ജീവിതകഥ
മഹത്തായ ക്രിസ്തീയപൈതൃകം ‘തഴച്ചുവളരാൻ’ എന്നെ സഹായിച്ചു
പാതിരാസമയം. ഞങ്ങൾക്കു മുന്നിൽ ഒന്നര കിലോമീറ്ററോളം വീതിയിൽ കുതിച്ചൊഴുകുന്ന നൈജർ മഹാനദി. നൈജീരിയയിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരികൊള്ളുന്ന ആ സമയത്ത് ജീവൻ കൈയിലെടുത്താണു ഞങ്ങൾ ആ നദി കുറുകെ കടന്നത്. ഒന്നല്ല, പല വട്ടം ഞങ്ങൾക്ക് അതു വേണ്ടിവന്നു. ഞാൻ എങ്ങനെയാണ് ഇങ്ങനെയൊരു സാഹചര്യത്തിൽ എത്തിപ്പെട്ടത്? അതു പറയുന്നതിനു മുമ്പ് കാലചക്രത്തിലൂടെ ഒന്നു തിരിച്ചുപോകാം, ഞാൻ ജനിക്കുന്നതിനു മുമ്പുള്ള സമയത്തേക്ക്.
എന്റെ അച്ഛൻ ജോൺ മിൽസ് 1913-ൽ, തന്റെ 25-ാമത്തെ വയസ്സിൽ, ന്യൂയോർക്ക് സിറ്റിയിൽവെച്ച് സ്നാനമേറ്റു. റസ്സൽ സഹോദരനാണു സ്നാനപ്രസംഗം നടത്തിയത്. കുറച്ച് നാളുകൾ കഴിഞ്ഞ് ട്രിനിഡാഡിലേക്കു പോയ അച്ഛൻ അവിടെവെച്ച് കോൺസ്റ്റൻസ് ഫാർമർ എന്ന തീക്ഷ്ണതയുള്ള ഒരു ബൈബിൾവിദ്യാർഥിയെ വിവാഹം കഴിച്ചു. ആളുകളെ “സൃഷ്ടിപ്പിൻ ഫോട്ടോ-നാടകം” കാണിക്കാൻ അച്ഛൻ സുഹൃത്തായ വില്യം ആർ. ബ്രൗൺ സഹോദരനെ സഹായിച്ചു. 1923-ൽ ബ്രൗൺ സഹോദരനെയും സഹോദരിയെയും പശ്ചിമാഫ്രിക്കയിലേക്കു നിയമിക്കുന്നതുവരെ അവർ അങ്ങനെ ചെയ്തുപോന്നു. സ്വർഗീയപ്രത്യാശയുണ്ടായിരുന്ന അച്ഛനും അമ്മയും ട്രിനിഡാഡിൽത്തന്നെ തുടർന്നു.
സ്നേഹമുള്ള മാതാപിതാക്കൾ
അച്ഛനും അമ്മയ്ക്കും ഞങ്ങൾ ഒമ്പതു മക്കളായിരുന്നു. ആദ്യത്തെ മകന് അവർ റഥർഫോർഡ് എന്നു പേരിട്ടു. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റിനെ അനുസ്മരിച്ചുകൊണ്ടായിരുന്നു ആ പേരിട്ടത്. 1922 ഡിസംബർ 30-നാണു ഞാൻ ജനിച്ചത്. സുവർണയുഗം (ഇപ്പോഴത്തെ ഉണരുക!) മാസികയുടെ എഡിറ്ററായിരുന്ന ക്ലെയ്റ്റൺ ജെ. വുഡ്വർത്ത് സഹോദരന്റെ പേരാണ് എനിക്കിട്ടത്. മാതാപിതാക്കൾ ഞങ്ങൾക്ക് അടിസ്ഥാനവിദ്യാഭ്യാസം തന്നു. എന്നാൽ ആത്മീയലക്ഷ്യങ്ങൾക്കാണ് അവർ എപ്പോഴും പ്രാധാന്യം കൊടുത്തത്. തിരുവെഴുത്തുകളിൽനിന്ന് ബോധ്യംവരുത്തുന്ന വിധത്തിൽ ന്യായവാദം ചെയ്യാൻ അമ്മയ്ക്കു നല്ല കഴിവായിരുന്നു. അച്ഛനാണെങ്കിൽ നല്ല രസകരമായി, ആംഗ്യങ്ങളൊക്കെ കാണിച്ച് ഞങ്ങൾക്കു ബൈബിൾകഥകൾ പറഞ്ഞുതരുമായിരുന്നു.
അവരുടെ ശ്രമങ്ങൾക്കു നല്ല ഫലമുണ്ടായി. അവരുടെ അഞ്ച് ആൺമക്കളിൽ മൂന്നു പേർ ഗിലെയാദ് സ്കൂളിൽ പങ്കെടുത്തു. ഞങ്ങളുടെ മൂന്നു പെങ്ങന്മാർ അനേകവർഷങ്ങൾ ട്രിനിഡാഡ്-ടൊബാഗൊയിൽ മുൻനിരസേവനം ചെയ്തു. പഠിപ്പിക്കുകയും നല്ല മാതൃക കാണിച്ചുതരുകയും ചെയ്തുകൊണ്ട് മാതാപിതാക്കൾ ഞങ്ങളെ “യഹോവയുടെ ഭവനത്തിൽ” നട്ടു. ‘ദൈവത്തിന്റെ തിരുമുറ്റത്തുതന്നെ’ നിൽക്കാനും ‘തഴച്ചുവളരാനും’ അവരുടെ പ്രോത്സാഹനം ഞങ്ങളെ സഹായിച്ചു.—സങ്കീ. 92:13.
പ്രസംഗപ്രവർത്തനത്തിന്റെ ഒരു കേന്ദ്രമായിരുന്നു ഞങ്ങളുടെ വീട്. മുൻനിരസേവകർ അവിടെ ഒരുമിച്ചുകൂടി ജോർജ് യങ് സഹോദരനെക്കുറിച്ച് സംസാരിക്കുമായിരുന്നു. ട്രിനിഡാഡ് സന്ദർശിച്ച കാനഡക്കാരനായ ഒരു മിഷനറിയായിരുന്നു അദ്ദേഹം. മുമ്പ് തങ്ങളുടെ പങ്കാളികളായിരുന്ന, പശ്ചിമാഫ്രിക്കയിലേക്കു പോയ ബ്രൗൺ സഹോദരനെയും സഹോദരിയെയും കുറിച്ച് എന്റെ മാതാപിതാക്കൾ
ആവേശത്തോടെ സംസാരിച്ചു. പത്താമത്തെ വയസ്സിൽ വയൽസേവനം തുടങ്ങാൻ ഇതെല്ലാം എന്നെ പ്രചോദിപ്പിച്ചു.എന്റെ പ്രവർത്തനത്തിന്റെ തുടക്കം
അക്കാലത്ത് നമ്മുടെ മാസികകളിൽ ശക്തമായ ഭാഷയാണ് ഉപയോഗിച്ചിരുന്നത്. വ്യാജമതങ്ങളുടെ കാപട്യത്തെയും വാണിജ്യലോകത്തിന്റെ അത്യാർത്തിയെയും രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകളെയും കുറിച്ചൊക്കെ അവ തുറന്നടിച്ചിരുന്നു. പുരോഹിതന്മാർ തിരിച്ചടിച്ചു. 1936-ൽ അവർ ട്രിനിഡാഡിന്റെ ഗവർണറെ സ്വാധീനിച്ച് നമ്മുടെ പ്രസിദ്ധീകരണങ്ങൾക്കു നിരോധനം കൊണ്ടുവന്നു. പ്രസിദ്ധീകരണങ്ങൾ ഞങ്ങൾ ഒളിപ്പിച്ചുവെച്ചു, അതു തീരുന്നതുവരെ ഉപയോഗിക്കുകയും ചെയ്തു. നോട്ടീസുകളും പ്ലക്കാർഡുകളും ഉപയോഗിച്ചുകൊണ്ട് ഞങ്ങൾ വിജ്ഞാപനജാഥകളും സൈക്കിളിൽ പരേഡുകളും നടത്തി. സൗണ്ട് കാറുമായി ട്യൂണപ്യൂണയിൽനിന്നെത്തിയ ഒരു കൂട്ടം സഹോദരങ്ങളോടൊപ്പം ഞങ്ങൾ ട്രിനിഡാഡിലെ അതിവിദൂരഭാഗങ്ങളിൽപ്പോലും പോയി പ്രസംഗിച്ചു. ശരിക്കും ആവേശം നിറഞ്ഞ ദിവസങ്ങളായിരുന്നു അത്! ഞാൻ വളർന്നുവന്ന ആത്മീയാന്തരീക്ഷം 16-ാമത്തെ വയസ്സിൽ സ്നാനപ്പെടാൻ എന്നെ പ്രേരിപ്പിച്ചു.
എന്റെ കുടുംബത്തിന്റെ ആത്മീയപൈതൃകവും ആ ആദ്യകാല അനുഭവങ്ങളും ഒരു മിഷനറിയാകാനുള്ള ആഗ്രഹം എന്നിൽ ജ്വലിപ്പിച്ചു. 1944-ൽ ഞാൻ അരുബയിലേക്കു പോയി അവിടെ എഡ്മണ്ട് ഡബ്ല്യൂ. കുമിങ്സ് സഹോദരന്റെകൂടെ പ്രവർത്തിക്കാൻ തുടങ്ങി. അപ്പോഴും മിഷനറി സ്വപ്നം എന്റെ മനസ്സിൽനിന്ന് മാഞ്ഞിരുന്നില്ല. അരുബയിൽ 1945-ലെ സ്മാരകത്തിനു പത്തു പേർ വന്നതു കണ്ടപ്പോൾ ഞങ്ങൾ ശരിക്കും ആവേശഭരിതരായി. അടുത്ത വർഷം ആ ദ്വീപിലെ ആദ്യത്തെ സഭ രൂപംകൊണ്ടു.
അധികം കഴിയുന്നതിനു മുമ്പ്, എന്റെ കൂടെ ജോലി ചെയ്തിരുന്ന ഓറിസ് വില്യംസിനോടു ഞാൻ അനൗപചാരികമായി സാക്ഷീകരിച്ചു. അവളെ പഠിപ്പിച്ചിരുന്ന കാര്യങ്ങൾ ശരിയാണെന്നു സ്ഥാപിക്കാൻ അവൾ മറുവാദങ്ങളുമായി വന്നു. എന്നാൽ ദൈവവചനം യഥാർഥത്തിൽ എന്താണു പറയുന്നതെന്ന് ഒരു ബൈബിൾപഠനത്തിലൂടെ അവൾ മനസ്സിലാക്കി. 1947 ജനുവരി 5-നു സ്നാനപ്പെട്ടു. പിന്നീടു ഞങ്ങൾ പ്രണയത്തിലായി, വിവാഹിതരായി. 1950 നവംബറിൽ ഓറിസ് മുൻനിരസേവനം തുടങ്ങി. ഓറിസിനോടൊപ്പം എന്റെ ജീവിതം വീണ്ടും ‘തഴച്ചുവളരാൻ’ തുടങ്ങി.
നൈജീരിയയിലെ ആവേശകരമായ നാളുകൾ
1955-ൽ ഞങ്ങളെ ഗിലെയാദ് സ്കൂളിന്റെ 27-ാമത്തെ ക്ലാസിലേക്കു ക്ഷണിച്ചു. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഞാനും ഓറിസും ജോലി രാജിവെച്ചു, വീടും മറ്റു വസ്തുവകകളും വിറ്റു, അരുബയോടു വിടപറഞ്ഞു. 1956 ജൂലൈ 29-നു ഞങ്ങൾക്കു ഗിലെയാദിൽനിന്ന് ബിരുദം ലഭിച്ചു. ഞങ്ങളെ നൈജീരിയയിലേക്കാണു നിയമിച്ചത്.
ഇനി ഓറിസ് അവളുടെ ഓർമകൾ പറയട്ടെ: “മിഷനറിജീവിതത്തിൽ സന്തോഷത്തിന്റെ വേളകളും ദുഃഖത്തിന്റെ സമയങ്ങളും ഉണ്ട്, ആ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ യഹോവയുടെ ആത്മാവ് ഒരു വ്യക്തിയെ സഹായിക്കും. ഭർത്താവിൽനിന്ന് വ്യത്യസ്തയായി, മിഷനറിയാകാനുള്ള ആഗ്രഹമൊന്നും ആദ്യമൊന്നും എനിക്കില്ലായിരുന്നു. കുടുംബവും കുട്ടികളും ഒക്കെയായി ഒരു വീട്ടിൽ ഒതുങ്ങിക്കൂടാനായിരുന്നു എനിക്കു താത്പര്യം. എന്നാൽ പ്രസംഗപ്രവർത്തനം എത്ര അടിയന്തിരമായി ചെയ്യേണ്ടതാണെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ ആ കാഴ്ചപ്പാടു മാറ്റി. ഗിലെയാദിൽനിന്ന് ബിരുദം കിട്ടിയപ്പോഴേക്കും ഒരു മിഷനറിയായി പ്രവർത്തിക്കാൻ ഞാൻ പൂർണമായി ഒരുങ്ങിയിരുന്നു. നൈജീരിയയിലേക്കു പോകാനായി ഞങ്ങൾ ക്വീൻ മേരി എന്ന കപ്പലിൽ കയറിയപ്പോൾ ഞങ്ങളെ യാത്രയാക്കാൻ നോർ സഹോദരന്റെ ഓഫീസിൽനിന്ന് വർത്ത് തോംടൺ സഹോദരൻ വന്നു. ബഥേലിലേക്കാണു ഞങ്ങളെ നിയമിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് അൽപ്പം നിരാശ തോന്നി. പക്ഷേ പെട്ടെന്നുതന്നെ ഞാൻ കാര്യങ്ങളുമായി ഇണങ്ങി, ബഥേൽസേവനം ഞാൻ ഇഷ്ടപ്പെട്ടുതുടങ്ങി. അവിടെ ഞാൻ പല നിയമനങ്ങളും ചെയ്തു. പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് റിസപ്ഷനിസ്റ്റായുള്ള നിയമനമായിരുന്നു. ആളുകളോടു സംസാരിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. ഈ നിയമനം നൈജീരിയയിലെ സഹോദരങ്ങളുമായി അടുത്ത് ഇടപഴകാൻ എനിക്ക് അവസരം തന്നു. മിക്കവരും ദേഹമാസകലം പൊടി പിടിച്ച് ആകെ വിശന്ന് തളർന്നായിരിക്കും പുറത്തുനിന്ന് വരുന്നത്. അവരുടെ ഉന്മേഷം വീണ്ടെടുക്കാനും ആശ്വസിപ്പിക്കാനും ഓരോ കാര്യങ്ങൾ ചെയ്യുന്നത് എനിക്കു വളരെ ഇഷ്ടമായിരുന്നു. ഇതെല്ലാം യഹോവയ്ക്കുള്ള വിശുദ്ധസേവനത്തിന്റെ ഭാഗമായിരുന്നു. എല്ലാം എനിക്കു വളരെയധികം സന്തോഷവും സംതൃപ്തിയും തരുകയും ചെയ്തു.” അതെ, എല്ലാ നിയമനങ്ങളും ‘തഴച്ചുവളരാൻ’ ഞങ്ങൾക്ക് അവസരമേകി.
ട്രിനിഡാഡിൽ, 1961-ൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാം ഒന്നിച്ചുകൂടിയ സമയത്ത് ബ്രൗൺ സഹോദരൻ ആഫ്രിക്കയിൽവെച്ച് അദ്ദേഹത്തിനുണ്ടായ ആവേശകരമായ ചില അനുഭവങ്ങൾ പറഞ്ഞു. നൈജീരിയയിലെ വളർച്ചയെക്കുറിച്ച് ഞാനും പറഞ്ഞു. സ്നേഹത്തോടെ എന്റെ തോളത്ത് കൈയിട്ട് സഹോദരൻ അച്ഛനോടു പറഞ്ഞു: “ജോണീ, നീ ആഫ്രിക്കയിലേക്കു വന്നില്ല. പക്ഷേ വുഡ്വർത്ത് അതു ചെയ്തു.” ഇതു കേട്ടപ്പോൾ അച്ഛൻ പറഞ്ഞു: “കൊള്ളാം വർത്ത്, കൊള്ളാം.” അനുഭവസമ്പന്നരായ ആ ആത്മീയപുരുഷന്മാരുടെ പ്രോത്സാഹനവാക്കുകൾ ശുശ്രൂഷ സമഗ്രമായി ചെയ്യാനുള്ള എന്റെ ആഗ്രഹം തീവ്രമാക്കി.
1962-ൽ കൂടുതൽ പരിശീലനം നേടുന്നതിനുവേണ്ടി എന്നെ ഗിലെയാദിന്റെ 37-ാമത്തെ ക്ലാസിലേക്കു ക്ഷണിച്ചു. പത്തു മാസത്തെ കോഴ്സായിരുന്നു അത്. നൈജീരിയയിലെ ബ്രാഞ്ച് മേൽവിചാരകനായിരുന്ന വിൽഫ്രെഡ് ഗൂച്ച് സഹോദരൻ ഗിലെയാദിന്റെ 38-ാമത്തെ ക്ലാസിൽ പങ്കെടുത്തു. അദ്ദേഹത്തിന് ഇംഗ്ലണ്ടിലേക്കാണു നിയമനം കിട്ടിയത്. അപ്പോൾ നൈജീരിയ ബ്രാഞ്ചിന്റെ മേൽനോട്ടം * മിക്കപ്പോഴും ഈ ബസുകളിൽ ഉദ്വേഗജനകമായ മുദ്രാവാക്യങ്ങൾ എഴുതിയിരുന്നു, ഉദാഹരണത്തിന്, “ചെറിയചെറിയ ജലകണങ്ങൾ ചേർന്നാണു വലിയ ഒരു സമുദ്രമുണ്ടാകുന്നത്.”
എന്റെ ചുമലിലായി. ബ്രൗൺ സഹോദരനെ അനുകരിച്ചുകൊണ്ട് ഞാൻ നൈജീരിയയിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചു, നൈജീരിയയിലെ പ്രിയപ്പെട്ട സഹോദരങ്ങളെ മനസ്സിലാക്കാനും അവരുമായി അടുക്കാനും എനിക്ക് അതുവഴി കഴിഞ്ഞു. വികസിതരാജ്യങ്ങളിലെ ആളുകൾക്കുള്ള പലതും അവർക്കില്ലായിരുന്നു. പക്ഷേ അവരുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും ഒരു കാര്യം വ്യക്തമായി കാണിച്ചുതന്നു: അർഥവത്തായ ഒരു ജീവിതത്തിന്റെ താക്കോൽ പണമോ വസ്തുവകകളോ അല്ല. അവർ എല്ലാവരും നന്നായി ഒരുങ്ങി, അന്തസ്സോടെയാണു മീറ്റിങ്ങുകൾക്കു വന്നിരുന്നത്. അവരുടെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ, അങ്ങനെ ചെയ്യുന്നതിന് അവരെ അഭിനന്ദിക്കാതെ തരമില്ല. പലരും കൺവെൻഷനുകൾക്കു വന്നിരുന്നതു ലോറികളിലും തദ്ദേശീയമായി നിർമിച്ചിരുന്ന, തുറന്ന വശങ്ങളുള്ള ബസുകളിലും ആയിരുന്നു.ആ വാക്കുകൾ എത്ര സത്യമായിരുന്നു! ഓരോ വ്യക്തിയുടെയും കൊച്ചുകൊച്ചു ശ്രമങ്ങൾക്കു വിലയുണ്ട്. ഞങ്ങളുടെ പങ്കു ഞങ്ങളും ചെയ്തു. അങ്ങനെ 1974 ആയപ്പോഴേക്കും ഐക്യനാടുകൾക്കു ശേഷം 1 ലക്ഷം പ്രചാരകർ എന്ന നേട്ടം കൈവരിച്ച രാജ്യമായി നൈജീരിയ മാറി. പ്രവർത്തനം തഴച്ചുവളരുകയായിരുന്നു!
അതിവേഗതയിലുള്ള ഈ വളർച്ചയ്ക്കിടെയാണ് നൈജീരിയയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 1967 മുതൽ 1970 വരെ അതു നീണ്ടുനിന്നു. നൈജർ നദിയുടെ അക്കരെയുള്ള ബയാഫ്രൻ പ്രദേശത്തെ സഹോദരങ്ങൾക്കു ബ്രാഞ്ചോഫീസുമായുള്ള എല്ലാ ബന്ധവും മാസങ്ങളോളം നഷ്ടപ്പെട്ടിരുന്നു. അവർക്കു വേണ്ട ആത്മീയാഹാരം അവരുടെ അടുത്ത് കൊണ്ടുചെന്ന് കൊടുക്കണമായിരുന്നു. തുടക്കത്തിൽ പറഞ്ഞതുപോലെ, യഹോവയോടു പ്രാർഥിച്ചുകൊണ്ടും യഹോവയിൽ ആശ്രയിച്ചുകൊണ്ടും ഞങ്ങൾ പല വട്ടം നൈജർ നദി കുറുകെ കടന്നു.
അപകടം പിടിച്ച ആ യാത്രകൾ ഇന്നും എന്റെ ഓർമകളിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാം. അതു ചിലപ്പോൾ കാഞ്ചി വലിക്കാൻ തയ്യാറായി നിൽക്കുന്ന പട്ടാളക്കാരുടെ കൈകൊണ്ടാകാം, അല്ലെങ്കിൽ രോഗങ്ങളോ മറ്റ് കാരണങ്ങളോ മൂലമായിരിക്കാം. സംശയദൃഷ്ടിയോടെ നോക്കിയിരുന്ന നൈജീരിയൻ സൈന്യത്തെ മറികടന്നു വേണമായിരുന്നു ഞങ്ങൾക്ക് അക്കരെ കടക്കാൻ. ഇനി അക്കരെ കടന്നാലോ? ബയാഫ്രൻ പ്രദേശത്ത് പ്രവേശിക്കുന്നത് അതിലും ഭീതിജനകമായിരുന്നു. ഒരു അവസരത്തിൽ, ഞാൻ ഒരു ചെറിയ വള്ളത്തിൽ കുതിച്ചൊഴുകുന്ന നൈജർ നദി അസബായിൽനിന്ന് ഒനിട്ഷയിലേക്കു കുറുകെ കടന്ന്, എനുഗുവിൽ എത്തി മേൽവിചാരകന്മാരെ പ്രോത്സാഹിപ്പിച്ചു. മറ്റൊരിക്കൽ, നിർബന്ധിത നിശാനിയമം ഏർപ്പെടുത്തിയിരുന്ന അബായിൽ ചെന്ന് അവിടത്തെ മൂപ്പന്മാരെ ബലപ്പെടുത്തി. പോർട്ട് ഹാൻകോർട്ടിൽ, നൈജീരിയൻ സൈന്യം ബയാഫ്രൻ സൈന്യത്തെ കീഴടക്കി മുന്നേറിവന്നതുകൊണ്ട് ഞങ്ങൾക്കു പെട്ടെന്നു പ്രാർഥിച്ച് മീറ്റിങ്ങ് അവസാനിപ്പിക്കേണ്ടിവന്നു.
യഹോവയുടെ സ്നേഹത്തോടെയുള്ള കരുതൽ സംബന്ധിച്ച് ഉറപ്പു കൊടുക്കാനും നിഷ്പക്ഷതയോടും ഐക്യത്തോടും ബന്ധപ്പെട്ട് ആവശ്യമായ ബുദ്ധിയുപദേശം കൊടുക്കാനും അത്തരം കൂടിവരവുകൾ അനിവാര്യമായിരുന്നു. നൈജീരിയയിലെ സഹോദരങ്ങൾ അങ്ങേയറ്റം ദുർഘടമായ ആ സമയങ്ങൾ വിജയകരമായി അതിജീവിച്ചു. ഗോത്രങ്ങളുടെ പേരിലുള്ള തരംതിരിവുകളുടെ വേലിക്കെട്ടുകളെയെല്ലാം മറികടക്കുന്ന സ്നേഹം അവർ പ്രകടമാക്കി. ക്രിസ്തീയ ഐക്യം കാത്തുസൂക്ഷിക്കുകയും ചെയ്തു. പരിശോധനകളുടെ ആ കാലത്ത് അവരുടെകൂടെയായിരിക്കാൻ കഴിഞ്ഞത് ശരിക്കും ഒരു വലിയ പദവിയായിരുന്നു!
ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ 1969-ൽ നടന്ന “ഭൂമിയിൽ സമാധാനം” അന്താരാഷ്ട്രസമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു മിൽട്ടൻ ജി. ഹെൻഷൽ സഹോദരൻ. ഞാൻ അദ്ദേഹത്തിന്റെ സഹായിയായി സേവിച്ചു. അതിലൂടെ എനിക്കു പല കാര്യങ്ങളും പഠിക്കാൻ സാധിച്ചു. വേണ്ട സമയത്താണ് എനിക്ക് ആ പരിശീലനം കിട്ടിയത്. കാരണം, 1970-ൽ ഞങ്ങൾ നൈജീരിയയിലെ ലാഗോസിൽ “ദൈവപ്രസാദമുള്ള മനുഷ്യർ” അന്താരാഷ്ട്രസമ്മേളനം നടത്തി. ആഭ്യന്തരയുദ്ധം അവസാനിച്ചതേ ഉണ്ടായിരുന്നുള്ളൂ, യഹോവയുടെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് ആ പരിപാടി വിജയിച്ചത്. കൺവെൻഷൻ 17 ഭാഷകളിൽ നടന്നു എന്നത് ഒരു റെക്കോർഡായിരുന്നു. 1,21,128 പേർ പങ്കെടുത്തു. നോർ സഹോദരനും ഹെൻഷൽ സഹോദരനും ഉൾപ്പെടെ ഐക്യനാടുകളിൽനിന്നും ഇംഗ്ലണ്ടിൽനിന്നും വന്ന പ്രതിനിധികൾക്ക് 3,775 പേരുടെ സ്നാനത്തിനു സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു. ഒരുപക്ഷേ പെന്തിക്കോസ്തിനു ശേഷം ഇത്രയധികം ആളുകൾ ഒരുമിച്ച് സ്നാനമേറ്റത് അന്നായിരിക്കാം! ആ പരിപാടി സംഘടിപ്പിച്ച സമയമായിരുന്നു ഒരുപക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും തിരക്കു പിടിച്ച സമയം. പ്രചാരകരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു.
30 വർഷത്തിലധികം ഞാൻ നൈജീരിയയിലുണ്ടായിരുന്നു. അക്കാലത്ത് ഇടയ്ക്കിടെ ഞാൻ ഒരു സഞ്ചാര മേൽവിചാരകനായും പശ്ചിമാഫ്രിക്കയിൽ ഒരു മേഖലാ മേൽവിചാരകനായും സേവിച്ചു. മിഷനറിമാരെ നേരിൽക്കണ്ട് പ്രോത്സാഹിപ്പിച്ചതിന് അവർ എത്ര നന്ദിയുള്ളവരായിരുന്നെന്നോ! അവരെ അവഗണിച്ചിട്ടില്ലെന്ന് ഉറപ്പു കൊടുക്കാൻ കഴിഞ്ഞതു ശരിക്കും സന്തോഷം തരുന്ന കാര്യമായിരുന്നു! ഈ പ്രവർത്തനം എന്നെ ഒരു കാര്യം പഠിപ്പിച്ചു: സഹോദരങ്ങൾ തഴച്ചുവളരാൻ സഹായിക്കണമെങ്കിൽ, സംഘടനയുടെ ഐക്യവും ശക്തിയും കാത്തുസൂക്ഷിക്കണമെങ്കിൽ, നമ്മൾ സഹോദരങ്ങളോടു വ്യക്തിപരമായ താത്പര്യം കാണിക്കണം.
യഹോവയുടെ സഹായത്താൽ മാത്രമാണ് ആഭ്യന്തരയുദ്ധത്തിന്റെയും രോഗങ്ങളുടെയും കെടുതികളിൽ പിടിച്ചുനിൽക്കാൻ ഞങ്ങൾക്കു കഴിഞ്ഞത്. യഹോവയുടെ അനുഗ്രഹം ഞങ്ങൾക്ക് എപ്പോഴും കാണാൻ കഴിഞ്ഞു. ഓറിസ് പറയുന്നു:
“ഞങ്ങൾക്കു പല വട്ടം മലമ്പനി പിടിപെട്ടു. ഒരു അവസരത്തിൽ, വർത്തിനെ ലാഗോസിലെ ഒരു ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹത്തിനു ബോധമില്ലായിരുന്നു. രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് അധികൃതർ എന്നോടു പറഞ്ഞു, പക്ഷേ സന്തോഷകരമെന്നു പറയട്ടെ, അദ്ദേഹം രക്ഷപ്പെട്ടു. ബോധം വന്നപ്പോൾ അദ്ദേഹം, തന്നെ ശുശ്രൂഷിച്ചിരുന്ന നഴ്സിനോടു ദൈവരാജ്യത്തെക്കുറിച്ച് സംസാരിച്ചു. പിന്നീട് ഞാനും വർത്തും ആ നഴ്സിനു മടക്കസന്ദർശനം നടത്തി. വാംബിവേ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹം സത്യം സ്വീകരിക്കുകയും അബായിലെ സഭയിൽ ഒരു മൂപ്പനാകുകയും ചെയ്തു. എനിക്കും യാഥാസ്ഥിതികരായ മുസ്ലീങ്ങൾ ഉൾപ്പെടെ പലരെയും സത്യം പഠിപ്പിക്കാനും യഹോവയുടെ ആരാധകരാകാൻ സഹായിക്കാനും കഴിഞ്ഞു. നൈജീരിയക്കാരെ അടുത്ത് അറിയാൻ കഴിഞ്ഞതും ഞങ്ങളെ സന്തോഷിപ്പിച്ചു. ഞങ്ങൾ അവരെ സ്നേഹിച്ചു, ആളുകൾ മാത്രമല്ല അവരുടെ സംസ്കാരവും രീതികളും ഭാഷയും എല്ലാം ഞങ്ങൾക്കു പ്രിയപ്പെട്ടതായി.”
ഞങ്ങൾ പഠിച്ച വേറൊരു പാഠം ഇതാണ്: വിദേശനിയമനത്തിൽ തഴച്ചുവളരണമെങ്കിൽ, സഹോദരങ്ങളെ നമ്മൾ സ്നേഹിക്കാൻ പഠിക്കണം, അവരുടെ സംസ്കാരം നമ്മുടേതിൽനിന്ന് എത്ര വ്യത്യസ്തമാണെങ്കിലും ശരി.
പുതിയ നിയമനങ്ങൾ
നൈജീരിയയിലെ ബഥേലിൽ സേവിച്ചശേഷം 1987-ൽ ഞങ്ങളെ കരീബിയൻ ദ്വീപുകളിലെ സെന്റ് ലൂസിയ എന്ന മനോഹരമായ ദ്വീപിലേക്കു മിഷനറിമാരായി നിയമിച്ചു. സന്തോഷകരമായ ഒരു നിയമനമായിരുന്നു അത്. എന്നാൽ പുതിയ ചില പ്രശ്നങ്ങൾ നേരിട്ടു. ഒരു പുരുഷനു പല ഭാര്യമാരുണ്ട് എന്നതായിരുന്നു ആഫ്രിക്കയിലെ പ്രശ്നമെങ്കിൽ, വിവാഹം കഴിക്കാതെ പുരുഷനും സ്ത്രീയും ഒരുമിച്ച് ജീവിക്കും എന്നതായിരുന്നു ഇവിടത്തെ പ്രശ്നം. മാറ്റങ്ങൾ വരുത്താൻ ദൈവവചനത്തിലെ ശക്തമായ സന്ദേശം ഞങ്ങളുടെ ബൈബിൾവിദ്യാർഥികളെ സഹായിച്ചു.
പ്രായം കൂടിവന്നതനുസരിച്ച് ഞങ്ങളുടെ ശക്തി ക്ഷയിച്ചുവന്നു. അതുകൊണ്ട് ഭരണസംഘം സ്നേഹപൂർവം 2005-ൽ ഞങ്ങളെ ഐക്യനാടുകളിലെ ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ലോകാസ്ഥാനത്തേക്കു നിയമിച്ചു. ഓറിസിനെ തന്നതിനു ഞാൻ ഇപ്പോഴും എല്ലാ ദിവസവും യഹോവയ്ക്കു നന്ദി പറയുന്നു. 2015-ൽ മരണം അവളെ എന്നിൽനിന്ന് കവർന്നെടുത്തു. അവളില്ലാത്തതിന്റെ വേദന എനിക്കു പറഞ്ഞറിയിക്കാനാകില്ല. ഏറ്റവും നല്ല ഒരു സുഹൃത്ത്, സ്നേഹമയിയായ, സ്നേഹം തോന്നുന്ന ഒരു ഭാര്യ, അങ്ങനെ എല്ലാമെല്ലാമായിരുന്നു അവൾ. ഞങ്ങൾ ഒരുമിച്ചുള്ള 68 വർഷവും ഞാൻ അവളെ ജീവനു തുല്യം സ്നേഹിച്ചു. കുടുംബത്തിലായാലും സഭയിലായാലും സന്തോഷത്തിനുള്ള സൂത്രവാക്യം ഞങ്ങൾ കണ്ടുപിടിച്ചു: അധികാരത്തെ ആദരിക്കുക, ഉദാരമായി ക്ഷമിക്കുക, എപ്പോഴും താഴ്മയുള്ളവരായിരിക്കുക, ആത്മാവിന്റെ ഫലം പ്രകടമാക്കുക.
നിരാശയ്ക്കും നിരുത്സാഹത്തിനും ഇടയാക്കുന്ന കാര്യങ്ങളുണ്ടായപ്പോൾ, സഹായത്തിനായി ഞങ്ങൾ യഹോവയിലേക്കു നോക്കി. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഞങ്ങളുടെ ത്യാഗങ്ങളെല്ലാം പാഴായിപ്പോയേനേ. അതുമായി പൊരുത്തപ്പെട്ടുപോയപ്പോൾ കാര്യങ്ങൾ മെച്ചപ്പെടുന്നതായി ഞങ്ങൾ കണ്ടു, ഏറ്റവും നല്ലത് ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ!—യശ. 60:17; 2 കൊരി. 13:11.
ട്രിനിഡാഡ്-ടൊബാഗൊയിൽ യഹോവ എന്റെ മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും ശ്രമങ്ങളെ അനുഗ്രഹിച്ചു. അതിന്റെ ഫലമായി, ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് 9,892 പേരാണു സത്യാരാധന സ്വീകരിച്ചിരിക്കുന്നത്. അരുബയിൽ, ഞാൻ സഹവസിച്ചിരുന്ന സഭ വളർന്ന് ഇപ്പോൾ ആ ദ്വീപിൽ 14 സഭകളുണ്ട്. പലരുടെയും അധ്വാനം അതിനു പിന്നിലുണ്ട്. ഇനി നൈജീരിയയുടെ കാര്യം: അവിടത്തെ പ്രചാരകരുടെ എണ്ണം വർധിച്ച് ഇപ്പോൾ 3,81,398 ആയിരിക്കുകയാണ്. സെന്റ് ലൂസിയയിൽ 783 പ്രചാരകരാണു യഹോവയുടെ രാജ്യത്തിന്റെ വക്താക്കളായി പ്രവർത്തിക്കുന്നത്.
ഞാൻ എന്റെ 90-കളുടെ മധ്യത്തിലാണ്. യഹോവയുടെ ഭവനത്തിൽ നട്ടിരിക്കുന്നവരെക്കുറിച്ച് സങ്കീർത്തനം 92:14 പറയുന്നു: “വാർധക്യത്തിലും അവർ തഴച്ചുവളരും; അവർ അപ്പോഴും ഉണർവും ഓജസ്സും ഉള്ളവരായിരിക്കും.” യഹോവയുടെ സേവനത്തിൽ ചെലവിട്ട എന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്കു സന്തോഷമുണ്ട്. എന്റെ മഹത്തായ ക്രിസ്തീയപൈതൃകം സമയവും ശക്തിയും മുഴുവൻ യഹോവയ്ക്കായി ചെലവിടാൻ എന്നെ പ്രോത്സാഹിപ്പിച്ചു. ‘(എന്റെ) ദൈവത്തിന്റെ തിരുമുറ്റത്ത് തഴച്ചുവളരാൻ’ തന്റെ അചഞ്ചലസ്നേഹത്തിൽ യഹോവ എന്നെ അനുവദിച്ചിരിക്കുന്നു.—സങ്കീ. 92:13.
^ ഖ. 18 1972 മാർച്ച് 8 ലക്കം ഉണരുക!-യുടെ (ഇംഗ്ലീഷ്) 24-26 പേജുകൾ കാണുക.