വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന ലേഖനം 5

ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരും

ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരും

“ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടെന്നു ഞങ്ങൾ കേട്ടു. അതു​കൊണ്ട്‌ ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരു​ക​യാണ്‌.”—സെഖ. 8:23.

ഗീതം 26 നിങ്ങൾ എനിക്കായ്‌ ചെയ്‌തു

പൂർവാവലോകനം *

വേറെ ആടുകൾക്ക്‌ (“പത്തു പേർ”) അഭിഷി​ക്ത​രു​ടെ​കൂ​ടെ (‘ജൂതൻ’) യഹോവയെ ആരാധി​ക്കാ​നുള്ള പദവി ലഭിച്ചി​രി​ക്കു​ന്നു (1-2 ഖണ്ഡികകൾ കാണുക)

1. നമ്മുടെ ഇക്കാല​ത്തെ​ക്കു​റിച്ച്‌ യഹോവ എന്തു പറഞ്ഞി​രു​ന്നു?

യഹോവ ഇക്കാല​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “അന്നു ജനതക​ളി​ലെ എല്ലാ ഭാഷക്കാ​രിൽനി​ന്നു​മുള്ള പത്തു പേർ ഒരു ജൂതന്റെ വസ്‌ത്ര​ത്തിൽ പിടിച്ച്‌, അതിൽ മുറുകെ പിടിച്ച്‌, ഇങ്ങനെ പറയും: ‘ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടെന്നു ഞങ്ങൾ കേട്ടു. അതു​കൊണ്ട്‌ ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരു​ക​യാണ്‌.’” (സെഖ. 8:23) ഇവിടെ പറയുന്ന “ജൂതൻ” പ്രതീ​ക​പ്പെ​ടു​ത്തു​ന്നതു ദൈവം പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്‌ത​വ​രെ​യാണ്‌. അവരെ ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ’ എന്നും വിളി​ച്ചി​ട്ടുണ്ട്‌. (ഗലാ. 6:16) “പത്തു പേർ” പ്രതീ​ക​പ്പെ​ടു​ത്തു​ന്നതു ഭൂമി​യിൽ എന്നും ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വ​രെ​യാണ്‌. അഭിഷി​ക്ത​രു​ടെ കൂട്ടത്തിന്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടെന്ന്‌ അവർക്ക്‌ അറിയാം. അഭിഷി​ക്ത​രു​ടെ​കൂ​ടെ യഹോ​വയെ സേവി​ക്കു​ന്നത്‌ ഒരു ബഹുമ​തി​യാ​യി അവർ കാണുന്നു.

2. “പത്തു പേർ” അഭിഷി​ക്ത​രു​ടെ​കൂ​ടെ ‘പോകു​ന്നത്‌’ എങ്ങനെ​യാണ്‌?

2 ഇന്നു ഭൂമി​യി​ലുള്ള ഓരോ അഭിഷി​ക്ത​ന്റെ​യും പേര്‌ അറിയാൻ കഴിയില്ലെങ്കിലും * ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വർക്ക്‌ അഭിഷി​ക്ത​രു​ടെ “കൂടെ” പോകാൻ കഴിയും. എങ്ങനെ? ‘പത്തു പേർ ഒരു ജൂതന്റെ വസ്‌ത്ര​ത്തിൽ മുറുകെ പിടിച്ച്‌’ എന്താണു പറയു​ന്ന​തെന്നു ശ്രദ്ധി​ക്കുക: “ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടെന്നു ഞങ്ങൾ കേട്ടു. അതു​കൊണ്ട്‌ ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരു​ക​യാണ്‌.” തിരു​വെ​ഴുത്ത്‌ ഒരു ജൂത​നെ​ക്കു​റി​ച്ചാ​ണു പറയു​ന്ന​തെ​ങ്കി​ലും “നിങ്ങളു​ടെ” എന്ന പദം ഒന്നില​ധി​കം ആളുക​ളെ​യാ​ണു കുറി​ക്കു​ന്നത്‌. അതിന്‌ അർഥം, ‘ജൂതൻ’ ഏതെങ്കി​ലും ഒരു വ്യക്തി​യെയല്ല, അഭിഷി​ക്ത​രു​ടെ മുഴു​കൂ​ട്ട​ത്തെ​യും ആണ്‌ പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌ എന്നാണ്‌. അഭിഷി​ക്ത​ര​ല്ലാ​ത്തവർ അഭിഷി​ക്ത​രു​ടെ​കൂ​ടെ യഹോ​വയെ സേവി​ക്കു​ന്നു. എന്നാൽ അഭിഷി​ക്തരെ നേതാ​ക്ക​ന്മാ​രാ​യി അവർ കാണു​ന്നില്ല. കാരണം യേശു​വാ​ണു തങ്ങളുടെ നേതാ​വെന്ന്‌ അവർക്ക്‌ അറിയാം.—മത്താ. 23:10.

3. ഈ ലേഖന​ത്തിൽ ഏതെല്ലാം ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കിട്ടും?

3 ഇപ്പോ​ഴും ചില അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ നമ്മുടെ ഇടയി​ലു​ള്ള​തു​കൊണ്ട്‌ ചിലർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: (1) അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ സ്വയം എങ്ങനെ കാണണം? (2) സ്‌മാ​ര​ക​ത്തിന്‌ അപ്പവും വീഞ്ഞും കഴിക്കു​ന്ന​വ​രോ​ടു മറ്റുള്ളവർ എങ്ങനെ​യാണ്‌ ഇടപെ​ടേ​ണ്ടത്‌? (3) അവരുടെ എണ്ണം കൂടി​ക്കൂ​ടി​വ​രു​ന്ന​തിൽ നമ്മൾ ഉത്‌ക​ണ്‌ഠ​പ്പെ​ട​ണോ? ഈ ലേഖനം ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം തരും.

അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ സ്വയം എങ്ങനെ കാണണം?

4. 1 കൊരി​ന്ത്യർ 11:27-29-ലെ ഏതു മുന്നറി​യിപ്പ്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ഗൗരവ​മാ​യി എടുക്കണം, എന്തു​കൊണ്ട്‌?

4 അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ 1 കൊരി​ന്ത്യർ 11:27-29-ൽ (വായി​ക്കുക.) കാണുന്ന മുന്നറി​യി​പ്പു ഗൗരവ​മാ​യി എടുക്കണം. സ്‌മാ​ര​ക​ത്തിന്‌ അപ്പവും വീഞ്ഞും കഴിക്കു​ന്ന​തി​ന്റെ പേരിൽ ഒരു അഭിഷി​ക്തൻ എങ്ങനെ ‘കുറ്റക്കാ​ര​നാ​യേ​ക്കാം?’ യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാ​തെ​യാണ്‌ അദ്ദേഹം അപ്പവും വീഞ്ഞും കഴിക്കു​ന്ന​തെ​ങ്കിൽ അദ്ദേഹം കുറ്റക്കാ​ര​നാ​കും. (എബ്രാ. 6:4-6; 10:26-29) ‘ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ ദൈവം തരുന്ന സ്വർഗീ​യ​വി​ളി​യെന്ന സമ്മാനം’ ലഭിക്ക​ണ​മെ​ങ്കിൽ അവസാ​നം​വരെ വിശ്വ​സ്‌ത​രാ​യി​രി​ക്ക​ണ​മെന്ന്‌ അഭിഷി​ക്തർക്ക്‌ അറിയാം.—ഫിലി. 3:13-16.

5. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ തങ്ങളെ​ക്കു​റിച്ച്‌ എങ്ങനെ ചിന്തി​ക്കു​ന്നില്ല?

5 അഹങ്കാ​രമല്ല, താഴ്‌മ എന്ന ഗുണമു​ണ്ടാ​യി​രി​ക്കാ​നാ​ണു പരിശു​ദ്ധാ​ത്മാവ്‌ ദൈവ​ദാ​സരെ സഹായി​ക്കു​ന്നത്‌. (എഫെ. 4:1-3; കൊലോ. 3:10, 12) അതു​കൊണ്ട്‌ തങ്ങൾ മറ്റുള്ള​വ​രെ​ക്കാൾ വലിയ​വ​രാ​ണെന്ന്‌ അഭിഷി​ക്തർ ചിന്തി​ക്കു​ന്നില്ല. യഹോവ തങ്ങൾക്കു മറ്റുള്ള​വ​രെ​ക്കാൾ കൂടു​ത​ലാ​യി പരിശു​ദ്ധാ​ത്മാ​വി​നെ തരണ​മെ​ന്നി​ല്ലെന്ന്‌ അവർക്ക്‌ അറിയാം. മറ്റുള്ള​വ​രെ​ക്കാൾ നന്നായി ബൈബിൾസ​ത്യ​ങ്ങൾ അറിയാ​മെന്ന്‌ അവർ കരുതു​ന്നില്ല. അവർ ഒരിക്ക​ലും മറ്റൊ​രാ​ളോട്‌, ആ വ്യക്തി​യും അഭിഷി​ക്ത​നാ​ണെ​ന്നും അപ്പവീ​ഞ്ഞു​കൾ കഴിക്ക​ണ​മെ​ന്നും പറയില്ല. പകരം, സ്വർഗീ​യ​പ്ര​ത്യാ​ശ​യു​ള്ള​വരെ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ യഹോ​വ​യാ​ണെന്ന്‌ അവർ താഴ്‌മ​യോ​ടെ മനസ്സി​ലാ​ക്കു​ന്നു.

6. 1 കൊരി​ന്ത്യർ 4:7, 8 അനുസ​രിച്ച്‌, അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ എങ്ങനെ പെരു​മാ​റണം?

6 സ്വർഗീ​യ​വി​ളി കിട്ടി​യത്‌ ഒരു ബഹുമ​തി​യാ​യി കാണു​ന്നെ​ങ്കി​ലും, മറ്റുള്ളവർ തങ്ങളോ​ടു പ്രത്യേക പരിഗണന കാണി​ക്ക​ണ​മെന്ന്‌ അഭിഷി​ക്തർ കരുതു​ന്നില്ല. (ഫിലി. 2:2, 3) മറ്റുള്ള​വരെ അറിയി​ച്ചു​കൊ​ണ്ടല്ല യഹോവ തങ്ങളെ അഭി​ഷേകം ചെയ്‌ത​തെന്ന്‌ അവർക്ക്‌ അറിയാം. അതു​കൊണ്ട്‌ താൻ അഭിഷി​ക്ത​നാ​ണെന്നു പെട്ടെന്ന്‌ ആരും വിശ്വ​സി​ച്ചി​ല്ലെ​ങ്കി​ലും ആ വ്യക്തിക്ക്‌ അതിശയം തോന്നില്ല. ദൈവം തങ്ങൾക്ക്‌ ഒരു പ്രത്യേക ഉത്തരവാ​ദി​ത്വം തന്നിട്ടു​ണ്ടെന്നു പറയു​ന്ന​വരെ കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്ക​രു​തെന്ന ബൈബി​ളി​ന്റെ ഉപദേശം അവർക്ക്‌ അറിയാം. (വെളി. 2:2) മറ്റുള്ള​വ​രു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാൻ ഒരു അഭിഷി​ക്തൻ ആഗ്രഹി​ക്കില്ല. അതു​കൊ​ണ്ടു​തന്നെ പരിച​യ​പ്പെ​ടു​ന്ന​വ​രോ​ടൊ​ക്കെ താൻ അഭിഷി​ക്ത​നാ​ണെന്ന്‌ അദ്ദേഹം പറയില്ല. അതെക്കു​റിച്ച്‌ മറ്റുള്ള​വ​രോട്‌ ഒരിക്ക​ലും വീമ്പി​ള​ക്കു​ക​യു​മില്ല.—1 കൊരി​ന്ത്യർ 4:7, 8 വായി​ക്കുക.

7. അഭിഷി​ക്തർ എന്തു ചെയ്യു​ന്നത്‌ ഒഴിവാ​ക്കും, എന്തു​കൊണ്ട്‌?

7 ചില ക്ലബ്ബുക​ളി​ലെ അംഗങ്ങൾ ആ ക്ലബ്ബിലെ അംഗങ്ങ​ളു​മാ​യി മാത്രമേ സമയം ചെലവി​ടാ​റു​ള്ളൂ. അതു​പോ​ലെയല്ല അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ. മറ്റ്‌ അഭിഷി​ക്ത​രു​മാ​യി മാത്രമേ സമയം ചെലവ​ഴി​ക്കാ​വൂ എന്ന്‌ അവർ ചിന്തി​ക്കു​ന്നില്ല. അഭി​ഷേകം പ്രാപി​ച്ച​തി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​നോ ബൈബിൾപഠന ഗ്രൂപ്പു​കൾ തുടങ്ങാ​നോ വേണ്ടി അവർ മറ്റ്‌ അഭിഷി​ക്തരെ തേടി​പ്പി​ടി​ക്കില്ല. (ഗലാ. 1:15-17) അവർ ഇങ്ങനെ​യൊ​ക്കെ ചെയ്‌താൽ സഭയുടെ ഐക്യത്തെ അതു ബാധി​ക്കും. സമാധാ​ന​വും ഐക്യ​വും ഉള്ളവരാ​യി​രി​ക്കാൻ ദൈവ​ജ​നത്തെ സഹായി​ക്കുന്ന പരിശു​ദ്ധാ​ത്മാ​വിന്‌ എതിരെ അവർ പ്രവർത്തി​ക്കു​ക​യാ​യി​രി​ക്കും.—റോമ. 16:17, 18.

അഭിഷി​ക്ത​രോ​ടു മറ്റുള്ളവർ എങ്ങനെ ഇടപെ​ടണം?

അഭിഷിക്തരോ നേതൃത്വമെടുക്കുന്ന മറ്റുള്ളവരോ താരങ്ങ​ളാ​ണെന്ന രീതിയിൽ അവരോട്‌ ഇടപെ​ട​രുത്‌ (8-ാം ഖണ്ഡിക കാണുക) *

8. അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റു​ന്ന​വ​രോട്‌ ഇടപെ​ടുന്ന വിധം നമ്മൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (അടിക്കു​റി​പ്പും കാണുക.)

8 അഭിഷി​ക്ത​രായ സഹോ​ദ​ര​ന്മാ​രോ​ടും സഹോ​ദ​രി​മാ​രോ​ടും നമ്മൾ എങ്ങനെ​യാണ്‌ ഇടപെ​ടേ​ണ്ടത്‌? ഒരാൾക്ക്‌ അതിരു കവിഞ്ഞ ബഹുമാ​നം കൊടു​ക്കു​ന്നത്‌ തെറ്റാണ്‌, ആ വ്യക്തി ക്രിസ്‌തു​വി​ന്റെ ഒരു അഭിഷിക്ത സഹോ​ദ​ര​നാ​ണെ​ങ്കിൽപ്പോ​ലും. (മത്താ. 23:8-12) മൂപ്പന്മാ​രു​ടെ കാര്യ​ത്തിൽ, ‘അവരുടെ വിശ്വാ​സം അനുക​രി​ക്കാൻ’ ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നുണ്ട്‌, പക്ഷേ ഒരു മനുഷ്യ​നെ​യും നമ്മുടെ നേതാ​വാ​ക്കാൻ ബൈബിൾ പറയു​ന്നില്ല. (എബ്രാ. 13:7) ചിലർ ‘ഇരട്ടി ബഹുമാ​ന​ത്തി​നു യോഗ്യ​രാ​ണെന്ന്‌’ ബൈബിൾ പറയു​ന്നുണ്ട്‌, അതു പക്ഷേ അവർ അഭിഷി​ക്ത​രാ​യ​തു​കൊ​ണ്ടല്ല, ‘നന്നായി നേതൃ​ത്വ​മെ​ടു​ക്കു​ന്ന​തു​കൊ​ണ്ടും’ ‘പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തിൽ അധ്വാ​നി​ക്കു​ന്ന​തു​കൊ​ണ്ടും’ ആണ്‌. (1 തിമൊ. 5:17) അഭിഷി​ക്തരെ കണക്കി​ല​ധി​കം പുകഴ്‌ത്തു​ക​യോ അവരോ​ടു പ്രത്യേക പരിഗണന കാണി​ക്കു​ക​യോ ചെയ്യു​ന്നത്‌ അവരെ അസ്വസ്ഥ​രാ​ക്കി​യേ​ക്കാം. * ചില​പ്പോൾ അവരുടെ ഉള്ളിൽ അഹങ്കാരം വളർന്നു​വ​രാൻപോ​ലും അത്‌ ഇടയാ​ക്കി​യേ​ക്കാം. (റോമ. 12:3) നമ്മൾ എന്തെങ്കി​ലും ചെയ്‌തിട്ട്‌ ക്രിസ്‌തു​വി​ന്റെ ഒരു അഭിഷി​ക്ത​സ​ഹോ​ദ​രന്‌ അങ്ങനെ​യൊ​രു തെറ്റു​പ​റ്റാൻ നമ്മളാ​രും ആഗ്രഹി​ക്കില്ല!—ലൂക്കോ. 17:2.

9. അഭിഷി​ക്ത​സ​ഹോ​ദ​ര​ങ്ങളെ ബഹുമാ​നി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

9 യഹോവ അഭി​ഷേകം ചെയ്‌തവരെ ബഹുമാനിക്കുന്നുണ്ടെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? ‘അഭിഷി​ക്ത​നാ​യി എന്ന്‌ എങ്ങനെ​യാ​ണു മനസ്സി​ലാ​യത്‌’ എന്നതു​പോ​ലുള്ള ചോദ്യ​ങ്ങൾ നമ്മൾ അവരോ​ടു ചോദി​ക്കില്ല. അതു തികച്ചും വ്യക്തി​പ​ര​മായ ഒരു കാര്യ​മാണ്‌. അത്‌ അറിയാൻ നമുക്ക്‌ അവകാ​ശ​മില്ല. (1 തെസ്സ. 4:11; 2 തെസ്സ. 3:11) കൂടാതെ, ഒരു അഭിഷി​ക്തന്റെ ഇണയ്‌ക്കോ മാതാ​പി​താ​ക്കൾക്കോ മറ്റു കുടും​ബാം​ഗ​ങ്ങൾക്കോ സ്വർഗീ​യ​വി​ളി ലഭിച്ചി​ട്ടു​ണ്ടെന്നു നമ്മൾ ചിന്തി​ക്ക​രുത്‌. സ്വർഗീ​യ​വി​ളി പാരമ്പ​ര്യ​മാ​യി കിട്ടുന്ന ഒന്നല്ല, അതു ദൈവ​ത്തിൽനിന്ന്‌ കിട്ടു​ന്ന​താണ്‌. (1 തെസ്സ. 2:12) മറ്റുള്ള​വരെ വേദനി​പ്പി​ച്ചേ​ക്കാ​വുന്ന ചോദ്യ​ങ്ങ​ളും നമ്മൾ ഒഴിവാ​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, അഭിഷി​ക്ത​നായ ഒരു സഹോ​ദ​രന്റെ ഭാര്യ​യോട്‌, ഭർത്താ​വി​ല്ലാ​തെ ഭൂമി​യിൽ എന്നും ജീവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ എന്താണു തോന്നു​ന്ന​തെന്നു നമ്മൾ ചോദി​ക്കില്ല. എന്തായാ​ലും, പുതിയ ലോക​ത്തിൽ യഹോവ ‘ജീവനു​ള്ള​തി​ന്റെ​യെ​ല്ലാം ആഗ്രഹം തൃപ്‌തി​പ്പെ​ടു​ത്തു​മെന്ന്‌’ നമുക്കു നൂറു ശതമാനം ഉറപ്പാണ്‌.—സങ്കീ. 145:16.

10. വ്യക്തി​കൾക്കു കൂടുതൽ പ്രാധാ​ന്യം കൊടു​ക്കാ​തി​രി​ക്കു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

10 അഭിഷി​ക്തരെ മറ്റുള്ള​വ​രെ​ക്കാൾ വലിയ​വ​രാ​യി കാണാ​തി​രി​ക്കു​ന്നതു നമുക്കും നല്ലതാണ്‌. എന്തു​കൊണ്ട്‌? ചില അഭിഷി​ക്തർ വിശ്വാ​സ​ത്തിൽനിന്ന്‌ വീണു​പോ​യേ​ക്കാം എന്നു ബൈബിൾ പറയു​ന്നുണ്ട്‌. (മത്താ. 25:10-12; 2 പത്രോ. 2:20, 21) വ്യക്തി​കൾക്കു കൂടുതൽ പ്രാധാ​ന്യം കൊടു​ത്താൽ, നമ്മൾ അവരെ അനുക​രിച്ച്‌ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി​യേ​ക്കാം. അപ്പോൾ അവർ അവിശ്വ​സ്‌ത​രാ​കു​ക​യോ സഭ വിട്ടു​പോ​കു​ക​യോ ചെയ്‌താൽ നമ്മളും അവിശ്വ​സ്‌ത​രാ​കാ​നും യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്താ​നും സാധ്യ​ത​യുണ്ട്‌. അതു​കൊണ്ട്‌ അഭിഷി​ക്ത​രോ അറിയ​പ്പെ​ടുന്ന സഹോ​ദ​ര​ങ്ങ​ളോ വർഷങ്ങ​ളാ​യി യഹോ​വയെ സേവി​ക്കു​ന്ന​വ​രോ ആണെങ്കി​ലും നമ്മൾ വ്യക്തി​കൾക്കു കൂടുതൽ പ്രാധാ​ന്യം കൊടു​ക്കില്ല.

അപ്പവീ​ഞ്ഞു​കൾ കഴിക്കു​ന്ന​വ​രു​ടെ എണ്ണത്തെ​ക്കു​റിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ട​ണോ?

11. അപ്പവീ​ഞ്ഞു​കൾ കഴിക്കു​ന്ന​വ​രു​ടെ എണ്ണത്തിന്റെ കാര്യ​ത്തിൽ എന്തു മാറ്റമാ​ണു വന്നിരി​ക്കു​ന്നത്‌?

11 വർഷങ്ങ​ളാ​യി അപ്പവീ​ഞ്ഞു​കൾ കഴിക്കു​ന്ന​വ​രു​ടെ എണ്ണം കുറഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. എന്നാൽ ഈ അടുത്ത കാലത്ത്‌, ഓരോ വർഷം കഴിയു​മ്പോ​ഴും ആ എണ്ണം കൂടി​ക്കൂ​ടി​വ​രു​ന്ന​താ​യി​ട്ടാ​ണു കാണു​ന്നത്‌. അതെക്കു​റിച്ച്‌ നമ്മൾ ഉത്‌ക​ണ്‌ഠ​പ്പെ​ട​ണോ? വേണ്ടാ. നമ്മൾ ഓർത്തി​രി​ക്കേണ്ട ചില കാര്യങ്ങൾ നമുക്കു നോക്കാം.

12. സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളിൽ പങ്കുപ​റ്റു​ന്ന​വ​രു​ടെ എണ്ണത്തെ​ക്കു​റിച്ച്‌ നമ്മൾ ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

12 “യഹോവ തനിക്കു​ള്ള​വരെ അറിയു​ന്നു.” (2 തിമൊ. 2:19) ശരിക്കും അഭിഷി​ക്തർ ആരാ​ണെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. എന്നാൽ സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളിൽ പങ്കുപ​റ്റു​ന്ന​വ​രു​ടെ എണ്ണമെ​ടു​ക്കുന്ന സഹോ​ദ​ര​ങ്ങൾക്ക്‌ അത്‌ അറിയാൻ കഴിയില്ല. അതു​കൊണ്ട്‌ അഭിഷി​ക്ത​ര​ല്ലാ​തി​രി​ക്കെ തങ്ങൾ അഭിഷി​ക്ത​രാ​ണെന്നു കരുതുന്ന ആളുക​ളു​ടെ എണ്ണവും ഇതിൽ വരും. അപ്പവീ​ഞ്ഞു​കൾ കഴിച്ചി​രുന്ന പലരും പിന്നീട്‌ അതു നിറു​ത്തി​യത്‌ അതിനു തെളി​വാണ്‌. വേറെ ചിലർ മാനസി​ക​മോ വൈകാ​രി​ക​മോ ആയ പ്രശ്‌നങ്ങൾ കാരണം തങ്ങൾ ക്രിസ്‌തു​വി​ന്റെ​കൂ​ടെ സ്വർഗ​ത്തിൽ ഭരിക്കു​മെന്നു ചിന്തി​ക്കു​ന്നു. ഭൂമി​യിൽ ഇപ്പോൾ എത്ര അഭിഷി​ക്ത​രു​ണ്ടെന്നു നമുക്കു കൃത്യ​മാ​യി അറിയില്ല എന്നതാണു സത്യം.

13. മഹാകഷ്ടത തുടങ്ങുന്ന സമയത്ത്‌ എത്ര അഭിഷി​ക്തർ ഭൂമി​യിൽ കാണു​മെന്നു ബൈബിൾ പറയു​ന്നു​ണ്ടോ?

13 അഭിഷി​ക്തരെ സ്വർഗ​ത്തി​ലേക്കു കൂട്ടി​ച്ചേർക്കാൻ യേശു വരു​മ്പോൾ ഭൂമി​യു​ടെ പല ഭാഗങ്ങ​ളിൽ അവർ ഉണ്ടായി​രി​ക്കും. (മത്താ. 24:31) അഭിഷി​ക്ത​രായ കുറച്ച്‌ പേർ അവസാ​ന​കാ​ലത്ത്‌ ഭൂമി​യി​ലു​ണ്ടാ​യി​രി​ക്കു​മെന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു. (വെളി. 12:17) എന്നാൽ മഹാകഷ്ടത തുടങ്ങുന്ന സമയത്ത്‌ അവരിൽ എത്ര പേർ ഭൂമി​യിൽ ഉണ്ടായി​രി​ക്കു​മെ​ന്നോ അവർ എവി​ടെ​യൊ​ക്കെ ആയിരി​ക്കു​മെ​ന്നോ ബൈബിൾ പറയു​ന്നില്ല.

ഒരാൾ അപ്പവീ​ഞ്ഞു​കൾ കഴിക്കു​ന്നതു കണ്ടാൽ നമ്മൾ എങ്ങനെ ചിന്തി​ക്കണം, എങ്ങനെ ചിന്തി​ക്ക​രുത്‌? (14-ാം ഖണ്ഡിക കാണുക)

14. റോമർ 9:11, 16 പറയു​ന്ന​തു​പോ​ലെ, അഭിഷി​ക്ത​രു​ടെ തിര​ഞ്ഞെ​ടു​പ്പി​ന്റെ കാര്യ​ത്തിൽ നമ്മൾ ഏതു കാര്യം ഓർത്തി​രി​ക്കണം?

14 അഭിഷി​ക്തരെ എപ്പോൾ തിര​ഞ്ഞെ​ടു​ക്ക​ണ​മെന്നു തീരു​മാ​നി​ക്കു​ന്നത്‌ യഹോ​വ​യാണ്‌. (റോമ. 8:28-30) യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തി​നു ശേഷമാണ്‌ യഹോവ അഭിഷി​ക്തരെ തിര​ഞ്ഞെ​ടു​ക്കാൻ തുടങ്ങി​യത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും അഭിഷി​ക്ത​രാ​യി​രു​ന്നു. തുടർന്ന്‌ വന്ന നൂറ്റാ​ണ്ടു​ക​ളിൽ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ട്ടി​രുന്ന മിക്കവ​രും ശരിക്കും അങ്ങനെ​യ​ല്ലാ​യി​രു​ന്നു. എന്നാൽ അക്കാല​ത്തും യഥാർഥ ക്രിസ്‌ത്യാ​നി​ക​ളായ ചിലരു​ണ്ടാ​യി​രു​ന്നു. യഹോവ അവരെ അഭിഷി​ക്ത​രാ​യി തിര​ഞ്ഞെ​ടു​ത്തു. കളകളു​ടെ ഇടയിൽ വളരു​മെന്നു യേശു പറഞ്ഞ ഗോത​മ്പു​പോ​ലെ​യാ​യി​രു​ന്നു അവർ. (മത്താ. 13:24-30) ഈ അവസാ​ന​കാ​ല​ത്തും യഹോവ 1,44,000-ത്തിൽപ്പെ​ട്ട​വരെ തിര​ഞ്ഞെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു. * അതു​കൊണ്ട്‌ അവസാനം വരുന്ന​തി​നു തൊട്ടു​മുമ്പ്‌ ദൈവം ചിലരെ തിര​ഞ്ഞെ​ടു​ക്കാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ, നമ്മൾ ദൈവ​ത്തി​ന്റെ ജ്ഞാനത്തെ സംശയി​ക്ക​രുത്‌. (റോമർ 9:11, 16 വായി​ക്കുക.) * യേശു​വി​ന്റെ ഒരു ദൃഷ്ടാ​ന്ത​ത്തി​ലെ പണിക്കാ​രു​ടെ കാര്യ​മെ​ടു​ക്കുക. അവസാ​ന​മ​ണി​ക്കൂ​റിൽ പണി​യെ​ടു​ക്കാൻ വന്നവ​രോ​ടു യജമാനൻ ഇടപെട്ട വിധ​ത്തെ​ക്കു​റിച്ച്‌ അവർ പരാതി പറഞ്ഞു. അവരെ​പ്പോ​ലെ​യാ​കാ​തി​രി​ക്കാൻ നമുക്കു ശ്രദ്ധി​ക്കാം.—മത്താ. 20:8-15.

15. അഭിഷി​ക്ത​രായ എല്ലാവ​രും മത്തായി 24:45-47-ൽ പറഞ്ഞി​രി​ക്കുന്ന ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യു​ടെ’ ഭാഗമാ​ണോ? വിശദീ​ക​രി​ക്കുക.

15 സ്വർഗീ​യ​പ്ര​ത്യാ​ശ​യുള്ള എല്ലാവ​രും ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യു​ടെ’ ഭാഗമല്ല. (മത്തായി 24:45-47 വായി​ക്കുക.) ഒന്നാം നൂറ്റാ​ണ്ടി​ലേ​തു​പോ​ലെ​തന്നെ, യഹോ​വ​യും യേശു​വും ഏതാനും ചില സഹോ​ദ​ര​ന്മാ​രെ ഉപയോ​ഗി​ച്ചാണ്‌ അനേകർക്ക്‌ ആഹാരം കൊടു​ക്കു​ന്നത്‌, അഥവാ അനേകരെ പഠിപ്പി​ക്കു​ന്നത്‌. ഒന്നാം നൂറ്റാ​ണ്ടിൽ ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​കൾ എഴുതാൻ അഭിഷി​ക്ത​രായ ചില ക്രിസ്‌ത്യാ​നി​കളെ മാത്രമേ ഉപയോ​ഗി​ച്ചു​ള്ളൂ. ഇക്കാല​ത്തും ഏതാനും ചില അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കാ​ണു ദൈവ​ജ​ന​ത്തിന്‌ ‘തക്കസമ​യത്ത്‌ ഭക്ഷണം കൊടു​ക്കാ​നുള്ള’ ഉത്തരവാ​ദി​ത്വ​മു​ള്ളത്‌.

16. ഈ ലേഖന​ത്തിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു?

16 ഈ ലേഖന​ത്തിൽനിന്ന്‌ നമ്മൾ എന്തു പഠിച്ചു? യഹോവ തന്റെ ജനത്തിലെ ഭൂരി​പക്ഷം പേർക്കും ഭൂമി​യി​ലെ നിത്യ​ജീ​വന്റെ പ്രത്യാ​ശ​യും യേശു​വി​നോ​ടൊ​പ്പം ഭരിക്കാ​നുള്ള കുറച്ച്‌ പേർക്കു സ്വർഗീ​യ​പ്ര​ത്യാ​ശ​യും കൊടു​ക്കാൻ തീരു​മാ​നി​ച്ചു. യഹോവ തന്റെ എല്ലാ ദാസർക്കും, ‘ജൂതനും’ ‘പത്തു പേർക്കും,’ പ്രതി​ഫലം കൊടു​ക്കു​ക​തന്നെ ചെയ്യും. രണ്ടു കൂട്ടരും അവസാ​നം​വരെ വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും തന്റെ എല്ലാ നിയമ​ങ്ങ​ളും അനുസ​രി​ക്കാ​നും ദൈവം പ്രതീ​ക്ഷി​ക്കു​ന്നു. എല്ലാവ​രും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കണം. എല്ലാവ​രും ഒരുമിച്ച്‌ ഐക്യ​ത്തോ​ടെ യഹോ​വയെ സേവി​ക്കണം. എല്ലാവ​രും സഭയുടെ സമാധാ​ന​ത്തി​നു​വേണ്ടി പ്രവർത്തി​ക്കണം. അവസാനം അടുത്ത​ടുത്ത്‌ വരുന്ന ഈ സമയത്ത്‌ ‘ഒറ്റ ആട്ടിൻകൂ​ട്ട​മാ​യി’ ക്രിസ്‌തു​വി​നെ അനുഗ​മി​ച്ചു​കൊണ്ട്‌ നമുക്ക്‌ യഹോ​വയെ സേവി​ക്കാം.—യോഹ. 10:16.

^ ഖ. 5 ഈ വർഷം ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം ആചരി​ക്കു​ന്നത്‌ ഏപ്രിൽ 7 ചൊവ്വാ​ഴ്‌ച​യാണ്‌. സ്‌മാ​ര​ക​ത്തിന്‌ അപ്പവും വീഞ്ഞും കഴിക്കു​ന്ന​വരെ നമ്മൾ എങ്ങനെ​യാ​ണു കാണേ​ണ്ടത്‌? അവരുടെ എണ്ണം കൂടി​ക്കൂ​ടി​വ​രു​ന്ന​തിൽ നമ്മൾ ഉത്‌ക​ണ്‌ഠ​പ്പെ​ട​ണോ? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ ചർച്ച ചെയ്യും. 2016 ജനുവരി ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ വന്ന ലേഖനത്തെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഈ ലേഖനം തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌.

^ ഖ. 2 സങ്കീർത്തനം 87:5, 6 അനുസ​രിച്ച്‌, യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ ഭരിക്കു​ന്ന​വ​രു​ടെ പേരുകൾ ദൈവം ഭാവി​യിൽ വെളി​പ്പെ​ടു​ത്തി​യേ​ക്കാം.—റോമ. 8:19.

^ ഖ. 8 2016 ജനുവരി ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 27-ാം പേജിലെ “സ്‌നേഹം ‘അയോ​ഗ്യ​മാ​യി പെരു​മാ​റു​ന്നില്ല’” എന്ന ചതുരം കാണുക.

^ ഖ. 14 പരിശുദ്ധാത്മാവിനെ പകരു​ന്നതു യേശു​വി​ലൂ​ടെ​യാ​ണെന്നു പ്രവൃ​ത്തി​കൾ 2:33 പറയു​ന്നു​ണ്ടെ​ങ്കി​ലും, ഓരോ വ്യക്തി​യെ​യും ക്ഷണിക്കു​ന്നത്‌ യഹോ​വ​യാണ്‌.

^ ഖ. 14 കൂടുതൽ വിവര​ങ്ങൾക്ക്‌, 2007 മെയ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.

ഗീതം 34 നിഷ്‌ക​ള​ങ്ക​രാ​യി നടക്കാം

^ ഖ. 56 ചിത്രക്കുറിപ്പ്‌: ഒരു കൺ​വെൻ​ഷ​നിൽവെച്ച്‌ ലോകാ​സ്ഥാ​ന​പ്ര​തി​നി​ധി​യു​ടെ​യും ഭാര്യ​യു​ടെ​യും ഫോട്ടോ എടുക്കാൻ സഹോ​ദ​രങ്ങൾ തിക്കി​ത്തി​ര​ക്കു​ന്നു. ഇത്‌ ഉചിത​മാ​ണോ?