വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 35

സഭയിൽ മറ്റുള്ള​വർക്കുള്ള സ്ഥാനത്തെ ബഹുമാ​നി​ക്കുക

സഭയിൽ മറ്റുള്ള​വർക്കുള്ള സ്ഥാനത്തെ ബഹുമാ​നി​ക്കുക

“കണ്ണിനു കൈ​യോട്‌, ‘എനിക്കു നിന്നെ ആവശ്യ​മില്ല’ എന്നു പറയാ​നാ​കില്ല. തലയ്‌ക്കു കാലി​നോ​ടും, ‘എനിക്കു നിന്നെ ആവശ്യ​മില്ല’ എന്നു പറയാ​നാ​കില്ല.”​—1 കൊരി. 12:21.

ഗീതം 124 എന്നും വിശ്വ​സ്‌തൻ

പൂർവാവലോകനം *

1. യഹോവ തന്റെ ഓരോ വിശ്വ​സ്‌ത​ദാ​സ​നും എന്തു നൽകി​യി​രി​ക്കു​ന്നു?

യഹോവ തന്റെ ഓരോ വിശ്വ​സ്‌ത​ദാ​സ​നും സ്‌നേ​ഹ​ത്തോ​ടെ തന്റെ സഭയിൽ ഒരു സ്ഥാനം നൽകി​യി​ട്ടുണ്ട്‌. സഭയിൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും നമ്മൾ എല്ലാവ​രും വിലയു​ള്ള​വ​രാണ്‌, എല്ലാവ​രും പരസ്‌പരം വേണ്ട​പ്പെ​ട്ട​വ​രാണ്‌. പ്രധാ​ന​പ്പെട്ട ഈ കാര്യം മനസ്സി​ലാ​ക്കാൻ പൗലോസ്‌ അപ്പോ​സ്‌തലൻ നമ്മളെ സഹായി​ക്കു​ന്നു. എങ്ങനെ?

2. എഫെസ്യർ 4:16 പറയു​ന്ന​തു​പോ​ലെ, നമ്മൾ മറ്റുള്ള​വരെ വിലയു​ള്ള​വ​രാ​യി കാണു​ക​യും ഒത്തൊ​രു​മ​യോ​ടെ പ്രവർത്തി​ക്കു​ക​യും ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

2 ഈ ലേഖന​ത്തി​ന്റെ ആധാര​വാ​ക്യ​ത്തിൽ പൗലോസ്‌ പറഞ്ഞതു​പോ​ലെ നമുക്കാർക്കും യഹോ​വ​യു​ടെ മറ്റൊരു ദാസ​നോട്‌ “എനിക്കു നിന്നെ ആവശ്യ​മില്ല” എന്നു പറയാ​നാ​കില്ല. (1 കൊരി. 12:21) സഭയുടെ കാര്യങ്ങൾ സുഖമ​മാ​യി മുന്നോട്ട്‌ പോക​ണ​മെ​ങ്കിൽ മറ്റുള്ളവർ വിലയു​ള്ള​വ​രാ​ണെന്നു നമ്മൾ മനസ്സി​ലാ​ക്കു​ക​യും ഒരുമിച്ച്‌ പ്രവർത്തി​ക്കു​ക​യും വേണം. (എഫെസ്യർ 4:16 വായി​ക്കുക.) എല്ലാവ​രും ഒത്തൊ​രു​മ​യോ​ടെ പ്രവർത്തി​ക്കു​മ്പോൾ സഭയിൽ സ്‌നേഹം തഴച്ചു​വ​ള​രു​ക​യും സഭ കൂടുതൽ ശക്തമാ​കു​ക​യും ചെയ്യും.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

3 സഭയിലെ മറ്റുള്ള​വ​രോ​ടു ബഹുമാ​നം കാണി​ക്കാ​നുള്ള ചില മേഖലകൾ ഏവ? ഈ ലേഖന​ത്തിൽ മൂപ്പന്മാർക്ക്‌ എങ്ങനെ സഹമൂ​പ്പ​ന്മാ​രെ ബഹുമാ​നി​ക്കാൻ കഴിയു​മെന്നു നമ്മൾ ചിന്തി​ക്കും. അതിനു ശേഷം, വിവാ​ഹി​ത​ര​ല്ലാത്ത സഹോ​ദ​ര​ങ്ങളെ വിലയു​ള്ള​വ​രാ​യി കാണു​ന്നെന്ന്‌ എങ്ങനെ കാണി​ക്കാ​മെന്നു നമ്മൾ ചർച്ച ചെയ്യും. അവസാനം, നമ്മുടെ ഭാഷ അത്ര നന്നായി സംസാ​രി​ക്കാൻ കഴിയാ​ത്ത​വ​രോട്‌ എങ്ങനെ ബഹുമാ​നം കാണി​ക്കാ​മെ​ന്നും നമ്മൾ പഠിക്കും.

സഹമൂ​പ്പ​ന്മാ​രെ ബഹുമാ​നി​ക്കു​ക

4. റോമർ 12:10-ലെ ഏത്‌ ഉപദേ​ശ​മാ​ണു മൂപ്പന്മാർ അനുസ​രി​ക്കേ​ണ്ടത്‌?

4 സഭയിലെ എല്ലാ മൂപ്പന്മാ​രും യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​നാ​ലാ​ണു നിയമി​ക്ക​പ്പെ​ടു​ന്നത്‌. എങ്കിലും അവരുടെ കഴിവു​ക​ളും പ്രാപ്‌തി​ക​ളും എല്ലാം വ്യത്യ​സ്‌ത​മാണ്‌. (1 കൊരി. 12:17, 18) ചിലർ അടുത്തി​ടെ ആയിരി​ക്കാം മൂപ്പന്മാ​രാ​യത്‌, മൂപ്പന്മാർ എന്ന നിലയിൽ വലിയ അനുഭ​വ​പ​രി​ച​യ​വും കാണില്ല. മറ്റു ചിലർക്കു പ്രായ​ത്തി​ന്റെ ബുദ്ധി​മു​ട്ടു​ക​ളും ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും കാരണം അധിക​മൊ​ന്നും ചെയ്യാൻ കഴിയു​ന്നി​ല്ലാ​യി​രി​ക്കും. എങ്കിലും ഒരു മൂപ്പനും തന്റെ സഹമൂ​പ്പ​നോട്‌ “എനിക്കു നിന്നെ ആവശ്യ​മില്ല” എന്ന രീതി​യിൽ ഇടപെ​ട​രുത്‌. പകരം ഓരോ മൂപ്പനും റോമർ 12:10-ലെ (വായി​ക്കുക.) പൗലോ​സി​ന്റെ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കണം.

സഹമൂപ്പന്മാർ പറയു​ന്നതു ശ്രദ്ധിച്ച്‌ കേട്ടു​കൊണ്ട്‌ മൂപ്പന്മാർ പരസ്‌പ​ര​ബ​ഹു​മാ​നം കാണി​ക്കു​ന്നു (5, 6 ഖണ്ഡികകൾ കാണുക)

5. സഹമൂ​പ്പ​ന്മാ​രെ ബഹുമാ​നി​ക്കു​ന്നെന്ന്‌ ഓരോ മൂപ്പനും എങ്ങനെ​യാ​ണു കാണി​ക്കു​ന്നത്‌, അവർ അങ്ങനെ ചെയ്യു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5 മറ്റു മൂപ്പന്മാർ പറയു​ന്നതു ശ്രദ്ധിച്ച്‌ കേട്ടു​കൊണ്ട്‌ അവർ പരസ്‌പ​ര​മുള്ള ബഹുമാ​നം കാണി​ക്കു​ന്നു. ഗൗരവ​മുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഒരു സംഘം എന്ന നിലയിൽ മൂപ്പന്മാർ കൂടി​വ​രു​മ്പോൾ ഇതു വിശേ​ഷി​ച്ചും പ്രധാ​ന​മാണ്‌. എന്തു​കൊണ്ട്‌? 1988 ഒക്ടോബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഇംഗ്ലീഷ്‌ പതിപ്പ്‌ ഇങ്ങനെ പറയുന്നു: “ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങൾ നേരി​ടാ​നും പ്രധാ​ന​പ്പെട്ട തീരു​മാ​നങ്ങൾ എടുക്കാ​നും സഹായ​ക​മായ ബൈബിൾത​ത്ത്വ​ങ്ങൾ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ ഏതൊരു മൂപ്പ​ന്റെ​യും ഓർമ​യിൽ കൊണ്ടു​വ​രാൻ ക്രിസ്‌തു​വി​നു കഴിയും. (പ്രവൃ. 15:6-15) പരിശു​ദ്ധാ​ത്മാവ്‌ മൂപ്പന്മാ​രു​ടെ സംഘത്തി​ലെ ഏതെങ്കി​ലും ഒരാ​ളെയല്ല, മറിച്ച്‌ എല്ലാവ​രെ​യും സഹായി​ക്കു​മെന്ന്‌ അവർക്ക്‌ അറിയാം.”

6. ഒത്തൊ​രു​മ​യോ​ടെ പ്രവർത്തി​ക്കാൻ മൂപ്പന്മാർക്ക്‌ എങ്ങനെ കഴിയും, അവർ അങ്ങനെ ചെയ്യു​മ്പോൾ സഭയ്‌ക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

6 സഹമൂ​പ്പ​ന്മാ​രെ ബഹുമാ​നി​ക്കുന്ന ഒരു മൂപ്പൻ മൂപ്പന്മാ​രു​ടെ യോഗ​ത്തിൽ എപ്പോ​ഴും ആദ്യം സംസാ​രി​ക്കാൻ ശ്രമി​ക്കില്ല. ചർച്ചയിൽ ആധിപ​ത്യം പുലർത്താ​നും അദ്ദേഹം ശ്രമി​ക്കില്ല. താൻ പറയു​ന്ന​താണ്‌ എപ്പോ​ഴും ശരിയെന്ന ചിന്ത അദ്ദേഹം ഒഴിവാ​ക്കും. പകരം, തന്റെ അഭി​പ്രാ​യങ്ങൾ എപ്പോ​ഴും എളിമ​യോ​ടെ​യും താഴ്‌മ​യോ​ടെ​യും പറയും. മറ്റുള്ള​വ​രു​ടെ അഭി​പ്രാ​യങ്ങൾ അദ്ദേഹം ശ്രദ്ധിച്ച്‌ കേൾക്കും. ബൈബിൾത​ത്ത്വ​ങ്ങൾ ശ്രദ്ധയിൽ കൊണ്ടു​വ​രാ​നും വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യു​ടെ നിർദേ​ശങ്ങൾ പിൻപ​റ്റാ​നും അദ്ദേഹം പ്രത്യേ​കം ശ്രദ്ധി​ക്കും. (മത്താ. 24:45-47) സ്‌നേ​ഹ​വും ബഹുമാ​ന​വും നിറഞ്ഞ ഒരു അന്തരീ​ക്ഷ​ത്തിൽ മൂപ്പന്മാർ കാര്യങ്ങൾ ചർച്ച ചെയ്യു​മ്പോൾ പരിശു​ദ്ധാ​ത്മാവ്‌ അവരു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും, സഭയെ ബലപ്പെ​ടു​ത്തുന്ന തീരു​മാ​നങ്ങൾ എടുക്കാൻ ദൈവാ​ത്മാവ്‌ അവരെ നയിക്കു​ക​യും ചെയ്യും.​—യാക്കോ. 3:17, 18.

വിവാ​ഹി​ത​ര​ല്ലാത്ത ക്രിസ്‌ത്യാ​നി​ക​ളോ​ടു ബഹുമാ​നം കാണി​ക്കു​ക

7. ഏകാകി​കളെ യേശു എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌?

7 ദമ്പതി​ക​ളും കുടും​ബ​ങ്ങ​ളും ഉൾപ്പെ​ടു​ന്ന​താ​ണു നമ്മുടെ സഭ. എങ്കിലും വിവാ​ഹി​ത​ര​ല്ലാത്ത ധാരാളം സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും നമ്മുടെ കൂട്ടത്തി​ലുണ്ട്‌. ഏകാകി​ക​ളായ സഹോ​ദ​ര​ങ്ങളെ നമ്മൾ എങ്ങനെ വീക്ഷി​ക്കണം? യേശു അങ്ങനെ​യു​ള്ള​വരെ എങ്ങനെ​യാ​ണു വീക്ഷി​ച്ച​തെന്നു നമുക്കു നോക്കാം. ഭൂമി​യി​ലെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ യേശു വിവാഹം കഴിച്ചില്ല. ഏകാകി​യാ​യി ജീവി​ച്ചു​കൊണ്ട്‌ തന്റെ സമയവും ശ്രദ്ധയും എല്ലാം തന്റെ നിയമ​ന​ത്തി​നു കൊടു​ത്തു. ഒരു ക്രിസ്‌ത്യാ​നി വിവാഹം കഴിക്ക​ണ​മെ​ന്നോ ഏകാകി​യാ​യി തുടര​ണ​മെ​ന്നോ ഒന്നും യേശു പഠിപ്പി​ച്ചില്ല. എന്നാൽ ചില ക്രിസ്‌ത്യാ​നി​കൾ ഏകാകി​ക​ളാ​യി തുടരാൻ തീരു​മാ​നി​ക്കു​മെന്ന്‌ യേശു പറഞ്ഞു എന്നതു ശ്രദ്ധേ​യ​മാണ്‌. (മത്താ. 19:11, 12; മത്തായി 19:12-ന്റെ “തങ്ങളെ​ത്തന്നെ ഷണ്ഡന്മാ​രാ​ക്കി​യവർ” എന്ന പഠനക്കു​റിപ്പ്‌ കാണുക.) വിവാഹം കഴിക്കാ​ത്ത​വരെ യേശു ബഹുമാ​നി​ച്ചു. ഏകാകി​കൾക്കു വിവാ​ഹി​ത​രു​ടെ അത്ര വിലയി​ല്ലെ​ന്നോ അവർക്കു ജീവി​ത​ത്തിൽ എന്തോ വലിയ നഷ്ടം സംഭവി​ച്ചെ​ന്നോ ഒന്നും യേശു ചിന്തി​ച്ചില്ല.

8. 1 കൊരി​ന്ത്യർ 7:7-9 അനുസ​രിച്ച്‌, എന്തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ പൗലോസ്‌ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു?

8 യേശു​വി​നെ​പ്പോ​ലെ പൗലോസ്‌ അപ്പോ​സ്‌ത​ല​നും ഏകാകി​യാ​യി നിന്നു​കൊണ്ട്‌ തന്റെ ശുശ്രൂഷ ചെയ്‌തു. ഒരു ക്രിസ്‌ത്യാ​നി വിവാഹം കഴിക്കു​ന്നതു തെറ്റാ​ണെന്നു പൗലോസ്‌ ഒരിക്ക​ലും പഠിപ്പി​ച്ചില്ല. അത്‌ ഓരോ വ്യക്തി​യും എടുക്കേണ്ട തീരു​മാ​ന​മാ​ണെന്നു പൗലോസ്‌ മനസ്സി​ലാ​ക്കി. എങ്കിലും വിവാഹം കഴിക്കാ​തെ യഹോ​വയെ സേവി​ക്കാൻ കഴിയു​മോ എന്നു ചിന്തി​ക്കാൻ പൗലോസ്‌ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (1 കൊരി​ന്ത്യർ 7:7-9 വായി​ക്കുക.) വ്യക്തമാ​യും പൗലോസ്‌ ഏകാകി​ക​ളായ ക്രിസ്‌ത്യാ​നി​കളെ വിലയി​ല്ലാ​ത്ത​വ​രാ​യി കണ്ടില്ല. ഗൗരവ​മുള്ള ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാൻ പൗലോസ്‌ ഏകാകി​യാ​യി​രുന്ന തിമൊ​ഥെ​യൊ​സി​നെ തിര​ഞ്ഞെ​ടു​ത്തു എന്നതു ശ്രദ്ധി​ക്കുക. * (ഫിലി. 2:19-22) ഒരാൾ വിവാ​ഹി​ത​നാ​ണോ അല്ലയോ എന്നത്‌, സഭയിലെ സേവന​പ​ദ​വി​ക്കുള്ള ഒരു യോഗ്യ​ത​യാ​യി കാണു​ന്നത്‌ തെറ്റാ​ണെ​ന്നല്ലേ ഇതു കാണി​ക്കു​ന്നത്‌?​—1 കൊരി. 7:32-35, 38.

9. വിവാ​ഹ​ത്തെ​യും ഏകാകി​യാ​യുള്ള ജീവി​ത​ത്തെ​യും കുറിച്ച്‌ നമുക്ക്‌ എന്തു പറയാം?

9 യേശു​വാ​കട്ടെ പൗലോ​സാ​കട്ടെ, ക്രിസ്‌ത്യാ​നി​കൾ വിവാഹം കഴിക്ക​ണ​മെ​ന്നോ കഴിക്ക​രു​തെ​ന്നോ പറഞ്ഞില്ല. അങ്ങനെ​യെ​ങ്കിൽ വിവാഹം കഴിക്കു​ന്ന​തി​നെ​യും ഏകാകി​യാ​യി ജീവി​ക്കു​ന്ന​തി​നെ​യും കുറിച്ച്‌ നമുക്ക്‌ എന്തു പറയാം? 2012 ഒക്ടോബർ 1 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) അതെക്കു​റിച്ച്‌ ഇങ്ങനെ​യാ​ണു പറയു​ന്നത്‌: “വിവാ​ഹി​ത​രാ​യി​രി​ക്കു​ന്ന​തും ഏകാകി​ക​ളാ​യി​രി​ക്കു​ന്ന​തും രണ്ടും ദൈവ​ത്തിൽനി​ന്നുള്ള സമ്മാന​ങ്ങ​ളാണ്‌. . . . വിവാഹം കഴിക്കാ​തെ ജീവി​ക്കു​ന്നതു ദുഃഖ​ത്തി​നോ നാണ​ക്കേ​ടി​നോ ഉള്ള കാരണ​മാ​യി യഹോവ കാണു​ന്നില്ല.” അതു​കൊണ്ട്‌ സഭയിലെ ഏകാകി​ക​ളായ സഹോ​ദ​ര​ന്മാ​രു​ടെ​യും സഹോ​ദ​രി​മാ​രു​ടെ​യും സ്ഥാനം നമ്മൾ ബഹുമാ​നി​ക്കണം.

ഏകാകികളായ സഹോ​ദ​ര​ങ്ങ​ളോ​ടു ബഹുമാ​ന​മു​ണ്ടെ​ങ്കിൽ നമ്മൾ എന്ത്‌ ഒഴിവാ​ക്കും? (10-ാം ഖണ്ഡിക കാണുക)

10. ഏകാകി​ക​ളായ സഹോ​ദ​ര​ങ്ങളെ മാനി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

10 ഏകാകി​ക​ളായ സഹോ​ദ​ര​ങ്ങ​ളു​ടെ ചിന്തക​ളും വികാ​ര​ങ്ങ​ളും മാനി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? ഓരോ​രു​ത്ത​രും ഏകാകി​ക​ളാ​യി തുടരു​ന്ന​തി​ന്റെ കാരണങ്ങൾ വ്യത്യ​സ്‌ത​മാ​യി​രു​ന്നേ​ക്കാം എന്നു നമ്മൾ ഓർക്കണം. ഉദാഹ​ര​ണ​ത്തിന്‌, വിവാഹം കഴിക്കാ​തെ ജീവി​ക്കാ​നുള്ള ലക്ഷ്യം വെച്ചി​ട്ടു​ള്ള​വ​രാണ്‌ ഏകാകി​ക​ളായ ചില ക്രിസ്‌ത്യാ​നി​കൾ. മറ്റു ചിലർക്കു വിവാഹം കഴിക്കാൻ ആഗ്രഹ​മുണ്ട്‌, പക്ഷേ യോജിച്ച ഒരു ഇണയെ കണ്ടുപി​ടി​ക്കാൻ അവർക്കു കഴിഞ്ഞി​ട്ടില്ല. ഇനി ചിലരു​ടെ കാര്യ​ത്തിൽ അവരുടെ ഇണ മരിച്ചു​പോ​യ​താണ്‌. എന്തായാ​ലും സഭയിലെ സഹോ​ദ​രങ്ങൾ ഏകാകി​ക​ളായ സഹവി​ശ്വാ​സി​ക​ളോട്‌, അവർ എന്തു​കൊ​ണ്ടാണ്‌ വിവാഹം കഴിക്കാ​ത്ത​തെന്നു ചോദി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​മോ? അതു​പോ​ലെ ഒരു ഇണയെ കണ്ടുപി​ടി​ക്കാൻ സഹായം ആവശ്യ​മു​ണ്ടോ എന്നു ചോദി​ക്കു​ന്നതു ശരിയാ​യി​രി​ക്കു​മോ? ചില ഏകാകി​ക​ളായ ക്രിസ്‌ത്യാ​നി​കൾ നമ്മളോ​ടു സഹായം ആവശ്യ​പ്പെ​ട്ടേ​ക്കാം എന്നതു ശരിയാണ്‌. എങ്കിലും സഹായ​മൊ​ന്നും ഇങ്ങോട്ടു ചോദി​ക്കാ​ത്ത​പ്പോൾ നമ്മൾ സഹായി​ക്കാ​മെന്നു മുൻ​കൈ​യെ​ടുത്ത്‌ പറഞ്ഞാൽ ഏകാകി​ക​ളായ സഹോ​ദ​ര​ങ്ങൾക്ക്‌ എന്തായി​രി​ക്കും തോന്നുക? (1 തെസ്സ. 4:11; 1 തിമൊ. 5:13) ഏകാകി​ക​ളായ ചില വിശ്വ​സ്‌ത​സ​ഹോ​ദ​ര​ങ്ങ​ളു​ടെ അഭി​പ്രാ​യങ്ങൾ നമുക്ക്‌ ഒന്നു നോക്കാം.

11-12. ഏകാകി​ക​ളായ സഹോ​ദ​ര​ങ്ങളെ നമ്മൾ എങ്ങനെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യേ​ക്കാം?

11 തന്റെ നിയമനം വളരെ നന്നായി ചെയ്യുന്ന ഏകാകി​യായ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ കാര്യം നോക്കാം. ഏകാകി​യാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ പല പ്രയോ​ജ​ന​ങ്ങ​ളു​മു​ണ്ടെ​ന്നാണ്‌ അദ്ദേഹ​ത്തി​നു തോന്നു​ന്നത്‌. എങ്കിലും സഹോ​ദ​രങ്ങൾ നല്ല ഉദ്ദേശ്യ​ത്തോ​ടെ​യാ​ണെ​ങ്കിൽപ്പോ​ലും “സഹോ​ദരൻ എന്താ വിവാഹം കഴിക്കാ​ത്തത്‌” എന്നു ചോദി​ക്കു​മ്പോൾ തനിക്കു നിരു​ത്സാ​ഹം തോന്നാ​റു​ണ്ടെന്നു സഹോ​ദരൻ പറയുന്നു. ബഥേലിൽ സേവി​ക്കുന്ന ഏകാകി​യായ ഒരു സഹോ​ദ​രനു തോന്നു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഏകാകി​ക​ളായ സഹോ​ദ​ര​ങ്ങ​ളോ​ടു സഹതാപം കാണി​ക്കണം എന്ന രീതി​യി​ലാ​ണു ചില സഹോ​ദ​രങ്ങൾ ഇടപെ​ടു​ന്നത്‌. ഏകാകി​യാ​യി​രി​ക്കു​ന്നത്‌ ഒരു സമ്മാനമല്ല, പകരം ഒരു ഭാരമാ​ണെന്നു തോന്നാൻ അത്‌ ഇടയാ​ക്കും.”

12 ബഥേലിൽ സേവി​ക്കുന്ന ഒരു സഹോ​ദരി പറയുന്നു: “ഏകാകി​ക​ളായ എല്ലാവ​രും ഒരു ഇണയെ അന്വേ​ഷിച്ച്‌ നടക്കു​ക​യാ​ണെ​ന്നും ഒരുമിച്ച്‌ കൂടി​വ​രുന്ന ഓരോ സന്ദർഭ​ങ്ങ​ളും അതിനുള്ള അവസര​ങ്ങ​ളാ​യി​ട്ടാണ്‌ അവർ കാണു​ന്ന​തെ​ന്നും ആണ്‌ ചില പ്രചാ​രകർ ചിന്തി​ക്കു​ന്നത്‌. ഒരിക്കൽ എന്റെ നിയമ​ന​വു​മാ​യി ബന്ധപ്പെട്ട്‌ എനിക്കു രാജ്യ​ത്തി​ന്റെ മറ്റൊരു ഭാഗ​ത്തേക്കു പോ​കേ​ണ്ടി​വന്നു. മീറ്റി​ങ്ങുള്ള ഒരു വൈകു​ന്നേ​ര​മാണ്‌ ഞാൻ അവിടെ എത്തിയത്‌. എനിക്കു താമസ​സൗ​ക​ര്യം തന്ന സഹോ​ദരി ആ സഭയിൽ എന്റെ അതേ പ്രായ​ത്തി​ലുള്ള രണ്ടു സഹോ​ദ​ര​ന്മാ​രു​ണ്ടെന്നു പറഞ്ഞു. എനിക്കു​വേണ്ടി കല്യാണം ആലോ​ചി​ക്കാ​നൊ​ന്നും ഉദ്ദേശി​ക്കു​ന്നി​ല്ലെന്നു സഹോ​ദരി പറഞ്ഞെ​ങ്കി​ലും രാജ്യ​ഹാ​ളിൽ ചെന്നയു​ടനെ സഹോ​ദരി എന്നെ ആ രണ്ടു സഹോ​ദ​ര​ന്മാ​രു​ടെ അടുത്ത്‌ കൊണ്ടു​പോ​യി. ഞങ്ങൾക്കു മൂന്നു പേർക്കും ആകെ ചമ്മലായി എന്നു പ്രത്യേ​കം പറയേ​ണ്ട​തി​ല്ല​ല്ലോ.”

13. ഏകാകി​യായ ഒരു സഹോ​ദ​രി​യെ ആരുടെ നല്ല മാതൃ​ക​യാ​ണു സഹായി​ച്ചത്‌?

13 ബഥേലിൽ സേവി​ക്കുന്ന മറ്റൊരു ഏകാകി​യായ സഹോ​ദരി പറയുന്നു: “വർഷങ്ങ​ളാ​യി മുൻനി​ര​സേ​വനം ചെയ്യുന്ന ഏകാകി​ക​ളായ പല സഹോ​ദ​ര​ങ്ങ​ളെ​യും എനിക്ക്‌ അറിയാം. ത്യാഗ​മ​ന​സ്‌ക​രും നിശ്ചയ​ദാർഢ്യ​മു​ള്ള​വ​രും ആണ്‌ അവർ. തങ്ങളുടെ സേവന​ത്തിൽ സന്തോ​ഷി​ക്കുന്ന, വ്യക്തമായ ലക്ഷ്യങ്ങ​ളുള്ള അവർ സഭയ്‌ക്ക്‌ ശരിക്കും ഒരു മുതൽക്കൂ​ട്ടാണ്‌. ഏകാകി​ക​ളാ​യ​തു​കൊണ്ട്‌ തങ്ങൾ മറ്റുള്ള​വ​രെ​ക്കാൾ ഉയർന്ന​വ​രാ​ണെ​ന്നോ ഇണയും കുടും​ബ​വും ഒന്നും ഇല്ലാത്ത​തു​കൊണ്ട്‌ തങ്ങൾക്ക്‌ എന്തോ നഷ്ടം സംഭവി​ച്ചെ​ന്നോ അവർക്കു തോന്നു​ന്നില്ല.” സഭയിലെ എല്ലാവ​രും പരസ്‌പരം ബഹുമാ​നി​ക്കു​ക​യും വില കല്‌പി​ക്കു​ക​യും ചെയ്യു​മ്പോൾ സഭ മനോ​ഹ​ര​മായ ഒരു ഇടമാ​യി​ത്തീ​രും. അവിടെ നിങ്ങൾക്കു നിങ്ങളു​ടേ​തായ ഒരു സ്ഥാനമു​ണ്ടാ​യി​രി​ക്കും. ആർക്കും നിങ്ങ​ളോട്‌ അനാവ​ശ്യ​മായ സഹതാ​പ​മില്ല, നിങ്ങ​ളോട്‌ അസൂയ​യില്ല. ആരും നിങ്ങളെ അവഗണി​ക്കു​ന്ന​താ​യി നിങ്ങൾക്കു തോന്നില്ല, നിങ്ങ​ളോട്‌ അതിരു​ക​വിഞ്ഞ ബഹുമാ​ന​വും കാണി​ക്കില്ല.

14. നമുക്ക്‌ എങ്ങനെ ഏകാകി​ക​ളായ സഹോ​ദ​ര​ങ്ങ​ളോ​ടു ബഹുമാ​നം കാണി​ക്കാം?

14 അതെ, നമ്മുടെ ഏകാകി​ക​ളായ സഹോ​ദ​ര​ങ്ങ​ളോട്‌ നമുക്ക്‌ അനാവ​ശ്യ​മായ സഹതാപം കാണി​ക്കാ​തി​രി​ക്കാം. പകരം അവരുടെ നല്ല ഗുണങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ അവർക്കു വില കല്‌പി​ക്കാം. അവരുടെ വിശ്വ​സ്‌ത​തയെ വിലമ​തി​ക്കാം. ഈ രീതി​യിൽ ഏകാകി​ക​ളായ സഹോ​ദ​ര​ങ്ങ​ളോട്‌ ഇടപെ​ടു​ന്നെ​ങ്കിൽ “എനിക്കു നിന്നെ ആവശ്യ​മില്ല” എന്നു നമ്മൾ അവരോ​ടു പറയു​ന്ന​താ​യി അവർക്ക്‌ ഒരിക്ക​ലും തോന്നില്ല. (1 കൊരി. 12:21) പകരം നമ്മൾ അവരെ ബഹുമാ​നി​ക്കു​ന്നെ​ന്നും സഭയിൽ അവർക്കുള്ള സ്ഥാനത്തെ വിലമ​തി​ക്കു​ന്നെ​ന്നും അവർക്കു മനസ്സി​ലാ​കും.

നിങ്ങളു​ടെ ഭാഷ നന്നായി സംസാ​രി​ക്കാൻ കഴിയാ​ത്ത​വരെ ബഹുമാ​നി​ക്കു​ക

15. ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യു​ന്ന​തി​നു​വേണ്ടി ചിലർ എന്തു മാറ്റങ്ങൾ വരുത്തി​യി​രി​ക്കു​ന്നു?

15 ഈ അടുത്ത കാലത്ത്‌ ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാൻ ആഗ്രഹി​ക്കുന്ന ധാരാളം പ്രചാ​രകർ മറ്റൊരു ഭാഷ പഠിക്കാൻ ലക്ഷ്യം വെച്ചി​രി​ക്കു​ന്നു. അതിനു​വേണ്ടി അവർ ജീവി​ത​ത്തിൽ പല മാറ്റങ്ങ​ളും വരുത്തി. ഈ സഹോ​ദ​രങ്ങൾ തങ്ങളുടെ മാതൃ​ഭാഷ സംസാ​രി​ക്കുന്ന സ്വന്തം സഭ വിട്ടിട്ട്‌ രാജ്യ​പ്ര​ചാ​ര​ക​രു​ടെ ആവശ്യം കൂടു​ത​ലുള്ള സ്ഥലത്ത്‌, മറ്റൊരു ഭാഷ സംസാ​രി​ക്കുന്ന സഭയോ​ടൊത്ത്‌ സേവി​ക്കാൻ തയ്യാറാ​യി​രി​ക്കു​ന്നു. (പ്രവൃ. 16:9) ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രവർത്ത​ന​ങ്ങളെ പിന്തു​ണ​യ്‌ക്കാൻ ഈ ക്രിസ്‌ത്യാ​നി​കൾ സ്വന്തമാ​യി എടുത്ത ഒരു തീരു​മാ​ന​മാണ്‌ ഇത്‌. പുതിയ ഭാഷ നന്നായി സംസാ​രി​ക്കാൻ അവർ വർഷങ്ങൾ എടു​ത്തേ​ക്കാ​മെ​ങ്കി​ലും അവർ ചെയ്‌തി​രി​ക്കുന്ന ഈ ത്യാഗം​കൊണ്ട്‌ സഭയ്‌ക്കു പല പ്രയോ​ജ​ന​ങ്ങ​ളും ലഭിക്കു​ന്നുണ്ട്‌. അവരുടെ നല്ല ഗുണങ്ങ​ളും അനുഭ​വ​സ​മ്പ​ത്തും സഭയിലെ സഹോ​ദ​ര​ങ്ങളെ കൂടുതൽ ബലപ്പെ​ടു​ത്തും. സ്വന്തം സുഖസൗ​ക​ര്യ​ങ്ങൾ വിട്ടു​ക​ള​ഞ്ഞു​കൊണ്ട്‌ ഈ സഹോ​ദ​രങ്ങൾ ചെയ്‌തി​രി​ക്കുന്ന ത്യാഗത്തെ നമ്മൾ വിലമ​തി​ക്കു​ന്നി​ല്ലേ?

16. എന്തിന്റെ അടിസ്ഥാ​ന​ത്തി​ലാ​ണു മൂപ്പന്മാർ സഹോ​ദ​ര​ന്മാ​രെ മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും ആയി ശുപാർശ ചെയ്യു​ന്നത്‌?

16 സഭയുടെ ഭാഷ അത്ര നന്നായി കൈകാ​ര്യം ചെയ്യാൻ അറിയില്ല എന്നതു​കൊണ്ട്‌ മാത്രം മൂപ്പന്മാ​രു​ടെ സംഘം ഒരു സഹോ​ദ​രനെ മൂപ്പനാ​യോ ശുശ്രൂ​ഷാ​ദാ​സ​നാ​യോ ശുപാർശ ചെയ്യാ​തി​രി​ക്കില്ല. അവർ ഒരു സഹോ​ദ​രനെ വിലയി​രു​ത്തു​ന്നത്‌ മൂപ്പന്മാർക്കും ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കും ഉള്ള തിരു​വെ​ഴു​ത്തു​യോ​ഗ്യ​ത​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌. അല്ലാതെ അദ്ദേഹം സഭയുടെ ഭാഷ എത്ര നന്നായി സംസാ​രി​ക്കു​ന്നു എന്നു നോക്കി​യല്ല.​—1 തിമൊ. 3:1-10, 12, 13; തീത്തോ. 1:5-9.

17. കുടും​ബങ്ങൾ മറ്റൊരു രാജ്യ​ത്തേക്കു താമസം മാറു​മ്പോൾ അവർക്ക്‌ എന്തു തീരു​മാ​നം എടു​ക്കേ​ണ്ടി​വ​രും?

17 സ്വന്തം രാജ്യത്തെ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ ദുസ്സഹ​മാ​കു​മ്പോ​ഴോ ജോലി കണ്ടെത്തു​ന്ന​തി​നു​വേ​ണ്ടി​യോ ചില ക്രിസ്‌തീ​യ​കു​ടും​ബ​ങ്ങൾക്കു മറ്റൊരു രാജ്യ​ത്തേക്കു മാറേ​ണ്ടി​വ​രു​ന്നു. അങ്ങനെ​യുള്ള കുടും​ബ​ങ്ങ​ളി​ലെ കുട്ടികൾ പഠിക്കു​ന്നത്‌ പുതിയ രാജ്യത്തെ പ്രധാ​ന​ഭാ​ഷ​യി​ലുള്ള സ്‌കൂ​ളു​ക​ളി​ലാ​യി​രി​ക്കും. ജോലി കണ്ടെത്തു​ന്ന​തി​നു മാതാ​പി​താ​ക്ക​ളും ആ ഭാഷ പഠി​ക്കേ​ണ്ടി​വ​രും. ആ രാജ്യത്ത്‌ അവരുടെ മാതൃ​ഭാഷ സംസാ​രി​ക്കുന്ന ഒരു സഭയോ കൂട്ടമോ ഉണ്ടെങ്കിൽ ഒരു ചോദ്യം വന്നേക്കാം: ഏതു ഭാഷയി​ലുള്ള സഭയോ​ടൊ​ത്താണ്‌ ആ കുടും​ബം സഹവസി​ക്കേ​ണ്ടത്‌? പുതിയ രാജ്യത്തെ പ്രധാ​ന​ഭാഷ സംസാ​രി​ക്കുന്ന സഭയി​ലാ​ണോ അതോ അവരുടെ മാതൃ​ഭാ​ഷ​യി​ലുള്ള സഭയി​ലാ​ണോ?

18. ഗലാത്യർ 6:5-നു ചേർച്ച​യിൽ നമുക്ക്‌ എങ്ങനെ കുടും​ബ​നാ​ഥന്റെ തീരു​മാ​നത്തെ മാനി​ക്കു​ന്നെന്നു കാണി​ക്കാം?

18 ഏതു ഭാഷയി​ലുള്ള സഭയി​ലാ​ണു തന്റെ കുടും​ബം പോ​കേ​ണ്ട​തെന്നു തീരു​മാ​നി​ക്കു​ന്നതു കുടും​ബ​നാ​ഥ​നാണ്‌. തന്റെ കുടും​ബ​ത്തിന്‌ ഏറ്റവും നല്ലത്‌ എന്താണ്‌ എന്നു ചിന്തി​ച്ച​തി​നു ശേഷം കുടും​ബ​നാ​ഥൻ ഒരു തീരു​മാ​നം എടുക്കണം. (ഗലാത്യർ 6:5 വായി​ക്കുക.) ഇതു തികച്ചും വ്യക്തി​പ​ര​മായ ഒരു കാര്യ​മാ​യ​തു​കൊണ്ട്‌ നമ്മൾ കുടും​ബ​നാ​ഥന്റെ തീരു​മാ​നത്തെ മാനി​ക്കണം. അദ്ദേഹ​ത്തി​ന്റെ തീരു​മാ​നം എന്തായാ​ലും നമ്മൾ അതിനെ അംഗീ​ക​രി​ക്കു​ക​യും സ്‌നേ​ഹ​ത്തോ​ടെ ആ കുടും​ബത്തെ സഭയി​ലേക്കു സ്വീക​രി​ക്കു​ക​യും വേണം.​—റോമ. 15:7.

19. കുടും​ബ​നാ​ഥ​ന്മാർ ഏതു കാര്യ​ത്തെ​ക്കു​റിച്ച്‌ ശ്രദ്ധ​യോ​ടെ ചിന്തി​ക്കണം?

19 ചില കുടും​ബങ്ങൾ മാതാ​പി​താ​ക്ക​ളു​ടെ മാതൃ​ഭാഷ സംസാ​രി​ക്കുന്ന സഭയോ​ടൊ​ത്താ​യി​രി​ക്കും സേവി​ക്കു​ന്നത്‌, പക്ഷേ കുട്ടി​കൾക്ക്‌ ആ ഭാഷ അത്ര വശമു​ണ്ടാ​കില്ല. ആ രാജ്യത്തെ പ്രധാ​ന​ഭാഷ സംസാ​രി​ക്കുന്ന സ്ഥലത്താണു സഭയെ​ങ്കിൽ, കുട്ടി​കൾക്കു മീറ്റി​ങ്ങു​ക​ളിൽ പറയുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തും ആത്മീയ​മാ​യി പുരോ​ഗ​മി​ക്കു​ന്ന​തും ബുദ്ധി​മു​ട്ടാ​യി​രി​ക്കും. എന്തു​കൊണ്ട്‌? കാരണം കുട്ടികൾ പഠിക്കു​ന്നത്‌ ആ രാജ്യത്തെ പ്രധാ​ന​ഭാ​ഷ​യി​ലുള്ള സ്‌കൂ​ളു​ക​ളി​ലാ​യി​രി​ക്കും. അല്ലാതെ മാതാ​പി​താ​ക്ക​ളു​ടെ മാതൃ​ഭാ​ഷ​യി​ലുള്ള സ്‌കൂ​ളി​ലാ​യി​രി​ക്കില്ല. അത്തരം സാഹച​ര്യ​ങ്ങ​ളിൽ യഹോ​വ​യോ​ടും ദൈവ​ജ​ന​ത്തോ​ടും അടുക്കാൻ മക്കളെ സഹായി​ക്കു​ന്ന​തിന്‌ എന്തു ചെയ്യാ​മെന്നു കുടും​ബ​നാ​ഥ​ന്മാർ നന്നായി ചിന്തി​ക്കുക, ജ്ഞാനത്തി​നു​വേണ്ടി പ്രാർഥി​ക്കുക. ഒന്നുകിൽ അവർ മക്കളെ തങ്ങളുടെ മാതൃ​ഭാഷ നന്നായി പഠിപ്പി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. അല്ലെങ്കിൽ മക്കൾക്കു മനസ്സി​ലാ​കുന്ന ഭാഷയി​ലുള്ള സഭയി​ലേക്കു മാറു​ന്ന​തി​നെ​ക്കു​റിച്ച്‌ അവർ ചിന്തി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. കുടും​ബ​നാ​ഥൻ ഏതു സഭയോ​ടൊത്ത്‌ സഹവസി​ക്കാൻ തീരു​മാ​നി​ച്ചാ​ലും ആ സഭയി​ലു​ള്ളവർ തങ്ങളെ ബഹുമാ​നി​ക്കു​ക​യും വില കല്‌പി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്ന്‌ ആ കുടും​ബ​ത്തി​നു തോന്നണം.

പുതിയൊരു ഭാഷ പഠിക്കാൻ ശ്രമി​ക്കു​ന്ന​വരെ വിലയു​ള്ള​വ​രാ​യി കാണു​ന്നെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം? (20-ാം ഖണ്ഡിക കാണുക)

20. പുതി​യൊ​രു ഭാഷ പഠിക്കാൻ ശ്രമി​ക്കുന്ന സഹോ​ദ​ര​ങ്ങളെ ബഹുമാ​നി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

20 നമ്മൾ ചർച്ച ചെയ്‌ത വ്യത്യ​സ്‌ത​കാ​ര​ണ​ങ്ങ​ളു​ടെ പേരിൽ ഇന്നു മിക്ക സഭകളി​ലും പുതി​യൊ​രു ഭാഷ പഠിക്കാൻ കഠിന​ശ്രമം ചെയ്യുന്ന സഹോ​ദ​ര​ങ്ങളെ നമുക്കു കാണാ​നാ​കും. ഉദ്ദേശി​ക്കുന്ന കാര്യങ്ങൾ പറഞ്ഞ്‌ ഫലിപ്പി​ക്കാൻ അവർക്കു ബുദ്ധി​മു​ട്ടാ​യി​രി​ക്കും. അവരുടെ ഭാഷാ​പ​ര​മായ കഴിവു​ക​ളി​ലേക്കു ശ്രദ്ധി​ക്കു​ന്ന​തി​നു പകരം, യഹോ​വ​യോട്‌ അവർക്കുള്ള സ്‌നേ​ഹ​വും യഹോ​വയെ സേവി​ക്കാ​നുള്ള ആഗ്രഹ​വും കാണാൻ നമുക്കു ശ്രമി​ക്കാം. മനോ​ഹ​ര​മായ ഈ ഗുണങ്ങൾ കാണാൻ നമുക്കു കഴിയു​ന്നെ​ങ്കിൽ നമ്മൾ അവരെ ബഹുമാ​നി​ക്കും, വിലയു​ള്ള​വ​രാ​യി കാണും. അവർ നമ്മുടെ ഭാഷ നന്നായി സംസാ​രി​ക്കു​ന്നില്ല എന്ന കാരണ​ത്താൽ “എനിക്കു നിന്നെ ആവശ്യ​മില്ല” എന്നു നമ്മൾ അവരോട്‌ ഒരിക്ക​ലും പറയില്ല.

നമ്മൾ യഹോ​വ​യ്‌ക്കു വില​പ്പെ​ട്ട​വ​രാണ്‌

21-22. യഹോവ നമ്മളെ ഏതു വിധത്തിൽ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു?

21 യഹോവ സഹോ​ദ​ര​ന്മാ​രെ​ന്നോ സഹോ​ദ​രി​മാ​രെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ നമുക്ക്‌ എല്ലാവർക്കും തന്റെ സഭയിൽ ഒരു സ്ഥാനം നൽകി അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. നമ്മൾ എല്ലാവ​രും, ഏകാകി​ക​ളും വിവാ​ഹി​ത​രും, പ്രായം ചെന്നവ​രും അല്ലാത്ത​വ​രും, ഒരു പ്രത്യേ​ക​ഭാഷ നന്നായി സംസാ​രി​ക്കാൻ കഴിയു​ന്ന​വ​രും അല്ലാത്ത​വ​രും, യഹോ​വ​യ്‌ക്കു വില​പ്പെ​ട്ട​വ​രാണ്‌. നമ്മൾ നമ്മുടെ സഹോ​ദ​ര​ങ്ങൾക്കും വേണ്ട​പ്പെ​ട്ട​വ​രാണ്‌.​—റോമ. 12:4, 5; കൊലോ. 3:10, 11.

22 മനുഷ്യ​ശ​രീ​ര​ത്തെ​ക്കു​റി​ച്ചുള്ള പൗലോ​സി​ന്റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ പഠിച്ച കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​തിൽ നമുക്കു തുടരാം. അങ്ങനെ​യെ​ങ്കിൽ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തി​നു നമുക്ക്‌ എന്തു ചെയ്യാൻ കഴിയു​മെന്ന്‌ നമ്മൾ എപ്പോ​ഴും ചിന്തി​ക്കും. സഭയിൽ മറ്റുള്ള​വർക്കുള്ള സ്ഥാനം വിലമ​തി​ക്കു​ന്നെന്നു നമ്മൾ എപ്പോ​ഴും തെളി​യി​ക്കു​ക​യും ചെയ്യും.

ഗീതം 90 പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കുക

^ ഖ. 5 യഹോ​വ​യു​ടെ ജനത്തിൽപ്പെട്ട എല്ലാവ​രും വ്യത്യ​സ്‌ത​രാണ്‌. അവർക്കു സഭയിൽ ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളും വ്യത്യ​സ്‌ത​മാണ്‌. യഹോ​വ​യു​ടെ ജനത്തിലെ ഓരോ അംഗ​ത്തെ​യും ബഹുമാ​നി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ ഈ ലേഖനം സഹായി​ക്കും.

^ ഖ. 8 തിമൊഥെയൊസ്‌ പിന്നീടു വിവാഹം കഴിച്ചോ ഇല്ലയോ എന്നു നമുക്കു തീർത്ത്‌ പറയാ​നാ​കില്ല.