വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 34

യഹോ​വ​യു​ടെ സഭയിൽ നിങ്ങൾക്ക്‌ ഒരു സ്ഥാനമുണ്ട്‌!

യഹോ​വ​യു​ടെ സഭയിൽ നിങ്ങൾക്ക്‌ ഒരു സ്ഥാനമുണ്ട്‌!

“ശരീരം ഒന്നാ​ണെ​ങ്കി​ലും അതിനു പല അവയവ​ങ്ങ​ളുണ്ട്‌. അവയവങ്ങൾ പലതു​ണ്ടെ​ങ്കി​ലും അവയെ​ല്ലാം ചേർന്ന്‌ ഒരൊറ്റ ശരീര​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ​യാ​ണു ക്രിസ്‌തു​വും.”​—1 കൊരി. 12:12.

ഗീതം 101 ഐക്യത്തിൽ പ്രവർത്തി​ക്കാം

പൂർവാവലോകനം *

1. നമ്മൾ എല്ലാവ​രും ഏതു പദവി ആസ്വദി​ക്കു​ന്നു?

നമുക്ക്‌ യഹോ​വ​യു​ടെ സഭയുടെ ഭാഗമാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എത്ര വലി​യൊ​രു പദവി​യാണ്‌! സമാധാ​ന​വും സന്തോ​ഷ​വും ഉള്ള ആളുകൾ നിറഞ്ഞ ഒരു ആത്മീയ​പ​റു​ദീ​സ​യി​ലാ​ണു നമ്മൾ ആയിരി​ക്കു​ന്നത്‌. ആ സഭയിൽ നിങ്ങളു​ടെ സ്ഥാനം എന്താണ്‌?

2. ദൈവ​പ്ര​ചോ​ദി​ത​മാ​യി പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതിയ പല കത്തുക​ളി​ലും കാണുന്ന ഒരു ദൃഷ്ടാന്തം ഏതാണ്‌?

2 പൗലോസ്‌ അപ്പോ​സ്‌തലൻ ഉപയോ​ഗിച്ച ഒരു ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ ഈ വിഷയം സംബന്ധിച്ച്‌ നമുക്കു പല കാര്യ​ങ്ങ​ളും പഠിക്കാൻ കഴിയും. ദൈവ​പ്ര​ചോ​ദി​ത​മാ​യി അദ്ദേഹം എഴുതിയ പല കത്തുക​ളി​ലും അതു കാണാം. ആ ഓരോ കത്തിലും അദ്ദേഹം സഭയെ മനുഷ്യ​ശ​രീ​ര​ത്തോട്‌ ഉപമിച്ചു. സഭയിലെ ഓരോ വ്യക്തി​യെ​യും ശരീര​ത്തി​ലെ അവയവ​ങ്ങ​ളോ​ടും അദ്ദേഹം താരത​മ്യ​പ്പെ​ടു​ത്തി.​—റോമ. 12:4-8; 1 കൊരി. 12:12-27; എഫെ. 4:16.

3. ഈ ലേഖന​ത്തിൽ നമ്മൾ ഏതു മൂന്നു കാര്യങ്ങൾ പരി​ശോ​ധി​ക്കും?

3 പൗലോ​സി​ന്റെ ആ ദൃഷ്ടാ​ന്ത​ത്തിൽനി​ന്നും നമുക്കു പഠിക്കാൻ കഴിയുന്ന മൂന്നു പാഠങ്ങൾ ഈ ലേഖന​ത്തിൽ നമ്മൾ പരി​ശോ​ധി​ക്കും. ഒന്ന്‌, യഹോ​വ​യു​ടെ സഭയിൽ നമുക്ക്‌ ഓരോ​രു​ത്തർക്കും ഒരു സ്ഥാനമുണ്ട്‌. * രണ്ട്‌, സഭയിൽ നമ്മുടെ സ്ഥാനം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടു തോന്നു​ന്നെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം? മൂന്ന്‌, ദൈവ​ത്തി​ന്റെ സഭയിൽ നമ്മുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റു​ന്ന​തിൽ എപ്പോ​ഴും തിരക്കു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

യഹോ​വ​യു​ടെ സഭയിൽ നമുക്ക്‌ ഓരോ​രു​ത്തർക്കും ഒരു സ്ഥാനമുണ്ട്‌

4. റോമർ 12:4, 5 നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

4 പൗലോ​സി​ന്റെ ദൃഷ്ടാ​ന്ത​ത്തിൽനി​ന്നും നമ്മൾ പഠിക്കുന്ന ആദ്യത്തെ പാഠം, യഹോ​വ​യു​ടെ കുടും​ബ​ത്തിൽ നമുക്ക്‌ ഓരോ​രു​ത്തർക്കും ഒരു പ്രധാ​ന​പ്പെട്ട സ്ഥാനമുണ്ട്‌ എന്നതാണ്‌. ആ ദൃഷ്ടാന്തം പൗലോസ്‌ ആരംഭി​ക്കു​ന്നത്‌ ഇങ്ങനെ പറഞ്ഞു​കൊ​ണ്ടാണ്‌: “ശരീര​ത്തിൽ നമുക്കു പല അവയവ​ങ്ങ​ളു​ണ്ട​ല്ലോ. എന്നാൽ ഈ അവയവ​ങ്ങൾക്കെ​ല്ലാം ഒരേ ധർമമല്ല ഉള്ളത്‌. അതു​പോ​ലെ​തന്നെ, നമ്മൾ പലരാ​ണെ​ങ്കി​ലും ക്രിസ്‌തു​വി​നോ​ടുള്ള യോജി​പ്പിൽ ഒരൊറ്റ ശരീര​മാണ്‌. എന്നാൽ വ്യക്തി​ക​ളെന്ന നിലയിൽ നമ്മൾ, പരസ്‌പരം ആശ്രയി​ക്കുന്ന അവയവ​ങ്ങ​ളാണ്‌.” (റോമ. 12:4, 5) പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? സഭയിൽ ഓരോ വ്യക്തി​ക്കു​മുള്ള പങ്ക്‌ വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും അവർ ഓരോ​രു​ത്ത​രും വില​യേ​റി​യ​വ​രാണ്‌ എന്നാണു പൗലോസ്‌ ഉദ്ദേശി​ച്ചത്‌.

സഭയിൽ നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും നമ്മൾ ഓരോ​രു​ത്ത​രും വില​പ്പെ​ട്ട​വ​രാണ്‌ (5-12 ഖണ്ഡികകൾ കാണുക) *

5. യഹോവ സഭയ്‌ക്കു നൽകിയ ‘സമ്മാനങ്ങൾ’ എന്താണ്‌?

5 നമുക്ക്‌ എല്ലാവർക്കും സഭയിൽ ഒരു സ്ഥാനമുണ്ട്‌. നമുക്ക്‌ ആദ്യം നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രു​ടെ കാര്യം ചിന്തി​ക്കാം. (1 തെസ്സ. 5:12; എബ്രാ. 13:17) ക്രിസ്‌തു​വി​ലൂ​ടെ യഹോവ തന്റെ സഭയ്‌ക്കു “മനുഷ്യ​രെ സമ്മാന​ങ്ങ​ളാ​യി തന്നു” എന്നു ബൈബിൾ പറയുന്നു. (എഫെ. 4:8) അതിൽ ഭരണസം​ഘാം​ഗങ്ങൾ, ഭരണസം​ഘാം​ഗ​ങ്ങ​ളു​ടെ സഹായി​കൾ, ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾ, സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ, ബൈബിൾസ്‌കൂൾ അധ്യാ​പകർ, സഭാമൂ​പ്പ​ന്മാർ, ശുശ്രൂ​ഷാ​ദാ​സ​ന്മാർ എന്നിവർ ഉൾപ്പെ​ടു​ന്നു. ഈ സഹോ​ദ​ര​ന്മാർ എല്ലാവ​രും പരിശു​ദ്ധാ​ത്മാ​വി​നാൽ നിയമി​ക്ക​പ്പെ​ടു​ന്നത്‌ യഹോ​വ​യു​ടെ വില​യേ​റിയ ആടുകളെ പരിപാ​ലി​ക്കാ​നും സഭയെ ശക്തി​പ്പെ​ടു​ത്താ​നും ആണ്‌.​—1 പത്രോ. 5:2, 3.

6. 1 തെസ്സ​ലോ​നി​ക്യർ 2:6-8 അനുസ​രിച്ച്‌, പരിശു​ദ്ധാ​ത്മാ​വി​നാൽ നിയമി​ത​രായ സഹോ​ദ​ര​ന്മാർ എന്തു ചെയ്യാ​നാ​ണു പരി​ശ്ര​മി​ക്കു​ന്നത്‌?

6 പലപല ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കാ​നാ​ണു സഹോ​ദ​ര​ന്മാർ പരിശു​ദ്ധാ​ത്മാ​വി​നാൽ നിയമി​ക്ക​പ്പെ​ടു​ന്നത്‌. ശരീര​ത്തി​ലെ വ്യത്യസ്‌ത അവയവങ്ങൾ, ഉദാഹ​ര​ണ​ത്തിന്‌ കൈക​ളും കാലു​ക​ളും, മുഴു​ശ​രീ​ര​ത്തി​ന്റെ​യും പ്രയോ​ജ​ന​ത്തി​നു​വേ​ണ്ടി​യാ​ണു പ്രവർത്തി​ക്കു​ന്നത്‌. അതു​പോ​ലെ, പരിശു​ദ്ധാ​ത്മാ​വി​നാൽ നിയമി​ക്ക​പ്പെ​ടുന്ന സഹോ​ദ​ര​ന്മാർ സഭയുടെ മുഴുവൻ പ്രയോ​ജ​ന​ത്തി​നു​വേണ്ടി കഠിനാ​ധ്വാ​നം ചെയ്യുന്നു. അത്‌, അവർക്കു​തന്നെ പേരെ​ടു​ക്കാൻവേ​ണ്ടി​യല്ല. പകരം, സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ ബലപ്പെ​ടു​ത്താ​നാണ്‌ അവർ പരി​ശ്ര​മി​ക്കു​ന്നത്‌. (1 തെസ്സ​ലോ​നി​ക്യർ 2:6-8 വായി​ക്കുക.) തങ്ങളുടെ ആവശ്യ​ങ്ങ​ളെ​ക്കാൾ മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ക്കുന്ന, ആത്മീയ​മ​ന​സ്‌ക​രായ ഈ പുരു​ഷ​ന്മാ​രെ​പ്രതി നമ്മൾ യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കു​ന്നു!

7. മുഴു​സമയ സുവി​ശേ​ഷകർ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കു​ന്നു?

7 സഭയിലെ ചില സഹോ​ദ​ര​ങ്ങൾക്കു മിഷന​റി​മാ​രാ​യോ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യോ, സാധാരണ മുൻനി​ര​സേ​വ​ക​രാ​യോ ഒക്കെ നിയമനം ലഭി​ച്ചേ​ക്കാം. സത്യത്തിൽ, ലോക​മെ​മ്പാ​ടു​മുള്ള അനവധി സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ പ്രസംഗ-ശിഷ്യ​രാ​ക്കൽ വേലയ്‌ക്കു​വേണ്ടി തങ്ങളുടെ ജീവിതം മാറ്റി​വെ​ച്ചി​രി​ക്കു​ന്നു. അവർക്ക്‌ അങ്ങനെ യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​കാൻ അനേകരെ സഹായി​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌. മുഴു​സ​മയം യഹോ​വയെ സേവി​ക്കുന്ന മിക്കവർക്കും പണമോ മറ്റു വസ്‌തു​വ​ക​ക​ളോ ഒന്നും അധിക​മി​ല്ലെ​ങ്കി​ലും യഹോവ അവരെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. (മർക്കോ. 10:29, 30) ഈ പ്രിയ​പ്പെട്ട സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ നമ്മൾ വിലമ​തി​ക്കു​ന്നു, അവർ സഭയുടെ ഭാഗമാ​യി​രി​ക്കു​ന്ന​തിൽ നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാണ്‌.

8. സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന ഓരോ പ്രചാ​ര​ക​നും യഹോ​വ​യ്‌ക്കു വില​പ്പെ​ട്ട​വ​നാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 അതിന്റെ അർഥം, ഉത്തരവാ​ദി​ത്വ​ങ്ങ​ളുള്ള സഹോ​ദ​ര​ന്മാർക്കും മുഴു​സമയ ശുശ്രൂ​ഷ​കർക്കും മാത്രമേ സഭയിൽ ഒരു സ്ഥാനമു​ള്ളൂ എന്നാണോ? അങ്ങനെയല്ല! സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന ഓരോ പ്രചാ​ര​ക​നും യഹോ​വ​യ്‌ക്കും സഭയ്‌ക്കും വളരെ വില​പ്പെ​ട്ട​വ​നാണ്‌. (റോമ. 10:15; 1 കൊരി. 3:6-9) ശരിക്കും പറഞ്ഞാൽ സഭയുടെ ഏറ്റവും പ്രധാ​ന​പ്പെട്ട ഒരു ധർമം, ആളുകളെ ക്രിസ്‌തു​യേ​ശു​വി​ന്റെ ശിഷ്യ​രാ​ക്കുക എന്നതാണ്‌. (മത്താ. 28:19, 20; 1 തിമൊ. 2:4) സഭയുടെ ഭാഗമായ എല്ലാവ​രും, സ്‌നാ​ന​മേറ്റ പ്രചാ​ര​ക​രും സ്‌നാ​ന​മേൽക്കാത്ത പ്രചാ​ര​ക​രും, തങ്ങളുടെ ജീവി​ത​ത്തിൽ ശുശ്രൂ​ഷ​യ്‌ക്കു മറ്റ്‌ എന്തി​നെ​ക്കാ​ളും പ്രാധാ​ന്യം കൊടു​ക്കാൻ ശ്രമി​ക്കു​ന്നു.​—മത്താ. 24:14.

9. നമ്മുടെ സഭകളി​ലെ സഹോ​ദ​രി​മാ​രെ നമ്മൾ വിലയു​ള്ള​വ​രാ​യി കാണു​ന്നത്‌ എന്തു​കൊണ്ട്‌?

9 യഹോവ സഹോ​ദ​രി​മാർക്കും സഭയിൽ ആദരണീ​യ​മായ ഒരു സ്ഥാനം കൊടു​ത്തി​രി​ക്കു​ന്നു. ഇതിൽ ഭാര്യ​മാ​രും അമ്മമാ​രും വിധവ​മാ​രും ഏകാകി​ക​ളും ഒക്കെ ഉൾപ്പെ​ടു​ന്നു. അവരു​ടെ​യെ​ല്ലാം വിശ്വ​സ്‌ത​സേ​വ​നത്തെ യഹോവ വളരെ വിലമ​തി​ക്കു​ന്നു. ദൈവത്തെ പ്രസാ​ദി​പ്പിച്ച നിരവധി സ്‌ത്രീ​ക​ളെ​ക്കു​റിച്ച്‌ ബൈബി​ളിൽ കൂടെ​ക്കൂ​ടെ എടുത്തു​പ​റ​ഞ്ഞി​ട്ടുണ്ട്‌. വിവേകം, വിശ്വാ​സം, തീക്ഷ്‌ണത, ധൈര്യം, ഉദാരത എന്നീ ഗുണങ്ങ​ളു​ടെ​യും നന്മപ്ര​വൃ​ത്തി​ക​ളു​ടെ​യും ഉത്തമ ഉദാഹ​ര​ണ​ങ്ങ​ളാ​യി അവരെ വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നു. (ലൂക്കോ. 8:2, 3; പ്രവൃ. 16:14, 15; റോമ. 16:3, 6; ഫിലി. 4:3; എബ്രാ. 11:11, 31, 35) ഇതു​പോ​ലെ മനോ​ഹ​ര​മായ ഗുണങ്ങ​ളുള്ള അനേകം സഹോ​ദ​രി​മാർ നമ്മുടെ സഭകളി​ലു​ള്ള​തിൽ നമ്മൾ യഹോ​വ​യോട്‌ എത്ര നന്ദിയു​ള്ള​വ​രാണ്‌!

10. നമ്മുടെ സഭകളി​ലെ പ്രായ​മു​ള്ള​വരെ നമ്മൾ വിലമ​തി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 സഭയിൽ പ്രായ​മുള്ള പല സഹോ​ദ​ര​ങ്ങ​ളു​ള്ള​തും നമുക്ക്‌ ഒരു അനു​ഗ്ര​ഹ​മാണ്‌. ജീവി​ത​കാ​ലം മുഴുവൻ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവിച്ച, പ്രായ​മുള്ള സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും മിക്ക സഭകളി​ലു​മുണ്ട്‌. പ്രായ​മുള്ള മറ്റു ചിലർ, അടുത്തി​ടെ​യാ​യി​രി​ക്കാം സത്യം പഠിച്ചത്‌. ഇവരെ​ല്ലാം പ്രായ​ത്തോ​ടു ബന്ധപ്പെട്ട പല ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും അനുഭ​വി​ക്കു​ന്നു​ണ്ടാ​കാം. അതു​കൊണ്ട്‌ സഭാ​പ്ര​വർത്ത​ന​ങ്ങ​ളി​ലും ശിഷ്യ​രാ​ക്കൽവേ​ല​യി​ലും അവർക്കു ചെയ്യാൻ കഴിയു​ന്ന​തി​നു പരിമി​തി​കൾ കാണും. എങ്കിലും പ്രായ​മു​ളള ഈ സഹോ​ദ​രങ്ങൾ വയൽശു​ശ്രൂ​ഷ​യിൽ തങ്ങൾക്കു ചെയ്യാൻ കഴിയു​ന്ന​തെ​ല്ലാം ചെയ്യുന്നു. അതു​പോ​ലെ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പരിശീ​ലി​പ്പി​ക്കു​ന്ന​തി​നും അവർ തങ്ങളുടെ ഊർജം പരമാ​വധി ഉപയോ​ഗി​ക്കു​ന്നു. അങ്ങനെ, അവരുടെ അനുഭ​വ​സ​മ്പ​ത്തിൽനിന്ന്‌ നമുക്കു പ്രയോ​ജനം കിട്ടുന്നു. നമ്മുടെ കണ്ണിൽ മാത്രമല്ല, യഹോ​വ​യു​ടെ കണ്ണിലും അവർ സൗന്ദര്യ​മു​ള്ള​വ​രാണ്‌.​—സുഭാ. 16:31.

11-12. നിങ്ങളു​ടെ സഭയിലെ ചെറു​പ്പ​ക്കാ​രിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ​യാ​ണു പ്രോ​ത്സാ​ഹനം കിട്ടി​യി​ട്ടു​ള്ളത്‌?

11 നമ്മുടെ ഇടയിലെ ചെറു​പ്പ​ക്കാ​രെ​ക്കു​റി​ച്ചും ചിന്തി​ക്കുക. പിശാ​ചായ സാത്താൻ നിയ​ന്ത്രി​ക്കുന്ന, അവന്റെ ദുഷിച്ച ആശയങ്ങൾ നിറഞ്ഞു​നിൽക്കുന്ന ഈ ലോക​ത്തിൽ അവർക്കു പല വെല്ലു​വി​ളി​ക​ളെ​യും നേരി​ടേ​ണ്ടി​വ​രു​ന്നുണ്ട്‌. (1 യോഹ. 5:19) എന്നിട്ടും അവർ മീറ്റി​ങ്ങു​ക​ളിൽ ഉത്തരം പറയു​ന്ന​തും ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്ന​തും വിശ്വാ​സ​ങ്ങൾക്കു​വേണ്ടി ധൈര്യ​ത്തോ​ടെ നില​കൊ​ള്ളു​ന്ന​തും കാണു​ന്നതു നമുക്ക്‌ ഒരു പ്രോ​ത്സാ​ഹ​ന​മല്ലേ? ചെറു​പ്പ​ക്കാ​രേ, യഹോ​വ​യു​ടെ സഭയിൽ നിങ്ങൾക്ക്‌ ഒരു പ്രധാ​ന​പ്പെട്ട സ്ഥാനമുണ്ട്‌.​—സങ്കീ. 8:2.

12 ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും സഭയിൽ തങ്ങളെ​ക്കൊണ്ട്‌ പ്രയോ​ജ​ന​മു​ണ്ടെന്നു വിശ്വ​സി​ക്കാൻ ചില സഹോ​ദ​ര​ങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നാ​റുണ്ട്‌. സഭയിൽ ഓരോ വ്യക്തി​ക്കും ഒരു സ്ഥാനമു​ണ്ടെന്നു മനസ്സി​ലാ​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? നമുക്കു നോക്കാം.

സഭയിൽ നിങ്ങൾ വിലയു​ള്ള​വ​രാ​ണെന്നു തിരി​ച്ച​റി​യു​ക

13-14. സഭയിൽ തങ്ങളെ​ക്കൊണ്ട്‌ പ്രയോ​ജ​ന​മി​ല്ലെന്നു ചിലർക്കു തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

13 പൗലോസ്‌ പറഞ്ഞ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയുന്ന രണ്ടാമത്തെ പാഠം നോക്കാം. ഇന്നു പലർക്കു​മുള്ള ഒരു പ്രശ്‌ന​ത്തി​ലേക്കു പൗലോസ്‌ ശ്രദ്ധ ക്ഷണിക്കു​ന്നു. സഭയിൽ തങ്ങൾക്ക്‌ ഒരു സ്ഥാനമു​ണ്ടെന്നു വിശ്വ​സി​ക്കാൻ അവർക്കു ബുദ്ധി​മു​ട്ടാണ്‌. പൗലോസ്‌ എഴുതി: “‘ഞാൻ കൈ അല്ലാത്ത​തു​കൊണ്ട്‌ ശരീര​ത്തി​ന്റെ ഭാഗമല്ല’ എന്നു കാൽ പറഞ്ഞാൽ അതു ശരീര​ത്തി​ന്റെ ഭാഗമ​ല്ലെന്നു വരുമോ? ‘ഞാൻ കണ്ണ്‌ അല്ലാത്ത​തു​കൊണ്ട്‌ ശരീര​ത്തി​ന്റെ ഭാഗമല്ല’ എന്നു ചെവി പറഞ്ഞാൽ അതു ശരീര​ത്തി​ന്റെ ഭാഗമ​ല്ലെന്നു വരുമോ?” (1 കൊരി. 12:15, 16) ഇതിലൂ​ടെ പൗലോസ്‌ എന്താണു നമ്മളെ പഠിപ്പി​ക്കു​ന്നത്‌?

14 മറ്റുള്ള​വരെ നിങ്ങളു​മാ​യി താരത​മ്യം ചെയ്‌താൽ സഭയിൽ നിങ്ങൾക്ക്‌ ഒരു വിലയു​മി​ല്ലെന്നു തോന്നി​ത്തു​ട​ങ്ങി​യേ​ക്കാം. സഭയിലെ ചിലർക്കു വിദഗ്‌ധ​മാ​യി പഠിപ്പി​ക്കാ​നും കാര്യങ്ങൾ നന്നായി സംഘടി​പ്പി​ക്കാ​നും മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഒക്കെയുള്ള കഴിവു​ണ്ടാ​യി​രി​ക്കും. അവരുടെ അത്രയു​മൊ​ന്നും കഴിവ്‌ നിങ്ങൾക്കി​ല്ലെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടാ​കാം. താഴ്‌മ​യും എളിമ​യും ഉള്ളതു​കൊ​ണ്ടാ​ണു നിങ്ങൾ അങ്ങനെ ചിന്തി​ക്കു​ന്നത്‌. (ഫിലി. 2:3) പക്ഷേ സൂക്ഷി​ച്ചി​ല്ലെ​ങ്കിൽ ഒരു കുഴപ്പ​മുണ്ട്‌. വലിയ കഴിവു​ക​ളു​ള്ള​വ​രു​മാ​യി എപ്പോ​ഴും നിങ്ങ​ളെ​ത്തന്നെ താരത​മ്യം ചെയ്‌താൽ നിങ്ങൾക്കു നിരാശ തോന്നി​യേ​ക്കാം. ചില​പ്പോൾ സഭയിൽ നിങ്ങൾക്ക്‌ ഒരു സ്ഥാനവു​മില്ല എന്നു​പോ​ലും നിങ്ങൾ ചിന്തി​ച്ചു​പോ​യേ​ക്കാം. ഇത്തരം ചിന്തകളെ മറിക​ട​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

15. 1 കൊരി​ന്ത്യർ 12:4-11 അനുസ​രിച്ച്‌, നമ്മുടെ കഴിവു​ക​ളെ​ക്കു​റിച്ച്‌ നമ്മൾ എന്തു തിരി​ച്ച​റി​യണം?

15 ഇതു ചിന്തി​ക്കുക: ഒന്നാം നൂറ്റാ​ണ്ടിൽ യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ ചില ക്രിസ്‌ത്യാ​നി​കൾക്ക്‌ അത്ഭുത​ക​ര​മായ കഴിവു​കൾ കൊടു​ത്തു. പക്ഷേ എല്ലാവർക്കും ഒരേ കഴിവു​കളല്ല ലഭിച്ചത്‌. (1 കൊരി​ന്ത്യർ 12:4-11 വായി​ക്കുക.) യഹോവ അവർക്കു വ്യത്യസ്‌ത കഴിവു​ക​ളും പ്രാപ്‌തി​ക​ളും ആണ്‌ കൊടു​ത്ത​തെ​ങ്കി​ലും ഓരോ ക്രിസ്‌ത്യാ​നി​യും വിലയു​ള്ള​വ​നാ​യി​രു​ന്നു. ഇന്നു നമുക്കു പരിശു​ദ്ധാ​ത്മാ​വി​ന്റെ വരങ്ങ​ളൊ​ന്നു​മില്ല എന്നതു ശരിയാണ്‌. എങ്കിലും അതിൽനിന്ന്‌ നമുക്ക്‌ ഒരു പാഠം പഠിക്കാൻ കഴിയു​ന്നി​ല്ലേ? നമു​ക്കെ​ല്ലാം ഒരേ കഴിവു​ക​ളാ​യി​രി​ക്കില്ല ഉള്ളത്‌. പക്ഷേ നമ്മളെ​ല്ലാം യഹോ​വ​യ്‌ക്കു വില​പ്പെ​ട്ട​വ​രാണ്‌.

16. പൗലോസ്‌ എഴുതിയ ഏത്‌ ഉപദേശം നമുക്ക്‌ അനുസ​രി​ക്കാം?

16 നമ്മളെ മറ്റു ക്രിസ്‌ത്യാ​നി​ക​ളു​മാ​യി താരത​മ്യം ചെയ്യു​ന്ന​തി​നു പകരം, പൗലോസ്‌ എഴുതിയ ഈ ഉപദേശം നമുക്ക്‌ അനുസ​രി​ക്കാം: “ഓരോ​രു​ത്ത​രും സ്വന്തം പ്രവൃത്തി വിലയി​രു​ത്തട്ടെ. അപ്പോൾ, തന്നെ മറ്റാരു​മാ​യും താരത​മ്യ​പ്പെ​ടു​ത്താ​തെ തന്നിൽത്തന്നെ അഭിമാ​നി​ക്കാൻ അയാൾക്കു വകയു​ണ്ടാ​കും.”—ഗലാ. 6:4.

17. പൗലോ​സി​ന്റെ ഉപദേശം അനുസ​രി​ച്ചാൽ അതു നമുക്ക്‌ എങ്ങനെ ഗുണം ചെയ്യും?

17 പൗലോ​സി​ന്റെ ഉപദേശം അനുസ​രി​ച്ചു​കൊണ്ട്‌ നമ്മൾ സ്വന്തം പ്രവൃത്തി വിലയി​രു​ത്തു​ന്നെ​ങ്കിൽ മറ്റുള്ള​വർക്കി​ല്ലാത്ത ചില കഴിവു​ക​ളും പ്രാപ്‌തി​ക​ളും നമുക്കു​ണ്ടെന്നു നമ്മൾ മനസ്സി​ലാ​ക്കി​യേ​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ഒരു മൂപ്പനു സഭയിൽ വളരെ നല്ല പ്രസം​ഗ​ങ്ങ​ളൊ​ന്നും നടത്താ​നുള്ള കഴിവി​ല്ലാ​യി​രി​ക്കും. പക്ഷേ, അദ്ദേഹം ശിഷ്യ​രാ​ക്കൽവേ​ല​യിൽ വിദഗ്‌ധ​നാ​യി​രി​ക്കും. അല്ലെങ്കിൽ, സഭയിലെ മറ്റു മൂപ്പന്മാ​രെ​പ്പോ​ലെ കാര്യങ്ങൾ നന്നായി സംഘടി​പ്പി​ക്കാ​നുള്ള കഴിവ്‌ അദ്ദേഹ​ത്തി​നി​ല്ലാ​യി​രി​ക്കും. എന്നാൽ നല്ല ഒരു ഇടയൻ എന്ന പേര്‌ അദ്ദേഹ​ത്തി​നു​ണ്ടാ​യി​രി​ക്കും. ബൈബി​ളിൽനിന്ന്‌ എന്തെങ്കി​ലും ഉപദേശം ആവശ്യം വന്നാൽ പ്രചാ​രകർ ആദ്യം ചോദി​ക്കു​ന്നത്‌ അദ്ദേഹ​ത്തോ​ടാ​യി​രി​ക്കും. അല്ലെങ്കിൽ അതിഥി​പ്രി​യ​നാ​ണെന്ന ഒരു നല്ല പേര്‌ അദ്ദേഹ​ത്തി​നു​ണ്ടാ​യി​രി​ക്കാം. (എബ്രാ. 13:2, 16) നമ്മുടെ കഴിവു​ക​ളും പ്രാപ്‌തി​ക​ളും എന്താ​ണെന്നു നമുക്ക്‌ അറിയാ​മെ​ങ്കിൽ സഭയ്‌ക്കു​വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്കു സന്തോഷം തോന്നും. നമുക്കി​ല്ലാത്ത കഴിവു​ക​ളുള്ള സഹോ​ദ​ര​ന്മാ​രോട്‌ അസൂയ തോന്നു​ന്നത്‌ ഒഴിവാ​ക്കാ​നും നമുക്കു കഴിയും.

18. നമുക്ക്‌ എങ്ങനെ നമ്മുടെ കഴിവു​കൾ മെച്ച​പ്പെ​ടു​ത്താം?

18 സഭയിൽ നമുക്കുള്ള സ്ഥാനം എന്തുത​ന്നെ​യാ​യാ​ലും ദൈവ​സേ​വ​ന​ത്തിൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മെച്ച​പ്പെ​ടു​ത്താ​നും നമ്മുടെ കഴിവു​കൾ വർധി​പ്പി​ക്കാ​നും ഉള്ള ഒരു ആഗ്രഹം നമുക്ക്‌ എല്ലാവർക്കു​മു​ണ്ടാ​യി​രി​ക്കണം. നമ്മളെ സഹായി​ക്കാൻ യഹോവ തന്റെ സംഘട​ന​യി​ലൂ​ടെ അതിശ​യ​ക​ര​മായ രീതി​യിൽ നമ്മളെ പരിശീ​ലി​പ്പി​ക്കു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ശുശ്രൂ​ഷ​യിൽ നമുക്ക്‌ എങ്ങനെ കൂടുതൽ ഫലപ്ര​ദ​രാ​കാ​മെന്ന്‌ ഇടദി​വ​സത്തെ മീറ്റി​ങ്ങിൽ നമ്മളെ പഠിപ്പി​ക്കു​ന്നു. ആ പരിശീ​ല​ന​ത്തിൽനിന്ന്‌ നിങ്ങൾ പൂർണ​പ്ര​യോ​ജനം നേടു​ന്നു​ണ്ടോ?

19. രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽ പങ്കെടു​ക്കുക എന്ന ലക്ഷ്യത്തിൽ നിങ്ങൾക്ക്‌ എങ്ങനെ എത്തി​ച്ചേ​രാം?

19 രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളാ​ണു സവി​ശേ​ഷ​മായ മറ്റൊരു പരിശീ​ല​ന​പ​രി​പാ​ടി. 23-നും 65-നും ഇടയ്‌ക്കു പ്രായ​മുള്ള, മുഴു​സ​മ​യ​സേ​വ​കർക്കാണ്‌ ഈ സ്‌കൂ​ളിൽ പങ്കെടു​ക്കാൻ കഴിയു​ന്നത്‌. ഈ ലക്ഷ്യത്തി​ലെ​ത്താൻ ഒരിക്ക​ലും കഴിയി​ല്ലെന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. എന്നാൽ അതിൽ പങ്കെടു​ക്കാൻ കഴിയാ​ത്ത​തി​ന്റെ കാരണങ്ങൾ കണ്ടെത്തു​ന്ന​തി​നു പകരം പങ്കെടു​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തി​ന്റെ കാരണങ്ങൾ കുറി​ച്ചു​വെ​ക്കുക. അതിനു ശേഷം, യോഗ്യ​ത​ക​ളിൽ എത്തി​ച്ചേ​രാൻ നിങ്ങളെ സഹായി​ക്കുന്ന ഒരു പദ്ധതി തയ്യാറാ​ക്കുക. യഹോ​വ​യു​ടെ സഹായ​ത്താ​ലും നിങ്ങളു​ടെ കഠിനാ​ധ്വാ​ന​ത്താ​ലും, ഒരിക്ക​ലും നടക്കി​ല്ലെന്നു കരുതി​യി​രുന്ന ഇക്കാര്യം നിങ്ങൾക്കു സഫലീ​ക​രി​ക്കാൻ കഴിയും.

നിങ്ങളു​ടെ കഴിവു​കൾ സഭയെ ബലപ്പെ​ടു​ത്താൻ ഉപയോ​ഗി​ക്കു​ക

20. റോമർ 12:6-8-ൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

20 പൗലോ​സി​ന്റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയുന്ന മൂന്നാ​മത്തെ പാഠം റോമർ 12:6-8-ൽ കാണാം. (വായി​ക്കുക.) സഭയിലെ സഹോ​ദ​ര​ങ്ങൾക്കു വ്യത്യ​സ്‌ത​മായ കഴിവു​ക​ളാ​ണു​ള്ള​തെന്നു പൗലോസ്‌ ഇവിടെ ഒരിക്കൽക്കൂ​ടെ പറയുന്നു. എന്നാൽ, നമ്മുടെ കഴിവ്‌ എന്താ​ണെ​ങ്കി​ലും അതു സഭയെ ബലപ്പെ​ടു​ത്താൻ ഉപയോ​ഗി​ക്ക​ണ​മെന്ന കാര്യ​ത്തി​നാ​ണു പൗലോസ്‌ ഇവിടെ ഊന്നൽ കൊടു​ക്കു​ന്നത്‌.

21-22. റോബർട്ട്‌, ഫെലീസ്‌ എന്നീ സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

21 ഒരു സഹോ​ദ​രന്റെ അനുഭവം നോക്കുക. നമുക്ക്‌ അദ്ദേഹത്തെ റോബർട്ട്‌ എന്നു വിളി​ക്കാം. ഒരു വിദേ​ശ​രാ​ജ്യത്ത്‌ സേവി​ച്ചു​കൊ​ണ്ടി​രുന്ന അദ്ദേഹ​ത്തി​നു സ്വദേ​ശത്തെ ബഥേലിൽ സേവി​ക്കാ​നുള്ള നിയമനം കിട്ടി. സഹോ​ദ​രന്റെ ഭാഗത്ത്‌ എന്തെങ്കി​ലും കുറവു​ണ്ടാ​യി​ട്ടല്ല നിയമ​ന​മാ​റ്റം വന്നതെന്നു സഹോ​ദ​ര​നോ​ടു പറഞ്ഞി​രു​ന്നു. എന്നിട്ടും അദ്ദേഹം ഇങ്ങനെ പറയുന്നു: “ഞാൻ ഒരു പരാജ​യ​മാ​ണെന്ന ചിന്ത മാസങ്ങ​ളോ​ളം എന്റെ മനസ്സിനെ അലട്ടി​ക്കൊ​ണ്ടി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ ബഥേൽസേ​വനം നിറു​ത്തി​യാ​ലോ എന്നു​പോ​ലും ഞാൻ ചിന്തിച്ചു.” അദ്ദേഹം എങ്ങനെ​യാ​ണു സന്തോഷം വീണ്ടെ​ടു​ത്തത്‌? ഇപ്പോ​ഴത്തെ നിയമ​ന​ത്തിൽ യഹോ​വ​യ്‌ക്കു നമ്മളെ നന്നായി ഉപയോ​ഗി​ക്കാൻ കഴി​യേ​ണ്ട​തിന്‌, മുമ്പി​ലത്തെ ഓരോ നിയമ​ന​ത്തി​ലും യഹോവ നമ്മളെ പരിശീ​ലി​പ്പി​ച്ചി​ട്ടു​ണ്ടെന്നു മറ്റൊരു മൂപ്പൻ അദ്ദേഹത്തെ ഓർമി​പ്പി​ച്ചു. കഴിഞ്ഞ കാല​ത്തേക്കു നോക്കു​ന്നതു താൻ നിറു​ത്ത​ണ​മെ​ന്നും ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​തു​ട​ങ്ങ​ണ​മെ​ന്നും റോബർട്ട്‌ മനസ്സി​ലാ​ക്കി.

22 ഫെലീസ്‌ എപ്പിസ്‌കോ​പ്പോ സഹോ​ദ​ര​നും സമാന​മായ ഒരു പ്രശ്‌നം നേരിട്ടു. 1956-ൽ ഗിലെ​യാദ്‌ ബിരുദം നേടിയ അദ്ദേഹ​വും ഭാര്യ​യും തുടർന്ന്‌ ബൊളീ​വി​യ​യിൽ സർക്കിട്ട്‌ വേലയി​ലാ​യി​രു​ന്നു. 1964-ൽ അവർക്ക്‌ ഒരു കുഞ്ഞു​ണ്ടാ​യി. ഫെലീസ്‌ സഹോ​ദരൻ പറയുന്നു: “ഞങ്ങൾ വളരെ​യ​ധി​കം പ്രിയ​പ്പെ​ട്ടി​രുന്ന നിയമനം വിട്ടു​പോ​രു​ന്നതു വലിയ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അത്‌ ഓർത്ത്‌ വിഷമിച്ച്‌ എന്റെ ഒരു വർഷം പോ​യെ​ന്നു​തന്നെ പറയാം. എന്നാൽ യഹോ​വ​യു​ടെ സഹായ​ത്താൽ എന്റെ മനോ​ഭാ​വ​ത്തി​നു മാറ്റം വരുത്താൻ എനിക്കു കഴിഞ്ഞു. ഒരു പിതാവ്‌ എന്ന എന്റെ പുതിയ ഉത്തരവാ​ദി​ത്വം ചെയ്യു​ന്ന​തിൽ ഞാൻ കൂടുതൽ ശ്രദ്ധി​ക്കാൻ തുടങ്ങി.” റോബർട്ട്‌ സഹോ​ദ​ര​നും ഫെലീസ്‌ സഹോ​ദ​ര​നും നേരി​ട്ട​തു​പോ​ലുള്ള സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ നിങ്ങൾ കടന്നു​പോ​യി​ട്ടു​ണ്ടോ? മുമ്പ്‌ നിങ്ങൾക്കു​ണ്ടാ​യി​രുന്ന സേവന​പ​ദ​വി​കൾ ഇപ്പോ​ഴി​ല്ലാ​ത്ത​തിൽ നിങ്ങൾക്കു നിരാശ തോന്നു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ സന്തോഷം കണ്ടെത്താൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം? നിങ്ങളു​ടെ പഴയ നിയമ​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നു പകരം ഇപ്പോൾ യഹോ​വ​യെ​യും നിങ്ങളു​ടെ സഹോ​ദ​ര​ങ്ങ​ളെ​യും സേവി​ക്കാൻ എന്തു ചെയ്യാ​മെന്നു ചിന്തി​ക്കുക. നിങ്ങളു​ടെ കഴിവു​ക​ളും പ്രാപ്‌തി​ക​ളും ഉപയോ​ഗിച്ച്‌ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ തിരക്കു​ള്ള​വ​രാ​യി​രി​ക്കുക. അപ്പോൾ, സഭയെ ബലപ്പെ​ടു​ത്തു​ന്ന​തി​ന്റെ സന്തോഷം നിങ്ങൾക്ക്‌ ആസ്വദി​ക്കാൻ കഴിയും.

23. നമ്മൾ എന്തു ചെയ്യാൻ സമയം മാറ്റി​വെ​ക്കണം, അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

23 നമ്മൾ ഓരോ​രു​ത്ത​രും യഹോ​വ​യ്‌ക്കു വില​പ്പെ​ട്ട​വ​രാണ്‌. നമ്മൾ തന്റെ കുടും​ബ​ത്തി​ന്റെ ഭാഗമാ​ണെന്നു നമുക്കു തോന്നാൻ യഹോവ ആഗ്രഹി​ക്കു​ന്നുണ്ട്‌. നമ്മൾ പഠിച്ച​തു​പോ​ലെ, സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്താൻ നമുക്ക്‌ എന്തു ചെയ്യാ​മെന്നു സമയ​മെ​ടുത്ത്‌ ചിന്തി​ക്കുക. അതു ചെയ്യാൻ നല്ല ശ്രമം നടത്തുക. അപ്പോൾ, സഭയിൽ നമു​ക്കൊ​രു സ്ഥാനമി​ല്ലെന്നു നമ്മൾ ചിന്തി​ച്ചു​പോ​കില്ല. എന്നാൽ സഭയിലെ മറ്റുള്ള​വരെ നമ്മൾ എങ്ങനെ​യാ​ണു വീക്ഷി​ക്കേ​ണ്ടത്‌? അവരെ ബഹുമാ​നി​ക്കു​ക​യും സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? പ്രധാ​ന​പ്പെട്ട ആ വിഷയം, നമ്മൾ അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യും.

ഗീതം 24 യഹോ​വ​യു​ടെ പർവത​ത്തി​ലേക്കു വരൂ!

^ ഖ. 5 യഹോവ നമ്മളെ വിലയു​ള്ള​വ​രാ​യി കാണു​ന്നെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ നമ്മൾ എല്ലാവ​രും ആഗ്രഹി​ക്കു​ന്നു. പക്ഷേ, നമ്മളെ​ക്കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ എന്താണു പ്രയോ​ജ​ന​മെന്നു ചില​പ്പോൾ നമ്മൾ ചിന്തി​ച്ചു​പോ​യേ​ക്കാം. നമുക്ക്‌ ഓരോ​രു​ത്തർക്കും യഹോ​വ​യു​ടെ സഭയിൽ വിലപ്പെട്ട ഒരു സ്ഥാനമുണ്ട്‌ എന്നു കാണാൻ ഈ ലേഖനം നമ്മളെ സഹായി​ക്കും.

^ ഖ. 3 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: യഹോ​വ​യു​ടെ സഭയിൽ നമുക്കുള്ള സ്ഥാനം എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌ സഭയെ ശക്തി​പ്പെ​ടു​ത്തു​ന്ന​തിൽ നമ്മൾ വഹിക്കുന്ന പങ്കി​നെ​യാണ്‌. സഭയിലെ നമ്മുടെ സ്ഥാനം നിർണ​യി​ക്കു​ന്നത്‌, വംശീ​യ​മോ സാമ്പത്തി​ക​മോ സാമൂ​ഹി​ക​മോ സാംസ്‌കാ​രി​ക​മോ ആയ നിലയോ വിദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​ക​ളോ ഒന്നും അല്ല.

^ ഖ. 62 ചിത്രക്കുറിപ്പുകൾ: ഒരു സഭാ​യോ​ഗ​ത്തി​നു മുമ്പും യോഗ​സ​മ​യ​ത്തും അതിനു ശേഷവും നടക്കുന്ന ചില കാര്യ​ങ്ങ​ളാണ്‌ ഈ മൂന്നു ചിത്ര​ങ്ങ​ളിൽ. ചിത്രം 1: ഒരു മൂപ്പൻ ഒരു താത്‌പ​ര്യ​ക്കാ​രനെ ഹൃദ്യ​മാ​യി സ്വാഗതം ചെയ്യുന്നു, ഒരു യുവസ​ഹോ​ദരൻ ശബ്ദസം​വി​ധാ​ന​വു​മാ​യി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നു, ഒരു സഹോ​ദരി പ്രായ​മുള്ള മറ്റൊരു സഹോ​ദ​രി​യോ​ടു സംസാ​രി​ക്കു​ന്നു. ചിത്രം 2: കുട്ടി​ക​ളും പ്രായ​മാ​യ​വ​രും ഉൾപ്പെ​ടെ​യു​ള്ളവർ വീക്ഷാ​ഗോ​പു​ര​പ​ഠ​ന​ത്തിന്‌ ഉത്തരം പറയാൻ കൈ ഉയർത്തു​ന്നു. ചിത്രം 3: ഒരു ദമ്പതികൾ രാജ്യ​ഹാൾ ശുചീ​ക​ര​ണ​ത്തിൽ ഏർപ്പെ​ടു​ന്നു. സംഭാ​വ​ന​പ്പെ​ട്ടി​യിൽ പണം ഇടാൻ ഒരു അമ്മ കുട്ടിയെ സഹായി​ക്കു​ന്നു. ഒരു യുവസ​ഹോ​ദരൻ സാഹി​ത്യ​കൗ​ണ്ട​റിൽ സേവി​ക്കു​ന്നു. മറ്റൊരു സഹോ​ദരൻ പ്രായ​മുള്ള ഒരു സഹോ​ദ​രി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.