വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​ത​കഥ

“ഇതാ ഞങ്ങൾ! ഞങ്ങളെ അയച്ചാ​ലും!”

“ഇതാ ഞങ്ങൾ! ഞങ്ങളെ അയച്ചാ​ലും!”

ആവശ്യം അധിക​മുള്ള ഒരിട​ത്തേക്ക്‌, ഒരുപക്ഷേ ഒരു വിദേ​ശ​രാ​ജ്യ​ത്തേക്ക്‌, മാറി​ത്താ​മ​സി​ച്ചു​കൊണ്ട്‌ ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാൻ ആഗ്രഹി​ക്കുന്ന ഒരാളാ​ണോ നിങ്ങൾ? അങ്ങനെ​യാ​ണെ​ങ്കിൽ ബെർഗാം സഹോ​ദ​ര​ന്റെ​യും സഹോ​ദ​രി​യു​ടെ​യും അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾക്കു പലതും പഠിക്കാൻ കഴിയും.

1988 മുതൽ ജാക്കും മാരി-ലീനും ഒരുമിച്ച്‌ മുഴു​സ​മ​യ​സേ​വനം ചെയ്യാൻ തുടങ്ങി. സാഹച​ര്യ​ങ്ങ​ളു​മാ​യി പെട്ടെന്ന്‌ ഇണങ്ങി​ച്ചേ​രാൻ അവർക്ക്‌ ഒരു പ്രത്യേ​ക​ക​ഴി​വുണ്ട്‌. ഗ്വാദ​ലൂ​പി​ലും ഫ്രഞ്ച്‌ ഗയാന​യി​ലും ആയി അവർ പല നിയമ​ന​ങ്ങ​ളും സ്വീക​രി​ച്ചി​ട്ടുണ്ട്‌. ഇപ്പോൾ ഫ്രാൻസ്‌ ബ്രാഞ്ചി​ന്റെ കീഴിൽ വരുന്ന പ്രദേ​ശ​ങ്ങ​ളാണ്‌ അവ രണ്ടും. നമുക്കു ജാക്കി​നോ​ടും മാരി-ലീനോ​ടും ചില ചോദ്യ​ങ്ങൾ ചോദി​ക്കാം.

മുഴു​സ​മ​യ​സേ​വനം തുടങ്ങാൻ നിങ്ങളെ എന്താണു പ്രചോ​ദി​പ്പി​ച്ചത്‌?

മാരി-ലീൻ: ഗ്വാദ​ലൂ​പി​ലാ​ണു ഞാൻ വളർന്നു​വ​ന്നത്‌. എന്റെ അമ്മ തീക്ഷ്‌ണ​ത​യുള്ള ഒരു സാക്ഷി​യാ​യി​രു​ന്നു. കുട്ടി​യാ​യി​രു​ന്ന​പ്പോൾ, മിക്ക​പ്പോ​ഴും അമ്മയോ​ടൊ​പ്പം ദിവസം മുഴുവൻ ഞാൻ വയൽസേ​വ​ന​ത്തി​നു പോകു​മാ​യി​രു​ന്നു. ആളുക​ളോട്‌ എനിക്കു സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു, അതു​കൊണ്ട്‌ 1985-ൽ സ്‌കൂൾപ​ഠനം തീർന്ന ഉടനെ ഞാൻ മുൻനി​ര​സേ​വനം തുടങ്ങി.

ജാക്ക്‌: എന്റെ ചെറു​പ്പ​ത്തിൽ, ശുശ്രൂ​ഷയെ സ്‌നേ​ഹി​ച്ചി​രുന്ന മുഴു​സ​മ​യ​സേ​വ​ക​രു​ടെ കൂടെ​യാ​യി​രു​ന്നു ഞാൻ കൂടുതൽ സമയവും. അങ്ങനെ​യുള്ള ധാരാളം പേരു​ണ്ടാ​യി​രു​ന്നു. സ്‌കൂൾ അവധി​ക്കാ​ലത്ത്‌ ഞാൻ സഹായ മുൻനി​ര​സേ​വനം ചെയ്‌തി​രു​ന്നു. വാരാ​ന്ത​ങ്ങ​ളിൽ മുൻനി​ര​സേ​വ​ക​രു​ടെ​കൂ​ടെ പ്രവർത്തി​ക്കാൻ ഞങ്ങൾ അവരുടെ പ്രദേ​ശ​ത്തേക്കു ബസ്സിൽ പോകും. ആ ദിവസം മുഴുവൻ വയൽസേവനം ചെയ്‌തിട്ട്‌ വൈകു​ന്നേരം വിശ്ര​മി​ക്കാൻ ബീച്ചിൽ പോകും. അതൊക്കെ എന്തു രസമാ​യി​രു​ന്നെ​ന്നോ!

1988-ലായി​രു​ന്നു എന്റെയും മാരി-ലീന്റെ​യും വിവാഹം. അതിനു ശേഷം കുറച്ച്‌ നാൾ കഴിഞ്ഞ്‌ ഞാൻ ഇങ്ങനെ ചിന്തിച്ചു, ‘ഞങ്ങൾക്കു കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങ​ളൊ​ന്നു​മി​ല്ല​ല്ലോ, അതു​കൊണ്ട്‌ ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്‌താൽ എന്താ?’ അങ്ങനെ ഞാനും മാരി-ലീന്റെ​കൂ​ടെ മുൻനി​ര​സേ​വനം തുടങ്ങി. ഒരു വർഷം കഴിഞ്ഞ്‌ ഞങ്ങൾ മുൻനി​ര​സേ​വ​ന​സ്‌കൂ​ളിൽ പങ്കെടു​ത്തു. അതിനു ശേഷം ഞങ്ങളെ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി നിയമി​ച്ചു. ഗ്വാദ​ലൂ​പി​ലേ​ക്കാ​ണു ഞങ്ങളെ ആദ്യം അയച്ചത്‌. അവിടെ ഞങ്ങൾക്കു പല നിയമ​ന​ങ്ങ​ളും ആസ്വദി​ക്കാൻ കഴിഞ്ഞു. പിന്നീട്‌ ഞങ്ങളെ ഫ്രഞ്ച്‌ ഗയാന​യി​ലേക്കു വിട്ടു.

ഇത്രയും വർഷത്തി​നി​ട​യ്‌ക്കു നിങ്ങൾക്ക്‌ ഒരുപാ​ടു നിയമ​നങ്ങൾ മാറി​മാ​റി കിട്ടി​യ​ല്ലോ. സാഹച​ര്യ​ങ്ങൾ മാറു​മ്പോൾ അതുമാ​യി ഇണങ്ങി​ച്ചേ​രാൻ നിങ്ങളെ എന്താണു സഹായി​ച്ചത്‌?

മാരി-ലീൻ: ഞങ്ങളുടെ ഇഷ്ടപ്പെട്ട തിരു​വെ​ഴുത്ത്‌ യശയ്യ 6:8 ആണ്‌. അതു ഫ്രഞ്ച്‌ ഗയാന ബഥേലി​ലെ സഹോ​ദ​ര​ങ്ങൾക്കും അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞങ്ങളെ വിളി​ക്കു​മ്പോൾ അവർ തമാശ​യ്‌ക്ക്‌ ഇങ്ങനെ പറഞ്ഞു​കൊ​ണ്ടാ​ണു തുടങ്ങു​ന്നത്‌: “നിങ്ങളു​ടെ ഇഷ്ടപ്പെട്ട തിരു​വെ​ഴുത്ത്‌ ഓർമ​യു​ണ്ട​ല്ലോ, അല്ലേ?” അതു കേൾക്കു​മ്പോ​ഴേ ഞങ്ങൾക്കു മനസ്സി​ലാ​കും, നിയമ​ന​ത്തിൽ മാറ്റം വരാൻ പോകു​ക​യാ​ണെന്ന്‌. അപ്പോൾ ഞങ്ങൾ തിരിച്ച്‌ പറയും, “ഇതാ ഞങ്ങൾ! ഞങ്ങളെ അയച്ചാ​ലും!”

ഞങ്ങൾ ഒരിക്ക​ലും മുമ്പി​ലത്തെ നിയമ​നത്തെ ഇപ്പോ​ഴത്തെ നിയമ​ന​വു​മാ​യി താരത​മ്യം ചെയ്യാ​റില്ല. കാരണം അങ്ങനെ ചെയ്‌താൽ ഇപ്പോ​ഴത്തെ നിയമ​ന​ത്തി​ലെ അനു​ഗ്ര​ഹങ്ങൾ കാണാൻ കഴിയാ​തെ പോകും. പുതിയ നിയമ​ന​സ്ഥ​ലത്ത്‌ ഞങ്ങൾ പരിച​യ​പ്പെ​ടുന്ന സഹോ​ദ​ര​ങ്ങളെ സുഹൃ​ത്തു​ക്ക​ളാ​ക്കാ​നും ശ്രമി​ക്കും.

ജാക്ക്‌: ഞങ്ങൾ ഒരു സ്ഥലത്തു​നിന്ന്‌ മറ്റൊരു സ്ഥലത്തേക്കു മാറാൻ ചിന്തി​ക്കു​മ്പോൾ നല്ല ഉദ്ദേശ്യ​ത്തോ​ടെ ചില സഹോ​ദ​രങ്ങൾ അതു നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഞങ്ങൾ അവരുടെ അടുത്തു​നിന്ന്‌ പോകു​ന്നത്‌ അവർക്ക്‌ ഇഷ്ടമല്ലാ​യി​രു​ന്നു. പക്ഷേ ഞങ്ങൾ ഗ്വാദ​ലൂ​പിൽനിന്ന്‌ പോന്ന​പ്പോൾ ഒരു സഹോ​ദരൻ മത്തായി 13:38-ലെ യേശു​വി​ന്റെ ഈ വാക്കുകൾ ഞങ്ങളെ ഓർമി​പ്പി​ച്ചു: “വയൽ ലോകം.” അതു​കൊണ്ട്‌ എവി​ടെ​യാ​ണു സേവി​ക്കു​ന്ന​തെ​ങ്കി​ലും വയൽ ഒന്നുത​ന്നെ​യാ​ണെന്ന കാര്യം ഞങ്ങൾ സ്വയം ഓർമി​പ്പി​ക്കും. എന്തായാ​ലും, നമ്മൾ പ്രസം​ഗി​ക്കുന്ന ആളുക​ളാ​ണ​ല്ലോ ഏറ്റവും പ്രധാനം!

ഞങ്ങൾ ഒരു പ്രദേ​ശത്ത്‌ എത്തു​മ്പോൾ, അവി​ടെ​യുള്ള ആളുകൾക്കു സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ കഴിയു​ന്നതു ഞങ്ങൾ കാണുന്നു. അതു​കൊണ്ട്‌ അവരെ​പ്പോ​ലെ ജീവി​ക്കാൻ ഞങ്ങളും ശ്രമി​ക്കും. ആഹാരം വ്യത്യ​സ്‌ത​മാ​യി​രി​ക്കും, പക്ഷേ അവർ കഴിക്കു​ന്ന​തൊ​ക്കെ ഞങ്ങളും കഴിക്കും. അവർ കുടി​ക്കു​ന്നതു ഞങ്ങളും കുടി​ക്കും. ഒപ്പം ആരോ​ഗ്യ​ത്തി​ന്റെ കാര്യ​ത്തിൽ ചില മുൻക​രു​ത​ലു​ക​ളും എടുക്കും. ഓരോ നിയമ​ന​ത്തി​ലെ​യും നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ ഞങ്ങൾ ഒരു പ്രത്യേ​ക​ശ്രമം നടത്താ​റുണ്ട്‌.

മാരി-ലീൻ: ഓരോ നാട്ടി​ലെ​യും സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ ഞങ്ങൾ പലതും പഠിച്ചു. ഫ്രഞ്ച്‌ ഗയാന​യിൽ ആദ്യം വന്നപ്പോ​ഴുള്ള ഒരു സംഭവം ഞാൻ ഓർക്കു​ന്നു. ഭയങ്കര​മ​ഴ​യാ​യി​രു​ന്നു. അതു​കൊണ്ട്‌ മഴ കുറഞ്ഞിട്ട്‌ വയൽസേ​വ​ന​ത്തി​നു പോകാം എന്നു ഞങ്ങൾ ചിന്തിച്ചു. പക്ഷേ അപ്പോൾ ഒരു സഹോ​ദരി എന്നോടു ചോദി​ച്ചു, “പോയാ​ലോ?” ഞാൻ ചോദി​ച്ചു, “ഈ മഴയത്ത്‌ എങ്ങനെ പോകും?” സഹോ​ദരി പറഞ്ഞു: “കുട പിടിച്ച്‌ സൈക്കി​ളിൽ എങ്ങനെ​യാ​ണു പോകു​ന്ന​തെന്നു കാണി​ച്ചു​ത​രാം.” കുടയും ചൂടി സൈക്കിൾ എങ്ങനെ ചവിട്ടാ​മെന്ന്‌ അന്നു ഞാൻ പഠിച്ചു. അതു പഠിച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ മഴക്കാ​ലത്ത്‌ ഒരിക്ക​ലും ഞാൻ വയൽസേ​വ​ന​ത്തി​നു പോകി​ല്ലാ​യി​രു​ന്നു!

15-ഓളം പ്രാവ​ശ്യം നിങ്ങൾ മാറി​ത്താ​മ​സി​ച്ചി​ട്ടു​ണ്ട​ല്ലോ. താമസം മാറു​ന്ന​തി​നെ​ക്കു​റിച്ച്‌ എന്തെങ്കി​ലും നിർദേശം കൊടു​ക്കാ​നു​ണ്ടോ?

മാരി-ലീൻ: താമസം മാറു​ന്നത്‌ അത്ര എളുപ്പമല്ല. പക്ഷേ ശുശ്രൂഷ കഴിഞ്ഞ്‌ തിരികെ വരു​മ്പോൾ വിശ്ര​മി​ക്കാൻ പറ്റിയ ഒരു ഇടം കണ്ടെ​ത്തേ​ണ്ടതു പ്രധാ​ന​മാണ്‌.

ജാക്ക്‌: സാധാരണ പുതിയ ഒരു വീട്ടി​ലേക്കു താമസം മാറു​മ്പോൾ വീടിന്റെ അകം ഞാൻ പെയിന്റ്‌ ചെയ്യും. ഒരു സ്ഥലത്ത്‌ കുറച്ച്‌ നാള​ത്തേ​ക്കാ​ണു ഞങ്ങളെ നിയമി​ക്കു​ന്ന​തെ​ങ്കിൽ ബ്രാ​ഞ്ചോ​ഫീ​സി​ലെ സഹോ​ദ​രങ്ങൾ തമാശ​യാ​യി പറയും, “ജാക്കേ, ഇപ്രാ​വ​ശ്യം പെയിന്റ്‌ അടി​ക്കേണ്ടാ.”

മാരി-ലീൻ സാധനങ്ങൾ കെട്ടി​പ്പെ​റു​ക്കാൻ വിദഗ്‌ധ​യാണ്‌. അവൾ ഓരോ പെട്ടി​യു​ണ്ടാ​ക്കി​യിട്ട്‌, അതിന്റെ പുറത്ത്‌ “ബാത്‌റൂം,” “ബെഡ്‌റൂം,” “അടുക്കള” എന്നെല്ലാം എഴുതി ഒട്ടിക്കും. എന്നിട്ട്‌ അതിന​നു​സ​രിച്ച്‌ പെട്ടി​ക​ളിൽ സാധനങ്ങൾ വെക്കും. അതു​കൊണ്ട്‌ ഒരു പുതിയ വീട്ടിൽ വരു​മ്പോൾ ഓരോ പെട്ടി​യും ഏതു മുറി​യി​ലേ​ക്കാ​ണു പോ​കേ​ണ്ട​തെന്ന്‌ എളുപ്പ​ത്തിൽ കണ്ടുപി​ടി​ക്കാൻ കഴിയും. ഓരോ പെട്ടി​യി​ലെ​യും സാധന​ങ്ങ​ളു​ടെ ഒരു ലിസ്റ്റും അവൾ എഴുതി​യു​ണ്ടാ​ക്കും. അതു​കൊണ്ട്‌ ആവശ്യ​മുള്ള സാധനങ്ങൾ പെട്ടെന്നു കണ്ടുപി​ടി​ക്കാൻ പറ്റും.

മാരി-ലീൻ: കാര്യങ്ങൾ ഇങ്ങനെ അടു​ക്കോ​ടും ചിട്ട​യോ​ടും കൂടെ ചെയ്യാൻ പഠിച്ച​തു​കൊണ്ട്‌, ഒരു പുതിയ സ്ഥലത്ത്‌ ചെന്നാൽ പെട്ടെ​ന്നു​തന്നെ ശുശ്രൂഷ ആരംഭി​ക്കാൻ കഴിയു​ന്നു.

‘ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കു​ന്ന​തിന്‌’ നിങ്ങൾ എങ്ങനെ​യാ​ണു സമയം പട്ടിക​പ്പെ​ടു​ത്തു​ന്നത്‌?—2 തിമൊ. 4:5.

മാരി-ലീൻ: തിങ്കളാ​ഴ്‌ച​ക​ളിൽ ഞങ്ങൾ വിശ്ര​മി​ക്കു​ക​യും മീറ്റി​ങ്ങു​കൾക്കു തയ്യാറാ​കു​ക​യും ചെയ്യും. ചൊവ്വാഴ്‌ച മുതൽ ഞങ്ങൾ ശുശ്രൂ​ഷ​യ്‌ക്കു പോകും.

ജാക്ക്‌: ഓരോ മാസവും ഇത്ര മണിക്കൂർ വയൽസേ​വനം ചെയ്യണ​മെന്ന്‌ ഒരു വ്യവസ്ഥ​യു​ണ്ടെ​ങ്കി​ലും അതി​നെ​ക്കു​റിച്ച്‌ ഞങ്ങൾ ഉത്‌ക​ണ്‌ഠ​പ്പെ​ടാ​റില്ല. കാരണം, ശുശ്രൂ​ഷ​യാ​ണു ഞങ്ങളുടെ ജീവി​ത​ത്തി​ലെ മുഖ്യ​സം​ഗതി. വീട്ടിൽനിന്ന്‌ ഇറങ്ങു​ന്ന​തു​മു​തൽ തിരിച്ച്‌ വരുന്ന​തു​വരെ കാണു​ന്ന​വ​രോ​ടെ​ല്ലാം സംസാ​രി​ക്കാൻ ഞങ്ങൾ ശ്രമി​ക്കും.

മാരി-ലീൻ: ചിലയാ​ളു​കൾ ഞങ്ങളുടെ അടുത്ത്‌ വന്ന്‌ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ചോദി​ക്കാ​റുണ്ട്‌. ഞങ്ങൾ അവരോട്‌ ഒരിക്ക​ലും നേരിട്ട്‌ ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു പറഞ്ഞി​ട്ടു​ണ്ടാ​കില്ല. അതു​കൊണ്ട്‌ പിക്‌നി​ക്കി​നു പോകു​മ്പോൾപ്പോ​ലും ഞാൻ ലഘു​ലേ​ഖകൾ എടുക്കും. അതു​പോ​ലെ​തന്നെ, എപ്പോ​ഴും ഞങ്ങളുടെ വസ്‌ത്ര​ധാ​ര​ണ​വും പെരു​മാ​റ്റ​വും ശ്രദ്ധി​ക്കും. കാരണം ആളുകൾ അങ്ങനെ​യുള്ള കാര്യങ്ങൾ നിരീ​ക്ഷി​ക്കു​മ​ല്ലോ.

ജാക്ക്‌: അയൽക്കാർക്കു നല്ല പ്രവൃ​ത്തി​കൾ ചെയ്‌തു​കൊ​ണ്ടും ഞങ്ങൾ സാക്ഷീ​ക​രി​ക്കു​ന്നു. ഞാൻ നിലത്ത്‌ കിടക്കുന്ന കടലാസുകഷണങ്ങൾ പെറുക്കി വെയ്‌സ്റ്റ്‌ ബാഗു​ക​ളിൽ ഇടുക​യും ചുറ്റു​വ​ട്ടത്തെ ഇലകൾ തൂത്തു​കൂ​ട്ടു​ക​യും ചെയ്യും. ഇതൊക്കെ അയൽക്കാർ ശ്രദ്ധി​ക്കും. ചില​പ്പോൾ അവർ ചോദി​ക്കും, ‘എനിക്കു തരാൻ നിങ്ങളു​ടെ കൈയിൽ ഒരു ബൈബിൾ കാണു​മോ?’

ഒറ്റപ്പെ​ട്ടു​കി​ട​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ നിങ്ങൾ പോയി പ്രസം​ഗി​ച്ചി​ട്ടു​ണ്ട​ല്ലോ. മറക്കാ​നാ​കാത്ത അങ്ങനെ ഏതെങ്കി​ലും യാത്ര​യു​ണ്ടോ?

ജാക്ക്‌: ഗയാന​യി​ലെ ചില പ്രദേ​ശ​ങ്ങ​ളിൽ എത്തി​പ്പെ​ടാൻ വലിയ പാടാണ്‌. ചില ആഴ്‌ച​ക​ളിൽ മോശ​മായ വഴിക​ളി​ലൂ​ടെ ഞങ്ങൾ 600 കിലോ​മീ​റ്റർ (370 മൈൽ) യാത്ര ചെയ്യും. ആമസോൺ വനപ്ര​ദേ​ശത്തെ സെന്റ്‌ ഏലിയി​ലേ​ക്കുള്ള യാത്ര ഒരിക്ക​ലും മറക്കില്ല. കുണ്ടും കുഴി​യും നിറഞ്ഞ വഴിയി​ലൂ​ടെ ഒരു വാഹന​ത്തിൽ യാത്ര ചെയ്‌ത്‌, ഒരു മോ​ട്ടോർ ബോട്ടിൽ നദി കുറുകെ കടന്ന്‌, അങ്ങനെ കുറെ മണിക്കൂ​റു​കൾ എടുത്താണ്‌ ഞങ്ങൾ അവിടെ എത്തിയത്‌. അവിടെയുള്ള മിക്കവ​രും സ്വർണം കുഴി​ച്ചെ​ടു​ക്കു​ന്ന​വ​രാ​യി​രു​ന്നു. പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊടു​ത്ത​തി​നുള്ള പ്രത്യു​പ​കാ​ര​മാ​യി, ചിലർ ഞങ്ങൾക്കു ചെറിയ സ്വർണ​ക്ക​ട്ടി​കൾ സംഭാ​വ​ന​യാ​യി തന്നു! വൈകു​ന്നേരം ഞങ്ങൾ നമ്മുടെ ഒരു വീഡി​യോ കാണിച്ചു. നാട്ടു​കാ​രായ ധാരാളം പേർ അതു കാണാൻ വന്നു.

മാരി-ലീൻ: ഇയ്യടുത്ത്‌, ക്യാ​മോ​പി​യിൽ സ്‌മാ​ര​ക​പ്ര​സം​ഗം നടത്താൻ ജാക്കിനു നിയമനം കിട്ടി. അവിടെ എത്താൻ ഞങ്ങൾ ഒയാ​പോക്ക്‌ നദിയി​ലൂ​ടെ ഒരു മോ​ട്ടോർ ബോട്ടിൽ നാലു മണിക്കൂർ യാത്ര ചെയ്‌തു. നല്ല രസമുള്ള അനുഭ​വ​മാ​യി​രു​ന്നു അത്‌.

ജാക്ക്‌: നദിയി​ലെ ജലനി​രപ്പ്‌ താഴ്‌ന്നു​നിൽക്കുന്ന സമയത്ത്‌, പാറക്കൂ​ട്ട​ങ്ങ​ളും കുത്തൊ​ഴു​ക്കും ഉള്ള സ്ഥലത്തു​കൂ​ടെ പോകു​ന്നത്‌ അപകട​മാ​യി​രു​ന്നു. അങ്ങനെ​യുള്ള സ്ഥലങ്ങൾ അടുത്ത​ടുത്ത്‌ വരു​മ്പോൾ അതു നമ്മൾ നോക്കി​നി​ന്നു​പോ​കും. നല്ല വിദഗ്‌ധ​നായ ഒരാൾക്കേ അതിലൂ​ടെ ബോട്ട്‌ മുന്നോട്ട്‌ കൊണ്ടു​പോ​കാൻ കഴിയൂ. എന്താ​ണെ​ങ്കി​ലും, ഒരിക്ക​ലും മറക്കാ​നാ​കാത്ത ഒരു അനുഭ​വ​മാ​യി​രു​ന്നു അത്‌. ആ പ്രദേ​ശത്ത്‌ 6 സാക്ഷി​കളേ ഉണ്ടായി​രു​ന്നു​ള്ളൂ എങ്കിലും 50 പേർ സ്‌മാ​ര​ക​ത്തി​നു വന്നു. അതിൽ അമരി​ന്ത്യ​ക്കാ​രായ ചിലരു​മു​ണ്ടാ​യി​രു​ന്നു!

മാരി-ലീൻ: യഹോ​വ​യ്‌ക്കു​വേണ്ടി കൂടുതൽ ചെയ്യാൻ ആഗ്രഹി​ക്കുന്ന ചെറു​പ്പ​ക്കാ​രെ ഇങ്ങനെ​യുള്ള മനോ​ഹ​ര​മായ അനുഭ​വങ്ങൾ കാത്തി​രി​പ്പുണ്ട്‌. ഇങ്ങനെ​യുള്ള സാഹച​ര്യ​ങ്ങ​ളിൽ നമ്മൾ യഹോ​വ​യിൽ ആശ്രയി​ച്ചാൽ നമ്മുടെ വിശ്വാ​സം ശക്തമാ​കും. യഹോവ നമ്മളെ സഹായി​ക്കു​ന്നതു നമുക്കു നേരിട്ട്‌ കാണാൻ കഴിയും.

നിങ്ങൾ ഇതി​നോ​ടകം പല ഭാഷക​ളും പഠിച്ചി​ട്ടു​ണ്ട​ല്ലോ. പുതിയ ഭാഷകൾ പഠിക്കു​ന്നതു നിങ്ങൾക്ക്‌ എളുപ്പ​മാ​യി​രു​ന്നോ?

ജാക്ക്‌: ഒരിക്ക​ലു​മല്ല. പഠിക്കേണ്ട ആവശ്യം വന്നതു​കൊ​ണ്ടാ​ണു ഞാൻ ഈ ഭാഷകൾ പഠിച്ചത്‌. ഒരു പ്രാവ​ശ്യം എനിക്കു സ്രാനൻടോംഗോ * ഭാഷയിൽ വീക്ഷാ​ഗോ​പു​ര​പ​ഠനം നടത്തേ​ണ്ടി​വന്നു. ആ ഭാഷയിൽ ഞാൻ ഒരു ബൈബിൾവാ​യ​ന​പോ​ലും നടത്തി​യി​ട്ടി​ല്ലാ​യി​രു​ന്നു. അതു കഴിഞ്ഞ​പ്പോൾ എങ്ങനെ​യു​ണ്ടാ​യി​രു​ന്നു എന്നു ഞാൻ ഒരു സഹോ​ദ​ര​നോ​ടു ചോദി​ച്ചു. സഹോ​ദരൻ പറഞ്ഞു: “ചില വാക്കുകൾ ഞങ്ങൾക്കു പിടി​കി​ട്ടി​യില്ല. പക്ഷേ മൊത്ത​ത്തിൽ വളരെ നല്ലതാ​യി​രു​ന്നു.” കുട്ടികൾ വലിയ സഹായ​മാ​യി​രു​ന്നു. എനിക്ക്‌ ഒരു തെറ്റു പറ്റിയാൽ മുതിർന്ന​യാ​ളു​കൾ അതു പറയില്ല, പക്ഷേ കുട്ടികൾ അപ്പോൾ എന്തെങ്കി​ലും പറയും. അവരിൽനിന്ന്‌ ഞാൻ വളരെ​യ​ധി​കം പഠിച്ചു.

മാരി-ലീൻ: ഒരു പ്രദേ​ശത്ത്‌ എനിക്കു ഫ്രഞ്ചി​ലും പോർച്ചു​ഗീ​സി​ലും സ്രാനൻടോം​ഗോ​യി​ലും ബൈബിൾപ​ഠ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അതു നടത്തേണ്ട ക്രമം ഒരു സഹോ​ദരി പറഞ്ഞു​തന്നു, ആദ്യം എനിക്ക്‌ ഏറ്റവും ബുദ്ധി​മു​ട്ടുള്ള ഭാഷയായ പോർച്ചു​ഗീസ്‌ സംസാ​രി​ക്കു​ന്ന​വ​രു​മാ​യി ബൈബിൾപ​ഠനം നടത്തുക, എനിക്ക്‌ ഏറ്റവും എളുപ്പ​മുള്ള ഭാഷക്കാർക്ക്‌ അവസാനം നടത്തുക. അതു ശരിക്കും നല്ല ഒരു അഭി​പ്രാ​യ​മാ​ണെന്ന്‌ എനിക്കു പെട്ടെ​ന്നു​തന്നെ മനസ്സി​ലാ​യി.

കാരണം, ഒരു ദിവസം എനിക്ക്‌ സ്രാനൻടോം​ഗോ​യി​ലും അതു കഴിഞ്ഞ്‌ പോർച്ചു​ഗീ​സി​ലും ഓരോ ബൈബിൾപ​ഠ​ന​മു​ണ്ടാ​യി​രു​ന്നു. ഞാൻ രണ്ടാമത്തെ പഠനം തുടങ്ങി​യ​പ്പോൾ എന്റെകൂ​ടെ വന്ന സഹോ​ദരി ചോദി​ച്ചു: “മാരി-ലീൻ, നിനക്ക്‌ എന്തു പറ്റി?” അപ്പോ​ഴാണ്‌ ഞാൻ ഓർത്തത്‌, ബ്രസീ​ലു​കാ​രി​യായ ഒരു സ്‌ത്രീ​യോ​ടു ഞാൻ പോർച്ചു​ഗീ​സിൽ സംസാ​രി​ക്കു​ന്ന​തി​നു പകരം സ്രാനൻടോം​ഗോ​യി​ലാ​ണു സംസാ​രി​ക്കു​ന്നത്‌ എന്ന്‌.

നിങ്ങ​ളോ​ടൊ​പ്പം സേവി​ച്ച​വർക്കെ​ല്ലാം നിങ്ങളെ വളരെ ഇഷ്ടമാണ്‌. സഹോ​ദ​ര​ങ്ങ​ളോട്‌ ഇത്ര അടുക്കാൻ നിങ്ങൾക്ക്‌ എങ്ങനെ​യാ​ണു കഴിയു​ന്നത്‌? 

ജാക്ക്‌: സുഭാ​ഷി​തങ്ങൾ 11:25 പറയുന്നു: “ഔദാ​ര്യം കാണി​ക്കു​ന്ന​വനു സമൃദ്ധി ഉണ്ടാകും.” മറ്റുള്ള​വ​രു​ടെ​കൂ​ടെ സമയം ചെലവി​ടാ​നും അവർക്കു​വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാ​നും ഞങ്ങൾ ഒരിക്ക​ലും പിന്നോ​ട്ടു​നി​ന്നി​ട്ടില്ല. രാജ്യ​ഹാ​ളി​ന്റെ അറ്റകു​റ്റ​പ്പ​ണി​യു​ടെ സമയത്ത്‌ ചിലർ എന്നോടു പറയും: “അതു പ്രചാ​രകർ ചെയ്യട്ടെ.” അപ്പോൾ ഞാൻ പറയും: “ഞാനും ഒരു പ്രചാ​ര​ക​നാ​ണ​ല്ലോ. അതു​കൊണ്ട്‌ എന്തെങ്കി​ലും പണിയു​ണ്ടെ​ങ്കിൽ ഞാനും അതി​ന്റെ​കൂ​ടെ കൂടണ​മ​ല്ലോ.” കുറച്ച്‌ സമയം സ്വസ്ഥമാ​യി​രി​ക്കാൻ നമുക്ക്‌ എല്ലാം ആഗ്രഹ​മുണ്ട്‌. പക്ഷേ മറ്റുള്ള​വർക്കു​വേണ്ടി നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിന്‌ ആ ആഗ്രഹം ഒരു തടസ്സമാ​ക​രു​തെന്നു ഞങ്ങൾ കൂടെ​ക്കൂ​ടെ ഞങ്ങളെ​ത്തന്നെ ഓർമി​പ്പി​ക്കു​മാ​യി​രു​ന്നു.

മാരി-ലീൻ: സഹോ​ദ​ര​ങ്ങ​ളു​ടെ ഓരോ കാര്യ​ത്തി​ലും ഞങ്ങൾ പ്രത്യേക താത്‌പ​ര്യം കാണി​ച്ചി​രു​ന്നു. അതു​കൊണ്ട്‌, ആരു​ടെ​യെ​ങ്കി​ലും കുട്ടിയെ നോക്കാ​നു​ണ്ടെ​ങ്കി​ലോ കുട്ടി​കളെ സ്‌കൂ​ളിൽനിന്ന്‌ കൊണ്ടു​വ​രാ​നു​ണ്ടെ​ങ്കി​ലോ ഞങ്ങൾ അതു അറിയു​മാ​യി​രു​ന്നു. അങ്ങനെ എന്തെങ്കി​ലും അറിഞ്ഞാൽ അന്നത്തേ​ക്കുള്ള ഞങ്ങളുടെ പ്ലാനിൽ മാറ്റം വരുത്തും. അങ്ങനെ ഞങ്ങൾക്കു മറ്റുള്ള​വ​രു​മാ​യി ഒരു അടുത്ത ബന്ധം സ്ഥാപി​ക്കാൻ കഴിഞ്ഞു. അവർക്ക്‌ ആവശ്യ​മു​ള്ള​പ്പോൾ അവരെ സഹായി​ക്കാൻ ഞങ്ങൾ എപ്പോ​ഴും ഒരുക്ക​മാ​യി​രു​ന്നു.

ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പ്രവർത്തി​ച്ച​തു​കൊണ്ട്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ നിങ്ങൾക്കു ലഭിച്ചി​രി​ക്കു​ന്നു?

ജാക്ക്‌: മുഴു​സ​മ​യ​സേ​വനം ഞങ്ങളുടെ ജീവി​ത​ത്തി​നു നിറം പകർന്നു. പലപ്പോ​ഴും പ്രകൃ​തി​ഭം​ഗി​യുള്ള പ്രദേ​ശ​ങ്ങ​ളി​ലാ​ണു ഞങ്ങൾ പ്രവർത്തി​ച്ചത്‌. യഹോ​വ​യു​ടെ മനോ​ഹ​ര​മായ സൃഷ്ടികൾ കണ്ട്‌ ആസ്വദി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഇതിനി​ട​യിൽ പല പ്രതി​ബ​ന്ധ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടുണ്ട്‌. പക്ഷേ എവി​ടെ​യാ​ണെ​ങ്കി​ലും ദൈവ​ജ​ന​ത്തി​ന്റെ പിന്തുണ ഞങ്ങൾക്കുണ്ട്‌ എന്ന അറിവ്‌ ഞങ്ങൾക്കു മനസ്സമാ​ധാ​നം തന്നു.

ചെറു​പ്പ​കാ​ലത്ത്‌, ക്രിസ്‌തീ​യ​നി​ഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ എനിക്കു ഫ്രഞ്ച്‌ ഗയാന​യിൽ തടവു​കാ​ര​നാ​യി കഴി​യേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. അവി​ടേ​ക്കു​തന്നെ ഒരു മിഷന​റി​യാ​യി ഞാൻ ഒരു ദിവസം മടങ്ങി​ച്ചെ​ല്ലു​മെ​ന്നും അവിടത്തെ തടവു​കാ​രെ ഒരു ശുശ്രൂ​ഷകൻ എന്ന നിലയിൽ സന്ദർശി​ക്കാൻ കഴിയു​മെ​ന്നും സ്വപ്‌ന​ത്തിൽപ്പോ​ലും ഞാൻ വിചാരിച്ചതല്ല. യഹോവ അനു​ഗ്ര​ഹി​ക്കു​മ്പോൾ ഉദാര​മാ​യി​ത്തന്നെ അനു​ഗ്ര​ഹി​ക്കും!

മാരി-ലീൻ: മറ്റുള്ള​വർക്കു​വേണ്ടി ഏതു സേവന​വും ചെയ്യാൻ ഞാൻ ഒരുക്ക​മാ​യി​രു​ന്നു. അതായി​രു​ന്നു എന്റെ ഏറ്റവും വലിയ സന്തോഷം. യഹോ​വ​യു​ടെ സേവന​ത്തി​ലാ​യി​രി​ക്കു​ന്ന​തിൽ ഞങ്ങൾ അങ്ങേയറ്റം സന്തുഷ്ട​രാണ്‌. ഞങ്ങൾ തമ്മിലുള്ള അടുപ്പം കുറെ​ക്കൂ​ടി വർധി​ക്കാ​നും അത്‌ സഹായി​ച്ചു. പലപ്പോ​ഴും ഞങ്ങൾ ചിന്തി​ക്കു​ന്ന​തു​പോ​ലും ഒരു​പോ​ലെ​യാ​യി. ഉദാഹ​ര​ണ​ത്തിന്‌, ചില​പ്പോൾ, പ്രോ​ത്സാ​ഹനം ആവശ്യ​മായ ഒരു ദമ്പതി​കളെ ഭക്ഷണത്തി​നു വിളി​ച്ചാ​ലോ എന്നു ജാക്ക്‌ ചോദി​ക്കും. മിക്ക​പ്പോ​ഴും എന്റെ മറുപടി ഇതായി​രി​ക്കും, “ഞാനും അതുതന്നെ ആലോ​ചി​ക്കു​ക​യാ​യി​രു​ന്നു.”

ജാക്ക്‌: എനിക്കു പ്രോ​സ്റ്റേറ്റ്‌ ഗ്രന്ഥിക്കു ക്യാൻസ​റു​ണ്ടെന്ന്‌ ഈയിടെ കണ്ടുപി​ടി​ച്ചു. മാരി-ലീനു കേൾക്കാൻ ഇഷ്ടമില്ലെങ്കിലും ഞാൻ അവളോട്‌ ഒരു കാര്യം പറഞ്ഞു: “മോളേ, ഞാൻ നാളെ മരിച്ചു​പോ​യാൽ ‘നല്ല വാർധ​ക്യ​ത്തി​ലാ​യി​രി​ക്കില്ല’ ഞാൻ മരിക്കു​ന്നത്‌. പക്ഷേ എന്റെ ജീവിതം മുഴുവൻ മൂല്യ​മുള്ള കാര്യങ്ങൾ, ആത്മീയ​കാ​ര്യ​ങ്ങൾ, ചെയ്‌തെന്ന സംതൃ​പ്‌തി​യോ​ടെ​യാ​യി​രി​ക്കും ഞാൻ കണ്ണടയ്‌ക്കു​ന്നത്‌.”—ഉൽപ. 25:8.

മാരി-ലീൻ: യഹോവ തന്റെ സേവന​ത്തിൽ ഞങ്ങൾക്ക്‌ അപ്രതീ​ക്ഷി​ത​മായ വാതി​ലു​കൾ തുറന്നു​തന്നു, ഞങ്ങൾക്ക്‌ ഒരിക്ക​ലും സങ്കൽപ്പി​ക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ യഹോവ അനുവ​ദി​ച്ചു. ശരിക്കും ഞങ്ങളുടെ ജീവിതം നല്ല കാര്യ​ങ്ങൾകൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ സംഘടന എവിടെ പോകാൻ ആവശ്യ​പ്പെ​ട്ടാ​ലും ദൈവ​ത്തി​ലുള്ള പൂർണ​വി​ശ്വാ​സ​ത്തോ​ടെ അവി​ടേക്കു പോകാ​നാ​ണു ഞങ്ങളുടെ തീരു​മാ​നം!

^ ഖ. 32 ഇംഗ്ലീഷ്‌, ഡച്ച്‌, പോർച്ചു​ഗീസ്‌, ആഫ്രിക്കൻ ഭാഷകൾ എന്നിവ​യെ​ല്ലാം കൂടി​ക്ക​ലർന്ന ഒരു ഭാഷയാ​ണു സ്രാനൻടോം​ഗോ. അടിമ​ക​ളു​ടെ ഭാഷയാ​യി​രു​ന്നു അത്‌.