വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 13

ശുശ്രൂ​ഷ​യിൽ സഹാനു​ഭൂ​തി കാണി​ക്കുക

ശുശ്രൂ​ഷ​യിൽ സഹാനു​ഭൂ​തി കാണി​ക്കുക

“യേശു​വിന്‌ അവരോട്‌ അലിവ്‌ തോന്നി, അവരെ പലതും പഠിപ്പി​ച്ചു.”—മർക്കോ. 6:34.

ഗീതം 70 അർഹത​യു​ള്ള​വരെ അന്വേ​ഷി​ക്കു​ക

പൂർവാവലോകനം *

1. യേശു​വി​ന്റെ വ്യക്തി​ത്വ​ത്തി​ലെ ഏറ്റവും ആകർഷ​ക​മായ കാര്യ​ങ്ങ​ളി​ലൊന്ന്‌ ഏതാണ്‌? വിശദീ​ക​രി​ക്കുക.

യേശു​വി​ന്റെ വ്യക്തി​ത്വ​ത്തി​ലെ ഏറ്റവും ആകർഷ​ക​മായ കാര്യ​ങ്ങ​ളി​ലൊ​ന്നാണ്‌ അപൂർണ​മ​നു​ഷ്യ​രായ നമ്മൾ നേരി​ടുന്ന പ്രശ്‌നങ്ങൾ മനസ്സി​ലാ​ക്കാ​നുള്ള പ്രാപ്‌തി. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, ‘സന്തോ​ഷി​ക്കു​ന്ന​വ​രു​ടെ​കൂ​ടെ സന്തോ​ഷി​ക്കാ​നും കരയു​ന്ന​വ​രു​ടെ​കൂ​ടെ കരയാ​നും’ യേശു​വി​നു കഴിഞ്ഞു. (റോമ. 12:15) ഉദാഹ​ര​ണ​ത്തിന്‌, തങ്ങൾക്കു കിട്ടിയ ഒരു പ്രസം​ഗ​നി​യ​മനം വിജയ​ക​ര​മാ​യി പൂർത്തി​യാ​ക്കി 70 ശിഷ്യ​ന്മാർ സന്തോ​ഷ​ത്തോ​ടെ മടങ്ങി​വ​ന്ന​പ്പോൾ യേശു ‘അതിയാ​യി സന്തോ​ഷി​ച്ചു.’ (ലൂക്കോ. 10:17-21) അതേസ​മയം, ലാസറി​ന്റെ മരണം പ്രിയ​പ്പെ​ട്ട​വരെ എത്രമാ​ത്രം ദുഃഖി​പ്പി​ച്ചെന്നു കണ്ടപ്പോൾ “മനസ്സു നൊന്ത്‌ യേശു വല്ലാതെ അസ്വസ്ഥ​നാ​യി.”—യോഹ. 11:33.

2. ആളുക​ളോ​ടു സഹാനു​ഭൂ​തി കാണി​ക്കാൻ യേശു​വി​നു കഴിഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌?

2 പൂർണ​നായ യേശു​വിന്‌ എങ്ങനെ​യാ​ണു പാപി​ക​ളായ മനുഷ്യ​രോട്‌ ഇത്ര ദയയോ​ടെ​യും അനുക​മ്പ​യോ​ടെ​യും ഇടപെ​ടാൻ കഴിഞ്ഞത്‌? യേശു ആളുകളെ സ്‌നേ​ഹി​ച്ചു എന്നതാണ്‌ ഏറ്റവും പ്രധാ​ന​കാ​ര്യം. കഴിഞ്ഞ ലേഖന​ത്തിൽ കണ്ടതു​പോ​ലെ, ‘മനുഷ്യ​മ​ക്ക​ളോട്‌ (യേശു​വി​നു) പ്രത്യേ​ക​പ്രി​യ​മു​ണ്ടാ​യി​രു​ന്നു.’ (സുഭാ. 8:31) യേശു​വി​നു സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ ആളുകൾ ചിന്തി​ക്കുന്ന വിധം നന്നായി മനസ്സി​ലാ​ക്കാൻ യേശു ആഗ്രഹി​ച്ചു. ‘മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ എന്താ​ണെന്നു യേശു അറിയു​ക​യും’ ചെയ്‌തെന്ന്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ പറയുന്നു. (യോഹ. 2:25) യേശു​വി​നു മറ്റുള്ള​വ​രോട്‌ ആഴമായ അനുക​മ്പ​യു​ണ്ടാ​യി​രു​ന്നു. തങ്ങളെ യേശു സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ ആളുകൾക്കു മനസ്സി​ലാ​യി. രാജ്യ​സ​ന്ദേശം ശ്രദ്ധി​ക്കാൻ അവർ മനസ്സു കാണി​ക്കു​ക​യും ചെയ്‌തു. ആളുക​ളോ​ടു നമ്മൾ എത്രമാ​ത്രം അനുകമ്പ വളർത്തി​യെ​ടു​ക്കു​ന്നോ, ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മ്പോൾ അവരെ അത്രയ​ധി​കം സഹായി​ക്കാൻ നമുക്കു കഴിയും.—2 തിമൊ. 4:5.

3-4. (എ) സഹാനു​ഭൂ​തി​യു​ണ്ടെ​ങ്കിൽ നമ്മൾ ശുശ്രൂ​ഷയെ എങ്ങനെ വീക്ഷി​ക്കും? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

3 പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാൻ താൻ ബാധ്യ​സ്ഥ​നാ​ണെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. നമുക്കും ആ ഉത്തരവാ​ദി​ത്വ​മു​ണ്ടെന്നു നമുക്ക്‌ അറിയാം. (1 കൊരി. 9:16) എന്നാൽ സഹാനു​ഭൂ​തി​യു​ണ്ടെ​ങ്കിൽ, ശുശ്രൂഷ വെറും ഒരു കടപ്പാടു മാത്ര​മാ​യി നമുക്കു തോന്നില്ല. മറിച്ച്‌ ആളുക​ളെ​ക്കു​റി​ച്ചുള്ള ചിന്തയും അവരെ സഹായി​ക്കാ​നുള്ള ആഗ്രഹ​വും ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ നമ്മളെ പ്രേരി​പ്പി​ക്കും. “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌” എന്നു നമുക്ക്‌ അറിയാം. (പ്രവൃ. 20:35) ആളുകളെ സഹായി​ക്കാ​നുള്ള ആഗ്രഹം​കൊണ്ട്‌ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മ്പോൾ നമ്മൾ അതു കൂടുതൽ ആസ്വദി​ക്കും.

4 ശുശ്രൂ​ഷ​യിൽ എങ്ങനെ സഹാനു​ഭൂ​തി കാണി​ക്കാ​മെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. ആദ്യം, സഹാനു​ഭൂ​തി കാണി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു​വി​ന്റെ മാതൃ​ക​യിൽനിന്ന്‌ എന്തു പഠിക്കാ​മെന്നു നമ്മൾ ചിന്തി​ക്കും. അതിനു ശേഷം, യേശു​വി​ന്റെ മാതൃക അനുക​രി​ക്കാൻ കഴിയുന്ന നാലു വിധങ്ങൾ ചർച്ച ചെയ്യും.—1 പത്രോ. 2:21.

ശുശ്രൂ​ഷ​യിൽ യേശു സഹാനുഭൂതി കാണിച്ചു

ആശ്വാസത്തിന്റെ സന്ദേശം മറ്റുള്ള​വരെ അറിയി​ക്കാൻ സഹാനു​ഭൂ​തി യേശു​വി​നെ പ്രേരി​പ്പി​ച്ചു (5, 6 ഖണ്ഡികകൾ കാണുക)

5-6. (എ) യേശു​വിന്‌ ആരോ​ടാ​ണു സഹാനു​ഭൂ​തി തോന്നി​യത്‌? (ബി) യശയ്യ 61:1, 2-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, താൻ പ്രസം​ഗിച്ച ആളുക​ളോ​ടു യേശു​വിന്‌ അലിവ്‌ തോന്നി​യത്‌ എന്തു​കൊണ്ട്‌?

5 യേശു സഹാനു​ഭൂ​തി കാണിച്ച ഒരു സംഭവം നോക്കാം. ഒരിക്കൽ, വിശ്ര​മ​മി​ല്ലാ​തെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെട്ട യേശു​വും ശിഷ്യ​ന്മാ​രും ക്ഷീണി​ത​രാ​യി. “ഭക്ഷണം കഴിക്കാൻപോ​ലും അവർക്കു സമയം കിട്ടി​യി​രു​ന്നില്ല.” അതു​കൊണ്ട്‌ യേശു ശിഷ്യ​ന്മാ​രെ​യും കൂട്ടി ‘വിശ്ര​മി​ക്കാ​നാ​യി’ ‘ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി.’ എന്നാൽ യേശു​വും ശിഷ്യ​ന്മാ​രും എത്തുന്ന​തി​നു മുമ്പു​തന്നെ വലി​യൊ​രു ജനക്കൂട്ടം അവിടെ എത്തിയി​രു​ന്നു. ആ ജനക്കൂ​ട്ടത്തെ കണ്ടപ്പോൾ യേശു​വിന്‌ അവരോ​ടു സഹാനു​ഭൂ​തി തോന്നി. യേശു എന്തു ചെയ്‌തു? അവർ “ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ​യാ​യി​രു​ന്ന​തു​കൊണ്ട്‌ യേശു​വിന്‌ അവരോട്‌ അലിവ്‌ * തോന്നി, അവരെ പലതും പഠിപ്പി​ച്ചു.”—മർക്കോ. 6:30-34.

6 യേശു​വിന്‌ എന്തു​കൊ​ണ്ടാണ്‌ അലിവ്‌ അഥവാ സഹാനു​ഭൂ​തി തോന്നി​യത്‌? ആളുകൾ ‘ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ​യാ​ണെന്ന്‌’ യേശു ശ്രദ്ധിച്ചു. പകലന്തി​യോ​ളം പണി​യെ​ടുത്ത്‌ കുടും​ബം പുലർത്തി​യി​രുന്ന പാവപ്പെട്ട പലരെ​യും യേശു അക്കൂട്ട​ത്തിൽ കണ്ടുകാ​ണും. പ്രിയ​പ്പെ​ട്ടവർ മരിച്ചു​പോയ ആളുക​ളും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നി​രി​ക്കാം. അങ്ങനെ​യെ​ങ്കിൽ, അത്തരം വ്യക്തി​ക​ളു​ടെ സാഹച​ര്യം യേശു​വി​നു മനസ്സി​ലാ​ക്കാൻ കഴിയു​മാ​യി​രു​ന്നു. കഴിഞ്ഞ ലേഖന​ത്തിൽ കണ്ടതു​പോ​ലെ, ഇത്തരം ചില പ്രശ്‌നങ്ങൾ യേശു സ്വന്തജീ​വി​ത​ത്തിൽ അനുഭ​വി​ച്ചി​ട്ടു​ണ്ടാ​കണം. യേശു​വി​നു മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടാ​യി​രു​ന്നു, അവരെ ആശ്വാ​സ​ത്തി​ന്റെ സന്ദേശം അറിയി​ക്കാൻ യേശു ആഗ്രഹി​ച്ചു.—യശയ്യ 61:1, 2 വായി​ക്കുക.

7. നമുക്ക്‌ എങ്ങനെ യേശു​വി​ന്റെ മാതൃക അനുക​രി​ക്കാം?

7 യേശു​വി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? യേശു​വി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, ‘ഇടയനി​ല്ലാത്ത ആടുക​ളാണ്‌’ നമുക്കു ചുറ്റു​മു​ള്ളത്‌. പല പ്രശ്‌ന​ങ്ങ​ളു​മാ​യി മല്ലടി​ക്കു​ന്ന​വ​രാണ്‌ അവർ. അവർക്കു വേണ്ടതു നമ്മുടെ പക്കലുണ്ട്‌, രാജ്യ​സ​ന്ദേശം. (വെളി. 14:6) അതു​കൊണ്ട്‌ നമ്മുടെ യജമാ​നനെ അനുക​രി​ച്ചു​കൊണ്ട്‌ നമ്മൾ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നു, കാരണം നമുക്കും ‘എളിയ​വ​നോ​ടും ദരി​ദ്ര​നോ​ടും കനിവുണ്ട്‌.’ (സങ്കീ. 72:13) ആളുക​ളോട്‌ അനുക​മ്പ​യു​ള്ള​തു​കൊണ്ട്‌ അവരെ സഹായി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു.

നമുക്ക്‌ എങ്ങനെ സഹാനു​ഭൂ​തി കാണി​ക്കാം

ഓരോ വ്യക്തി​യു​ടെ​യും ആവശ്യങ്ങൾ മനസ്സിലാക്കുക (8, 9 ഖണ്ഡികകൾ കാണുക)

8. ശുശ്രൂ​ഷ​യിൽ സഹാനു​ഭൂ​തി കാണി​ക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്‌? ഒരു ദൃഷ്ടാന്തം പറയുക.

8 നമ്മൾ പ്രസം​ഗി​ക്കുന്ന ആളുക​ളോ​ടു സഹാനു​ഭൂ​തി കാണി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടുന്ന ആളുക​ളു​ടെ സ്ഥാനത്ത്‌ നമ്മളെ​ത്തന്നെ നിറു​ത്തി​നോ​ക്കുക, നമ്മളോ​ടു മറ്റുള്ളവർ എങ്ങനെ ഇടപെ​ടാൻ ആഗ്രഹി​ക്കു​മോ, അതേ രീതി​യിൽ അവരോട്‌ ഇടപെ​ടുക. * (മത്താ. 7:12) അതു ചെയ്യാൻ കഴിയുന്ന നാലു വഴികൾ നമുക്കു നോക്കാം. ഒന്ന്‌, ഓരോ വ്യക്തി​യു​ടെ​യും ആവശ്യങ്ങൾ മനസ്സി​ലാ​ക്കുക. സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​മ്പോൾ ഒരു ഡോക്ട​റെ​പ്പോ​ലെ​യാ​ണു നമ്മൾ പ്രവർത്തി​ക്കു​ന്നത്‌. ഒരു നല്ല ഡോക്ടർ ഓരോ രോഗി​യു​ടെ​യും ആവശ്യങ്ങൾ പരിഗ​ണി​ക്കും. അദ്ദേഹം ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും രോഗി തന്റെ പ്രശ്‌നങ്ങൾ പറയു​മ്പോൾ ശ്രദ്ധി​ച്ചു​കേൾക്കു​ക​യും ചെയ്യും. ആദ്യം മനസ്സിൽ തോന്നുന്ന മരുന്നു കുറി​ക്കു​ന്ന​തി​നു പകരം അദ്ദേഹം രോഗി​യെ വിശദ​മാ​യി പരി​ശോ​ധിച്ച്‌ രോഗം കണ്ടുപി​ടി​ക്കും, അതിനു ശേഷം ശരിയായ ചികിത്സ തുടങ്ങും. സമാന​മാ​യി, ശുശ്രൂ​ഷ​യിൽ കാണുന്ന എല്ലാവ​രോ​ടും നമ്മൾ ഒരേ രീതിയല്ല അവലം​ബി​ക്കു​ന്നത്‌. പകരം ഓരോ വ്യക്തി​യു​ടെ​യും സാഹച​ര്യ​ങ്ങ​ളും വീക്ഷണ​ങ്ങ​ളും നമ്മൾ കണക്കി​ലെ​ടു​ക്കും.

9. നമ്മൾ ഏതു കാര്യങ്ങൾ ഊഹി​ച്ചെ​ടു​ക്കാൻ ശ്രമി​ക്ക​രുത്‌? വിശദീ​ക​രി​ക്കുക.

9 ശുശ്രൂ​ഷ​യിൽ ആരെ​യെ​ങ്കി​ലും കാണു​മ്പോൾ അദ്ദേഹ​ത്തി​ന്റെ സാഹച​ര്യ​ങ്ങ​ളും വിശ്വാ​സ​ങ്ങ​ളും ആ വിശ്വാ​സങ്ങൾ വെച്ചു​പു​ലർത്തു​ന്ന​തി​ന്റെ കാരണ​ങ്ങ​ളും നിങ്ങൾ ഊഹി​ച്ചെ​ടു​ക്ക​രുത്‌. (സുഭാ. 18:13) പകരം ആ വ്യക്തി​യോ​ടു ചോദ്യ​ങ്ങൾ ചോദിച്ച്‌ കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. (സുഭാ. 20:5) നിങ്ങളു​ടെ പ്രദേ​ശത്തെ സാഹച​ര്യ​ങ്ങ​ള​നു​സ​രിച്ച്‌ തെറ്റി​ല്ലെ​ങ്കിൽ, അദ്ദേഹ​ത്തോ​ടു ജോലി​യെ​യും കുടും​ബ​ത്തെ​യും ജീവി​താ​നു​ഭ​വ​ങ്ങ​ളെ​യും വീക്ഷണ​ങ്ങ​ളെ​യും കുറിച്ച്‌ ചോദി​ക്കുക. ഇങ്ങനെ കാര്യങ്ങൾ ചോദി​ച്ച​റി​യു​മ്പോൾ അവർക്കു സന്തോ​ഷ​വാർത്ത വേണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അവർതന്നെ പറയു​ക​യാ​യി​രി​ക്കും. അത്‌ അറിഞ്ഞു​ക​ഴി​ഞ്ഞാൽ യേശു​വി​നെ​പ്പോ​ലെ നമുക്കു സഹാനു​ഭൂ​തി​യോ​ടെ ഇടപെ​ടാം. അവരുടെ ആവശ്യങ്ങൾ മനസ്സി​ലാ​ക്കി അതിന​നു​സ​രിച്ച്‌ അവരോ​ടു സംസാ​രി​ക്കാം.—1 കൊരി​ന്ത്യർ 9:19-23 താരത​മ്യം ചെയ്യുക.

നിങ്ങൾ സാക്ഷീ​ക​രി​ക്കുന്ന ആളുക​ളു​ടെ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ ഭാവന​യിൽ കാണാൻ ശ്രമി​ക്കു​ക (10, 11 ഖണ്ഡികകൾ കാണുക)

10-11. 2 കൊരി​ന്ത്യർ 4:7, 8-നു ചേർച്ച​യിൽ, നമുക്കു സഹാനു​ഭൂ​തി കാണി​ക്കാൻ കഴിയുന്ന രണ്ടാമത്തെ വിധം ഏതാണ്‌? ഒരു ഉദാഹ​രണം പറയുക.

10 രണ്ട്‌, അവരുടെ ജീവിതം ഭാവന​യിൽ കാണാൻ ശ്രമി​ക്കുക. ശ്രമി​ച്ചു​നോ​ക്കി​യാൽ അവരുടെ സാഹച​ര്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ നമുക്കു വലിയ ബുദ്ധി​മു​ട്ടു​ണ്ടാ​കില്ല. എന്തായാ​ലും നമ്മളും അപൂർണ​രാണ്‌, നമുക്കും പ്രശ്‌ന​ങ്ങ​ളുണ്ട്‌. (1 കൊരി. 10:13) കൂടാതെ, ഈ വ്യവസ്ഥി​തി​യി​ലെ ജീവിതം ബുദ്ധി​മു​ട്ടു നിറഞ്ഞ​താ​ണെന്നു നമുക്ക്‌ അറിയാം. യഹോ​വ​യു​ടെ സഹായം​കൊണ്ട്‌ മാത്ര​മാ​ണു നമ്മൾ പിടി​ച്ചു​നിൽക്കു​ന്നത്‌. (2 കൊരി​ന്ത്യർ 4:7, 8 വായി​ക്കുക.) എന്നാൽ യഹോ​വ​യു​മാ​യി ഒരു അടുത്ത സൗഹൃ​ദ​മി​ല്ലാ​തെ, ഈ ലോക​ത്തിൽ മുന്നോ​ട്ടു​പോ​കാൻ ശ്രമി​ക്കുന്ന ആളുക​ളെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കുക. യേശു​വി​നെ​പ്പോ​ലെ അവരോ​ടു നമുക്ക്‌ അലിവ്‌ തോന്നു​ന്നു, “ഏറെ മെച്ചമായ ഒന്നി​നെ​ക്കു​റിച്ച്‌ ശുഭവാർത്ത” അവരെ അറിയി​ക്കാൻ നമ്മൾ പ്രേരി​ത​രാ​കു​ന്നു.—യശ. 52:7.

11 സെർഗി എന്ന സഹോ​ദ​രന്റെ അനുഭവം നോക്കാം. സത്യം പഠിക്കു​ന്ന​തി​നു മുമ്പ്‌, അദ്ദേഹം ഒതുങ്ങി​ക്കൂ​ടുന്ന ഒരു പ്രകൃ​ത​ക്കാ​ര​നാ​യി​രു​ന്നു. മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ന്നത്‌ അദ്ദേഹ​ത്തി​നു വളരെ ബുദ്ധി​മു​ട്ടുള്ള ഒരു കാര്യ​മാ​യി​രു​ന്നു. പിന്നീട്‌ അദ്ദേഹം ബൈബിൾ പഠിക്കാൻ തീരു​മാ​നി​ച്ചു. സെർഗി പറയുന്നു: “ബൈബിൾ പഠിച്ച​പ്പോൾ, ക്രിസ്‌ത്യാ​നി​കൾക്കു തങ്ങളുടെ വിശ്വാ​സം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കേണ്ട കടപ്പാ​ടു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി. സത്യം പറഞ്ഞാൽ, എന്നെ​ക്കൊണ്ട്‌ അതു പറ്റു​മെന്ന്‌ എനിക്കു തോന്നി​യില്ല.” എങ്കിലും ഇതേവരെ സത്യം കേട്ടി​ട്ടി​ല്ലാത്ത ആളുക​ളെ​ക്കു​റിച്ച്‌ അദ്ദേഹം ചിന്തിച്ചു. യഹോ​വയെ അറിയാത്ത അവരുടെ ജീവിതം എത്ര പ്രയാ​സ​ക​ര​മാ​യി​രി​ക്കു​മെന്ന്‌ അദ്ദേഹം ഭാവന​യിൽ കാണാൻ ശ്രമിച്ചു. സെർഗി തുടരു​ന്നു: “ഞാൻ പഠിച്ചു​കൊ​ണ്ടി​രുന്ന കാര്യങ്ങൾ എനിക്കു വലിയ സന്തോ​ഷ​വും മനസ്സമാ​ധാ​ന​വും തന്നു. മറ്റുള്ള​വ​രും ഇതു പഠിക്ക​ണ​മെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു.” സഹാനു​ഭൂ​തി കൂടി​വ​ന്ന​ത​നു​സ​രിച്ച്‌ പ്രസം​ഗി​ക്കാ​നുള്ള സെർഗി​യു​ടെ ധൈര്യ​വും വർധിച്ചു. സെർഗി പറയുന്നു: “ബൈബി​ളി​നെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ച്ച​പ്പോൾ എന്റെ ആത്മവി​ശ്വാ​സം വർധിച്ചു, എനിക്കു​തന്നെ അതിശയം തോന്നി​പ്പോ​യി. മാത്രമല്ല, എന്റെതന്നെ വിശ്വാ​സം ശക്തമാ​കു​ക​യും ചെയ്‌തു.” *

ആത്മീയമായി പുരോഗമിക്കാൻ പലരും സമയ​മെ​ടു​ത്തേ​ക്കാം (12, 13 ഖണ്ഡികകൾ കാണുക)

12-13. ശുശ്രൂഷയിൽ നമ്മൾ പഠിപ്പി​ക്കുന്ന ആളുക​ളോ​ടു ക്ഷമ കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ഒരു ദൃഷ്ടാന്തം പറയുക.

12 മൂന്ന്‌, നിങ്ങൾ പഠിപ്പി​ക്കുന്ന ആളുക​ളോ​ടു ക്ഷമ കാണി​ക്കുക. ഓർക്കുക, നമുക്കു നന്നായി അറിയാ​വുന്ന ബൈബിൾസ​ത്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ ഇതേവരെ ചിന്തി​ച്ചി​ട്ടു​പോ​ലു​മു​ണ്ടാ​കില്ല. അവരുടെ ഇപ്പോ​ഴത്തെ മതവി​ശ്വാ​സങ്ങൾ അവർക്കു വളരെ പ്രിയ​പ്പെ​ട്ട​താ​യി​രി​ക്കും. അവ തങ്ങളുടെ കുടും​ബ​ത്തെ​യും സംസ്‌കാ​ര​ത്തെ​യും സമൂഹ​ത്തെ​യും ഒറ്റക്കെ​ട്ടാ​യി പിടി​ച്ചു​നി​റു​ത്തുന്ന ഒരു കാര്യ​മാ​യി​ട്ടാ​യി​രി​ക്കാം അവർ കാണു​ന്നത്‌. നമുക്ക്‌ അവരെ എങ്ങനെ സഹായി​ക്കാം?

13 ഇങ്ങനെ ചിന്തി​ക്കുക: പഴയ, ബലക്ഷയം വന്ന ഒരു പാലത്തി​നു പകരം പുതി​യ​തൊ​ന്നു പണിയാൻ തീരു​മാ​നി​ച്ചാൽ എങ്ങനെ​യാ​യി​രി​ക്കും അതു ചെയ്യുക? പുതി​യതു പണിയു​മ്പോ​ഴും പഴയത്‌ ഉപയോ​ഗ​ത്തി​ലു​ണ്ടാ​യി​രി​ക്കും. പുതി​യ​തി​ന്റെ പണി കഴിഞ്ഞ്‌, അത്‌ ഉപയോ​ഗി​ക്കാ​റാ​യാൽ പഴയതു പൊളി​ച്ചു​ക​ള​യാം. അതു​പോ​ലെ, ആളുകൾ അവരുടെ പഴയ വിശ്വാ​സങ്ങൾ ഉപേക്ഷി​ക്ക​ണ​മെ​ങ്കിൽ, പുതിയ സത്യങ്ങൾ, അതായത്‌ തുടക്ക​ത്തിൽ അവർക്ക്‌ ഒട്ടും അറിയി​ല്ലാ​യി​രുന്ന ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ, മനസ്സി​ലാ​ക്കാ​നും അതിനെ സ്‌നേ​ഹി​ക്കാ​നും നമ്മൾ അവരെ സഹായി​ക്കണം. അപ്പോൾ മാത്രമേ, പഴയ വിശ്വാ​സങ്ങൾ ഉപേക്ഷി​ക്കാൻ അവർ സജ്ജരാകൂ. അത്തരം മാറ്റങ്ങൾ വരുത്താൻ ആളുകളെ സഹായി​ക്കു​ന്ന​തിന്‌ സമയ​മെ​ടു​ത്തേ​ക്കാം.—റോമ. 12:2.

14-15. ഒരു പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ ഒന്നും​തന്നെ അറിയാ​ത്ത​വരെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം? ഒരു ഉദാഹ​രണം പറയുക.

14 ശുശ്രൂ​ഷ​യിൽ ആളുക​ളോ​ടു ക്ഷമ കാണി​ക്കു​ന്നെ​ങ്കിൽ, കേൾക്കുന്ന ഉടനെ അവർ ബൈബിൾസ​ത്യം മനസ്സി​ലാ​ക്കു​മെ​ന്നോ അംഗീ​ക​രി​ക്കു​മെ​ന്നോ നമ്മൾ പ്രതീ​ക്ഷി​ക്കില്ല. പകരം, കുറച്ച്‌ സമയ​മെ​ടു​ത്താൽപ്പോ​ലും തിരു​വെ​ഴു​ത്തു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ചിന്തി​ക്കാൻ അവരെ സഹായി​ക്കു​ന്ന​തി​നു സഹാനു​ഭൂ​തി നമ്മളെ പ്രേരി​പ്പി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ എങ്ങനെ ന്യായ​വാ​ദം ചെയ്യു​മെന്നു ചിന്തി​ക്കുക. ഈ പഠിപ്പി​ക്ക​ലി​നെ​ക്കു​റിച്ച്‌ പലർക്കും ഒന്നും​തന്നെ അറിയില്ല. മരണം എല്ലാത്തി​ന്റെ​യും അവസാ​ന​മാണ്‌ എന്നായി​രി​ക്കാം അവർ വിശ്വ​സി​ക്കു​ന്നത്‌, അല്ലെങ്കിൽ നല്ല ആളുക​ളെ​ല്ലാം സ്വർഗ​ത്തിൽ പോകും എന്നായി​രി​ക്കാം. നമുക്ക്‌ അവരെ എങ്ങനെ സഹായി​ക്കാം?

15 ഒരു സഹോ​ദരൻ ഉപയോ​ഗി​ക്കുന്ന രീതി നോക്കാം. ആദ്യം അദ്ദേഹം ഉൽപത്തി 1:28 വായി​ക്കും. എന്നിട്ട്‌, മനുഷ്യ​കു​ടും​ബം എവിടെ, എങ്ങനെ ജീവി​ക്കാ​നാ​ണു ദൈവം ആഗ്രഹി​ച്ച​തെന്നു വീട്ടു​കാ​ര​നോ​ടു ചോദി​ക്കും. മിക്കവ​രും പറയും, “സന്തോ​ഷ​ത്തോ​ടെ ഈ ഭൂമി​യിൽ.” അടുത്ത​താ​യി, സഹോ​ദരൻ യശയ്യ 55:11 വായി​ക്കും. എന്നിട്ട്‌ ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മാറി​യി​ട്ടു​ണ്ടോ എന്നു ചോദി​ക്കും. മിക്ക​പ്പോ​ഴും, ഇല്ല എന്നാണു വീട്ടു​കാ​രൻ പറയു​ന്നത്‌. അവസാനം, സഹോ​ദരൻ സങ്കീർത്തനം 37:10, 11 വായി​ച്ചിട്ട്‌ മനുഷ്യ​വർഗ​ത്തി​ന്റെ ഭാവി എങ്ങനെ​യാ​യി​രി​ക്കു​മെന്നു ചോദി​ക്കും. ഈ വിധത്തിൽ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ ന്യായ​വാ​ദം ചെയ്‌ത​തു​വഴി, നല്ല ആളുകൾ പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്ക​ണ​മെ​ന്നുള്ള ദൈവ​ത്തി​ന്റെ ഇഷ്ടം മാറി​യി​ട്ടി​ല്ലെന്നു മനസ്സി​ലാ​ക്കാൻ അദ്ദേഹം പല ആളുക​ളെ​യും സഹായി​ച്ചു.

ആശ്വാസം പകരുന്ന ഒരു കത്ത്‌ എഴുതുന്നതുപോലുള്ള, ചെറിയ ദയാ​പ്ര​വൃ​ത്തി​പോ​ലും ശരിക്കും ഫലം ചെയ്‌തേക്കാം (16, 17 ഖണ്ഡികകൾ കാണുക)

16-17. സുഭാ​ഷി​തങ്ങൾ 3:27 കണക്കി​ലെ​ടുത്ത്‌, സഹാനു​ഭൂ​തി കാണി​ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതൊ​ക്കെ​യാണ്‌? ഒരു അനുഭവം പറയുക.

16 നാല്‌, വീട്ടു​കാ​രോ​ടു പരിഗണന കാണി​ക്കാൻ കഴിയുന്ന വിധങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, വീട്ടു​കാ​രന്‌ അസൗക​ര്യ​മുള്ള ഒരു സമയത്താ​ണു നമ്മൾ വീട്ടിൽ ചെന്ന​തെ​ങ്കിൽ, ക്ഷമ ചോദി​ച്ചിട്ട്‌ അദ്ദേഹ​ത്തി​നു സമയമു​ള്ള​പ്പോൾ വരാ​മെന്നു പറയുക. എന്തെങ്കി​ലും ചെറിയ ഒരു കാര്യം ചെയ്യു​ന്ന​തി​നു വീട്ടു​കാ​രനു സഹായം ആവശ്യ​മാ​ണെന്നു കണ്ടാൽ എന്തു ചെയ്യാം? അല്ലെങ്കിൽ സുഖമി​ല്ലാ​തെ, പുറത്തു​പോ​കാൻ കഴിയാ​തി​രി​ക്കുന്ന ഒരാൾക്ക്‌ എന്തെങ്കി​ലും സഹായം ആവശ്യ​മാ​ണെ​ങ്കി​ലോ? അത്തരം സാഹച​ര്യ​ങ്ങ​ളിൽ ആ വ്യക്തിയെ സഹായി​ക്കാൻ നമുക്കു കഴി​ഞ്ഞേ​ക്കും.—സുഭാ​ഷി​തങ്ങൾ 3:27 വായി​ക്കുക.

17 ചെറു​തെന്നു തോന്നി​പ്പി​ക്കുന്ന ദയാ​പ്ര​വൃ​ത്തി ചെയ്‌ത ഒരു സഹോ​ദ​രി​ക്കു നല്ല ഫലം കിട്ടി. കുഞ്ഞിനെ മരണത്തിൽ നഷ്ടപ്പെട്ട ഒരു കുടും​ബ​ത്തോട്‌ അനുകമ്പ തോന്നിയ സഹോ​ദരി, തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ചില ആശ്വാ​സ​വ​ച​നങ്ങൾ അടങ്ങിയ ഒരു കത്ത്‌ അവർക്ക്‌ എഴുതി. കുടും​ബം എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? ദുഃഖാർത്ത​യായ അമ്മ എഴുതി: “ഇന്നലെ, സങ്കടം സഹിക്കാൻ കഴിയാ​തി​രുന്ന സമയത്താ​ണു നിങ്ങളു​ടെ കത്തു വന്നത്‌. ആ കത്ത്‌ ഞങ്ങളെ എത്ര​ത്തോ​ളം സഹായി​ച്ചെന്ന്‌ പറഞ്ഞറി​യി​ക്കാൻ കഴിയില്ല. എത്ര നന്ദി പറഞ്ഞാ​ലും മതിയാ​വില്ല. ഇന്നലെ കുറഞ്ഞത്‌ 20 പ്രാവ​ശ്യ​മെ​ങ്കി​ലും ഞാൻ ആ കത്ത്‌ വായിച്ചു. അതിലെ ദയാവാ​ക്കു​കൾ ഞങ്ങൾക്കു ശരിക്കും ആശ്വാസം തന്നു. ഹൃദയ​ത്തി​ന്റെ അടിത്ത​ട്ടിൽനിന്ന്‌ ഞങ്ങൾ നന്ദി പറയുന്നു.” കഷ്ടപ്പെ​ടുന്ന ആളുക​ളു​ടെ സാഹച​ര്യ​ങ്ങൾ മനസ്സി​ലാ​ക്കി അവരെ സഹായി​ക്കാൻ ശ്രമി​ക്കു​മ്പോൾ നല്ല ഫലങ്ങൾ നമുക്കും കിട്ടും.

അതിരു കവിഞ്ഞ പ്രതീ​ക്ഷകൾ വെച്ചു​പു​ലർത്താ​തി​രി​ക്കുക

18. 1 കൊരി​ന്ത്യർ 3:6, 7-നു ചേർച്ച​യിൽ, ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ ഏതു കാര്യം നമ്മൾ ഓർക്കണം, എന്തു​കൊണ്ട്‌?

18 ശുശ്രൂ​ഷ​യിൽ ചെയ്യാ​നാ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്കു ശരിയായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കണം. ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ നമുക്ക്‌ ഒരു പങ്കുണ്ട്‌ എന്നതു ശരിയാണ്‌. പക്ഷേ ഈ പ്രവർത്ത​ന​ത്തിൽ ഏറ്റവും പ്രധാ​ന​പ്പെട്ട പങ്കു നമ്മളു​ടേതല്ല. (1 കൊരി​ന്ത്യർ 3:6, 7 വായി​ക്കുക.) യഹോ​വ​യാണ്‌ ആളുകളെ ആകർഷി​ക്കു​ന്നത്‌. (യോഹ. 6:44) കൂടാതെ, ഒരാൾ സന്തോ​ഷ​വാർത്ത​യോ​ടു പ്രതി​ക​രി​ക്കു​മോ ഇല്ലയോ എന്നത്‌ ആ വ്യക്തി​യു​ടെ ഹൃദയ​നി​ലയെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. (മത്താ. 13:4-8) ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ അധ്യാ​പ​ക​നായ യേശു​വി​നെ​പ്പോ​ലും മിക്കവ​രും ശ്രദ്ധി​ച്ചി​ല്ലെന്ന്‌ ഓർക്കുക! അതു​കൊണ്ട്‌ ആളുകളെ സഹായി​ക്കാൻ ശ്രമി​ക്കു​മ്പോൾ, പലരും അതി​നോ​ടു പ്രതി​ക​രി​ക്കു​ന്നില്ല എന്നു കരുതി നമ്മൾ നിരു​ത്സാ​ഹ​പ്പെ​ട​രുത്‌.

19. ശുശ്രൂ​ഷ​യിൽ സഹാനു​ഭൂ​തി കാണി​ക്കു​ന്ന​തു​കൊണ്ട്‌ എന്തെല്ലാം പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌?

19 ശുശ്രൂ​ഷ​യിൽ സഹാനു​ഭൂ​തി കാണി​ക്കു​ന്നെ​ങ്കിൽ ഉറപ്പാ​യും അതിനു നല്ല ഫലങ്ങളു​ണ്ടാ​കും. പ്രസം​ഗ​പ്ര​വർത്തനം നമ്മൾ കൂടുതൽ ആസ്വദി​ക്കും. നമുക്കു വലിയ സന്തോഷം, കൊടു​ക്കു​ന്ന​തി​ന്റെ സന്തോഷം, അനുഭ​വി​ക്കാ​നാ​കും. ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മുള്ള’ ആളുകൾക്കു സന്തോ​ഷ​വാർത്ത സ്വീക​രി​ക്കു​ന്നതു കൂടുതൽ എളുപ്പ​മാ​കു​ക​യും ചെയ്യും. (പ്രവൃ. 13:48) “അതു​കൊണ്ട്‌ അവസര​മു​ള്ളി​ട​ത്തോ​ളം ആളുകൾക്കു നന്മ ചെയ്യാം.” (ഗലാ. 6:10) അങ്ങനെ നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ മഹത്ത്വ​പ്പെ​ടു​ത്താ​നും അതിന്റെ സന്തോഷം ആസ്വദി​ക്കാ​നും നമുക്കു കഴിയും.—മത്താ. 5:16.

ഗീതം 64 സന്തോ​ഷ​ത്തോ​ടെ കൊയ്‌ത്തിൽ പങ്കു​ചേ​രാം

^ ഖ. 5 സഹാനു​ഭൂ​തി കാണി​ക്കു​ന്നെ​ങ്കിൽ ശുശ്രൂ​ഷ​യി​ലുള്ള നമ്മുടെ സന്തോഷം വർധി​പ്പി​ക്കാൻ കഴിയും, ആളുകൾ നമ്മളെ ശ്രദ്ധി​ക്കാൻ കൂടുതൽ മനസ്സു കാണി​ക്കു​ക​യും ചെയ്‌തേ​ക്കാം. എന്തു​കൊണ്ട്‌? ഈ ലേഖന​ത്തിൽ, യേശു​വി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​മെന്നു ചർച്ച ചെയ്യും. അതു​പോ​ലെ, വയൽസേ​വ​ന​ത്തിൽ കണ്ടുമു​ട്ടുന്ന ആളുക​ളോ​ടു സഹാനു​ഭൂ​തി കാണി​ക്കാൻ കഴിയുന്ന നാലു വിധങ്ങ​ളും നമ്മൾ പഠിക്കും.

^ ഖ. 5 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: കഷ്ടപ്പെ​ടു​ക​യോ മോശ​മായ പെരു​മാ​റ്റം സഹി​ക്കേ​ണ്ടി​വ​രു​ക​യോ ചെയ്‌ത ഒരാ​ളോ​ടു തോന്നുന്ന ആർദ്ര​വി​കാ​രം എന്ന അർഥത്തി​ലാ​ണു ബൈബി​ളിൽ അലിവ്‌ എന്ന വാക്ക്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ആളുകളെ സഹായി​ക്കാൻ കഴിയു​ന്ന​തെ​ല്ലാം ചെയ്യാൻ അലിവ്‌ ഒരു വ്യക്തിയെ പ്രേരി​പ്പി​ക്കും.

^ ഖ. 8 2014 മെയ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ശുശ്രൂ​ഷ​യിൽ സുവർണ​നി​യമം പാലി​ക്കുക” എന്ന ലേഖനം കാണുക.

^ ഖ. 11 “പ്രത്യാശ കൈവി​ട​രുത്‌!—സെർഗി ബൊട്ടാൻകിൻ” എന്ന വീഡി​യോ കാണുക. JW പ്രക്ഷേ​പ​ണ​ത്തിൽ അഭിമു​ഖ​ങ്ങ​ളും അനുഭ​വ​ങ്ങ​ളും > സത്യം ജീവി​ത​ത്തി​നു പരിവർത്തനം വരുത്തു​ന്നു എന്നതിനു കീഴിൽ നോക്കുക.