വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ജൂതന്മാരുടെ ‘ദേവാലയ പോലീസ് സേനയിലെ’ അംഗങ്ങൾ ആരായിരുന്നു? അവരുടെ ഉത്തരവാദിത്വങ്ങൾ എന്തായിരുന്നു?
പുരോഹിതന്മാരല്ലാതിരുന്ന ലേവ്യർക്കു മറ്റ് ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു, അവരിൽ ചിലർ പോലീസുകാരുടേതുപോലുള്ള ജോലി ചെയ്തിരുന്നു. കാവൽക്കാരുടെ മേധാവിയുടെ കീഴിലായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. അവരുടെ ഉത്തരവാദിത്വങ്ങൾ എന്തായിരുന്നെന്നു ജൂത എഴുത്തുകാരനായ ഫൈലോ വിവരിക്കുന്നു: “ഈ (ലേവ്യരിൽ) ചിലർ പ്രവേശനകവാടത്തിൽ കാവൽക്കാരായി നിന്നിരുന്നു. ചിലർ ആലയപ്രദേശത്ത് വിശുദ്ധമന്ദിരത്തിനു മുന്നിൽ നിലയുറപ്പിച്ചിരുന്നു. യോഗ്യതയില്ലാത്ത ആരും അറിഞ്ഞോ അറിയാതെയോ അങ്ങോട്ടു കടക്കാതെ നോക്കുകയായിരുന്നു ഇവരുടെ ജോലി. വേറൊരു കൂട്ടർ ആലയപ്രദേശം സംരക്ഷിക്കുന്നതിനായി രാത്രിയും പകലും ഊഴമനുസരിച്ച് റോന്തു ചുറ്റിയിരുന്നു.”
സൻഹെദ്രിൻ ഈ പോലീസ് സേനയെ തങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗിച്ചിരുന്നു. ജൂതന്മാരിൽ ഈ പോലീസ് സേനയ്ക്കു മാത്രമേ ആയുധം കൈവശം വെക്കാൻ റോമാക്കാർ അനുവാദം കൊടുത്തിരുന്നുള്ളൂ.
യേശു തന്നെ അറസ്റ്റു ചെയ്യാൻ വന്നവരോട്, താൻ ആലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ എന്താണു തന്നെ അറസ്റ്റു ചെയ്യാതിരുന്നതെന്നു ചോദിച്ചു. (മത്താ. 26:55) സർവസാധ്യതയുമനുസരിച്ച്, അവർ ദേവാലയ പോലീസ് സേനയുടെ ഭാഗമായിരുന്നതുകൊണ്ടാണു യേശു അങ്ങനെ ചോദിച്ചതെന്നു പണ്ഡിതനായ യൊയാക്കീം യെരമ്യാസ് പറയുന്നു. മുമ്പ് ഒരു അവസരത്തിൽ യേശുവിനെ അറസ്റ്റു ചെയ്യാൻ വന്നവരും ഈ പോലീസ് സേനയുടെ ഭാഗമായിരിക്കാം എന്ന് ആ പണ്ഡിതൻ വിശ്വസിക്കുന്നു. (യോഹ. 7:32, 45, 46) പിന്നീട് യേശുവിന്റെ ശിഷ്യന്മാരെ പിടിച്ചുകൊണ്ടുവരാൻ സൻഹെദ്രിൻ അയച്ചതു കാവൽക്കാരുടെ മേധാവിയെയും പോലീസ് സേനയിലെ ചില അംഗങ്ങളെയും ആണ്. പൗലോസിനെ ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ച് കൊണ്ടുപോയതും ഇവരായിരിക്കാനാണു സാധ്യത.—പ്രവൃ. 4:1-3; 5:17-27; 21:27-30.