വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 40

‘നിന്നെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നതു കാക്കുക’

‘നിന്നെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നതു കാക്കുക’

“തിമൊ​ഥെ​യൊ​സേ, നിന്നെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നതു ഭദ്രമാ​യി കാക്കണം.”​—1 തിമൊ. 6:20.

ഗീതം 29 ഞങ്ങളുടെ പേരി​നൊത്ത്‌ ജീവി​ക്കു​ന്നു

പൂർവാവലോകനം *

1-2. 1 തിമൊ​ഥെ​യൊസ്‌ 6:20-ൽ പറഞ്ഞി​രി​ക്കുന്ന, തിമൊ​ഥെ​യൊ​സി​നെ ഏൽപ്പിച്ച ചില കാര്യങ്ങൾ എന്തൊ​ക്കെ​യാ​യി​രു​ന്നു?

വിലപി​ടി​പ്പുള്ള സാധനങ്ങൾ ചില​പ്പോൾ നമ്മൾ മറ്റുള്ള​വരെ സൂക്ഷി​ക്കാൻ ഏൽപ്പി​ക്കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ നമ്മുടെ പക്കലുള്ള പണം ബാങ്കിൽ നിക്ഷേ​പി​ക്കു​ന്നു. നമ്മുടെ പണം അവിടെ സുരക്ഷി​ത​മാ​യി​രി​ക്കു​മെ​ന്നും അതു നഷ്ടപ്പെ​ടി​ല്ലെ​ന്നും ആരും മോഷ്ടി​ക്കി​ല്ലെ​ന്നും ഉള്ള പ്രതീ​ക്ഷ​യി​ലാണ്‌ നമ്മൾ അങ്ങനെ ചെയ്യു​ന്നത്‌. അതെ, നമ്മൾ നമുക്കു വിലയുള്ള കാര്യങ്ങൾ മറ്റുള്ള​വരെ വിശ്വ​സിച്ച്‌ ഏൽപ്പി​ക്കാ​റുണ്ട്‌. അതു​കൊണ്ട്‌ ഒരാളെ ഒരു കാര്യം വിശ്വ​സിച്ച്‌ ഏൽപ്പി​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു നമുക്ക്‌ അറിയാം.

2 1 തിമൊ​ഥെ​യൊസ്‌ 6:20 വായി​ക്കുക. തിമൊ​ഥെ​യൊ​സി​നു ലഭിച്ച വില​യേ​റിയ ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അദ്ദേഹത്തെ ഓർമി​പ്പി​ച്ചു. മനുഷ്യ​വർഗ​ത്തെ​ക്കു​റി​ച്ചുള്ള ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്റെ ശരിയായ അറിവാ​യി​രു​ന്നു അത്‌. കൂടാതെ, ‘ദൈവ​വ​ചനം പ്രസം​ഗി​ക്കാ​നും’ ‘സുവി​ശേ​ഷ​കന്റെ ജോലി ചെയ്യാ​നും’ ഉള്ള പദവി​യും തിമൊ​ഥെ​യൊ​സി​നെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രു​ന്നു. (2 തിമൊ. 4:2, 5) തിമൊ​ഥെ​യൊ​സി​നെ വിശ്വ​സിച്ച്‌ ഏൽപ്പിച്ച കാര്യ​ങ്ങ​ളെ​ല്ലാം ഭദ്രമാ​യി കാത്തു​സൂ​ക്ഷി​ക്കാൻ പൗലോസ്‌ അദ്ദേഹത്തെ ഓർമി​പ്പി​ച്ചു. തിമൊ​ഥെ​യൊ​സി​നെ​പ്പോ​ലെ, നമ്മളെ​യും ചില വില​യേ​റിയ കാര്യങ്ങൾ ഭരമേൽപ്പി​ച്ചി​ട്ടുണ്ട്‌. എന്തൊ​ക്കെ​യാണ്‌ അത്‌? യഹോവ നമുക്കു തന്നിരി​ക്കുന്ന നിക്ഷേ​പങ്ങൾ നമ്മൾ കാത്തു​സൂ​ക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

വില​യേ​റിയ സത്യങ്ങൾ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നു

3-4. ബൈബിൾസ​ത്യ​ങ്ങൾ വില​യേ​റി​യ​താ​യി​രി​ക്കു​ന്ന​തി​ന്റെ ചില കാരണങ്ങൾ എന്തൊ​ക്കെ​യാണ്‌?

3 തന്റെ വചനമായ ബൈബി​ളി​ലെ വില​യേ​റിയ സത്യങ്ങൾ യഹോവ നമുക്കു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ബൈബിൾസ​ത്യ​ങ്ങൾ വില​യേ​റി​യ​താണ്‌ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധത്തിൽ വരാൻ എങ്ങനെ കഴിയു​മെ​ന്നും ജീവി​ത​ത്തിൽ യഥാർഥ സന്തോ​ഷ​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ങ്കിൽ എന്തു ചെയ്യണ​മെ​ന്നും അതു നമ്മളെ പഠിപ്പി​ക്കു​ന്നു. ആ സത്യങ്ങൾ വിശ്വ​സി​ക്കു​ക​യും അത്‌ അനുസ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, ഇന്നുള്ള തെറ്റായ ആശയങ്ങൾ നമ്മളെ കബളി​പ്പി​ക്കു​ക​യില്ല. ധാർമി​ക​മാ​യി ശുദ്ധി​യോ​ടെ ജീവി​ക്കാ​നും നമുക്കു കഴിയും.​—1 കൊരി. 6:9-11.

4 ദൈവ​വ​ച​ന​ത്തി​ലെ സത്യങ്ങൾ വില​യേ​റി​യ​താ​യി​രി​ക്കു​ന്ന​തി​നു മറ്റൊരു കാരണ​വു​മുണ്ട്‌. യഹോവ അതു വെളി​പ്പെ​ടു​ത്തു​ന്നത്‌ ഉചിത​മായ മനോ​ഭാ​വ​വും താഴ്‌മ​യും ഉള്ള ആളുകൾക്കു മാത്ര​മാണ്‌. (പ്രവൃ. 13:48) ഇന്നു ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ ഉപയോ​ഗി​ച്ചാണ്‌ യഹോവ ബൈബി​ളി​നെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ന്ന​തെന്നു താഴ്‌മ​യുള്ള ആളുകൾ അംഗീ​ക​രി​ക്കു​ന്നു. (മത്താ. 11:25; 24:45) ആ സത്യങ്ങൾ മനസ്സി​ലാ​ക്കാൻ നമുക്കു സ്വന്തമാ​യി കഴിയില്ല. ആ സത്യങ്ങ​ളു​ടെ അത്ര മൂല്യ​മുള്ള മറ്റൊ​ന്നില്ല.​—സുഭാ. 3:13, 15.

5. യഹോവ നമ്മളെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കുന്ന മറ്റൊരു കാര്യം എന്താണ്‌?

5 തന്നെയും തന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറി​ച്ചുള്ള സത്യം മറ്റുള്ള​വരെ പഠിപ്പി​ക്കാ​നുള്ള പദവി​യും യഹോവ നമ്മളെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നു. (മത്താ. 24:14) നമ്മൾ അറിയി​ക്കുന്ന സന്ദേശം വളരെ വില​യേ​റി​യ​താണ്‌. കാരണം യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കാൻ അത്‌ ആളുകളെ സഹായി​ക്കു​ന്നു. കൂടാതെ, നിത്യ​ജീ​വൻ നേടാ​നുള്ള അവസരം അത്‌ അവർക്കു കൊടു​ക്കു​ക​യും ചെയ്യുന്നു. (1 തിമൊ. 4:16) പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലെ നമ്മുടെ പങ്ക്‌ ചെറു​താ​യാ​ലും വലുതാ​യാ​ലും ഇക്കാലത്ത്‌ നടക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട പ്രവർത്ത​നത്തെ നമ്മൾ പിന്തു​ണ​യ്‌ക്കു​ക​യാണ്‌. (1 തിമൊ. 2:3, 4) അങ്ങനെ ചെയ്‌തു​കൊണ്ട്‌ ദൈവ​ത്തി​ന്റെ സഹപ്ര​വർത്ത​ക​രാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എത്ര വലി​യൊ​രു ബഹുമ​തി​യാണ്‌!​—1 കൊരി. 3:9.

നിങ്ങളെ ഭരമേൽപ്പി​ച്ചി​രി​ക്കു​ന്നതു മുറുകെ പിടി​ക്കു​ക

മറ്റുള്ളവർ സത്യം വിട്ടു​പോ​കാൻ തീരു​മാ​നി​ച്ച​പ്പോൾ തിമൊ​ഥെ​യൊസ്‌ ഉറച്ചു​നിൽക്ക​ണ​മാ​യി​രു​ന്നു (6-ാം ഖണ്ഡിക കാണുക)

6. ദൈവ​ത്തി​ന്റെ സഹപ്ര​വർത്ത​ക​രാ​യി​രി​ക്കാ​നുള്ള പദവി വിലമ​തി​ക്കാ​തി​രുന്ന ചിലർക്ക്‌ എന്തു സംഭവി​ച്ചു?

6 തിമൊ​ഥെ​യൊ​സി​ന്റെ കാലത്ത്‌ ചിലർ ദൈവ​ത്തി​ന്റെ സഹപ്ര​വർത്ത​ക​രാ​യി​രി​ക്കാ​നുള്ള പദവി വിലമ​തി​ച്ചില്ല. ഈ വ്യവസ്ഥി​തി​യോ​ടുള്ള ഇഷ്ടം​കൊണ്ട്‌ ദേമാസ്‌ പൗലോ​സി​നോ​ടൊ​പ്പം ദൈവ​സേ​വനം ചെയ്യാ​നുള്ള അവസരം വേണ്ടെ​ന്നു​വെച്ചു. (2 തിമൊ. 4:10) ഇനി, ഫുഗ​ലൊ​സും ഹെർമൊ​ഗ​നേ​സും അവരുടെ പ്രസം​ഗ​പ്ര​വർത്തനം നിറുത്തി. പൗലോസ്‌ നേരി​ട്ട​തു​പോ​ലുള്ള ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​മെന്നു ഭയന്നി​ട്ടാ​യി​രി​ക്കാം അത്‌. (2 തിമൊ. 1:15) ഹുമന​യൊ​സും അലക്‌സാ​ണ്ട​റും ഫിലേ​ത്തൊ​സും വിശ്വാ​സ​ത്യാ​ഗി​ക​ളാ​കു​ക​യും സത്യം വിട്ടു​പോ​കു​ക​യും ചെയ്‌തു. (1 തിമൊ. 1:19, 20; 2 തിമൊ. 2:16-18) വ്യക്തമാ​യും ഒരു കാലത്ത്‌ ഇവരെ​ല്ലാം ആത്മീയ​മാ​യി ശക്തരാ​യി​രു​ന്നു, പക്ഷേ ശരിക്കും മൂല്യ​മുള്ള കാര്യങ്ങൾ എന്താ​ണെന്ന്‌ ഇടയ്‌ക്കു​വെച്ച്‌ അവർ മറന്നു​പോ​യി.

7. സാത്താൻ നമു​ക്കെ​തി​രെ എന്തൊക്കെ തന്ത്രങ്ങ​ളാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌?

7 യഹോവ നമ്മളെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കുന്ന നിക്ഷേ​പങ്ങൾ നമ്മൾ വിട്ടു​ക​ള​യാ​നാണ്‌ സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. അതിനു നമ്മളെ പ്രേരി​പ്പി​ക്കാൻ സാത്താൻ എന്തൊ​ക്കെ​യാണ്‌ ചെയ്യു​ന്നത്‌? സാത്താന്റെ ചില തന്ത്രങ്ങൾ നമുക്ക്‌ ഒന്നു നോക്കാം. സത്യത്തി​നു മേലുള്ള നമ്മുടെ പിടി അയച്ചു​ക​ള​ഞ്ഞേ​ക്കാ​വുന്ന മൂല്യ​ങ്ങ​ളും ചിന്തക​ളും സ്വഭാ​വ​രീ​തി​ക​ളും നമ്മളി​ലേക്കു കടത്തി​വി​ടാ​നാ​യി സാത്താൻ വിനോ​ദ​ങ്ങ​ളും മാധ്യ​മ​ങ്ങ​ളും ഉപയോ​ഗി​ക്കു​ന്നു. ഇനി, നമ്മൾ പ്രസം​ഗ​പ്ര​വർത്തനം നിറു​ത്തി​ക്ക​ള​യാൻ അവൻ എതിർപ്പു​ക​ളും സമപ്രാ​യ​ക്കാ​രിൽനി​ന്നുള്ള സമ്മർദ​ങ്ങ​ളും ഉപയോ​ഗിച്ച്‌ നമ്മളെ ഭീഷണി​പ്പെ​ടു​ത്തും. കൂടാതെ, വിശ്വാ​സ​ത്യാ​ഗി​കൾ “‘അറിവ്‌’ എന്നു കളവായി പറയുന്ന” കാര്യ​ങ്ങ​ളി​ലേക്കു നമ്മുടെ ശ്രദ്ധ തിരി​ച്ചു​വി​ടാ​നും സാത്താൻ ശ്രമി​ക്കും, അങ്ങനെ നമ്മൾ സത്യം പൂർണ​മാ​യി ഉപേക്ഷി​ക്കും എന്ന്‌ അവൻ പ്രതീ​ക്ഷി​ക്കു​ന്നു.​—1 തിമൊ. 6:20, 21.

8. ഡാനി​യേ​ലി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നാ​കും?

8 ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ സത്യത്തി​നു മേലുള്ള നമ്മുടെ പിടി മെല്ലെ അയഞ്ഞു​പോ​യേ​ക്കാം. ഡാനിയേലിന്റെ * അനുഭവം നോക്കാം. ഡാനി​യേ​ലി​നു വീഡി​യോ ഗെയി​മു​കൾ വളരെ ഇഷ്ടമാ​യി​രു​ന്നു. ഡാനി​യേൽ പറയുന്നു: “ഏകദേശം പത്തു വയസ്സു​ള്ള​പ്പോൾമു​തൽ ഞാൻ വീഡി​യോ ഗെയി​മു​കൾ കളിക്കാൻ തുടങ്ങി. ആദ്യ​മൊ​ക്കെ അത്ര കുഴപ്പ​മൊ​ന്നു​മി​ല്ലാത്ത ഗെയി​മു​ക​ളാണ്‌ ഞാൻ കളിച്ചു​കൊ​ണ്ടി​രു​ന്നത്‌. പതി​യെ​പ്പ​തി​യെ അക്രമ​വും ഭൂതവി​ദ്യ​യും ഒക്കെ ഉൾപ്പെട്ട ഗെയി​മു​കൾ കളിക്കാൻ തുടങ്ങി.” വന്നുവന്ന്‌ ഡാനി​യേൽ ദിവസ​വും 15 മണിക്കൂർവരെ കളിക്കു​മാ​യി​രു​ന്നു. “ഞാൻ കളിക്കുന്ന ഗെയി​മു​ക​ളും അതിനു​വേണ്ടി കളയുന്ന സമയവും എന്നെ യഹോ​വ​യിൽനിന്ന്‌ അകറ്റു​ന്നു​ണ്ടെന്ന്‌ എനിക്ക്‌ ഉള്ളിന്റെ ഉള്ളിൽ ബോധ്യ​മു​ണ്ടാ​യി​രു​ന്നു. ബൈബിൾ പറയു​ന്ന​തു​പോ​ലെ​യൊ​ന്നും ചെയ്യേണ്ട ആവശ്യ​മില്ല എന്നുവരെ ചിന്തി​ക്കാൻ എന്റെ ഹൃദയം എന്നെ പ്രേരി​പ്പി​ച്ചു.” ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ വിനോ​ദ​ത്തി​നു നമ്മളെ പതുക്കെ സത്യത്തിൽനിന്ന്‌ അകറ്റാൻ കഴിയും. അങ്ങനെ സംഭവി​ച്ചാൽ യഹോവ നമുക്കു തന്ന വില​യേ​റിയ കാര്യങ്ങൾ നഷ്ടപ്പെ​ടു​ത്തു​ന്ന​തി​ലാ​യി​രി​ക്കും അതു ചെന്ന്‌ അവസാ​നി​ക്കുക.

നമുക്ക്‌ എങ്ങനെ സത്യം മുറുകെ പിടി​ക്കാം?

9. 1 തിമൊ​ഥെ​യൊസ്‌ 1:18, 19 സൂചി​പ്പി​ക്കു​ന്നത്‌ അനുസ​രിച്ച്‌, പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ ആരോടു താരത​മ്യ​പ്പെ​ടു​ത്തി?

9 1 തിമൊ​ഥെ​യൊസ്‌ 1:18, 19 വായി​ക്കുക. പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ ഒരു പടയാ​ളി​യോട്‌ ഉപമി​ക്കു​ക​യും “നല്ല പോരാ​ട്ട​ത്തിൽ പോരാ​ടാൻ” പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. അത്‌ അക്ഷരാർഥ​ത്തി​ലുള്ള ഒരു പോരാ​ട്ട​മാ​യി​രു​ന്നില്ല. മറിച്ച്‌ ആത്മീയ​പോ​രാ​ട്ട​മാ​യി​രു​ന്നു. ഏതെല്ലാം വിധങ്ങ​ളി​ലാണ്‌ ഒരു ക്രിസ്‌ത്യാ​നി യുദ്ധത്തിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന പടയാ​ളി​യെ​പ്പോ​ലെ​യാ​യി​രി​ക്കു​ന്നത്‌? ക്രിസ്‌തു​വി​ന്റെ പടയാ​ളി​കൾ എന്ന നിലയിൽ നമ്മൾ ഏതെല്ലാം ഗുണങ്ങൾ വളർത്തി​യെ​ടു​ക്കണം? പൗലോ​സി​ന്റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന അഞ്ചു പാഠങ്ങൾ നമുക്കു നോക്കാം. സത്യം മുറുകെ പിടി​ക്കാൻ ഇതു നമ്മളെ സഹായി​ക്കും.

10. ദൈവ​ഭ​ക്തി​യിൽ എന്ത്‌ ഉൾപ്പെ​ടു​ന്നു, അത്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 ദൈവ​ഭക്തി വളർത്തി​യെ​ടു​ക്കുക. ഒരു നല്ല പടയാളി വിശ്വ​സ്‌ത​നാ​യി​രി​ക്കും, താൻ സ്‌നേ​ഹി​ക്കുന്ന ഒരാ​ളെ​യോ മൂല്യ​മു​ള്ള​താ​യി കാണുന്ന എന്തി​നെ​യെ​ങ്കി​ലു​മോ സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടി അദ്ദേഹം അവസാ​നം​വരെ പോരാ​ടും. ദൈവ​ഭക്തി വളർത്തി​യെ​ടു​ക്കാൻ, അതായത്‌ എപ്പോ​ഴും ദൈവ​ത്തോ​ടു വിശ്വ​സ്‌ത​മാ​യി പറ്റിനിൽക്കാൻ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (1 തിമൊ. 4:7) ദൈവ​ത്തോ​ടുള്ള ഭക്തിയും സ്‌നേ​ഹ​വും കൂടു​ന്ന​ത​നു​സ​രിച്ച്‌, സത്യം മുറുകെ പിടി​ക്കാ​നുള്ള നമ്മുടെ ആഗ്രഹ​വും വർധി​ക്കും.​—1 തിമൊ. 4:8-10; 6:6.

തിരക്കുപിടിച്ച ഒരു ദിവസ​ത്തിന്‌ ഒടുവിൽ, മീറ്റി​ങ്ങു​കൾക്കു പോകാൻ നമ്മളെ​ത്തന്നെ ഒന്നു നിർബ​ന്ധി​ക്കേ​ണ്ടി​വ​രും. പക്ഷേ അതിന്റെ സന്തോഷം വലുതാ​യി​രി​ക്കും (11-ാം ഖണ്ഡിക കാണുക)

11. നമുക്ക്‌ ആത്മശി​ക്ഷണം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 ആത്മശി​ക്ഷണം വളർത്തി​യെ​ടു​ക്കുക. ആത്മശി​ക്ഷ​ണ​മുള്ള ഒരു പടയാ​ളി​ക്കേ എപ്പോ​ഴും യുദ്ധത്തിന്‌ ഒരുങ്ങി​യി​രി​ക്കാൻ കഴിയു​ക​യു​ള്ളൂ. തെറ്റായ മോഹങ്ങൾ വിട്ടോ​ടാ​നും എപ്പോ​ഴും ദൈവി​ക​ഗു​ണങ്ങൾ കാണി​ക്കാ​നും സഹവി​ശ്വാ​സി​ക​ളോ​ടൊത്ത്‌ സഹവസി​ക്കാ​നും ഉള്ള പൗലോ​സി​ന്റെ ഉപദേശം അനുസ​രി​ച്ച​തു​കൊണ്ട്‌ തിമൊ​ഥെ​യൊസ്‌ എപ്പോ​ഴും ആത്മീയ​മാ​യി കരുത്ത​നാ​യി നിന്നു. (2 തിമൊ. 2:22) അതിനു തിമൊ​ഥെ​യൊ​സിന്‌ ആത്മശി​ക്ഷണം ആവശ്യ​മാ​യി​രു​ന്നു. തെറ്റായ മോഹ​ങ്ങ​ളോ​ടു പോരാ​ടി ജയിക്ക​ണ​മെ​ങ്കിൽ നമുക്കും ആത്മശി​ക്ഷണം ആവശ്യ​മാണ്‌. (റോമ. 7:21-25) പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ളഞ്ഞ്‌ പുതിയ വ്യക്തി​ത്വം ധരിക്കാ​നും നമുക്ക്‌ ആത്മശി​ക്ഷണം വേണം. (എഫെ. 4:22, 24) ഇനി, തിരക്കു​പി​ടിച്ച ഒരു ദിവസ​ത്തിന്‌ ഒടുവിൽ മീറ്റി​ങ്ങു​കൾക്കു പോകാൻ നമ്മളെ​ത്തന്നെ ഒന്നു നിർബ​ന്ധി​ക്കേ​ണ്ടി​വ​ന്നേ​ക്കാം, അതിനും ഈ ഗുണം ആവശ്യ​മാണ്‌.​—എബ്രാ. 10:24, 25.

12. ബൈബിൾ ഉപയോ​ഗി​ക്കാ​നുള്ള കഴിവ്‌ എങ്ങനെ മെച്ച​പ്പെ​ടു​ത്താം?

12 ഒരു പടയാളി ആയുധങ്ങൾ ഉപയോ​ഗിച്ച്‌ പരിശീ​ലി​ക്കണം. സ്ഥിരമാ​യി പരിശീ​ലി​ച്ചെ​ങ്കി​ലേ അതിൽ വിദഗ്‌ധ​നാ​കാൻ അദ്ദേഹ​ത്തി​നു കഴിയു​ക​യു​ള്ളൂ. അതു​പോ​ലെ ദൈവ​വ​ചനം കൈകാ​ര്യം ചെയ്യു​ന്ന​തിൽ നമ്മളും വിദഗ്‌ധ​രാ​കണം. ഇക്കാര്യ​ത്തിൽ യോഗങ്ങൾ നമ്മളെ സഹായി​ക്കും. (2 തിമൊ. 2:15) എങ്കിലും ബൈബിൾസ​ത്യം വില​യേ​റി​യ​താ​ണെന്നു മറ്റുള്ള​വരെ ബോധ്യ​പ്പെ​ടു​ത്ത​ണ​മെ​ങ്കിൽ നമുക്ക്‌ ഓരോ​രു​ത്തർക്കും ക്രമമാ​യി ബൈബിൾ പഠിക്കുന്ന ഒരു ശീലമു​ണ്ടാ​യി​രി​ക്കണം. നമ്മു​ടെ​തന്നെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്താൻ നമ്മൾ ദൈവ​വ​ചനം ഉപയോ​ഗി​ക്കണം. അതിനു ബൈബിൾ വെറുതേ വായി​ച്ചാൽ മാത്രം പോരാ. വായിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ക​യും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉപയോ​ഗിച്ച്‌ ആഴത്തിൽ പഠിക്കു​ക​യും വേണം. എങ്കിൽ മാത്രമേ അതു നമുക്കു ശരിക്കും മനസ്സി​ലാ​ക്കാ​നും ബാധക​മാ​ക്കാ​നും കഴിയൂ. (1 തിമൊ. 4:13-15) അപ്പോൾ മറ്റുള്ള​വരെ പഠിപ്പി​ക്കാൻ ദൈവ​വ​ചനം ഉപയോ​ഗി​ക്കു​ന്ന​തി​നു നമുക്കു കഴിയും. അതിനും, അവരെ വെറുതേ ദൈവ​വ​ചനം വായി​ച്ചു​കേൾപ്പി​ക്കു​ന്നതു മാത്രം മതിയാ​കു​ന്നില്ല. ആ വാക്യ​ത്തി​ന്റെ അർഥം എന്താ​ണെ​ന്നും അത്‌ അവർക്ക്‌ എങ്ങനെ​യാ​ണു ബാധക​മാ​കു​ന്ന​തെ​ന്നും നമ്മൾ അവർക്കു കാണി​ച്ചു​കൊ​ടു​ക്കണം. ബൈബിൾ ക്രമമാ​യി പഠിക്കാ​നുള്ള ഒരു പട്ടിക​യു​ണ്ടാ​ക്കി അതി​നോ​ടു പറ്റിനിൽക്കു​ന്നെ​ങ്കിൽ, മറ്റുള്ള​വരെ ദൈവ​വ​ചനം പഠിപ്പി​ക്കാ​നുള്ള കഴിവ്‌ മെച്ച​പ്പെ​ടു​ത്താൻ നമുക്കാ​കും.​—2 തിമൊ. 3:16, 17.

13. എബ്രായർ 5:14-നു ചേർച്ച​യിൽ നമ്മൾ വിവേ​ക​മു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

13 വിവേ​ക​മു​ള്ള​വ​രാ​യി​രി​ക്കുക. അപകടം മുൻകൂ​ട്ടി​ക്കണ്ട്‌ ഒഴിവാ​ക്കാൻ ഒരു പടയാ​ളി​ക്കു കഴിയണം. നമ്മളും അപകടം പതിയി​രി​ക്കുന്ന സാഹച​ര്യ​ങ്ങൾ തിരി​ച്ച​റി​യു​ക​യും അത്‌ ഒഴിവാ​ക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യു​ക​യും വേണം. (സുഭാ. 22:3; എബ്രായർ 5:14 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ വിനോ​ദം ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കണം. ടെലി​വി​ഷൻ പരിപാ​ടി​ക​ളി​ലും സിനി​മ​ക​ളി​ലും മിക്ക​പ്പോ​ഴും അധാർമി​ക​മായ കാര്യങ്ങൾ ഉൾപ്പെ​ടു​ന്നു. ഇങ്ങനെ​യുള്ള കാര്യങ്ങൾ ദൈവ​ത്തിന്‌ ഇഷ്ടമല്ല, അതിൽ ഉൾപ്പെ​ടു​ന്നവർ തങ്ങൾക്കു​തന്നെ ദോഷം ചെയ്യു​ക​യാണ്‌. അതു​കൊണ്ട്‌ ദൈവ​ത്തോ​ടുള്ള സ്‌നേഹം പതി​യെ​പ്പ​തി​യെ ഇല്ലാതാ​ക്കുന്ന വിനോ​ദം നമ്മൾ ഒഴിവാ​ക്കണം.​—എഫെ. 5:5, 6.

14. ഡാനി​യേൽ എങ്ങനെ​യാ​ണു വിവേ​ക​ത്തോ​ടെ പ്രവർത്തി​ച്ചത്‌?

14 നേരത്തേ കണ്ട ഡാനി​യേൽ ഈ വിധത്തിൽ വിവേകം പ്രകട​മാ​ക്കി. അക്രമ​വും ഭൂതവി​ദ്യ​യും ഉൾപ്പെ​ടുന്ന വിനോ​ദങ്ങൾ തന്നെ വളരെ​യ​ധി​കം ബാധി​ക്കു​ന്നു​ണ്ടെന്നു ഡാനി​യേൽ ഒടുവിൽ തിരി​ച്ച​റി​ഞ്ഞു. ഈ പ്രശ്‌നം മറിക​ട​ക്കാൻ സഹായി​ക്കുന്ന വിവരങ്ങൾ കണ്ടെത്താ​നാ​യി ഡാനി​യേൽ വാച്ച്‌ടവർ ലൈ​ബ്രറി ഉപയോ​ഗിച്ച്‌ ഗവേഷണം ചെയ്‌തു. അതു ഡാനി​യേ​ലി​നെ വളരെ​യ​ധി​കം സഹായി​ച്ചു. മോശ​മായ വീഡി​യോ ഗെയി​മു​കൾ കളിക്കു​ന്നതു ഡാനി​യേൽ അപ്പാടേ നിറുത്തി. ഓൺ​ലൈ​നാ​യി തന്റെകൂ​ടെ കളിച്ചി​രു​ന്ന​വ​രു​മാ​യുള്ള സഹവാസം അവസാ​നി​പ്പി​ക്കു​ക​യും ചെയ്‌തു. ഡാനി​യേൽ പറയുന്നു: “ഒഴിവു​സ​മ​യ​ങ്ങ​ളിൽ വീഡി​യോ ഗെയി​മു​കൾ കളിക്കു​ന്ന​തി​നു പകരം ഞാൻ വീടിനു പുറത്തി​റങ്ങി എന്തെങ്കി​ലു​മൊ​ക്കെ ചെയ്യാ​നും സഭയിലെ കൂട്ടു​കാ​രു​ടെ​കൂ​ടെ സഹവസി​ക്കാ​നും തുടങ്ങി.” ഡാനി​യേൽ ഇപ്പോൾ ഒരു മുൻനി​ര​സേ​വ​ക​നാ​യും മൂപ്പനാ​യും സേവി​ക്കു​ന്നു.

15. തെറ്റായ വിവരങ്ങൾ എങ്ങനെ ദോഷം ചെയ്യും?

15 വിശ്വാ​സ​ത്യാ​ഗി​കൾ പരത്തുന്ന തെറ്റായ വാർത്ത​ക​ളും നമുക്കു ദോഷം ചെയ്യു​ന്ന​താണ്‌. തിമൊ​ഥെ​യൊ​സി​നെ​പ്പോ​ലെ അതു തിരി​ച്ച​റി​യാ​നും നമുക്കു കഴിയണം. (1 തിമൊ. 4:1, 7; 2 തിമൊ. 2:16) ഉദാഹ​ര​ണ​ത്തിന്‌, വിശ്വാ​സ​ത്യാ​ഗി​കൾ നമ്മുടെ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ വ്യാജ​വാർത്തകൾ പറഞ്ഞു​പ​ര​ത്തി​യേ​ക്കാം. യഹോ​വ​യു​ടെ സംഘട​നയെ നമ്മൾ സംശയി​ക്കാ​നും ഇടയാ​ക്കി​യേ​ക്കാം. അവർ പറയുന്ന വിവര​ങ്ങൾക്കു നമ്മുടെ വിശ്വാ​സം ദുർബ​ല​മാ​ക്കാൻ കഴിയും. അവരുടെ നുണ​പ്ര​ചാ​ര​ണങ്ങൾ കേട്ട്‌ നമ്മൾ ഒരിക്ക​ലും വിഡ്‌ഢി​ക​ളാ​ക​രുത്‌. എന്തു​കൊണ്ട്‌? “ദുഷിച്ച മനസ്സു​ള്ള​വ​രും ഉള്ളിൽ സത്യമി​ല്ലാ​ത്ത​വ​രും” ആണ്‌ ഇങ്ങനെ​യുള്ള കഥകൾ കെട്ടി​ച്ച​മ​യ്‌ക്കു​ന്നത്‌. ‘വാദ​പ്ര​തി​വാ​ദ​ങ്ങൾക്കും തർക്കങ്ങൾക്കും’ തിരി കൊളു​ത്തുക എന്നതാണ്‌ അവരുടെ ലക്ഷ്യം. (1 തിമൊ. 6:4, 5) അവരുടെ നുണക​ളൊ​ക്കെ വിശ്വ​സിച്ച്‌ സഹോ​ദ​ര​ങ്ങളെ നമ്മൾ സംശയ​ദൃ​ഷ്ടി​യോ​ടെ നോക്കു​ന്നതു കാണാ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്നത്‌.

16. നമ്മുടെ ശ്രദ്ധ വ്യതി​ച​ലി​പ്പി​ക്കുന്ന ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

16 ശ്രദ്ധ വ്യതി​ച​ലി​പ്പി​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കുക. “ക്രിസ്‌തു​യേ​ശു​വി​ന്റെ ഒരു മികച്ച പടയാ​ളി​യെന്ന നിലയിൽ” തിമൊ​ഥെ​യൊസ്‌ ശുശ്രൂ​ഷ​യിൽത്തന്നെ ശ്രദ്ധ കേന്ദ്രീ​ക​രിച്ച്‌ നിറു​ത്ത​ണ​മാ​യി​രു​ന്നു. (2 തിമൊ. 2:3, 4) പണവും വസ്‌തു​വ​ക​ക​ളും ഉണ്ടാക്കാ​നുള്ള ആഗ്രഹ​മോ ജീവി​ത​ത്തി​ലെ മറ്റു ലക്ഷ്യങ്ങ​ളോ ഒന്നും തന്റെ ശ്രദ്ധ പതറി​ക്കാൻ തിമൊ​ഥെ​യൊസ്‌ അനുവ​ദി​ക്കാൻ പാടി​ല്ലാ​യി​രു​ന്നു. പുതി​യ​പു​തിയ സാധനങ്ങൾ വാങ്ങി​ക്കൂ​ട്ടാ​നുള്ള ആഗ്രഹം നമ്മു​ടെ​യും ശ്രദ്ധ പതറി​ക്കാൻ അനുവ​ദി​ക്ക​രുത്‌. യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേ​ഹ​വും ദൈവ​വ​ച​ന​ത്തോ​ടുള്ള വിലമ​തി​പ്പും അതിലെ സന്ദേശം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാ​നുള്ള ആഗ്രഹ​വും ഞെരു​ക്കി​ക്ക​ള​യാൻ ‘ധനത്തിന്റെ വഞ്ചകശ​ക്തിക്ക്‌’ കഴിയും. (മത്താ. 13:22) അതു​കൊണ്ട്‌ നമ്മൾ നമ്മുടെ ജീവിതം ലളിത​മാ​ക്കി​നി​റു​ത്തു​ക​യും എപ്പോ​ഴും ‘ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ’ നമ്മുടെ സമയവും ആരോ​ഗ്യ​വും ഉപയോ​ഗി​ക്കു​ക​യും വേണം.​—മത്താ. 6:22-25, 33.

17-18. ആത്മീയ​മാ​യി ദോഷം ചെയ്യുന്ന കാര്യങ്ങൾ നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

17 ഒരുങ്ങി​യി​രി​ക്കുക, പെട്ടെന്നു പ്രവർത്തി​ക്കുക. യുദ്ധക്ക​ള​ത്തി​ലാ​യി​രി​ക്കു​മ്പോൾ ഒരു അപകടം അടുത്തു​വ​ന്നാൽ എന്തു ചെയ്യണ​മെന്ന്‌ ഒരു പടയാളി മുൻകൂ​ട്ടി പ്ലാൻ ചെയ്‌തി​രി​ക്കണം. യഹോവ നമ്മളെ ഏൽപ്പി​ച്ചി​രി​ക്കുന്ന വില​യേ​റിയ കാര്യങ്ങൾ കാത്തു​സൂ​ക്ഷി​ക്ക​ണ​മെ​ങ്കിൽ, നമ്മളും അതു​പോ​ലെ​യാ​യി​രി​ക്കണം. ഒരു അപകട​മു​ണ്ടാ​യാൽ എന്തു ചെയ്യണ​മെന്നു നമ്മൾ മുൻകൂ​ട്ടി പ്ലാൻ ചെയ്യണം. എങ്കിൽ മാത്രമേ പെട്ടെന്നു പ്രവർത്തി​ക്കാൻ നമുക്കു കഴിയു​ക​യു​ള്ളൂ.

18 ദൃഷ്ടാ​ന്ത​ത്തിന്‌, എന്തെങ്കി​ലും ഒരു പരിപാ​ടി​ക്കാ​യി ഒരു ഹാളി​നു​ള്ളിൽ കൂടി​വ​രു​മ്പോൾ പരിപാ​ടി തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ ഏറ്റവും അടുത്ത്‌ ‘പുറ​ത്തേ​ക്കുള്ള വഴി’ ഏതാ​ണെന്ന്‌ കണ്ടു​വെ​ക്കാൻ സദസ്സി​ലു​ള്ള​വ​രോ​ടു പറയാ​റുണ്ട്‌. അപ്പോൾ എന്തെങ്കി​ലും ഒരു അടിയ​ന്തി​ര​സാ​ഹ​ച​ര്യ​മു​ണ്ടാ​യാൽ പെട്ടെന്നു പുറത്ത്‌ കടക്കാൻ അവർക്കു കഴിയും. സമാന​മാ​യി, ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കു​ക​യോ ടിവി​യും സിനി​മ​യും കാണു​ക​യോ ചെയ്യു​മ്പോൾ നമ്മളും ചില അപകടങ്ങൾ നേരി​ട്ടേ​ക്കാം. അധാർമി​ക​മായ ഒരു രംഗമോ അക്രമം നിറഞ്ഞ ഒരു ദൃശ്യ​മോ നമ്മുടെ മുന്നിൽ വന്നേക്കാം, അല്ലെങ്കിൽ വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ ആശയങ്ങൾ പ്രചരി​പ്പി​ക്കുന്ന ലേഖന​മോ മറ്റോ കണ്ടെന്നു​വ​രാം. ഇത്തരം ഒരു സാഹച​ര്യ​മു​ണ്ടാ​യാൽ എന്തു ചെയ്യണ​മെന്നു നേരത്തേ ചിന്തി​ച്ചു​വെ​ക്കാൻ, ‘പുറ​ത്തേ​ക്കുള്ള വഴി’ കണ്ടു​വെ​ക്കാൻ, നമുക്കു കഴിയും. അപകട​സാ​ധ്യ​തകൾ മുൻകൂ​ട്ടി കാണു​ന്നെ​ങ്കിൽ പെട്ടെന്നു പ്രവർത്തി​ക്കാ​നും ആത്മീയ​മാ​യി ദോഷം ചെയ്യുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ രക്ഷപ്പെ​ടാ​നും യഹോ​വ​യു​ടെ കണ്ണിൽ ശുദ്ധരാ​യി നിൽക്കാ​നും നമുക്കു കഴിയും.​—സങ്കീ. 101:3; 1 തിമൊ. 4:12.

19. യഹോവ നമുക്കു തന്നിരി​ക്കുന്ന വില​യേ​റിയ കാര്യങ്ങൾ നമ്മൾ കാത്തു​സൂ​ക്ഷി​ക്കു​ന്നെ​ങ്കിൽ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ നമുക്ക്‌ ആസ്വദി​ക്കാ​നാ​കും?

19 യഹോവ നമുക്കു തന്നിരി​ക്കുന്ന വില​യേ​റിയ കാര്യ​ങ്ങ​ളാണ്‌ ബൈബിൾസ​ത്യ​ങ്ങ​ളും അവ മറ്റുള്ള​വരെ പഠിപ്പി​ക്കാ​നുള്ള പദവി​യും. അതു നമ്മൾ കാത്തു​സൂ​ക്ഷി​ക്കണം. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നമുക്ക്‌ ഒരു ശുദ്ധമ​ന​സ്സാ​ക്ഷി ഉണ്ടായി​രി​ക്കും, ജീവി​ത​ത്തിന്‌ ഒരു യഥാർഥ ലക്ഷ്യമു​ണ്ടാ​യി​രി​ക്കും. യഹോ​വയെ അറിയാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​ന്റെ സന്തോഷം ആസ്വദി​ക്കാ​നും നമുക്കു സാധി​ക്കും. യഹോ​വ​യു​ടെ സഹായ​മു​ള്ള​തു​കൊണ്ട്‌ നമ്മളെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കുന്ന കാര്യങ്ങൾ മുറുകെ പിടി​ക്കാൻ നമുക്ക്‌ ഉറപ്പാ​യും കഴിയും.​—1 തിമൊ. 6:12, 19.

ഗീതം 127 ഞാൻ എങ്ങനെ​യുള്ള ആളായി​രി​ക്കണം?

^ ഖ. 5 സത്യം അറിയാ​നും അതു മറ്റുള്ള​വരെ പഠിപ്പി​ക്കാ​നും ഉള്ള വലിയ പദവി നമുക്കു ലഭിച്ചി​രി​ക്കു​ന്നു. ആ പദവി മുറുകെ പിടി​ക്കാ​നും ഒരിക്ക​ലും വിട്ടു​ക​ള​യാ​തി​രി​ക്കാ​നും ഈ ലേഖനം സഹായി​ക്കും.

^ ഖ. 8 ഇത്‌ യഥാർഥ​പേരല്ല.