വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന ലേഖനം 2

‘ആശ്വാ​സ​ത്തി​ന്റെ’ ഒരു ഉറവാ​കാൻ നിങ്ങൾക്കു കഴിയും

‘ആശ്വാ​സ​ത്തി​ന്റെ’ ഒരു ഉറവാ​കാൻ നിങ്ങൾക്കു കഴിയും

‘ഇവരാണ്‌ ഇവിടെ ദൈവ​രാ​ജ്യ​ത്തി​നു​വേ​ണ്ടി​യുള്ള പ്രവർത്ത​ന​ങ്ങ​ളിൽ എന്റെ സഹപ്ര​വർത്തകർ. ഇവർ ഇവി​ടെ​യു​ള്ളത്‌ എനിക്കു വലിയ ഒരു ആശ്വാസമാണ്‌.’—കൊലോ. 4:11.

ഗീതം 90 പരസ്‌പരം പ്രോത്സാഹിപ്പിക്കുക

പൂർവാവലോകനം *

1. യഹോ​വ​യു​ടെ അനേകം വിശ്വ​സ്‌ത​ദാ​സ​ന്മാർ സമ്മർദം നിറഞ്ഞ ഏതു സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണു കടന്നു​പോ​കു​ന്നത്‌?

ലോക​മെ​ങ്ങും യഹോ​വ​യു​ടെ അനേകം ദാസന്മാർ മാനസി​ക​സ​മ്മർദ​വും വേദന​യും നിറഞ്ഞ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണു കടന്നു​പോ​കു​ന്നത്‌. നിങ്ങളു​ടെ സഭയിൽ അങ്ങനെ​യു​ള്ള​വരെ കണ്ടിട്ടു​ണ്ടോ? ചില ക്രിസ്‌ത്യാ​നി​കൾ ഗുരു​ത​ര​മായ രോഗ​ങ്ങൾകൊണ്ട്‌ വലയു​ക​യാണ്‌. വേറെ ചിലർക്കു പ്രിയ​പ്പെ​ട്ട​വരെ മരണത്തിൽ നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു. മറ്റു ചിലർ ഒരു കുടും​ബാം​ഗ​മോ അടുത്ത സുഹൃ​ത്തോ സത്യം വിട്ടു​പോ​കു​ന്ന​തി​ന്റെ തീവ്ര​വേദന അനുഭ​വി​ക്കു​ന്നു. ഇനിയും ചിലയാ​ളു​കൾ പ്രകൃ​തി​ദു​ര​ന്തങ്ങൾ മൂലം കഷ്ടപ്പെ​ടു​ന്നു. ഈ സഹോ​ദ​ര​ങ്ങൾക്കെ​ല്ലാം ആശ്വാസം ആവശ്യ​മാണ്‌. നമുക്ക്‌ അവരെ എങ്ങനെ സഹായി​ക്കാൻ കഴിയും?

2. ചില അവസര​ങ്ങ​ളിൽ പൗലോസ്‌ അപ്പോ​സ്‌ത​ലന്‌ ആശ്വാസം ആവശ്യ​മാ​യി​വ​ന്നത്‌ എന്തു​കൊണ്ട്‌?

2 ജീവനു ഭീഷണി ഉയർത്തിയ അനേകം സന്ദർഭങ്ങൾ പൗലോ​സിന്‌ ഒന്നിനു പുറകേ ഒന്നായി നേരി​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. (2 കൊരി. 11:23-28) കൂടാതെ പൗലോ​സി​നു ‘ജഡത്തിൽ ഒരു മുള്ളും’ ഉണ്ടായി​രു​ന്നു. ഇത്‌ ഏതെങ്കി​ലും ആരോ​ഗ്യ​പ്ര​ശ്‌ന​മാ​യി​രി​ക്കാ​നാ​ണു സാധ്യത. (2 കൊരി. 12:7) ഇനി, ഒരിക്കൽ ഒരു സഹപ്ര​വർത്ത​ക​നാ​യി​രുന്ന ദേമാസ്‌ “ഈ വ്യവസ്ഥി​തി​യോ​ടുള്ള ഇഷ്ടം​കൊണ്ട്‌” പൗലോ​സി​നെ വിട്ടു​പോ​യ​പ്പോൾ അദ്ദേഹ​ത്തി​നു വലിയ നിരാശ തോന്നി. (2 തിമൊ. 4:10) മറ്റുള്ള​വരെ അകമഴിഞ്ഞ്‌ സഹായിച്ച ധീരനായ ഒരു അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​യാ​യി​രു​ന്നു പൗലോസ്‌. എങ്കിലും ചില അവസര​ങ്ങ​ളിൽ പൗലോ​സി​നു​പോ​ലും നിരു​ത്സാ​ഹം തോന്നി.—റോമ. 9:1, 2.

3. യഹോവ എങ്ങനെ​യാ​ണു പൗലോ​സി​നെ ആശ്വസി​പ്പി​ച്ചത്‌?

3 ആവശ്യ​മാ​യി​രുന്ന ആശ്വാ​സ​വും പിന്തു​ണ​യും പൗലോ​സി​നു കിട്ടു​ക​തന്നെ ചെയ്‌തു. എങ്ങനെ? പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ യഹോവ പൗലോ​സി​നെ ശക്തി​പ്പെ​ടു​ത്തി എന്നു നമുക്ക്‌ അറിയാം. (2 കൊരി. 4:7; ഫിലി. 4:13) യഹോവ പൗലോ​സി​നെ ആശ്വസി​പ്പിച്ച പ്രധാ​ന​പ്പെട്ട മറ്റൊരു വിധവു​മുണ്ട്‌. സഹക്രി​സ്‌ത്യാ​നി​കളെ ഉപയോ​ഗി​ച്ചാ​യി​രു​ന്നു അത്‌. ചില സഹപ്ര​വർത്തകർ തനിക്കു “വലിയ ഒരു ആശ്വാ​സ​മാണ്‌” എന്നു പൗലോസ്‌ പറഞ്ഞു. (കൊലോ. 4:11) അവരിൽ ചിലരാ​ണു പൗലോസ്‌ പേരെടുത്ത്‌ പറഞ്ഞിരിക്കുന്ന അരിസ്‌തർഹോസ്‌, തിഹി​ക്കൊസ്‌, മർക്കോസ്‌ എന്നിവർ. പിടി​ച്ചു​നിൽക്കാൻ അവർ പൗലോ​സി​നെ സഹായി​ച്ചു. ആശ്വാ​സ​ത്തി​ന്റെ വലിയ ഉറവാ​കാൻ ഏതു ഗുണങ്ങ​ളാണ്‌ ആ മൂന്നു ക്രിസ്‌ത്യാ​നി​കളെ സഹായി​ച്ചത്‌? പരസ്‌പരം ആശ്വസി​പ്പി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ശ്രമി​ക്കു​മ്പോൾ അവരുടെ നല്ല മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

വിശ്വ​സ്‌ത​രാ​യി​രി​ക്കുക, അരിസ്‌തർഹോ​സി​നെ​പ്പോ​ലെ

അരിസ്‌തർഹോസിനെപ്പോലെ “കഷ്ടപ്പാടുകളുടെ സമയത്ത്‌” സഹോ​ദ​ര​ങ്ങ​ളു​ടെ കൂടെനിന്നുകൊണ്ട്‌ വിശ്വസ്‌തസുഹൃത്താണെന്നു നമുക്കു തെളി​യി​ക്കാം (4-5 ഖണ്ഡികകൾ കാണുക) *

4. അരിസ്‌തർഹോസ്‌ പൗലോ​സി​ന്റെ ഒരു വിശ്വ​സ്‌ത​സു​ഹൃ​ത്താ​യി​രു​ന്നെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

4 മാസി​ഡോ​ണി​യ​യി​ലെ തെസ്സ​ലോ​നി​ക്യ​യിൽനി​ന്നുള്ള ഒരു ക്രിസ്‌ത്യാ​നി​യാ​യി​രു​ന്നു അരിസ്‌തർഹോസ്‌. പൗലോ​സി​നോട്‌ എപ്പോ​ഴും പറ്റിനിന്ന ഒരു വിശ്വസ്‌ത സുഹൃ​ത്താ​യി​രു​ന്നു അദ്ദേഹം. പൗലോ​സി​ന്റെ മൂന്നാ​മത്തെ മിഷനറി യാത്ര​യിൽ അദ്ദേഹം എഫെ​സൊസ്‌ സന്ദർശിച്ച അവസര​ത്തി​ലാണ്‌ നമ്മൾ അരിസ്‌തർഹോ​സി​നെ​ക്കു​റിച്ച്‌ ആദ്യം വായി​ക്കു​ന്നത്‌. പൗലോ​സി​ന്റെ​കൂ​ടെ യാത്ര​ചെ​യ്‌തി​രുന്ന അരിസ്‌തർഹോ​സി​നെ അവി​ടെ​വെച്ച്‌ ഒരു ജനക്കൂട്ടം പിടി​കൂ​ടി. (പ്രവൃ. 19:29) അവസാനം, വിട്ടയ​ച്ച​പ്പോൾ അദ്ദേഹം സ്വന്തം സുരക്ഷയല്ല നോക്കി​യത്‌. അദ്ദേഹം വിശ്വ​സ്‌ത​നാ​യി പൗലോ​സി​ന്റെ​കൂ​ടെ നിന്നു. കുറെ മാസങ്ങൾ കഴിഞ്ഞ്‌ ഗ്രീസിൽവെച്ച്‌ എതിരാ​ളി​കൾ പൗലോ​സി​നെ കൊല്ലു​മെന്നു ഭീഷണി​പ്പെ​ടു​ത്തി​യ​പ്പോ​ഴും അരിസ്‌തർഹോസ്‌ പൗലോ​സി​നെ വിട്ടു​പോ​യില്ല. (പ്രവൃ. 20:2-4) ഏതാണ്ട്‌ എ.ഡി. 58-ൽ പൗലോസ്‌ ഒരു തടവു​കാ​ര​നാ​യി റോമി​ലേക്കു പോകു​മ്പോൾ ആ നീണ്ട യാത്ര​യി​ലും അരിസ്‌തർഹോസ്‌ കൂടെ​യു​ണ്ടാ​യി​രു​ന്നു. ഇടയ്‌ക്കു​ണ്ടായ കപ്പലപ​ക​ടത്തെ അവർ ഒരുമി​ച്ചാണ്‌ അതിജീ​വി​ച്ചത്‌. (പ്രവൃ. 27:1, 2, 41) റോമി​ലാ​യി​രി​ക്കെ, അരിസ്‌തർഹോസ്‌ കുറച്ച്‌ നാൾ പൗലോ​സി​ന്റെ​കൂ​ടെ തടവു​കാ​ര​നാ​യി കഴിഞ്ഞു​കാ​ണും. (കൊലോ. 4:10) അതെ, ഏതു സാഹച​ര്യ​ത്തി​ലും പൗലോ​സി​ന്റെ​കൂ​ടെ നിന്ന ഒരു വിശ്വ​സ്‌ത​സു​ഹൃ​ത്താ​യി​രു​ന്നു അരിസ്‌തർഹോസ്‌. അദ്ദേഹം പൗലോ​സി​നു പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും ആശ്വാ​സ​ത്തി​ന്റെ​യും ഒരു ഉറവാ​യി​രു​ന്നു എന്നതിൽ ഒട്ടും അതിശ​യി​ക്കാ​നില്ല!

5. സുഭാ​ഷി​തങ്ങൾ 17:17 അനുസ​രിച്ച്‌ നമുക്ക്‌ എങ്ങനെ ഒരു വിശ്വ​സ്‌ത​സു​ഹൃത്ത്‌ ആകാൻ കഴിയും?

5 അരിസ്‌തർഹോ​സി​നെ​പ്പോ​ലെ നല്ല കാലങ്ങ​ളി​ലും ‘കഷ്ടപ്പാ​ടു​ക​ളു​ടെ സമയത്തും’ സഹോ​ദ​ര​ങ്ങ​ളോ​ടു പറ്റിനി​ന്നു​കൊണ്ട്‌ നമുക്കും ഒരു വിശ്വ​സ്‌ത​സു​ഹൃ​ത്താ​കാൻ കഴിയും. (സുഭാ​ഷി​തങ്ങൾ 17:17 വായി​ക്കുക.) ഒരു പരി​ശോ​ധന നേരി​ട്ട​തി​നു ശേഷവും നമ്മുടെ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​ക്കോ ആശ്വാസം വേണ്ടി​വ​ന്നേ​ക്കാം. ക്യാൻസർ ബാധിച്ച്‌ മൂന്നു മാസത്തി​നി​ടെ അച്ഛനെ​യും അമ്മയെ​യും നഷ്ടപ്പെട്ട ഫ്രാൻസസ്‌ * സഹോ​ദരി പറയുന്നു: “നമ്മൾ അനുഭ​വി​ക്കുന്ന തീവ്ര​മായ പരി​ശോ​ധ​ന​ക​ളു​ടെ വേദന വളരെ​ക്കാ​ലം നീണ്ടു​നി​ന്നേ​ക്കാം എന്ന്‌ എനിക്കു തോന്നു​ന്നു. അച്ഛനും അമ്മയും മരിച്ചിട്ട്‌ ഇത്രയും കാലം കഴിഞ്ഞി​ട്ടും എന്റെ മനസ്സിന്റെ വേദന മാറി​യി​ട്ടി​ല്ലെന്ന്‌ മനസ്സി​ലാ​ക്കുന്ന വിശ്വ​സ്‌ത​രായ എന്റെ കൂട്ടു​കാ​രോട്‌ എനിക്കു നന്ദിയുണ്ട്‌.”

6. വിശ്വ​സ്‌തത എന്തു ചെയ്യാൻ നമ്മളെ പ്രേരി​പ്പി​ക്കും?

6 വിശ്വ​സ്‌ത​രായ സുഹൃ​ത്തു​ക്കൾ തങ്ങളുടെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ ത്യാഗങ്ങൾ ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌, പീറ്റർ എന്ന സഹോ​ദ​രനു മാരക​മായ ഒരു രോഗ​മു​ണ്ടെന്നു കണ്ടെത്തി. സഹോ​ദ​രന്റെ ഭാര്യ കാതറിൻ പറയുന്നു: “സഭയിലെ ഒരു ദമ്പതി​ക​ളാ​ണു പരി​ശോ​ധ​ന​യ്‌ക്കു ഞങ്ങളെ കൊണ്ടു​പോ​യത്‌. പീറ്ററിന്‌ അസുഖ​മാ​ണെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ, ഇനിയ​ങ്ങോട്ട്‌ ഞങ്ങളുടെ കൂടെ​യു​ണ്ടാ​യി​രി​ക്കു​മെന്ന്‌ അവർ തീരു​മാ​നി​ച്ചു. അവർ അതു ചെയ്യു​ക​യും ചെയ്‌തു. ഞങ്ങൾക്ക്‌ ആവശ്യ​മുള്ള സമയ​ത്തെ​ല്ലാം അവർ ഞങ്ങളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.” പരി​ശോ​ധ​ന​ക​ളിൽ സഹിച്ചു​നിൽക്കാൻ നമ്മളെ സഹായി​ക്കുന്ന യഥാർഥ​സു​ഹൃ​ത്തു​ക്കൾ കൂടെ​യു​ള്ളത്‌ എന്തൊരു ആശ്വാ​സ​മാണ്‌!

ആശ്രയ​യോ​ഗ്യ​രാ​യി​രി​ക്കുക, തിഹി​ക്കൊ​സി​നെ​പ്പോ​ലെ

മറ്റുള്ളവർ പ്രശ്‌നങ്ങൾ നേരിടുമ്പോൾ തിഹിക്കൊസിനെപ്പോലെ നമുക്ക്‌ ആശ്രയയോഗ്യരായ സുഹൃ​ത്തു​ക്ക​ളാ​കാം (7-9 ഖണ്ഡികകൾ കാണുക) *

7-8. കൊ​ലോ​സ്യർ 4:7-9 പറയു​ന്ന​ത​നു​സ​രിച്ച്‌, തിഹി​ക്കൊസ്‌ ആശ്രയ​യോ​ഗ്യ​നാ​ണെന്നു തെളി​യി​ച്ചത്‌ എങ്ങനെ?

7 റോമൻ ജില്ലയായ ഏഷ്യയിൽനി​ന്നുള്ള തിഹി​ക്കൊസ്‌ പൗലോ​സിന്‌ ആശ്രയ​യോ​ഗ്യ​നായ ഒരു സുഹൃ​ത്താ​യി​രു​ന്നു. (പ്രവൃ. 20:4) ഏതാണ്ട്‌ എ.ഡി. 55-ൽ യഹൂദ്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കു​വേണ്ടി ദുരി​താ​ശ്വാ​സ​ഫണ്ട്‌ ശേഖരി​ക്കാൻ പൗലോസ്‌ ക്രമീ​ക​രണം ചെയ്‌തു. പ്രധാ​ന​പ്പെട്ട ഈ നിയമ​ന​ത്തിൽ തിഹി​ക്കൊ​സി​നെ​യും ഉപയോ​ഗി​ച്ചി​രി​ക്കാം. (2 കൊരി. 8:18-20) പിന്നീട്‌ പൗലോസ്‌ റോമിൽ ആദ്യമാ​യി തടവിൽ കിടന്ന സമയത്ത്‌, പൗലോ​സി​ന്റെ കത്തുക​ളും പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ അടങ്ങിയ സന്ദേശ​ങ്ങ​ളും ഏഷ്യയി​ലെ സഭകളിൽ എത്തിച്ചു​കൊണ്ട്‌ തിഹി​ക്കൊസ്‌ അദ്ദേഹ​ത്തി​ന്റെ സന്ദേശ​വാ​ഹ​ക​നാ​യി പ്രവർത്തി​ച്ചു.—കൊലോ. 4:7-9.

8 പൗലോ​സിന്‌ എപ്പോ​ഴും വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ഒരു സുഹൃ​ത്താ​യി​രു​ന്നു തിഹി​ക്കൊസ്‌. (തീത്തോ. 3:12) അന്നുണ്ടാ​യി​രുന്ന ചില ക്രിസ്‌ത്യാ​നി​കൾ തിഹി​ക്കൊ​സി​നെ​പ്പോ​ലെ ആശ്രയ​യോ​ഗ്യ​രാ​യി​രു​ന്നില്ല. ഏതാണ്ട്‌ എ.ഡി. 65-ൽ പൗലോസ്‌ രണ്ടാമതു തടവി​ലാ​യി​രുന്ന സമയത്ത്‌ ഏഷ്യ സംസ്ഥാ​ന​ത്തി​ലെ പല സഹോ​ദ​ര​ന്മാ​രും താനു​മാ​യി സഹവസി​ക്കു​ന്നതു നിറു​ത്തി​യെന്നു പൗലോസ്‌ എഴുതി. എതിരാ​ളി​കളെ ഭയന്നി​ട്ടാ​യി​രി​ക്കാം അവർ അങ്ങനെ ചെയ്‌തത്‌. (2 തിമൊ. 1:15) എന്നാൽ പൗലോ​സിന്‌ തിഹി​ക്കൊ​സി​നെ അപ്പോ​ഴും ആശ്രയി​ക്കാ​മാ​യി​രു​ന്നു. പൗലോസ്‌ അദ്ദേഹ​ത്തി​നു മറ്റൊരു നിയമനം നൽകു​ക​യും ചെയ്‌തു. (2 തിമൊ. 4:12) ഇതു​പോ​ലെ നല്ലൊരു സുഹൃ​ത്തി​നെ കിട്ടി​യ​തിൽ പൗലോ​സി​നു വളരെ​യ​ധി​കം സന്തോഷം തോന്നി​ക്കാ​ണും.

9. നമുക്ക്‌ എങ്ങനെ തിഹി​ക്കൊ​സി​നെ അനുക​രി​ക്കാം?

9 ആശ്രയ​യോ​ഗ്യ​നായ ഒരു സുഹൃ​ത്താ​യി​രു​ന്നു​കൊണ്ട്‌ നമുക്കു തിഹി​ക്കൊ​സി​നെ അനുക​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, നമ്മുടെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാ​മെന്നു വാക്കു കൊടു​ത്തിട്ട്‌ നമ്മൾ അതു ചെയ്യാ​തി​രി​ക്കില്ല. പ്രാ​യോ​ഗി​ക​മായ കാര്യങ്ങൾ ചെയ്‌തു​കൊണ്ട്‌ നമ്മൾ അവരെ സഹായി​ക്കും. (മത്താ. 5:37; ലൂക്കോ. 16:10) നമ്മൾ ആശ്രയി​ക്കാൻ കൊള്ളാ​വു​ന്ന​വ​രാ​ണെന്നു മനസ്സി​ലാ​യാൽ, സഹായം വേണ്ടവർക്കു ശരിക്കും അതൊരു ആശ്വാ​സ​മാ​യി​രി​ക്കും. അതിന്റെ കാരണം എന്താ​ണെന്ന്‌ ഒരു സഹോ​ദരി വിശദീ​ക​രി​ക്കു​ന്നു: “സഹായം വാഗ്‌ദാ​നം ചെയ്‌ത വ്യക്തി കൃത്യ​സ​മ​യത്ത്‌ തന്റെ വാക്കു പാലി​ക്കും എന്ന്‌ ഉറപ്പു​ള്ളതു സമ്മർദം അനുഭ​വി​ക്കു​ന്ന​വർക്ക്‌ ഒരു ആശ്വാ​സ​മാണ്‌.”

10. സുഭാ​ഷി​തങ്ങൾ 18:24-ൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, പരി​ശോ​ധ​ന​യോ നിരാ​ശ​യോ നേരി​ടു​ന്ന​വർക്ക്‌ ആരിൽനിന്ന്‌ ആശ്വാസം ലഭിക്കും?

10 പരി​ശോ​ധ​ന​യോ നിരാ​ശ​യോ ഒക്കെ നേരി​ടു​ന്ന​വർക്കു വിശ്വ​സി​ക്കാൻ പറ്റുന്ന ഒരു സുഹൃ​ത്തി​നോട്‌ ഉള്ളു തുറക്കാ​നാ​കു​ന്നത്‌ ഒരു ആശ്വാ​സ​മാണ്‌. (സുഭാ​ഷി​തങ്ങൾ 18:24 വായി​ക്കുക.) മകനെ സഭയിൽനിന്ന്‌ പുറത്താ​ക്കി​യ​പ്പോൾ ആകെ നിരാ​ശി​ത​നായ ബീജെ സഹോ​ദരൻ പറയുന്നു: “വിശ്വ​സി​ക്കാൻ പറ്റുന്ന ഒരാ​ളോട്‌ എന്റെ വിഷമ​ങ്ങ​ളെ​ല്ലാം തുറന്നു​പ​റ​യ​ണ​മാ​യി​രു​ന്നു.” ഇനി, കാർലോസ്‌ സഹോ​ദ​രന്റെ അനുഭവം നോക്കാം. ചെയ്‌ത ഒരു തെറ്റിന്റെ ഫലമായി വളരെ ആസ്വദി​ച്ചി​രുന്ന സേവന​പ​ദവി അദ്ദേഹ​ത്തി​നു നഷ്ടപ്പെട്ടു. അദ്ദേഹം പറയുന്നു: “എനിക്കു വിശ്വ​സിച്ച്‌ എന്റെ ഉള്ളു തുറക്കാൻ ഒരിടം വേണമാ​യി​രു​ന്നു. എന്നെ കുറ്റ​പ്പെ​ടു​ത്താ​തെ ഞാൻ പറയു​ന്ന​തെ​ല്ലാം കേൾക്കാൻ തയ്യാറാ​കുന്ന ആരെങ്കി​ലും.” സഭയിലെ മൂപ്പന്മാ​രോട്‌ എല്ലാം തുറന്നു​പ​റ​യാ​മെന്നു സഹോ​ദരൻ മനസ്സി​ലാ​ക്കി. പ്രശ്‌നം മറിക​ട​ക്കാൻ അവർ സഹായി​ച്ചു. മൂപ്പന്മാർ വിവേ​ക​മു​ള്ള​വ​രാ​ണെ​ന്നും താൻ പറഞ്ഞ കാര്യങ്ങൾ അവർ രഹസ്യ​മാ​യി സൂക്ഷി​ക്കു​മെ​ന്നും ഉറപ്പു​ണ്ടാ​യി​രു​ന്നതു കാർലോസ്‌ സഹോ​ദ​രന്‌ ആശ്വാ​സ​മാ​യി​രു​ന്നു.

11. വിശ്വ​സി​ക്കാൻ പറ്റുന്ന ഒരു സുഹൃ​ത്താ​കാൻ നമുക്ക്‌ എങ്ങനെ കഴിയും?

11 വിശ്വ​സി​ക്കാൻ പറ്റുന്ന ഒരു സുഹൃ​ത്താ​കാൻ നമ്മൾ ക്ഷമ എന്ന ഗുണം വളർത്തി​യെ​ടു​ക്കണം. ജന്ന സഹോ​ദ​രി​യെ ഭർത്താവ്‌ ഉപേക്ഷിച്ച്‌ പോയ​പ്പോൾ, അടുത്ത സുഹൃ​ത്തു​ക്ക​ളോട്‌ ഉള്ളു തുറക്കാ​നാ​യതു സഹോ​ദ​രിക്ക്‌ ആശ്വാ​സ​മാ​യി. സഹോ​ദരി പറയുന്നു: “പറഞ്ഞതു​തന്നെ വീണ്ടും​വീ​ണ്ടും പറഞ്ഞ​പ്പോ​ഴും അവർ ക്ഷമയോ​ടെ അതെല്ലാം കേട്ടി​രു​ന്നു.” നല്ലൊരു കേൾവി​ക്കാ​ര​നാ​യി​രു​ന്നു​കൊണ്ട്‌ നിങ്ങൾക്കും ഒരു നല്ല സുഹൃ​ത്താ​ണെന്നു തെളി​യി​ക്കാം.

സഹായ​മ​ന​സ്‌ക​രാ​യി​രി​ക്കുക, മർക്കോ​സി​നെ​പ്പോ​ലെ

മർക്കോസിന്റെ ദയാ​പ്ര​വൃ​ത്തി​കൾ പൗലോസിനെ സഹിച്ചുനിൽക്കാൻ സഹായി​ച്ചു, ദുരന്തങ്ങൾ നേരിടുന്ന സഹോ​ദ​ര​ങ്ങളെ നമുക്കും സഹായി​ക്കാം (12-14 ഖണ്ഡികകൾ കാണുക) *

12. മർക്കോസ്‌ ആരായി​രു​ന്നു, മറ്റുള്ള​വരെ സഹായി​ക്കാൻ അദ്ദേഹം മനസ്സു കാണി​ച്ചത്‌ എങ്ങനെ?

12 യരുശ​ലേ​മിൽനി​ന്നുള്ള ഒരു ജൂത​ക്രി​സ്‌ത്യാ​നി​യാ​യി​രു​ന്നു മർക്കോസ്‌. അറിയ​പ്പെ​ടുന്ന ഒരു മിഷന​റി​യാ​യി​രുന്ന ബർന്നബാ​സി​ന്റെ ബന്ധുവാ​യി​രു​ന്നു അദ്ദേഹം. (കൊലോ. 4:10) മർക്കോ​സി​ന്റെ കുടും​ബം സാമ്പത്തി​ക​മാ​യി നല്ല നിലയി​ലാ​യി​രു​ന്നെന്നു തോന്നു​ന്നു. എങ്കിലും സമ്പത്തി​ന​ല്ലാ​യി​രു​ന്നു മർക്കോസ്‌ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ത്തത്‌. മറ്റുള്ള​വരെ സേവി​ക്കാ​നും സഹായി​ക്കാ​നും അദ്ദേഹം എപ്പോ​ഴും മനസ്സൊ​രു​ക്കം കാണിച്ചു, അത്‌ അദ്ദേഹ​ത്തി​നു സന്തോ​ഷ​മുള്ള കാര്യ​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യോഹ​ന്നാൻ എന്നും പേരു​ണ്ടാ​യി​രുന്ന മർക്കോസ്‌ പലപ്പോ​ഴും അപ്പോ​സ്‌ത​ല​ന്മാ​രായ പൗലോ​സി​നെ​യും പത്രോ​സി​നെ​യും അവരുടെ നിയമ​ന​ങ്ങ​ളിൽ സഹായി​ച്ചി​ട്ടുണ്ട്‌. ഭക്ഷണം, താമസ​സ്ഥലം പോലുള്ള കാര്യ​ങ്ങ​ളിൽ അവർക്കു വേണ്ട സഹായം ചെയ്‌തു​കൊ​ടു​ത്തി​ട്ടു​ണ്ടാ​കും. (പ്രവൃ. 13:2-5; 1 പത്രോ. 5:13) “ദൈവ​രാ​ജ്യ​ത്തി​നു​വേ​ണ്ടി​യുള്ള പ്രവർത്ത​ന​ങ്ങ​ളിൽ എന്റെ സഹപ്ര​വർത്തകർ” എന്നു പൗലോസ്‌ വിളി​ച്ച​വ​രു​ടെ കൂട്ടത്തിൽ മർക്കോ​സു​മു​ണ്ടാ​യി​രു​ന്നു. മർക്കോസ്‌ തനിക്ക്‌ ഒരു ‘ബലമാണ്‌’ എന്നാണു പൗലോസ്‌ പറഞ്ഞത്‌.—കൊലോ. 4:10, 11, അടിക്കു​റിപ്പ്‌.

13. മർക്കോ​സി​ന്റെ വിശ്വ​സ്‌ത​സേ​വനം പൗലോസ്‌ വിലമ​തി​ച്ചെന്നു 2 തിമൊ​ഥെ​യൊസ്‌ 4:11 കാണി​ക്കു​ന്നത്‌ എങ്ങനെ?

13 മർക്കോസ്‌ പൗലോ​സി​ന്റെ ഉറ്റ സുഹൃ​ത്തു​ക്ക​ളിൽ ഒരാളാ​യി. ഉദാഹ​ര​ണ​ത്തിന്‌, എ.ഡി. 65-ൽ പൗലോസ്‌ റോമിൽ അവസാ​ന​മാ​യി തടവി​ലാ​യി​രുന്ന സമയത്താ​ണു തിമൊ​ഥെ​യൊ​സി​നു രണ്ടാമത്തെ കത്ത്‌ എഴുതി​യത്‌. മർക്കോ​സി​നെ​യും​കൂ​ട്ടി റോമി​ലേക്കു വരാൻ പൗലോസ്‌ ആ കത്തിൽ ആവശ്യ​പ്പെട്ടു. (2 തിമൊ. 4:11) മർക്കോസ്‌ അതുവരെ ചെയ്‌ത വിശ്വ​സ്‌ത​സേ​വ​നത്തെ പൗലോസ്‌ വളരെ​യ​ധി​കം വിലമ​തി​ച്ചു എന്നാണ്‌ അതു കാണി​ക്കു​ന്നത്‌. അതു​കൊ​ണ്ടാ​ണു നിർണാ​യ​ക​മായ ആ സമയത്ത്‌ മർക്കോസ്‌ തന്റെകൂ​ടെ​യു​ണ്ടാ​യി​രി​ക്കാൻ പൗലോസ്‌ ആഗ്രഹി​ച്ചത്‌. മർക്കോസ്‌ പ്രാ​യോ​ഗി​ക​മായ വിധങ്ങ​ളിൽ പൗലോ​സി​നെ സഹായി​ച്ചു. ഒരുപക്ഷേ ആഹാര​വും എഴുതു​ന്ന​തി​നു വേണ്ട സാധന​ങ്ങ​ളും ഒക്കെ എത്തിച്ചു​കൊ​ടു​ത്തി​രി​ക്കാം. തനിക്കു കിട്ടിയ പിന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും എല്ലാം വധശി​ക്ഷ​യ്‌ക്കു തൊട്ടു​മു​മ്പുള്ള നാളു​ക​ളിൽ സഹിച്ചു​നിൽക്കു​ന്ന​തി​നു പൗലോ​സി​നെ ഉറപ്പാ​യും സഹായി​ച്ചി​ട്ടു​ണ്ടാ​കും.

14-15. മറ്റുള്ള​വരെ പ്രാ​യോ​ഗി​ക​മാ​യി സഹായി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ മത്തായി 7:12 നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

14 മത്തായി 7:12 വായി​ക്കുക. പ്രയാസം നിറഞ്ഞ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ പോകു​മ്പോൾ പ്രാ​യോ​ഗി​ക​മാ​യി സഹായി​ച്ചു​കൊണ്ട്‌ നമ്മുടെ കൂടെ​നിൽക്കു​ന്ന​വ​രെ​പ്രതി നമ്മൾ നന്ദിയു​ള്ള​വ​രല്ലേ! ഒരു അപകട​ത്തിൽ അപ്രതീ​ക്ഷി​ത​മാ​യി പിതാ​വി​നെ നഷ്ടപ്പെട്ട റയാൻ പറയുന്നു: “വിഷമം പിടിച്ച സാഹച​ര്യ​ങ്ങ​ളിൽ എല്ലാ ദിവസ​വും ചെയ്യുന്ന കാര്യ​ങ്ങൾപോ​ലും ചെയ്യാൻ ബുദ്ധി​മു​ട്ടു തോന്നും. അത്തരം സാഹച​ര്യ​ങ്ങ​ളിൽ വളരെ നിസ്സാ​ര​മെന്നു തോന്നുന്ന കാര്യ​ങ്ങൾപോ​ലും ആരെങ്കി​ലും ചെയ്‌തു​ത​രു​ന്നതു വളരെ​യ​ധി​കം ആശ്വാസം തരും.”

15 സഹോ​ദ​ര​ങ്ങളെ ശ്രദ്ധി​ക്കു​ക​യും അവരുടെ സാഹച​ര്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ സഹായി​ക്കാൻ കഴിയുന്ന പല കാര്യ​ങ്ങ​ളും നമ്മൾ കണ്ടെത്തും. ഉദാഹ​ര​ണ​ത്തിന്‌, മുമ്പു പറഞ്ഞ പീറ്ററി​നും കാതറീ​നും വണ്ടി​യോ​ടി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. ഇതു മനസ്സി​ലാ​ക്കിയ ഒരു സഹോ​ദരി അവർക്ക്‌ ആശുപ​ത്രി​യിൽ പോകു​ന്ന​തി​നു വേണ്ട സഹായം ചെയ്യാൻ മുൻ​കൈ​യെ​ടു​ത്തു. സഭയിലെ സഹോ​ദ​ര​ങ്ങൾക്ക്‌ അവരെ മാറി​മാ​റി ആശുപ​ത്രി​യിൽ കൊണ്ടു​പോ​കാ​നുള്ള ഒരു ലിസ്റ്റു​ണ്ടാ​ക്കി. ഇത്‌ അവർക്കു പ്രയോ​ജനം ചെയ്‌തോ? കാതറീൻ പറയുന്നു: “ഒരു വലിയ ഭാരം തോളിൽനിന്ന്‌ ഇറക്കി​വെ​ച്ച​തു​പോ​ലെ തോന്നി.” നമുക്കു ചെയ്യാൻ കഴിയു​ന്നതു ചെറിയ കാര്യ​മാ​ണ​ല്ലോ എന്നോർത്ത്‌ അതിനെ ഒരിക്ക​ലും നിസ്സാ​ര​മാ​യി കാണരുത്‌. അത്‌ അവർക്കു വലിയ ഒരു ആശ്വാ​സ​മാ​യി​രി​ക്കും.

16. മറ്റുള്ള​വർക്ക്‌ ആശ്വാസം പകരു​ന്ന​തി​നെ​ക്കു​റിച്ച്‌ മർക്കോ​സി​ന്റെ മാതൃ​ക​യിൽനിന്ന്‌ ഏതു പ്രധാ​ന​പ്പെട്ട പാഠം പഠിക്കാ​നാ​കും?

16 മർക്കോസ്‌ തീർച്ച​യാ​യും തിരക്കുള്ള ഒരു ക്രിസ്‌ത്യാ​നി​യാ​യി​രു​ന്നു. തന്റെ പേരി​ലുള്ള സുവി​ശേഷം എഴുതു​ന്നത്‌ ഉൾപ്പെടെ പ്രധാ​ന​പ്പെട്ട പല ദിവ്യാ​ധി​പത്യ ഉത്തരവാ​ദി​ത്വ​ങ്ങ​ളും അദ്ദേഹ​ത്തി​നു ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. എന്നിട്ടും പൗലോ​സി​നെ ആശ്വസി​പ്പി​ക്കാൻ മർക്കോസ്‌ സമയം കണ്ടെത്തി. മർക്കോ​സി​ന്റെ സഹായം ചോദി​ക്കാൻ പൗലോ​സി​നും മടി തോന്നി​യില്ല. ഇതേ​പോ​ലെ, ആഞ്ചല എന്ന സഹോ​ദ​രി​യു​ടെ മുത്തശ്ശി കൊല്ല​പ്പെ​ട്ട​പ്പോൾ സഹോ​ദ​രി​യെ ആശ്വസി​പ്പി​ക്കാൻ പലരും മനസ്സോ​ടെ മുന്നോ​ട്ടു​വന്നു. അവരോട്‌ ആഞ്ചലയ്‌ക്കു വളരെ​യ​ധി​കം നന്ദിയുണ്ട്‌. ആഞ്ചല പറയുന്നു: “ആത്മാർഥ​മാ​യി സഹായി​ക്കാൻ ആഗ്രഹി​ക്കുന്ന സുഹൃ​ത്തു​ക്ക​ളോ​ടു നമുക്കു സംസാ​രി​ക്കാൻ തോന്നും. അവർ മടിച്ചു​നിൽക്കു​ക​യോ മാറി​നിൽക്കു​ക​യോ ചെയ്യു​ന്ന​താ​യി തോന്നില്ല.” നമുക്കു സ്വയം ഇങ്ങനെ ചോദി​ക്കാം: ‘പ്രാ​യോ​ഗി​ക​മായ വിധങ്ങ​ളിൽ സഹാരാ​ധ​കരെ ആശ്വസി​പ്പി​ക്കാൻ മനസ്സൊ​രു​ക്ക​മുള്ള ഒരു വ്യക്തി​യാ​യി​ട്ടാ​ണോ മറ്റുള്ളവർ എന്നെ കാണു​ന്നത്‌?’

മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കാൻ മടിച്ചു​നിൽക്ക​രുത്‌

17. 2 കൊരി​ന്ത്യർ 1:3, 4 ധ്യാനി​ക്കു​ന്നത്‌, മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

17 നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽ മിക്കവ​രും ആശ്വാസം ആവശ്യ​മു​ള്ള​വ​രാണ്‌. മറ്റുള്ളവർ നമ്മളെ ആശ്വസി​പ്പി​ക്കാൻ ഉപയോ​ഗിച്ച ആശയങ്ങൾ നമുക്കു മറ്റുള്ള​വ​രോ​ടും പങ്കു​വെ​ക്കാ​നാ​യേ​ക്കും. മുത്തശ്ശി മരിച്ചു​പോയ നിനോ സഹോ​ദരി പറയുന്നു: “മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കു​ന്ന​തി​നു നമ്മളെ ഉപയോ​ഗി​ക്കാൻ യഹോ​വ​യ്‌ക്കു കഴിയും, യഹോ​വ​യ്‌ക്കു നമ്മളെ വിട്ടു​കൊ​ടു​ക്ക​ണ​മെന്നു മാത്രം.” (2 കൊരി​ന്ത്യർ 1:3, 4 വായി​ക്കുക.) മുമ്പു കണ്ട ഫ്രാൻസസ്‌ പറയുന്നു: “2 കൊരി​ന്ത്യർ 1:4 വളരെ സത്യമാണ്‌. നമുക്കു കിട്ടുന്ന ആശ്വാ​സം​കൊണ്ട്‌ നമുക്കു മറ്റുള്ള​വ​രെ​യും ആശ്വസി​പ്പി​ക്കാ​നാ​കും.”

18. (എ) ആശ്വസി​പ്പി​ക്കാൻ ചിലർ മടിച്ചു​നി​ന്നേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) നമുക്ക്‌ എങ്ങനെ നല്ല ആശ്വാ​സ​ക​രാ​കാം? ഒരു ഉദാഹ​രണം പറയുക.

18 അൽപ്പം മടിയും ഉത്‌ക​ണ്‌ഠ​യും തോന്നി​യാ​ലും മറ്റുള്ള​വരെ സഹായി​ക്കാൻ നമ്മൾ മുൻ​കൈ​യെ​ടു​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, വിഷമി​ച്ചി​രി​ക്കുന്ന ഒരാ​ളോട്‌ എന്തു പറയും, അയാൾക്ക്‌ എന്തു ചെയ്‌തു​കൊ​ടു​ക്കാൻ പറ്റും എന്നൊക്കെ ഓർത്ത്‌ നമുക്ക്‌ ഉത്‌കണ്‌ഠ തോന്നി​യേ​ക്കാം. പിതാവ്‌ മരിച്ച​പ്പോൾ തന്നെ ആശ്വസി​പ്പി​ക്കാൻ മറ്റുള്ളവർ ചെയ്‌ത കാര്യങ്ങൾ മൂപ്പനായ പോൾ സഹോ​ദരൻ ഓർക്കു​ന്നു. സഹോ​ദരൻ പറയുന്നു: “എന്തു പറയണ​മെന്നു പലർക്കും അറിയി​ല്ലാ​യി​രു​ന്നു. എന്റെ അടുത്ത്‌ വന്ന്‌ സംസാ​രി​ക്കാൻ പലർക്കും ബുദ്ധിമുട്ടായിരുന്നു. എങ്കിലും ആശ്വസി​പ്പി​ക്കാ​നും സഹായി​ക്കാ​നും അവർ മനസ്സു കാണി​ച്ച​തിന്‌ എനിക്കു വളരെ​യ​ധി​കം നന്ദിയുണ്ട്‌.” ശക്തമായ ഒരു ഭൂകമ്പ​ത്തി​ന്റെ കെടു​തി​കൾ അനുഭ​വി​ക്കേ​ണ്ടി​വന്ന ടാജൻ സഹോ​ദരൻ പറയുന്നു: “ഭൂകമ്പ​ത്തി​നു ശേഷമുള്ള ദിവസ​ങ്ങ​ളിൽ അവർ എനിക്ക്‌ അയച്ച സന്ദേശങ്ങൾ എല്ലാ​മൊ​ന്നും ഞാൻ ഓർക്കു​ന്നില്ല. പക്ഷേ ഞാൻ ഓർക്കുന്ന ഒന്നുണ്ട്‌: അവർ എന്റെ കാര്യങ്ങൾ അന്വേ​ഷി​ച്ചു. എനിക്കു കുഴപ്പ​മൊ​ന്നു​മി​ല്ലെന്ന്‌ ഉറപ്പാക്കി.” മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെന്നു കാണി​ക്കു​ന്നെ​ങ്കിൽ നല്ല ആശ്വാ​സ​ക​രാ​കാൻ നമുക്കു കഴിയും.

19. മറ്റുള്ള​വർക്ക്‌ ആശ്വാ​സ​ത്തി​ന്റെ ഒരു ഉറവാ​കാൻ നിങ്ങൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

19 ഈ വ്യവസ്ഥി​തി അതിന്റെ അന്ത്യ​ത്തോട്‌ അടുക്കും​തോ​റും ലോകാ​വ​സ്ഥകൾ കൂടുതൽ വഷളാ​കും. ജീവിതം കൂടു​തൽക്കൂ​ടു​തൽ ബുദ്ധി​മു​ട്ടു​ള്ള​താ​കും. (2 തിമൊ. 3:13) പാപവും അപൂർണ​ത​യും കാരണം നമ്മൾതന്നെ വരുത്തി​വെ​ക്കുന്ന പ്രശ്‌ന​ങ്ങൾകൂ​ടി​യാ​കു​മ്പോൾ പിന്നെ പറയാ​നു​മില്ല. അതെ, മുന്നോ​ട്ടുള്ള പാതയിൽ നമു​ക്കെ​ല്ലാം പലപ്പോ​ഴും ആശ്വാസം ആവശ്യ​മാ​യി​വ​രും. സഹക്രി​സ്‌ത്യാ​നി​ക​ളിൽനിന്ന്‌ ലഭിച്ച ആശ്വാസം മരണം​വരെ വിശ്വ​സ്‌ത​നാ​യി നിൽക്കാൻ പൗലോ​സി​നെ വളരെ​യ​ധി​കം സഹായി​ച്ചു. നമുക്കും അരിസ്‌തർഹോ​സി​നെ​പ്പോ​ലെ വിശ്വ​സ്‌ത​രാ​യി​രി​ക്കാം, തിഹി​ക്കൊ​സി​നെ​പ്പോ​ലെ ആശ്രയ​യോ​ഗ്യ​രാ​യി​രി​ക്കാം, മർക്കോ​സി​നെ​പ്പോ​ലെ സഹായ​മ​ന​സ്‌ക​രാ​യി​രി​ക്കാം. അങ്ങനെ ചെയ്‌തു​കൊണ്ട്‌ വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കാൻ നമുക്കു സഹോ​ദ​ര​ങ്ങളെ സഹായി​ക്കാം.—1 തെസ്സ. 3:2, 3.

^ ഖ. 5 ജീവി​ത​ത്തിൽ അനേകം കഷ്ടപ്പാടുകൾ അനുഭ​വി​ച്ച​യാ​ളാ​ണു പൗലോസ്‌ അപ്പോ​സ്‌തലൻ. അത്തരം അവസര​ങ്ങ​ളിൽ ചില സഹപ്ര​വർത്തകർ അദ്ദേഹ​ത്തി​നു വലിയ ഒരു ആശ്വാസമായിരുന്നു. മറ്റുള്ള​വരെ അത്ര നന്നായി ആശ്വസി​പ്പി​ക്കാൻ ആ സഹപ്ര​വർത്ത​കരെ സഹായിച്ച മൂന്നു ഗുണങ്ങൾ നമ്മൾ ചർച്ച ചെയ്യും. നമുക്ക്‌ അവരുടെ മാതൃക അനുകരിക്കാൻ കഴിയുന്ന പ്രായോഗികമായ ചില വിധങ്ങ​ളും നമ്മൾ പഠിക്കും.

^ ഖ. 5 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.

ഗീതം 111 സന്തോ​ഷി​ക്കാ​നുള്ള കാരണങ്ങൾ

^ ഖ. 56 ചിത്രക്കുറിപ്പുകൾ: അരിസ്‌തർഹോസും പൗലോ​സും ഒരുമിച്ച്‌ ഒരു കപ്പലപ​ക​ടത്തെ അതിജീ​വി​ച്ചു.

^ ഖ. 58 ചിത്രക്കുറിപ്പുകൾ: സഭകൾക്കുള്ള പൗലോ​സി​ന്റെ ചില കത്തുകൾ അവിടെ എത്തിക്കാ​നുള്ള ഉത്തരവാ​ദി​ത്വം തിഹി​ക്കൊ​സി​നെ ഏൽപ്പിച്ചു.

^ ഖ. 60 ചിത്രക്കുറിപ്പുകൾ: പ്രാ​യോ​ഗി​ക​മായ വിധങ്ങ​ളിൽ മർക്കോസ്‌ പൗലോ​സി​നെ സഹായി​ച്ചു.