ ഇനി എന്താണു പഠിക്കാൻപോകുന്നത്?
12 പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുന്ന രണ്ടു വിധങ്ങൾ നമ്മൾ ചർച്ച ചെയ്തു. പരിശുദ്ധാത്മാവ് നമുക്കു ശക്തി തരുകയും പരിശോധനകളുണ്ടാകുമ്പോൾ പിടിച്ചുനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, അതു നമ്മളെ മുന്നോട്ടു നയിക്കുന്നു, അങ്ങനെ നിത്യജീവനിലേക്കുള്ള പാതയിൽ തുടരാൻ സഹായിക്കുന്നു. ഇനി, പരിശുദ്ധാത്മാവിന്റെ സഹായം കിട്ടണമെങ്കിൽ നമ്മൾ ചെയ്യേണ്ട നാലു കാര്യങ്ങൾ നോക്കാം.
പരിശുദ്ധാത്മാവിന്റെ സഹായം കിട്ടണമെങ്കിൽ എന്തു ചെയ്യണം?
13. 2 തിമൊഥെയൊസ് 3:16, 17 പറയുന്നതുപോലെ, തിരുവെഴുത്തുകൾ നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും, പക്ഷേ നമ്മൾ എന്തു ചെയ്യണം?
13 ഒന്ന്, ദൈവവചനം പഠിക്കുക. (2 തിമൊഥെയൊസ് 3:16, 17 വായിക്കുക.) “ദൈവപ്രചോദിതമായി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരാർഥം “ദൈവം ഊതിയ” എന്നാണ്. തന്റെ ചിന്തകൾ ബൈബിളെഴുത്തുകാരുടെ മനസ്സിലേക്ക് ‘ഊതാൻ’ യഹോവ തന്റെ ആത്മാവിനെ ഉപയോഗിച്ചു. ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ, ദൈവം പറയുന്ന കാര്യങ്ങൾ നമ്മുടെ ഹൃദയത്തിലേക്കും മനസ്സിലേക്കും കടക്കും. അത്തരം ചിന്തകൾ ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ ജീവിക്കാൻ നമ്മളെ പ്രചോദിപ്പിക്കും. (എബ്രാ. 4:12) എന്നാൽ പരിശുദ്ധാത്മാവിന്റെ പ്രയോജനം നമുക്കു കിട്ടണമെങ്കിൽ, ബൈബിൾ വായിക്കാനും വായിച്ചതിനെക്കുറിച്ച് ധ്യാനിക്കാനും നമ്മൾ ഒരു സമയം മാറ്റിവെക്കണം. അപ്പോൾ ദൈവവചനം നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും സ്വാധീനിക്കും.
14. (എ) ക്രിസ്തീയയോഗങ്ങൾ ‘അനുകൂലമായ കാറ്റുള്ള’ സ്ഥലമാണെന്നു പറയുന്നത് എന്തുകൊണ്ട്? (ബി) ‘പായ ഉയർത്തിക്കെട്ടിക്കൊണ്ട്’ നമുക്ക് എങ്ങനെ മീറ്റിങ്ങുകളിൽ പങ്കെടുക്കാം?
14 രണ്ട്, സഹോദരങ്ങളോടൊപ്പം ദൈവത്തെ ആരാധിക്കുക. (സങ്കീ. 22:22) നമ്മുടെ ക്രിസ്തീയയോഗങ്ങൾ ‘കാറ്റടിക്കുന്ന മേഖലകളാണെന്ന്’ പറയാം. കാരണം, യോഗങ്ങളിൽ യഹോവയുടെ ആത്മാവുണ്ട്. (വെളി. 2:29) എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? സഹവിശ്വാസികളുടെകൂടെ ആരാധനയ്ക്കായി കൂടിവരുമ്പോൾ നമ്മൾ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കും. ദൈവവചനം അടിസ്ഥാനപ്പെടുത്തിയുള്ള രാജ്യഗീതങ്ങൾ പാടും, പരിശുദ്ധാത്മാവിനാൽ നിയമിതരായ സഹോദരന്മാർ നൽകുന്ന ബൈബിൾബുദ്ധിയുപദേശങ്ങൾ കേൾക്കും. ഇതേ പരിശുദ്ധാത്മാവുതന്നെയാണു സഹോദരിമാരെയും പരിപാടികൾ തയ്യാറാകാൻ സഹായിക്കുന്നത്. പരിശുദ്ധാത്മാവിൽനിന്ന് പൂർണമായ പ്രയോജനം കിട്ടണമെങ്കിൽ, ഉത്തരങ്ങൾ പറയുന്നതിനുവേണ്ടി തയ്യാറായി യോഗങ്ങൾക്കു വരണം. അങ്ങനെയാണെങ്കിൽ നമ്മൾ ‘പായ ഉയർത്തിക്കെട്ടിയ’ കപ്പൽപോലെയായിരിക്കും.
15. പ്രസംഗപ്രവർത്തനത്തിൽ പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കാൻ നമ്മൾ എന്തു ചെയ്യണം?
15 മൂന്ന്, പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുക. പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനത്തിൽ ബൈബിൾ ഉപയോഗിക്കുമ്പോൾ, ശുശ്രൂഷയിൽ നമ്മളെ സഹായിക്കാൻ നമ്മൾ പരിശുദ്ധാത്മാവിനെ അനുവദിക്കുകയാണ്. (റോമ. 15:18, 19) പരിശുദ്ധാത്മാവിൽനിന്ന് പൂർണപ്രയോജനം നേടണമെങ്കിൽ നമ്മൾ ക്രമമായി പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുകയും സാധിക്കുമ്പോഴൊക്കെ ബൈബിൾ ഉപയോഗിക്കുകയും ചെയ്യണം. ആളുകളോടു നന്നായി സംസാരിക്കുന്നതിനുവേണ്ടി നിങ്ങൾക്കു ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിലെ അവതരണങ്ങൾ ഉപയോഗിക്കാവുന്നതാണ്.
16. പരിശുദ്ധാത്മാവ് നമുക്കു ലഭിക്കാനുള്ള എളുപ്പമാർഗം എന്താണ്?
16 നാല്, യഹോവയോടു പ്രാർഥിക്കുക. (മത്താ. 7:7-11; ലൂക്കോ. 11:13) പരിശുദ്ധാത്മാവ് നമുക്കു ലഭിക്കാനുള്ള എളുപ്പമാർഗം അതിനുവേണ്ടി യഹോവയോടു പ്രാർഥിക്കുക എന്നതാണ്. ആ പ്രാർഥനകൾ യഹോവയുടെ അടുക്കൽ എത്തും, യഹോവ നമുക്കു പരിശുദ്ധാത്മാവിനെ തരും. യഹോവ തരുന്ന ഈ സമ്മാനത്തെയോ നമ്മുടെ പ്രാർഥനകളെയോ തടയാൻ ഒന്നിനുമാകില്ല, തടവറയ്ക്കോ സാത്താനോ പോലും. (യാക്കോ. 1:17) പരിശുദ്ധാത്മാവിൽനിന്ന് പൂർണപ്രയോജനം കിട്ടാൻ നമ്മൾ എങ്ങനെയാണു പ്രാർഥിക്കേണ്ടത്? ഉത്തരം അറിയാനായി, ലൂക്കോസിന്റെ സുവിശേഷത്തിലെ ഒരു ദൃഷ്ടാന്തകഥ നമുക്ക് ഇപ്പോൾ നോക്കാം. *
മടുത്തുപോകാതെ പ്രാർഥിക്കുക
17. ലൂക്കോസ് 11:5-9, 13-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ദൃഷ്ടാന്തകഥ പ്രാർഥനയെക്കുറിച്ച് എന്താണു നമ്മളെ പഠിപ്പിക്കുന്നത്?
17 ലൂക്കോസ് 11:5-9, 13 വായിക്കുക. പരിശുദ്ധാത്മാവിനുവേണ്ടി നമ്മൾ എങ്ങനെയാണു പ്രാർഥിക്കേണ്ടതെന്നു യേശുവിന്റെ ദൃഷ്ടാന്തം കാണിച്ചുതരുന്നു. ‘മടുത്ത് പിന്മാറാതെ ചോദിച്ചുകൊണ്ടിരുന്നതുകൊണ്ടാണ്’ ഈ കഥയിലെ മനുഷ്യനു സഹായം കിട്ടിയത്. രാത്രി വളരെ വൈകിയിട്ടും കൂട്ടുകാരനോടു സഹായം ചോദിക്കുന്നതിന് അയാൾക്കു നാണക്കേടോ മടിയോ ഇല്ലായിരുന്നു. (ലൂക്കോസ് 11:8-ന്റെ പഠനക്കുറിപ്പ് കാണുക.) ഈ ദൃഷ്ടാന്തത്തിൽനിന്ന് യേശു എന്താണു പ്രാർഥനയെക്കുറിച്ച് പഠിപ്പിച്ചത്? യേശു പറഞ്ഞു: “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും. അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കൂ, നിങ്ങൾക്കു തുറന്നുകിട്ടും.” നമുക്കുള്ള പാഠം എന്താണ്? പരിശുദ്ധാത്മാവിന്റെ സഹായം കിട്ടണമെങ്കിൽ നമ്മൾ മടുത്ത് പിന്മാറാതെ അതിനുവേണ്ടി ചോദിച്ചുകൊണ്ടേയിരിക്കണം.
18. യഹോവ പരിശുദ്ധാത്മാവിനെ തരും എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാൻ യേശുവിന്റെ ദൃഷ്ടാന്തകഥ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
18 യഹോവ നമുക്കു പരിശുദ്ധാത്മാവിനെ തരുമെന്ന് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്? അതു മനസ്സിലാക്കാനും യേശുവിന്റെ ദൃഷ്ടാന്തകഥ നമ്മളെ സഹായിക്കുന്നു. ഈ കഥയിലെ മനുഷ്യൻ നല്ല ആതിഥേയനായിരിക്കാൻ ആഗ്രഹിച്ചു. വൈകി വന്ന അതിഥിക്കു ഭക്ഷണം കൊടുക്കണമെന്ന് അദ്ദേഹത്തിനു തോന്നി. പക്ഷേ വീട്ടിൽ ഒന്നുമുണ്ടായിരുന്നില്ല. ഈ മനുഷ്യൻ മടുത്ത് പിന്മാറാതെ അപ്പത്തിനുവേണ്ടി ചോദിച്ചതുകൊണ്ടാണ് അയൽക്കാരൻ അതു കൊടുത്തതെന്നു യേശു പറഞ്ഞു. യേശു എന്താണ് ഉദ്ദേശിച്ചത്? മടുത്ത് പിന്മാറാതെ ചോദിച്ചുകൊണ്ടിരുന്ന അയൽക്കാരനെ സഹായിക്കാൻ ഒരു അപൂർണമനുഷ്യൻ മനസ്സു കാണിച്ചെങ്കിൽ സ്നേഹവാനായ നമ്മുടെ സ്വർഗീയപിതാവ് പരിശുദ്ധാത്മാവിനുവേണ്ടി മടുത്ത് പിന്മാറാതെ ചോദിച്ചുകൊണ്ടിരിക്കുന്നവരെ എത്രയധികംസഹായിക്കും! അതുകൊണ്ട്,പരിശുദ്ധാത്മാവിനുവേണ്ടിയുള്ള നമ്മുടെ അപേക്ഷകൾ യഹോവ കേൾക്കുമെന്നു നമുക്ക്ഉറപ്പുണ്ടായിരിക്കാം.—സങ്കീ. 10:17; 66:19.
19. നമുക്കു ജയിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
19 നമ്മളെ എങ്ങനെയെങ്കിലും തകർക്കാൻ സാത്താൻ അക്ഷീണം പരിശ്രമിക്കുകയാണ്. എങ്കിലും നമുക്കു ജയിക്കാൻ കഴിയും. എങ്ങനെ? പരിശുദ്ധാത്മാവ് നമ്മളെ രണ്ടു വിധങ്ങളിൽ സഹായിക്കുന്നു. ഒന്ന്, പരിശോധനകളെ മറികടക്കാനുള്ള ശക്തി അതു നമുക്കു തരുന്നു. രണ്ട്, നമ്മൾ ഉയർത്തിക്കെട്ടിയ പായയെ മുന്നോട്ടുതള്ളുന്നു, അതായത് ദൈവത്തിന്റെ പുതിയ ലോകം ലക്ഷ്യമാക്കിയുള്ള നമ്മുടെ യാത്രയിൽ യഹോവയെ സേവിക്കുന്നതിൽ തുടരാൻ അതു നമ്മളെ സഹായിക്കുന്നു. പരിശുദ്ധാത്മാവിന്റെ സഹായത്തിൽനിന്ന് പൂർണപ്രയോജനം നേടാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം!
ഗീതം 41 എന്റെ പ്രാർഥന കേൾക്കേണമേ
^ ഖ. 5 പ്രശ്നങ്ങൾ സഹിച്ചുനിൽക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് എങ്ങനെ സഹായിക്കുമെന്ന് ഈ ലേഖനം വിശദീകരിക്കും. കൂടാതെ, പരിശുദ്ധാത്മാവിൽനിന്ന് സഹായം ലഭിക്കുന്നതിനു നമ്മൾ എന്താണു ചെയ്യേണ്ടതെന്നും പഠിക്കും.
^ ഖ. 59 ചിത്രക്കുറിപ്പുകൾ: ആദ്യത്തെ പടി: ഒരു സഹോദരനും സഹോദരിയും രാജ്യഹാളിൽ വരുന്നു. സഹവിശ്വാസികളുടെകൂടെ സഭായോഗത്തിനു വന്നുകൊണ്ട് അവർ യഹോവയുടെ ആത്മാവുള്ള സ്ഥലത്താണെന്നു പറയാം. രണ്ടാമത്തെ പടി: മീറ്റിങ്ങുകളിൽ ഉത്തരം പറയാൻ അവർ തയ്യാറായിട്ടുണ്ട്. ഈ ലേഖനത്തിൽ പഠിച്ച മറ്റു പ്രവർത്തനങ്ങളുടെ കാര്യത്തിലും, അതായത്, ദൈവവചനത്തിന്റെ പഠനം, പ്രസംഗപ്രവർത്തനം, യഹോവയോടുള്ള പ്രാർഥന എന്നീ കാര്യങ്ങളിലും, ഈ രണ്ടു പടികളും ഉൾപ്പെടുന്നു.