വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 22

നിങ്ങളു​ടെ പഠനരീ​തി മെച്ച​പ്പെ​ടു​ത്തുക

നിങ്ങളു​ടെ പഠനരീ​തി മെച്ച​പ്പെ​ടു​ത്തുക

‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പുവരുത്തുക.’—ഫിലി. 1:10.

ഗീതം 35 “കൂടുതൽ പ്രധാ​ന​പ്പെട്ട കാര്യങ്ങൾ ഉറപ്പാ​ക്കുക”

പൂർവാവലോകനം *

1. പലർക്കും പഠിക്കാൻ തോന്നാ​ത്തത്‌ എന്തു​കൊണ്ട്‌?

ഇക്കാലത്ത്‌ ജീവി​ക്കാ​നുള്ള വക കണ്ടെത്താൻ ശരിക്കും ബുദ്ധി​മു​ട്ടാണ്‌. കുടും​ബ​ത്തി​ന്റെ അത്യാ​വ​ശ്യ​കാ​ര്യ​ങ്ങൾ നടത്തു​ന്ന​തി​നുള്ള പണത്തി​നു​വേണ്ടി നമ്മുടെ പല സഹോ​ദ​ര​ങ്ങ​ളും മണിക്കൂ​റു​ക​ളോ​ളം ജോലി ചെയ്യു​ന്നുണ്ട്‌. അനേകം സഹോ​ദ​രങ്ങൾ ജോലി​ക്കു പോകു​ന്ന​തി​നും തിരിച്ച്‌ വരുന്ന​തി​നും എത്ര സമയമാ​ണു ചെലവാ​ക്കു​ന്നത്‌! ഇനി മറ്റു ചിലർ, കുടും​ബം നടത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നു വളരെ കഠിന​മായ ജോലി​ക​ളാ​ണു ചെയ്യു​ന്നത്‌. വൈകു​ന്നേ​ര​മാ​കു​മ്പോ​ഴേ​ക്കും ഈ സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും ക്ഷീണിച്ച്‌ തളർന്നി​ട്ടു​ണ്ടാ​കും. പലർക്കും പഠിക്കാൻ തോന്നാ​ത്ത​തിൽ അത്ഭുത​പ്പെ​ടാ​നു​ണ്ടോ!

2. നിങ്ങൾ എപ്പോ​ഴാ​ണു പഠിക്കു​ന്നത്‌?

2 എന്നാൽ ഓർക്കുക: ദൈവ​വ​ച​ന​വും ക്രിസ്‌തീ​യ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും നന്നായി പഠിക്കാൻ നമ്മൾ സമയം കണ്ടെത്തി​യേ തീരൂ. യഹോ​വ​യു​മാ​യുള്ള ബന്ധവും നമ്മുടെ നിത്യ​ജീ​വ​നും അതിനെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌! (1 തിമൊ. 4:15, 16) ചിലർ എല്ലാ ദിവസ​വും പഠിക്കാ​നാ​യി നേരത്തേ എഴു​ന്നേൽക്കും. അപ്പോൾ വീട്ടിൽ വലിയ ഒച്ചയും ബഹളവും കാണില്ല, രാത്രി മുഴുവൻ ഉറങ്ങി​യ​തു​കൊണ്ട്‌ മനസ്സിനു നല്ല ഉന്മേഷ​വു​മാ​യി​രി​ക്കും. മറ്റു ചിലർ കിടക്കാൻപോ​കു​ന്ന​തി​നു മുമ്പുള്ള സ്വസ്ഥമായ കുറച്ച്‌ സമയമാ​ണു പഠിക്കാ​നും ധ്യാനി​ക്കാ​നും ആയി മാറ്റി​വെ​ച്ചി​രി​ക്കു​ന്നത്‌.

3-4. നമുക്കു ലഭിക്കുന്ന വിവര​ങ്ങ​ളു​ടെ അളവിന്റെ കാര്യ​ത്തിൽ എന്തു മാറ്റമാ​ണു വരുത്തി​യത്‌, എന്തു​കൊണ്ട്‌?

3 പഠിക്കാൻ സമയം കണ്ടെത്തു​ന്നതു പ്രധാ​ന​മാ​ണെന്ന്‌ എല്ലാവ​രും സമ്മതി​ക്കും. പക്ഷേ എന്താണു പഠി​ക്കേ​ണ്ടത്‌? ‘വായി​ക്കാൻ ധാരാ​ള​മുണ്ട്‌, പക്ഷേ എനിക്ക്‌ എല്ലാത്തി​നു​മുള്ള സമയമില്ല’ എന്നു നിങ്ങൾ പറഞ്ഞേ​ക്കാം. നമുക്കു ലഭിക്കുന്ന എല്ലാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കാ​നും വീഡി​യോ​കൾ കാണാ​നും ചില സഹോ​ദ​ര​ങ്ങൾക്കു കഴിയു​ന്നുണ്ട്‌, എന്നാൽ മറ്റു ചിലർക്ക്‌ അതിനു സമയം കിട്ടു​ന്നില്ല. ഭരണസം​ഘ​ത്തിന്‌ ഇക്കാര്യം അറിയാം. അതു​കൊ​ണ്ടാണ്‌ അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ഇന്റർനെ​റ്റി​ലൂ​ടെ​യും നമുക്കു നൽകുന്ന വിവര​ങ്ങ​ളിൽ കുറവ്‌ വരുത്താൻ അടുത്ത കാലത്ത്‌ ഭരണസം​ഘം തീരു​മാ​ന​മെ​ടു​ത്തത്‌.

4 ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷി​ക​പു​സ്‌തകം ഇപ്പോൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്നില്ല. കാരണം, പ്രോ​ത്സാ​ഹനം പകരുന്ന ധാരാളം അനുഭ​വങ്ങൾ jw.org വെബ്‌​സൈ​റ്റി​ലും JW പ്രക്ഷേ​പ​ണ​ത്തി​ലെ പ്രതി​മാ​സ​പ​രി​പാ​ടി​ക​ളി​ലും വരുന്നുണ്ട്‌. വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പൊതു​പ​തി​പ്പും ഉണരുക!-യും വർഷത്തിൽ മൂന്ന്‌ എണ്ണം വീതമേ ഇപ്പോൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്നു​ള്ളൂ. ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യ​ങ്ങൾക്ക്‌’ അടുത്ത ശ്രദ്ധ കൊടു​ക്കാൻവേ​ണ്ടി​യാണ്‌ ഈ മാറ്റങ്ങൾ വരുത്തി​യത്‌, അല്ലാതെ നമ്മുടെ മറ്റു കാര്യാ​ദി​കൾക്കു കൂടുതൽ സമയം കിട്ടാൻവേ​ണ്ടി​യല്ല. (ഫിലി. 1:10) അതു​കൊണ്ട്‌ നമുക്ക്‌ എങ്ങനെ ശരിയായ മുൻഗ​ണ​നകൾ വെക്കാ​മെ​ന്നും നമ്മുടെ വ്യക്തി​പ​ര​മായ ബൈബിൾപ​ഠ​ന​ത്തിൽനിന്ന്‌ എങ്ങനെ പൂർണ​മായ പ്രയോ​ജനം നേടാ​മെ​ന്നും ഇപ്പോൾ നോക്കാം.

ശരിയായ മുൻഗ​ണ​നകൾ വെക്കുക

5-6. നമ്മൾ ഏതെല്ലാം പ്രസി​ദ്ധീ​ക​ര​ണങ്ങൾ ശ്രദ്ധ​യോ​ടെ പഠിക്കണം?

5 എന്തു പഠിക്കാ​നാ​ണു നമ്മൾ കൂടുതൽ പ്രാധാ​ന്യം കൊടു​ക്കേ​ണ്ടത്‌? ദൈവ​വ​ചനം പഠിക്കാൻ നമ്മൾ ഓരോ ദിവസ​വും സമയം ചെലവ​ഴി​ക്കണം. മീറ്റി​ങ്ങി​നു പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ആഴ്‌ച​തോ​റു​മുള്ള ബൈബിൾവാ​യ​നാ​ഭാ​ഗ​ത്തിൽ കുറവ്‌ വരുത്തി​യി​ട്ടുണ്ട്‌. വായി​ക്കുന്ന കാര്യങ്ങൾ ധ്യാനി​ക്കാ​നും ഗവേഷണം ചെയ്യാ​നും കൂടുതൽ സമയം കിട്ടാൻവേ​ണ്ടി​യാണ്‌ ഇങ്ങനെ ചെയ്‌തി​രി​ക്കു​ന്നത്‌. വായനാ​ഭാ​ഗം എങ്ങനെ​യും വായി​ച്ചു​തീർക്കുക എന്നതാ​യി​രി​ക്ക​രുത്‌ നമ്മുടെ ലക്ഷ്യം. മറിച്ച്‌ ബൈബി​ളി​ന്റെ സന്ദേശം നമ്മുടെ ഹൃദയ​ങ്ങ​ളിൽ എത്തണം, അങ്ങനെ യഹോ​വ​യോ​ടു കൂടുതൽ അടുക്കണം. അതായി​രി​ക്കണം നമ്മുടെ ലക്ഷ്യം.—സങ്കീ. 19:14.

6 നമ്മൾ ശ്രദ്ധ​യോ​ടെ പഠിക്കേണ്ട മറ്റു കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌? വീക്ഷാ​ഗോ​പു​ര​പ​ഠ​ന​ത്തി​നും സഭാ ബൈബിൾപ​ഠ​ന​ത്തി​നും അതു​പോ​ലെ ഇടദി​വ​സത്തെ മീറ്റി​ങ്ങി​ലെ മറ്റു പരിപാ​ടി​കൾക്കും തയ്യാറാ​കാൻ നമ്മൾ സമയം കണ്ടെത്തണം. കൂടാതെ, വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!-യുടെ​യും ഓരോ ലക്കവും നമ്മൾ വായി​ക്കണം.

7. നമ്മുടെ വെബ്‌​സൈ​റ്റി​ലും JW പ്രക്ഷേ​പ​ണ​ത്തി​ലും വരുന്ന വിവരങ്ങൾ എല്ലാം കാണാ​നും വായി​ക്കാ​നും പറ്റുന്നില്ല എന്നു​വെച്ച്‌ നിരു​ത്സാ​ഹി​ത​രാ​ക​ണോ?

7 ‘പക്ഷേ, എന്തുമാ​ത്രം വിവര​ങ്ങ​ളാ​ണു നമ്മുടെ വെബ്‌​സൈ​റ്റി​ലും JW പ്രക്ഷേ​പ​ണ​ത്തി​ലും വരുന്നത്‌, ഇതൊക്കെ കാണാ​നും പഠിക്കാ​നും സമയം എവിടെ കിട്ടും’ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. ഒരു ഉദാഹ​രണം നോക്കാം: ചില ഹോട്ട​ലു​ക​ളി​ലെ മേശപ്പു​റത്ത്‌ രുചി​ക​ര​മായ ധാരാളം വിഭവങ്ങൾ നിരത്തി​വെ​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും. എത്ര വേണ​മെ​ങ്കി​ലും എടുത്ത്‌ കഴിക്കാം. എന്തായാ​ലും അതെല്ലാം കഴിക്കാൻ ആർക്കും പറ്റില്ല​ല്ലോ. അതു​കൊണ്ട്‌ അവിടെ വരുന്നവർ ഏതാനും വിഭവങ്ങൾ എടുത്ത്‌ കഴിക്കും. സമാന​മാ​യി, ഇലക്‌​ട്രോ​ണിക്‌ രൂപത്തിൽ കിട്ടുന്ന എല്ലാ വിവര​ങ്ങ​ളും വായി​ക്കാ​നോ കാണാ​നോ പറ്റുന്നി​ല്ലെ​ങ്കിൽ അത്‌ ഓർത്ത്‌ വിഷമി​ക്കേണ്ടാ. നിങ്ങൾക്കു പറ്റുന്ന​ത്ര​യും വായി​ക്കു​ക​യും കാണു​ക​യും ചെയ്യുക. അടുത്ത​താ​യി, പഠനത്തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും അതിൽനിന്ന്‌ എങ്ങനെ പരമാ​വധി പ്രയോ​ജനം നേടാ​മെ​ന്നും നമുക്കു നോക്കാം.

പഠനം എപ്പോ​ഴും എളുപ്പമല്ല

8. വീക്ഷാ​ഗോ​പു​രം പഠിക്കു​മ്പോൾ ഏതെല്ലാം കാര്യങ്ങൾ ശ്രദ്ധി​ക്കണം, അതു നിങ്ങളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

8 വെറുതേ ഓടി​ച്ചു​വാ​യി​ക്കു​ന്ന​തും ഉത്തരങ്ങ​ളു​ടെ അടിയിൽ വരയ്‌ക്കു​ന്ന​തും അല്ല പഠനം. പ്രധാ​ന​പ്പെട്ട കാര്യങ്ങൾ മനസ്സി​ലാ​ക്കാൻവേണ്ടി ശ്രദ്ധിച്ച്‌ വായി​ക്കു​ന്ന​താ​ണു പഠനം. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ വീക്ഷാ​ഗോ​പു​രം പഠിക്കു​മ്പോൾ ആദ്യം ലേഖന​ത്തി​ന്റെ തുടക്ക​ത്തി​ലുള്ള പൂർവാ​വ​ലോ​കനം വായി​ക്കുക. പിന്നെ ലേഖന​ത്തി​ന്റെ വിഷയ​വും ഉപതല​ക്കെ​ട്ടു​ക​ളും പുനര​വ​ലോ​ക​ന​ചോ​ദ്യ​ങ്ങ​ളും വായി​ക്കു​ക​യും നന്നായി ചിന്തി​ക്കു​ക​യും ചെയ്യുക. അടുത്ത​താ​യി, ലേഖനം ആദ്യം മുതൽ അവസാനം വരെ സാവകാ​ശം ശ്രദ്ധിച്ച്‌ വായി​ക്കുക. ഓരോ ഖണ്ഡിക​യി​ലും ‘തലവാ​ചകം’ എന്നു പറയാ​വുന്ന ഒരു വാചക​മുണ്ട്‌. മിക്ക​പ്പോ​ഴും അത്‌ ആദ്യത്തെ വാചക​മാ​യി​രി​ക്കും. ഏത്‌ ആശയമാ​ണു ഖണ്ഡിക വിശദീ​ക​രി​ക്കു​ന്ന​തെന്ന്‌ ആ വാചക​ത്തിൽനിന്ന്‌ മനസ്സി​ലാ​ക്കാം. ലേഖനം വായി​ച്ചു​പോ​കു​മ്പോൾ, ഓരോ ഖണ്ഡിക​യ്‌ക്കും ഉപതല​ക്കെ​ട്ടു​മാ​യും ലേഖന​ത്തി​ന്റെ മൊത്തം വിഷയ​വു​മാ​യും ഉള്ള ബന്ധം എന്താ​ണെന്നു ചിന്തി​ക്കുക. പരിച​യ​മി​ല്ലാത്ത വാക്കു​ക​ളോ ആശയങ്ങ​ളോ എഴുതി​വെ​ക്കുക. അതെക്കു​റിച്ച്‌ പിന്നീടു ഗവേഷണം ചെയ്യാം.

9. (എ) വീക്ഷാ​ഗോ​പു​രം പഠിക്കു​മ്പോൾ തിരു​വെ​ഴു​ത്തു​കൾക്കു പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌, എങ്ങനെ? (ബി) യോശുവ 1:8-ന്റെ അടിസ്ഥാ​ന​ത്തിൽ, തിരു​വെ​ഴു​ത്തു​കൾ വായി​ക്കു​ന്ന​തു​കൂ​ടാ​തെ നമ്മൾ എന്തു ചെയ്യണം?

9 വീക്ഷാ​ഗോ​പു​ര​പ​ഠനം ശരിക്കും ബൈബി​ളി​ന്റെ ഒരു പഠനമാണ്‌. അതു​കൊണ്ട്‌ തിരു​വെ​ഴു​ത്തു​കൾക്ക്‌, പ്രത്യേ​കി​ച്ചും വായി​ക്കുക എന്നു പറഞ്ഞ്‌ കൊടു​ത്തി​രി​ക്കുന്ന വാക്യ​ങ്ങൾക്ക്‌, പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കുക. തിരു​വെ​ഴു​ത്തു​ക​ളി​ലെ പ്രധാ​ന​പ​ദ​ങ്ങ​ളും പ്രയോ​ഗ​ങ്ങ​ളും ഖണ്ഡിക​യി​ലെ മുഖ്യ ആശയത്തെ എങ്ങനെ​യാ​ണു പിന്താ​ങ്ങു​ന്ന​തെന്നു ശ്രദ്ധി​ക്കുക. തയ്യാറാ​കു​മ്പോൾ ആ തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ സമയ​മെ​ടുത്ത്‌ ധ്യാനി​ക്കുക. ജീവി​ത​ത്തിൽ അവ എങ്ങനെ ബാധക​മാ​ക്കാ​മെന്നു ചിന്തി​ക്കുക.—യോശുവ 1:8 വായി​ക്കുക.

മാതാപിതാക്കളേ, എങ്ങനെ പഠിക്ക​ണ​മെന്നു മക്കളെ പഠിപ്പി​ക്കു​ക (10-ാം ഖണ്ഡിക കാണുക) *

10. എബ്രായർ 5:14-ന്റെ അടിസ്ഥാ​ന​ത്തിൽ കുടും​ബാ​രാ​ധ​ന​യു​ടെ സമയത്ത്‌ എങ്ങനെ പഠിക്കാ​മെ​ന്നും ഗവേഷണം ചെയ്യാ​മെ​ന്നും മക്കളെ പരിശീ​ലി​പ്പി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

10 കുട്ടികൾ കുടും​ബാ​രാ​ധന ആസ്വദി​ക്കാൻ മാതാ​പി​താ​ക്കൾ ആഗ്രഹി​ക്കു​ന്നു. കുടും​ബാ​രാ​ധ​ന​യിൽ എന്താണു പഠി​ക്കേ​ണ്ട​തെന്നു മാതാ​പി​താ​ക്കൾക്കു ധാരണ​യു​ണ്ടാ​യി​രി​ക്കണം. കുടും​ബാ​രാ​ധ​ന​യു​ടെ സമയത്ത്‌ JW പ്രക്ഷേ​പ​ണ​ത്തി​ലെ പ്രതി​മാ​സ​പ​രി​പാ​ടി കാണു​ക​യോ നോഹ​യു​ടെ പെട്ടക​ത്തി​ന്റെ മാതൃക ഉണ്ടാക്കു​ന്ന​തു​പോ​ലെ രസകര​മായ എന്തെങ്കി​ലും പ്രോ​ജക്ട്‌ ചെയ്യു​ക​യോ ഒക്കെ ആകാം. എന്നാലും എല്ലാ ആഴ്‌ച​യും പ്രോ​ജ​ക്ടു​കൾ ചെയ്യണ​മെന്നു നിർബ​ന്ധ​മില്ല. എങ്ങനെ പഠിക്ക​ണ​മെന്നു മാതാ​പി​താ​ക്കൾ കുട്ടി​കളെ പഠിപ്പി​ക്കു​ന്ന​തും വളരെ പ്രധാ​ന​മാണ്‌. മീറ്റി​ങ്ങു​കൾക്ക്‌ എങ്ങനെ തയ്യാറാ​ക​ണ​മെ​ന്നും സ്‌കൂ​ളി​ലു​ണ്ടായ ഒരു പ്രശ്‌നം കൈകാ​ര്യം ചെയ്യാൻ ഗവേഷണം ചെയ്യേ​ണ്ടത്‌ എങ്ങനെ​യെ​ന്നും കുട്ടികൾ മനസ്സി​ലാ​ക്കണം. (എബ്രായർ 5:14 വായി​ക്കുക.) കുട്ടി​കൾക്കു വീട്ടി​ലി​രുന്ന്‌ ബൈബിൾവി​ഷ​യങ്ങൾ പഠിക്കുന്ന രീതി​യു​ണ്ടെ​ങ്കിൽ, മീറ്റി​ങ്ങു​ക​ളി​ലും സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും നടക്കുന്ന പരിപാ​ടി​കൾ ശ്രദ്ധ​യോ​ടെ കേട്ടി​രി​ക്കാൻ അവർക്കു കൂടുതൽ എളുപ്പ​മാ​യി​രി​ക്കും. ആ പരിപാ​ടി​ക​ളിൽ എപ്പോ​ഴും വീഡി​യോ കാണണ​മെ​ന്നി​ല്ല​ല്ലോ. കുട്ടി​ക​ളു​ടെ പ്രായ​വും സ്വഭാ​വ​വും കണക്കി​ലെ​ടു​ത്തു​വേണം പഠനസ​മ​യ​ത്തി​ന്റെ ദൈർഘ്യം നിശ്ചയി​ക്കാൻ.

11. എങ്ങനെ പഠിക്ക​ണ​മെന്നു ബൈബിൾവി​ദ്യാർഥി​കളെ പഠിപ്പി​ക്കേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 എങ്ങനെ പഠിക്ക​ണ​മെന്നു നമ്മുടെ ബൈബിൾവി​ദ്യാർഥി​ക​ളും അറിഞ്ഞി​രി​ക്കണം. തുടക്ക​ത്തിൽ, ബൈബിൾപ​ഠ​ന​ത്തി​നോ സഭാ​യോ​ഗ​ത്തി​നോ വേണ്ടി അവർ ഉത്തരങ്ങൾ അടിവ​ര​യി​ടു​ന്നതു കാണു​ന്നതു നമുക്കു സന്തോ​ഷ​മാണ്‌. പക്ഷേ, ഒരു വിഷയ​ത്തെ​ക്കു​റിച്ച്‌ എങ്ങനെ ഗവേഷണം ചെയ്യാ​മെ​ന്നും വ്യക്തി​പ​ര​മാ​യി എങ്ങനെ ആഴത്തിൽ പഠിക്കാ​മെ​ന്നും നമ്മൾ അവരെ പഠിപ്പി​ക്കണം. അങ്ങനെ​യാ​കു​മ്പോൾ എന്തെങ്കി​ലും പ്രശ്‌ന​മു​ണ്ടാ​യാൽ ഉടനെ സഹായ​ത്തി​നാ​യി സഭയിലെ ആരെ​യെ​ങ്കി​ലും സമീപി​ക്കു​ന്ന​തി​നു പകരം നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഗവേഷണം നടത്തി, വേണ്ട മാർഗ​നിർദേ​ശങ്ങൾ സ്വന്തമാ​യി കണ്ടെത്താൻ അവർ ശ്രമി​ക്കും.

പഠിക്കു​മ്പോൾ ഒരു ലക്ഷ്യമു​ണ്ടാ​യി​രി​ക്കുക

12. പഠിക്കു​മ്പോൾ നമുക്ക്‌ ഏതെല്ലാം ലക്ഷ്യങ്ങൾ വെക്കാ​വു​ന്ന​താണ്‌?

12 പഠിക്കാൻ വലിയ താത്‌പ​ര്യ​മി​ല്ലാ​ത്ത​യാ​ളാ​ണോ നിങ്ങൾ? പഠനം ആസ്വദി​ക്കാൻ പറ്റുന്ന ഒരു കാര്യമല്ല എന്നായി​രി​ക്കാം നിങ്ങൾ ചിന്തി​ക്കു​ന്നത്‌. പക്ഷേ നിങ്ങൾക്ക്‌ അതിനു കഴിയും. ആദ്യ​മൊ​ക്കെ അധികം സമയം പഠിക്കാൻ കഴി​ഞ്ഞെ​ന്നു​വ​രില്ല. പക്ഷേ കഴിയു​ന്ന​ത്ര​യും പഠിക്കുക. പതു​ക്കെ​പ്പ​തു​ക്കെ പഠിക്കാ​നെ​ടു​ക്കുന്ന സമയം വർധി​പ്പി​ക്കുക. പഠിക്കു​മ്പോൾ നിങ്ങൾക്ക്‌ ഒരു ലക്ഷ്യമു​ണ്ടാ​യി​രി​ക്കണം. യഹോ​വ​യു​മാ​യി കൂടുതൽ അടുക്കുക എന്നതാണു നമ്മുടെ ഏറ്റവും പ്രധാ​ന​പ്പെട്ട ലക്ഷ്യ​മെ​ന്നതു ശരിയാണ്‌. എങ്കിലും നിങ്ങൾക്കു ചെറി​യ​ചെ​റിയ ലക്ഷ്യങ്ങ​ളും വെക്കാ​വു​ന്ന​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, ആരെങ്കി​ലും ചോദിച്ച ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്തു​ക​യോ നമ്മൾ നേരി​ടുന്ന ഒരു പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ ഗവേഷണം നടത്തു​ക​യോ ചെയ്യാം.

13. (എ) സ്‌കൂ​ളിൽ തന്റെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ ഒരു കുട്ടിക്ക്‌ എന്തെല്ലാം ചെയ്യാ​മെന്നു വിശദീ​ക​രി​ക്കുക. (ബി) കൊ​ലോ​സ്യർ 4:6-ൽ കാണുന്ന ഉപദേശം നിങ്ങൾക്ക്‌ എങ്ങനെ ബാധക​മാ​ക്കാം?

13 ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ സ്‌കൂ​ളിൽ പഠിക്കുന്ന ഒരു കുട്ടി​യാ​ണോ? നിങ്ങളു​ടെ സഹപാ​ഠി​കൾ പരിണാ​മ​സി​ദ്ധാ​ന്ത​ത്തിൽ വിശ്വ​സി​ക്കു​ന്ന​വ​രാ​യി​രി​ക്കാം. ബൈബി​ളിൽനിന്ന്‌ പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്ക​ണ​മെന്നു നിങ്ങൾക്കുണ്ട്‌. പക്ഷേ നിങ്ങൾക്ക്‌ അതിനുള്ള കഴിവി​ല്ലെന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. ഈ വിഷയം നിങ്ങൾക്ക്‌ ഒരു പഠന​പ്രോ​ജ​ക്‌ടാ​ക്കി​ക്കൂ​ടേ? നിങ്ങൾക്കു രണ്ടു ലക്ഷ്യങ്ങൾ വെക്കാം. (1) ദൈവ​മാണ്‌ എല്ലാം സൃഷ്ടി​ച്ച​തെന്ന നിങ്ങളു​ടെ​തന്നെ ബോധ്യം ശക്തി​പ്പെ​ടു​ത്തുക. (2) ഈ സത്യം എങ്ങനെ നന്നായി വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാ​മെന്നു പഠിക്കുക. (റോമ. 1:20; 1 പത്രോ. 3:15) ആദ്യം സ്വയം ഇങ്ങനെ ചോദി​ക്കുക, ‘പരിണാ​മം ശരിയാ​ണെന്നു സ്ഥാപി​ക്കാൻ എന്റെ സഹപാ​ഠി​കൾ ഏതെല്ലാം വാദങ്ങ​ളാ​ണു നിരത്തി​യത്‌?’ അതിനു ശേഷം നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉപയോ​ഗിച്ച്‌ ശ്രദ്ധ​യോ​ടെ ഗവേഷണം ചെയ്യുക. നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നതു നിങ്ങൾ വിചാ​രി​ക്കു​ന്ന​തു​പോ​ലെ അത്ര ബുദ്ധി​മു​ട്ടാ​യി​രി​ക്കില്ല. മിക്കവ​രും പരിണാ​മ​ത്തിൽ വിശ്വ​സി​ക്കു​ന്നത്‌, അവർ ബഹുമാ​നി​ക്കുന്ന ആരെങ്കി​ലും അവരോട്‌ അതാണു സത്യം എന്നു പറഞ്ഞതു​കൊ​ണ്ടാ​യി​രി​ക്കും. ഒന്നോ രണ്ടോ ആശയങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങ​ളോട്‌ ആത്മാർഥ​മാ​യി ചോദ്യ​ങ്ങൾ ചോദി​ക്കു​ന്ന​വർക്കു തൃപ്‌തി​ക​ര​മായ ഉത്തരം കൊടു​ക്കാൻ നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും.—കൊ​ലോ​സ്യർ 4:6 വായി​ക്കുക.

പഠിക്കാ​നുള്ള നിങ്ങളുടെആഗ്രഹം വർധി​പ്പി​ക്കു​ക

14-16. (എ) നിങ്ങൾക്ക്‌ അധികം പരിച​യ​മി​ല്ലാത്ത ഒരു ബൈബിൾ പുസ്‌തകം പഠിക്കു​ന്ന​തി​നു നിങ്ങൾക്ക്‌ എന്തൊക്കെ ചെയ്യാം? (ബി) ഖണ്ഡിക​യിൽ പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ ആമോ​സി​ന്റെ പുസ്‌തകം കുറച്ചു​കൂ​ടെ നന്നായി മനസ്സി​ലാ​ക്കാൻ എങ്ങനെ സഹായി​ക്കു​മെന്നു വിശദീ​ക​രി​ക്കുക. (“ ബൈബി​ളി​നു ജീവൻ കൊടു​ക്കുക!” എന്ന ചതുരം കാണുക.)

14 അടുത്ത ഒരു സഭാ​യോ​ഗ​ത്തിൽ ‘ചെറിയ പ്രവാ​ച​ക​ന്മാർ’ എന്നു വിളി​ക്കുന്ന പ്രവാ​ച​ക​ന്മാ​രിൽ ഒരാളു​ടെ പുസ്‌തകം വായിച്ച്‌ ചർച്ച ചെയ്യാൻപോ​കു​ക​യാ​ണെന്നു വിചാ​രി​ക്കുക. നമുക്ക്‌ ആ പ്രവാ​ച​ക​നെ​ക്കു​റിച്ച്‌ കാര്യ​മാ​യി അറിയി​ല്ലാ​യി​രി​ക്കും. അദ്ദേഹം എഴുതിയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കാ​നുള്ള ആഗ്രഹം വളർത്തു​ന്ന​താണ്‌ ആദ്യപടി. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

15 ആദ്യം ഇതു ചിന്തി​ക്കുക: ‘ഈ പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​ര​നെ​ക്കു​റിച്ച്‌ എനിക്ക്‌ എന്തൊക്കെ അറിയാം? അദ്ദേഹം ആരായി​രു​ന്നു, എവി​ടെ​യാ​ണു താമസി​ച്ചി​രു​ന്നത്‌, എന്തായി​രു​ന്നു ജോലി?’ എഴുത്തു​കാ​രന്റെ പശ്ചാത്തലം മനസ്സി​ലാ​ക്കു​ന്നത്‌, അദ്ദേഹം ചില വാക്കുകൾ ഉപയോ​ഗി​ച്ച​തി​ന്റെ കാരണ​വും അദ്ദേഹം ഉപയോ​ഗിച്ച ദൃഷ്ടാ​ന്ത​ങ്ങ​ളും നന്നായി മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കും. ബൈബിൾ വായി​ക്കു​മ്പോൾ എഴുത്തു​കാ​രന്റെ വ്യക്തി​ത്വം വെളി​പ്പെ​ടു​ത്തുന്ന പദപ്ര​യോ​ഗ​ങ്ങൾക്കാ​യി തിരയുക.

16 അടുത്ത​താ​യി, ഈ പുസ്‌തകം എഴുതിയ കാലം അറിയു​ന്നതു സഹായ​ക​മാ​യി​രി​ക്കും. വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ അവസാനം കൊടു​ത്തി​രി​ക്കുന്ന “ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ വിവര​പ്പ​ട്ടിക” നോക്കി​യാൽ നമുക്ക്‌ അത്‌ എളുപ്പം കണ്ടുപി​ടി​ക്കാം. അനുബന്ധം എ6-ലെ പ്രവാ​ച​ക​ന്മാ​രു​ടെ​യും രാജാ​ക്ക​ന്മാ​രു​ടെ​യും ചാർട്ട്‌ പരി​ശോ​ധിച്ച്‌ കൂടുതൽ വിവരങ്ങൾ മനസ്സി​ലാ​ക്കാം. നമ്മൾ പഠിക്കു​ന്നത്‌ ഒരു പ്രവച​ന​പു​സ്‌ത​ക​മാ​യ​തു​കൊണ്ട്‌, അത്‌ എഴുതിയ കാലത്ത്‌ നിലവി​ലി​രുന്ന സാഹച​ര്യ​ങ്ങൾ നമ്മൾ മനസ്സി​ലാ​ക്കണം. ആളുക​ളു​ടെ ഏതു മോശ​മായ മനോ​ഭാ​വ​ങ്ങ​ളും പ്രവൃ​ത്തി​ക​ളും തിരു​ത്താ​നാണ്‌ ആ പ്രവാ​ച​കനെ അയച്ചത്‌? അദ്ദേഹ​ത്തി​ന്റെ കാലത്ത്‌ ജീവി​ച്ചി​രു​ന്നവർ ആരൊ​ക്കെ​യാണ്‌? ഒരു പൂർണ​ചി​ത്രം കിട്ടു​ന്ന​തിന്‌ ഒരുപക്ഷേ നമുക്കു മറ്റു ബൈബിൾപു​സ്‌ത​ക​ങ്ങ​ളും നോ​ക്കേ​ണ്ടി​വ​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ആമോസ്‌ പ്രവാ​ചകൻ ജീവി​ച്ചി​രുന്ന കാലത്തെ സാഹച​ര്യ​ങ്ങ​ളെ​പ്പറ്റി കൂടുതൽ മനസ്സി​ലാ​ക്കു​ന്ന​തിന്‌, ആമോസ്‌ 1:1-ന്റെ ഒത്തുവാ​ക്യ​ങ്ങ​ളാ​യി കൊടു​ത്തി​ട്ടുള്ള, രണ്ടു രാജാ​ക്ക​ന്മാർ, രണ്ടു ദിനവൃ​ത്താ​ന്തങ്ങൾ എന്നീ പുസ്‌ത​ക​ങ്ങ​ളി​ലെ ചില വാക്യങ്ങൾ പരി​ശോ​ധി​ക്കു​ന്നതു നമ്മളെ സഹായി​ക്കും. ആമോ​സി​ന്റെ കാലത്തു​തന്നെ ജീവി​ച്ചി​രു​ന്നെന്നു കരുത​പ്പെ​ടുന്ന ഹോശേയ പ്രവാ​ച​കന്റെ പുസ്‌തകം പരി​ശോ​ധി​ക്കു​ന്ന​തും നമ്മളെ സഹായി​ക്കും. ഇവയൊ​ക്കെ പരി​ശോ​ധി​ക്കു​മ്പോൾ നമുക്ക്‌ ആമോസ്‌ ജീവി​ച്ചി​രുന്ന കാലഘ​ട്ട​ത്തി​ന്റെ ഒരു നല്ല ചിത്രം ലഭിക്കും.—2 രാജാ. 14:25-28; 2 ദിന. 26:1-15; ഹോശേ. 1:1-11; ആമോ. 1:1.

ചെറിയ വിശദാംശങ്ങൾക്കു ശ്രദ്ധ കൊടു​ക്കു​ക

17-18. ചെറു​തെന്നു തോന്നുന്ന വിശദാം​ശ​ങ്ങൾക്കു ശ്രദ്ധ കൊടു​ക്കു​ന്നതു ബൈബിൾപ​ഠനം രസകര​മാ​ക്കു​ന്നത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കുക. (ഈ ഖണ്ഡിക​ക​ളിൽ കൊടു​ത്തി​രി​ക്കു​ന്ന​തോ, സ്വന്തമാ​യി കണ്ടെത്തി​യ​തോ ആയ ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ക്കാം.)

17 പുതിയ കാര്യങ്ങൾ അറിയാ​നുള്ള ആകാം​ക്ഷ​യോ​ടെ ബൈബിൾ വായി​ക്കു​ന്നതു നല്ലതാണ്‌. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ സെഖര്യ പ്രവചനം 12-ാം അധ്യായം വായി​ക്കു​ക​യാ​ണെന്നു കരുതുക. മിശി​ഹ​യു​ടെ മരണ​ത്തെ​ക്കു​റിച്ച്‌ ആ അധ്യാ​യ​ത്തിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. (സെഖ. 12:10) 12-ാം വാക്യ​ത്തിൽ ‘നാഥാന്റെ കുലം’ മിശി​ഹ​യു​ടെ മരണത്തിൽ ദുഃഖിച്ച്‌ കരയും എന്നു പറയുന്നു. ഈ വിശദാം​ശം പെട്ടെന്നു വായി​ച്ചു​പോ​കു​ന്ന​തി​നു പകരം ഒന്നു നിറു​ത്തി​യിട്ട്‌ നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘നാഥാന്റെ കുടും​ബ​വും മിശി​ഹ​യും തമ്മിലുള്ള ബന്ധം എന്താണ്‌? കൂടുതൽ വിവരം കിട്ടാൻ എന്തെങ്കി​ലും മാർഗ​മു​ണ്ടോ?’ നിങ്ങൾ അല്‌പം ഗവേഷണം നടത്തുന്നു. കൊടു​ത്തി​രി​ക്കുന്ന ആദ്യത്തെ ഒത്തുവാ​ക്യം 2 ശമുവേൽ 5:13, 14 ആണ്‌. നാഥാൻ ദാവീദ്‌ രാജാ​വി​ന്റെ ആൺമക്ക​ളിൽ ഒരാളാണ്‌ എന്ന്‌ അവിടെ പറയുന്നു. അടുത്ത ഒത്തുവാ​ക്യ​ങ്ങൾ ലൂക്കോസ്‌ 3:23-ഉം 31-ഉം ആണ്‌. യേശു മറിയ​യി​ലൂ​ടെ നാഥാന്റെ ഒരു പിൻഗാ​മി​യാ​ണെന്ന്‌ അവിടെ കാണുന്നു. (ലൂക്കോസ്‌ 3:23-ന്റെ “യോ​സേഫ്‌, ഹേലി​യു​ടെ മകൻ” എന്ന പഠനക്കു​റിപ്പ്‌ കാണുക.) നിങ്ങളു​ടെ ആകാംക്ഷ കൂടി. യേശു ദാവീ​ദി​ന്റെ ഒരു പിൻഗാ​മി​യാ​ണെന്നു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടു​ണ്ടെന്നു നിങ്ങൾക്ക്‌ അറിയാം. (മത്താ. 22:42) പക്ഷേ ദാവീ​ദിന്‌ 20-ലേറെ ആൺമക്ക​ളു​ണ്ടാ​യി​രു​ന്നു. അതിൽ നാഥാന്റെ കുലം യേശു​വി​ന്റെ മരണത്തിൽ വിലപി​ക്കു​മെന്നു സെഖര്യ പ്രവാ​ചകൻ പറയുന്നു. ഇപ്പോൾ അതിന്റെ കാരണം മനസ്സി​ലാ​യി.

18 മറ്റൊരു ഉദാഹ​രണം നോക്കാം. ലൂക്കോ​സി​ന്റെ ആദ്യത്തെ അധ്യാ​യ​ത്തിൽ, ഗബ്രി​യേൽ ദൂതൻ മറിയയെ സന്ദർശി​ച്ച​തി​നെ​പ്പറ്റി നമ്മൾ വായി​ക്കു​ന്നുണ്ട്‌. മറിയ​യ്‌ക്കു ജനിക്കാൻപോ​കുന്ന മകനെ​ക്കു​റിച്ച്‌ ഗബ്രി​യേൽ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “അവൻ മഹാനാ​കും. അത്യു​ന്ന​തന്റെ മകൻ എന്നു വിളിക്കപ്പെടും. ദൈവ​മായ യഹോവ അവന്‌, പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം കൊടുക്കും. അവൻ യാക്കോ​ബു​ഗൃ​ഹ​ത്തി​ന്മേൽ എന്നും രാജാ​വാ​യി ഭരിക്കും.” (ലൂക്കോ. 1:32, 33) ഗബ്രി​യേൽ പറഞ്ഞ ആദ്യത്തെ കാര്യം, അതായത്‌ യേശു “അത്യു​ന്ന​തന്റെ മകൻ എന്നു വിളി​ക്ക​പ്പെ​ടും” എന്ന ഭാഗം നമ്മൾ ശ്രദ്ധി​ച്ചേ​ക്കാം. എന്നാൽ യേശു “രാജാ​വാ​യി ഭരിക്കും” എന്നും ഗബ്രി​യേൽ പ്രവചി​ക്കു​ന്നുണ്ട്‌. ഗബ്രി​യേ​ലി​ന്റെ ഈ വാക്കുകൾ കേട്ട​പ്പോൾ മറിയ​യ്‌ക്ക്‌ എന്തു തോന്നി​ക്കാ​ണു​മെന്നു ചിന്തി​ക്കുക. യേശു ഹെരോദ്‌ രാജാ​വി​നോ അദ്ദേഹ​ത്തി​ന്റെ ഒരു പിൻഗാ​മി​ക്കോ പകരം ഇസ്രാ​യേ​ലിൽ രാജാ​വാ​കു​മെന്നു മറിയ ചിന്തി​ച്ചു​കാ​ണു​മോ? യേശു രാജാ​വാ​യാൽ മറിയ അമ്മമഹാ​റാ​ണി​യാ​കും. മറിയ​യു​ടെ കുടും​ബ​ത്തി​നു രാജ​കൊ​ട്ടാ​ര​ത്തിൽ താമസി​ക്കാ​നും കഴിയും. എന്നാൽ മറിയ ഇങ്ങനെ​യെ​ല്ലാം ചിന്തി​ച്ചെ​ന്നോ അങ്ങനെ ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ ഗബ്രി​യേ​ലി​നോ​ടു ചോദി​ച്ചെ​ന്നോ ബൈബിൾ പറയു​ന്നില്ല. കൂടാതെ, യേശു​വി​ന്റെ രണ്ടു ശിഷ്യ​ന്മാർ ചെയ്‌ത​തു​പോ​ലെ രാജ്യ​ത്തിൽ ഒരു ഉന്നതസ്ഥാ​നം തരണ​മെന്നു മറിയ ആവശ്യ​പ്പെ​ട്ടെ​ന്നും ബൈബി​ളിൽ എവി​ടെ​യും കാണു​ന്നില്ല. (മത്താ. 20:20-23) ഈ വിവരണം മറിയ​യു​ടെ താഴ്‌മ എന്ന ഗുണം കുറച്ചു​കൂ​ടെ എടുത്തു​കാ​ണി​ക്കു​ന്നി​ല്ലേ?

19-20. യാക്കോബ്‌ 1:22-25-ലും 4:8-ലും വിവരി​ക്കു​ന്ന​തു​പോ​ലെ, പഠിക്കാ​നി​രി​ക്കു​മ്പോൾ നമ്മുടെ ലക്ഷ്യങ്ങൾ എന്തൊ​ക്കെ​യാ​യി​രി​ക്കണം?

19 ദൈവ​വ​ച​ന​വും ക്രിസ്‌തീ​യ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും പഠിക്കു​ന്ന​തി​ന്റെ ഏറ്റവും പ്രധാ​ന​പ്പെട്ട ലക്ഷ്യം യഹോ​വ​യോ​ടു കൂടുതൽ അടുത്ത്‌ ചെല്ലുക എന്നതാ​ണെന്നു നമുക്ക്‌ എപ്പോ​ഴും ഓർത്തി​രി​ക്കാം. നമ്മൾ എങ്ങനെ​യുള്ള വ്യക്തി​ക​ളാ​ണെന്നു വ്യക്തമാ​യി കാണാ​നും ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ എന്തെല്ലാം മാറ്റങ്ങൾ വരുത്ത​ണ​മെന്ന്‌ അറിയാ​നും നമ്മൾ ആഗ്രഹി​ക്കു​ന്നു. (യാക്കോബ്‌ 1:22-25; 4:8 വായി​ക്കുക.) അതു​കൊണ്ട്‌ ഓരോ തവണ പഠിക്കാ​നി​രി​ക്കു​മ്പോ​ഴും പരിശു​ദ്ധാ​ത്മാ​വി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കുക. പഠനഭാ​ഗ​ത്തു​നിന്ന്‌ പൂർണ​മാ​യി പ്രയോ​ജനം നേടാ​നും നമ്മൾ എന്തെല്ലാം മാറ്റങ്ങൾ വരുത്ത​ണ​മെന്നു മനസ്സി​ലാ​ക്കാ​നും ഉള്ള സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു യാചി​ക്കുക.

20 ദൈവ​ത്തി​ന്റെ ഒരു വിശ്വ​സ്‌ത​ദാ​സനെ സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ വർണി​ക്കു​ന്നു: “യഹോ​വ​യു​ടെ നിയമ​മാണ്‌ അവന്‌ ആനന്ദം പകരു​ന്നത്‌. അവൻ അതു രാവും പകലും മന്ദസ്വ​ര​ത്തിൽ വായി​ക്കു​ന്നു. . . . അവൻ ചെയ്യു​ന്ന​തെ​ല്ലാം സഫലമാ​കും.” (സങ്കീ. 1:2, 3) ഇങ്ങനെ ഒരാളാ​കാൻ നമുക്കും സാധി​ക്കട്ടെ!

ഗീതം 88 അങ്ങയുടെ വഴികൾ അറിയി​ച്ചു​ത​രേ​ണമേ

^ ഖ. 5 നമുക്കു കാണാ​നും വായി​ക്കാ​നും പഠിക്കാ​നും ധാരാളം കാര്യങ്ങൾ യഹോവ തരുന്നു. എന്തു പഠിക്ക​ണ​മെന്നു തീരു​മാ​നി​ക്കാൻ ഈ ലേഖനം നിങ്ങളെ സഹായി​ക്കും. പഠനസ​മയം പൂർണ​മാ​യി പ്രയോ​ജ​ന​പ്പെ​ടു​ത്താ​നുള്ള പ്രാ​യോ​ഗി​ക​മായ നിർദേ​ശ​ങ്ങ​ളും നിങ്ങൾക്കു ലഭിക്കും.

^ ഖ. 61 ചിത്രക്കുറിപ്പ്‌: വീക്ഷാ​ഗോ​പു​ര​പ​ഠ​ന​ത്തിന്‌ എങ്ങനെ തയ്യാറാ​ക​ണ​മെന്നു മാതാ​പി​താ​ക്കൾ മക്കൾക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്നു.

^ ഖ. 63 ചിത്രക്കുറിപ്പ്‌: ഒരു സഹോ​ദരൻ ബൈബി​ളെ​ഴു​ത്തു​കാ​ര​നായ ആമോ​സി​നെ​ക്കു​റിച്ച്‌ ഗവേഷണം നടത്തുന്നു. ബൈബിൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​മ്പോൾ സഹോ​ദരൻ ഭാവന​യിൽ കാണുന്ന ചിത്ര​ങ്ങ​ളാ​ണു പുറകിൽ കൊടു​ത്തി​രി​ക്കു​ന്നത്‌.