വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 52

നിരു​ത്സാ​ഹ​ത്തിന്‌ എതിരെ നിങ്ങൾക്ക്‌ എങ്ങനെ പോരാ​ടാം?

നിരു​ത്സാ​ഹ​ത്തിന്‌ എതിരെ നിങ്ങൾക്ക്‌ എങ്ങനെ പോരാ​ടാം?

“നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും.”—സങ്കീ. 55:22.

ഗീതം 33 നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക

പൂർവാവലോകനം *

1. നിരു​ത്സാ​ഹം നമ്മളെ എങ്ങനെ ബാധി​ച്ചേ​ക്കാം?

ഓരോ ദിവസ​വും പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ അതു പരിഹ​രി​ക്കാൻ നമ്മളെ​ക്കൊണ്ട്‌ ആകുന്ന വിധത്തിൽ നമ്മൾ ശ്രമി​ക്കു​ന്നു. എന്നാൽ നമ്മൾ നിരു​ത്സാ​ഹി​ത​രാ​ണെ​ങ്കിൽ പ്രശ്‌ന​ങ്ങളെ വേണ്ടവി​ധ​ത്തിൽ കൈകാ​ര്യം ചെയ്യാൻ നമുക്കു ബുദ്ധി​മു​ട്ടാ​യി​രി​ക്കും. നമ്മുടെ ആത്മവി​ശ്വാ​സ​വും ധൈര്യ​വും സന്തോ​ഷ​വും എല്ലാം കവർന്നെ​ടു​ക്കുന്ന ക്ഷണിക്ക​പ്പെ​ടാത്ത ഒരു അതിഥി​യെ​പ്പോ​ലെ​യാണ്‌ നിരു​ത്സാ​ഹം, അങ്ങനെ​യാ​ണു നമ്മൾ അതിനെ കാണേ​ണ്ടത്‌. സുഭാ​ഷി​തങ്ങൾ 24:10 ഇങ്ങനെ പറയുന്നു: “കഷ്ടതയു​ടെ ദിവസം നീ തളർന്നു​പോ​യാൽ നിന്റെ ശക്തി​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല.” അതെ, നിരു​ത്സാ​ഹം നമ്മുടെ ശക്തി ചോർത്തി​ക്ക​ള​യും, പ്രശ്‌നങ്ങൾ സഹിച്ചു​നിൽക്കാൻ നമുക്കു ബുദ്ധി​മു​ട്ടാ​കു​ക​യും ചെയ്യും.

2. നിരു​ത്സാ​ഹ​ത്തിന്‌ എന്തൊക്കെ കാരണ​ങ്ങ​ളാ​യേ​ക്കാം, ഈ ലേഖന​ത്തിൽ നമ്മൾ എന്തെല്ലാം പഠിക്കും?

2 പല കാരണ​ങ്ങൾകൊണ്ട്‌ നമുക്കു നിരു​ത്സാ​ഹ​മു​ണ്ടാ​കാം. ചിലത്‌ പുറമേ കാണാൻ പറ്റുന്ന​വ​യാ​യി​രി​ക്കും, മറ്റു ചിലത്‌ ഉള്ളിലെ പ്രശ്‌ന​ങ്ങ​ളാ​യി​രി​ക്കും. തെറ്റു​ക​ളും ബലഹീ​ന​ത​ക​ളും ആരോ​ഗ്യ​പ്ര​ശ്‌ന​വും ഒക്കെ അതിനു കാരണ​മാ​കാം. യഹോ​വ​യു​ടെ സേവന​ത്തിൽ നമ്മൾ ആഗ്രഹി​ക്കുന്ന ഒരു നിയമനം ലഭിക്കാ​ത്ത​തും പ്രതി​ക​ര​ണ​മി​ല്ലാത്ത ഒരു പ്രദേ​ശത്ത്‌ പ്രസം​ഗി​ക്കേ​ണ്ടി​വ​രു​ന്ന​തും ഒക്കെ നമ്മളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യേ​ക്കാം. നിരു​ത്സാ​ഹത്തെ നേരി​ടാൻ നമുക്കു ചെയ്യാൻ കഴിയുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും.

നമ്മുടെ അപൂർണ​ത​യും ബലഹീ​ന​ത​ക​ളും ആയി പോരാ​ടു​മ്പോൾ

3. നമ്മുടെ ബലഹീ​ന​ത​ക​ളെ​ക്കു​റിച്ച്‌ അതിരു​ക​വിഞ്ഞ്‌ ചിന്തി​ക്കാ​തി​രി​ക്കാൻ എന്തു സഹായി​ക്കും?

3 നമ്മുടെ അപൂർണ​ത​യെ​യും ബലഹീ​ന​ത​ക​ളെ​യും കുറിച്ച്‌ നമ്മൾ അതിരു​ക​വിഞ്ഞ്‌ ചിന്തിച്ച്‌ വിഷമി​ക്കാൻ സാധ്യ​ത​യുണ്ട്‌. നമ്മുടെ പിഴവു​കൾ കാരണം യഹോവ നമ്മളെ പുതിയ ലോക​ത്തി​ലേക്കു കടത്തി​വി​ടു​ക​യി​ല്ലെ​ന്നു​പോ​ലും നമ്മൾ ചിന്തി​ച്ചേ​ക്കാം. അത്തരം ചിന്ത ദോഷം ചെയ്യും. നമുക്കു പറ്റുന്ന തെറ്റു​കളെ നമ്മൾ എങ്ങനെ​യാ​ണു കാണേ​ണ്ടത്‌? യേശു​ക്രി​സ്‌തു ഒഴികെ എല്ലാ മനുഷ്യ​രും ‘പാപം ചെയ്‌ത​വ​രാ​ണെന്നു’ ബൈബിൾ പറയുന്നു. (റോമ. 3:23) തെറ്റുകൾ നോക്കി​ന​ട​ക്കുന്ന ഒരു ദൈവമല്ല യഹോവ, നമ്മളിൽനിന്ന്‌ പൂർണത പ്രതീ​ക്ഷി​ക്കു​ന്നു​മില്ല. മറിച്ച്‌ നമ്മളെ സഹായി​ക്കാൻ ആഗ്രഹി​ക്കുന്ന സ്‌നേ​ഹ​മുള്ള ഒരു പിതാ​വാണ്‌ യഹോവ. ദൈവം ക്ഷമയു​ള്ള​വ​നു​മാണ്‌. ബലഹീ​ന​ത​ക​ളോ​ടു പോരാ​ടാ​നും നമ്മുടെ അതിരു​ക​വിഞ്ഞ ചിന്ത മറിക​ട​ക്കാ​നും നമ്മൾ എത്രമാ​ത്രം പാടു​പെ​ടു​ന്നു​ണ്ടെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. യഹോവ നമ്മളെ സഹായി​ക്കും.—റോമ. 7:18, 19.

നമ്മൾ മുമ്പ്‌ ചെയ്‌ത കാര്യ​ങ്ങ​ളും ഇപ്പോൾ ചെയ്യുന്ന നന്മകളും യഹോ​വ​യ്‌ക്ക്‌ അറിയാം (5-ാം ഖണ്ഡിക കാണുക) *

4-5. 1 യോഹ​ന്നാൻ 3:19, 20-ലെ ഏതു കാര്യ​ങ്ങ​ളാ​ണു നിരു​ത്സാ​ഹ​ത്തിന്‌ എതിരെ പോരാ​ടാൻ രണ്ടു സഹോ​ദ​രി​മാ​രെ സഹായി​ച്ചത്‌?

4 ഡെബോ​ര​യു​ടെ​യും മരിയ​യു​ടെ​യും അനുഭവം നോക്കാം. * ചെറു​പ്പ​ത്തിൽ മാനസി​ക​മാ​യി ഇടിച്ചു​താ​ഴ്‌ത്തുന്ന രീതി​യി​ലാ​ണു കുടും​ബാം​ഗങ്ങൾ ഡെബോ​ര​യോട്‌ ഇടപെ​ട്ടി​രു​ന്നത്‌. വളരെ വിരള​മാ​യി മാത്രമേ അഭിന​ന്ദ​ന​വാ​ക്കു​കൾ ഡെബോ​ര​യ്‌ക്കു ലഭിച്ചി​ട്ടു​ള്ളൂ. തന്നെ ഒന്നിനും കൊള്ളില്ല എന്ന്‌ അവൾ ചിന്തി​ക്കാൻ തുടങ്ങി. ഓരോ ചെറിയ തെറ്റുകൾ പറ്റു​മ്പോ​ഴും താൻ ഒരു പൂർണ​പ​രാ​ജ​യ​മാ​ണെന്നു ഡെബോ​ര​യ്‌ക്കു തോന്നി. മരിയ​യ്‌ക്കും അതേ​പോ​ലൊ​രു പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു. മരിയ​യു​ടെ കുടും​ബാം​ഗ​ങ്ങ​ളും മോശ​മാ​യി​ട്ടാണ്‌ അവളോട്‌ ഇടപെ​ട്ടി​രു​ന്നത്‌. താൻ വില​കെ​ട്ട​വ​ളാ​ണെന്ന ഒരു തോന്നൽ അവൾക്കു​ണ്ടാ​യി. സത്യത്തിൽ വന്നതിനു ശേഷവും ഈ ചിന്തകൾ അവളെ അലട്ടി​യി​രു​ന്നു. ദൈവ​ത്തി​ന്റെ പേര്‌ വഹിക്കാ​നുള്ള യോഗ്യ​ത​പോ​ലും തനിക്കി​ല്ലെന്ന്‌ അവൾ ചിന്തിച്ചു.

5 എങ്കിലും ഈ രണ്ടു സഹോ​ദ​രി​മാ​രും യഹോ​വയെ സേവി​ക്കു​ന്നത്‌ നിറു​ത്തി​യില്ല. എന്താണ്‌ അവരെ സഹായി​ച്ചത്‌? അവർ യഹോ​വ​യോട്‌ ഉള്ളുരു​കി പ്രാർഥി​ച്ചു, തങ്ങളുടെ ഭാരങ്ങ​ളെ​ല്ലാം യഹോ​വ​യു​ടെ മേൽ ഇട്ടു. (സങ്കീ. 55:22) നമ്മുടെ ജീവി​ത​ത്തി​ലെ മോശ​മായ അനുഭ​വങ്ങൾ നമ്മുടെ മനസ്സി​നെ​യും ചിന്ത​യെ​യും എത്ര​ത്തോ​ളം ബാധി​ക്കു​ന്നു​ണ്ടെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മെന്ന്‌ അവർ മനസ്സി​ലാ​ക്കി. നമ്മുടെ നല്ല ഗുണങ്ങ​ളും യഹോവ കാണു​ന്നുണ്ട്‌, ഒരുപക്ഷേ നമ്മൾപോ​ലും തിരി​ച്ച​റി​യാത്ത ഗുണങ്ങൾ.—1 യോഹ​ന്നാൻ 3:19, 20 വായി​ക്കുക.

6. മുമ്പ്‌ ചെയ്‌തു​കൊ​ണ്ടി​രുന്ന ഒരു തെറ്റ്‌ വീണ്ടും ആവർത്തി​ച്ചാൽ ഒരു വ്യക്തി എങ്ങനെ​യെ​ല്ലാം ചിന്തി​ച്ചേ​ക്കാം?

6 ആഴത്തിൽ വേരൂ​ന്നിയ മോശ​മായ ഒരു ശീലം മറിക​ട​ക്കാൻ പാടു​പെ​ടുന്ന ഒരു വ്യക്തി വീണ്ടും അതേ തെറ്റു​തന്നെ ആവർത്തി​ച്ചാൽ നിരു​ത്സാ​ഹം തോന്നി​യേ​ക്കാം. തെറ്റു ചെയ്യു​മ്പോൾ കുറ്റ​ബോ​ധം തോന്നു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌. (2 കൊരി. 7:10) ‘പക്ഷേ ഞാനൊ​രു പൂർണ​പ​രാ​ജ​യ​മാണ്‌, യഹോ​വ​യ്‌ക്ക്‌ എന്നോടു ക്ഷമിക്കാൻ കഴിയില്ല’ എന്നൊക്കെ ചിന്തി​ച്ചു​കൊണ്ട്‌ സ്വയം കുറ്റം വിധി​ക്ക​രുത്‌. അങ്ങനെ​യുള്ള ചിന്തകൾ ശരിയല്ല. നമ്മൾ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​യാൻ അത്‌ ഇടയാ​ക്കും. സുഭാ​ഷി​തങ്ങൾ 24:10 വായി​ച്ചത്‌ ഓർക്കുക. നമ്മൾ നിരു​ത്സാ​ഹി​ത​രാ​യാൽ നമ്മുടെ ഉള്ള ശക്തികൂ​ടെ ചോർന്നു​പോ​കും. അതു​കൊണ്ട്‌ പ്രാർഥ​ന​യിൽ യഹോ​വ​യു​ടെ ദയയ്‌ക്കാ​യി അപേക്ഷി​ച്ചു​കൊണ്ട്‌ ‘കാര്യങ്ങൾ നേരെ​യാ​ക്കുക.’ (യശ. 1:18) നിങ്ങൾ ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ക​യും മാറ്റങ്ങൾ വരുത്താൻ ശ്രമി​ക്കു​ക​യും ചെയ്യു​മ്പോൾ യഹോവ നിങ്ങ​ളോ​ടു ക്ഷമിക്കും. കൂടാതെ, മൂപ്പന്മാ​രോട്‌ അതെക്കു​റിച്ച്‌ സംസാ​രി​ക്കുക. ആത്മീയ​മാ​യി വീണ്ടും ബലം നേടാൻ അവർ ക്ഷമയോ​ടെ നിങ്ങളെ സഹായി​ക്കും.—യാക്കോ. 5:14, 15.

7. ശരി ചെയ്യാൻ പ്രയാ​സ​മാ​യി തോന്നു​ന്നെ​ങ്കി​ലും നമുക്കു നിരു​ത്സാ​ഹം തോന്ന​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

7 ബലഹീ​ന​ത​ക​ളു​മാ​യി മല്ലടി​ക്കു​ന്ന​വ​രോ​ടു ഫ്രാൻസി​ലെ ഒരു മൂപ്പനായ ഴാൻ ലുക്‌ പറയു​ന്നത്‌ ഇതാണ്‌: “ഒരിക്ക​ലും തെറ്റു ചെയ്യാത്ത ഒരു വ്യക്തിയല്ല, തെറ്റു ചെയ്‌താ​ലും അത്‌ ഓർത്ത്‌ ദുഃഖി​ക്കു​ക​യും അതെക്കു​റിച്ച്‌ പശ്ചാത്ത​പി​ക്കു​ക​യും ചെയ്യുന്ന ഒരാളാണ്‌ യഹോ​വ​യു​ടെ മുമ്പാകെ നീതി​മാ​നായ ഒരു വ്യക്തി.” (റോമ. 7:21-25) അതു​കൊണ്ട്‌ ഏതെങ്കി​ലും ഒരു ബലഹീ​ന​ത​യു​മാ​യി പോരാ​ടുന്ന ഒരു വ്യക്തി​യാ​ണു നിങ്ങ​ളെ​ങ്കിൽ സ്വയം കുറ്റം വിധി​ക്ക​രുത്‌. ഓർക്കുക, ദൈവ​ത്തി​ന്റെ മുമ്പാകെ നമുക്ക്‌ ആർക്കും നീതി​യുള്ള ഒരു നില നേടി​യെ​ടു​ക്കാൻ കഴിയു​ന്നതല്ല. മോച​ന​വി​ല​യി​ലൂ​ടെ​യുള്ള ദൈവ​ത്തി​ന്റെ അനർഹദയ നമുക്ക്‌ എല്ലാം ആവശ്യ​മാണ്‌.—എഫെ. 1:7; 1 യോഹ. 4:10.

8. നിരു​ത്സാ​ഹ​പ്പെ​ട്ടി​രി​ക്കു​മ്പോൾ സഹായ​ത്തി​നാ​യി നമുക്ക്‌ ആരി​ലേക്കു തിരി​യാം?

8 പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി നമ്മുടെ ആത്മീയ​കു​ടും​ബ​ത്തി​ലേക്ക്‌, അതായത്‌ നമ്മുടെ സഹോ​ദ​ര​ങ്ങ​ളി​ലേക്ക്‌ തിരി​യാം. നമ്മൾ സംസാ​രി​ക്കു​മ്പോൾ അവർ ശ്രദ്ധി​ച്ചു​കേൾക്കും. അവരുടെ ആശ്വാ​സ​മേ​കുന്ന വാക്കുകൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. (സുഭാ. 12:25; 1 തെസ്സ. 5:14) നിരു​ത്സാ​ഹ​ത്തോ​ടു പോരാ​ടിയ നൈജീ​രി​യ​യി​ലെ ജോയ്‌ എന്ന സഹോ​ദരി പറയുന്നു: “സഹോ​ദ​രങ്ങൾ ഇല്ലായി​രു​ന്നെ​ങ്കിൽ ഞാൻ എന്തു ചെയ്‌തേനേ. എന്റെ പ്രാർഥ​ന​യ്‌ക്ക്‌ യഹോവ ഉത്തരം തരുന്നു എന്നതിന്റെ തെളി​വാണ്‌ എന്റെ സഹോ​ദ​രങ്ങൾ. ഹൃദയം തകർന്ന​വരെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​മെ​ന്നും ഞാൻ അവരിൽനിന്ന്‌ പഠിച്ചു.” പക്ഷേ നമുക്ക്‌ എപ്പോ​ഴാ​ണു പ്രോ​ത്സാ​ഹനം ആവശ്യ​മാ​യി​വ​രു​ന്ന​തെന്നു സഹോ​ദ​രങ്ങൾ അറിയ​ണ​മെ​ന്നില്ല. അതു​കൊണ്ട്‌ നമ്മൾതന്നെ മുൻ​കൈ​യെ​ടുത്ത്‌ പക്വത​യുള്ള ഒരു സഹോ​ദ​ര​നോ​ടോ സഹോ​ദ​രി​യോ​ടോ നമ്മുടെ വിഷമങ്ങൾ പറയുക, അവരുടെ സഹായം സ്വീക​രി​ക്കുക.

ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ

9. സങ്കീർത്തനം 41:3-ഉം 94:19-ഉം നമ്മളെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു?

9 സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കുക. നമുക്ക്‌ അത്ര നല്ല ആരോ​ഗ്യ​മി​ല്ലെ​ങ്കിൽ നമ്മുടെ മനസ്സ്‌ അസ്വസ്ഥ​മാ​യേ​ക്കാം, കുറെ നാളായി നമ്മളെ അലട്ടുന്ന ഒരു രോഗ​മാ​ണെ​ങ്കിൽ പറയു​ക​യും വേണ്ടാ. യഹോവ ഇപ്പോൾ അത്ഭുത​ക​ര​മാ​യി നമ്മളെ സുഖ​പ്പെ​ടു​ത്തു​ക​യില്ല. എന്നാൽ യഹോവ നമ്മളെ ആശ്വസി​പ്പി​ക്കും, പിടി​ച്ചു​നിൽക്കാൻ ആവശ്യ​മായ ശക്തി തരുക​യും ചെയ്യും. (സങ്കീർത്തനം 41:3; 94:19 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, വീട്ടു​ജോ​ലി​കൾ ചെയ്യാ​നോ സാധനങ്ങൾ വാങ്ങാ​നോ നമുക്ക്‌ സഹായം ആവശ്യ​മാ​യി​വ​രു​മ്പോൾ യഹോവ നമ്മുടെ സഹോ​ദ​ര​ങ്ങളെ അതിനു പ്രേരി​പ്പി​ച്ചേ​ക്കാം. നമ്മളോട്‌ ഒപ്പമി​രുന്ന്‌ പ്രാർഥി​ക്കാ​നും യഹോവ അവരെ പ്രചോ​ദി​പ്പി​ച്ചേ​ക്കാം. തന്റെ വചനത്തി​ലെ ആശ്വാ​സ​മേ​കുന്ന വാക്കുകൾ യഹോവ നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​ന്നേ​ക്കാം, ഉദാഹ​ര​ണ​ത്തിന്‌, രോഗ​വും വേദന​യും ഒന്നുമി​ല്ലാത്ത പുതിയ ലോക​ത്തെ​ക്കു​റി​ച്ചുള്ള വാക്കുകൾ.—റോമ. 15:4.

10. അപകട​ത്തി​നു ശേഷം നിരു​ത്സാ​ഹ​ത്തിൽനിന്ന്‌ കരകയ​റാൻ ഇസാങിന്‌ എങ്ങനെ​യാ​ണു കഴിഞ്ഞത്‌?

10 നൈജീ​രി​യ​യി​ലെ ഇസാങ്‌ എന്ന സഹോ​ദ​രനു ഗുരു​ത​ര​മായ ഒരു അപകട​മു​ണ്ടാ​യി. ഇനി ഒരിക്ക​ലും നടക്കാ​നാ​വി​ല്ലെന്ന്‌ അദ്ദേഹ​ത്തോ​ടു ഡോക്ടർ പറഞ്ഞു. അദ്ദേഹം പറഞ്ഞു: “ഞാൻ ആകെ തകർന്നു​പോ​യി.” പക്ഷേ അദ്ദേഹം പതുക്കെ നിരു​ത്സാ​ഹ​ത്തിൽനിന്ന്‌ കരകയ​റാൻ തുടങ്ങി. എങ്ങനെ? സഹോ​ദരൻ തുടരു​ന്നു: “യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്ന​തും ദൈവ​വ​ചനം പഠിക്കു​ന്ന​തും ഞാനും ഭാര്യ​യും ഒരിക്ക​ലും നിറു​ത്തി​യില്ല. ഞങ്ങൾക്കു ലഭിച്ചി​രി​ക്കുന്ന നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഞങ്ങൾ കൂടുതൽ ചിന്തി​ക്കാൻ തുടങ്ങി. പുതിയ ലോക​ത്തിൽ ജീവി​ക്കാ​നുള്ള പ്രത്യാശ ഉൾപ്പെ​ടെ​യുള്ള എല്ലാ അനു​ഗ്ര​ഹ​ങ്ങൾക്കും ഞങ്ങൾ ദൈവ​ത്തോ​ടു നന്ദിയു​ള്ള​വ​രാണ്‌.”

ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്കും ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്ന​തി​ന്റെ സന്തോഷം ആസ്വദി​ക്കാൻ കഴിയും (11-13 ഖണ്ഡികകൾ കാണുക)

11. ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ നേരി​ട്ട​പ്പോ​ഴും സിൻഡി സഹോ​ദരി സന്തോഷം കണ്ടെത്തി​യത്‌ എങ്ങനെ?

11 മെക്‌സി​ക്കോ​യിൽ താമസി​ക്കുന്ന സിൻഡി എന്ന സഹോ​ദ​രി​ക്കു ഗുരു​ത​ര​മായ ഒരു രോഗം പിടി​പെട്ടു. സഹോ​ദരി എങ്ങനെ​യാ​ണു പിടി​ച്ചു​നി​ന്നത്‌? ഒരു ദിവസം ഒരാ​ളോ​ടെ​ങ്കി​ലും സാക്ഷീ​ക​രി​ക്കാൻ സഹോ​ദരി ലക്ഷ്യം​വെച്ചു. സഹോ​ദരി പിന്നീട്‌ ഇങ്ങനെ എഴുതി: “എന്റെ ഓപ്പ​റേഷൻ, എന്റെ വേദന, അസ്വസ്ഥ​തകൾ ഇതെക്കു​റി​ച്ചൊ​ന്നും ചിന്തി​ക്കാ​തെ മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ എനിക്ക്‌ അതിലൂ​ടെ കഴിഞ്ഞു. ഡോക്ടർമാ​രോ​ടും നഴ്‌സു​മാ​രോ​ടും ഒക്കെ സംസാ​രി​ക്കു​മ്പോൾ ഞാൻ അവരുടെ കുടും​ബ​ത്തെ​പ്പ​റ്റി​യൊ​ക്കെ അവരോ​ടു തിരക്കും. ഇത്രയും ബുദ്ധി​മു​ട്ടുള്ള ഒരു ജോലി തിര​ഞ്ഞെ​ടു​ത്ത​തി​ന്റെ കാരണം എന്താ​ണെന്നു ഞാൻ അവരോ​ടു ചോദി​ക്കും. അവർക്കു താത്‌പ​ര്യ​മുള്ള ഒരു വിഷയം എനിക്കു കണ്ടുപി​ടി​ക്കാൻ അങ്ങനെ കഴിയും. രോഗി​ക​ളൊ​ന്നും സാധാരണ തങ്ങളുടെ വിശേ​ഷങ്ങൾ തിരക്കാ​റി​ല്ലെന്നു ചില ഡോക്ടർമാ​രും നഴ്‌സു​മാ​രും പറഞ്ഞു. പലരും എന്നോടു നന്ദി പറയു​ക​യും ചെയ്‌തു. ചിലർ അവരുടെ അഡ്രസ്സും ഫോൺന​മ്പ​റും എനിക്കു തരുക​പോ​ലും ചെയ്‌തു. ഈ ദുഷ്‌ക​ര​മായ സമയത്ത്‌ യഹോവ എന്നെ സഹായി​ക്കു​മെന്ന്‌ എനിക്ക്‌ ഉറപ്പാ​യി​രു​ന്നു. എന്നാൽ പ്രതീ​ക്ഷി​ച്ച​തി​നെ​ക്കാൾ കൂടുതൽ സന്തോഷം നൽകി​ക്കൊണ്ട്‌ യഹോവ എന്നെ അത്ഭുത​പ്പെ​ടു​ത്തി.”—സുഭാ. 15:15.

12-13. രോഗി​ക​ളും പ്രായ​മാ​യ​വ​രും എങ്ങനെ​യാ​ണു ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്നത്‌, അതു​കൊണ്ട്‌ എന്തു ഫലമു​ണ്ടാ​യി?

12 ശുശ്രൂ​ഷ​യിൽ അധിക​മൊ​ന്നും ചെയ്യാൻ കഴിയി​ല്ല​ല്ലോ എന്ന്‌ ഓർക്കു​മ്പോൾ രോഗി​ക​ളായ പലർക്കും നിരു​ത്സാ​ഹം തോന്നാം. അങ്ങനെ​യുള്ള പലരും സാക്ഷീ​ക​രി​ക്കാൻ മറ്റു വഴികൾ കണ്ടെത്തി​യി​രി​ക്കു​ന്നു. ഐക്യ​നാ​ടു​ക​ളി​ലെ ലോറൽ എന്ന സഹോ​ദരി 37 വർഷം കിടപ്പി​ലാ​യി​രു​ന്നു. ഒരു ശ്വാ​സോ​ച്ഛ്വാ​സ ഉപകര​ണ​ത്തി​ന്റെ സഹായ​ത്തോ​ടെ​യാണ്‌ സഹോ​ദരി അത്രയും വർഷം ജീവി​ച്ചത്‌. ഇതിനി​ടെ ക്യാൻസ​റും ചില ത്വക്ക്‌ രോഗ​ങ്ങ​ളും സഹോ​ദ​രി​ക്കു​ണ്ടാ​യി. ഇക്കാലത്ത്‌ പല ഓപ്പ​റേ​ഷ​നു​ക​ളും സഹോ​ദ​രി​ക്കു ചെയ്യേ​ണ്ടി​വന്നു. ഇത്രയ​ധി​കം ബുദ്ധി​മു​ട്ടു​കൾ ഒക്കെയു​ണ്ടാ​യി​ട്ടും സഹോ​ദരി മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കു​ന്നതു നിറു​ത്തി​യില്ല. വീട്ടിൽ തന്നെ പരിച​രി​ക്കാൻ എത്തുന്ന നഴ്‌സു​മാ​രോ​ടും മറ്റുള്ള​വ​രോ​ടും സഹോ​ദരി സാക്ഷീ​ക​രി​ച്ചു. കുറഞ്ഞത്‌ 17 പേരെ​യെ​ങ്കി​ലും യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ സഹോ​ദരി സഹായി​ച്ചു. *

13 വീട്ടിൽത്ത​ന്നെ​യോ നഴ്‌സി​ങ്‌ഹോ​മി​ലോ കഴി​യേ​ണ്ടി​വ​രു​ന്ന​വർക്ക്‌ ചെയ്യാൻ കഴിയുന്ന ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ ഫ്രാൻസി​ലെ ഒരു മൂപ്പനായ റിച്ചാർഡ്‌ സഹോ​ദരൻ പറയുന്നു: “അവർക്കു സാഹി​ത്യ​കൈ​വ​ണ്ടി​പോ​ലുള്ള ഒരു പ്രദർശ​നോ​പാ​ധി ഉള്ളതു നല്ലതാണ്‌. അതു കാണു​മ്പോൾ എല്ലാവർക്കും ഒരു ആകാംക്ഷ തോന്നും. അങ്ങനെ ഒരു സംഭാ​ഷണം ആരംഭി​ക്കാൻ കഴിയും. വീടു​തോ​റും പോയി സാക്ഷീ​ക​രി​ക്കാൻ കഴിയാത്ത സഹോ​ദ​ര​ങ്ങൾക്ക്‌ ഇത്തരം ചർച്ചകൾ ഒരു പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കും.” വീട്ടിൽത്തന്നെ കഴി​യേ​ണ്ടി​വ​രു​ന്ന​വർക്ക്‌ സാക്ഷീ​ക​രി​ക്കാൻ കഴിയുന്ന മറ്റു മാർഗ​ങ്ങ​ളാണ്‌ ടെലി​ഫോൺ സാക്ഷീ​ക​ര​ണ​വും കത്തു മുഖേ​ന​യുള്ള സാക്ഷീ​ക​ര​ണ​വും.

നമു​ക്കൊ​രു നിയമനം ലഭിക്കാ​തെ വരു​മ്പോൾ

14. ദാവീദ്‌ രാജാവ്‌ ഏതു കാര്യ​ത്തി​ലാ​ണു നല്ലൊരു മാതൃക വെച്ചത്‌?

14 പ്രായ​മോ ആരോ​ഗ്യ​പ്ര​ശ്‌ന​മോ മറ്റ്‌ എന്തെങ്കി​ലും കാരണ​ങ്ങൾകൊ​ണ്ടോ സഭയി​ലോ സർക്കി​ട്ടി​ലോ നമ്മൾ ആഗ്രഹി​ക്കുന്ന ഒരു നിയമനം നമുക്കു ലഭിക്കാ​തെ വന്നേക്കാം. നമുക്ക്‌ അങ്ങനെ സംഭവി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ ദാവീദ്‌ രാജാ​വി​ന്റെ മാതൃക നല്ലൊരു പാഠമാണ്‌. ദേവാ​ലയം പണിയുക എന്നതു ദാവീദ്‌ വളരെ​യ​ധി​കം ആഗ്രഹി​ച്ചി​രുന്ന ഒരു കാര്യ​മാ​യി​രു​ന്നു. പക്ഷേ അതിനു തന്നെയല്ല തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ എന്ന്‌ അറിഞ്ഞ​പ്പോൾ അദ്ദേഹം എന്തു ചെയ്‌തു? ആ നിയമനം ചെയ്യാൻ ദൈവം തിര​ഞ്ഞെ​ടുത്ത ആളെ ദാവീദ്‌ എല്ലാ വിധത്തി​ലും പിന്തു​ണച്ചു. അതിന്റെ നിർമാ​ണ​ത്തി​നു​വേണ്ടി ധാരാളം സ്വർണ​വും വെള്ളി​യും കൊടു​ക്കു​ക​പോ​ലും ചെയ്‌തു. ദാവീദ്‌ നമുക്ക്‌ നല്ലൊരു മാതൃ​ക​യല്ലേ?—2 ശമു. 7:12, 13; 1 ദിന. 29:1, 3-5.

15. യൂജ്‌ സഹോ​ദരൻ നിരു​ത്സാ​ഹത്തെ മറിക​ട​ന്നത്‌ എങ്ങനെ?

15 ഫ്രാൻസി​ലെ യൂജ്‌ എന്ന സഹോ​ദ​രന്‌ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ കാരണം തുടർന്ന്‌ മൂപ്പനാ​യി സേവി​ക്കാൻ കഴിയാ​തെ വന്നു. വീട്ടിലെ ചെറി​യ​ചെ​റിയ ജോലി​കൾപോ​ലും ചെയ്യു​ന്നത്‌ അദ്ദേഹ​ത്തി​നു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. സഹോ​ദരൻ ഇങ്ങനെ എഴുതു​ന്നു: “ആദ്യ​മൊ​ക്കെ എനിക്കു വല്ലാത്ത നിരു​ത്സാ​ഹം തോന്നി. എന്നെ​ക്കൊണ്ട്‌ ഒന്നിനും കൊള്ളില്ല എന്നു ഞാൻ ചിന്തിച്ചു. പക്ഷേ എനിക്കു ചെയ്യാൻ പറ്റാത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ വിഷമി​ക്കു​ന്നതു നിറു​ത്ത​ണ​മെന്നു കുറച്ച്‌ കഴിഞ്ഞ്‌ ഞാൻ മനസ്സി​ലാ​ക്കി. അപ്പോൾ യഹോ​വ​യു​ടെ സേവന​ത്തിൽ എനിക്കു ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളിൽ കൂടുതൽ സന്തോ​ഷി​ക്കാൻ കഴിഞ്ഞു. എന്തായാ​ലും മടുത്ത്‌ പിന്മാ​റാൻ ഞാൻ ഉദ്ദേശി​ച്ചി​ട്ടില്ല. ക്ഷീണി​ത​രാ​യി​രു​ന്നെ​ങ്കി​ലും ശത്രു​ക്കളെ പിന്തു​ടർന്ന ഗിദെ​യോ​നെ​യും അദ്ദേഹ​ത്തി​ന്റെ 300 ആളുക​ളെ​യും​പോ​ലെ ഞാനും പോരാ​ട്ടം തുടരും.”—ന്യായാ. 8:4.

16. ദൂതന്മാ​രു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

16 ഇക്കാര്യ​ത്തിൽ വിശ്വ​സ്‌ത​രായ ദൂതന്മാ​രും നല്ലൊരു മാതൃ​ക​യാണ്‌. ഒരിക്കൽ ദുഷ്ടനായ ആഹാബ്‌ രാജാ​വി​നെ എങ്ങനെ വിഡ്‌ഢി​യാ​ക്കാ​മെന്ന്‌ യഹോവ ദൂതന്മാ​രോട്‌ അഭി​പ്രാ​യം ചോദി​ച്ചു. പല ദൂതന്മാ​രും അവരവ​രു​ടെ അഭി​പ്രാ​യങ്ങൾ പറഞ്ഞു. അതിൽ ഒരു ദൂതന്റെ അഭി​പ്രാ​യം കേട്ട​പ്പോൾ ആ ദൂതന്റെ തന്ത്രം വിജയി​ക്കു​മെന്ന്‌ യഹോവ പറഞ്ഞു. (1 രാജാ. 22:19-22) അതു കേട്ട്‌ വിശ്വ​സ്‌ത​രായ മറ്റു ദൂതന്മാർ നിരു​ത്സാ​ഹി​ത​രാ​യോ? ‘ഞാൻ ഓരോ​രോ തന്ത്രങ്ങൾ ആലോ​ചിച്ച്‌ വെറുതെ സമയം കളഞ്ഞു’ എന്ന്‌ അവർ ചിന്തി​ച്ചു​കാ​ണു​മോ? അതിനു യാതൊ​രു സാധ്യ​ത​യു​മില്ല. ദൂതന്മാർ ശരിക്കും താഴ്‌മ​യു​ള്ള​വ​രാണ്‌. എല്ലാവ​രും യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്ത​ണ​മെ​ന്നാണ്‌ അവരുടെ ആഗ്രഹം.—ന്യായാ. 13:16-18; വെളി. 19:10.

17. ആഗ്രഹിച്ച ഒരു നിയമനം ലഭിക്കാ​ത്ത​തി​ന്റെ പേരിൽ നിരു​ത്സാ​ഹം തോന്നി​യാൽ നമ്മൾ എന്തു ചെയ്യണം?

17 ദൈവ​ത്തി​ന്റെ പേര്‌ വഹിക്കാ​നും ദൈവ​ത്തി​ന്റെ രാജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാ​നും ഉള്ള നിയമ​ന​മാണ്‌ നമുക്കുള്ള ഏറ്റവും വലിയ ബഹുമ​തി​യെന്ന്‌ ഓർക്കുക. നിയമ​നങ്ങൾ നമുക്കു കിട്ടി​യേ​ക്കാം, ചില​പ്പോൾ കിട്ടി​യി​ല്ലെ​ന്നു​വ​രാം. പക്ഷേ ദൈവ​മു​മ്പാ​കെ​യുള്ള നമ്മുടെ വില നിർണ​യി​ക്കു​ന്നത്‌ അതല്ല. നമ്മുടെ എളിമ​യും താഴ്‌മ​യും ആണ്‌ യഹോ​വ​യ്‌ക്കും സഹോ​ദ​ര​ങ്ങൾക്കും നമ്മളെ ശരിക്കും പ്രിയ​പ്പെ​ട്ട​വ​രാ​ക്കു​ന്നത്‌. അതു​കൊണ്ട്‌ എളിമ​യും താഴ്‌മ​യും ഉള്ളവരാ​യി​രി​ക്കാ​നുള്ള സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു യാചി​ക്കുക. ആ ഗുണങ്ങൾ കാണിച്ച ബൈബിൾ കഥാപാ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കുക. നിങ്ങൾക്കു സാധി​ക്കുന്ന വിധങ്ങ​ളി​ലെ​ല്ലാം സഹോ​ദ​ര​ങ്ങളെ സേവി​ക്കുക.—സങ്കീ. 138:6; 1 പത്രോ. 5:5.

പ്രതി​ക​ര​ണ​മി​ല്ലാത്ത ഒരു പ്രദേ​ശത്ത്‌ പ്രവർത്തി​ക്കു​മ്പോൾ

18-19. നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകൾക്കു സന്തോ​ഷ​വാർത്ത​യോ​ടു കാര്യ​മായ താത്‌പ​ര്യ​മി​ല്ലെ​ങ്കി​ലും നിങ്ങൾക്ക്‌ എങ്ങനെ ശുശ്രൂ​ഷ​യിൽ സന്തോഷം നിലനി​റു​ത്താം?

18 സന്തോ​ഷ​വാർത്ത​യോ​ടു താത്‌പ​ര്യ​മി​ല്ലാത്ത ഒരു പ്രദേ​ശത്ത്‌ പ്രവർത്തി​ക്കു​ന്ന​തു​കൊ​ണ്ടോ ആളുകളെ വീടു​ക​ളിൽ കാണാൻ കഴിയാ​ത്ത​തു​കൊ​ണ്ടോ നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും നിരു​ത്സാ​ഹം തോന്നി​യി​ട്ടു​ണ്ടോ? അത്തരം ഒരു സാഹച​ര്യ​ത്തിൽ നമ്മുടെ സന്തോഷം നഷ്ടപ്പെ​ടാ​തെ നോക്കാ​നും അതു വർധി​പ്പി​ക്കാ​നും എന്തു ചെയ്യാ​നാ​കും? “ ശുശ്രൂഷ മെച്ച​പ്പെ​ടു​ത്താ​നുള്ള വഴികൾ” എന്ന ചതുര​ത്തിൽ നമുക്കു ചെയ്യാ​നാ​കുന്ന ചില വഴികൾ കൊടു​ത്തി​ട്ടുണ്ട്‌. ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ ശരിയായ ഒരു കാഴ്‌ച​പ്പാട്‌ ഉണ്ടായി​രി​ക്കേ​ണ്ട​തും പ്രധാ​ന​മാണ്‌. എന്നു​വെ​ച്ചാൽ എന്താണ്‌?

19 ദൈവ​നാ​മം അറിയി​ക്കാ​നും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​നും ആണ്‌ മുഖ്യ​മാ​യും നമ്മൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്നത്‌ എന്ന്‌ ഓർക്കുക. ചുരുക്കം ചിലർ മാത്രമേ ജീവനി​ലേ​ക്കുള്ള വഴി കണ്ടെത്തു​ക​യു​ള്ളൂ എന്നു യേശു വ്യക്തമാ​യി പറഞ്ഞു. (മത്താ. 7:13, 14) ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മ്പോൾ യഹോ​വ​യോ​ടും യേശു​വി​നോ​ടും ദൂതന്മാ​രോ​ടും ഒപ്പം പ്രവർത്തി​ക്കാ​നുള്ള പദവി​യാണ്‌ നമുക്കു​ള്ളത്‌. (മത്താ. 28:19, 20; 1 കൊരി. 3:9; വെളി. 14:6, 7) അർഹത​യു​ള്ള​വരെ യഹോവ ആകർഷി​ക്കും. (യോഹ. 6:44) അതു​കൊണ്ട്‌ ഒരു പ്രാവ​ശ്യം ഒരാൾ നമ്മുടെ സന്ദേശം കേട്ടി​ല്ലെ​ങ്കി​ലും അടുത്ത പ്രാവ​ശ്യം അദ്ദേഹം അതു ശ്രദ്ധി​ച്ചേ​ക്കാം.

20. നിരു​ത്സാ​ഹ​ത്തിന്‌ എതിരെ പോരാ​ടു​ന്ന​തി​നെ​ക്കു​റിച്ച്‌ യിരെമ്യ 20:8, 9 നമ്മളെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

20 യിരെമ്യ പ്രവാ​ച​ക​നിൽനി​ന്നും നമുക്കു ധാരാളം പഠിക്കാ​നാ​കും. പ്രവർത്തി​ക്കാൻ അങ്ങേയറ്റം ബുദ്ധി​മു​ട്ടുള്ള ഒരു പ്രദേ​ശ​ത്താ​യി​രു​ന്നു യിരെ​മ്യ​യു​ടെ നിയമനം. ‘ദിവസം മുഴുവൻ’ ആളുകൾ അദ്ദേഹത്തെ നിന്ദി​ക്കു​ക​യും പരിഹ​സി​ക്കു​ക​യും ചെയ്‌തു. (യിരെമ്യ 20:8, 9 വായി​ക്കുക.) ഒരവസ​ര​ത്തിൽ തീർത്തും നിരു​ത്സാ​ഹി​ത​നായ അദ്ദേഹം നിയമനം ഇട്ടിട്ടു​പോ​യാ​ലോ എന്നു​പോ​ലും ചിന്തിച്ചു. പക്ഷേ അദ്ദേഹം അങ്ങനെ ചെയ്‌തില്ല. എന്തു​കൊണ്ട്‌? “യഹോ​വ​യു​ടെ സന്ദേശങ്ങൾ” യിരെ​മ്യ​യു​ടെ ഉള്ളിൽ തീപോ​ലെ​യാ​യി​രു​ന്നു. അത്‌ ഉള്ളിൽ ഒതുക്കി​വെ​ക്കാൻ അദ്ദേഹ​ത്തി​നു കഴിയു​മാ​യി​രു​ന്നില്ല. നമ്മുടെ മനസ്സും ഹൃദയ​വും നമ്മൾ ദൈവ​വ​ച​നം​കൊണ്ട്‌ നിറയ്‌ക്കു​മ്പോൾ നമുക്കും അങ്ങനെ​തന്നെ തോന്നും. ദിവസ​വും ദൈവ​വ​ചനം പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നമുക്കും യിരെ​മ്യ​യെ​പ്പോ​ലെ​യാ​കാം. അപ്പോൾ ശുശ്രൂ​ഷ​യി​ലുള്ള നമ്മുടെ സന്തോഷം വർധി​ക്കും, കൂടുതൽ ആളുകൾ നമ്മുടെ സന്ദേശം ശ്രദ്ധി​ക്കാ​നും തുടങ്ങി​യേ​ക്കാം.—യിരെ. 15:16.

21. നിരു​ത്സാ​ഹ​ത്തിന്‌ എതി​രെ​യുള്ള പോരാ​ട്ട​ത്തിൽ നമുക്ക്‌ എങ്ങനെ വിജയി​ക്കാം?

21 “സാത്താന്റെ ആവനാ​ഴി​യി​ലെ ഒരു പ്രധാന ആയുധ​മാണ്‌ നിരു​ത്സാ​ഹം” എന്നു നമ്മൾ മുമ്പ്‌ കണ്ട ഡെബോര അഭി​പ്രാ​യ​പ്പെ​ടു​ന്നു. പക്ഷേ സാത്താന്റെ ആയുധങ്ങൾ യഹോ​വ​യു​ടെ മുന്നിൽ ഒന്നുമല്ല. അതു​കൊണ്ട്‌ എന്തി​ന്റെ​യെ​ങ്കി​ലും പേരിൽ നിങ്ങൾക്കു നിരു​ത്സാ​ഹം തോന്നി​യാൽ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു കേണ​പേ​ക്ഷി​ക്കുക. നിങ്ങളു​ടെ അപൂർണ​ത​യും ബലഹീ​ന​ത​ക​ളും ആയി പോരാ​ടാൻ യഹോവ നിങ്ങളെ സഹായി​ക്കും. രോഗി​യാ​യി​രി​ക്കു​മ്പോൾ യഹോവ നിങ്ങളെ താങ്ങും. നിയമ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും ശരിയായ ഒരു കാഴ്‌ച​പ്പാട്‌ ഉണ്ടായി​രി​ക്കാ​നും യഹോവ നിങ്ങളെ സഹായി​ക്കും. അതു​കൊണ്ട്‌ നിങ്ങളു​ടെ ആകുല​തകൾ ഓരോ​ന്നും നിങ്ങളു​ടെ സ്വർഗീ​യ​പി​താ​വി​ന്റെ മുന്നിൽ പകരുക. യഹോ​വ​യു​ടെ സഹായ​ത്താൽ നിരു​ത്സാ​ഹ​ത്തിന്‌ എതി​രെ​യുള്ള പോരാ​ട്ട​ത്തിൽ വിജയി​ക്കാൻ നിങ്ങൾക്കു കഴിയും.

ഗീതം 41 എന്റെ പ്രാർഥന കേൾക്കേ​ണ​മേ

^ ഖ. 5 നമു​ക്കെ​ല്ലാം ഇടയ്‌ക്കൊ​ക്കെ നിരു​ത്സാ​ഹം തോന്നാ​റുണ്ട്‌. നിരു​ത്സാ​ഹം തോന്നു​മ്പോൾ നമുക്ക്‌ ചെയ്യാൻ കഴിയുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും. തീർച്ച​യാ​യും യഹോ​വ​യു​ടെ സഹായ​ത്താൽ നമുക്ക്‌ നിരു​ത്സാ​ഹ​ത്തിന്‌ എതി​രെ​യുള്ള പോരാ​ട്ട​ത്തിൽ ജയിക്കാൻ കഴിയും.

^ ഖ. 4 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 12 ലോറൽ നിസ്‌ബെറ്റ്‌ സഹോ​ദ​രി​യു​ടെ ജീവി​ത​ക​ഥ​യു​ടെ ഒരു ഭാഗം 1994 ജനുവരി 8 ലക്കം ഉണരുക!-യുടെ 9-ാം പേജിന്റെ 3, 4 ഖണ്ഡിക​ക​ളിൽ കാണാം.

^ ഖ. 69 ചിത്രക്കുറിപ്പ്‌: ഒരു സഹോ​ദ​രിക്ക്‌ ഇടയ്‌ക്കു നിരു​ത്സാ​ഹം തോന്നി​യ​പ്പോൾ ദൈവ​സേ​വ​ന​ത്തിൽ താൻ മുമ്പ്‌ ചെയ്‌ത കാര്യങ്ങൾ സഹോ​ദരി ഓർക്കു​ക​യും യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക​യും ചെയ്യുന്നു. താൻ നേരത്തേ ചെയ്‌തി​രുന്ന കാര്യ​ങ്ങ​ളും ഇപ്പോൾ ചെയ്യു​ന്ന​തും യഹോവ മറക്കി​ല്ലെന്നു സഹോ​ദ​രിക്ക്‌ ഉറപ്പുണ്ട്‌.