വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 32

ദൈവ​ത്തോ​ടൊ​പ്പം നടക്കുക—താഴ്‌മ​യോ​ടെ, എളിമ​യോ​ടെ

ദൈവ​ത്തോ​ടൊ​പ്പം നടക്കുക—താഴ്‌മ​യോ​ടെ, എളിമ​യോ​ടെ

“ദൈവ​ത്തോ​ടൊ​പ്പം എളിമ​യോ​ടെ നടക്കുക.”​—മീഖ 6:8.

ഗീതം 31 യാഹിനോടൊപ്പം നടക്കാം!

പൂർവാവലോകനം *

1. യഹോ​വ​യു​ടെ താഴ്‌മ​യെ​ക്കു​റിച്ച്‌ ദാവീദ്‌ എന്താണു പറഞ്ഞത്‌?

യഹോ​വ​യ്‌ക്കു താഴ്‌മ​യു​ണ്ടെന്നു നമുക്കു പറയാൻ കഴിയു​മോ? കഴിയും. ദാവീദ്‌ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “അങ്ങ്‌ എനിക്കു രക്ഷ എന്ന പരിച തരുന്നു. അങ്ങയുടെ താഴ്‌മ എന്നെ വലിയ​വ​നാ​ക്കു​ന്നു.” (2 ശമു. 22:36; സങ്കീ. 18:35) ഇതു പറഞ്ഞ​പ്പോൾ ഇസ്രാ​യേ​ലി​ന്റെ ഭാവി​രാ​ജാ​വി​നെ അഭി​ഷേകം ചെയ്യാൻ ശമുവേൽ പ്രവാ​ചകൻ ദാവീ​ദി​ന്റെ അപ്പന്റെ വീട്ടി​ലേക്കു വന്ന ദിവസ​മാ​യി​രി​ക്കാം ഒരുപക്ഷേ ദാവീ​ദി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. എട്ട്‌ ആൺമക്ക​ളിൽ ഏറ്റവും ഇളയവ​നാ​യി​രു​ന്നു ദാവീദ്‌. എന്നിട്ടും ശൗലിനു പകരം രാജാ​വാ​കാൻ യഹോവ തിര​ഞ്ഞെ​ടു​ത്തത്‌ ദാവീ​ദി​നെ​യാ​യി​രു​ന്നു.​—1 ശമു. 16:1, 10-13.

2. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

2 “ദൈവം കുനിഞ്ഞ്‌ ആകാശ​ത്തെ​യും ഭൂമി​യെ​യും നോക്കു​ന്നു; സാധു​വി​നെ പൊടി​യിൽനിന്ന്‌ എഴു​ന്നേൽപ്പി​ക്കു​ന്നു; ദരി​ദ്രനെ . . . പിടി​ച്ചു​യർത്തു​ന്നു. . . . അവനെ പ്രധാ​നി​ക​ളോ​ടൊ​പ്പം . . . ഇരുത്തു​ന്നു” എന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പറഞ്ഞ സങ്കീർത്ത​ന​ക്കാ​രനു തോന്നി​യ​തു​പോ​ലെ​ത​ന്നെ​യാ​ണു തീർച്ച​യാ​യും ദാവീ​ദി​നും തോന്നി​യത്‌. (സങ്കീ. 113:6-8) ഈ ലേഖന​ത്തിൽ, യഹോവ താഴ്‌മ കാണിച്ച ചില സന്ദർഭ​ങ്ങ​ളും അതിൽനിന്ന്‌ ഈ ഗുണ​ത്തെ​പ്പറ്റി നമുക്കു പഠിക്കാൻ കഴിയുന്ന ചില പ്രധാ​ന​പ്പെട്ട പാഠങ്ങ​ളും നമ്മൾ ചിന്തി​ക്കും. എന്നിട്ട്‌ എളിമ എന്ന ഗുണ​ത്തെ​പ്പറ്റി ശൗൽ രാജാവ്‌, ദാനി​യേൽ പ്രവാ​ചകൻ, യേശു എന്നിവ​രിൽനിന്ന്‌ എന്തു പഠിക്കാ​മെ​ന്നും നോക്കും.

യഹോ​വ​യു​ടെ മാതൃ​ക​യിൽനിന്ന്‌ എന്തു പഠിക്കാം?

3. യഹോവ നമ്മളോട്‌ എങ്ങനെ​യാണ്‌ ഇടപെ​ടു​ന്നത്‌, അത്‌ എന്തു തെളി​യി​ക്കു​ന്നു?

3 അപൂർണ​രായ മനുഷ്യ​രോട്‌ യഹോവ ഇടപെ​ടുന്ന വിധം നോക്കി​യാൽ യഹോ​വ​യ്‌ക്കു താഴ്‌മ​യു​ണ്ടെന്നു നമുക്കു മനസ്സി​ലാ​ക്കാം. യഹോവ നമ്മുടെ ആരാധന സ്വീക​രി​ക്കുക മാത്രമല്ല, നമ്മളെ തന്റെ സ്‌നേ​ഹി​ത​രാ​യി കാണു​ക​യും ചെയ്യുന്നു. (സങ്കീ. 25:14) നമുക്ക്‌ യഹോ​വ​യു​ടെ സ്‌നേ​ഹി​ത​രാ​കാൻ കഴി​യേ​ണ്ട​തി​നു നമ്മുടെ പാപങ്ങൾക്ക്‌ ഒരു മോച​ന​വി​ല​യാ​യി തന്റെ മകനെ തന്നു​കൊണ്ട്‌ യഹോ​വ​യാ​ണു മുൻ​കൈ​യെ​ടു​ത്തത്‌. എത്ര വലിയ അനുക​മ്പ​യും കരുണ​യും ആണ്‌ യഹോവ നമ്മളോ​ടു കാണി​ച്ചത്‌!

4. യഹോവ നമുക്ക്‌ എന്താണു തന്നിരി​ക്കു​ന്നത്‌, എന്തു​കൊണ്ട്‌?

4 യഹോ​വ​യു​ടെ താഴ്‌മ​യു​ടെ മറ്റൊരു തെളിവ്‌ നോക്കാം. എങ്ങനെ ജീവി​ക്ക​ണ​മെന്നു തിര​ഞ്ഞെ​ടു​ക്കാ​നുള്ള കഴിവി​ല്ലാ​തെ യഹോ​വ​യ്‌ക്കു വേണ​മെ​ങ്കിൽ നമ്മളെ സൃഷ്ടി​ക്കാ​മാ​യി​രു​ന്നു. പക്ഷേ യഹോവ അങ്ങനെ ചെയ്‌തില്ല. യഹോവ നമ്മളെ തന്റെ സാദൃ​ശ്യ​ത്തിൽ സൃഷ്ടി​ക്കു​ക​യും തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം നമുക്കു തരുക​യും ചെയ്‌തു. യഹോ​വ​യോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌, യഹോ​വയെ അനുസ​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ തിരി​ച്ച​റിഞ്ഞ്‌ നമ്മൾ തന്നെ സേവി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. ആ തിര​ഞ്ഞെ​ടുപ്പ്‌ യഹോവ നമുക്കു വിട്ടു​ത​ന്നി​രി​ക്കു​ന്നു. നമ്മൾ തീരെ നിസ്സാ​ര​രാ​ണെ​ങ്കി​ലും നമ്മൾ നടത്തുന്ന തിര​ഞ്ഞെ​ടു​പ്പു​കൾ യഹോവ വളരെ പ്രധാ​ന​മാ​യി കാണുന്നു. (ആവ. 10:12; യശ. 48:17, 18) യഹോവ ഈ വിധത്തിൽ താഴ്‌മ കാണി​ച്ച​തി​നു നമ്മൾ നന്ദിയു​ള്ള​വ​രല്ലേ?

സ്വർഗത്തിൽ യേശു നിൽക്കു​ന്ന​തി​ന്റെ ഒരു ചിത്രം. യേശു​വി​ന്റെ ചില സഹഭര​ണാ​ധി​കാ​രി​ക​ളും കൂടെ​യുണ്ട്‌. അവർക്കു ചുറ്റും ഒട്ടനേകം ദൂതന്മാ​രു​മുണ്ട്‌. ചില ദൂതന്മാർ തങ്ങളുടെ നിയമനം ചെയ്യു​ന്ന​തി​നാ​യി ഭൂമി​യി​ലേക്കു പോകു​ക​യാണ്‌. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കുന്ന എല്ലാവർക്കും യഹോവ അധികാ​രം കൊടു​ത്തി​ട്ടുണ്ട്‌ (ഖണ്ഡിക 5 കാണുക)

5. യഹോവ എങ്ങനെ​യാ​ണു താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മളെ പഠിപ്പി​ക്കു​ന്നത്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

5 നമ്മളോട്‌ ഇടപെ​ടുന്ന വിധത്തി​ലൂ​ടെ യഹോവ നമ്മളെ താഴ്‌മ പഠിപ്പി​ക്കു​ന്നു. ഈ പ്രപഞ്ച​ത്തിൽ ഏറ്റവും ജ്ഞാനമു​ള്ളത്‌ യഹോ​വ​യ്‌ക്കാണ്‌. എങ്കിലും മറ്റുള്ള​വ​രു​ടെ നിർദേ​ശങ്ങൾ കേൾക്കാ​നും അതു സ്വീക​രി​ക്കാ​നും യഹോവ തയ്യാറാണ്‌. ഉദാഹ​ര​ണ​ത്തിന്‌, എല്ലാം സൃഷ്ടിച്ച സമയത്ത്‌ ഒരു സഹായി​യാ​യി തന്റെകൂ​ടെ പ്രവർത്തി​ക്കാൻ യഹോവ തന്റെ മകനെ അനുവ​ദി​ച്ചു. (സുഭാ. 8:27-30; കൊലോ. 1:15, 16) ഇനി, സർവശ​ക്ത​നാ​ണെ​ങ്കി​ലും യഹോവ മറ്റുള​ള​വർക്ക്‌ അധികാ​രം ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യഹോവ യേശു​വി​നെ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി നിയമി​ച്ചു. യേശു​വി​ന്റെ​കൂ​ടെ ഭരിക്കാൻപോ​കുന്ന 1,44,000 മനുഷ്യർക്കും യഹോവ ഒരള​വോ​ളം അധികാ​രം കൊടു​ക്കും. (ലൂക്കോ. 12:32) എന്നാൽ രാജാ​വി​ന്റെ​യും മഹാപു​രോ​ഹി​ത​ന്റെ​യും ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാ​നുള്ള പരിശീ​ല​ന​വും യഹോവ യേശു​വി​നു കൊടു​ത്തി​രു​ന്നു. (എബ്രാ. 5:8, 9) യേശു​വി​ന്റെ​കൂ​ടെ ഭരിക്കാ​നി​രി​ക്കു​ന്ന​വ​രെ​യും യഹോവ പരിശീ​ലി​പ്പി​ക്കു​ന്നു. അതേസ​മയം, യഹോവ അവർക്ക്‌ ഈ നിയമനം കൊടു​ത്തിട്ട്‌ അവർ ചെയ്യുന്ന ഓരോ ചെറിയ കാര്യ​വും നിയ​ന്ത്രി​ക്കാൻപോ​കില്ല. അവർ തന്റെ ഇഷ്ടമനു​സ​രിച്ച്‌ കാര്യങ്ങൾ ചെയ്‌തു​കൊ​ള്ളു​മെന്ന്‌ യഹോവ ഉറച്ച്‌ വിശ്വ​സി​ക്കു​ന്നു.​—വെളി. 5:10.

മറ്റുള്ളവരെ പരിശീ​ലി​പ്പി​ക്കു​ക​യും അവർക്ക്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മൾ യഹോ​വയെ അനുക​രി​ക്കു​ക​യാണ്‌ (6-7 ഖണ്ഡികകൾ കാണുക) *

6-7. മറ്റുള്ള​വർക്ക്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പി​ച്ചു​കൊ​ടു​ക്കുന്ന കാര്യ​ത്തിൽ കുടും​ബ​നാ​ഥ​ന്മാർക്കും മൂപ്പന്മാർക്കും മാതാ​പി​താ​ക്കൾക്കും യഹോ​വയെ എങ്ങനെ അനുക​രി​ക്കാം?

6 മറ്റാരു​ടെ​യും സഹായം ആവശ്യ​മി​ല്ലാത്ത നമ്മുടെ സ്വർഗീ​യ​പി​താവ്‌ മറ്റുള്ള​വർക്ക്‌ ഉത്തരവാ​ദി​ത്വം ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ന്നെ​ങ്കിൽ നമ്മൾ അങ്ങനെ എത്രയ​ധി​കം ചെയ്യണം! നിങ്ങൾ ഒരു കുടും​ബ​നാ​ഥ​നോ സഭാമൂ​പ്പ​നോ ആണോ? എങ്കിൽ യഹോ​വ​യു​ടെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ മറ്റുള്ള​വർക്ക്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പി​ച്ചു​കൊ​ടു​ക്കുക. എന്നാൽ അവർ ചെയ്യുന്ന ഓരോ കാര്യ​ത്തി​ലും കൈക​ട​ത്താ​നുള്ള പ്രവണത ഒഴിവാ​ക്കു​ക​യും വേണം. ഈ വിധത്തിൽ നമ്മൾ യഹോ​വയെ അനുക​രി​ക്കു​മ്പോൾ ജോലി ചെയ്‌തു​തീർക്കു​ന്ന​തോ​ടൊ​പ്പം, മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കാൻ നമുക്കാ​കും. യഹോ​വ​യു​ടെ സഹായ​ത്താൽ തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാൻ സാധി​ക്കും എന്ന അവരുടെ ആത്മവി​ശ്വാ​സം വർധി​പ്പി​ക്കാ​നും കഴിയും. (യശ. 41:10) അധികാ​ര​സ്ഥാ​ന​ത്തു​ള്ള​വർക്ക്‌ യഹോ​വ​യിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന മറ്റ്‌ എന്തെങ്കി​ലു​മു​ണ്ടോ?

7 തന്റെ ദൂതപു​ത്ര​ന്മാ​രു​ടെ അഭി​പ്രാ​യങ്ങൾ യഹോവ പ്രധാ​ന​പ്പെ​ട്ട​താ​യി കാണു​ന്നെന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു. (1 രാജാ. 22:19-22) മാതാ​പി​താ​ക്കളേ, നിങ്ങൾക്ക്‌ എങ്ങനെ യഹോ​വ​യു​ടെ ഈ മാതൃക അനുക​രി​ക്കാം? ഉചിത​മാ​യി​രി​ക്കു​മ്പോ​ഴൊ​ക്കെ, വീട്ടിലെ എന്തെങ്കി​ലും ഒരു കാര്യം എങ്ങനെ ചെയ്യാ​മെന്നു നിങ്ങളു​ടെ മക്കളോട്‌ അഭി​പ്രാ​യം ചോദി​ക്കുക. സാധി​ക്കു​മെ​ങ്കിൽ അവരുടെ അഭി​പ്രാ​യം​പോ​ലെ ചെയ്യുക.

8. യഹോവ അബ്രാ​ഹാ​മി​നോ​ടും സാറ​യോ​ടും എങ്ങനെ​യാ​ണു ക്ഷമയോ​ടെ ഇടപെ​ട്ടത്‌?

8 ക്ഷമയോ​ടെ ഇടപെ​ട്ടു​കൊ​ണ്ടും യഹോവ താഴ്‌മ കാണി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, തന്നെ സേവി​ക്കു​ന്നവർ തന്റെ തീരു​മാ​ന​ങ്ങ​ളു​ടെ ന്യായാ​ന്യാ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആദര​വോ​ടെ ചോദ്യ​ങ്ങൾ ചോദി​ക്കു​മ്പോ​ഴും യഹോവ ക്ഷമ കൈവി​ടു​ന്നില്ല. സൊ​ദോ​മി​നെ​യും ഗൊ​മോ​റ​യെ​യും നശിപ്പി​ക്കാ​നുള്ള യഹോ​വ​യു​ടെ തീരു​മാ​ന​ത്തെ​ക്കു​റിച്ച്‌ അബ്രാ​ഹാം സംശയങ്ങൾ ചോദി​ച്ച​പ്പോൾ യഹോവ അതു ശ്രദ്ധി​ച്ചു​കേട്ടു. (ഉൽപ. 18:22-33) അബ്രാ​ഹാ​മി​ന്റെ ഭാര്യ​യായ സാറ​യോട്‌ യഹോവ ഇടപെട്ട വിധ​ത്തെ​ക്കു​റി​ച്ചും ചിന്തി​ക്കുക. പ്രായ​മായ താൻ ഗർഭം​ധ​രി​ക്കു​മെന്ന യഹോ​വ​യു​ടെ വാക്കു കേട്ട​പ്പോൾ സാറ ചിരിച്ചു. അതിന്റെ പേരിൽ യഹോ​വ​യ്‌ക്കു സാറ​യോട്‌ ഇഷ്ടക്കേടു തോന്നു​ക​യോ ദേഷ്യ​പ്പെ​ടു​ക​യോ ചെയ്‌തില്ല. (ഉൽപ. 18:10-14) പകരം യഹോവ സാറ​യോട്‌ ആദര​വോ​ടെ ഇടപെട്ടു.

9. മാതാ​പി​താ​ക്കൾക്കും മൂപ്പന്മാർക്കും യഹോ​വ​യു​ടെ മാതൃ​ക​യിൽനിന്ന്‌ എന്തു പാഠമാ​ണു പഠിക്കാ​നു​ള്ളത്‌?

9 നമുക്കു വീണ്ടും മാതാ​പി​താ​ക്ക​ളി​ലേ​ക്കും മൂപ്പന്മാ​രി​ലേ​ക്കും വരാം. നിങ്ങൾക്ക്‌ എങ്ങനെ യഹോ​വ​യു​ടെ ഈ മാതൃക അനുക​രി​ക്കാം? നിങ്ങളു​ടെ മക്കളോ സഭയി​ലുള്ള സഹോ​ദ​ര​ങ്ങ​ളോ നിങ്ങളു​ടെ തീരു​മാ​ന​ങ്ങളെ ചോദ്യം​ചെ​യ്‌താൽ നിങ്ങൾ എന്തു ചെയ്യും? അവരെ തിരു​ത്താ​നാ​യി​രി​ക്കു​മോ നിങ്ങൾക്ക്‌ ആദ്യം തോന്നുക? അതോ അവരുടെ സ്ഥാനത്തു​നിന്ന്‌ ചിന്തി​ക്കാൻ ശ്രമി​ക്കു​മോ? അധികാ​ര​മു​ള്ളവർ യഹോ​വയെ അനുക​രി​ക്കു​മ്പോൾ കുടും​ബ​ത്തി​നും സഭയ്‌ക്കും അതിന്റെ പ്രയോ​ജ​ന​ങ്ങ​ളു​ണ്ടാ​കും. യഹോ​വ​യു​ടെ മാതൃ​ക​യിൽനിന്ന്‌ താഴ്‌മ​യെ​ക്കു​റിച്ച്‌ എന്തു പഠിക്കാ​മെ​ന്നാ​ണു നമ്മൾ ഇതുവരെ ചർച്ച ചെയ്‌തത്‌. ഇനി, എളിമ​യെ​ക്കു​റിച്ച്‌ ദൈവ​വ​ച​ന​ത്തി​ലെ ചില വ്യക്തി​ക​ളിൽനിന്ന്‌ എന്തു പഠിക്കാ​മെന്നു നമുക്കു നോക്കാം.

മറ്റുള്ള​വ​രു​ടെ മാതൃ​ക​യിൽനിന്ന്‌ എന്തു പഠിക്കാം?

10. നമ്മളെ പഠിപ്പി​ക്കാൻ യഹോവ മറ്റുള്ള​വ​രു​ടെ മാതൃ​കകൾ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌?

10 നമ്മുടെ ‘മഹാനായ ഉപദേ​ഷ്ടാ​വായ’ യഹോവ, നമ്മളെ പഠിപ്പി​ക്കു​ന്ന​തി​നു തന്റെ വചനത്തിൽ ധാരാളം പേരുടെ മാതൃ​കകൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (യശ. 30:20, 21) എളിമ ഉൾപ്പെ​ടെ​യുള്ള ദൈവി​ക​ഗു​ണങ്ങൾ കാണി​ച്ച​വ​രെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണങ്ങൾ ധ്യാനി​ക്കു​ന്ന​തി​ലൂ​ടെ നമുക്കു പലതും പഠിക്കാൻ കഴിയും. അത്തരം നല്ല ഗുണങ്ങൾ കാണി​ക്കാ​തി​രു​ന്ന​വർക്ക്‌ എന്തു സംഭവി​ച്ചു എന്നു പഠിക്കു​ന്ന​തും നമുക്കു പ്രയോ​ജനം ചെയ്യും.​—സങ്കീ. 37:37; 1 കൊരി. 10:11.

11. ശൗലിന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

11 ശൗൽ രാജാ​വിന്‌ എന്തു സംഭവി​ച്ചെന്നു ചിന്തി​ക്കുക. തുടക്ക​ത്തിൽ അദ്ദേഹം എളിമ​യുള്ള ചെറു​പ്പ​ക്കാ​ര​നാ​യി​രു​ന്നു. തന്റെ പരിമി​തി​ക​ളെ​ക്കു​റിച്ച്‌ അദ്ദേഹം ബോധ​വാ​നാ​യി​രു​ന്നു. അതു​കൊണ്ട്‌ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാ​തെ മാറി​നിൽക്കാ​നാ​യി​രു​ന്നു അദ്ദേഹ​ത്തി​നു താത്‌പ​ര്യം. (1 ശമു. 9:21; 10:20-22) എന്നാൽ പിന്നീട്‌ അദ്ദേഹ​ത്തി​ന്റെ സ്വഭാ​വ​ത്തി​നു മാറ്റം വന്നു. രാജാ​വാ​യി അധികം വൈകാ​തെ അദ്ദേഹം ധിക്കാ​ര​ത്തോ​ടെ പ്രവർത്തി​ക്കാൻ തുടങ്ങി. ഒരു അവസര​ത്തിൽ ശമുവേൽ പ്രവാ​ച​കനെ കാത്തി​രു​ന്ന​പ്പോൾ അദ്ദേഹ​ത്തി​നു ക്ഷമ നഷ്ടപ്പെട്ടു. അതു​കൊണ്ട്‌ യാഗം അർപ്പി​ക്കാൻ അധികാ​ര​മി​ല്ലാ​യി​രു​ന്നി​ട്ടും ശൗൽ അതു ചെയ്‌തു. ശൗൽ യഹോ​വ​യിൽ ആശ്രയി​ച്ചില്ല, ജനത്തി​നു​വേണ്ടി യഹോവ പ്രവർത്തി​ക്കു​മെന്നു ചിന്തി​ച്ചില്ല. അങ്ങനെ എളിമ കാണി​ക്കാൻ പരാജ​യ​പ്പെ​ട്ട​തു​കൊണ്ട്‌ ശൗലിന്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​വും പിന്നീട്‌ രാജത്വ​വും നഷ്ടപ്പെട്ടു. (1 ശമു. 13:8-14) ഈ മുന്നറി​യി​പ്പിൻമാ​തൃ​ക​യ്‌ക്കു ചെവി​കൊ​ടു​ത്തു​കൊണ്ട്‌ നമുക്കു ജ്ഞാനി​ക​ളാ​ണെന്നു കാണി​ക്കാം. നമുക്ക്‌ അധികാ​ര​മി​ല്ലാത്ത കാര്യങ്ങൾ നമുക്കു ചെയ്യാ​തി​രി​ക്കാം.

12. ദാനി​യേൽ എങ്ങനെ​യാണ്‌ എളിമ കാണി​ച്ചത്‌?

12 ശൗലിൽനിന്ന്‌ വളരെ വ്യത്യ​സ്‌ത​നാ​യി​രുന്ന ദാനി​യേൽ പ്രവാ​ച​കന്റെ നല്ല മാതൃക നമുക്കു നോക്കാം. ജീവി​ത​കാ​ലം മുഴുവൻ ദാനി​യേൽ നല്ല താഴ്‌മ​യും എളിമ​യും ഉള്ള ഒരു ദൈവ​ദാ​സ​നാ​യി​രു​ന്നു. അദ്ദേഹം എപ്പോ​ഴും മാർഗ​നിർദേ​ശ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കി. ഉദാഹ​ര​ണ​ത്തിന്‌, നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ സ്വപ്‌നം വിവരി​ക്കാൻ യഹോവ ദാനി​യേ​ലി​നെ ഉപയോ​ഗി​ച്ച​പ്പോൾ അതു തന്റെ കഴിവു​കൊണ്ട്‌ ചെയ്‌ത​താ​ണെന്നു ദാനി​യേൽ അവകാ​ശ​പ്പെ​ട്ടില്ല. പകരം എളിമ​യോ​ടെ എല്ലാ മഹത്ത്വ​വും ബഹുമ​തി​യും യഹോ​വ​യ്‌ക്കു കൊടു​ത്തു. (ദാനി. 2:26-28) നമുക്കുള്ള പാഠം എന്താണ്‌? ചില​പ്പോൾ നമ്മുടെ പ്രസം​ഗങ്ങൾ കേൾക്കാൻ സഹോ​ദ​ര​ങ്ങൾക്ക്‌ ഇഷ്ടമാ​യി​രി​ക്കും. അല്ലെങ്കിൽ ശുശ്രൂ​ഷ​യിൽ നമുക്കു നല്ല ഫലം ലഭിക്കു​ന്നു​ണ്ടാ​യി​രി​ക്കും. അപ്പോ​ഴൊ​ക്കെ അതിനുള്ള മഹത്ത്വം യഹോ​വ​യ്‌ക്കു കൊടു​ക്കാൻ നമ്മൾ ഓർക്കണം. യഹോ​വ​യു​ടെ സഹായ​മി​ല്ലാ​തെ ഇക്കാര്യ​ങ്ങ​ളൊ​ന്നും ചെയ്യാൻ നമുക്കു കഴിയി​ല്ലെന്ന്‌ എളിമ​യോ​ടെ നമ്മൾ തിരി​ച്ച​റി​യണം. (ഫിലി. 4:13) ഇങ്ങനെ​യൊ​രു മനോ​ഭാ​വ​മു​ണ്ടെ​ങ്കിൽ നമ്മൾ യേശു​വി​ന്റെ നല്ല മാതൃക അനുക​രി​ക്കു​ക​യു​മാണ്‌. അത്‌ എങ്ങനെ?

13. യോഹ​ന്നാൻ 5:19, 30-ൽ കാണുന്ന യേശു​വി​ന്റെ വാക്കു​ക​ളിൽനിന്ന്‌ എളിമ​യെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു പഠിക്കാം?

13 ദൈവ​ത്തി​ന്റെ പൂർണ​ത​യുള്ള പുത്ര​നാ​യി​ട്ടും യേശു യഹോ​വ​യിൽ ആശ്രയി​ച്ചു. (യോഹ​ന്നാൻ 5:19, 30 വായി​ക്കുക.) തന്റെ സ്വർഗീ​യ​പി​താ​വിൽനിന്ന്‌ അധികാ​രം പിടി​ച്ചെ​ടു​ക്കാൻ യേശു ഒരിക്ക​ലും ശ്രമി​ച്ചില്ല. യേശു ‘ദൈവ​ത്തോ​ടു തുല്യ​നാ​കാൻവേണ്ടി ദൈവ​ത്തി​ന്റെ സ്ഥാനം കൈക്ക​ലാ​ക്ക​ണ​മെന്നു ചിന്തി​ച്ചില്ല’ എന്നു ഫിലി​പ്പി​യർ 2:6 പറയുന്നു. അനുസ​ര​ണ​മുള്ള ഒരു മകനെ​പ്പോ​ലെ യേശു തന്റെ പരിമി​തി​കൾ തിരി​ച്ച​റി​യു​ക​യും പിതാ​വി​ന്റെ അധികാ​രത്തെ ആദരി​ക്കു​ക​യും ചെയ്‌തു.

യേശു തന്റെ അധികാ​ര​ത്തി​ന്റെ പരിധി​കൾ തിരി​ച്ച​റി​യു​ക​യും അത്‌ അംഗീ​ക​രി​ക്കു​ക​യും ചെയ്‌തു (ഖണ്ഡിക 14 കാണുക)

14. തന്റെ അധികാ​ര​പ​രി​ധി​യിൽപ്പെ​ടാത്ത ഒരു കാര്യം ചെയ്യാൻ അഭ്യർഥി​ച്ച​പ്പോൾ യേശു എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

14 ഒരിക്കൽ ശിഷ്യ​ന്മാ​രായ യാക്കോ​ബും യോഹ​ന്നാ​നും അവരുടെ അമ്മയും യേശു​വി​നെ സമീപിച്ച്‌ ഒരു പ്രത്യേ​ക​പ​ദ​വി​ക്കാ​യി അപേക്ഷി​ച്ചു. അതു കൊടു​ക്കാ​നുള്ള അധികാ​രം യേശു​വി​നി​ല്ലാ​യി​രു​ന്നു. അപ്പോൾ യേശു എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ച​തെന്നു നോക്കുക. ഉത്തരം കൊടു​ക്കാൻ യേശു​വി​നു രണ്ടാമ​തൊന്ന്‌ ആലോ​ചി​ക്കേ​ണ്ടി​വ​ന്നില്ല. രാജ്യ​ത്തിൽ തന്റെ വലത്തും ഇടത്തും ഇരി​ക്കേ​ണ്ടത്‌ ആരൊ​ക്കെ​യാ​ണെന്നു തീരു​മാ​നി​ക്കു​ന്നതു തന്റെ സ്വർഗീ​യ​പി​താ​വാ​ണെന്നു യേശു പറഞ്ഞു. (മത്താ. 20:20-23) തന്റെ പരിധി​കൾ തനിക്ക്‌ അറിയാ​മെന്നു യേശു അങ്ങനെ കാണിച്ചു. യേശു എളിമ​യു​ള്ള​വ​നാ​യി​രു​ന്നു. ഒരിക്കൽപ്പോ​ലും യഹോവ കല്‌പി​ച്ച​തിന്‌ അപ്പുറ​ത്തേക്കു യേശു പോയില്ല. (യോഹ. 12:49) നമുക്ക്‌ എങ്ങനെ ആ നല്ല മാതൃക അനുക​രി​ക്കാം?

യേശുവിനെപ്പോലെ നമുക്ക്‌ എങ്ങനെ എളിമ​യു​ള്ള​വ​രാ​യി​രി​ക്കാം? (15-16 ഖണ്ഡികകൾ കാണുക) *

15-16. 1 കൊരി​ന്ത്യർ 4:6-ൽ കാണുന്ന ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം നമുക്ക്‌ എങ്ങനെ അനുസ​രി​ക്കാം?

15 1 കൊരി​ന്ത്യർ 4:6-ലെ ഉപദേശം അനുസ​രി​ച്ചു​കൊണ്ട്‌ നമുക്കു യേശു​വി​ന്റെ മാതൃക അനുക​രി​ക്കാം. അവിടെ നമ്മളോട്‌ ഇങ്ങനെ പറയുന്നു: “എഴുതി​യി​രി​ക്കു​ന്ന​തിന്‌ അപ്പുറം പോക​രുത്‌.” അതു​കൊണ്ട്‌ ആരെങ്കി​ലും നമ്മളോട്‌ എന്തെങ്കി​ലും ഉപദേശം തേടി​വ​ന്നാൽ നമ്മുടെ സ്വന്തം ആശയങ്ങൾ അടി​ച്ചേൽപ്പി​ക്കാ​നോ ചിന്തി​ക്കാ​തെ ഉത്തരം കൊടു​ക്കാ​നോ നമ്മൾ ആഗ്രഹി​ക്കു​ക​യില്ല. പകരം അതെക്കു​റിച്ച്‌ ബൈബി​ളും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും പറയുന്ന കാര്യ​ങ്ങ​ളി​ലേക്കു നമ്മൾ അവരുടെ ശ്രദ്ധ തിരി​ച്ചു​വി​ടും. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നമ്മൾ നമ്മുടെ പരിധി​കൾ തിരി​ച്ച​റി​യു​ന്നെന്നു കാണി​ക്കു​ക​യാണ്‌. സർവശ​ക്തന്റെ ‘നീതി​യുള്ള വിധി​ക​ളാണ്‌’ ഏറ്റവും ശ്രേഷ്‌ഠ​മെന്നു നമ്മൾ എളിമ​യോ​ടെ അംഗീ​ക​രി​ക്കു​ക​യാണ്‌.​—വെളി. 15:3, 4.

16 എളിമ​യു​ള്ള​വ​രാ​ണെ​ങ്കിൽ നമ്മൾ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തും. എന്നാൽ അതിനു മറ്റു പ്രയോ​ജ​ന​ങ്ങ​ളു​മുണ്ട്‌. താഴ്‌മ​യും എളിമ​യും നമുക്കു സന്തോഷം തരുന്ന​തും മറ്റുള്ള​വ​രു​മാ​യി ഒത്തു​പോ​കാൻ നമ്മളെ സഹായി​ക്കു​ന്ന​തും എങ്ങനെ​യെന്നു നമുക്ക്‌ ഇനി നോക്കാം.

താഴ്‌മ​യും എളിമ​യും നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

17. താഴ്‌മ​യും എളിമ​യും ഉള്ളവർ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

17 താഴ്‌മ​യും എളിമ​യും ഉണ്ടെങ്കിൽ നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാ​നുള്ള സാധ്യത കൂടു​ത​ലാണ്‌. എന്തു​കൊണ്ട്‌? നമ്മുടെ പരിമി​തി​കൾ നമുക്കു വ്യക്തമാ​യി അറിയാ​മെ​ങ്കിൽ മറ്റുള്ളവർ തരുന്ന സഹായ​ത്തി​നു നമ്മൾ നന്ദിയു​ള്ള​വ​രാ​യി​രി​ക്കും, നമ്മൾ അതു സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, യേശു പത്തു കുഷ്‌ഠ​രോ​ഗി​കളെ സുഖ​പ്പെ​ടു​ത്തിയ സംഭവ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അതിൽ ഒരാൾ മാത്രമേ ഭയാന​ക​മായ ഈ രോഗം സുഖ​പ്പെ​ടു​ത്തി​യ​തി​നു യേശു​വി​നോ​ടു നന്ദി പറയാൻ തിരിച്ച്‌ വന്നുള്ളൂ. യേശു​വി​ന്റെ സഹായ​മി​ല്ലാ​തെ ഈ രോഗ​ത്തിൽനിന്ന്‌ മുക്തി നേടാൻ തനിക്കു കഴിയി​ല്ലെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. തനിക്കു ലഭിച്ച സഹായ​ത്തിന്‌, താഴ്‌മ​യും എളിമ​യും ഉള്ള ആ മനുഷ്യൻ നന്ദിയു​ള്ള​വ​നാ​യി​രു​ന്നു. അദ്ദേഹം അതിനു ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.​—ലൂക്കോ. 17:11-19.

18. താഴ്‌മ​യും എളിമ​യും മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധങ്ങളു​ണ്ടാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (റോമർ 12:10)

18 താഴ്‌മ​യും എളിമ​യും ഉള്ള ആളുകൾക്കു മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധങ്ങളു​ണ്ടാ​യി​രി​ക്കും. അവർക്ക്‌ ഉറ്റ സുഹൃ​ത്തു​കളെ കണ്ടെത്താ​നും എളുപ്പ​മാ​യി​രി​ക്കും. എന്തു​കൊണ്ട്‌? മറ്റുള്ള​വ​രു​ടെ നല്ല ഗുണങ്ങൾ അവർ സന്തോ​ഷ​ത്തോ​ടെ അംഗീ​ക​രി​ക്കു​ക​യും അവരെ വിശ്വ​സി​ക്കു​ക​യും ചെയ്യുന്നു. മറ്റുള്ളവർ നിയമ​നങ്ങൾ നന്നായി ചെയ്യു​ന്നതു കാണു​മ്പോൾ അവർ അതിൽ സന്തോ​ഷി​ക്കു​ക​യും ഒരു മടിയും കൂടാതെ അവരെ അഭിന​ന്ദി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യും​.റോമർ 12:10 വായി​ക്കുക.

19. നമ്മുടെ ഉള്ളിൽ അഹങ്കാരം വളരാ​തി​രി​ക്കാൻ നമ്മൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

19 എന്നാൽ അഹങ്കാ​ര​മു​ള്ള​വർക്കു മറ്റുള്ള​വരെ അഭിന​ന്ദി​ക്കാൻ ബുദ്ധി​മു​ട്ടാണ്‌. പ്രശം​സ​യെ​ല്ലാം തങ്ങൾക്കു കിട്ടാ​നാണ്‌ അവർക്ക്‌ ഇഷ്ടം. അവർ തങ്ങളെ മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്യു​ക​യും മറ്റുള്ള​വ​രെ​ക്കാൾ എപ്പോ​ഴും ഒരു പടി മേലേ നിൽക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യു​ന്ന​വ​രാണ്‌. മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കു​ക​യും അവർക്ക്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്യു​ന്ന​തി​നു പകരം മിക്ക​പ്പോ​ഴും അവരുടെ ചിന്ത ഇങ്ങനെ​യാണ്‌: ‘കാര്യം ശരിയാ​യി നടക്കണ​മെ​ങ്കിൽ എല്ലായി​ട​ത്തും എന്റെ കൈ ചെല്ലണം.’ ശരി എന്നതു​കൊണ്ട്‌ അവർ ഉദ്ദേശി​ക്കു​ന്നത്‌ അവർക്കു തൃപ്‌തി​ക​ര​മായ രീതി​യിൽ കാര്യങ്ങൾ ചെയ്യു​ന്ന​തി​നെ​യാണ്‌. അഹങ്കാ​ര​മുള്ള ഒരാൾ മിക്ക​പ്പോ​ഴും അധികാ​ര​മോ​ഹി​യും അസൂയാ​ലു​വും ആയിരി​ക്കും. (ഗലാ. 5:26) അങ്ങനെ​യു​ള്ള​വർക്കു നിലനിൽക്കുന്ന സൗഹൃ​ദങ്ങൾ അധികം കാണില്ല. അതു​കൊണ്ട്‌ നമ്മുടെ ഉള്ളിൽ അഹങ്കാ​ര​മു​ണ്ടെന്നു നമ്മൾ തിരി​ച്ച​റി​യു​ന്നെ​ങ്കിൽ അത്‌ ആഴത്തിൽ വേരു​പി​ടി​ക്കാൻ നമ്മൾ അനുവ​ദി​ക്ക​രുത്‌. പകരം, ‘മനസ്സു പുതു​ക്കാ​നുള്ള’ സഹായ​ത്തി​നാ​യി നമ്മൾ യഹോ​വ​യോട്‌ ആത്മാർഥ​മാ​യി പ്രാർഥി​ക്കണം.​—റോമ. 12:2.

20. നമ്മൾ താഴ്‌മ​യും എളിമ​യും ഉള്ളവരാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

20 യഹോ​വ​യു​ടെ ശ്രേഷ്‌ഠ​മായ മാതൃ​ക​യ്‌ക്കു നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌. തന്റെ ദാസ​രോ​ടുള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​ക​ളിൽ യഹോ​വ​യു​ടെ താഴ്‌മ നമുക്കു കാണാം. ആ മാതൃക അനുക​രി​ക്കാ​നും നമ്മൾ ആഗ്രഹി​ക്കു​ന്നു. എളിമ​യോ​ടെ ദൈവ​ത്തോ​ടൊ​പ്പം നടന്ന്‌ നല്ല മാതൃക വെച്ച വ്യക്തി​ക​ളെ​യും നമുക്ക്‌ അനുക​രി​ക്കാം. യഹോവ അർഹി​ക്കുന്ന മഹത്ത്വ​വും ബഹുമാ​ന​വും നമുക്ക്‌ എപ്പോ​ഴും യഹോ​വ​യ്‌ക്കു കൊടു​ക്കാം. (വെളി. 4:11) അപ്പോൾ, താഴ്‌മ​യും എളിമ​യും ഉള്ള ആളുകളെ സ്‌നേ​ഹി​ക്കുന്ന നമ്മുടെ സ്വർഗീ​യ​പി​താ​വി​നോ​ടൊ​പ്പം നടക്കാൻ നമ്മളും യോഗ്യ​രാ​കും.

ഗീതം 123 ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​നു മനസ്സോ​ടെ കീഴ്‌പെ​ടാം

^ ഖ. 5 താഴ്‌മ​യുള്ള ഒരാൾ മറ്റുള്ള​വ​രോ​ടു കരുണ​യോ​ടെ​യും അനുക​മ്പ​യോ​ടെ​യും ഇടപെ​ടും. അതു​കൊ​ണ്ടു​തന്നെ യഹോവ താഴ്‌മ​യുള്ള ഒരാളാ​ണെന്നു പറയാ​നാ​കും. യഹോ​വ​യു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്കു താഴ്‌മ​യെ​ക്കു​റിച്ച്‌ പലതും പഠിക്കാൻ കഴിയും. അതെപ്പ​റ്റി​യാണ്‌ നമ്മൾ ഈ ലേഖന​ത്തിൽ ചിന്തി​ക്കാൻപോ​കു​ന്നത്‌. അതു​പോ​ലെ, എളിമ എന്ന ഗുണ​ത്തെ​ക്കു​റിച്ച്‌ ശൗൽ രാജാവ്‌, ദാനി​യേൽ പ്രവാ​ചകൻ, യേശു എന്നിവ​രിൽനിന്ന്‌ എന്തു പഠിക്കാ​മെ​ന്നും നോക്കും.

^ ഖ. 58 ചിത്രക്കുറിപ്പ്‌: സഭയിലെ വയൽസേ​വ​ന​പ്ര​ദേ​ശ​ത്തി​ന്റെ ഉത്തരവാ​ദി​ത്വം കൈകാ​ര്യം ചെയ്യാൻ ചെറു​പ്പ​ക്കാ​ര​നായ ഒരു സഹോ​ദ​രനെ ഒരു മൂപ്പൻ പരിശീ​ലി​പ്പി​ക്കു​ന്നു. പിന്നീട്‌, ചെറു​പ്പ​ക്കാ​ര​നായ സഹോ​ദരൻ തന്റെ നിയമനം ചെയ്യു​മ്പോൾ മൂപ്പൻ അതിൽ ഇടപെ​ടു​ന്നില്ല. നിയമനം സ്വന്തമാ​യി ചെയ്യാൻ ചെറു​പ്പ​ക്കാ​രനെ അനുവ​ദി​ക്കു​ന്നു.

^ ഖ. 62 ചിത്രക്കുറിപ്പ്‌: ഒരു പള്ളിയിൽ നടക്കുന്ന വിവാ​ഹ​ത്തി​നു പോകു​ന്ന​തിൽ തെറ്റു​ണ്ടോ എന്ന്‌ ഒരു സഹോ​ദരി ഒരു മൂപ്പ​നോ​ടു ചോദി​ക്കു​ന്നു. മൂപ്പൻ സ്വന്തം അഭി​പ്രാ​യം പറയു​ന്ന​തി​നു പകരം ചില ബൈബിൾത​ത്ത്വ​ങ്ങൾ സഹോ​ദ​രി​യു​മാ​യി ചർച്ച ചെയ്യുന്നു.