വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

എന്നാണ്‌ യേശു മഹാപു​രോ​ഹി​ത​നാ​യത്‌?

എ.ഡി. 29-ൽ സ്‌നാ​ന​മേ​റ്റ​പ്പോൾ യേശു മഹാപു​രോ​ഹി​ത​നാ​യെന്നു തെളി​വു​കൾ കാണി​ക്കു​ന്നു. നമുക്ക്‌ അത്‌ എങ്ങനെ അറിയാം? സ്‌നാ​ന​മേ​റ്റ​പ്പോൾ, ദൈവ​ത്തി​ന്റെ ‘ഇഷ്ടമാ​കുന്ന’ യാഗപീ​ഠ​ത്തിൽ തന്റെ ജീവൻ ബലിയർപ്പി​ക്കാൻ തയ്യാറാ​ണെന്നു യേശു കാണിച്ചു. (ഗലാ. 1:4; എബ്രാ. 10:5-10) അതിന്‌ അർഥം, ആലങ്കാ​രി​ക​മായ യാഗപീ​ഠം യേശു​വി​ന്റെ സ്‌നാ​ന​സ​മയം മുതൽ നിലവി​ലുണ്ട്‌ എന്നാണ്‌. ആ സ്ഥിതിക്ക്‌, വലിയ ആത്മീയാ​ലയം, അതായത്‌ മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ യഹോ​വ​യ്‌ക്കു ശുദ്ധാ​രാ​ധന അർപ്പി​ക്കാ​നുള്ള ക്രമീ​ക​രണം, ആ സമയം​മു​തൽ നിലവിൽ വന്നെന്നു പറയാം. കാരണം യാഗപീ​ഠം ആത്മീയാ​ല​യ​ത്തി​ന്റെ ഒരു മുഖ്യ​സ​വി​ശേ​ഷ​ത​യാണ്‌.​—മത്താ. 3:16, 17; എബ്രാ. 5:4-6.

വലിയ ആത്മീയാ​ലയം നിലവിൽ വന്ന സ്ഥിതിക്ക്‌, അവിടെ ശുശ്രൂഷ ചെയ്യാൻ ഒരു മഹാപു​രോ​ഹി​തൻ വേണമാ​യി​രു​ന്നു. അതിനു​വേണ്ടി യഹോവ യേശു​വി​നെ “പരിശു​ദ്ധാ​ത്മാ​വി​നാ​ലും ശക്തിയാ​ലും” അഭി​ഷേകം ചെയ്‌തു. (പ്രവൃ. 10:37, 38; മർക്കോ. 1:9-11) എങ്കിലും, യേശു​വി​ന്റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും മുമ്പ്‌ യേശു​വി​നെ മഹാപു​രോ​ഹി​ത​നാ​യി നിയമി​ച്ചു എന്നു ഉറപ്പിച്ച്‌ പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? മോശ​യു​ടെ നിയമ​ത്തി​നു കീഴിൽ മഹാപു​രോ​ഹി​ത​ന്മാ​രാ​യി സേവിച്ച അഹരോ​ന്റെ​യും പിൻഗാ​മി​ക​ളു​ടെ​യും മാതൃക നോക്കി​യാൽ നമുക്ക്‌ അതിനു ശക്തമായ ഒരു തെളിവ്‌ കിട്ടും.

യഹോവ മോശ​യ്‌ക്കു കൊടുത്ത നിയമ​മ​നു​സ​രിച്ച്‌ മഹാപു​രോ​ഹി​തനു മാത്രമേ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ അതിവി​ശു​ദ്ധ​സ്ഥ​ല​ത്തും പിൽക്കാ​ലത്ത്‌, ആലയത്തി​ന്റെ അതിവി​ശു​ദ്ധ​സ്ഥ​ല​ത്തും പ്രവേ​ശി​ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. അതിവി​ശു​ദ്ധ​സ്ഥ​ല​വും വിശു​ദ്ധ​സ്ഥ​ല​വും തമ്മിൽ ഒരു തിരശ്ശീ​ല​കൊണ്ട്‌ തിരി​ച്ചി​രു​ന്നു. മഹാപു​രോ​ഹി​തൻ പാപപ​രി​ഹാ​ര​ദി​വസം മാത്ര​മാണ്‌ ആ തിരശ്ശീല കടന്ന്‌ അതിവി​ശു​ദ്ധ​സ്ഥ​ല​ത്തേക്കു പോയി​രു​ന്നത്‌. (എബ്രാ. 9:1-3, 6, 7) അഹരോ​നും അഹരോ​ന്റെ പിൻഗാ​മി​ക​ളും മഹാപു​രോ​ഹി​ത​ന്മാ​രാ​യി അഭി​ഷേകം ചെയ്യ​പ്പെ​ട്ട​തി​നു ശേഷമാണ്‌ ആ അക്ഷരീയ ‘തിരശ്ശീ​ല​യി​ലൂ​ടെ’ കടന്നി​രു​ന്നത്‌. അതു​കൊണ്ട്‌ ന്യായ​മാ​യും, യേശു മരിക്കു​ക​യും പിന്നെ, “തന്റെ ശരീരം എന്ന തിരശ്ശീ​ല​യി​ലൂ​ടെ” സ്വർഗീ​യ​ജീ​വ​നി​ലേക്കു കടക്കു​ക​യും ചെയ്യു​ന്ന​തി​നു മുമ്പായി യഹോ​വ​യു​ടെ മഹനീ​യ​മായ ആത്മീയ ആലയത്തി​ന്റെ മഹാപു​രോ​ഹി​ത​നാ​യി നിയമി​ത​നാ​ക​ണ​മാ​യി​രു​ന്നു. (എബ്രാ. 10:20) ഈ കാരണം​കൊ​ണ്ടാണ്‌ പൗലോസ്‌ അപ്പോ​സ്‌തലൻ, യേശു “മഹാപു​രോ​ഹി​ത​നാ​യി” വന്നിട്ട്‌, ‘കൈ​കൊണ്ട്‌ പണിത​ത​ല്ലാത്ത, അതായത്‌ ഈ സൃഷ്ടി​യിൽപ്പെ​ടാത്ത, മഹനീ​യ​വും ഏറെ പൂർണ​വും ആയ കൂടാ​ര​ത്തി​ലേ​ക്കും’ ‘സ്വർഗ​ത്തി​ലേ​ക്കു​ത​ന്നെ​യും’ പ്രവേ​ശി​ച്ചു എന്നു പറഞ്ഞത്‌.​—എബ്രാ. 9:11, 24.

പുതിയ ഉടമ്പടി ഉറപ്പിച്ച സമയവും അതു പ്രാബ​ല്യ​ത്തിൽ വന്ന സമയവും രണ്ടും രണ്ടാണോ?

പുതിയ ഉടമ്പടി ഉറപ്പിച്ച സമയവും അതു പ്രാബ​ല്യ​ത്തിൽ വന്ന സമയവും രണ്ടല്ല, ഒന്നാണ്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? യേശു സ്വർഗ​ത്തി​ലേക്കു പോകു​ക​യും നമുക്കു​വേണ്ടി തന്റെ പൂർണ​ത​യുള്ള മനുഷ്യ​ജീ​വൻ അർപ്പി​ക്കു​ക​യും ചെയ്‌ത​പ്പോൾ, പുതിയ ഉടമ്പടി ഉറപ്പി​ക്കുന്ന, അഥവാ അതിനു നിയമ​സാ​ധുത നൽകുന്ന ഒരു നടപടി​ക്ര​മ​ത്തി​നു തുടക്ക​മി​ട്ടു. അതേ നടപടി​ക്ര​മ​ത്തി​ലൂ​ടെ​തന്നെ പുതിയ ഉടമ്പടി പ്രാബ​ല്യ​ത്തിൽ വന്നു അഥവാ അത്‌ ഉദ്‌ഘാ​ടനം ചെയ്‌തു. ഈ നടപടി​ക്ര​മ​ത്തിൽ മൂന്നു പടിക​ളാ​ണു​ള്ളത്‌. ഏതൊ​ക്കെ​യാണ്‌ അത്‌?

ഒന്ന്‌, യേശു യഹോ​വ​യു​ടെ മുമ്പാകെ ചെന്നു; എന്നിട്ട്‌, യേശു തന്റെ ബലിയുടെ മൂല്യം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു; ഒടുവിൽ യഹോവ യേശു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തത്തിന്റെ മൂല്യം സ്വീക​രി​ച്ചു. ഈ മൂന്നു പടികൾ എടുത്തു​ക​ഴി​ഞ്ഞ​പ്പോ​ഴാണ്‌ പുതിയ ഉടമ്പടി​ക്കു ‘ജീവൻ വെച്ചത്‌.’

എന്നാണ്‌ യഹോവ യേശു​വി​ന്റെ ബലിയു​ടെ മൂല്യം സ്വീക​രി​ച്ചത്‌ എന്നു ബൈബിൾ പറയു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ, പുതിയ ഉടമ്പടി ഉറപ്പി​ച്ച​തും അതു പ്രാബ​ല്യ​ത്തിൽ വന്നതും എപ്പോ​ഴാ​ണെന്നു കൃത്യ​മാ​യി പറയാ​നാ​കില്ല. എങ്കിലും, പെന്തി​ക്കോ​സ്‌തി​നു പത്തു ദിവസം മുമ്പ്‌ യേശു സ്വർഗത്തിലേക്കു പോയി എന്നു നമുക്ക്‌ അറിയാം. (പ്രവൃ. 1:3) ആ പത്തു ദിവസ​ത്തി​നു​ള്ളിൽ ഏതോ ഒരു സമയത്താ​ണു യേശു തന്റെ ബലിയു​ടെ മൂല്യം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും യഹോവ അതു സ്വീക​രി​ക്കു​ക​യും ചെയ്‌തത്‌. (എബ്രാ. 9:12) പുതിയ ഉടമ്പടി നിലവിൽവന്നിരുന്നു എന്നതി​ന്റെ പ്രകട​മായ തെളിവ്‌ പെന്തി​ക്കോ​സ്‌തിൽ കാണാ​നാ​യി. (പ്രവൃ. 2:1-4, 32, 33) വ്യക്തമാ​യും അതി​നോ​ടകം പുതിയ ഉടമ്പടി ഉറപ്പി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു, അതു പ്രവർത്തി​ക്കാ​നും തുടങ്ങി​യി​രു​ന്നു.

ചുരു​ക്ക​ത്തിൽ, യഹോവ യേശു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തത്തിന്റെ മൂല്യം സ്വീക​രി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണു പുതിയ ഉടമ്പടി ഉറപ്പി​ക്കു​ക​യും അത്‌ ഉദ്‌ഘാ​ടനം ചെയ്യു​ക​യും ചെയ്‌തത്‌. അപ്പോൾമു​തൽ പുതിയ ഉടമ്പടി പ്രവർത്തി​ക്കാ​നും തുടങ്ങി. മഹാപു​രോ​ഹി​ത​നായ യേശു​വാണ്‌ അതിന്റെ മധ്യസ്ഥൻ.​—എബ്രാ. 7:25; 8:1-3, 6; 9:13-15.